ഡിജിറ്റൽ ക്ലാസ്​മുറികളിലേക്ക്​ വൈറസിനെ പടർത്തല്ലേ

കേരളം ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി എന്ന സർക്കാർ പ്രഖ്യാപനത്തോടെ ലോകത്തിലെ ഏതൊരു വികസിത രാഷ്ട്രത്തിലെയും കുഞ്ഞുങ്ങൾക്ക് തുല്യമായ പഠനസൗകര്യങ്ങൾ നമ്മുടെ സംസ്ഥാനത്തും പ്രാപ്യമായി എന്ന തോന്നൽ ജനിപ്പിച്ചിട്ടുണ്ട്. അതോടെ സാമൂഹ്യനീതി, പൊതു വിദ്യാഭ്യാസം എന്നീ സംജ്ഞകളോട് ആഭിമുഖ്യമില്ലാത്ത വരേണ്യ വിദ്യാഭ്യാസ പ്രചാരകർ ഈ നേട്ടത്തെ എങ്ങനെയെങ്കിലും ഇകഴ്ത്തിക്കാണിക്കാൻ കഴിയുമോ എന്ന ആലോചനയ്ക്ക് തുടക്കമിടുകയും ചെയ്തു. ഏത് പൊങ്ങച്ചവിദ്യാലയത്തിലും ലഭിക്കുന്നതിനേക്കാൾ മെച്ചമായ ഡിജിറ്റൽ ഇൻഫ്രാ സ്ട്രക്ച്ചർ സമൂഹ പിന്തുണയോടെ പൊതുവിദ്യാലയങ്ങളിലും നടപ്പിലാക്കുന്നത് ആരെയൊക്കെയാണ് അസ്വസ്ഥരാക്കുന്നത് എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്

വിദ്യാഭ്യാസവും സാങ്കേതികവിദ്യയും എന്ന വിഷയത്തിൽ എളുപ്പം തീർപ്പുകളിലെത്തുന്നവർക്കും, അതിന്റെ സങ്കൽപ്പിച്ചുകൂട്ടുന്ന അപകടങ്ങളെ (imagined perils) പെരുപ്പിച്ചുകാണിക്കുന്നവർക്കുമുള്ള മറുപടി എന്നനിലയിൽ അല്ല ഈ ലേഖനം. മറിച്ച് വിദ്യഭ്യാസവും സാങ്കേതികവിദ്യയും എന്ന വിഷയത്തിൽ സൃഷ്ടിപരമായ ചർച്ചകൾ ഏറെ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ലേഖനമെഴുതാൻ ഞങ്ങൾ മുതിരുന്നത്.

കേരളം ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി എന്ന സർക്കാർ പ്രഖ്യാപനത്തോടെ ലോകത്തിലെ ഏതൊരു വികസിത രാഷ്ട്രത്തിലെയും കുഞ്ഞുങ്ങൾക്ക് തുല്യമായ പഠനസൗകര്യങ്ങൾ നമ്മുടെ സംസ്ഥാനത്തും പ്രാപ്യമായി എന്ന തോന്നൽ ജനിപ്പിച്ചിട്ടുണ്ട്. അതോടെ സാമൂഹ്യനീതി, പൊതു വിദ്യാഭ്യാസം എന്നീ സംജ്ഞകളോട് ആഭിമുഖ്യമില്ലാത്ത വരേണ്യ വിദ്യാഭ്യാസ പ്രചാരകർ ഈ നേട്ടത്തെ എങ്ങനെയെങ്കിലും ഇകഴ്ത്തിക്കാണിക്കാൻ കഴിയുമോ എന്ന ആലോചനയ്ക്ക് തുടക്കമിടുകയും ചെയ്തു.

സ്‌കൂൾ വിദ്യാഭ്യാസം ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ കേരളത്തിൽ ആരംഭിച്ചിട്ട് രണ്ട് പതിറ്റാണ്ടോളം ആയിരിക്കുന്നു. ദേശീയതലത്തിലുള്ള പിന്തുണയും മാർഗനിർദ്ദേശങ്ങളും സ്വീകരിച്ചുകൊണ്ടാണ് കേരളം ഈ വഴിക്ക് മുന്നേറിയിട്ടുള്ളത്.

എൻ.സി.ആർ.ടി.യിൽ ഇതിന് വിപുലമായ അടിസ്ഥാനസൗകര്യങ്ങളോടുകൂടിയ ഒരു ഡിപ്പാർട്ട്‌മെന്റ് തന്നെയുണ്ട്. സെന്റർ ഫോർ എഡ്യൂക്കേഷൻ ടെക്‌നോളജി, ഡിപ്പാർട്ട്‌മെന്റ് ഓഫ് ടീച്ചിങ്ങ് എയ്ഡ് എന്നിവയുടെ സ്ഥാനത്താണ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യൂക്കേഷൻ ടെക്‌നോളജി എന്ന പേരിൽ ദേശീയശ്രദ്ധ പിടിച്ചുപറ്റിയ സ്ഥാപനത്തിന് 1984 ൽ രൂപം നൽകിയത്. റേഡിയോ- ടെലിവിഷൻ പരിപാടികൾ മുതൽ ഡിജിറ്റൽ വിഭവങ്ങൾ വരെ വികസിപ്പിച്ചുകൊണ്ട് സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ അടിസ്ഥാനസൗകര്യ വികസനത്തിനായി ഈ സ്ഥാപനം നിലകൊള്ളുന്നു.

