Photo: Wikimedia Commons

ഡാറ്റ പുറത്തുവരട്ടെ, അറിയാം,
വിഭവങ്ങൾ ആരുടെ കൈയിലെന്ന്

ഭൂമിയടക്കമുള്ള വിഭവങ്ങൾ ആരൊക്കെ ഏതൊക്കെ അളവിൽ കൈവശം വച്ചിരിക്കുന്നു എന്ന വസ്തുനിഷ്ഠമായ ഡാറ്റയാണ് പുറത്തുവരേണ്ടത്. അതിനായി ജാതിസെൻസസ് നടത്താൻ വസ്തുനിഷ്ഠമായ കണക്കുകൾ പുറത്തുകൊണ്ടുവരാൻ സംസ്ഥാനങ്ങൾ തയ്യാറാവണം- ഒ.പി. രവീന്ദ്രൻ എഴുതുന്നു.

2026- ൽ ഭാരതത്തിൽ എല്ലാ സംവരണവും അവസാനിപ്പിക്കും എന്ന് പ്രഖ്യാപിച്ചിട്ടുള്ളത് ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത് ആണ്. 2025-ൽ ആർ.എസ്.എസിന്റെ നൂറാം വാർഷികം പൂർത്തിയാകുമ്പോൾ ഇന്ത്യയെ പരിപൂർണ ഹിന്ദു രാഷ്ട്രമാക്കുകയാണ് അവരുടെ ലക്ഷ്യം. പട്ടിക ജാതി- പട്ടികവർഗ- പിന്നാക്ക- ന്യൂനപക്ഷ വിഭാഗങ്ങളെ സർക്കാർ സർവീസിലും രാഷ്ട്രീയ അധികാര രംഗങ്ങളിലും പ്രതിനിധീകരിക്കാൻ പ്രാപ്തമാക്കുന്ന സംവരണത്തെ നിർവീര്യമാക്കിക്കൊണ്ടല്ലാതെ ഈ ലക്ഷ്യം നിറവേറ്റാൻ കഴിയില്ല എന്ന് ആർ.എസ്.എസിനറിയാം. അതിൻ്റെ മുന്നോടിയാണ് 103-ാം ഭരണഘടനാ ഭേദഗതിയിലൂടെ മുന്നാക്ക സംവരണം നടപ്പിലാക്കിയത്. ജാതി അടിസ്ഥാനത്തിലുള്ള സംവരണം അവസാനിപ്പിക്കുന്നതിനുള്ള പദ്ധതിയെന്ന നിലയിലാണ് സംവരണീയെരെ പരസ്പരം അരിച്ചെടുക്കുന്നതിനും അടിപ്പിക്കുന്നതിനുമുള്ള ഉപസംവരണവിധിയെ പ്രാഥമികമായി വിലയിരുത്തേണ്ടത്.

ആ അർത്ഥത്തിൽ പട്ടികജാതി പട്ടികവർഗ്ഗ സംവരണത്തിൽ ഉപസംവരണവും ക്രീമിലയറും നടപ്പിലാക്കുന്നതിന് സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന 2024 ആഗസ്റ്റ് ഒന്നിലെ ഏഴംഗ സുപ്രീംകോടതി വിധി ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്.

ഏഴംഗ സുപ്രീംകോടതി ബഞ്ചിൽ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും മനോജ് മിശ്രയുമാണ്, ജാതികളുടെയും ഉപജാതികളുടെയും അടിസ്ഥാനത്തിൽ പട്ടികജാതി ലിസ്റ്റിൽ സബ് ക്ലാസിഫിക്കേഷൻ വേണം എന്ന് വിധിച്ചത്. ബേല എം. ത്രിവേദി മാത്രമാണ് വിധിയിൽ വിയോജിപ്പ് രേഖപ്പെടുത്തിയത്
ഏഴംഗ സുപ്രീംകോടതി ബഞ്ചിൽ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും മനോജ് മിശ്രയുമാണ്, ജാതികളുടെയും ഉപജാതികളുടെയും അടിസ്ഥാനത്തിൽ പട്ടികജാതി ലിസ്റ്റിൽ സബ് ക്ലാസിഫിക്കേഷൻ വേണം എന്ന് വിധിച്ചത്. ബേല എം. ത്രിവേദി മാത്രമാണ് വിധിയിൽ വിയോജിപ്പ് രേഖപ്പെടുത്തിയത്

