പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയത്തിനുള്ളിൽ ഒളിപ്പിച്ചുവക്കാനാകാത്ത നെഹ്റു

ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രം മുന്നോട്ടുവയ്ക്കുന്നവർക്ക് അധികാരദണ്ഡ് കൈവശം വയ്ക്കാൻ അവസരം ലഭിച്ചപ്പോൾ, അവർ സമകാലീന ചരിത്രത്തെ മായ്ക്കാൻ നടത്തുന്ന വൃഥാശ്രമമാണ് പ്രൈം മിനിസ്റ്റേഴ് മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറി എന്ന പദ്ധതി.

ന്യൂദൽഹിയിലെ നെഹ്റു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറി ഇനിയുണ്ടാകില്ല. പകരം പ്രൈംമിനിസ്റ്റേഴ്സ് മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറിയേ ഉണ്ടാകൂ. കഴിഞ്ഞ 76 വർഷത്തിനിടയിൽ ഇന്ത്യയിൽ 19 പ്രധാനമന്ത്രിമാർ ഉണ്ടായിട്ടുണ്ട്. അവരിൽ നെഹ്റുവിന് മാത്രമായി ഒരു മ്യൂസിയം ആവശ്യമില്ല എന്നാണ് മോദി സർക്കാരിന്റെ തീരുമാനം. നെഹ്റൂവിയൻ കാലഘട്ടത്തിലെ ഇന്ത്യയെക്കുറിച്ചുള്ള വസ്തുതകൾ പുതുതലമുറയിൽപെട്ട ഇന്ത്യക്കാർ അറിയേണ്ടതില്ല എന്ന പദ്ധതിയുടെ നിർവഹണത്തിലെ ഒരു പ്രധാന അജണ്ടയാകാം ഇത്. നെഹ്റുവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളെയും ഓർമകളെയും നശിപ്പിക്കുക എന്നത് സംഘപരിവാർ ലക്ഷ്യമാണെന്ന് നാളിതുവരെയുള്ള അവരുടെ ചെയ്തികൾ വ്യക്തമാക്കുന്നു. മതനിരപേക്ഷ ചിന്തയെയും ശാസ്ത്രബോധത്തെയും ഭയക്കുന്ന മോദിസർക്കാരിന് ഇതല്ലാതെ മറ്റെന്തു വഴി?

ജനാധിപത്യവും മതനിരപേക്ഷതയും തുല്യതയും അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള രാഷ്ട്രത്തെ ഉണ്ടാക്കിയെടുക്കാൻ 1920 മുതൽ 1964 വരെയുള്ള കാലത്ത് നെഹ്റു അക്ഷീണം പ്രവർത്തിച്ചു. അതിൽ 1947 മുതലുള്ള പ്രധാനമന്ത്രികാലത്ത് ഇന്ത്യൻ റിപ്പബ്ലിക്കിനെ അദ്ദേഹം സുശക്തമാക്കി രൂപപ്പെടുത്തിയെടുത്തു. കൊളോണിയൽ ഇന്ത്യയെ ആധുനിക ഇന്ത്യയാക്കി മാറ്റുന്നതിന് അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. ഇതാണ് നെഹ്റു മ്യൂസിയം ദൽഹിയിൽ ഉണ്ടാക്കാനുള്ള കാരണം. അദ്ദേഹം ലോകം ആദരിക്കുന്ന ജനാധിപത്യ നയതന്ത്രനും ഭരണാധികാരിയുമായിരുന്നു. കൂടാതെ മറ്റ് 18 പ്രധാനമന്ത്രിമാർക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത ദൗത്യമാണ് അദ്ദേഹത്തിന് ഏറ്റെടുത്ത് നടപ്പിലാക്കേണ്ടിവന്നത്.

ഹിന്ദുവിനും മുസൽമാനും പാഴ്സിക്കും മറ്റു മതവിഭാഗങ്ങൾക്കും സ്നേഹത്തോടെ സഹവർത്തിക്കാനും എല്ലാവിഭാഗം ജനങ്ങൾക്കും തുല്യനീതി ഉറപ്പുവരുത്താനും കഴിയുന്ന രാഷ്ട്രത്തെ സൃഷ്ടിക്കുക എന്ന തന്റെ സ്വപ്നത്തിന്റെ രാഷ്ട്രീയ പിന്തുടർച്ചക്കാരനായി ഗാന്ധി പ്രഖ്യാപിച്ചത് നെഹ്റുവിനെയാണ്. തന്റെ ലോകവിജ്ഞാനവും ദേശീയപ്രസ്ഥാനാനുഭവവും ഉപയോഗപ്പെടുത്തി ജനാധിപത്യ രാഷ്ട്രത്തെ രൂപപ്പെടുത്താൻ ഭരണഘടനയുണ്ടാക്കുന്നതിന് നേതൃത്വം നൽകി. 572 നാട്ടുരാജ്യങ്ങളായി കിടന്നിരുന്ന ഒരു രാഷ്ട്രത്തെ ഒന്നിപ്പിക്കുക എന്നതുതന്നെ മറ്റൊരു മഹാദൗത്യം തന്നെയല്ലേ? എല്ലാ ജനങ്ങൾക്കും വോട്ടവകാശമുള്ള വോട്ടർപട്ടികയുണ്ടാക്കി പൊതുതിരഞ്ഞെടുപ്പ് നടത്തുക എന്നത് എത്ര ശ്രമകരമാണ്. ഇന്ത്യയെ റിപ്പബ്ലിക്കാക്കി പിച്ചവെപ്പിക്കാൻ അദ്ദേഹം നടത്തിയ ധീര പരിശ്രമങ്ങളും പൗരർക്ക് വിസ്മരിക്കാവുന്നതല്ല. നെഹ്റു ഈ രാജ്യത്തിനു നൽകിയ സംഭാവന അത്രമേൽ മഹത്തരമാണ്. ഇത് മറ്റൊരു ഇന്ത്യൻ പ്രധാനമന്ത്രിക്കും അവകാശപ്പെടാവുന്ന സംഭാവനയല്ല. ഓരോരോ ഇന്ത്യക്കാരും അതുപോലെ ലോകപൗരരും പിൻതുടരേണ്ട രാഷ്ട്രീയ പൈതൃകമാണിത്. ആ പൈതൃകത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക എന്നതായിരുന്നു നെഹ്റു മ്യൂസിയത്തിന്റെ കർത്തവ്യം.