സ്വതന്ത്ര സോഫ്റ്റ് വെയർ എന്ന സമരായുധം

2001 - 02 അക്കാദമിക വർഷത്തിലാണ് കേരളത്തിൽ IT@School സ്ഥാപിക്കപ്പെടുന്നത്. 2005 മുതൽ പത്താം ക്ലാസിലെ പൊതുപരീക്ഷാവിഷയമായി ഇൻഫർമേഷൻ ടെക്നോളജി മാറുന്നുണ്ട്. വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷനേതാവായിരുന്ന കാലത്ത് (2001 - 2006) വിൻഡോസ് അടിസ്ഥാനമായുള്ള ഐ. ടി. പാഠ്യപദ്ധതിക്കെതിരെ വലിയ വിമർശനമുയർത്തുകയും തുടർന്ന് അദ്ദേഹം മുഖ്യമന്ത്രിയും എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയുമായുള്ള സർക്കാർ അധികാരത്തിലെത്തിയ ഉടൻ സമ്പൂർണമായും ഫ്രീ സോഫ്റ്റ് വെയർ ഉപയോഗിക്കുന്ന സംസ്ഥാനമായി കേരളം മാറുകയും ചെയ്തു.

റിച്ചാർഡ്​ സ്​റ്റാൾമാൻ മുഖ്യമന്ത്രിയായിരുന്ന വി.എസ്​. അച്യു​താനന്ദനെ സന്ദർശിച്ചപ്പോൾ

ഇന്ത്യയിലെ FOSS (Free and Open Software Systems) Destination ആയി കേരളം മാറുന്ന കാഴ്ചയാണ് പിന്നീട് നാം കണ്ടത്. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായ റിച്ചാർഡ് സ്റ്റാൾമാൻ ഉൾപ്പടെ കേരളത്തിലേക്കു വരികയും വിദ്യാഭ്യാസ രംഗത്തെ കുത്തക സോഫ്റ്റ് വെയർ ആധിപത്യത്തെ ചെറുക്കുന്ന ഈ നടപടിയെ ശ്ലാഘിക്കുകയും ചെയ്തിട്ടുണ്ട്.

സർക്കാർ ക്ലാസ്​‌റൂമിനെ ഡിജിറ്റൽ കമ്പോളമാക്കുന്നു' എന്ന് വിലപിക്കുമ്പോൾ പോലും കേരള വിദ്യാഭ്യാസത്തിന്റെ ക്രോണിക്ലർമാരായി സ്വയം അവരോധിക്കുന്നവർ കേരളവിദ്യാഭ്യാസ ചരിത്രത്തിലെ തിളങ്ങുന്ന ഈ അധ്യായം കാണാതെ പോകുന്നത് എന്തുകൊണ്ടാണെന്നത് ഊഹിക്കാവുന്നതേയുള്ളു. ഒന്നരലക്ഷത്തോളം അധ്യാപകരും കഴിഞ്ഞ പതിനഞ്ചു വർഷംകൊണ്ട് കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയ എഴുപതു ലക്ഷത്തോളം യുവജനങ്ങളും തീർത്തും സൗജന്യമായി ഡിജിറ്റൽ സാക്ഷരത നേടി എന്നത് ലോകത്തിലെ അപൂർവം രാജ്യങ്ങൾക്കു മാത്രം അവകാശപ്പെടാനാവുന്ന കാര്യമാണ്.

കേരളത്തിലെ ഓരോ ഗ്രാമത്തിലും നഗരത്തിലും ഇന്ന് പ്രവർത്തിക്കുന്ന സർക്കാർ നിയന്ത്രിത അക്ഷയ കേന്ദ്രങ്ങളും (2650 Akshaya Centres) മറ്റ് സ്വകാര്യ ഉടമസ്ഥതയിലുള്ള ഇ-കേന്ദ്രങ്ങളും നമ്മുടെ സർക്കാർ ഓഫീസുകളിലെ ഫയൽ നീക്കത്തെ ഇ-ഗവർണൻസ് വഴി എളുപ്പമുള്ളതാക്കിമാറ്റിയതിന്റെ ചരിത്രവും പുതുതലമുറ സ്‌കൂളുകളിൽനിന്ന് സൗജന്യമായി നേടിയ ഡിജിറ്റൽ സാക്ഷരതയുടെ ഗുണഫലമാണ്. പൊതുവിദ്യാലയങ്ങൾ ഹൈടെക് ആക്കി മാറ്റാൻ സംസ്ഥാന- പ്രാദേശിക സർക്കാരുകൾ കേരളത്തിൽ നടത്തിയ ഇടപെടൽ ചെറുതല്ല. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനമായിരുന്നു അതിലെ മുഖ്യ അജണ്ട.

പൊതുവിദ്യാലയങ്ങളിൽ നിലവാരം കുറഞ്ഞ പഠനബോധനപ്രക്രിയയാണ് നടക്കുന്നതെന്നും അടിസ്ഥാനസൗകര്യങ്ങൾ ഒട്ടുംതന്നെ ഇല്ലാത്ത ഇത്തരം വിദ്യാലയങ്ങളിൽ കുട്ടികളെ അയയ്ക്കുന്നതു മൂലം അവരുടെ ഭാവിതന്നെ നശിച്ചുപോകുമെന്നും മറ്റുമുള്ള പ്രചാരണം ശക്തമായിരുന്ന ഘട്ടത്തിലാണ് സർക്കാർ ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടുവന്നത്. അതിനു പിന്നിലെ രാഷ്ട്രീയം പുറംകാഴ്ചകളിൽ മാത്രം അഭിരമിക്കുന്നവർക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല.

