Photo: Wikimedia Commons

പെട്രോളും ഡീസലും സർക്കാറിന്റെ ചൂഷണായുധമാകുമ്പോൾ

സർക്കാർ ജനതയ്ക്കുമേൽ അടിച്ചേൽപിക്കുന്ന പെട്രോൾ- ഡീസൽ വിലവർധനവിലൂടെ, ജീവിക്കാൻവേണ്ടിയുള്ള രാജ്യത്തെ യാത്രകളും ചരക്കുകടത്തും അമിതചൂഷണമേഖലയായിരിക്കുകയാണ്

പെട്രോൾ, ഡീസൽ, ഗ്യാസ് തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾക്ക് രാജ്യത്തെ സമ്പദ്​വ്യവസ്ഥയിൽ വലിയ സ്വാധീനമാണുള്ളത്. ഫോസിൽ ഇന്ധനങ്ങളുമായി ബന്ധപ്പെടാതെ ഒരാൾക്കും ഇക്കാലത്ത് ജീവിക്കാൻ സാധ്യമല്ല. ഫോസിൽ ഇന്ധനങ്ങളുപയോഗിച്ചുള്ള ഊർജോൽപാദനവും ഉപഭോഗവും വൻതോതിൽ വർധിക്കുന്നുമുണ്ട്. ഫോസിൽ ഇന്ധനങ്ങൾ കൂടാതെ പലവിധ പാരമ്പര്യേതരമാർഗങ്ങൾ ഊർജത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും ഒന്നാംസ്ഥാനം ഫോസിൽ ഇന്ധനങ്ങൾക്കുതന്നെയാണ്.
2010-11 ൽ ലോകത്ത് ഒരുദിവസം 80 മില്യൻ ബാരൽ ഓയിലാണ് ഉൽപാദിപ്പിച്ച് ഉപഭോഗം ചെയ്തിരുന്നതെങ്കിൽ 2020-21 ൽ അത് 100 മില്യൻ ബാരലിനുമുകളിലാണ്. ലോകത്തിലെ 19% ഉൽപാദനവും നടത്തുന്നത് അമേരിക്കയാണ്. സൗദി അറേബ്യ, റഷ്യ, കാനഡ, ചൈന എന്നിവയാണ് മറ്റുരാജ്യങ്ങൾ. ഇന്ത്യയുടെ സ്ഥാനം വളരെ പിറകിലാണ്. എന്നാൽ ഉപഭോഗത്തിന്റെ കാര്യത്തിൽ നമ്മൾ മൂന്നാംസ്ഥാനത്താണ്. അമേരിക്കയും ചൈനയും കഴിഞ്ഞാൽ ദിവസേന 5.3 മില്യൻ ബാരൽ ആണ് നമ്മുടെ ഉപഭോഗം. അമേരിക്കയുടേത് 19.50 ഉം ചൈനയുടേത് 14 മില്യൻ ബാരലുമാണ് ദൈനംദിന ഉപഭോഗം. നമ്മുടെ മൊത്തം ഇറക്കുമതിച്ചെലവിന്റെ 30% ക്രൂഡ് ഓയിൽ ഇറക്കുമതിക്കാണ് ചെലവിടുന്നത്.

ക്രൂഡോയിലിന് വില കുറഞ്ഞിട്ടും...

2011-12 നുശേഷം ലോകത്ത് ക്രൂഡോയിൽ ഉൽപാദനത്തിലുണ്ടായ വർധനവും സാമ്പത്തിക തകർച്ചയും, മത്സരവും ക്രൂഡോയിൽ വില കൂടുകയല്ല, കുറയുന്ന സാഹചര്യമാണ് സൃഷ്ടിച്ചത്. വിലക്കുറവ് അധികകാലം നിലനിൽക്കുമെന്ന് പറയാനാവില്ല. കാരണം എടുക്കുന്തോറും ഇല്ലാതായിക്കൊണ്ടിരിക്കുന്നതാണല്ലോ ക്രൂഡ് ഓയിൽ. 2011-ൽ ഒരു ബാരലിന് 113 ഡോളറായിരുന്ന ക്രൂഡ് ഓയിൽ വില 2021-ൽ 50 ഡോളറായി കുറയുകയാണുണ്ടായത്.

