മലയാളിയുടെ അന്നമാകേണ്ട സഹകരണ ബാങ്കിംഗിന്
ദയാവധം വിധിക്കുന്ന ഭരണവർഗം

തുല്യത ലക്ഷ്യംവച്ച് സമ്പദ്ഘടനയിലടപെടുന്ന സഹകരണ പ്രസ്ഥാനത്തിന് ദയാവധം വിധിക്കുകയാണ് നിലനിൽക്കുന്ന കമ്പോള-ഉദ്ഗ്രഥിത സമ്പദ്ഘടനയെ മാറ്റിപ്പണിയാൻ ശ്രമിക്കാത്ത ഭരണവർഗ്ഗങ്ങൾ. കരുവന്നൂർ സഹകരണബാങ്കിൽ നടന്ന കൊള്ളയിലെ രാഷ്ട്രീയ പങ്കാളിത്തം അതാണ് കാണിക്കുന്നത്.

ലോക ജനസംഖ്യ 2023 ജൂണോടെ 800 കോടി കടന്നു. 100 കോടിയോളം വരുന്ന ജനങ്ങൾ; എന്നു പറഞ്ഞാൽ ലോക ജനസംഖ്യയുടെ 1/8 ഭാഗം സഹകാരികളായി പ്രവർത്തിച്ചുവരുന്നു എന്നതാണ് ഒരു കണക്ക്. മുതലാളിത്ത സമ്പദ്ഘടനയ്ക്ക് സമാന്തരമായി ഒരു സ്ഥാനം സഹകരണ പ്രസ്ഥാനങ്ങൾക്കുമുണ്ടെന്നത് ആശാവഹമാണ്. സഹകരണ പ്രസ്ഥാനം കേരളത്തിലും ഇന്ത്യയിലും ആരംഭിക്കുന്നത് കൃഷിക്കാരുടെയും സാധാരണക്കാരുടെയും ആദിവാസികൾ ഒഴികെയുള്ള പാവങ്ങളുടെയും അത്താണിയായിട്ടാണ്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്താൻ കഴിയുംവിധം സഹകരണമേഖല വളർന്നു. സർക്കാർ ബാങ്കുകൾ, പുത്തൻ തലമുറ ബാങ്കുകൾ എന്നിവ സാധാരണക്കാരിൽ നിന്ന് അന്യംനിന്നുകൊണ്ടിരിക്കുന്ന കാലത്ത് വായ്പകൾ നൽകുക, കാർഷികോപകരണങ്ങൾ, വളം, നിത്യോപയോഗ സാധനങ്ങൾ, കാർഷികോൽപ്പന്നങ്ങൾ തുടങ്ങിയവയുടെ വിതരണം നടത്തുക, ജനങ്ങൾക്കിടയിൽ സമ്പാദ്യശീലം വർദ്ധിപ്പിക്കുക തുടങ്ങി വിദ്യാഭ്യാസം, ആതുരസേവനം അടക്കം ഇന്ന് കേരളത്തിൽ എല്ലാ കാര്യങ്ങളിലും സഹകരണ പ്രസ്ഥാനം ഇടപെടുന്നു. കൃഷിയുടെയും ഗ്രാമീണ മേഖലയുടെയും പുരോഗതിയെ സഹായിക്കുക എന്ന സഹകരണ ബാങ്കുകളുടെ ദൗത്യമാണ്, ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വാണിജ്യ ബാങ്കുകളിൽ നിന്നും സഹകരണ ബാങ്കുകളെ വ്യത്യസ്തമാക്കിയത്.

പുത്തൻ പണക്കാരും ഭരണവർഗ്ഗങ്ങളും പാർട്ടിതണലിൽ നേട്ടം കൊയ്യാൻ തക്കം പാർത്തിരിക്കുന്ന കൗശലക്കാരും കൈകോർത്ത് വളർന്നുവന്ന ഒരു 'പൊളിറ്റിക്കൽ കാപ്പിറ്റലിസ'മാണ് സഹകരണ ബാങ്കിംഗിനെ കൊള്ള ചെയ്യുന്നത്.