ഒന്നാമതായി; ഭരണഘടന ബെഞ്ചിന്റെ 6:1 എന്ന വിധി (ഏഴ് അംഗങ്ങളിൽ ബേല എം. ത്രിവേദി മാത്രമാണ് വിധിയിൽ വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്) ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയുടെ അനുഛേദം 341 അനുസരിച്ച് പട്ടികജാതി- പട്ടികവർഗ്ഗങ്ങളെ നിർണയിക്കുന്നത് പാർലമെന്റാണ്. പാർലമെന്റ് വിശദമായി തയ്യാറാക്കുന്ന ലിസ്റ്റ് അന്തിമമായി അംഗീകരിക്കുന്നത് ഇന്ത്യൻ പ്രസിഡണ്ടാണ്. ഈ വകുപ്പനുസരിച്ച് പ്രസിഡന്റ് അംഗീകരിച്ച ലിസ്റ്റ് കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ മാറ്റം വരുത്താനോ പാർലമെന്റിനു മാത്രമേ അധികാരമുള്ളൂ ഭരണഘടനയുടെ ആർട്ടിക്കിൾ 341 (1) ൽ സംരക്ഷിച്ചിട്ടുള്ള ഈ അധികാരം സംസ്ഥാനങ്ങൾക്ക് ഭരണഘടനാവിരുദ്ധമായി അനുവദിക്കുന്നതാണ് സുപ്രീംകോടതി വിധി.

രണ്ടാമതായി; ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ നാല് അംഗങ്ങൾ മറ്റൊരു വിധി കൂടി നടത്തിയിരിക്കുകയാണ്.
ഉപ സംവരണത്തിനുപുറമേ പട്ടികജാതി- പട്ടികവർഗ്ഗ സംവരണത്തിൽ ക്രിമിലെയർ (സാമ്പത്തിക മാനദണ്ഡം) നടപ്പിലാക്കണമെന്നതാണ് വിധി. ഇതും ഭരണഘടനാവിരുദ്ധമാണ്.

സംവരണീയ വിഭാഗങ്ങളെ പരസ്പരം അരിച്ചെടുക്കുന്നതിനെക്കാൾ സംവരണീയർക്ക് ലഭിക്കേണ്ട ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പിക്കുകയാണ് നിയമവ്യാഖ്യാനം നടത്തുകയും നിയമം നടപ്പിലാക്കാൻ നിർദ്ദേശം നൽകുകയും ചെയ്യേണ്ട സുപ്രീംകോടതിയുടെ പ്രാഥമിക കർത്തവ്യം.

ആർട്ടിക്കിൾ 341 അനുസരിച്ച് പട്ടികജാതി- പട്ടികവർഗ്ഗങ്ങളെ ലിസ്റ്റ് ചെയ്തത്, അയിത്തം മൂലം വിവേചനം അനുഭവിക്കപ്പെട്ട വിഭാഗങ്ങൾ എന്ന നിലയ്ക്കാണ്. സംവരണത്തിന് ക്രീമിലയർ എന്ന സാമ്പത്തികഘടകം മാനദണ്ഡമാക്കുമ്പോൾ അയിത്തം അനുഭവിക്കുന്നവരുടെ ഏകമാന (homogenous) വിഭാഗം എന്ന രാഷ്ട്രീയപരിഗണന അപ്രത്യക്ഷമാകുന്നു. ജാതിഹിന്ദുക്കളിൽ നിന്ന് അയിത്തം അനുഭവിച്ച വിഭാഗം എന്ന രാഷ്ട്രീയ പരികല്പന തുടച്ചുനീക്കുന്നതിലൂടെ സംവരണത്തിന് മാനദണ്ഡം സാമ്പത്തികമായിരിക്കണം എന്ന സവർണ്ണ സാമ്പത്തിക സംവരണവാദത്തിന് പരിപൂർണ സ്വീകാര്യത ഉറപ്പുവരുത്തുന്നതു കൂടിയാണ് ഭരണഘടനാ ബെഞ്ചിന്റെ വിധി. 2019- ൽ 103ാം ഭരണഘടനാഭേദഗതി കൊണ്ടുവന്ന് രാജ്യത്ത് മുന്നാക്ക സംവരണം നടപ്പിലാക്കിയ കേന്ദ്രസർക്കാരിന്റെ മനോധർമമാണ് ഇപ്പോഴത്തെ വിധിയിലൂടെ പുറത്തുവന്നിരിക്കുന്നത്.

