മിശ്ര സമ്പദ് വ്യവസ്ഥയിൽ നിന്നും കമ്പോള സമ്പദ് ഘടനയിലേക്ക്, മൻമോഹൻെറ സാമ്പത്തിക നയങ്ങൾ

അതുവരെ കാണാത്ത പുത്തൻ നയങ്ങൾ പരിചയപ്പെടുത്തുകയും 2008-ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് ഇന്ത്യയെ സംരക്ഷിക്കുകയും ചെയ്ത മൻമോഹൻ സിങ്ങെന്ന ധനതത്വ ശാസ്ത്രജ്ഞനോട് ചരിത്രം നീതി പുലർത്തുക തന്നെ ചെയ്യും. ഒരു ബിംബമല്ലാത്തതിനാൽ അദ്ദേഹത്തിന്റെ നയങ്ങൾ ഇനിയും പഠിക്കപ്പെടുകയും പരിശോധിക്കപെടുകയും ചെയ്യും. ഡോ. ഗോഡ്‌വിൻ എസ്.കെ, ജിജിത കെ.ജെ എന്നിവർ എഴുതുന്നു…

ഉദാരവൽക്കരണത്തിലൂടെ രാഷ്ട്രത്തിന്റെ സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തിയ നേതാവെന്ന നിലയിൽ മൻമോഹൻ സിങ്ങിനെ ഒരു കൂട്ടം സാമ്പത്തിക ശാസ്ത്രജ്ഞർ ഉയർത്തിക്കാട്ടുമ്പോൾ മറുഭാഗത്ത് ഇന്ത്യയിലെ അസമത്വത്തിനും ദരിദ്ര ജനവിഭാഗങ്ങൾക്ക് ദോഷകരമായ സാമ്പത്തിക നയങ്ങൾ തുടങ്ങിയ വ്യക്തി എന്ന നിലയിലും കടുത്ത വിമർശനങ്ങൾ നേരിടുന്നുണ്ട്. യഥാർത്ഥത്തിൽ നവലിബറൽ സാമ്പത്തിക പ്രത്യയശാസ്ത്രത്തിന്റെ സമകാലിക ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രചാരകനായിരുന്നു അദ്ദേഹം. നവലിബറൽ നയങ്ങളായ കമ്പോളത്തിന്റെ അപ്രമാദിത്വം, കമ്പോള വിലയ്ക്ക് വിഭവങ്ങൾ വിതരണം ചെയ്യാനുള്ള ശേഷി, കമ്പോള ഇതര സ്ഥാപനങ്ങളുടെ ആത്യന്തികമായ പരാജയം, സ്വതന്ത്ര അന്തർദേശീയ വ്യാപാരത്തിന് രാജ്യങ്ങളെ പുരോഗതിയിലേക്കു നയിക്കാനുള്ള കഴിവ്, പൊതു മൂലധനം സ്വകാര്യ മൂലധനത്തിന് വെല്ലുവിളിയാകുന്നുവെന്ന തോന്നൽ, എന്നിവയൊക്കെ നവലിബറൽ സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന ശിലകളാണ്.

മൻമോഹൻ സിങ്ങെന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ ധനമന്ത്രിയെന്ന രാഷ്ട്രീയ പദവിയിൽ എത്തിയപ്പോൾ സംഭവിച്ചത് നെഹ്രുവിയൻ മിശ്രിത സമ്പദ് വ്യവസ്ഥയിൽ (Mixed Economy) നിന്നും ഇന്ത്യയെ ഔദ്യോഗികമായി കമ്പോള വ്യവസ്ഥയിലേക്ക് ചുവടുമാറ്റുകയായിരുന്നു. നെഹ്രുവിയൻ സമ്പദ് വ്യവസ്ഥ സാമ്പത്തിക വികസനത്തിന്റെ ചാലക ശക്തിയായി സ്റ്റേറ്റിനെ കാണുമ്പോൾ മൻമോഹൻ സിങ് ആ സ്ഥാനത്ത് കമ്പോളത്തെ പ്രതിഷ്ഠിക്കുകയാണ് ചെയ്തത്. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ സർവ്വവ്യാപിയായ സ്റ്റേറ്റ് എന്ന സങ്കൽപത്തിൽ നിന്നും മിനിമലിസ്റ് സ്റ്റേറ്റ് എന്ന ആശയത്തിലൂടെ പൊതുഭരണത്തെ നയിക്കുക എന്ന വിപ്ലവകരമായ ചുവടുമാറ്റമാണ് മൻമോഹൻ നടത്തിയത്. പൊതുവെ ചിത്രീകരിക്കുന്നത് പോലെ മൻമോഹൻ  സിങ് ഒരു ദുർബലനായ വ്യക്തിത്വമല്ല, മറിച്ച് താൻ വിശ്വസിക്കുന്ന ആശയങ്ങളിൽ കൃത്യതയും ബോധ്യവുമുള്ളതിനാൽ ആ നയങ്ങളെ മുറുകെ പിടിക്കുന്നതിൽ അദ്ദേഹം ഒരു വിട്ടുവീഴ്ചയും വരുത്തിയിരുന്നില്ല. തൊണ്ണൂറുകളിൽ കടുത്ത എതിർപ്പുകളെ മറികടന്ന് ഉദാരവത്കരണ നയം അവതരിപ്പിച്ചതും പ്രധാനമന്ത്രിയായ ശേഷം വ്യത്യസ്ത പ്ര്യത്യയശാസ്ത്രം പിന്തുടരുന്ന രാഷ്ട്രീയ കക്ഷികളുടെ മുന്നണിക്ക് നേതൃത്വം കൊടുത്തതും സ്വന്തം സർക്കാരിന്റെ നിലനിൽപ്പ് പോലും അപകടപ്പെടുത്തുന്ന ഇന്ത്യാ- അമേരിക്ക ആണവകരാർ നടപ്പിലാക്കാൻ കാണിച്ച ദൃഢനിശ്ചയമൊക്കെ അതിൻെറ മകുടോദാഹരണങ്ങളാണ്.