സഹകരണ ബാങ്കുകൾ ഗ്രാമീണ ജനതയുടെ ആശാകേന്ദ്രമായിരുന്നു. ഏറെ പ്രതീക്ഷയോടെ ചെല്ലാവുന്ന ഒരടിം. പരിചയക്കാരും സുഹൃത്തുക്കളുമെല്ലാമായ ജീവനക്കാരുടെ അനുതാപത്തോടുകൂടിയ ഇടപെടൽ. നൂലാമാലകളില്ലാതെ ലഭിക്കുന്ന ധനസഹായം. ഇവയെല്ലാം തെല്ലൊന്നുമല്ല ഗ്രാമീണർക്ക് ആശ്വാസമായത്. വായ്പയായി സ്വീകരിച്ച പണം പ്രതിബദ്ധതയോടെ തിരിച്ചടച്ച്, സഹായിച്ച ബാങ്കിനെ കരുതലോടെ കാത്ത ഗ്രാമീണരും ഗ്രാമങ്ങളും ഇന്ന് ആശങ്കയിലാണ്. കമ്പോള ഉദ്ഗ്രഥിതമായ ഗ്രാമങ്ങൾ നഗരങ്ങളുടെതിന് തുല്ല്യമായ ചോദനകൾ കൊണ്ട് തലങ്ങും വിലങ്ങും ഓടുന്ന ആധുനികോത്തര മനുഷ്യരായി മാറിയിരിക്കുന്നു. പുത്തൻ പണക്കാരും ഭരണവർഗ്ഗങ്ങളും പാർട്ടിതണലിൽ നേട്ടം കൊയ്യാൻ തക്കം പാർത്തിരിക്കുന്ന കൗശലക്കാരും കൈകോർത്ത് വളർന്നുവന്ന ഒരു 'പൊളിറ്റിക്കൽ കാപ്പിറ്റലിസം', രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ജനതയെ കൊള്ള ചെയ്യുന്ന ഒരിടമാക്കി സഹകരണ ബാങ്കിംഗ് മേഖലയെ മാറ്റാൻ ശ്രമിക്കുന്നതിന്റെ ഭാഗമായുള്ള അഴിമതിക്കഥകളാണ് കരുവന്നൂരിൽനിന്നെല്ലാം പുറത്തുവരുന്നത്.

2021 ജൂലൈ ആറിന് അമിത് ഷായുടെ ചുമതലയിൽ കേന്ദ്ര സഹകരണവകുപ്പ് നിലവിൽ വന്നുകഴിഞ്ഞു. ദേശീയ സഹകരണ നയ രൂപീകരണത്തിനുള്ള ശ്രമവും തുടങ്ങി. എന്നാൽ ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം സ്റ്റേറ്റ് ലിസ്റ്റിലുള്ള സഹകരണ മേഖലയിലേക്കുള്ള കേന്ദ്രസർക്കാറിന്റെ കടന്നു കയറ്റമായി വേണം ഇതിനെ മനസ്സിലാക്കാൻ. 'ഒരു രാജ്യം ഒരു ഭാഷ ഒരു രജിസ്‌ട്രേഷൻ' നയമാണ് സഹകരണമേഖലയിൽ മോദി സർക്കാർ അടിച്ചേൽപ്പിക്കുന്നത്. മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ സഹകരണ മേഖലയിൽ നിന്നുള്ള വിഹിതം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്നതാണ് കേന്ദ്രസർക്കാർ ഭാഷ്യം. എന്നാൽ, അതിന്റെ ഭാഗമായുള്ള 'പരിഷ്‌കരണങ്ങൾ' സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റങ്ങളായിത്തന്നെ വേണം മനസ്സിലാക്കാൻ. ബഹു സംസ്ഥാന സഹകരണ നിയമഭേദഗതി അതിൽ അവസാനത്തേതാണ്. 2022-ൽ കൊണ്ടുവന്ന ഈ ഭേദഗതി പ്രകാരം ഏത് സഹകരണ സംഘത്തെയും ഭരണസമിതിയുടെ തീരുമാനം വാർഷിക പൊതുയോഗത്തിൽ ഭൂരിപക്ഷം ലഭിക്കുന്നതോടെ ബഹുസംസ്ഥാന സഹകരണ സംഘമാക്കി (Multi -State Cooperative Society) മാറ്റാം. സംസ്ഥാന സർക്കാറിന്റെ ഒരു അനുമതിയുമില്ലാതെ ഈ കേരളത്തിൽ അവർ ബഹുസംസ്ഥാന സഹകരണ സംഘങ്ങൾ രൂപീകരിക്കും. അപ്പോഴും ഫാഷിസത്തിന്റെ 'ലക്ഷണങ്ങൾ' ചെറിയ തോതിൽ മാത്രമുള്ള ഒരു സർക്കാരാണ് ഇന്ത്യ ഭരിക്കുന്നത് എന്നാണ് അവരുടെ 23-ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ചിരിക്കുന്ന പാർട്ടിപരിപാടിയിൽ പറയുന്നത്. ഫാഷിസ്റ്റുകൾക്ക് നിലവിലുള്ള നിയമങ്ങളിലൊന്നു പോലും ബാധകമല്ലെന്നുള്ളത് ഏതൊരു രാഷ്ട്രീയ വിദ്യാർത്ഥിക്കും പകൽപോലെ വ്യക്തവുമാണല്ലൊ.