ചിന്നയ്യ / സ്റ്റേറ്റ് ഓഫ് ആന്ധ്രപ്രദേശ് എന്ന കേസിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്, പട്ടികജാതി- പട്ടികവർഗ്ഗ സംവരണത്തിൽ ഉപസംവരണം നടപ്പിലാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ല എന്ന് വിധിച്ചിരുന്നു. അതാണ്, ഇപ്പോൾ ഏഴംഗ ബഞ്ച് റദ്ദ് ചെയ്തിരിക്കുന്നത്.

ഉപസംവരണവുമായി ബന്ധപ്പെട്ട ആദ്യത്തെ നിയമം നടപ്പിലാക്കിയത് പഞ്ചാബ് സർക്കാരാണ്. 1975-ൽ പഞ്ചാബ് സർക്കാർ പട്ടികജാതി- പട്ടികവർഗ്ഗ സംവരണത്തിന്റെ 25 ശതമാനം ആദ്യ കാറ്റഗറിക്കും (മാഴാബി, വാത്മീകി സിഖ് വിഭാഗങ്ങൾക്ക്) ബാക്കി സംവരണം ഇതര പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുമായി നിശ്ചിതപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട നിയമനടപടികൾ 30 വർഷം നീണ്ടു. കേസ് 2004- ലാണ് തീർപ്പാകുന്നത്.

ഒരു വാദത്തിനായി പോലും ഉപസംവരണം അനിവാര്യമാണെന്ന് വാദിച്ചു ഉറപ്പിക്കാവുന്ന എന്തെങ്കിലും പഠനങ്ങളോ തെളിവുകളോ ഡാറ്റയോ സുപ്രീംകോടതി പരിശോധിച്ചോ? അത്തരം പഠനങ്ങളോ തെളിവുകളോ ഡാറ്റയോ കോടതിയുടെ മുമ്പിൽ ഹാജരാക്കപ്പെട്ടിട്ടുമില്ല, പരിശോധിച്ചിട്ടുമില്ല
ഒരു വാദത്തിനായി പോലും ഉപസംവരണം അനിവാര്യമാണെന്ന് വാദിച്ചു ഉറപ്പിക്കാവുന്ന എന്തെങ്കിലും പഠനങ്ങളോ തെളിവുകളോ ഡാറ്റയോ സുപ്രീംകോടതി പരിശോധിച്ചോ? അത്തരം പഠനങ്ങളോ തെളിവുകളോ ഡാറ്റയോ കോടതിയുടെ മുമ്പിൽ ഹാജരാക്കപ്പെട്ടിട്ടുമില്ല, പരിശോധിച്ചിട്ടുമില്ല

ആന്ധ്രപ്രദേശ് സർക്കാർ 2009-ൽ സമാനമായ ഉപസംവരണം നടപ്പിലാക്കി ഉത്തരവിറക്കിയിരുന്നു (The Andhra Pradesh Scheduled Castes- Rationalisation of Reservations- Act, 2000.).
ആന്ധ്രപ്രദേശ് മഴാബി, സിഖ് വിഭാഗങ്ങൾക്ക് ഉപസംവരണം നടപ്പിലാക്കിയതിനെതിരെ ഇ.വി ചെന്നയ്യ / സ്റ്റേറ്റ് ഓഫ് ആന്ധ്രപ്രദേശ് കേസിൽ അഞ്ചംഗ ഭരണഘടനാബെഞ്ച് വിധി പ്രഖ്യാപിച്ചു. അതോടെ ആന്ധ്രപ്രദേശിന്റെ ഉപസംവരണനിയമം റദ്ദാക്കപ്പെട്ടു.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആകെ അധ്യാപകരുടെ എണ്ണം 15,97,688 ആണ്. മൊത്തം അധ്യാപകരിൽ പട്ടികജാതി അധ്യാപകർ 1,90,125 മാത്രമാണ്. ഇത് മൊത്തം അധ്യാപകരുടെ 11.9% മാത്രമേയുള്ളൂ. 22.5% സംവരണപ്രകാരം പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 1,69,355 അധ്യാപക തസ്തികകൾ കൂടി ലഭ്യമാകേണ്ടതുണ്ട്.