ഈ പൈതൃകമല്ല ഇന്നു വേണ്ടതെന്നും ബ്രാഹ്മണികമായ ഭൂതകാല പൈതൃകത്തെയാണ് പൗരർ പിൻതുടരേണ്ടതെന്നുമുള്ള തീർപ്പാണ് മോദി സർക്കാർ നടത്തിയത്. ഹിന്ദുത്വ രാഷ്ട്രീയപ്രത്യയശാസ്ത്രം മുന്നോട്ടുവയ്ക്കുന്നവർക്ക് അധികാരദണ്ഡ് കൈവശം വയ്ക്കാൻ അവസരം ലഭിച്ചപ്പോൾ അവർ സമകാലീന ചരിത്രത്തെ മായ്ക്കാൻ നടത്തുന്ന വൃഥാ ശ്രമമാണ് പ്രൈം മിനിസ്റ്റേഴ് മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറി എന്ന പദ്ധതി.

ഇന്ത്യക്കൊരു ഐഡിയോളജി

ലക്നോവിൽ 1936-ൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ നെഹ്റു അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം തന്റെ രാഷ്ട്രീയനിലപാട് വ്യക്തമാക്കി: ‘‘എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു; ലോകത്തിന്റെയും ഇന്ത്യയുടെയും നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം സോഷ്യലിസമാണ്. ഇത് കേവലമായ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ പറയുന്നതല്ല. മറിച്ച് ശാസ്ത്രീയ-സാമ്പത്തിക ചിന്തകളുടെ അടിസ്ഥാനത്തിൽ പറയുന്നതാണ്.''

ജവഹർലാൽ നെഹ്റു

ഇന്ത്യയിലെ ജനങ്ങളുടെ തീരാദാരിദ്ര്യത്തിനും, തൊഴിലില്ലായ്മക്കും പരിഹാരം കാണണമെങ്കിൽ നിലവിലെ വ്യവസായ- ഭൂബന്ധങ്ങളിൽ വിപ്ലവകരമായ മാറ്റമുണ്ടാകണം. വിപ്ലവകരമായ മാറ്റം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സ്വകാര്യസ്വത്ത് അതിന്റെ പൂർണാർത്ഥത്തിൽ ഇല്ലാതാക്കുക എന്നതല്ല, പുതിയ സഹകരണാടിസ്ഥാനത്തിലുള്ള ഉൽപാദനബന്ധങ്ങളാണ് ഉണ്ടാക്കേണ്ടത്. നിലവിലെ മുതലാളിത്ത ഉൽപാദനബന്ധങ്ങളിൽനിന്നും വിപ്ലവകരമായ മാറ്റം ഇന്ത്യ ആവശ്യപ്പെടുന്നു. സഹകരണാടിസ്ഥാനത്തിലുള്ള സാമൂഹിക സംരംഭങ്ങളുടെ ഒരു പ്രക്രിയ തന്നെ അതാവശ്യപ്പെടുന്നു.

ശാസ്ത്രീയ സോഷ്യലിസത്തെപ്പറ്റി നെഹ്റു കൂടുതൽ വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യാധ്വാനംകൊണ്ട് ഉൽപാദിപ്പിക്കപ്പെടുന്നത് അവർക്ക് തന്നെ വിതരണം ചെയ്യണം. അപ്പോൾ ജനങ്ങളുടെ ജീവിതനിലവാരം ഉയർന്നതായിരിക്കും എന്നുമാത്രമല്ല, സ്വകാര്യതാൽപര്യങ്ങളാൽ അവർ ചൂഷണം ചെയ്യപ്പെടുകയുമില്ല. ഉൽപാദന ഉപാധികളുടെ നിയന്ത്രണം സ്വകാര്യതാൽപര്യക്കാരുടെ കൈകളിലാകില്ല. ഇത് സാക്ഷാത്കരിക്കുന്നത് വലിയ തോതിലുള്ള തുല്യതയിലായിരിക്കും. അന്ന് സോഷ്യലിസം മാതൃകയാക്കിയുള്ള സോവിയറ്റ് യൂണിയനെക്കുറിച്ചും 1917-ലെ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തെക്കുറിച്ചും അദ്ദേഹം പഠിച്ചിരുന്നു എങ്കിലും സോവിയറ്റ് യൂണിയനിൽ സംഭവിച്ചപോലുള്ള വിപ്ലവം ഇവിടെ സാധ്യമാകുമെന്നദ്ദേഹം കരുതിയിരുന്നില്ല. ഇന്ത്യയ്ക്കനുഗുണമായ സാധ്യതകളാണ് അദ്ദേഹം ആവിഷ്കരിക്കാൻ ശ്രമിച്ചത്.

