എന്തുകൊണ്ട്​ കർഷകർ ഈ നിയമത്തിനെതിരെ തെരുവിലിറങ്ങി?

കേന്ദ്ര സർക്കാറിന്റെ വിവാദ കാർഷിക നിയമത്തിനെതിരെ കർഷകർ രാജ്യവ്യാപകമായി വിട്ടുവീഴ്​ചയില്ലാത്ത സമരത്തിലാണ്​. നിയമങ്ങളുടെ ഉള്ളടക്കം എന്താണെന്നും അവ എത്രത്തോളം കർഷക വിരുദ്ധമാണെന്നും വിശദീകരിക്കുകയാണ് ലേഖിക.

""ജിയോ വന്നു. അവർ സൗജന്യ ഫോണുകൾ നൽകി. എല്ലാവരും ആ ഫോണുകൾ വാങ്ങുകയും അവയെ ആശ്രയിക്കുകയും ചെയ്തു. മറ്റു കമ്പനികൾ നഷ്ടത്തിലായി. മത്സരം തുടച്ചുമാറ്റപ്പെട്ടപ്പോൾ ജിയോ അവരുടെ നിരക്ക് വർദ്ധിപ്പിച്ചു. കോർപ്പറേറ്റുകൾ കാർഷിക രംഗത്ത് ചെയ്യാൻ പോകുന്നത് ഇതാണ്. മോദി സർക്കാർ ആർക്കുവേണ്ടിയാണ് ഭരണം നടത്തുന്നതെന്ന് മനസ്സിലായിട്ടും ഇപ്പോഴും എന്റെ പാർട്ടി അവർക്ക് എന്തിനാണ് പിന്തുണ കൊടുക്കുന്നത്?''
ഈ പ്രസ്താവന ഏതെങ്കിലും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളുടേതല്ല. മറിച്ച്, നരേന്ദ്ര മോദി സർക്കാരിൽ ശിരോമണി അകാലി ദളിനെ പ്രതിനിധീകരിച്ച് മന്ത്രിസ്ഥാനം അലങ്കരിക്കുകയും സർക്കാരിന്റെ കാർഷിക ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് അടുത്തിടെ രാജിവെക്കുകയും ചെയ്ത ഹർസിമ്രത് കൗർ ബാദലിന്റേതാണ്.

ഹർസിമ്രത് കൗർ ബാദൽ
ഹർസിമ്രത് കൗർ ബാദൽ

ഹർസിമ്രത് കൗർ ബാദലിനെക്കൊണ്ട് ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിക്കാൻ പ്രേരിപ്പിച്ച ഘടകമെന്തായിരിക്കും? അത് മനസ്സിലാക്കണമെങ്കിൽ കഴിഞ്ഞ രണ്ടാഴ്ചക്കാലമായെങ്കിലും ഉത്തരേന്ത്യയിൽ, പ്രത്യേകിച്ചും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ, നടക്കുന്ന കർഷക പ്രക്ഷോഭങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ട്. ലോക്‌സഭയിൽ കാർഷിക ഓർഡിനൻസ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്ത് തിരികെ നാട്ടിൽ കാലുകുത്തേണ്ടെന്ന് പാർലമന്റ് അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കർഷകർ. അതുകൊണ്ടുതന്നെയാണ് എൻ.ഡി.എ ഘടക കക്ഷിയായ ശിരോമണി അകാലി ദൾ തങ്ങളുടെ അംഗങ്ങൾക്ക് ബില്ലിനെതിരെ വോട്ടു ചെയ്യാൻ വിപ്പ് നൽകിയിരിക്കുന്നതും.