കെ.പി.സി. സി ജനറൽ സെക്രട്ടറി പദത്തിലിരിക്കുകയായിരുന്ന കെ.കെ. അബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു വയനാട്ടിൽ പുൽപ്പള്ളി ബാങ്ക് കൊള്ള. അവിടെ ഇ.ഡി. അന്വേഷണം വന്നപ്പോൾ ദേശാഭിമാനി എഴുതിയത് കള്ളപ്പണ നിരോധന നിയമ പ്രകാരമാണ് അന്വേഷണം എന്നായിരുന്നു.

കൊള്ളയിലെ
രാഷ്ട്രീയ പങ്കാളിത്തം

കേരളത്തിലെ 75% സഹകരണ ബാങ്കുകളും നിയന്ത്രിക്കുന്നത് സി.പി.എമ്മാണ്. സഹകരണ മേഖലയിൽ 16,256 സഹകരണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 2.5 ലക്ഷം കോടിയുടെ നിക്ഷേപവും 1.86 ലക്ഷം കോടിയുടെ വായ്പയുമാണുള്ളത്. പ്രാഥമിക സഹകരണ സംഘങ്ങളിൽ മാത്രമായിത്തന്നെ 80,000 കോടി രൂപ നിക്ഷേപവും 71,000 കോടി രൂപ വായ്പയുമുണ്ട്. ഗ്രാമീണ ജനസംഖ്യയിൽ 60% വും സഹകരണ പ്രസ്ഥാനങ്ങളിൽ അംഗങ്ങളായവരാണ്. രാഷ്ട്രീയ പാർട്ടികളാണ് ഭരണസാരഥ്യം കയ്യാളുന്നത് എന്ന കാരണം കൊണ്ടു തന്നെ ഓരോ ഭരണവർഗ്ഗ പാർട്ടികളിലെയും അതാതിടങ്ങളിലെ മെമ്പർമാർക്ക് സഹകരണ പ്രസ്ഥാനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന വികസന പ്രവർത്തനങ്ങളിൽ പേരിനെങ്കിലുമുള്ള പങ്കാളിത്തമുണ്ടെന്ന് പറയാം. പാർട്ടിക്കാരായ ആളുകളെ മാത്രമെ ജീവനക്കാരായി നിയമിക്കുകയുള്ളൂ. കുടുംബത്തിലെ ഒരാൾക്ക് ജോലി എന്ന വിധത്തിൽ രാഷ്ട്രീയം തൊട്ടു തീണ്ടിയിട്ടില്ലാത്തവരും സംഘടനാപരമായി സി.പി.എമ്മാണ് എന്ന് പറയുന്നതാണ് ഈ പാർട്ടിയുടെ അടിത്തറ. അതുകൊണ്ടു തന്നെ സഹകരണ മേഖലയിലെ കടന്നുകയറ്റത്തെ പ്രതിരോധിക്കേണ്ടത് പ്രാഥമിക ഉത്തരവാദിത്തമായി സി.പി.എം ഏറ്റെടുക്കുന്നു. ഇവിടെയാണ്. സി.പി.എം എന്ന പാർട്ടി ആപ്പിലായിരിക്കുന്നത്. അവരുടെ വാദത്തിൽ കഴമ്പുണ്ടെങ്കിലും ഇ.ഡി. കേന്ദ്രസർക്കാറിന്റെ സ്വാധീനത്തിലാണ് പ്രവർത്തിക്കുന്നതെങ്കിലും ഇ.ഡി യെ പ്രതിരോധിക്കാൻ കച്ചകെട്ടിയിറങ്ങുന്ന സെക്രട്ടറിയും നേതാക്കളും പാർട്ടിയുടെ ഭാഗത്ത് നിന്നും, മുഖ്യമന്ത്രിയും സഹകരണ വകുപ്പ് മന്ത്രിയും സർക്കാറിന്റെ ഭാഗത്ത് നിന്നും സഹകരണപ്രസ്ഥാനത്തെ രക്ഷിക്കാനെന്ന പേരിൽ നടത്തുന്ന, നടത്തേണ്ടുന്ന പ്രതിരോധ സന്നാഹങ്ങളെല്ലാം തന്നെ അഴിമതിക്കാരെ സഹായിക്കാനെന്ന വിധത്തിൽ സ്വാഭാവികവും യാഥാർത്ഥ്യവുമായ ഒരു കാര്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ സി.പി.എം നിൽക്കുന്നത് പ്രതിക്കൂട്ടിലാണ്.