ഇന്ത്യ ഇന്നോളം കണ്ട പ്രധാനമന്ത്രിമാരിൽ ഏറ്റവും സത്യസന്ധനായ ഭരണകർത്താവ് എന്ന വിശേഷണം മൻമോഹന് ഇണങ്ങുന്നതാവും. രാഷ്ട്രീയപരമായ വിയോജിപ്പുകളും പിടിവലികളുമൊക്കെ ഉണ്ടായെങ്കിലും അവയൊക്കെ തരണം ചെയ്യാൻ ശേഷിയുള്ള വ്യക്തി പ്രഭാവം അദ്ദേഹത്തെ എല്ലാവർക്കും സ്വീകാര്യനാക്കിയിരുന്നു. അദ്ദേഹത്തിൻെറ ആശയങ്ങൾ ആ കാലഘട്ടത്തിന്റെ ആവശ്യമായിരുന്നുവെകിലും അവയുടെ ദീർഘകാല പരിണാമങ്ങൾ ജനാധിപത്യത്തെയും സാമൂഹിക-സാമ്പത്തിക സമത്വത്തെയും പ്രതികൂലമായി ബാധിച്ചുവെന്ന വാദം നിരാകരിക്കാനാവില്ല. ഉദാരവത്കരണ നയങ്ങൾ ഇന്ത്യയുടെ ധന വിതരണത്തിലുള്ള അസന്തുലിതാവസ്ഥ കൂടുതൽ വഷളാക്കി. ഇത് സമ്പത്ത് ഒരു വിഭാഗം ജനങ്ങളിൽ മാത്രം കേന്ദ്രീകരിക്കുന്നതിനു കാരണമായി. സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫലമായി ഒരു മധ്യവർഗം ഉയർന്നു വന്നെങ്കിലും, അതിൽ വലിയൊരു വിഭാഗം 2014-ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ നിലകൊണ്ടതും ഉദാരവത്കരണത്തിന്റെ ഫലമായിരുന്നു.

ഭരണത്തിലെത്തുമ്പോൾ രാഷ്ട്രീയ കക്ഷികൾ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കാറുണ്ടെങ്കിലും പൊതുതെരഞ്ഞെടുപ്പ് സമയത്ത് അവർ പലതും തള്ളിപ്പറയാറുണ്ട്. സ്വകാര്യവൽക്കരണ നയങ്ങളെ വലിയരീതിയിൽ പിന്തുണച്ചിട്ടുള്ള കക്ഷികൾക്ക് തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട ചരിത്രമുണ്ട്. ജനകീയ പ്രശ്നങ്ങളായ തൊഴില്ലായ്മ, ദാരിദ്ര്യം, ആരോഗ്യ വിദ്യാഭ്യാസ സംവിധാനങ്ങളുടെ അപര്യാപ്തത, പൊതുസേവനങ്ങളുടെ നിലവാര തകർച്ച എന്നിവയെല്ലാം ഉദാരവത്കരണ നയങ്ങൾക്ക് പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങളായി നില നിൽക്കുന്നു. മറ്റൊരർത്ഥത്തിൽ, സാമ്പത്തിക പരിഷ്കരണത്തെ എതിർക്കുന്നവരുടെ എണ്ണം അനുകൂലിക്കുന്നവരേക്കാൾ കൂടുതലാണ്. ഉദാരവത്കരണ നയങ്ങൾ കാർഷിക മേഖലയിൽ നിന്നും വ്യവസായ മേഖലയ്ക്ക് പ്രാധാന്യം കൊടുത്തപ്പോൾ കർഷകർ കടബാധ്യതയിലാവുകയും ചെറുകിട കർഷകർ ദരിദ്രരാവുകയും ചെയ്തു. ചെറുകിട- ഇടത്തരം വ്യവസായങ്ങൾ അന്താരാഷ്ട്ര കമ്പനികളുടെ കുത്തക മത്സരത്തിന്റെ ഭാഗമായി തകരുകയും തൊഴിലില്ലായ്മ രൂക്ഷമാവുകയും ചെയ്തു.