ഉത്തരേന്ത്യൻ കർഷകരെ സംബന്ധിച്ചിടത്തോളം 2020 പല തരത്തിലുമുള്ള വെല്ലുവിളികൾ നിറഞ്ഞ ഒന്നാണെന്ന് തുടരെത്തുടരെ അവിടെ നിന്നും വരുന്ന വാർത്തകൾ ശ്രദ്ധിച്ചിട്ടുള്ളവർക്ക് മനസ്സിലാകുന്ന കാര്യമാണ്. കോവിഡ് ഭീഷണിയുടെ പേരിൽ രാജ്യമൊട്ടാകെ ലോക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് -ഏപ്രിൽ മാസം അവരെ സംബന്ധിച്ചിടത്തോളം ഖാരിഫ് വിളകളുടെ കൊയ്ത്ത് സീസണായിരുന്നു. കൊയ്യാൻ ആളെക്കിട്ടാത്തതും ഗതാഗതം പൂർണ്ണമായും സ്തംഭിച്ചതും അനവസരത്തിൽ വന്ന മഴയും അവരുടെ വിളകളെ വലിയ തോതിൽ ബാധിച്ചിരുന്നു. അതോടൊപ്പം തന്നെ ഇക്കഴിഞ്ഞ ഏപ്രിൽ-മെയ് മാസങ്ങളിലും, ജൂൺ-ജൂലൈ മാസങ്ങളിലും കൂട്ടമായെത്തിയ വെട്ടുക്കിളി കൂട്ടങ്ങൾ കർഷകരുടെ വിളകൾ ഒന്നൊഴിയാതെ തിന്നുതീർത്തതും അവരുടെ പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിച്ചു. കാലാവസ്ഥാ മാറ്റങ്ങളുടെ ഫലമായി സംഭവിക്കുന്ന ഇത്തരം പ്രതിസന്ധികളെ എങ്ങിനെ നേരിടണം എന്നതിൽ അധികൃതർക്ക് യാതൊരു ധാരണയുമില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു അതിനോടുള്ള ഗവൺമെന്റ് പ്രതികരണം. ഇതേക്കുറിച്ച് തിങ്കിൽ എഴുതിയ ലേഖനം ശ്രദ്ധിക്കുക.

എല്ലാ അർത്ഥത്തിലും തകർച്ചയെ നേരിട്ടുകൊണ്ടിരിക്കുന്ന ഇന്ത്യൻ കർഷകരെ കൂട്ട ആത്മഹത്യകളിലേക്ക് നയിക്കുന്ന നിയമ നിർമ്മാണത്തിന്റെ രൂപത്തിലാണ് പുതിയ പ്രശ്‌നം കർഷകരെ തേടിയെത്തിയിരിക്കുന്നത്. ഏറ്റവും പുതുതായി റെയിൽവെ പൊതുമേഖലയെ ഒന്നൊന്നായി തകർത്തുകൊണ്ടിരിക്കുന്ന മോദി സർക്കാർ ഇനിയും ബാക്കിയായിരിക്കുന്ന ഓരോന്നും നുള്ളിപ്പെറുക്കിയെടുത്ത് കോർപ്പറേറ്റുകളുടെ കൈകളിൽ എത്തിക്കാനുള്ള മത്സരത്തിലാണ്. കാർഷിക ഭേദഗതി ഓർഡിനൻസ് 2020 എന്ന പേരിൽ പൊതുവായി അറിയപ്പെടുന്ന മൂന്ന് ബില്ലുകളാണ് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ഇക്കഴിഞ്ഞ സെപ്തംബർ 14ന് ലോക്‌സഭയിൽ അവതരിപ്പിക്കുകയും സെപ്തംബർ 17ന് പാസാക്കുകയും ചെയ്തിരിക്കുന്നത്. "ഫാർമേർസ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് കൊമേർസ് പ്രമോഷൻ ആന്റ് ഫസിലിറ്റേഷൻ ബിൽ', "ഫാർമേർസ് എംപവർമെന്റ് ആന്റ് എഗ്രിമെന്റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷൻ അഷ്വറൻസ് ആന്റ് ഫാം സർവ്വീസ് ബിൽ', "എസ്സെൻഷ്യൽ കമ്മോഡിറ്റീസ് അമെൻഡ്‌മെന്റ് ബിൽ' എന്നിവയാണ് കാർഷിക മേഖലയെ പൂർണ്ണമായും സർക്കാർ നിയന്ത്രണ മുക്തമാക്കുന്ന മൂന്ന് ബില്ലുകൾ.