കരുവന്നൂർ സഹകരണ ബാങ്കിലെ കൊള്ളയുമായി ബന്ധപ്പെട്ട വിഷയം എടുക്കാം. 50 സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് അതുവഴി 100 കോടി രൂപ കണ്ടെത്താനുള്ള നീക്കം വിജയം കണ്ടില്ല. സമാഹരിക്കപ്പടുന്ന 100 കോടിക്ക് സർക്കാർ ഗ്യാരണ്ടി നിരസിക്കപ്പെട്ടതോടെയാണ് ഈ ശ്രമം വിഫലമായത്. സി.പി.എമ്മിന്റെ ഭരണസമിതി, സി.പി.എം നേതൃത്വം കൊടുക്കുന്ന സർക്കാർ. പക്ഷെ സർക്കാർ ഗ്യാരണ്ടി നൽകിയില്ല. ബാങ്കിന്റെ ധനകാര്യ സ്ഥിതിയിലോ, ഭാവി പ്രവർത്തനത്തിലോ തരിമ്പും വിശ്വാസമില്ലാത്തതുകൊണ്ടാണ് സർക്കാർ ഗ്യാരണ്ടി നൽകാതിരുന്നത് എന്ന് മനസ്സിലാക്കാൻ യാതൊരു വിശകലനത്തിന്റെയും ആവശ്യമില്ല. 2014-15 മുതലുള്ള സഹകരണ വകുപ്പിന്റെ ഓഡിറ്റിംഗിൽ ക്രമക്കേട് കണ്ടെത്തിയിട്ടും ഒന്നും സംഭവിച്ചില്ല. 2017-18 ൽ അനുവദനീയമായതിൽ കൂടുതൽ വായ്പ കണ്ടെത്തി. തുടർന്നുള്ള വർഷങ്ങളിലും ക്രമക്കേട് കണ്ടെത്തി. ഒന്നും സംഭവിച്ചില്ല. പകരം അനഭിലഷണീയങ്ങളായ പലതും നടന്നു. സഹകരണ റജിസ്ട്രാർ ഓഫീസ് സി.പി.എം ജില്ലാ കമ്മിറ്റിയുടെ ഇംഗിതത്തിന് വഴങ്ങി മൗനമാചരിച്ചു. സർക്കാർ 16 ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്തു. കരുവന്നൂർ സഹകരണ ബാങ്ക് കൊള്ള ചെയ്ത കേസിൽ സി.പി.എം ജില്ലാ നേതൃത്വത്തിന് പങ്കുള്ളതായി ഇതുവരെ പുറത്തുവന്ന വിവരങ്ങൾ കാണിക്കുന്നു. അന്നത്തെ സഹകരണ മന്ത്രിയടക്കമുള്ളവർക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നതായും ആരോപണമുയരുന്നു. അപ്പോഴും നിയമസഭാ രേഖകളിൽ സജി ചെറിയാന്റെ പ്രസംഗം (21.01.2021) പൊതുസമൂഹത്തെ നോക്കി പല്ലിളിച്ച് കൊണ്ടിരിക്കും. അതിപ്രകാരമാണ്: "എൽ.ഡി.എഫ് ഗവൺമെന്റ് അധികാരത്തിൽ വന്ന എല്ലാ ഘട്ടങ്ങളിലും കേരളത്തിലെ സഹകരണ മേഖല വളർച്ചയുടെ വർണ്ണാഭമായ കാലഘട്ടങ്ങളിലായിരുന്നു. കഴിഞ്ഞ അഞ്ച് വർഷം സഹകരണ മേഖല ജനകീയവും സഹകാരികൾക്ക് മാത്രമല്ല, കേരള സമൂഹത്തിനാകെ സമഗ്രവികസനം എന്ന കാഴ്ച്ചപ്പാട് ഉയർത്തിപ്പിടിച്ചു."

