സിനിമയ്ക്കു വേണ്ടി ഞാൻ ചെയ്തതിനൊക്കെയും പ്രതിഫലം ലഭിച്ച വർഷം

‘‘എല്ലാക്കാലത്തും സിനിമയ്ക്കായി എടുത്തിട്ടുള്ള എഫർട്ട് എല്ലാം വളരെ ജന്യുവിനായിരുന്നു. അഭിനയത്തിലാണെങ്കിലും, സംവിധാനത്തിലാണെങ്കിലും, മറ്റെന്തിലാണെങ്കിലും ഏറ്റവും ആത്മാർത്ഥമായി പരിശ്രമിച്ചിട്ടുണ്ട്. 2021 വരെ സിനിമയ്ക്കു വേണ്ടി ചെയ്തിട്ടുള്ള എല്ലാ എഫർട്ടുകൾക്കും സിനിമ തിരിച്ച് പ്രതിഫലം നൽകിയ വർഷമാണ് 2022. എല്ലാ രീതിയിലും’’- ജീവിതത്തിൽനിന്ന് ഒരു വർഷം കൂടി അടർന്നുപോകുമ്പോൾ, അത് ജീവിതത്തിൽ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങൾ വീണ്ടെടുക്കപ്പെടുകയാണിവിടെ... ബേസിൽ ജോസഫ്​​ എഴുതുന്നു.

2022 സർപ്രൈസുകളുടെ വർഷമായിരുന്നു.

ഒന്നും ഒട്ടും പ്ലാൻഡ് ആയിട്ട് സംഭവിച്ചതല്ല. 2021 ഡിസംബർ 24 നാണ് മിന്നൽ മുരളി റിലീസാവുന്നത്. 2021 അവസാനം പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ വിജയം സംഭവിക്കുന്നത് 2022 ലാണ്. മിന്നൽ മുരളി കേരളത്തിനകത്തും പുറത്തും, രാജ്യത്തിനകത്തും പുറത്തും ചർച്ചയായി എന്നതു തന്നെ 2022 നൽകിയ വലിയ സന്തോഷങ്ങളിലൊന്നാണ്.

ഒരു അഭിനേതാവെന്ന നിലയിലും ഇങ്ങനെയൊരു കരിയർ ഗ്രാഫ് ഞാനൊരിക്കലും പ്ലാൻ ചെയ്തതല്ല. നല്ല സിനിമകൾ വന്നാൽ ചെയ്യാം എന്ന മട്ടിൽ സബ്ജറ്റുകൾ തിരഞ്ഞെടുക്കുകയും, അങ്ങനെ ആ സിനിമകളിലേക്ക് എത്തിപ്പെടുകയുമാണ് ഉണ്ടായത്. ഒരു അഭിനേതാവെന്ന നിലയിൽ എനിക്കത് ഒരു പഠനപ്രക്രിയ ആയിരുന്നു. 2021 ന്റെ അവസാനത്തോടെയാണ് ജാൻ-എ-മൻ പുറത്തിറങ്ങുന്നത്. ഈ ചിത്രം ഒരു അഭിനേതാവെന്ന നിലയിൽ എനിക്കൊരുപാട് ഗുണം ചെയ്തിട്ടുണ്ട്.

'മിന്നൽ മുരളി' സിനിമാചിത്രീകരണത്തിനിടെ ബേസിൽ ജോസഫും അജുവർഗീസും

ഞാൻ വിശ്വസിക്കുന്നത്, 2021 വരെ സിനിമയ്ക്കു വേണ്ടി ചെയ്തിട്ടുള്ള എല്ലാ എഫർട്ടുകൾക്കും സിനിമ തിരിച്ച് പ്രതിഫലം നൽകിയ വർഷമാണ് 2022 എന്നാണ്. എല്ലാ രീതിയിലും.

2013 മുതലേ ഞാൻ അഭിനയരംഗത്തുണ്ട്. ചെറുതും വലുതുമായിട്ടുള്ള പല വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സംവിധായകൻ എന്ന നിലയിൽ 2015- ലാണ് തുടക്കം. അഭിനേതാവ് എന്ന നിലയിൽ ഒമ്പതുവർഷത്തെ കരിയറിനും സംവിധായകനെന്ന നിലയിൽ ഏഴുവർഷത്തെ കരിയറിനും ‘പേ ഓഫ്’ നൽകിയ വർഷമാണ് 2022.