ബില്ലിനെതിരെ സി.ഐ.ടി.യുവിൻറെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളിലൊന്ന്
ബില്ലിനെതിരെ സി.ഐ.ടി.യുവിൻറെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളിലൊന്ന്

കാർഷിക മേഖലയുടെ വളർച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയുക, കർഷകർക്ക് സ്വതന്ത്ര വിപണിയിൽ ഇടപെടാനുള്ള അവസരം സൃഷ്ടിക്കുക, അവരുടെ ഉത്പന്നങ്ങൾക്ക് വില ഉറപ്പുനൽകുക തുടങ്ങി കേട്ടാൽ ആരും വീണുപോകുന്ന നിരവധി വാഗ്ദാനങ്ങളാണ് പാർലമെന്റിൽ ബിൽ അവതരിപ്പിച്ചുകൊണ്ട് മന്ത്രി നരേന്ദ്രസിംഗ് തോമർ നൽകിയത്. കർഷകരെ അവരുടെ ഉൽപ്പന്നങ്ങൾ അവർക്ക് ഇഷ്ടമുള്ളിടത്ത് വിൽപന നടത്താൻ സാധിക്കുന്ന വിധത്തിൽ രാജ്യത്തിന്റെ ഏത് ഭാഗത്തും അവർക്കായി വിപണി തുറന്നിട്ടുകൊടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നാണ് അധികാരികൾ പറയുന്നത്. കാർഷിക മേഖലയിൽ ഉത്പാദന വർദ്ധനവ് ലക്ഷ്യം വെച്ചുകൊണ്ട് വൻ നിക്ഷേപങ്ങൾ നടത്തുന്നതിനുള്ള വിവിധ പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നതെന്നും മന്ത്രി പറയുന്നു. എന്നിട്ടും എന്തുകൊണ്ടാണ് കാർഷിക പ്രാധാന്യമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ, പ്രത്യേകിച്ചും ബിജെപിക്ക് സ്വാധീനമുള്ള ഹരിയാന, മധ്യപ്രദേശ്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഈ കോവിഡ് കാലത്തുപോലും കർഷകർ കൂട്ടമായി തെരുവിലിറങ്ങിയിരിക്കുന്നത്?

കർഷകരെ സംബന്ധിച്ചിടത്തോളം എന്താണ് സംഭവിക്കാൻ പോകുന്നതെന്ന കാര്യത്തിൽ വലിയ സംശയമൊന്നുമില്ല. അവർക്ക് തെല്ലെങ്കിലും ആശ്വാസം നൽകുന്ന സർക്കാർ നിയന്ത്രിത കർഷക കമ്പോളങ്ങളെ പൂർണ്ണമായും തകർച്ചയിലേക്ക് നയിക്കാനും കാർഷിക മേഖലയെ വൻകിട കോൺട്രാക്ട് ഫാമിംഗ് കമ്പനികളുടെ കൈകളിലേക്ക് എത്തിക്കുവാനും മാത്രമേ പുതിയ ഭേദഗതികൾ സഹായിക്കുകയുള്ളൂ എന്ന് അവർക്കറിയാം. കേന്ദ്ര ഗവൺമെന്റ് പുതുതായി പാസാക്കിയ നിയമഭേദഗതികളിലേക്ക് കണ്ണ്പായിച്ചാൽ ഇക്കാര്യം വ്യക്തമാകും.

കർഷക ശാക്തീകരണം... വില വാഗ്ദ്ധാനം

പുതിയ ബില്ലുകളിലെ പ്രധാന ആകർഷണം "ഫാർമേർസ് എംപവർമെന്റും', "പ്രൈസ് അഷ്വറൻസു'-മാണെന്ന് സർക്കാർ അധികാരികൾ വിശദീകരിക്കുന്നു. ഒരു നിയമ നിർമ്മാണത്തിന്റെ ഭാഗമായി അങ്ങിനെയൊരു വാഗ്ദാനവും നൽകാൻ കഴിയില്ലെന്ന് അഖിലേന്ത്യാ കിസാൻ സംഘടനയുടെ പ്രവർത്തകർ ഉറപ്പിച്ചുപറയുന്നു. കർഷകരെ സ്വതന്ത്ര കമ്പോളത്തിൽ വൻകിട കോർപ്പറേറ്റ് കമ്പനികൾക്ക് എറിഞ്ഞുകൊടുത്ത് എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും കൈകഴുകുകയാണ് സർക്കാർ ചെയ്യുന്നതെന്ന് പ്രമുഖ ആക്ടിവിസ്റ്റ് കവിത കറുഗന്തി ട്വീറ്റ് ചെയ്യുന്നു.

