എന്തുകൊണ്ട്
ജി.എന്‍. രാമചന്ദ്രന്‍ ?
എന്തുകൊണ്ട് ജി.എന്‍. രാമചന്ദ്രന്‍ ?
‘‘രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്ക്‌നോളജിയുടെ പുതിയ കാമ്പസിന് ജി.എന്‍ രാമചന്ദ്രന്റെ പേരുനല്‍കി വളരെ വൈകിയാണെങ്കിലും അദ്ദേഹത്തെ ആദരിക്കാനുള്ള സുവര്‍ണാവസരമാണ് ലഭിച്ചിരിക്കുന്നത്’’- തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിന്റെ രണ്ടാമത്തെ കാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതിനെതിരെ കടുത്ത പ്രതിഷേധമുയർന്നിരിക്കുകയണ്. വിഷയത്തിൽ നിലപാട് വ്യക്തമാക്കുകയാണ് ലേഖകൻ
7 Dec 2020, 12:59 PM
കേരളം അര്‍ഹമായ അംഗീകാരം നല്‍കാതെ പോയ ഭാരതം കണ്ട ശാസ്ത്രജ്ഞരില്‍ പ്രമുഖനായിരുന്നു ഡോ. ജി.എന്‍ രാമചന്ദ്രന്‍. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്ക്‌നോളജിയുടെ പുതിയ കാമ്പസിന് ജി.എന്‍ രാമചന്ദ്രന്റെ പേരുനല്‍കി വളരെ വൈകിയാണെങ്കിലും അദ്ദേഹത്തെ ആദരിക്കാനുള്ള സുവര്‍ണാവസരമാണ് ലഭിച്ചിരിക്കുന്നത്.
ജി.എന്‍.ആര്‍ എന്നും റാമെന്നും സുഹൃത്തുക്കള്‍ വിളിച്ചിരുന്ന ഗോപാലസുന്ദരം നാരായണ അയ്യര്‍ രാമചന്ദ്രന്‍ 1922 ല്‍ എറണാകുളത്താണ് ജനിച്ചത്. തന്റെ പിതാവായ ജി.നാരായണ അയ്യര്‍ പ്രിന്‍സിപ്പലായിരുന്ന മഹാരാജാസ് കോളേജിലാണ് ജി.എന്‍. ആര്‍ പഠിച്ചത്. തിരുച്ചിയിലെ സെന്റ് ജോസഫ് കോളേജില്‍ നിന്ന് ഭൗതികത്തില്‍ ബി.എസ്.സി (ഓണേഴ്സ് ) ബിരുദം ഒന്നാം റാങ്കില്‍ നേടിയ രാമചന്ദ്രന്‍ ബാംഗ്ലൂരിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഉപരിപഠനം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും അന്നവിടെ പ്രൊഫസറായിരുന്ന സി.വി. രാമന്റെ ശിഷ്യത്വം സ്വീകരിച്ച് ഭൗതികശാസ്ത്ര ഗവേഷണത്തിലേക്ക് തിരിയുകയായിരുന്നു.
എക്‌സറെ ഡിഫ്രാക്ഷന്‍, ക്രിസ്റ്റലോഗ്രാഫി എന്നീ ശാസ്ത്ര ശാഖകളിലെ സംഭാവനകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് 1947 ല്‍ ഡി.എസ്.സി ബിരുദം ലഭിച്ചു. പിന്നീട് ബ്രിട്ടനിലെ കവന്‍ഡിഷ് ലാബോറട്ടറിയില്‍ നിന്ന്പ്രസിദ്ധ ശാസ്ത്രജ്ഞനായിരുന്ന ഡബ്ലിയു. എ. വൂസ്റ്ററിന്റെ കീഴില്‍ 1949 ല്‍ പി.എച്ച്.ഡി ബിരുദം നേടി. രാമചന്ദ്രനെ വളരെയധികം സ്വാധീനിച്ച ഇരട്ട നോബല്‍ സമ്മാന ജേതാവ് ലിനസ് പോളിങിനെ ബ്രിട്ടനില്‍ വച്ച് അദ്ദേഹം പരിചയപ്പെട്ടു.