തന്റെ സോഷ്യലിസ്റ്റ് ചിന്തയെ അടിസ്ഥാനപരമായി രണ്ട് തൂണുകളിൽ ഉറപ്പിച്ചുകൊണ്ടാണ് അദ്ദേഹം വിശദീകരിച്ചിട്ടുള്ളത്.
ഒന്ന്, യുക്തിപരതയാണ്. രണ്ട്, മാനവികത. ഇവ രണ്ടും അടിസ്ഥാനമാക്കിയ സോഷ്യലിസത്തെയാണ് നെഹ്റു വിഭാവനം ചെയ്തത്. 1956 ഏപ്രിൽ 14-ന് നടത്തിയ പ്രസംഗത്തിൽ 'Socialistic Pattern of Society' എന്ന് പ്രസ്താവിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്. മാനവികതയിലൂന്നിയ സോഷ്യലിസം എന്നതാണ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വിശദമാക്കി.

ജവഹർലാൽ നെഹ്റുവും ഗാന്ധിയും

1957 ജനുവരി 4 ന് കൂടിയ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയിൽ സോഷ്യലിസത്തിന്റെ ഇന്ത്യൻ പതിപ്പിനെ സംബന്ധിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാട് കുറേക്കൂടി വ്യക്തമായി ആവർത്തിക്കുകയുണ്ടായി: ''സോഷ്യലിസം പലതരത്തിലുണ്ട്. വികസിത മുതലാളിത്ത വ്യാവസായികരാജ്യങ്ങളിൽ ഉള്ള സോഷ്യലിസം, അതാണ് ഒന്ന്. മറ്റേത് കാർഷികരാജ്യങ്ങളിൽ ഉള്ളത്. ഇത് രണ്ടും തികച്ചും വ്യത്യസ്തമാണ്. മറ്റ് രാജ്യങ്ങളെ അതേപടി അനുകരിക്കുന്നതിന് പകരം അവരവരുടെ അനുഭവങ്ങളെയൊക്കെ ഉപയോഗപ്പെടുത്തി മറ്റൊരു മാതൃക എന്തുകൊണ്ട് നമുക്ക് പരീക്ഷിച്ചുകൂടാ?''
ഇങ്ങനെയാണ് നെഹ്റു ചിന്തിച്ചത്.

മുതലാളിത്തം പ്രശ്‌നപരിഹാരമല്ല. ഗാന്ധിയുടെ total renunciation-നും (സമ്പൂർണത്യാഗം) പരിമിതിയുണ്ട്. അതുകൊണ്ട് സോഷ്യലിസത്തിന് ഒറ്റവാക്കിൽ നിർവചനം അസാധ്യമാണ്. ''സോഷ്യലിസമെന്നത് പ്രത്യേക ജീവിതരീതിയല്ല, മറിച്ച് സാമൂഹികവും സാമ്പത്തികവുമായ പ്രശ്‌നങ്ങൾക്കുള്ള ശാസ്ത്രീയമായ സമീപനമാണ്.''

മനുഷ്യത്വം, യുക്തിചിന്ത, തുല്യത എന്നീ പരികല്പനകളുടെ അടിസ്ഥാനത്തിൽ സോഷ്യലിസ്റ്റ് സാമ്പത്തികക്രമത്തിനനുകൂലമായ സാമ്പത്തിക ഭരണക്രമമാണ് നെഹ്റു ഇന്ത്യയിൽ നടപ്പിലാക്കിയത്.
പൊതുമേഖലക്ക് വലിയ പ്രാധാന്യം നൽകുന്ന, സമ്പദ്‍വ്യവസ്ഥയിൽ കൂടുതൽ നിക്ഷേപിച്ച് പൊതുസ്വത്തിന്റെ വ്യാപ്തി വർധിപ്പിക്കുക,
സ്വകാര്യ മൂലധനനിക്ഷേപം വർധിക്കുന്ന വിധത്തിൽനയസമീപനങ്ങൾ കൈക്കൊള്ളുക. ദേശീയ താൽപര്യങ്ങളെ സംരക്ഷിക്കുന്ന വിധത്തിൽ ആവശ്യമായ നിയന്ത്രണങ്ങൾ സ്വകാര്യമേഖലയിൽ കൊണ്ടുവരിക, പഞ്ചവത്സര പദ്ധതികൾക്ക് രൂപംകൊടുത്ത് സമഗ്ര സാമ്പത്തിക അഭിവൃദ്ധിയിലൂടെ ബ്രിട്ടീഷുകാർ നാശോന്മുഖമാക്കിയ ഇന്ത്യയെ സാമ്പത്തികമായി രക്ഷിച്ചെടുക്കുക തുടങ്ങിയ 1956-ലെ ദേശീയ വികസന കൗൺസിലിൽ നയം വ്യകതമാക്കിക്കൊണ്ടുള്ള നെഹ്റുവിന്റെ പ്രഖ്യാപനം വളരെ പ്രസക്തമാണ്: ''സ്വകാര്യ മൂലധനശക്തികളെ അവരുടെ വഴിക്ക് വിട്ടാൽ ഒരു സംശയവും വേണ്ട പണക്കാർ കൂടുതൽ പണക്കാരാവുകയും ദരിദ്രർ കൂടുതൽ ദരിദ്രരാവുകയും ചെയ്യും. അതുകൊണ്ട് സ്റ്റേറ്റ് ഇടപെടൽ അനിവാര്യമാണ്. സമ്പന്നരിൽ സമ്പന്നരായവരിൽനിന്നും ദരിദ്രരുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പാർപ്പിടത്തിനും മറ്റു സൗകര്യങ്ങൾക്കുമുള്ള സമ്പത്ത് കണ്ടെത്തണം. ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും അവകാശപ്പെട്ട വിഭവങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെയാണ് സമ്പന്നർ അവരുടെ സമ്പത്ത് വർധിപ്പിക്കുന്നത്. അതിലൊരുവിഹിതം ദരിദ്രർക്കു കിട്ടുന്ന വിധത്തിലുള്ള ഗവൺമെന്റ് ഇടപെടലുകലാണ് സർക്കാർ ഉദ്ദേശിക്കുന്നത്.’’