അഗ്രിക്കൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മറ്റി എന്ന സംവിധാനം നിരവധി പിഴവുകൾ ഉള്ളതാണെങ്കിൽ കൂടിയും കർഷകർക്ക് ഈ സഹകരണ സംവിധാനങ്ങളെ സമീപിച്ചാൽ മിനിമം സഹായവില ലഭിക്കും എന്നത് ഉറപ്പായ കാര്യമാണ്. സർക്കാർ പ്രഖ്യാപിക്കുന്ന മിനിമം സഹായവില കർഷരുടെ അധ്വാനത്തിനുള്ള ന്യായമായ വിലയായി മാറാറില്ലെങ്കിൽ കൂടിയും സ്വകാര്യ ഏജൻസികളുടെ ചൂഷണത്തിൽ നിന്ന് അവരെ രക്ഷപ്പെടുത്താൻ ഈ സംവിധാനം സഹായകമായിരുന്നുവെന്നത് വസ്തുതയാണ്. സർക്കാർ ചന്തകളെ കേന്ദ്രീകരിച്ചുള്ള സ്വകാര്യ ട്രേഡ് കാർട്ടലുകളെ നേരിടാനുള്ള സംവിധാനം ഒരുക്കണമെന്നും കർഷകർക്ക് അർഹിക്കുന്ന മിനിമം സഹായവില ലഭ്യമാക്കണമെന്നും ദേവീന്ദർ ശർമ, കിരൺ വിസ്സ തുടങ്ങിയ കാർഷിക നയവിദഗ്ധർ വർഷങ്ങളായി ആവർത്തിക്കുന്ന കാര്യമാണ്. എന്നാൽ ഇതിന് നേരെ വിപരീതമായി മാർക്കറ്റിംഗ് കമ്മറ്റികളെ ദുർബലപ്പെടുത്തുകയും സ്വകാര്യ വ്യാപാരികൾക്ക് നിയന്ത്രണങ്ങളൊന്നും കൂടാതെ പുറത്തുള്ള "വിപണി പ്രദേശങ്ങളിൽ' സ്വൈര്യവിഹാരം നടത്താനുള്ള സൗകര്യമാണ് പുതിയ നിയമനിർമ്മാണങ്ങളിലൂടെ സർക്കാർ ചെയ്തിരിക്കുന്നത്.

സർക്കാർ നിയന്ത്രിത കാർഷിക കമ്പോള സംവിധാനങ്ങൾക്ക് പുറത്ത് വ്യാപാരികൾക്കും കമ്പനികൾക്കും ഇടനിലക്കാരില്ലാതെ കർഷകരിൽ നിന്ന് നേരിട്ട് (അവർ തമ്മിൽ ഉണ്ടാക്കുന്ന കരാർ മുഖേന ) കാർഷികോല്പന്നങ്ങൾ ശേഖരിക്കാനും, വാങ്ങാനും ഉള്ള സൗകര്യം ആണ് പുതിയ ഓർഡിനൻസിൽ സർക്കാർ എടുത്തു പറയുന്ന സവിശേഷത. അത്തരം ഒരു സാഹചര്യം നിലവിലെ വിപണി വ്യവഹാരങ്ങളെ, അവിടുത്തെ അധികാര ഘടനയെ പാടെ മാറ്റി മറിക്കും എന്നത് തീർച്ചയാണ്. കർഷകരെ സംബന്ധിച്ച് ഈ മാറ്റം, സംഘടിതരായി തങ്ങളുടെ ഉത്പന്നങ്ങൾക്ക് ന്യായമായ വില ചോദിച്ചു വാങ്ങാനുള്ള അവരുടെ ശേഷിയെ ഇല്ലാതാക്കും. മിനിമം സഹായ വില നിലനിൽക്കുമ്പോൾ അതിനെ അടിസ്ഥാനപ്പെടുത്തി, മറ്റു വിപണി സംവിധാനങ്ങൾ വഴി കർഷകർക്ക് മെച്ചപ്പെട്ട വിലയ്ക്ക് ഉത്പന്നങ്ങൾ വിൽക്കാൻ സാധിക്കും. സർക്കാർ നിയന്ത്രിത കാർഷിക കമ്പോള നിയമങ്ങൾ 2006ൽ റദ്ദാക്കിയ ബീഹാറിൽ, പിന്നീട് കർഷകർ നേരിടേണ്ടി വന്ന പ്രശ്‌നങ്ങൾ ഉദാഹരണമായി നമ്മുടെ മുൻപിലുണ്ട്. പഞ്ചാബിലും ഹരിയാനയിലും മറ്റും കർഷകർക്ക് മിനിമം സഹായ വിലയിൽ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ സാധിച്ചപ്പോൾ, ബീഹാറിൽ കർഷകർ അതിലും കുറഞ്ഞ വിലയ്ക്കാണ് സ്വകാര്യ മൊത്ത വ്യാപാരികൾക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കേണ്ടി വന്നത്.