തിരികെ നാട്ടിലെത്തിയ ജി.എന്‍.ആര്‍ അന്നത്തെ മദ്രാസ് സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്ന എ. ലക്ഷ്മണ സ്വാമി മുതലിയാരുടെ ക്ഷണം സ്വീകരിച്ച് മദ്രാസ് സര്‍വകലാശാലയിലെ ഭൗതികശാസ്ത്ര വിഭാഗം മേധാവിയായി. രാമചന്ദ്രന്റെ മേല്‍നോട്ടത്തിലാണ് മദ്രാസ് സര്‍വകലാശാലയില്‍ എക്‌സ് റേ ക്രിസ്റ്റലോഗ്രാഫി ലാബറട്ടറി തുടങ്ങിയത്. അക്കാലത്ത് സര്‍വകലാശാല സന്ദര്‍ശിച്ച് ബ്രിട്ടീഷ് ശാസ്ത്രജ്ഞനും ശാസ്ത്രചരിത്രകാരനുമായിരുന്ന ജെ.ഡി. ബര്‍നലിന്റെ സ്വാധീനത്തിലാണ് ജൈവ സാങ്കേതിക ഗവേഷണത്തിലേക്ക് ശ്രദ്ധതിരിച്ചത്.
തന്റെ സഹപ്രവര്‍ത്തകനും മലയാളിയുമായ ഗോപിനാഥ കര്‍ത്ത (1927-84) യുമായി ചേര്‍ന്ന് നടത്തിയ ഗവേഷണങ്ങളെ തുടര്‍ന്ന് മൂന്ന് സമാന്തര പോളിപെപ്‌റ്റൈഡ് ശൃംഖലകള്‍ ചേര്‍ന്നതാണ് കൊളാജന്റെ ഘടന എന്ന നിഗമനത്തില്‍ അദ്ദേഹം എത്തിച്ചേരുകയും ട്രിപ്പില്‍ ഹെലിക്‌സ് സിദ്ധാന്തം ആവിഷക്കരിക്കയും ചെയ്തു. ജെയിംസ് വാട്ട്‌സണും ഫ്രാന്‍സിസ് ക്രിക്കും കണ്ടെത്തിയ ഡി.എന്‍.എ യുടെ ഘടന സംബന്ധിച്ച ഡബില്‍ ഹെലിക്‌സ് സിദ്ധാന്തത്തെ പറ്റിയുള്ള ശാസ്ത്ര ലേഖനം പ്രസിദ്ധീകരിച്ചതിന്റെ തൊട്ടടുത്ത വര്‍ഷം 1954 ല്‍ രാമചന്ദ്രനും കര്‍ത്തായും ചേര്‍ന്നെഴുതിയ കൊളാജന്റെ ട്രിപ്പില്‍ ഹെല്‍ക്‌സ് ഘടനയെ സംബന്ധിച്ച ലേഖനം നേച്ചര്‍ മാസിക പ്രസിദ്ധീകരിച്ചു.
1970 മുതല്‍ അദ്ദേഹം ഒരു വര്‍ഷത്തോളം ചിക്കാഗോ സര്‍വകലാശാലയിലെ ബയോഫിസിക്‌സ് ഡിപ്പര്‍ട്ട്‌മെന്റില്‍ ഗവേഷണം നടത്തി. തിരികെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ എത്തിയ രാമചന്ദ്രന്‍ 1971 അവിടെ ആരംഭിച്ച മോളിക്കുലാര്‍ ബയോഫിസിക്‌സ് കേന്ദ്രമാണ് രാജ്യത്ത് ആദ്യമായി തുടങ്ങിയ അന്തര്‍വൈജ്ഞാനിക ഗവേഷണ കേന്ദ്രം. 1978 ല്‍ ഔപചാരിക ഗവേഷണ ചുമതലകളില്‍ നിന്നൊഴിഞ്ഞ ശേഷം അദ്ദേഹം മാത്തമാറ്റിക്കല്‍ ഫിലോസഫി പ്രൊഫസറായി 1989 വരെ സേവനമനുഷ്ടിച്ചു.