മദ്യത്തിന് കൂടുതൽ നികുതി ചുമത്തുന്നതിൽ തെറ്റില്ല. എന്നാൽ അവശ്യവസ്തുവായ പെട്രോളിനെയും ഡീസലിനെയും അധികനികുതി ചുമത്തുന്നതിനുവേണ്ടി മാത്രം ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കിയത് ആർക്കുവേണ്ടിയാണ്?

അതേസമയം 2011-ൽ ഇന്ത്യയിൽ ശരാശരി 50 രൂപയായിരുന്നു പെട്രോൾ വില. എന്നാൽ ക്രൂഡോയിൽ വിലയിൽ 100 ശതമാനത്തിലധികം കുറവുവന്നിട്ടും 2020-21-ൽ പെട്രോളിന് ലിറ്ററിന് ശരാശരി വിൽപനവില 85 രൂപയായി. വിലയിലുണ്ടായ കുറവിലധികം തുക ഇന്ത്യയിലെ പെട്രോൾ ഉൽപാദകരും സർക്കാരും തട്ടിയെടുക്കുകയാണുണ്ടായത്. ഇന്ത്യയിലെ ജനങ്ങൾക്ക് കിട്ടേണ്ടിയിരുന്ന വിലക്കുറവിലെ വിഹിതം വർധിത നികുതിയായി സർക്കാർ തട്ടിയെടുത്തു. പെട്രോളിയം ഉൽപന്നങ്ങളിൽനിന്നുള്ള നികുതി ജി.ഡി.പിയുടെ 2% ആയാണ് കണക്കാക്കുന്നത്. ജി.എസ്.ടി നിലവിൽവന്നശേഷം എക്സൈസ് ഡ്യൂട്ടി കളക്ഷന്റെ 90% വും പെട്രോളിയത്തിൽനിന്നാണ്. പെട്രോളിയത്തിൽനിന്ന് വലിയതോതിൽ നികുതി ഈടാക്കുന്നതിനായി മദ്യം, പെട്രോൾ, ഡീസൽ എന്നിവയെ ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കി. മദ്യത്തിനെ ഒഴിവാക്കിയത് മനസ്സിലാക്കാം.

അതിന് കൂടുതൽ നികുതി ചുമത്തുന്നതിലും തെറ്റില്ല. എന്നാൽ അവശ്യവസ്തുവായ പെട്രോളിനെയും ഡീസലിനെയും അധികനികുതി ചുമത്തുന്നതിനുവേണ്ടി മാത്രം ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കിയത് ആർക്കുവേണ്ടിയാണ്?