കോൺഗ്രസിൻറെ നേതൃത്വത്തിലുള്ള പ്രതിഷേധം
കോൺഗ്രസിൻറെ നേതൃത്വത്തിലുള്ള പ്രതിഷേധം

വിരോധാഭാസമെന്നു പറയട്ടെ ബിഹാറിനെ കർഷക സൗഹൃദ വിപണികളുടെ ലിസ്റ്റിൽ മുകളിലും, പഞ്ചാബിനെ ഒടുവിൽ ആയും Commission for Agricultural Ctoss and Prices (CACP) അന്ന് കണക്കാക്കിയത്. മിനിമം സഹായ വില നൽകലും, ഉത്പന്നങ്ങളുടെ സംഭരണവും ആണ് പ്രധാനമായും സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത് . 2019-ലെ ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രം പതിനാലോളം വേനൽകാല വിളകളുടെ മിനിമം സഹായ വിലയിൽ നാലു മുതൽ 52 ശതമാനം വരെ വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. ആയിടയ്ക്ക് ഉയർന്നു വന്നിരുന്ന കർഷക അതൃപ്തികളെ തെല്ലൊന്നു ഒതുക്കാൻ ഈ നടപടി സഹായകമായെങ്കിലും, കർഷകരെ സംബന്ധിച്ച് വലിയ ഗുണമൊന്നും ഈ പ്രഖ്യാപനം വഴി കരഗതമായിരുന്നില്ലെന്നു കാണാം. അതിനു പ്രധാന കാരണം നെല്ലിന്റെയും, ഗോതമ്പിന്റെയും സംഭരണമാണ് കൂടുതലായും, സർക്കാർ നിയന്ത്രിത സംഭരണ കേന്ദ്രങ്ങൾ വഴി നടക്കുന്നത് എന്നതാണ്. സംഭരണ കേന്ദ്രങ്ങൾ കാര്യക്ഷമമല്ല എന്നത്‌കൊണ്ട് തന്നെ പല വിളകളും പ്രഖ്യാപിക്കപ്പെട്ട ഉയർന്ന മിനിമം സഹായ വില നിരക്കിൽ വിൽക്കാൻ കർഷകർക്ക് സാധിക്കാതെ പോയി. മിനിമം സഹായ വിലയിൽ വളരെ കുറഞ്ഞ കർഷകരെ തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കുന്നുള്ളൂ എന്ന് സർക്കാർ തന്നെ നിയമിച്ച കമ്മിറ്റിയുടെ പഠനങ്ങൾ ചൂണ്ടികാണിക്കുണ്ട് . വെറും ആറ് ശതമാനം കർഷകർ മാത്രമാണ് മിനിമം സഹായ വിലയിൽ തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കുന്നുള്ളൂ എന്നും, ബാക്കി 94 ശതമാനം കർഷകരും മറ്റു വിപണി സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നതെന്നും കമ്മറ്റി കണ്ടെത്തിയിട്ടുണ്ട്. സർക്കാർ സംവിധാനങ്ങളെ കുറിച്ചുള്ള പരിമിതമായ അറിവും, സർക്കാർ സംഭരണ കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാനുള്ള അസൗകര്യങ്ങളും ആണ് ഈ അവസ്ഥക്ക് കാരണം എന്ന് വിദഗ്ധർ പറയുന്നു. സർക്കാർ നിയന്ത്രിത കാർഷിക വിപണികളും, സംഭരണ കേന്ദ്രങ്ങളും കൂടുതൽ കാര്യക്ഷമമാക്കുകയും, മെച്ചപ്പെട്ട മിനിമം സഹായ വിലയുടെ പരിധിയിൽ കൂടുതൽ വിളകളെ ഉൾപ്പെടുത്തുകയും ചെയ്യേണ്ടതിനു പകരം, സ്വകാര്യ സ്വതന്ത്ര കോർപറേറ്റ് കച്ചവടത്തിന് കീഴിൽ കർഷകരെ അടിമകളാക്കി മാറ്റുന്ന വ്യവസ്ഥകൾ കൊണ്ട് വരാനാണ് ഇപ്പോൾ കേന്ദ്രം പരിശ്രമിക്കുന്നത്.