എല്ലാക്കാലത്തും സിനിമയ്ക്കായി എടുത്തിട്ടുള്ള എഫർട്ട് എല്ലാം വളരെ ജന്യുവിനായിരുന്നു. അഭിനയത്തിലാണെങ്കിലും, സംവിധാനത്തിലാണെങ്കിലും, മറ്റെന്തിലാണെങ്കിലും ഏറ്റവും ആത്മാർത്ഥമായി പരിശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടാവും പ്രതീക്ഷിക്കാത്ത പല സർപ്രൈസുകളും 2022 കൊണ്ടുതന്നത്.

ഒരു അഭിനേതാവെന്ന നിലയ്ക്ക് സ്വീകാര്യത ലഭിച്ച സിനിമകൾ- ജാൻ-എ-മൻ, പാൽതൂ ജാൻവർ, ജയ ജയ ജയ ജയഹേ, മൂന്നും എനിക്ക് ലഭിച്ച സർപ്രൈസുകളായിരുന്നു. ഒരു തരത്തിലും മായം ചേർക്കാത്ത, വളരെ സത്യസന്ധമായ പരിശ്രമത്തിന്റെ ഫലം തന്നെയാണ് ഈ സിനികളുടെ വിജയമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുപോലെ ഏഷ്യൻ അക്കാദമി അവാർഡ് ലഭിച്ചതും ഒരു സർപ്രൈസ് തന്നെയായിരുന്നു. അങ്ങനെയൊരു ഇന്റർനാഷണൽ അവാർഡ് മിന്നൽ മുരളിക്ക് കിട്ടിയത് എന്നെ സംബന്ധിച്ച്​വലിയൊരു മൈൽസ്‌റ്റോണാണ്. ഇനിയും കൂടുതൽ നന്നായി വർക്ക് ചെയ്യാനുള്ള ഊർജമാണ് 2022 തന്നത്.

ഏഷ്യൻ അക്കാദമി പുരസ്കാരവുമായി ബേസിൽ ജോസഫ്

സിനിമയിലേക്കെത്താനായിരുന്നില്ല, സിനിമയിലെത്തിയ ശേഷമായിരുന്നു ഞാൻ കൂടുതൽ സ്ട്രഗിൾ ചെയ്തത്​. ഒരോ സിനിമയ്ക്കുശേഷവും സ്ട്രഗിൾ കൂടിയിട്ടേയുള്ളൂ, സംവിധായകനെന്ന നിലയിൽ പ്രത്യേകിച്ച്. അതിന്റെ എല്ലാമൊരു റിവാർഡാണ് ഇപ്പോൾ ലഭിച്ചത്. അത് കൂടുതൽ പുഷ് ചെയ്യാനുള്ള ഒരു മൈലേജാണ് 2022 ലെ വിജയങ്ങൾ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. വിജയങ്ങൾ കൂടുതൽ ഉത്തരവാദിത്തമാണുണ്ടാക്കുന്നത്‌.

കൂടുതൽ grounded ആവാൻ ശ്രമിക്കുന്നു. വിജയത്തിൽ മതിമറക്കാതെ, ഉത്തരവാദിത്തങ്ങൾ തിരിച്ചറിഞ്ഞ്, പ്രതീക്ഷകൾ തിരിച്ചറിഞ്ഞ്, വരും വർഷം മുൻപോട്ട് പോണം. ജോലിയിലോ, കരിയറിലോ ഒരു തരത്തിലുള്ള കറപ്ഷനും ഞാൻ താത്പര്യപ്പെടുന്നില്ല. വളരെ ആത്മാർത്ഥതയോടെ, സത്യസന്ധയോടെ തുടർന്നും ക്രാഫ്റ്റിനെ സമീപിക്കണം. കൂടുതൽ പഠിക്കണം. ഇനിയും പഠിക്കാനൊരുപാടുണ്ട്. ഇനിയും മേലോട്ട് എന്നതു തന്നെയായിരിക്കും വരും വർഷത്തിലെയും ലക്ഷ്യം. താഴേക്ക് പോകാൻ ഞാനൊരിക്കലും ആഗ്രഹിക്കുന്നില്ല. മുന്നോട്ടുപോകാൻ വലിയൊരു ഊർജ്ജം തന്ന വർഷമാണ് 2022 . അതുകൊണ്ടുതന്നെ വളരെ ഹാപ്പിയാണ്. 2022 തന്നെയാണ് ഇതുവരെയുള്ള എന്റെ കരിയറിൽ ബെസ്റ്റ് ഇയർ.

Comments