എക്‌സൈസ് വരുമാനത്തിലെ വർധന

കേന്ദ്രസർക്കാരിന്റെ പരോക്ഷ നികുതിവരുമാനത്തിന്റെ 25% വും പെട്രോളിയത്തിൽ നിന്നാണ്. 2014-15 ൽനിന്ന് 2019-20 ലേക്കെത്തിയപ്പോൾ പെട്രോളിൽനിന്നും ഡീസലിൽനിന്നുമുള്ള എക്സൈസ് വരുമാനം 94% ആണ് വർധിച്ചത്. 1.72 ലക്ഷം കോടിയിൽനിന്ന് 3.34 ലക്ഷം കോടിയിലേക്ക് ഉയർന്നു. ഇവയിൽനിന്നുള്ള സംസ്ഥാന ഗവണ്മെന്റുകളുടെ ‘വാറ്റ്' വരുമാനം 37% മാത്രമാണ് ഇക്കാലയളവിൽ വർധിച്ചത്. 1.60 ലക്ഷം കോടിയിൽനിന്ന് 2.21 ലക്ഷം കോടിയായി ഉയർന്നു.
2011-12ൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പെട്രോൾ, ഡീസൽ വരുമാനം ആകെ രണ്ടു ലക്ഷം കോടി രൂപയായിരുന്നു. ഈ തുകയാണ് ഒമ്പതു വർഷത്തിനുള്ളിൽ മൂന്നിരട്ടി വർധിച്ച് ആറു ലക്ഷം കോടിയിൽ എത്തിനിൽക്കുന്നത്. അപ്പോഴും സംസ്ഥാന സർക്കാരുകളുടെ ഈ മേഖലയിൽനിന്നുള്ള വരുമാനം ഇരട്ടിയിലധികമായേ വർധിച്ചിട്ടുള്ളൂ.

പെട്രോളും ഡീസലും സമ്പദ്​വ്യവസ്ഥയുടെ ജീവനാഡിയാണ്. പ്രത്യേകിച്ച് ഉപഭോക്തൃ സംസ്ഥാനങ്ങളായ കേരളത്തെപ്പോലുള്ള സംസ്ഥാനങ്ങളെ സംബന്ധിച്ച്. നമ്മുടെ എല്ലാ സാമ്പത്തിക ചലനങ്ങളും പെട്രോളും, ഡീസലും, ഗ്യാസുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഭക്ഷണത്തിൽ, കൃഷിയിൽ, ചെറുകിട- വൻകിട ഉൽപാദനത്തിൽ, നിർമാണരംഗത്ത് എന്നുവേണ്ട എല്ലാ ജീവഘടകങ്ങളുടെയും ചെലവിന്റെ ഒരുഭാഗം പെട്രോൾ- ഡീസൽ വിലയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ജി.ഡി.പി വർധനവിനും മുതലാളിത്ത വികസന താത്പര്യങ്ങൾക്കും മുൻഗണന നൽകുന്നതുകൊണ്ട് വാഹനം പെരുപ്പിക്കുന്നതിനായി കുറഞ്ഞ പലിശനിരക്കിൽ വാഹനങ്ങൾ ലഭ്യമാക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

വാഹനപ്പെരുപ്പ നയത്തിന്റെ പ്രത്യാഘാതം

ക്രൂഡോയിലിൽനിന്ന് പെട്രോൾ, ഡീസൽ ഉൽപാദന ചെലവിൽ വലിയ മാറ്റമില്ലാതിരുന്നിട്ടും മുൻകാലങ്ങളിൽ പെട്രോൾ, ഡീസൽ വിലയിൽ ശരാശരി ലിറ്ററിന് 10 രൂപയുടെ അന്തരം ഉണ്ടാകാറുണ്ട്. 10 രൂപയുടെ അന്തരത്തിലാണ് സർക്കാർ വില നിശ്ചയിച്ച് വിറ്റിരുന്നത്. പെട്രോളിനെ അപേക്ഷിച്ച് ഡീസൽ ഇന്ധനത്തിന് മൈലേജ് കൂടുതലായിട്ടും ഉൽപാദനച്ചെലവ് തുല്യമായിരുന്നിട്ടും ചെലവ് കുറയ്ക്കാനുള്ള കാരണം സംസ്ഥാനാന്തര കടത്തുകളുടെ ചെലവുഭാരം ഇന്ത്യയിലെ ജനങ്ങളിൽ പതിക്കരുത് എന്ന ലക്ഷ്യം മുൻനിർത്തിയായിരുന്നു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിൽ പൊതുയാത്രാസംവിധാനം പ്രോത്സാഹിപ്പിക്കാനും ജനങ്ങൾക്ക് അവശ്യവസ്തുക്കൾ ചെലവുകുറച്ച് ലഭ്യമാക്കുന്നതിനും വേണ്ടിയായിരുന്നു ഡീസൽ, പെട്രോൾ വിലയിൽ അന്തരം ഉണ്ടാക്കിയത്. ഡീസലിന് ചെറിയ നികുതി നിരക്കും പെട്രോളിന് വലിയ നികുതിനിരക്കും എന്നതായിരുന്നു സമീപനം. മാത്രമല്ല അവശ്യഘട്ടത്തിൽ സബ്സിഡിയും നൽകിവന്നു. പൊതുയാത്രാവാഹനങ്ങൾക്ക് സബ്സിഡി നൽകുന്ന സംവിധാനം വരെ ഉണ്ടായിരുന്നു.