കിസാൻ സഭയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം
കിസാൻ സഭയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം

കർഷകരുടെ ഉത്പന്നങ്ങൾ വാങ്ങാൻ കൂടുതൽ ക്രേതാക്കളെ ലഭ്യമാക്കുകയും, ഏതെങ്കിലും ലൈസൻസുകളോ, ഫീസുകളോ, സംഭരണ പരിധികളോ ഇല്ലാതെ സ്വതന്ത്രമായി വ്യാപാരം സാധ്യമാക്കുകയുമാണ് ഈ മൂന്നു ഓർഡിനൻസുകളുടെയും ലക്ഷ്യം എന്ന് പറയപ്പെടുന്നു. ഇത്തരം സാഹചര്യം വിപണികളിൽ മത്സര സാധ്യത വർധിപ്പിക്കുമെന്നും, അത് വഴി കർഷകർക്ക് മെച്ചപ്പെട്ട വില ലഭിക്കുമെന്നും ആണ് മോദി സർക്കാർ പറഞ്ഞു കൊണ്ടിരിക്കുന്നത്. അതിനായി കർഷകർക്ക് മുൻപിൽ വെയ്ക്കുന്ന പോംവഴി കോൺട്രാക്ട് ഫാർമിംഗ് ആണ്. കോർപറേറ്റുകൾക്കു കീഴിൽ കർഷകർക്ക് ഭൂമിയും അധ്വാനവും പണയം വെക്കേണ്ടി വരുന്ന കൂടുതൽ ചൂഷണാധിഷ്ഠിതമായ ഒരു വ്യവസ്ഥയാണ് അത് സൃഷ്ടിക്കുകയെന്നതു തീർച്ചയാണ്. കോൺട്രാക്ട് ഫാർമിംഗിനെ വാഴ്ത്തുന്ന പുതിയ ഓർഡിനൻസ് രാജ്യത്തെ 86 ശതമാനം വരുന്ന കർഷകർക്കും രണ്ടു ഹെക്ടറിൽ താഴെ മാത്രമാണ് സ്വന്തമായി കൃഷി ഭൂമി ഉള്ളതെന്ന വസ്തുതയെ സൗകര്യപൂർവം വിസ്മരിക്കുന്നു (ഫാം സെൻസസ് 2015-2016). ഇത്തരം ചെറുകിട ഇടത്തരം കർഷകരെ സംബന്ധിച്ചിടത്തോളം സമീപസ്ഥങ്ങളിലെ മണ്ഡികളിലോ, തൊട്ടടുത്ത സംഭരണകേന്ദ്രങ്ങളിലോ വിൽക്കുകയല്ലാതെ, മിനിമം സഹായ വില പോലും ഉറപ്പു നൽകാൻ കഴിയാത്ത മറ്റിടങ്ങളിലെ സ്വതന്ത്ര വിപണികളിൽ ഉത്പന്നങ്ങൾ വിൽക്കുക എന്നത് ശ്രമകരമായ സംഗതിയാണ്.