മഹാമാരികാലത്തെ രക്ഷാകവചം

വിദ്യാഭ്യാസ സാങ്കേതികവിദ്യ കേരളത്തിൽ വ്യാപക ചർച്ചക്ക് വിധേയമായത് കൊറോണബാധയുമായി ബന്ധപ്പെട്ട ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലായിരിക്കാം. എന്നാൽ കേരളത്തിൽ 2002 മുതൽ ഹൈസ്‌കൂളുകളിൽ ഐ.ടി ലാബുകൾ നിലവിൽ വരാൻ തുടങ്ങി. ഐ.ടി പഠനത്തിന് ടെക്സ്റ്റ് ബുക്കുകൾ നിർമിക്കപ്പെട്ടു. 2005ൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് നിർബന്ധിത വിഷയമായി ഐ.ടി മാറുകയും ചെയ്തു. ഈ വർഷത്തിൽതന്നെ രാജ്യത്തെ ആദ്യ സമ്പൂർണ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സും നിലവിൽ വന്നു. 4000ലധികം വരുന്ന സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലും കമ്പ്യൂട്ടർ ലാബുകൾ സജ്ജീകരിക്കപ്പെട്ടു. തുടർന്ന് ഈ സ്‌കൂളുകൾക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റിയും നൽകി.

2016 മുതൽ ലോവർ പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂളുകളിലും ഐ.ടി പഠനത്തിന് ആവശ്യമായ പാഠപുസ്തകങ്ങളും ഇൻഫ്രാസ്ട്രക്ച്‌റും ഒരുക്കി. 15 വർഷം നീണ്ട ഈ പ്രക്രിയയുടെ പൂർത്തീകരണം എന്ന നിലയിലാണ് 2017 മുതൽ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി ക്ലാസുമുറികൾ ഹൈടെക് ആക്കി മാറ്റുന്ന പ്രവൃത്തിക്കു തുടക്കം കുറിച്ചത്. 4752 സർക്കാർ, ഏയ്ഡഡ് സെക്കണ്ടറി വിദ്യാലയങ്ങളിലെ 45000 ക്ലാസുമുറികൾ ഇത് വഴി ഹൈടെക് ആയി മാറി. 9941 പ്രൈമറി വിദ്യാലയങ്ങളിൽ ഹൈടെക് ലാബ് സൗകര്യവും ഒരുക്കി.

ഐ.ടി ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം സമ്പൂർണ പോർട്ടൽ, സമഗ്ര പോർട്ടൽ, ടെക്സ്റ്റ് ബുക്ക് ഡിജിറ്റലൈസേഷൻ, ക്യൂ ആർ കോഡ് ഉപയോഗിച്ചുള്ള ഹൈപ്പർ ലിങ്കിങ്ങ് എന്നിവയിലൂടെ വിദ്യാഭ്യാസ സാങ്കേതികവിദ്യ ഇവിടെ സജീവ സാന്നിധ്യമായി മാറിയിരുന്നു. കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്ത് സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ, സാധാരണക്കാരന് മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾ ഗൗരവമായി കാണാതിരുന്ന അക്കാദമികവിദഗ്ധരുടെ ശ്രദ്ധയിൽ അത് പെട്ടിരിക്കാൻ ഇടയില്ല.

കഴിഞ്ഞ മൂന്നു വർഷമായി കേരളത്തിലെ വിദ്യാഭ്യാസ പ്രവർത്തകർ സാങ്കേതികവിദ്യയുടെ ഭാഗമായി കടന്നുകൂടാനിടയുള്ള കച്ചവട താൽപര്യങ്ങൾ അടക്കം അതിന്റെ സാധ്യതയും പരിമിതികളും സംബന്ധിച്ച സംവാദങ്ങളിൽ ഏർപ്പെട്ടുവരികയാണ്. ശരിക്കുപറഞ്ഞാൽ കേരളം ലോകത്തിലെ വികസിത രാഷ്ട്രങ്ങൾക്കൊപ്പം ഡിജിറ്റലാനന്തര (Post Digital) ഘട്ടത്തിൽ എത്തിനിൽക്കുകയാണ് ഇന്ന്. ഇവിടെ ചർച്ചചെയ്യപ്പെടേണ്ടുന്നത് സാങ്കേതിക വിദ്യയ്ക്ക് ആവശ്യമായ സാമഗ്രികളെക്കുറിച്ചല്ല മറിച്ച് മനുഷ്യനും സാങ്കേതിക വിദ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അതിന്റെ സാസ്‌കാരിക വിവക്ഷകളെക്കുറിച്ചുമാണ്.

​കേരള കരിക്കുലം ഫ്രെയിം വർക്ക് 2007 (KCF 2007) നിലവിൽ വന്നശേഷം നടന്ന സെക്കന്ററി അധ്യാപക പരിശീലന പരിപാടികളിൽ Engage Us എന്ന ഒരു യൂട്യൂബ് വീഡിയോ പ്രദർശിപ്പിച്ചിരുന്നു. ഞങ്ങൾ ഡിജിറ്റൽ നേറ്റിവ്‌സ് ആണ്, നിങ്ങളുടെ ചോക്കും ടോക്കും വഴി ഞങ്ങളെ എൻഗേജ് ചെയ്യാൻ നിങ്ങൾക്ക് ആവുന്നില്ല എന്ന് അധ്യാപകരോട് പറയുന്ന അമേരിക്കൻ സെക്കന്ററി വിദ്യാർത്ഥികൾ ആയിരുന്നു ആ വീഡിയോയിൽ.