5400 പേരിൽ നിന്ന് സ്ഥിരനിക്ഷേപമായി സ്വീകരിച്ച 300 കോടി രൂപയാണ് കരുവന്നൂർ ബാങ്ക് തിരിച്ചു കൊടുക്കാനുള്ളത്. കാലാവധി പൂർത്തിയായ 150 കോടി ഉൾപ്പെടെയാണിത്രയും തുക. നിക്ഷേപകരിൽ 90% വും സ്ഥിരനിക്ഷേപക്കാരാണ്.
നവംബര്‍ ഒന്നുമുതല്‍ നിക്ഷേപങ്ങള്‍ തിരികെ നല്‍കാന്‍ കരുവന്നൂര്‍ ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഇപ്പോള്‍ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ്. കാലാവധി പൂര്‍ത്തിയായ സ്ഥിരനിക്ഷേപങ്ങള്‍ ഘട്ടങ്ങളായി തിരിച്ചുകൊടുക്കും. സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് 50,000 രൂപ വരെ നിബന്ധനകളോടെ പിന്‍വലിക്കാം. നവംബര്‍ ഒന്നുമുതല്‍ 50,000 രൂപക്കുമേല്‍ ഒരു ലക്ഷം വരെ കാലാവധി പൂര്‍ത്തീകരിച്ച നിക്ഷേപകര്‍ക്ക് നിക്ഷേപം പൂര്‍ണമായി പിന്‍വലിക്കാനും പുതുക്കാനും കഴിയും. ആകെയുള്ള 23,688 സേവിങ്‌സ് ബാങ്ക് നിക്ഷേപകരില്‍ 21,190 പേര്‍ക്ക് പൂര്‍ണമായും തുക പിന്‍വലിക്കാനും ബാക്കി 2448 പേര്‍ക്ക് ഭാഗികമായി തുക പിന്‍വലിക്കാനും കഴിയുമെന്നാണ് പാക്കേജ് പറയുന്നത്.

ഇത്തരം ‘ആശ്വാസ നടപടി’കൾക്ക് ഒരു വലിയ കൊള്ളയെ മറച്ചുപിടിക്കാനാകുമോ? സഹകരണ മേഖലയെ തകർക്കാൻ നോട്ടുനിരോധനം മുതലുള്ള കേന്ദ്രനടപടികളുടെ തുടർച്ചയാണിതെന്ന ആരോപണങ്ങളുടെ ആവർത്തനമല്ലാതെ 300 കോടിയുടെ തട്ടിപ്പിലും, കള്ളപ്പണം വെളുപ്പിക്കുന്നു എന്ന ആരോപണത്തിലും വിശ്വാസയോഗ്യമായ നടപടിയെടുക്കാൻ സർക്കാരിന് സാധിച്ചില്ല. മാത്രമല്ല സമാനമായ തട്ടിപ്പുകൾ തൃശൂർ സഹകരണ ബാങ്ക്, അയ്യന്തോൾ സഹകരണ ബാങ്ക് എന്നിവിടങ്ങളിലും ഉണ്ടായതായി ആരോപണമുയർന്നു.