പെപ്‌റ്റൈഡിന്റെ ഘടന വിവരിക്കുന്ന രാമചന്ദ്രന്‍ പ്ലോട്ട് (Ramachandran Plot) സി. വി. രാമന്റെ പ്രസിദ്ധമായ രാമന്‍ ഇഫക്ട് (Raman Effect) പോലെ ശാസ്ത്രലോകം വിലമതിച്ചിരുന്നു. എക്സ്റേ ക്രിസ്റ്റലോഗ്രാഫിക്ക് പുറമേ പോളി പെപ്‌റ്റൈഡ് സ്റ്റിരീയോ കെമിസ്ട്രി, ടോമോഗ്രാഫി, ബയോഫിസിക്‌സ് തുടങ്ങി നിരവധി നവീന ബഹുവൈജ്ഞാനിക ശാസ്ത്രശാഖകളില്‍ മൗലിക സംഭാവന നല്‍കിയ ജി.എന്‍.ആര്‍ നോബല്‍ സമ്മാനര്‍ഹനായിരുന്നുവെന്ന് ശാസ്ത്രലോകം വിലയിരിത്തിയിട്ടൂണ്ട്. ടോമോഗ്രാഫി സാങ്കേതിക വിദ്യയില്‍ ജി.എന്‍.ആര്‍ നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് വൈദ്യശാസ്ത്രത്തില്‍ പില്‍ക്കാലത്ത് വലിയ കുതിച്ച് ചാട്ടത്തിന് കാരണമായ സി. റ്റി സ്‌കാനും എം. ആര്‍. ഐ സ്‌കാനും രൂപകല്പന ചെയ്യപ്പെട്ടത്. ബയോളജിയില്‍ അദ്ദേഹം നല്‍കിയ സംഭാവകള്‍ പരിഗണിച്ച് ആധുനിക ജൈവസാങ്കേതിക വിദ്യയുടെ പിതാവായാണ് ജി.എന്‍.ആര്‍ അറിയപ്പെടുന്നത്. അതുപോലെ ടോമോഗ്രാഫി യില്‍ ജി.എന്‍.ആര്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ആധുനിക വൈദ്യശാസ്ത്ര പ്രതിച്ഛായ സാങ്കേതിക വിദ്യയുടെ (Modern Medical Imaging Technology) പിതാവായും അദ്ദേഹം അറിയപ്പെടുന്നു.
നോബല്‍ സമ്മാനം കൈവിട്ടുപോയെങ്കിലും ശാസ്ത്രലോകത്തെ നിരവധി പൂരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. 1972 ല്‍ ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി രാമനുജന്‍ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ബഹുമാനിച്ചു. ക്രിസ്റ്റലോഗ്രാഫിയിലുള്ള അദ്ദേഹത്തിന്റെ സംഭാവന കണക്കിലെടുത്ത് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് ക്രിസ്റ്റലോഗ്രാഫി 1999 ല്‍ അഞ്ചാമത് ഇവാല്‍ഡ് പ്രൈസ് അദ്ദേഹത്തിന് നല്‍കി. 1989 മുതല്‍ പാര്‍ക്കിന്‍സന്‍ രോഗബാധിതരാനായിരുന്ന് ആ മഹാപ്രതിഭ 2001 ഏപ്രില്‍ 7 ന് നിര്യാതനായി.
കേരള സയന്‍സ് കോണ്‍ഗ്രസ്സില്‍ നടക്കുന്ന ജി.എന്‍. രാമചന്ദ്രന്‍ പ്രഭാഷണം മാത്രമാണ് മലയാള മണ്ണില്‍ പിറന്ന മഹാനായ ശാസ്ത്രജ്ഞന് കേരളം നല്‍കിവരുന്ന എക ആദരം. അതേയവസരത്തില്‍ ഡല്‍ഹിയിലെ പ്രസിദ്ധമായ ജീനോമിംക് സ് ആന്റ് ഇന്റഗ്രേറ്റഡ് ബയോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍, ജി എന്‍ രാമചന്ദ്രന്‍ നോളജ് സെന്റര്‍ ഫോര്‍ ജീനോം ഇന്‍ഫര്‍മാറ്റിക്ക്‌സ് എന്ന കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്.
റഫീഖ് ഇബ്രാഹിം
Dec 07, 2020
7 Minutes Read
ടി.പി.കുഞ്ഞിക്കണ്ണന്‍
Oct 24, 2020
7 Minutes Read
വെങ്കിടേഷ് രാമകൃഷ്ണൻ
Oct 09, 2020
4 Minutes Read
പി. ജെ. ജെ. ആന്റണി
Jul 04, 2020
11 Minutes Read
പ്രൊഫസര്‍ കെ. പാപ്പുട്ടി
Apr 08, 2020
32 Minutes Watch
ഡോ.പി.ഹരികുമാർ
8 Dec 2020, 04:16 PM
GNR's Name is most proper!