പട്ടികജാതി- പട്ടികവർഗ്ഗ ലിസ്റ്റ് ഏകാത്മകമായി പരിഗണിക്കണം, ഭരണഘടന ചില ജാതികളെ ഷെഡ്യൂൾ ചെയ്തത് ചരിത്രപരമായി അവർ അയിത്തം മൂലം വിവേചനം നേരിട്ടവരാണ് എന്നതുകൊണ്ടാണ്, അതുകൊണ്ട് പരസ്പരം ഗ്രൂപ്പുകളായി പരിഗണിക്കാൻ കഴിയില്ല, ആർട്ടിക്കിൾ 341 അനുസരിച്ച് പ്രസിഡണ്ടിനല്ലാതെ സംസ്ഥാനങ്ങൾക്ക് ഈ ലിസ്റ്റിൽ ഇടപെടാനോ തടയാനോ കൂട്ടിച്ചേർക്കാനോ അധികാരമില്ല എന്നതായിരുന്നു 2004-ലെ അഞ്ചംഗ ബെഞ്ചിന്റെ വിധി. മേൽക്കോടതിവിധിയെ തുടർന്ന് 2006- ൽ പഞ്ചാബ്- ഹരിയാന ഹൈക്കോടതികൾ (Krishan Pal vs State Of Punjab) 1975-ൽ പഞ്ചാബ് സർക്കാർ നടപ്പിലാക്കിയ ഉപസംവരണ നിയമം തള്ളിക്കളഞ്ഞു. എന്നാൽ പഞ്ചാബ് സർക്കാർ ഉപസംവരണം നടപ്പിലാക്കാനായി വീണ്ടും മറ്റൊരു നിയമം കൂടി കൊണ്ടുവന്നു (​The Punjab Scheduled Castes and Backward Classes- Reservation in Services- Act, 2006.). വാല്മീകി- മാഴാബി വിഭാഗങ്ങൾക്ക് ആദ്യ പരിഗണന നൽകിക്കൊണ്ടാണ് ഈ നിയമവും ക്രമപ്പെടുത്തിയത്. 2019-ൽ ഈ ഉപസംവരണ നിയമവും ഹൈക്കോടതി അസ്ഥിരപ്പെടുത്തി. തുടർന്ന് പഞ്ചാബ് സർക്കാർ 2014-ൽ സുപ്രീം കോടതിയെ സമീപിച്ചു. തുടർന്ന് കേസ് (Davinder Singh v State of Punjab) അഞ്ചംഗ ഭരണഘടനാ ബഞ്ചിനുവിട്ടു.

ഇതോടൊപ്പം 2004-ലെ ഇ.വി ചെന്നയ്യ വിധി കൂടി പുനഃപരിശോധിക്കുന്നതിനും തീരുമാനിച്ചു. 2004-ലെ ഭരണഘടനാബെഞ്ച് അഞ്ചംഗ ബെഞ്ചായതിനാൽ കൂടുതൽ വിശാലമായ ബെഞ്ച് പരിഗണിക്കണം എന്ന് നിശ്ചയിച്ചു. അതിനെ തുടർന്നാണ് 2024ലെ വിധിക്കാധാരമായ ഏഴംഗ ഭരണഘടനാ ബെഞ്ച് നിലവിൽ വന്നത്.