നെറികെട്ട രാഷ്ട്രീയ നേതൃത്വം അരയും തലയും മുറുക്കി, ലോൺ മാഫിയകളുടെ രൂപത്തിൽ രംഗത്തിറങ്ങിയിരിക്കുയാണ്. കെ.പി.സി. സി ജനറൽ സെക്രട്ടറി പദത്തിലിരിക്കുകയായിരുന്ന കെ.കെ. അബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു വയനാട്ടിൽ പുൽപ്പള്ളി ബാങ്ക് കൊള്ള. അവിടെ ഇ.ഡി. അന്വേഷണം വന്നപ്പോൾ ദേശാഭിമാനി എഴുതിയത് കള്ളപ്പണ നിരോധന നിയമ പ്രകാരമാണ് അന്വേഷണം എന്നായിരുന്നു.
കരുവന്നൂരിൽ 2019 ആഗസ്റ്റ് 31 ന് ജോയിന്റ് റജിസ്ട്രാർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത് വൻതോതിലുള്ള പണാപഹരണം, സോഫ്റ്റ് വെയർ കൃത്രിമം, വ്യാജരേഖയുണ്ടാക്കൽ, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ട് എന്നാണ്. 2014 മുതൽ 2016 വരെ ക്രമക്കേട് നടന്നു. മുൻ സെക്രട്ടറിയും ഭരണസമിതിയും ബാങ്ക് ജീവനക്കാരും ചേർന്ന് വ്യാജരേഖയുണ്ടാക്കി ലോൺ പാസ്സാക്കി എടുത്ത പണം റിയൽ എസ്റ്റേറ്റ്, ഹോട്ടൽ വ്യവസായം എന്നിവയിൽ നിക്ഷേപിച്ചതായും തെളിവ് ലഭിച്ചു.

ബ്ലാങ്ക് മിനിറ്റ്സ് എന്ന
ക്രൂരഫലിതം

അഞ്ചു ലക്ഷത്തിനു മുകളിലുള്ള ഒരു വായ്പയുടെയും കടലാസുകൾ നേരിൽ കണ്ടിട്ടില്ല. കൂടുതലുള്ള വായ്പകളെല്ലാം പ്രസിഡണ്ട് നേരിട്ട് രഹസ്യമായാണ് ചെയ്തിട്ടുള്ളത്. പിന്നീട് അവ മിനിറ്റ്സിൽ എഴുതിച്ചേർക്കുക എന്ന എളുപ്പവഴിയിൽ ക്രിയ ചെയ്യുന്ന രീതിയാണ് പ്രസിഡണ്ട് സ്വീകരിച്ചത്. ഇത്തരം ക്രിയകൾക്കുള്ള സ്ഥലം ഒഴിവാക്കി തയാറാക്കുന്ന ഒരു ബ്ലാങ്ക് മിനിറ്റ്സിലാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകർ എന്നറിയപ്പെടുന്ന ഇവരെല്ലാം ഒപ്പിട്ടതും ഒപ്പിടീച്ചതും എന്നു കൂടി അറിയണം. ഡയറക്ടർ ബോർഡിലുണ്ടായിരുന്ന മൂന്ന് സി.പി.ഐ പ്രതിനിധികൾക്ക് 8.5 കോടി രൂപയുടെ റവന്യൂ റിക്കവറി നോട്ടീസാണ് വന്നിരിക്കുന്നത്. തട്ടിപ്പിൽ ക്രൈംബ്രാഞ്ച് പ്രതി ചേർത്ത വി.കെ. ലളിതൻ 10 കോടി രൂപയുടെ ജപ്തി ബാധ്യതയാണ് നേരിടുന്നത്. ഒരേ ആധാരം ഉപയോഗിച്ച് ഒന്നിലധികം വായ്പകൾ അനുവദിച്ച സംഭവങ്ങൾ നിരവധി. 23 ലക്ഷം രൂപ വായ്പ തിരിച്ചടക്കാതെ വന്നപ്പോൾ ജപ്തി ചെയ്ത ഭൂമിയുടെ ആധാരത്തിന്റെ കോപ്പി ഉപയോഗിച്ച് 1.85 കോടി തരപ്പെടുത്തുന്നു. കെ.എസ്.എഫ്.ഇ യിലുണ്ടായിരുന്ന ബാദ്ധ്യതയുടെ പേരിൽ നടന്ന ജപ്തിയുടെ ഭാഗമായി നടന്ന പോക്കുവരവിന്റെ അതേദിവസം ബാങ്ക് പാസാക്കുന്നു- 50 ലക്ഷം വച്ച് 5 പേർക്ക് ലോൺ. ഒരു രേഖയും ഈടായി നൽകാതെ, പാസ്ബുക്കോ അംഗത്വമോ ഇല്ലാത്തവർക്ക് 50 ലക്ഷവും പലിശയും തിരിച്ചടക്കാൻ നോട്ടീസ്. വായ്പക്ക് അപേക്ഷ നൽകാത്ത അഞ്ചു പേർക്ക് 50 ലക്ഷം രൂപ അനുവദിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ശിവരാമൻ, അരവിന്ദാക്ഷൻ, രമണി, നിഷ, ശ്രീദീപ് എന്നീ പേരുകൾ ലെഡ്ജറിലുണ്ടെങ്കിലും ഇവരുടെ വായ്പക്കുള്ള അപേക്ഷയോ മറ്റു രേഖകളോ ഇല്ല. കിട്ടാക്കടങ്ങളിൽ ഭൂരിഭാഗവും ബിനാമി പേരുകളിൽ. ജീവനക്കാരും ഭരണസമിതിയുടെ ഇഷ്ടക്കാരും ബിനാമി പേരുകളിൽ വായ്പ സ്വന്തമാക്കി.