photo: Economic Times

പാരമ്പര്യ ജീവിതരീതികളിൽനിന്ന് ആധുനിക ജീവിതരീതികളിലേക്കുള്ള മാറ്റമാണ് നമുക്കു ഉണ്ടാകേണ്ടത്. അതിന് ശാസ്ത്രവും ആധുനികമായ സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തിയുള്ള സമൂഹനിർമിതിയാണ് ആവശ്യം. നെഹ്റുവിന്റെ ഫിലോസഫി വളരെ വ്യക്തമാണ്. അത് ആധുനികമാണ്, മനുഷ്യത്വപരമാണ്, നീതിയുക്തമാണ്. തുല്യതയിലും ശാസ്ത്രത്തിലും യുക്തിചിന്തയിലും സാങ്കേതികവിദ്യകളിലും അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

നെഹ്റുവിന് തുല്യതയെന്നാൽ അവസര സമത്വമാണ്. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ തടസ്സങ്ങളൊന്നുമില്ലാതെ, വ്യകതിക്കും സമൂഹത്തിനും വികസിക്കാൻ കഴിയണം. മനുഷ്യത്വത്തിലാണ് വിശ്വാസം ഉണ്ടാകേണ്ടത്. ഒരു വംശത്തിനും പ്രത്യേക പദവികൾ ആവശ്യമില്ല. അതിനുള്ള സാഹചര്യവും ഉണ്ടാകരുത്. നെഹ്റൂവിയൻ ചിന്തകളെ തിരസ്കരിക്കുന്നത് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ തങ്ങളുടേതാക്കി മാറ്റാനുള്ള ഒറ്റുകാരായ വർഗീയശകതികളുടെ ശ്രമമാണ്.

പാർലമെന്റിലെ നെഹ്റു

ഭരണകക്ഷിയുടെയോ ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെയോ പ്രധാനമന്ത്രിയല്ല എന്ന നിരന്തരബോധ്യത്തോടെ പ്രവർത്തിച്ച വ്യക്തിയാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു. പാർലമെന്റിന്റെ ഉത്തരവാദിത്തം ഭരണഘടനാലക്ഷ്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയും നിയമനിർമാണം നടത്തുകയും ചെയ്യുന്നതാണ്. ഇത് പാർലമെന്റിനെ നിരന്തരം ബോധ്യപ്പെടുത്തുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞു. പാർലമെന്റ് ഡിബേറ്റുകൾ ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും ശ്രദ്ധിക്കുകയും ഇടപെടുകയും ചെയ്യുക മാത്രമല്ല അത് ജനാധിപത്യപരമാണ് എന്ന് ഉറപ്പുവരുത്താനും അദ്ദേഹം ശ്രമിച്ചിരുന്നു.

സ്വന്തം പാർട്ടിയുടെ പാർലമെന്റ് മെമ്പർ ബോംബെ ബുല്യൻ അസോസിയേഷനെ സഹായിച്ചു എന്ന കാരണത്താൽ പാർലമെന്റ് കമ്മിറ്റിയെ നിയോഗിച്ച് അന്വേഷിപ്പിക്കുകയും സത്യാവസ്ഥ മനസ്സിലാക്കിയപ്പോൾ പാർലമെന്റംഗത്തോട് രാജിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്ത പാരമ്പര്യം നെഹ്റുവിന്മാത്രം അവകാശപ്പെട്ടതാണ്.

1955-56 ലെ സ്റ്റേറ്റ് റീഓർഗനൈസേഷൻ കമീഷൻ റിപ്പോർട്ട് ചർച്ചചെയ്യുന്ന വേളയിൽ പാർലമെന്റ്, എക്സിക്യൂട്ടീവിന്റെയോ ഭരിക്കുന്ന പാർട്ടിയുടെയോ റബ്ബർ സ്റ്റാമ്പല്ല എന്ന് അദ്ദേഹം വ്യക്തമാക്കി. ജനഹിതമനുസരിച്ച് ചർച്ച ചെയ്ത് നടപടികളിലേക്ക് പോകുക എന്നതാണ് കരണീയം. അക്കാലത്തെ പാർലമെന്റ് ഉയർന്ന ഉത്തരവാദിത്തബോധത്തിന്റെ മാതൃകയായിരുന്നു. റെയിൽവേ അപകടത്തെത്തുടർന്ന് ലാൽ ബഹദൂർ ശാസ്ത്രിക്കും എൽ.ഐ.സി നിക്ഷേപവുമായി ബന്ധപ്പെട്ട് ടി.ടി.കൃഷ്ണനാചാരിക്കും ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട് വി.കെ. കൃഷ്ണമേനോനും രാജിവയ്ക്കേണ്ടിവന്നു. അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ആർമി ചീഫ് തീമയ്യ രാജിവച്ചത്. രാഷ്ട്രീയപാർട്ടിക്ക് വേണ്ടി പണം കൈപ്പറ്റിയതു മൂലമാണ് ഖനിവകുപ്പ് മന്ത്രി കെ.ഡി. മാളവ്യ രാജിവച്ചത്. ഒട്ടേറെ ഉദാഹരണങ്ങൾഇങ്ങനെയുണ്ട്. പാർലിമെന്റിന്റെയും ഭരണകൂടത്തിന്റെയും അന്തസ് ഉയർത്തിപ്പിടിക്കാൻ നെഹ്റു അക്ഷീണം പരിശ്രമിച്ചു. ഇന്ത്യൻ പാർലമെന്റിന്റെ സുവർണകാലമായിരുന്നു അത്.