12 വർഷം മുൻപേ പ്രദർശിപ്പിച്ച ആ വീഡിയോയിലെ കുട്ടികൾക്ക് തുല്യമാണ് ഇന്ന് കേരളത്തിലെ വിദ്യാർഥികളുടെ അവസ്ഥ. അവർ ഡിജിറ്റൽ നേറ്റിവ്‌സ് ആയി മാറികഴിഞ്ഞിരിക്കുന്നു. സാമൂഹ്യ ഇടപെടൽ വഴി കേരളത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസ് ലഭ്യമാക്കാൻ ഇന്ന് നമുക്ക് കഴിഞ്ഞിരിക്കുന്നു. ഓൺലൈൻ ക്ലാസുകളുടെ പരിമിതികൾ നിലനിൽക്കുമ്പോൾ തന്നെ അഞ്ചുമാസമായി തുടരുന്ന അടച്ചിരിപ്പിൽ വിദ്യാർത്ഥികൾക്ക് ആ ക്ലാസുകൾ നൽകിയ ആത്മവിശ്വാസവും ലക്ഷ്യബോധവും ആർക്കും നിഷേധിക്കാൻ കഴിയാത്തതാണ്.

തുല്യതയും സാമൂഹികനീതിയും

സാങ്കേതിക വിദ്യയിലെന്നല്ല, വിദ്യാഭ്യാസം അടക്കമുള്ള ഏതു മേഖലയിലും, ലാഭം കിട്ടാനിടയുള്ള സ്ഥലങ്ങളിലൊക്കെ കച്ചവടശക്തികൾ വലവിരിക്കുക സ്വാഭാവികമാണ്. അതിന്റെ പേരിൽ ഒളിച്ചോടാൻ തുടങ്ങിയാൽ ഒരിടത്തും ചെന്നെത്തുകയില്ല. വിട്ടുവീഴ്ചകൾക്ക് വഴങ്ങാത്ത ശ്രദ്ധകൊണ്ടാണ് അതിനെ നേരിടേണ്ടത്. വിതരണത്തിലെ അസമത്വം ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെ. ഒപ്പം, ലഭ്യമായ വിഭവങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ടുമിരിക്കണം.

ലഭിച്ച ഉപകരണങ്ങൾ ആദ്യം എത്തിച്ചേരുന്നത് സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ളവരുടെ കൈകളിലേക്കാണെന്ന് ഉറപ്പുവരുത്തുന്നിടത്താണ് സാമൂഹികനീതിയുടെ ബോധം പ്രവർത്തിക്കേണ്ടത്. ഇക്കാര്യത്തിൽ കുട്ടികളുടെ ആത്മഹത്യയെയും മറ്റും മറയാക്കി വാദങ്ങൾ ഉന്നയിക്കുന്നവരുണ്ട്. അവരുടെ ലക്ഷ്യം മറ്റുചിലതാണ്. കുട്ടികളുടെ വൈകാരികപ്രശ്‌നങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസവും സാമൂഹിക സുരക്ഷാസംവിധാനങ്ങളും ഏറെ മുന്നോട്ടുപോയിട്ടുണ്ട്. വിദ്യാഭ്യാസ പ്രശ്‌നങ്ങളെ ആ നിലയിലാണ് സമീപിക്കേണ്ടത്.

സാങ്കേതിക വളർച്ചയുടെ ഔന്നത്യമാണ് ഈ ഡിജിറ്റൽ ലോകം എന്നും സാമൂഹ്യമായ തുല്യത ഉറപ്പുവരുത്താൻ അത് വഴിയൊരുക്കുമെന്നും വാദിക്കുന്നവരും ഈ ഡിജിറ്റൽ വിപ്ലവം യഥാർത്ഥമായ അനുഭവങ്ങളെ ഇല്ലാതാക്കി അപമാനവീകരണത്തിലേക്ക് നയിക്കുന്ന ഒന്നായി മാറും എന്നും വാദിക്കുന്നവരും ഉണ്ട്. വിദ്യാഭ്യാസരംഗത്തെ ഡിജിറ്റലൈസേഷൻ പ്രക്രിയയുടെ ഗുണവശങ്ങളും പരിമിതികളും സംബന്ധിച്ച ചർച്ച തുടർന്നു പോകേണ്ടതുണ്ട്. Massive Open Online Courses (MOOCs) പോലുള്ള ഫ്രീ പ്ലാറ്റ്‌ഫോമുകൾ വിദ്യാഭ്യാസത്തിലെ കുത്തക സോഫ്റ്റ് വെയറുകളുടെ കടന്നുകയറ്റത്തെ ചെറുക്കാൻ പര്യാപ്തമാണ്.

ബിഗ് ഡാറ്റ ലക്ഷ്യം വച്ചിട്ടാണെങ്കിലും ഗൂഗിൾ ക്ലാസ് റൂമും ഗൂഗിൾ മീറ്റും സൗജന്യമായി ലഭ്യമാണ്. ഡാറ്റ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ആവശ്യക്കാർക്ക് വിൽക്കുകയും ചെയ്യുക എന്നതാവം ഈ ഗൂഗിൾ സൗജന്യത്തിന്റെ പിന്നിലെ താല്പര്യം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നമ്മൾ തിരയുന്നതെന്താണെന്നും നമ്മുടെ താത്പര്യം എന്തൊക്കെയാണെന്നും കോർപറേറ്റുകൾക്ക് കൃത്യമായി വിവരം നൽകുന്നുണ്ട് അവർ. അതേസമയത്ത് പഠിതാക്കളുടെ പഠന പുരോഗതിയെയും പഠന വേഗത്തെയും പഠനപ്രശ്‌നങ്ങളെയും കുറിച്ചുള്ള ഡാറ്റയും ഇത് വഴി ലഭ്യമാകും.