സഹകരണമേഖലയുടെ പ്രസക്തി

ഒരു ഗ്രാമത്തിനകത്ത് നടക്കുന്ന ക്രയവിക്രയങ്ങളുടെ (ഓൺലൈൻ ഒഴികെ) പണമൂല്യം ഗ്രാമത്തിനകത്തെ ചെറു സമ്പദ് ഘടനയിൽ - കൃഷി, ചെറുകിട കച്ചവടം, ചെറുകിട വ്യവസായം - കറങ്ങിത്തിരിഞ്ഞ് വർദ്ധിത മൂല്ല്യമായി നാടിനെ സംരക്ഷിക്കുന്ന അവസ്ഥയിൽ നിന്ന് സഹകരണ മേഖലയുടെ തകർച്ചിടയാക്കുന്ന കാഴ്ച്ചയാണ് കരുവന്നൂർ ബാങ്ക് കൊള്ളയിലൂടെ കാണാൻ സാധിക്കുന്നത്.

പഴയ കണക്കനുസരിച്ച് ഇന്ത്യൻ കോർപ്പറേറ്റുകളുടെ പ്രവർത്തന മൂലധനത്തിന്റെ 70% വും സർക്കാർ ബാങ്കുകളിൽ നിന്നുള്ള വായ്പകളായിരുന്നു. കാലികമായി മറ്റൊരു കണക്ക് കാണിക്കുന്നത് സഹകരണ ബാങ്കുകളല്ലാതെയുള്ള സർക്കാർ ബാങ്കുകളും പുത്തൻ തലമുറ ബാങ്കുകളും അവരുടെ വായ്പയുടെ 60% വും നൽകുന്നത് കോർപ്പറേറ്റുകൾക്കാണ് എന്നാണ്. നോൺ പെർഫോർമിംഗ് അസെറ്റ്സ് എന്ന് അക്കൗണ്ടിംഗ് ഭാഷയിൽ പറയുന്ന നിരവധി ലക്ഷം കോടി വരുന്ന കിട്ടാക്കടങ്ങൾ കൂടി ചേർത്തുവച്ചാൽ ശതമാനക്കണക്ക് ഇനിയും കൂടാനേ സാദ്ധ്യതയുള്ളൂ. ഇതിന് സമാന്തരമായി ഒരു ഫെഡറൽ സംവിധാനത്തിനകത്ത് ജനങ്ങളുമായി അടുത്തിടപഴകി അവരുടെ ജീവിത സൗഭാഗ്യങ്ങളിലും സാമ്പത്തിക ഞെരുക്കങ്ങളിലും ക്രിയാത്മകമായി ഇടപെടാൻ കരുത്തുറ്റ സംവിധാനം തന്നെയാണ് സഹകരണ ബാങ്കിംഗ് മേഖല. കേരളം ഇന്നെത്തി നിൽക്കുന്ന അതിന്റെ ജീവിതനിലവാരത്തിനുപിന്നിൽ 1940- കൾ മുതലാരംഭിച്ച വിദേശ കുടിയേറ്റത്തിന്റെ ചരിത്രമുണ്ട്. വസ്തുനിഷ്ഠമായ നിരവധി വിമർശനങ്ങൾക്കിടയിലും കേരളത്തിൽ നടപ്പായ ഭൂപരിഷ്കരണവും അതിന്റെ പങ്ക് വഹിച്ചിട്ടുണ്ട്. കോളനികളിലേക്ക് ആട്ടിപ്പായിക്കപ്പെട്ട ദലിത്-ആദിവാസി ജീവിതങ്ങളുടെ കണ്ണീർക്കഥകൾ യാഥാർത്ഥ്യമായി നിലനിൽക്കുമ്പോഴും കേരളീയ ജീവിത നിലവാരത്തെ ഉയർത്തുന്നതിൽ ഭൂപരിഷ്കരണത്തിന് ഒരു പങ്കുണ്ട്. രാഷ്ട്രീയ ഇച്ഛാശക്തിയുള്ള ഏതൊരു സർക്കാറിനും വിദേശ നിയമവിരുദ്ധ തോട്ടം മാഫിയകൾ കയ്യടക്കി വച്ച 5,25,000 ഏക്കർ ഭൂമി നിയമനിർമ്മാണത്തിലൂടെ പിടിച്ചെടുക്കുകയും കൃഷിവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, സഹകരണ ബാങ്കിംഗ് മേഖല എന്നിവ ഉൾപ്പെടുന്ന ശക്തമായ 'ട്രൈപോഡി'ന്റെ സഹായത്തോടെ, ഒരു 'റമിറ്റൻസ് ഇക്കോണമി' എന്ന് വിളിക്കുന്ന ലോട്ടറിയുടെയും, ബീവറേജസ് കോർപറേഷന്റെയും പ്രവാസി ഇന്ത്യക്കാരുടെയും സഹായത്തോടെ എഴുന്നേറ്റ് നിന്ന ഒരു സമ്പദ്ഘടനയെ കാർഷിക സംസ്കൃതിയിലടിസ്ഥാനമാക്കി പറന്നുയരാൻ കെൽപ്പുള്ള സംസ്കാരസമ്പന്നമായ ഒരു സമ്പദ്‌ഘടനയായി കേരളത്തെ മാറ്റുവാനുമുള്ള അവസരം തിരഞ്ഞെടുക്കപ്പെടുന്ന ഏതൊരു സർക്കാറിനുമുണ്ട്. പ്രതീക്ഷാനിർഭരമായ ഒരു ഭാവിയിലേക്ക് നമ്മുടെ സംസ്ഥാനത്തെ നയിക്കാൻ സർക്കാറിനെ പ്രാപ്തമാക്കുന്ന സുശക്തമായ ഒരു ഘടകമായിരുന്നു സഹകരണ ബാങ്കിംഗ്‌ മേഖല എന്ന് പറയാതെ വയ്യ.

എന്താണ് തടസ്സം?

ഇന്ത്യയിൽ ഭരണഘടനാപരമായി നടക്കുന്ന തിരഞ്ഞെടുപ്പുകളിലൂടെ സാങ്കേതികമായി അധികാരത്തിൽ വരുന്ന ജനാധിപത്യ സർക്കാരുകൾ ഒരു ചരിത്രഘട്ടത്തിലും, പൂർണമായ അർഥത്തിൽ ജനകീയ സർക്കാരുകളാണെന്ന് തെളിയിക്കുന്ന ഉദാഹരണങ്ങൾ ഭരണനിർവ്വഹണത്തിന്റെ കാര്യത്തിൽ അവശേഷിപ്പിക്കാറില്ല. ചില ലക്ഷണങ്ങൾ തുടർച്ചയില്ലാതൊടുങ്ങുകയും മർദ്ദിതർ രക്ഷകരില്ലാതെ അരികുവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്തു. തുല്ല്യത ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു സമൂഹമായി (Egalitarian Society) നാടിനെ സവിശേഷമായ രീതിയിൽ നയിക്കുന്ന രാഷ്ട്രീയ നേതൃത്വമോ ജനകീയ സംസ്കാരമോ ഇന്ന് നിലനിൽക്കുന്നില്ല. അതുകൊണ്ടുതന്നെ പാവപ്പെട്ടവരുടെതെന്നോ ഇടത്തരക്കാരുടെതെന്നോ സമ്പന്നരുടെതെന്നോ വ്യത്യാസമില്ലാതെ അവരുടെ അദ്ധ്വാനത്തിന്റെ പണമൂല്യം സമാഹരിക്കുകയും തുല്യത ലക്ഷ്യംവച്ച് സമ്പദ്ഘടനയിലിടപെടുകയും ചെയ്യുന്ന സഹകരണ പ്രസ്ഥാനത്തിന് ദയാവധം വിധിക്കുകയാണ് നിലനിൽക്കുന്ന കമ്പോള-ഉദ്ഗ്രഥിത സമ്പദ്ഘടനയെ മാറ്റിപ്പണിയാൻ ശ്രമിക്കാത്ത ഭരണവർഗ്ഗങ്ങൾ.

Comments