പ്രതിപക്ഷം ദുർബലമായിരുന്നിട്ടുകൂടി പ്രതിപക്ഷത്തെ കേൾക്കാനും പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനുമുൻപ് അവരുമായി കൂടിയാലോചിക്കാനും അദ്ദേഹം നിരന്തരം ശ്രമിച്ചിരുന്നു. അധികാരത്തെക്കാൾ രാജ്യവും ജനങ്ങളുമാണ് വലുതെന്നും പ്രതിപക്ഷവും രാജ്യത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന ബോധ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ സ്പെഷ്യൽ അസിസ്റ്റന്റ് എം.ഒ. മത്തായി നടത്തിയ ഒരു പരാമർശം പാർലമെന്റ് അലക്ഷ്യമാണ് (contempt of house) എന്ന് പ്രതിപക്ഷം ഉന്നയിച്ചു. യാതൊരു മടിയുമില്ലാതെ പ്രിവിലേജ് കമ്മിറ്റിക്ക് വിടാൻ അദ്ദേഹം സ്പീക്കറോട് ആവശ്യപ്പെടുകയാണുണ്ടായത്.

Photo: wikimedia.org

പാർലമെന്റിൽ എങ്ങനെ പെരുമാറണമെന്ന് നെഹ്റുവിനെ കണ്ട് പഠിക്കണമെന്ന് ലോക്സഭാ സെക്രട്ടറി ജനറൽ എസ്.എൽ. ശക്തർ പ്രസ്താവിച്ചു. നെഹ്റു ലോക്സഭാ സ്പീക്കറുടെ സ്ഥാനത്തെ വളരെ ബഹുമാനത്തോടെയാണ് കണ്ടത്. പാർലമെന്റിന്റെ നിഷ്പക്ഷ നേതാവായിരിക്കണം സ്പീക്കർ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അതുകൊണ്ട് സ്പീക്കർ പ്രധാനമന്ത്രിയെ കാണാനല്ല വന്നിരുന്നത്, ആരുടെ ആവശ്യമായാലും അദ്ദേഹം സ്പീക്കറെ അങ്ങോട്ടുചെന്നാണ് കണ്ടിരുന്നത്.

പാർലമെന്റ് ചർച്ചകൾ സുതാര്യവും ജനങ്ങൾക്ക് പ്രാപ്യവുമായിരിക്കണമെന്ന് ചിന്തിച്ച നേതാവായിരുന്നു നെഹ്റു. അതുകൊണ്ടുതന്നെ പാർലമെന്റ് ചർച്ചകൾ പരസ്യമാക്കുന്നതിൽ യാതൊരു സങ്കോചവും അദ്ദേഹത്തിനുണ്ടായില്ല. പ്രതിരോധത്തെ സംബന്ധിച്ച വിവരങ്ങളും ഏറക്കുറെ സുതാര്യമായിരുന്നു.

പാർലമെന്റിലെ പോളിസി ചർച്ചകൾ അന്തർദേശീയ നിലവാരം പുലർത്തുന്നവയായിരുന്നു. ലോകത്തിലെ സംഭവവികാസങ്ങൾ പാർലമെന്റ് ചർച്ചകളുടെ ഭാഗമാക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. ഈജിപ്തിലെ, സൂയസ് കനാലിന്റെ ദേശസാൽകരണം, ഇന്ത്യൻ പാർലമെന്റിലെ ചർച്ചയായിരുന്നു. പാർലമെന്റിലെ വിസിറ്റേഴ്സ് ഗാലറി പലപ്പോഴും നിറഞ്ഞ് കവിഞ്ഞിരുന്നു. ലോകത്തിലെ മാറ്റങ്ങൾ സൂക്ഷ്മതയോടെ വിലയിരുത്തുകയും അത് ഇന്ത്യയുടെ വികസനത്തിന് എങ്ങനെ ഉപയോഗപ്പെടുത്തും എന്ന് ചിന്തിച്ചിരുന്നവരുടെ കൂട്ടായ്മയായിരുന്നു അന്ന് ഇന്ത്യൻ പാർലമെന്റ്.

പാർലമെന്റംഗങ്ങൾക്ക് സ്വകാര്യബില്ലുകൾ അവതരിപ്പിക്കാനുള്ള അവകാശമുണ്ടെങ്കിലും സാധാരണ അവയൊന്നും നിയമമായി വരാറില്ല. ഒരിക്കൽ രുഗ്മണി അരുണോദൻ മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരായി ബിൽ കൊണ്ടുവന്നു. അത് ചർച്ച ചെയ്യുന്ന അവസരത്തിൽ ബില്ലിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ അംഗീകരിച്ചുകൊണ്ട് അത് നിയമമാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 1952- ലെ മുസ്ലിം വഖഫ് ബിൽ, 1953-ലെ കോഡ് ഓഫ് ക്രിമിനൽ പ്രൊസീജിയർ അമെന്റ്മെന്റ് ബിൽ, ഹിന്ദു മാരേജ് അമെന്റ്മെന്റ് ബിൽ, 1952-ലെ സ്ത്രീധന നിരോധനനിയമം തുടങ്ങിയവയെല്ലാം സ്വകാര്യബില്ല് നിയമമായതാണ്. പാർലമെന്റ് എങ്ങനെ ജനങ്ങളോട് ഉത്തരവാദിത്തപ്പെട്ട് പ്രവർത്തിക്കാം എന്ന് അദ്ദേഹം തെളിയിച്ചു.