വിദ്യാഭ്യാസ ഗവേഷകർക്ക് സാങ്കൽപികമല്ലാത്ത ഡാറ്റ ലഭ്യമാവുകവഴി ഗവേഷണങ്ങൾ കൂടുതൽ പ്രയോജനകരമായി മാറാനുള്ള സാധ്യതയും ഇതുവഴി കൈവരുന്നുണ്ട്. വിദ്യാർത്ഥികളെയും അധ്യാപകരെയും സംബന്ധിച്ച് ലോകത്ത് എവിടെയുമുള്ള അധ്യാപകരും വിദ്യാർത്ഥികളുമായി ആശയങ്ങൾ പങ്കുവെക്കാനും തങ്ങളുടെ കാഴ്ചപ്പാടുകളെയും ധാരണകളെയും പുതുക്കാനും ഡിജിറ്റൽ വിദ്യാഭ്യാസം വഴിതുറക്കുന്നു. കുത്തക സോഫ്റ്റ് വെയറുകൾക്കു പകരം ഫ്രീ സോഫ്റ്റ് വെയർ പ്ലാറ്റ് ഫോമുകൾ ഇതിനായി ഉപയോഗിക്കാനുള്ള ജാഗ്രത സർക്കാരും മറ്റു സംവിധാനങ്ങളും പുലർത്തണം എന്നത് വളരെ പ്രധാനമാണ്.

വിദ്യാഭ്യാസ ഗുണനിലവാരത്തിന്റെ മാനദണ്ഡങ്ങൾ

ഡിജിറ്റൽ സാങ്കേതികവിദ്യ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നഷ്ടപ്പെടുത്തുന്നു എന്ന തരത്തിലുള്ള വാദഗതികൾ മറുപടിയർഹിക്കുന്നില്ല. ഓരോ കാലത്തും പ്രയോഗത്തിൽ വരുന്ന സാങ്കേതികവിദ്യ വിദ്യാഭ്യാസത്തിനും പ്രയോജനപ്പെടുത്താറുണ്ട്. ഇന്ന് നാം വിദ്യാഭ്യാസത്തിന്റെ ആധാരശിലയായി പൂജിക്കുന്ന പലതും അങ്ങനെ പ്രചാരത്തിൽ വന്നതാണ്. അർത്ഥബോധത്തോടെയുള്ള ശബ്ദോച്ചാരണവും എഴുത്തുവിദ്യയും അച്ചടിയുമെല്ലാം പല കാലത്തായി കടന്നുകൂടിയ സങ്കേതങ്ങൾ തന്നെ. ഒന്നിന് പ്രാമാണ്യം കൈവരുമ്പോൾ മറ്റൊന്നിന്റെ പ്രയോഗം മങ്ങുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യയെയും ആ നിലയിൽ കണ്ടാൽ മതി.

ഓരോ സാങ്കേതികവിദ്യ മാറിവരുമ്പോഴും കച്ചവടക്കാരും വ്യാപാരികളും അവരുടെ ഉൽപന്നങ്ങളുമായി മുമ്പോട്ടുവരുന്നു. അവരിൽ വഞ്ചകരും കള്ളനാണയങ്ങളും ഉണ്ടാകാം. എഴുത്താണിയും പേനയും പുസ്തകങ്ങളുമെല്ലാം വിറ്റിരുന്നത് പലതരം വ്യാപാരികൾതന്നെ. കള്ളനാണയങ്ങൾ ചെലവഴിക്കാനുള്ള അവസരം നൽകുന്നത് വിദ്യാഭ്യാസത്തിനു നേതൃത്വം നൽകുന്നവരുടെ കാഴ്ചപ്പാടിലെ വൈകല്യങ്ങളും പിടിപ്പുകേടുമാണ്.

പരീക്ഷകൾക്ക് പ്രാമാണ്യം വന്നപ്പോൾ ഗൈഡ് കമ്പനികളും പരിശീലനക്കളരികളും പാഠപുസ്തകങ്ങൾക്കും വിദ്യാലയങ്ങൾക്കും മേൽ ആധിപത്യം പുലർത്തി. ശ്രദ്ധയും ഇടപെടലും വേണ്ടത് വിദ്യാഭ്യാസത്തിന്റെ ഗതി നിർണയിക്കുന്ന കാര്യത്തിലാണ്. അവിടെ വിട്ടുവീഴ്ചകൾ വരുത്തിയ ശേഷം ഉപകരണങ്ങളെ പഴിച്ചിട്ടു കാര്യമില്ല. ജനാധിപത്യസമൂഹത്തിൽ എല്ലാവരുടെയും കഴിവുകൾക്ക് ഇടമുണ്ടാകണം. മത്സരമല്ല, സമന്വയമാണ് സമൂഹജീവിതത്തിന്റെ അടിസ്ഥാനതത്ത്വമായി മാറേണ്ടത്. മത്സരങ്ങളിൽ മുമ്പിലെത്തുന്നവരെ മാത്രം അഭിസംബോധന ചെയ്യുന്ന തരം വിദ്യാഭ്യാസം ആപൽക്കരവും പ്രതിലോമകാരിയുമാണ്.