ഉപസംവരണം നടപ്പിലാക്കുന്നതിന് സംസ്ഥാനങ്ങൾക്ക് അധികാരമില്ല എന്നും ഉപസംവരണം ഭരണഘടനാലംഘനമാണെന്നും സൂചിപ്പിച്ചു കഴിഞ്ഞു. ഒരു വാദത്തിനായി പോലും ഉപസംവരണം അനിവാര്യമാണെന്ന് വാദിച്ചു ഉറപ്പിക്കാവുന്ന എന്തെങ്കിലും പഠനങ്ങളോ തെളിവുകളോ ഡാറ്റയോ കോടതി പരിശോധിച്ചോ? അത്തരം പഠനങ്ങളോ തെളിവുകളോ ഡാറ്റയോ കോടതിയുടെ മുമ്പിൽ ഹാജരാക്കപ്പെട്ടിട്ടുമില്ല, പരിശോധിച്ചിട്ടുമില്ല എന്നാണ് കോടതിവിധി പരിശോധിച്ചാൽ മനസ്സിലാവുന്നത്.

ഡി.വൈ. ചന്ദ്രചൂഡ് ആണ് പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പ്രമോഷനിൽ സംവരണം ഉറപ്പുനൽകി വിധി പ്രസ്താവിച്ചത്.
ഡി.വൈ. ചന്ദ്രചൂഡ് ആണ് പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പ്രമോഷനിൽ സംവരണം ഉറപ്പുനൽകി വിധി പ്രസ്താവിച്ചത്.

അയിത്തമൂലം വിവേചനം അനുഭവിച്ച വിഭാഗങ്ങളുടെ സംവരണീയ പ്രാതിനിധ്യനില എന്തെന്നുപോലും പരിശോധിക്കാൻ കോടതി തയ്യാറായിട്ടില്ല. പ്രമോഷനിലെ സംവരണം പോലും കാലങ്ങളായി അട്ടിമറിക്കുന്നതിനെതിരെ സുപ്രീംകോടതി വിധിയുണ്ടായത് 2019-ൽ മാത്രമാണ്. ഡി.വൈ. ചന്ദ്രചൂഡ് തന്നെയാണ് പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പ്രമോഷനിൽ സംവരണം ഉറപ്പുനൽകി വിധി പ്രസ്താവിച്ചത്.

രാജ്യത്ത് സർക്കാർ സർവീസിലെ നിലവിലെ പ്രാതിനിധ്യം പരിശോധിച്ചാൽ, ഭരണഘടന നിലവിൽ വരികയും സംവരണവ്യവസ്ഥ നടപ്പിലാക്കുകയും ചെയ്ത് ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും സംവരണപ്രകാരം ലഭിക്കേണ്ട പ്രാതിനിധ്യം പോലും ഇപ്പോഴും യാഥാർത്ഥ്യമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കണക്കുകൾ സർക്കാർ ഏജൻസികളിൽ ലഭ്യമാണെങ്കിലും അവ പുറത്തുവിടാനോ പ്രാതിനിധ്യത്തിലെ കുറവ് നികത്താനോ സർക്കാർ തയ്യാറാകുന്നില്ല. സംവരണീയ വിഭാഗങ്ങളെ പരസ്പരം അരിച്ചെടുക്കുന്നതിനെക്കാൾ സംവരണീയർക്ക് ലഭിക്കേണ്ട ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പിക്കുകയാണ് നിയമവ്യാഖ്യാനം നടത്തുകയും നിയമം നടപ്പിലാക്കാൻ നിർദ്ദേശം നൽകുകയും ചെയ്യേണ്ട സുപ്രീംകോടതിയുടെ പ്രാഥമിക കർത്തവ്യം.

ജുഡീഷ്യറിയുടെ കടന്നുകയറ്റം കൂടി അനുവദിച്ചുകൊടുത്താൽ ഇന്ത്യയിൽ പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സ്ഥിതി എന്താകുമെന്ന് രണ്ടാമതൊരാലോചനക്ക് സമയം കാണില്ല.
ജുഡീഷ്യറിയുടെ കടന്നുകയറ്റം കൂടി അനുവദിച്ചുകൊടുത്താൽ ഇന്ത്യയിൽ പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സ്ഥിതി എന്താകുമെന്ന് രണ്ടാമതൊരാലോചനക്ക് സമയം കാണില്ല.