ലോകനേതാക്കൾക്കിടയിലാണ് നെഹ്റുവിന്റെ സ്ഥാനം. ഡോ. എസ്.രാധാകൃഷ്ണൻ നെഹ്റുവിനെക്കുറിച്ച് പറഞ്ഞു: ''അദ്ദേഹത്തിന് ഒരു ആദരാഞ്ജലിയുടേയും ആവശ്യമില്ല. അദ്ദേഹം സ്വയം നിർമിച്ച ആധുനിക ഇന്ത്യതന്നെയാണ് അദ്ദേഹത്തിനുള്ള സ്മാരകം.''
ഈ സ്മാരകത്തെയാണ് ചെറുതാക്കാൻ ഇവർ ശ്രമിക്കുന്നത്.

മുഖ്യമന്ത്രിയായിരുന്നു ഇ.എം.എസിന്റെ സർക്കാരിനെ നെഹ്റു പിരിച്ചുവിട്ടത് അദ്ദേഹത്തിന്റെ ജനാധിപത്യ ജീവിതത്തിന് ഏറ്റ കളങ്കമാണെങ്കിലും ഇ.എം.എസ് അദ്ദേഹത്തെക്കുറിച്ച് എഴുതിയത് ആ വ്യക്തിത്വത്തിന്റെ ഔന്നത്യം വെളിവാക്കുന്നതാണ്. ഫാഷിസത്തിനെതിരെ ലോകത്തിലെ പുരോഗമനശക്തികളുടെ സഖ്യമുണ്ടാക്കാൻ കഴിഞ്ഞ ശക്തനായ നേതാവായിട്ടാണ് അദ്ദേഹത്തെ വിലയിരുത്തുന്നത്: ''എന്റെ ദേശീയത എന്നാൽ ആഴത്തിലുള്ള അന്തർദേശീയതയാണ്. ദേശങ്ങൾ തമ്മിലും മതങ്ങൾ തമ്മിലുമുള്ള കലഹത്താൽ ഞാൻ രോഗാതുരനാണ്'' എന്ന ഗാന്ധിയൻ ഫിലോസഫറുടെ വക്താവാണ് നെഹ്റു എന്ന് വി.ആർ. കൃഷ്ണയ്യരും പ്രസ്താവിച്ചിട്ടുണ്ട്.

1958-ൽ പാർലമെന്റിൽ വിദേശനയത്തെ സംബന്ധിച്ച് ചർച്ച നടക്കുന്ന വേളയിൽ ഇന്ത്യൻ വിദേശനയത്തിന്റെ പൊരുൾ നെഹ്റു വ്യക്തമാക്കുകയുണ്ടായി: ''ഇന്ത്യയുടെ വിദേശ നയത്തെ നെഹ്റുവിന്റെ നയം എന്ന് വിശേഷിപ്പിക്കുന്നത് തീർത്തും തെറ്റാണ്. ഞാൻ നയത്തിന് ശബ്ദം നൽകുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഞാനല്ല ഇത് ഉണ്ടാക്കിയത്. ഇന്ത്യയുടെ പാരമ്പര്യത്തിൽ അന്തർലീനമായ നയമാണിത്. നമ്മുടെ ഭൂതകാലചിന്തകളിൽ അന്തർലീനമായത്, ഇന്ത്യയുടെ മാനസിക കാഴ്ചപ്പാടുകളിൽ അന്തർലീനമായത്, സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ രൂപപ്പെട്ട മാനസികഘടനയിൽനിന്നും അന്തർലീനമായത്. ഇപ്പോഴത്തെ ലോകസാഹചര്യത്തിൽനിന്നും അന്തർലീനമായത്. വിദേശകാര്യമന്ത്രിയെന്ന നിലയിൽ തികച്ചും അവിചാരിതമായി വിദേശനയത്തെ പ്രതിനിധീകരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഒരുകാര്യം എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ആര് വിദേശകാര്യം കൈകാര്യം ചെയ്താലും, ഏത് പാർട്ടി അധികാരത്തിൽ വന്നാലും അവർക്ക് ഈ നയത്തിൽ വലിയ മാറ്റംവരുത്താൻ കഴിയില്ല.''