ഉപകരണലഭ്യത, അതിലൂടെയുള്ള സമത്വം എന്നിവയെക്കുറിച്ചുള്ള ആകുലതകൾ ഉടലെടുക്കുന്നത് അറിവിനെ ഉപഭോഗവസ്തുവായും വിദ്യാഭ്യാസത്തെ അതിന്റെ വിതരണപ്രക്രിയയായും സങ്കല്പിക്കുമ്പോഴാണ്. ഓരോ കുട്ടിയെയും വിദ്യാഭ്യാസം ചെയ്യിക്കുക എന്നത് സമൂഹത്തിന്റെ ആവശ്യമാണ്. വികസിപ്പിക്കാൻ കഴിയുന്ന ശേഷികൾ കുട്ടിയിൽ കണ്ടെത്തി ഉചിതമായ അനുഭവങ്ങളിലൂടെ അവ വളർത്തിയെടുക്കലാണ് വേണ്ടത്.

സാമൂഹിക അകലം അനിവാര്യമായിത്തീർന്ന പകർച്ചവ്യാധിയുടെ കാലത്ത് വിഭ്യാഭ്യാസസംവിധാനങ്ങൾ ഒപ്പമുണ്ട് എന്ന ബോധം കുട്ടികളിൽ ജനിപ്പിക്കാനാണ് ഓൺലൈൻ ക്ലാസുകൾ ലക്ഷ്യമിടുന്നത്. ഏതെങ്കിലും കുട്ടിക്ക് ഉപകരണങ്ങളുടെ അഭാവം മൂലം അതിൽ പങ്കാളിയാകാൻ കഴിയാതെ വന്നാൽ അവരെയും ഒരുമിച്ചു നിർത്തി പിന്തുണ വാഗ്ദാനം ചെയ്യാൻ കരുത്തുള്ള അധ്യാപകശക്തിയാണ് അതിനെ ചലനാത്മകമാക്കുന്നത്.

പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ

സംസ്ഥാനമായി കേരളം മാറിയതിന്റെ പ്രഖ്യാപനം

മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു

ഫസ്റ്റ് ബൽ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു വരുന്ന ഓൺലൈൻ ക്ലാസുകൾ കുറ്റമറ്റതും ആ സംവിധാനം വിനിമയപ്രക്രിയയിലെ ഭാവി രാജപാതയുമാണെന്ന് ആരും വിശ്വസിക്കുന്നില്ല. വിദ്യാഭ്യാസം കൂടുതൽ ഡിജിറ്റലാവുകയും ഓൺലൈൻ പഠനം കൂടുതൽ വ്യാപകമാക്കുകയും ചെയ്യേണ്ടത് നമ്മുടെ വിദ്യാഭ്യാസ വികസനത്തിന് ആവശ്യമാണ്. എന്നാൽ കോവിഡ് കാലത്തെ ക്ലാസുകൾ അതിന്റെ ഉദാത്തമാതൃകകളാണെന്നു കരുതരുത്. വിദ്യാഭ്യാസത്തിൽ അടഞ്ഞ മാതൃകകൾക്ക് ഇനിസ്ഥാനമില്ല. തുറന്ന ചർച്ചകളും സംവാദങ്ങളും ഈ പ്രക്രിയയെ ത്വരിതപ്പെടുത്തിയിട്ടേയുള്ളൂ. ഓരോ ഇടപെടലിനെയും അവസാനപദ്ധതിയായിക്കണ്ട് വിലാപങ്ങൾ പുറപ്പെടുവിക്കുകയും തെരുവുയുദ്ധങ്ങൾക്ക് വഴിതെളിക്കുകയും ചെയ്യുന്നവർ ഒരു സമൂഹത്തിന്റെ വികസന സാധ്യതകൾക്കുമേലാണ് കോടാലി വയ്ക്കുന്നത്.

പൊതുവിദ്യാഭ്യാസത്തെ നയിക്കേണ്ടത് ആര്?

പൊതുവിദ്യാഭ്യാസം അടക്കമുള്ള പൊതുസംവിധാനങ്ങൾ ഗുണനിലവാരം കുറഞ്ഞവയും ആശ്രയിക്കാൻ കഴിയാത്തവയുമാണെന്ന പ്രചാരണം കുറച്ചു നാളായി ഇവിടെ ശക്തമാണ്. പണം കൊടുത്തുവാങ്ങുന്നതിനേ ഗുണമുണ്ടാകൂ എന്ന സാരോപദേശം ഉന്നതങ്ങളിൽ കണ്ണുനട്ട് കഴിയുന്ന മധ്യവർഗത്തെ പെട്ടെന്ന് ആകർഷിക്കുന്നു.

പൊതുസംവിധാനങ്ങളിൽ ജോലിനോക്കിയും കരാറുകാരായി മാറിയും മറ്റും അതിന്റെ ഗുണഫലങ്ങൾ വേണ്ടുവോളം അനുഭവിക്കുന്നവരിൽ ഒരു വിഭാഗം തന്നെ ഇത്തരം പ്രചാരണ പ്രവർത്തനങ്ങളിൽ മുമ്പിൽ നിൽക്കുന്നതിനാൽ അതിന് വിശ്വാസ്യത ഏറുന്നു. കേരളത്തിൽ പൊതുസംവിധാനങ്ങൾ ശക്തിപ്പെട്ടത് ദീർഘനാളത്തെ സാമൂഹിക പ്രക്രിയയിലൂടെയാണ്. നിരവധി പേരുടെ ചോരയും നീരും അതിനു പിന്നിലുണ്ട്.