പ്രാതിനിധ്യ വിവേചനവുമായി ബന്ധപ്പെട്ട് 2024 ജനുവരി 25 ന് പുറത്തുവന്ന ഒരു കുറിപ്പ് കൂടി പരിശോധിക്കാം.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഓരോ വർഷവും രാജ്യത്തുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും അധ്യാപക- വിദ്യാർത്ഥി പ്രാതിനിധ്യത്തെ കുറിച്ചുമുള്ള കണക്കുകൾ ശേഖരിക്കുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്യാറുണ്ട്. 2021-22 ൽ നടത്തിയ സർവ്വേയിലെ കണക്കുകൾ പുറത്തുവിട്ടിരുന്നു. (All India Survey on Higher Education (AISHE), 2021- 22).
സർവ്വേ അനുസരിച്ച് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആകെ അധ്യാപകരുടെ എണ്ണം 15,97,688 ആണ്. മൊത്തം അധ്യാപകരിൽ പട്ടികജാതി അധ്യാപകർ 1,90,125 മാത്രമാണ്. ഇത് മൊത്തം അധ്യാപകരുടെ 11.9% മാത്രമേയുള്ളൂ. 22.5% സംവരണപ്രകാരം പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 1,69,355 അധ്യാപക തസ്തികകൾ കൂടി ലഭ്യമാകേണ്ടതുണ്ട്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ അധ്യാപക തസ്തികകളിൽ പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്ക് 10.6% പ്രാതിനിധ്യക്കുറവുണ്ട് എന്നർത്ഥം. ഇതേസമയം ജനസംഖ്യാനുപാതികമായി ന്യൂനപക്ഷം വരുന്ന സവർണ്ണ സമുദായങ്ങൾ 55.8% അധ്യാപക തസ്തികകൾ കൈവശം വെച്ചുകൊണ്ടിരിക്കുന്നു.

തുല്യത, അവസരസമത്വം, പ്രതിനിധ്യത്തിനുവേണ്ടിയുള്ള സവിശേഷ അധികാരങ്ങൾ ഇവയെല്ലാമാണ് ഇന്ത്യൻ ഭരണഘടനയെ വ്യത്യസ്തമാക്കി നിർത്തുന്നത്.
തുല്യത, അവസരസമത്വം, പ്രതിനിധ്യത്തിനുവേണ്ടിയുള്ള സവിശേഷ അധികാരങ്ങൾ ഇവയെല്ലാമാണ് ഇന്ത്യൻ ഭരണഘടനയെ വ്യത്യസ്തമാക്കി നിർത്തുന്നത്.

ഇന്ത്യ പരമാധികാര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കാണ് എന്നാണ് ഭരണഘടനയുടെ ആമുഖത്തിൽ വ്യക്തമാക്കുന്നത്. ഈ ആമുഖ തത്വങ്ങൾ ഭരണഘടനാമൂല്യങ്ങൾ പൗരർക്ക് ഒരുപോലെ ബാധകമാക്കുന്നതിനുള്ള വകുപ്പുകളായാണ്, ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയായ ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്. തുല്യത, അവസരസമത്വം, പ്രതിനിധ്യത്തിനുവേണ്ടിയുള്ള സവിശേഷ അധികാരങ്ങൾ ഇവയെല്ലാമാണ് ഇന്ത്യൻ ഭരണഘടനയെ വ്യത്യസ്തമാക്കി നിർത്തുന്നത്. നിർഭാഗ്യവശാൽ, ഭരണഘടന നിലവിൽ വന്ന് ഏഴു പതിറ്റാണ്ട് പിന്നിട്ടിട്ടും അയിത്തം മൂലം വിവേചനമനുഭവിച്ച വിഭാഗങ്ങൾ ഇന്നും വിവേചനം അനുഭവിച്ചുകൊണ്ടിരിക്കുന്നു. അവർക്ക് തുല്യ പൗരത്വവും പ്രാതിനിധ്യവും അപ്രാപ്യമായി തുടരുന്നു. ഭൂമി- അധികാരം- സമ്പത്ത്- ഉദ്യോഗം എന്നിവ ഒരിടത്ത് കുമിഞ്ഞുകൂടുന്നു, മറുവശത്ത് കേവല ജനസംഖ്യാനുപാതിക പ്രാതിനിധ്യം പോലും റദ്ദ് ചെയ്യപ്പെടുന്നു.

പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളെ പരസ്പരം അരിച്ചെടുക്കുകയല്ല, മുന്നാക്കക്കാരും പട്ടികജാതി വിഭാഗങ്ങളും തമ്മിലുള്ള സാമ്പത്തിക- സാമൂഹിക അന്തരം ഇല്ലായ്മ ചെയ്യുകയാണ് ശാസ്ത്രീയ മാർഗം
പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളെ പരസ്പരം അരിച്ചെടുക്കുകയല്ല, മുന്നാക്കക്കാരും പട്ടികജാതി വിഭാഗങ്ങളും തമ്മിലുള്ള സാമ്പത്തിക- സാമൂഹിക അന്തരം ഇല്ലായ്മ ചെയ്യുകയാണ് ശാസ്ത്രീയ മാർഗം

ജുഡീഷ്യറിയുടെ കടന്നുകയറ്റം കൂടി അനുവദിച്ചുകൊടുത്താൽ ഇന്ത്യയിൽ പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സ്ഥിതി എന്താകുമെന്ന് രണ്ടാമതൊരാലോചനക്ക് സമയം കാണില്ല. എട്ടു ലക്ഷം രൂപയും പഞ്ചായത്തിൽ രണ്ടര ഏക്കറോ മുനിസിപ്പാലിറ്റിയിൽ 50 സെന്റോ കോർപ്പറേഷൻ പരിധിയിൽ 25 സെന്റോ ഭൂമിയുമുള്ള മുന്നാക്ക ജാതിയിലെ പിന്നാക്കകാർക്ക് സംവരണത്തിന് അർഹതയുണ്ടെന്ന് വിധിച്ച ഒരു രാജ്യത്തു തന്നെയാണ് ഭൂരിപക്ഷം ജനങ്ങൾ കോളനികളിലും തോട്ടം ലയങ്ങളിലും പുറമ്പോക്കുകളിലും ജീവിക്കുന്നത്. വിദ്യാഭ്യാസത്തിന് ഇ- ഗ്രാൻഡ് (e grant) ലഭിക്കണെമെങ്കിൽ പോലും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് രണ്ടരലക്ഷം രൂപയിലധികം വരുമാനം പാടില്ല എന്ന നിയമം വന്നു കഴിഞ്ഞു. മുന്നാക്കത്തിലെ പിന്നാക്കത്തിന്റെയും പട്ടികജാതി പട്ടികവർഗ്ഗത്തിന്റെയും സംവരണത്തിനുള്ള വരുമാനപരിധിയിൽ പോലും വലിയ വിവേചനം നിലനിൽക്കുന്നിടത്ത് പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളെ പരസ്പരം അരിച്ചെടുക്കുകയല്ല, മുന്നാക്കക്കാരും പട്ടികജാതി വിഭാഗങ്ങളും തമ്മിലുള്ള സാമ്പത്തിക- സാമൂഹിക അന്തരം ഇല്ലായ്മ ചെയ്യുകയാണ് ശാസ്ത്രീയ മാർഗം. അതിനായി, ഭൂമിയടക്കമുള്ള വിഭവങ്ങൾ ആരൊക്കെ ഏതൊക്കെ അളവിൽ കൈവശം വച്ചിരിക്കുന്നു എന്ന വസ്തുനിഷ്ഠമായ ഡാറ്റയാണ് പുറത്തുവരേണ്ടത്. അതിനായി ജാതിസെൻസസ് നടത്താൻ വസ്തുനിഷ്ഠമായ കണക്കുകൾ പുറത്തുകൊണ്ടുവരാൻ സംസ്ഥാനങ്ങൾ തയ്യാറാവണം. വിഭവവിതരണത്തിലെ നൂറ്റാണ്ടുകളായുള്ള അസമത്വം അവസാനിപ്പിച്ച് എല്ലാ സമുദായങ്ങൾക്കും അവസരസമത്വവും തുല്യതയുമുണ്ടാകുന്ന ഒരു സാമൂഹ്യവ്യവസ്ഥ; ഭരണഘടന വിഭാഗം ചെയ്യുന്ന സാമൂഹിക ജനാധിപത്യം പുലരാനുള്ള നടപടികളാണുണ്ടാവേണ്ടത്.

Comments