ഇതാണ് ഇന്ത്യയുടെ ചേരിചേരാനയത്തിന്റെ പൊരുൾ. ഈ വിദേശനയത്തിൽനിന്നും ഇന്ത്യക്ക് മാറണമെങ്കിൽ അവർക്ക് ചരിത്രത്തെ നിധേഷിച്ചേ തീരൂ. അതാണ് ഇപ്പോൾ നടക്കുന്നത്. ഇന്ത്യൻ വിദേശനയത്തിന്റെ പ്രാധാന്യം എന്ന് പറയുന്നത് അന്ന് നിലനിന്നിരുന്ന വിരുദ്ധ ശാക്തിക ചേരികളിൽനിന്ന് അകന്നുനിന്ന് സ്വാതന്ത്ര്യവും സമാധാനവും അടിസ്ഥാനമാക്കിയ സ്വതന്ത്രമായ പാത രൂപപ്പെടുത്തി എന്നതാണ്. ചേരിചേരാനയത്തെ കയ്യൊഴിയുക എന്നാൽ ഇന്ത്യയുടെ സ്വതന്ത്രപാരമ്പര്യത്തെ കയ്യൊഴിയുക എന്നതാണ്. അതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

ശാസ്ത്രത്തിനു മാത്രമേ വിശപ്പും ദാരിദ്രവും തുടച്ചുനീക്കാൻ കഴിയൂ എന്ന് ചിന്തിച്ച വ്യക്തിയായിരുന്നു നെഹ്റു. വികസനം ശാസ്ത്ര-സാങ്കേതികവിദ്യകളുടെ വികാസത്തിലൂടെ സാധ്യമാക്കുന്നതിനായി ശാസ്ത്ര സ്ഥാപനങ്ങളുടെ വലിയ ഒരു നിരതന്നെ നിർമിച്ചുകൊണ്ട് പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാൻ അദ്ദേഹം നേതൃത്വം നൽകി. ഹോമി ഭാഭ, ശാന്തിസ്വരൂപ് ഭട്നാഗർ തുടങ്ങിയ പ്രഗരായ ശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തിൽ ഒട്ടേറെ ഗവേഷണ സ്ഥാപനങ്ങൾ ആരംഭിച്ചു. 1958-ൽ നെഹ്റു മുന്നോട്ടുവച്ച 'സയൻസ് പോളിസി റെസല്യൂഷൻ' ആണ് ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതികവിദ്യയുടെ അടിത്തറ.

ശാസ്ത്രം എന്ന സാമൂഹിക ചിന്താപദ്ധതി

രാജ്യത്ത് സാമൂഹികാഭിവൃദ്ധി സാധ്യമാകണമെങ്കിൽ അവിടത്തെ ജനങ്ങളുടെ ചിന്താരീതി കാര്യകാരണബന്ധത്തിൽ അധിഷ്ഠിതമാകണമെന്ന് കരുതി അദ്ദേഹം. ശാസ്ത്രത്തിന്റെ സാമൂഹിക സാധ്യതകൾക്കാണ് അദ്ദേഹം കൂടുതൽ പരിഗണന നൽകിയത്. സത്യം കണ്ടെത്തുന്നതിനുള്ള വ്യക്തികളുടെ അന്വേഷണമല്ല ശാസ്ത്രം എന്നു പറഞ്ഞ അദ്ദേഹം, നമ്മുടെ ചിന്തയുടെയും പ്രവൃത്തിയുടെയും അവിഭാജ്യഭാഗമാണ് ശാസ്ത്രമെന്നു കരുതി പ്രവർത്തിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, ''ശാസ്ത്രമെന്നത് കേവലം ടെസ്റ്റ്ട്യൂബ് പരീക്ഷണങ്ങളോ വാതകങ്ങൾ ഇടകലർത്തി നോക്കുന്നതോ അല്ല. അടിസ്ഥാനപരമായി നമ്മുടെ ചിന്തയ്ക്കും മനസ്സിനും നൽകുന്ന പരിശീലനമാണ്. അതൊരു സാമൂഹ്യചിന്താപദ്ധതിയാണ്.''

ശാസ്ത്രം പാരമ്പര്യവിശ്വാസങ്ങളേയും ആചാരങ്ങളേയും വസ്തുതകളുടെ അടിസ്ഥാനത്തിൽ നോക്കിക്കാണുകയും വിലയിരുത്തുകയും ചെയ്യുന്നു. പരമ്പരാഗതമാണ് എന്നുള്ളതുകൊണ്ട് ചോദ്യങ്ങൾക്ക് അതീതമാണ് എന്ന് കരുതേണ്ടതില്ല. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ, വസ്തുതകളുടെ അടിസ്ഥാനത്തിൽ ചോദ്യംചെയ്യുന്നതാണ് ശാസ്ത്രീയത. രാഷ്ട്രീയത്തിനും സാംസ്കാരികതയ്ക്കും അടിമപ്പെടാത്ത മനസ്സിനേ വിമർശനാത്മകമായും സാധാരണമായും പ്രവർത്തിക്കാൻ കഴിയൂ എന്നും അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്. ശാസ്ത്രമെന്നത് അവസാനിക്കാത്ത യാത്രയാണ്. പുതിയ ഉൾക്കാഴ്ചകളും ജീവിതരീതിയും പുതിയ അർത്ഥങ്ങളും അത് നൽകും. മനുഷ്യനിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുള്ളത് ശാസ്ത്രമാണ് എന്ന് പൂർണമായും ബോധ്യപ്പെട്ട വ്യകതിയാണ് നെഹ്റു. നെഹ്റുവിന്റെ ശാസ്ത്രബോധത്തെ ഡേവിഡ് അർനോൾഡ് കാരക്ടറൈസ് ചെയ്തത് ഇപ്രകാരമാണ്.

1. സമൂഹത്തെ മാറ്റുന്നതിനും നിലനിൽക്കുന്ന സാമൂഹ്യ മനോനില മാറ്റുന്നതിനുമുള്ള സാമൂഹ്യ-സാംസ്കാരിക പദ്ധതി.
2. രാഷ്ട്രത്തിന് സാമൂഹ്യനിയന്ത്രണമുള്ളതും ജനങ്ങളിൽ പ്രയോഗിക്കാനുള്ളതും.
3. ഇൻസ്റ്റിറ്റ്യൂഷനൽ ബിൽഡിങ് പദ്ധതി.
4. ചരിത്രപരതയുള്ളത്.