1980-കളിൽ, ദേശീയ വരുമാനത്തിൽ ജനസംഖ്യയിലെ ഏറ്റവും ഉയർന്ന ധനികരുടെ പങ്ക് 6 ശതമാനം ആയിരുന്നത്, ഇന്ന് 22 ശതമാനമായി ഉയർന്നിരിക്കുന്നു. 1990-ൽ ഇന്ത്യയിലെ ആദ്യ 10 ശതമാനം ധനികർ കൈവശപ്പെടുത്തിയിരുന്ന സ്വത്ത് 34.4 ശതമാനം ആയിരുന്നെകിൽ 2018-ൽ ഇത് 58.9 ശതമാനമായി വർധിച്ചു. 1990-ലെ മാനവ വികസന സൂചികയിൽ 116ാമത് സ്ഥാനത്ത് നിലനിന്നിരുന്ന ഇന്ത്യ ഇന്ന് ഉദാരവത്കരണ നയം അവതരിപ്പിച്ച് മൂന്നു ദശാബ്ദങ്ങൾ പിന്നിട്ടപ്പോൾ 134-ാം സ്ഥാനത്തേക്ക് താഴോട്ട് പോയിരിക്കുന്നു. നവ ലിബറൽ ആശയങ്ങൾ പിന്തുടരുബോൾ രാജ്യത്തെ ജിഡിപി വളർച്ചയെ മാത്രമാണ് നാം കൊട്ടിഘോഷിക്കുന്നത്.

ഒന്നാം UPA സർക്കാർ അധികാരത്തിൽ തിരിച്ചെത്തുന്നതിൽ നിർണായകമായ പങ്കു വഹിച്ച ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി യഥാർത്ഥത്തിൽ കമ്പോള സാമ്പത്തിക ശാസ്ത്രത്തിൽ ഉൾചേരാത്തതാണ്. അതിനാൽ അതിന്റെ വിജയം അന്നത്തെ പൊതു മിനിമം പരിപാടിക്ക് (CMP) നൽകുന്നതാണ് നീതി. മൻമോഹൻ സിങ് അതിനു നേതൃത്വം കൊടുത്തു എന്നതിൽ അഭിമാനിക്കാം. 1991-ലെ ഉദാരവത്കരണ നയങ്ങൾ അന്താരാഷ്ട്ര വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്നതും ആഗോള സമ്പദ് വ്യവസ്ഥയുമായി ഇന്ത്യയെ ബന്ധിപ്പിക്കുന്നതുമായിരുന്നു. അതുകൊണ്ട് തന്നെ സാമ്പത്തിക അസമത്വം വർധിച്ചുവരാൻ ഈ നയങ്ങൾ കാരണമായി. അതുവരെ കാണാത്ത പുത്തൻ നയങ്ങൾ പരിചയപ്പെടുത്തുകയും 2008-ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് ഇന്ത്യയെ സംരക്ഷിക്കുകയും ചെയ്ത മൻമോഹൻ സിങ്ങെന്ന ധനതത്വ ശാസ്ത്രജ്ഞനോട് ചരിത്രം നീതി പുലർത്തുക തന്നെ ചെയ്യും. ഒരു ബിംബമല്ലാത്തതിനാൽ അദ്ദേഹത്തിന്റെ നയങ്ങൾ ഇനിയും പഠിക്കപ്പെടുകയും പരിശോധിക്കപെടുകയും ചെയ്യും.


Summary: Privatization Globalization and Liberalization analyzing former prime minister Dr Manmohan Singh's economic policies. Dr. Godwin SK and Jijitha KJ writes


ഡോ. ഗോഡ്‌വിൻ എസ്.കെ.

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ സാമ്പത്തികശാസ്​ത്ര വിഭാഗം അസോസിയേറ്റ്​ പ്രൊഫസർ. ഇന്ത്യൻ ഹെൽത്ത്​ ഇക്കാണോമിക്​സ്​ ആൻറ്​ പോളിസി അസോസിയേഷൻ സെക്രട്ടറിയായിരുന്നു. ദേശീയ- അന്തർദേശീയ വേദികളിൽ അക്കാദമിക ​പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്​. ഡബ്ല്യു.എച്ച്​.ഒ ബുള്ളറ്റിൻ, ബ്രിട്ടീഷ്​ മെഡിക്കൽ ജേണൽ, സയൻസ്​ പബ്ലിഷിങ്​ ഗ്രൂപ്പ്​ എന്നിവയുടെ റിവ്യൂ പാനലിൽ അംഗമാണ്​. ഹെൽത്ത്​ ഫിനാൻസിങ്​, ഫിലോസഫി ഓഫ്​ ഇക്കണോമിക്​സ്​ എന്നീ മേഖലകളിൽ ​അന്വേഷണം നടത്തുന്നു.

ജിജിത കെ.ജെ

ഗവേഷക, സർക്കാർ വനിതാ കോളേജ് തിരുവനന്തപുരം.

Comments