2011- 2021 കാലയളവിൽ ഇന്ത്യയിൽ വാഹന വിൽപ്പനയിലുണ്ടായ ചലനങ്ങൾ സൂചിപ്പിക്കുന്ന ഗ്രാഫ്​ / Photo: SIAM India, Statista

ഇന്നത്തെപ്പോലെ ക്ലൈമറ്റ് ചെയ്ഞ്ച് വലിയ പ്രശ്നമായി ചർച്ച ചെയ്യാത്ത കാലത്ത്, കാർബൺ ഉത്സർജനം പരമാവധി കുറയ്ക്കുക, ഊർജ ഉപഭോഗം കാര്യക്ഷമമാക്കുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് ഡീസലിനും, പൊതുയാത്രാസംവിധാനങ്ങൾക്കും കുറഞ്ഞ നികുതിയും സബ്സിഡിയും ഏർപ്പെടുത്തിയത്. എന്നാൽ ഓട്ടോമൊബൈൽ ഇക്കണോമിയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് രാജ്യം ഇപ്പോൾ പിൻതുടരുന്നത്. ഇതുമൂലം ഉണ്ടാകുന്ന കാർബൺ ഉത്സർജനത്തെക്കാൾ പ്രാധാന്യം രാജ്യത്തെ ജി.ഡി.പി വർധനവിനും മുതലാളിത്ത വികസന താത്പര്യങ്ങൾക്കുമായതുകൊണ്ട് വാഹനം പെരുപ്പിക്കുന്നതിനായി കുറഞ്ഞ പലിശനിരക്കിൽ വാഹനങ്ങൾ ലഭ്യമാക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

ബാധ്യതയാകുന്ന ഉപഭോഗം

പട്ടണങ്ങളിലെ വായുമലിനീകരണ തോത് വാഹനങ്ങളിൽനിന്നുള്ള ഉത്സർജനംകൊണ്ടുമാത്രം പരമാവധി നിരക്കിലെത്തിയെന്നത് ഡൽഹിയിലെ വായുമലിനീകരണവും മൂടൽമഞ്ഞും ഉദാഹരിച്ച് നമുക്ക് പറയാം. കോവിഡ് ലോക്ക്ഡൗൺ കാലത്ത് മലിനീകരണ തോത് വലിയ അളവിൽ കുറഞ്ഞതും യാഥാർത്ഥ്യമാണ്.

രാജ്യത്തെ പെട്രോൾ ഉപഭോക്താക്കളിൽ 81% വും ഇരുചക്രവാഹനക്കാരാണ്. വരുമാനത്തിൽ ഏറ്റവും താഴെ നിൽക്കുന്നവർ. അവരിൽനിന്നുതന്നെയാണ് ഏറ്റവും കൂടുതൽ നികുതി ചോർത്തിയെടുക്കുന്നതും.