കേരളം ഇന്ന് അനുഭവിക്കുന്ന എല്ലാ നേട്ടങ്ങൾക്കു പിന്നിലും ഈ പൊതുഇടങ്ങളാണ് ഉള്ളത്. അതിനെ തച്ചുതകർക്കാൻ ആരെയും അനുവദിച്ചുകൂടാ. പൊതുവിദ്യാലയങ്ങളെയും സമൂഹം താരതമ്യം ചെയ്യുന്നത് പ്രധാനമായും ബാഹ്യമോടികളുടെ അടിസ്ഥാനത്തിലാണ്. അധ്യാപകരുടെ ഗുണനിലവാരം, പരിശീലനങ്ങൾ, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പലതരം പിന്തുണകൾ, ചോദ്യംചെയ്യാനും ഇടപെടാനുമുള്ള അവസരം തുടങ്ങി പലതിലും പൊതുവിദ്യാലയങ്ങൾക്കുള്ള മേന്മ പരിഗണിക്കാൻ സാധാരണക്കാർ മുതിരാറില്ല. മധ്യവർഗ പ്രലോഭനങ്ങൾക്ക് വശംവദരായി അവർ സ്വകാര്യസ്ഥാപനങ്ങൾക്കു പിന്നാലെ പോകുന്നു. പ്രവേശനം, ക്ലാസ് കയറ്റം, പഠനച്ചെലവ് തുടങ്ങിയവയിലൂടെയെല്ലാം സ്വകാര്യ സ്ഥാപനങ്ങൾ നിസ്വരായ ജനതയെ നട്ടംതിരിയിക്കുന്നു.

അംഗീകാരമില്ലാത്തവയും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നവയും പലതരം ചൂഷണങ്ങൾ നടത്തുന്നവയുമൊക്കെയായ സ്ഥാപനങ്ങൾ ഇവയുടെ കൂട്ടത്തിൽ ഉണ്ട്. ഏതെങ്കിലും തരത്തിലുള്ള ദുരന്തങ്ങൾ ഉണ്ടാവുമ്പോഴാണ് സമൂഹം ഇവയെ തിരിച്ചറിയുന്നത്. ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്ന സ്‌കൂൾ മൂലം ഉണ്ടാകുന്ന ദുരന്തങ്ങൾക്കും സർക്കാർതന്നെ മറുപടി പറയേണ്ടിവരുന്നു.

അധികാര രാഷ്ട്രീയത്തിൽ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പിന്തുണയോടെ അവകാശവാദങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ ഇവിടെ പ്രയാസമില്ല. പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തിയും അവയിൽ ജനങ്ങൾക്കുള്ള വിശ്വാസം വളർത്തിയും മാത്രമേ ഈ പ്രശ്‌നങ്ങളെ നേരിടാനാവുകയുള്ളൂ. അതിനാൽ പൊതുവിദ്യാലയങ്ങളുടെ ആകർഷണീയത വർദ്ധിപ്പിക്കേണ്ടത് സാമൂഹികമായ ആവശ്യമാണ്. അത് തിരിച്ചറിഞ്ഞ സർക്കാരുകളാണ് അടിസ്ഥാനസൗകര്യവികസനത്തിനുള്ള വ്യത്യസ്ത ഉപാധികൾ തേടുന്നത്.

കേരളീയ സമൂഹത്തിന്റെ മതേതര ബോധത്തിന്റെയും സാമുദായിക സൗഹൃദാന്തരീക്ഷത്തിന്റെയും ആണിക്കല്ലാണ് നമ്മുടെ പൊതുവിദ്യാലയങ്ങൾ. പൊതുജനവായനശാലകളും ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബുകളുമൊക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കേരളത്തിലെ അവശേഷിക്കുന്ന പൊതു ഇടമാണ് പൊതുവിദ്യാലയങ്ങൾ എന്ന തിരിച്ചറിവുള്ള മനുഷ്യരാണ് ഈ പൊതു ഇടത്തിന്റെ ഏറ്റവും ശക്തരായ സംരക്ഷകർ.

ആകർഷകമായ പൊതുവിദ്യാലയങ്ങൾ ഒരുക്കുകയും അടച്ചുപൂട്ടാൻ ശ്രമിക്കുന്നവ ഏറ്റെടുക്കുകയും ചെയ്ത്​ കേരള സർക്കാരും വിദ്യാഭ്യാസവകുപ്പും പൊതുവിദ്യാലയങ്ങൾ നിലനിൽക്കേണ്ടുന്നതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു എന്നത് പ്രശംസനീയമാണ്. വിദ്യാർഥികളുടെ എന്റോൾമെന്റിലുണ്ടായ വൻവർധന പൊതുജനങ്ങളും ഈ ശ്രമത്തിനൊപ്പമാണ് എന്ന് കാണിക്കുന്നുണ്ട്. ഏത് പൊങ്ങച്ചവിദ്യാലയത്തിലും ലഭിക്കുന്നതിനേക്കാൾ മെച്ചമായ ഡിജിറ്റൽ ഇൻഫ്രാ സ്ട്രക്ച്ചർ സമൂഹ പിന്തുണയോടെ പൊതുവിദ്യാലയങ്ങളിലും നടപ്പിലാക്കുന്നത് ആരെയൊക്കെയാണ് അസ്വസ്ഥരാക്കുന്നത് എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.