ഇന്ത്യയെ കണ്ടെത്തൽ എന്ന പുസ്തകത്തിൽ അദ്ദേഹം നമ്മുടെ പാരമ്പര്യം എന്താണ് എന്ന് ചോദിക്കുന്നുണ്ട്. നമ്മുടെ മൂലമെവിടെയാണ് എന്നന്വേഷിക്കുന്നുണ്ട്. ആയിരക്കണക്കിന് ജനങ്ങളുടെ സന്തോഷത്തിന്റെയും കഷ്ടപ്പാടിന്റെയും സാഹസികതയുടെയും നേട്ടമാണ് മാനവരാശിയുടെ പാരമ്പര്യം എന്ന് നെഹ്റു വ്യകതമാക്കിയിട്ടുണ്ട്. അദ്ദേഹം ചിന്തിച്ചത് ശാസ്ത്രത്തിന് അതിരുകൾ ഇല്ല എന്നാണ്. ശാസ്ത്രത്തെ അതിർത്തികൾക്കുള്ളിൽ കുടുക്കിയിടാൻ കഴിയില്ല, ശാസ്ത്രം അതിനപ്പുറമാണ്. ശാസ്ത്രജ്ഞർ സങ്കുചിത ദേശീയതയ്ക്കപ്പുറം ചിന്തിക്കണം.

photo: wikipedia

ശാസ്ത്രത്തിന്റെ നേട്ടങ്ങളിൽ പങ്കാളികളായി അതിനെ ഉപയോഗപ്പെടുത്തി ജീവിക്കുമ്പോഴും സാമൂഹ്യജീവിതത്തിൽ മതാധിഷ്ഠിതമായി ജീവിക്കാൻ പ്രേരിപ്പിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇന്ത്യയിലിപ്പോഴുള്ളത്. ചാന്ദ്രയാൻ ദൗത്യത്തിന്റെ വിജയം ആഘോഷിക്കുമ്പോൾ തന്നെ ഗ്യാൻവ്യാപി പള്ളിയിൽ ശിവവിഗ്രഹം കണ്ടെത്താൻ ശ്രമിക്കുന്നു. ചാന്ദ്രയാൻ-3 ദൗത്യത്തിന്റെ ഭാഗമായി റോവർ എന്ന പേടകം ചന്ദ്രനിലിറങ്ങിയ സ്ഥലത്തെ 'ശിവശക്തി' എന്നു വിളിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. അവർക്ക് നെഹ്റു മ്യൂസിയവും ലൈബ്രറിയും ഇല്ലാതെയാക്കാതെ ഉറക്കം ലഭിക്കില്ല.

കവിത പോലെ ഒസ്യത്ത് എഴുതിയയാളാണ് നെഹ്റു. 1954 ജൂൺ 21 ന് എഴുതിവച്ച ഒസ്യത്തിന്റെ രത്നച്ചുരുക്കം ഇപ്രകാരമാണ്: ''എന്റെ മരണശേഷം ഭൗതികശരീരം യാതൊരു മതാചാരച്ചടങ്ങുമില്ലാതെ സംസ്കരിക്കണം. അതിൽനിന്ന് ലഭിക്കുന്ന ചാരം മുഴുവനായും വാരിയെടുക്കണം. ഒരംശം പോലും സൂക്ഷിച്ച് വയ്ക്കരുത്. അതിലൊരംശം ഗംഗയിലൊഴുക്കണം, മതാചാരത്തിന്റെ ഭാഗമായല്ല ഗംഗയിലൊഴുക്കണമെന്ന് ആവശ്യപ്പെടുന്നത്. അലഹബാദിൽ ജനിച്ച ഞാൻ ഗംഗയുടെയും യമുനയുടെയും താളങ്ങൾ കേട്ടാണ് ജീവിച്ചത്. മഞ്ഞുമലയിൽനിന്നും ആരംഭിച്ച ഗംഗ, ഇന്ത്യയുടെ താഴ് വരകളിലൂടെയും സമതലത്തിലൂടെയും എല്ലാ ഭാവങ്ങളും ഉൾക്കൊണ്ടാണ് സമുദ്രത്തിലെത്തിച്ചേരുന്നത്. ഇന്ത്യയുടെ പ്രതീകമാണ് ഗംഗ. ഗംഗ എന്നെ സംബന്ധിച്ച് ഓർമകളിലൂടെ ഭൂതകാലങ്ങളിൽ നിന്നുവിച്ച് വർത്തമാനത്തിലൂടെ സഞ്ചരിച്ച്, സമുദ്രമാകുന്ന ഭാവിയിലേക്ക് ഒഴുകുന്ന എന്റെ ജീവിതത്തിന്റെ പ്രതീകമാണ്. ഗംഗ അതിന്റെ തീരങ്ങളെ നിരന്തരം ശുദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. ആ പ്രകൃതിയുടെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു. ചിതാഭസ്മത്തിന്റെ വലിയഭാഗം വിമാനത്തിൽനിന്നും താഴേക്ക് വിതറണം. ഇന്ത്യയിലെ തൊഴിലാളികൾ പണിയെടുക്കുന്ന പാടങ്ങളിലെ ചെളിയുടെയും മണ്ണിന്റെയും ഭാഗമായി അത് മാറട്ടേ.''
ഇന്ത്യയിലെ ജനങ്ങൾക്ക് ഇതിലും സുന്ദരമായ സന്ദേശം നൽകാൻ ആർക്ക് കഴിയും?

Comments