2017-18 ലെ കണക്ക് സൂചിപ്പിക്കുന്നത് ഇന്ത്യയിലെ ഒരു വ്യക്തിയുടെ ഒരു ദിവസത്തെ ശരാശരി ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ടിന്റെ (ജി.ഡി.പി) 25% ഒരു ലിറ്റർ പെട്രോളിനുവേണ്ടി ചെലവഴിക്കുന്നു എന്നാണ്. ഇത് ബീഹാറിലാണെങ്കിൽ 94% വും, യു.പി.യിലാണെങ്കിൽ 50% വുമാണ്. ഏറ്റവും ‘ദരിദ്ര നാരായണൻ'മാരുള്ള നാട്ടിൽ അവരെ കൊള്ളയടിച്ചാണ് സർക്കാരുകൾ ഏറ്റവും വലിയ വരുമാനസ്രോതസ്സായി പെട്രോളിനെയും ഡീസലിനെയും കാണുന്നത്. മേൽനിരക്ക് ചൈനയിലാണെങ്കിൽ 4% വും, വിയറ്റ്നാമിൽ 8% വും പാകിസ്ഥാനിൽ 17% വുമാണെന്നുകൂടി കൂട്ടിവായിക്കുമ്പോഴാണ് സാമ്പത്തിക സമാഹരണരംഗത്തെ സർക്കാർ അനീതി ബോധ്യമാകുന്നത്. പെട്രോൾ ഉപഭോഗം രാജ്യത്ത് 5% എന്ന തോതിലാണ് ശരാശരി വർധിക്കുന്നത്. 5% മേ വർധിക്കുന്നുള്ളു എന്നാൽ നികുതിഭാരം വർധിച്ചത് 20% എന്ന തോതിലാണ്. കോവിഡ്കാലത്തും പെട്രോൾ ഉപഭോഗത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ഏറ്റവും രസകരവും ചിന്തോദ്ദീപകവുമായ കാര്യം, രാജ്യത്തെ പെട്രോൾ ഉപഭോക്താക്കളിൽ 81% വും ഇരുചക്രവാഹനക്കാരാണ് എന്നതാണ്. അപ്പോൾ ആരാണ് ഏറ്റവും കൂടുതൽ പെട്രോൾ ഉപയോഗിക്കുന്നത്? വരുമാനത്തിൽ ഏറ്റവും താഴെ നിൽക്കുന്നവർ. അവരിൽനിന്നുതന്നെയാണ് ഏറ്റവും കൂടുതൽ നികുതി ചോർത്തിയെടുക്കുന്നതും.

പട്ടണങ്ങളിലെ വായുമലിനീകരണ തോത് വാഹനങ്ങളിൽനിന്നുള്ള ഉത്സർജനംകൊണ്ടുമാത്രം പരമാവധി നിരക്കിലെത്തിയെന്നത് ഡൽഹിയിലെ വായുമലിനീകരണവും മൂടൽമഞ്ഞും ഉദാഹരിച്ച് നമുക്ക് പറയാം.

പെട്രോളിന്റെയും ഡീസലിന്റെയും ഉയർന്ന വില ഉപഭോഗത്തിൽ കുറവുവരുത്തുമെന്നും, പകരം ഊർജസ്രോതസ്സുകളിലേക്ക് മാറുമെന്നുമാണ് പൊതുധാരണ. എന്നാൽ സമഗ്രമായ നയത്തിന്റെയോ സമീപനത്തിന്റെയോ ഭാഗമായല്ല നടപടികൾ കൈക്കൊള്ളുന്നത്. മഹാഭൂരിപക്ഷ ദരിദ്രരും ന്യൂനപക്ഷ ധനികരും ഉള്ള രാജ്യമാണ് എന്ന പരിഗണന എവിടെയും കാണുന്നില്ല. അതുകൊണ്ടുതന്നെ ഉപഭോഗം കുറയുകയല്ല ചെയ്യുന്നത്, മഹാഭൂരിപക്ഷത്തിന് ബാധ്യതയാവുകയാണ് ചെയ്യുന്നത്. അവർ വീണ്ടും ദരിദ്രരാകുന്നു. അവരുടെ വരുമാനത്തിന്റെ നല്ലൊരുഭാഗം പെട്രോളിനായി ചെലവിടേണ്ട സാഹചര്യം ഉണ്ടാകുന്നു.