അവശ്യസാധന നിയമം (എസ്സെൻഷ്യൽ കമ്മോഡിറ്റീസ് ആക്ട്) ഇന്ത്യയിൽ നിലവിൽ വന്നത് ധാന്യങ്ങളും, എണ്ണക്കുരുക്കളും അടക്കമുള്ള അവശ്യ വസ്തുക്കളുടെ ലഭ്യതയും സംഭരണവും ഉറപ്പുവരുത്താനും കരിഞ്ചന്തക്കാരിൽ നിന്നും പൂഴ്ത്തിവെപ്പുകാരിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാനും വേണ്ടിയായിരുന്നു. ഈ മേഖലയിലെ സർക്കാർ നിയന്ത്രണം എടുത്തുകളയുന്ന തരത്തിലാണ് പുതിയ ഭേദഗതികൾ. ഇത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന് മാത്രമല്ല, ഭക്ഷ്യ ധാന്യ സംഭരണ മേഖല പൂർണ്ണമായും സ്വകാര്യമേഖലയെ ഏൽപ്പിച്ചുകൊടുക്കുന്നത് ഭാവിയിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതായിരിക്കും എന്ന് കർഷക സംഘടനകൾ ആരോപിക്കുന്നുണ്ട്.

കാർഷിക വിളകൾക്ക് ഉത്പാദനച്ചെലവിന്റെ അമ്പത് ശതമാനം മിനിമം സഹായ വില പ്രഖ്യാപിക്കുക, സർക്കാർ ചന്തകൾ ഫലപ്രദമായി പ്രവർത്തിപ്പിക്കുക, സർക്കാർ ഉടമസ്ഥതയിൽ ആവശ്യത്തിന് സംഭരണ കേന്ദ്രങ്ങൾ ഒരുക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ നിരവധി മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് 2017-2018 കാലയളവിൽ ഇന്ത്യയിലെമ്പാടും വൻതോതിലുള്ള പ്രതിഷേധങ്ങൾ ഉടലെടുത്തിരുന്നു. ഈ പ്രതിഷേധങ്ങളെ തണുപ്പിക്കാൻ അവരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു സർക്കാർ ചെയ്തിരുന്നത്. എന്നാൽ കോവിഡിന്റെയും ലോക്ഡൗണിന്റെയും മറവിൽ സർക്കാർ തങ്ങളുടെ പ്രഖ്യാപിത കോർപ്പറേറ്റ് പ്രീണന നയങ്ങളുമായി കാർഷിക മേഖലയിലേക്കും പ്രവേശിച്ചിരിക്കുകയാണ്. കർഷകരെ സംബന്ധിച്ചിടത്തോളം ഇത് ജീവൻമരണ പ്രശ്‌നം തന്നെയാണ്. അതുകൊണ്ടുതന്നെയാണ് കോവിഡ് ഭീഷണിയെപ്പോലും അവഗണിച്ച് പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങാൻ അവർ തയ്യാറായിരിക്കുന്നത്.

ഉത്തരേന്ത്യയിൽ നിന്നും വരുന്ന വാർത്തകൾ ശ്രദ്ധിച്ചാൽ നൂറ് കണക്കിന് പ്രതിഷേധങ്ങളാണ് പഞ്ചാബ്, ഹരിയാന, യുപി തുടങ്ങിയ സംസ്ഥാനങ്ങളിൽ അരങ്ങേറിക്കഴിഞ്ഞിരിക്കുന്നതെന്ന് കാണാൻ സാധിക്കും. ഓർഡിനൻസ് പിൻവലിക്കാതെ സമരം നിർത്തുകയില്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ് വിവിധ കർഷക സംഘടനകൾ.


Summary: കേന്ദ്ര സർക്കാറിന്റെ വിവാദ കാർഷിക നിയമത്തിനെതിരെ കർഷകർ രാജ്യവ്യാപകമായി വിട്ടുവീഴ്​ചയില്ലാത്ത സമരത്തിലാണ്​. നിയമങ്ങളുടെ ഉള്ളടക്കം എന്താണെന്നും അവ എത്രത്തോളം കർഷക വിരുദ്ധമാണെന്നും വിശദീകരിക്കുകയാണ് ലേഖിക.


Comments