ഉപകരണങ്ങൾക്ക് യുക്തിയും വികാരങ്ങളുമില്ല

ഉപകരണങ്ങൾക്ക് യുക്തിയോ ഭാവനയോ ഇല്ല. എന്നാൽ അവ നിർമിക്കുന്നവർക്കും കൈകാര്യം ചെയ്യുന്നവർക്കും അത് ഉണ്ടുതാനും. ഏതു ലക്ഷ്യത്തോടെ ഉണ്ടാക്കിയ ഉപകരണവും പ്രതിഭാശാലിയായ ഒരാൾക്ക് നവീന ലക്ഷ്യങ്ങൾക്കായി പ്രയോജനപ്പെടുത്താനാവും. ഓർമ പരിശോധിക്കുന്ന പരീക്ഷകളിൽ മുന്നിലെത്താനുള്ള ഉപാധിയായാണ് വിദ്യാഭ്യാസ സാങ്കേതിക വിദ്യ തുടക്കത്തിൽ ഉപയോഗിച്ചുവന്നത്.

നമ്മുടെ പ്രതിഭാശാലികളായ അധ്യാപകർ യുക്തിചിന്ത വികസിപ്പിക്കാനും സർഗാത്മകത വളർത്താനുമുള്ള സാധ്യതകൾ അതേ വിദ്യ ഉപയോഗിച്ചുതന്നെ രൂപപ്പെടുത്തുകയുണ്ടായി. സാമൂഹിക നീതി പുലരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന വ്യക്തികളും സംഘടനകളും ഡിജിറ്റൽ സാക്ഷരതയും പ്രാപ്യതയും ഉറപ്പാക്കാൻ ശ്രമിക്കുന്ന വിദ്യാഭ്യാസ പ്രക്രിയയുടെകൂടെ നിൽക്കുകയും അതിൽ വന്നുചേരാനിടയുള്ള ഡാറ്റ കൈമാറ്റസാധ്യതയും കച്ചവട സാധ്യതയും ചെറുക്കാനാവശ്യമായ വിമോചക സ്വഭാവമുള്ള ബദൽ റാഡിക്കൽ ഡിജിറ്റൽ സാങ്കേതികവിദ്യ സാധ്യമായ ഓപ്പൺ ആൻഡ് ഫ്രീ സോഫ്റ്റ് വെയറുകളുടെ പ്രയോഗത്തിനായി ശബ്ദം ഉയർത്തുകയുമാണ് ചെയ്യേണ്ടത്. കേരളത്തിൽ വിദ്യാഭ്യാസ മേഖലയിലെ സാങ്കേതിക വിദ്യയുടെ പ്രയോഗം ആ ദിശയിൽ ഉള്ളതാണ് എന്നത് പ്രതീക്ഷക്ക് വകനൽകുന്നു.

സാമൂഹിക അകലത്തിന്റെ കാലത്തും വിദ്യാഭ്യാസം ഏറ്റവും പ്രധാനപ്പെട്ട ഒരു സാമൂഹികപ്രക്രിയയാണ്. തലമുറകളെ അതിൽ വ്യാപൃതരാക്കുന്നത് അവരുടെ ബുദ്ധിയും ശക്തിയും അളന്നുനോക്കി വിലയിടാനല്ല. വ്യക്തിയുടെ എല്ലാ ഗുണങ്ങൾക്കും അംഗീകാരം നൽകുന്ന വിധത്തിലാണ് വിദ്യാഭ്യാസപ്രക്രിയ വികസിച്ചുവരേണ്ടത്. ഓരോ വ്യക്തിയും വ്യതിരിക്തത പുലർത്തുന്നു എന്ന തിരിച്ചറിവ് നിരന്തരം പുതുക്കിക്കൊണ്ടിരിക്കണം. വിദ്യാഭ്യാസത്തെ സംബന്ധിച്ച് അവശ്യം ഉണ്ടാകേണ്ട തെളിച്ചം വിദ്യാഭ്യാസത്തിന്റെ ഉന്നത ശ്രേണികളിൽ താവളമടിക്കുന്ന ഒരു വലിയ വിഭാഗത്തിന് കൈവന്നിട്ടില്ല എന്ന് അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു.

അതുകൊണ്ടാണ് വിദ്യാഭ്യാസ കാര്യത്തിൽ ഇടപെടൽ അനുഭവങ്ങൾ ഇല്ലാതെ പുറംകാഴ്ചകൾ മാത്രം കണ്ടുനിൽക്കുന്ന ചിലർ പരിഷ്‌കർത്താക്കളെന്ന ഭാവേന വിമർശന സാമ്രാട്ടുകളായി മാറുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യ ഒരു വലിയ സാധ്യതയാണെന്നും ഉപകരണ സംവിധാനങ്ങളെക്കാൾ അതിൽ അന്തർലീനമായ യുക്തികുശലതയെയാണ് പരിഗണിക്കേണ്ടതെന്നും പുതിയ തലമുറയ്ക്ക് അത് തെല്ലും അപരിചിതമായിരിക്കരുതെന്നും ഉള്ള സന്ദേശം എല്ലാവരിലും എത്തിക്കാൻ ഇനിയും വൈകരുത്. ഇതിനെ വിദ്യാഭ്യാസത്തിന്റെ മാത്രം പ്രശ്‌നമായി കണ്ടുകൂടാ. എല്ലാ വ്യക്തികളുടെയും ജീവിതത്തെ നിരന്തരം സ്പർശിക്കുന്ന ഒരു സംവിധാനക്രമത്തെ സംബന്ധിച്ച അജ്ഞത ഒരാളെ സാമൂഹികജീവിതത്തിന് അപ്രാപ്തരാക്കി മാറ്റുന്നു. ഇത് കൊടിയ നീതിനിഷേധമാണ്.


High-Tech Digital Classroom ഈ സർക്കാർ ക്ലാസ്​റൂമിനെ ഡിജിറ്റൽ കമ്പോളമാക്കുകയാണ് ചെയ്യുന്നത്

Comments