കാർഷിക സെസ് എന്ന തട്ടിപ്പ്

2021-22 ലെ ബജറ്റിൽ പെട്രോളിയം നികുതിയിൽ മൊത്തത്തിൽ വർധന ഉണ്ടാകില്ലെങ്കിലും പ്രത്യേക കാർഷികസെസ് കൊണ്ടുവന്നിരിക്കുന്നു. ശുദ്ധ തട്ടിപ്പ് എന്നല്ലാതെ എന്താണ് ഇതിനെ പറയുക? സെസ് ഏർപ്പെടുത്തിയിരിക്കുന്നത് കർഷകരെ സഹായിക്കാനാണ് എന്നാണ് പറയുന്നത്. യഥാർത്ഥത്തിൽ കർഷകരെപ്പോലുള്ള താഴ്ന്ന വരുമാനക്കാരിൽനിന്നുതന്നെയാണ് ഇതിനാവശ്യമായ വരുമാനം കണ്ടെത്തുന്നത് എന്ന യാഥാർത്ഥ്യം മറച്ചുവയ്ക്കുകയും ചർച്ച ചെയ്യപ്പെടാതെ പോവുകയുമാണ് ചെയ്യുന്നത്. മുമ്പ് സൂചിപ്പിച്ച കണക്കുകളിൽനിന്ന് കാര്യം വ്യക്തമാണ്. താഴ്ന്ന വരുമാനക്കാരുടെ വരുമാനത്തിന്റെ 25% പോകുന്നത് പെട്രോൾ വാങ്ങാനാണ്. അതിന്റെ ചെറിയൊരംശം മാത്രമാണ് അവർക്ക് തിരികെ നൽകുന്നത്.

ഒരു അവശ്യവസ്തുവിന്മേൽ 200% നികുതി ചുമത്തുന്ന ഏക രാജ്യം ഒരുപക്ഷെ ഇന്ത്യയായിരിക്കും. ഇക്കൂട്ടർ അധികാരത്തിലേറും മുൻപ് ക്രൂഡോയിലിന് വില കൂടുതലായിരുന്നിട്ടുകൂടി വില കുറയ്ക്കുമെന്ന് പറഞ്ഞവരാണ്.

നികുതി സർക്കാർ ചെലവുകൾക്ക് വരുമാനം കണ്ടെത്താനുള്ള കേവല മാർഗം മാത്രമല്ല. അത് ഒരു മെക്കാനിസമാണ്. ഉയർന്ന വരുമാനക്കാരിൽനിന്ന് ലക്ഷൂറിയസ് ഉൽപന്നങ്ങളിന്മേലും ഉയർന്ന നിരക്കിൽ നികുതി ചുമത്തി രാജ്യത്തെ സാമ്പത്തിക പിന്നാക്കാവസ്ഥയിൽ നിൽക്കുന്നവർക്ക് പുനർവിതരണം നടത്തി അവരെ മെച്ചപ്പെട്ട ജീവിതസാഹചര്യത്തിലേക്ക് കൊണ്ടുവരിക എന്നതുകൂടിയാണ് നികുതിയുടെ ലക്ഷ്യം. പക്ഷെ പെട്രോളിയം നികുതിയുടെ കാര്യത്തിൽ എന്താണ് സംഭവിക്കുന്നത്? ഇപ്പോൾ പാവപ്പെട്ടവരെ കൂടി ബാധിക്കുന്ന അവശ്യവസ്തുവായ പെട്രോൾ, ഡീസലിന്മേൽ ഉയർന്ന നികുതിഭാരം ചുമത്തി അതിൽനിന്ന് ചെറിയ ഒരംശം അവർക്കുതന്നെ തിരിച്ചുനൽകുക. ഇതിനെ കബളിപ്പിക്കലെന്നല്ലാതെ എന്തുപേരിട്ടാണ് വിളിക്കാൻ കഴിയുക? ഒരു അവശ്യവസ്തുവിന്മേൽ 200% നികുതി ചുമത്തുന്ന ഏക രാജ്യം ഒരുപക്ഷെ ഇന്ത്യയായിരിക്കും. ഇക്കൂട്ടർ അധികാരത്തിലേറും മുൻപ് ക്രൂഡോയിലിന് വില കൂടുതലായിരുന്നിട്ടുകൂടി വില കുറയ്ക്കുമെന്ന് പറഞ്ഞവരാണ്. നമ്മളെക്കാൾ സാമ്പത്തികമായി ദരിദ്രരാണ് അയൽരാജ്യക്കാർ. അവർ അവരുടെ പൗരന്മാരെ ഇത്തരത്തിൽ കൊള്ളചെയ്യാൻ ശ്രമിച്ചിട്ടില്ല. അവരുടെ 31.01.2021 ലെ ഇന്ത്യൻ രൂപയിലുള്ള പെട്രോൾ വില കാണുക:

പെട്രോൾ വില (31.01.2021, രൂപയിൽ)


പെട്രോൾ വില താരതമ്യം: 2014- 2020

കക്കൂസ് നിർമിക്കാനും റോഡ് നിർമിക്കാനുമാണ് ഭാരിച്ച നികുതി എന്നാണ് സർക്കാർ ഭാഷ്യം. പക്ഷെ പാവപ്പെട്ടവർക്ക് കക്കൂസ് നൽകുമ്പോൾ അവരിൽനിന്ന് നികുതി ഇനത്തിൽ പിരിച്ചെടുക്കുന്നത് കക്കൂസ് ചെലവിന്റെ എത്രയോ ഇരട്ടി തുകയാണ്. പുതിയ കാലത്ത് ദേശീയപാത വികസനത്തിൽ കേന്ദ്രസർക്കാർ പലപ്പോഴും 50:50 നയമാണ് കൈക്കൊള്ളുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന്റെ പകുതി തുക സംസ്ഥാന സർക്കാരുകൾ വഹിക്കണമെന്നാണ് നയം. മാത്രവുമല്ല ബി.ഒ.ടി വ്യവസ്ഥയിലാണ് റോഡുകൾ നിർമിക്കുന്നത്. അതിലൂടെ യാത്ര ചെയ്യണമെങ്കിൽ ദരിദ്ര-ധനിക ഭേദമെന്യേ എല്ലാവരും ടോൾ നൽകണം. ചുരുക്കത്തിൽ ജീവിക്കാൻവേണ്ടിയുള്ള ഇന്ത്യാരാജ്യത്തെ യാത്രകളും കടത്തും അമിതചൂഷണമേഖലയായിരിക്കുകയാണ്. സർക്കാർ തങ്ങളുടെ ഭൂരിപക്ഷ ജനതയ്ക്കുമേൽ അടിച്ചേല്പിച്ചിരിക്കുന്ന ചൂഷണോപാധിയായി മാറിയിരിക്കുകയാണ് ഇന്ത്യയിലെ പെട്രോളിന്റെയും ഡീസലിന്റെയും വില. ഒട്ടും അനുയോജ്യവും അനുകരണീയവുമല്ലാത്ത ഈ മാർഗത്തെ ചെറുത്തുതോല്പിക്കുക എന്നത് ഒരു ജനാധിപത്യപ്രവർത്തനം തന്നെയാണ്.▮


അഡ്വ. കെ.പി. രവിപ്രകാശ്​

എഴുത്തുകാരൻ, കേരള ശാസ്​ത്രസാഹിത്യ പരിഷത്ത്​ സംസ്​ഥാന സമിതി അംഗം. ഇന്ത്യൻ ഭരണഘടന: ചരിത്രം, സംസ്​കാരം, നൈതികത എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments