തൊഴിലവസരങ്ങളും കേരള നോളജ് ഇക്കോണമി മിഷനും: മാറേണ്ട ചില സമീപനങ്ങൾ

വിദ്യാസമ്പന്നർക്കിടയിൽ വലിയ തോതിൽ തൊഴിലില്ലായ്മ റിപ്പോർട്ട് ചെയ്യുന്ന കേരളത്തിൽ 2026- ഓടെ 20 ലക്ഷം തൊഴിലുകൾ നൽകും എന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനായി കേരള ഡവലപ്മെന്റ് ആന്റ് ഇന്നോവേഷൻ സ്ട്രാറ്റജി കൗൺസിലിന്റെ കീഴിൽ കേരള നോളജ് ഇക്കോണമി മിഷനും ആരംഭിച്ചു. എന്നാൽ, ഉന്നത വിദ്യാഭ്യാസം നേടിയ വ്യക്തി തൊഴിൽ ചെയ്യാൻ പ്രാപ്തരല്ല എന്ന് പറയുന്നതിലെ പ്രശ്നം സർക്കാർ ഇനിയും മനസ്സിലാക്കിയിട്ടില്ല എന്നുവേണം കരുതാൻ. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ, പഠനകാലയളവിൽ ഇൻവെസ്റ്റ് ചെയ്യുന്ന സമയം എന്തുകൊണ്ട് ഒരു മികച്ച തൊഴിൽ ലഭിക്കാൻ അപര്യാപ്തമാണ് എന്ന കാര്യം നിർബന്ധമായും ചർച്ച ചെയ്യേണ്ടിയിരിക്കുന്നു- എം.കെ. നിധീഷ് എഴുതുന്നു.

സാമ്പത്തിക വളർച്ചക്കനുസരിച്ച് ഇന്ത്യയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല എന്നത് വളരെ കാലമായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ്. അതുകൊണ്ടുതന്നെ മിക്കവാറും എല്ലാ തെരഞ്ഞെടുപ്പു കാലഘട്ടങ്ങളിലും തൊഴിലില്ലായ്മയും തൊഴിലവസരങ്ങളും മുഖ്യ ചർച്ചയായി മാറാറുമുണ്ട്.

2014- ലെ ഇലക്ഷനോടെ തൊഴിലില്ലായ്മയെ അഭിമുഖീകരിക്കാൻ ഇന്ത്യയിൽ നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചത്. സ്കിൽ ഇൻ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ, മുദ്രയോജന തുടങ്ങിയവ കൂടാതെ, സ്കിൽ ഡവലപ്മെന്റിനു മാത്രമായി പ്രത്യേക വകുപ്പും ഈ കാലയളവിൽ കേന്ദ്ര സർക്കാർ ആരംഭിച്ചു. എന്നാൽ, ഇൻവെസ്റ്റ്മെന്റ് വളർത്താൻ ‘ഈസ് ഓഫ് ഡൂയിങ്’ ബിസിനസ് സാഹചര്യമൊരുക്കലും, അതിവേഗ സ്വകാര്യവൽക്കരണവും, കോർപ്പറേറ്റ് കൺസൾട്ടൻസികളുടെ സേവനങ്ങളും, ആസൂത്രണ കമീഷനെ മാറ്റി നിതി ആയോഗ് രൂപീകരിക്കലുമെല്ലാം നടത്തിയിട്ടും പ്രതീക്ഷിച്ച തൊഴിലവസരം സൃഷ്ടിക്കാനായില്ല എന്നാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്.

അതുകൂടാതെ, നാഷണൽ സാമ്പിൾ സർവ്വേ ഓർഗനൈസഷന്റെ, പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വേ (PLFS) പ്രകാരം, 2017- 2018 കാലയളവിൽ ഇന്ത്യയിലെ തൊഴിലില്ലായ്മാനിരക്ക് 45 വർഷത്തിലെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു. ഒരുപക്ഷെ നിലവിലുള്ള പദ്ധതികളുടെ പോരായ്മ മനസ്സിലാക്കിയതുകൊണ്ടുകൂടിയാകാം, 2019- ലെ ഇലക്ഷനിലും അതിനുശേഷവും കേന്ദ്ര സർക്കാർ സ്കിൽ ഡവലപ്മെന്റ് / എംപ്ലോയ്‌മെന്റ് ജെനറേഷൻ പ്രോഗ്രാമുകൾക്ക് വലിയ പ്രചാരണം കൊടുത്തതായി കാണാൻ കഴിയില്ല (എന്നിരുന്നാലും ഈ മാസം 23- ന് അവതരിപ്പിച്ച സമ്പൂർണ ബഡ്ജറ്റിൽ വീണ്ടും ഇത്തരം പദ്ധതികൾക്ക് കേന്ദ്ര സർക്കാർ പ്രാധാന്യം കൊടുക്കുന്നതായി കാണാൻ കഴിയും).

 2017- 2018 കാലയളവിൽ ഇന്ത്യയിലെ തൊഴിലില്ലായ്മാനിരക്ക്  45 വർഷത്തിലെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു.
2017- 2018 കാലയളവിൽ ഇന്ത്യയിലെ തൊഴിലില്ലായ്മാനിരക്ക് 45 വർഷത്തിലെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു.

അതേസമയം, 2021- 22 വർഷത്തെ സംസ്ഥാന ബജറ്റ് പ്രസംഗത്തിൽ, വിദ്യാസമ്പന്നർക്കിടയിൽ വലിയ തോതിൽ തൊഴിലില്ലായ്മ റിപ്പോർട്ട് ചെയ്യുന്ന കേരളത്തിൽ 2026- ഓടെ 20 ലക്ഷം തൊഴിലുകൾ നൽകും എന്ന് പ്രഖ്യാപിച്ചു (K-DISC, 2021). ഇതിന്റെ ഭാഗമായി കേരള ഡവലപ്മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിലിന്റെ കീഴിൽ (K-DISC) 2021 ഫെബ്രുവരിയിൽ കേരള നോളേജ് ഇക്കോണമി മിഷൻ (KKEM) ആരംഭിച്ചു. KKEM- ന്റെ സമഗ്ര ലക്ഷ്യം, തൊഴിലില്ലാത്തവരും കരിയർ ബ്രേക്ക് വന്നവരുമായവരുടെ മൊബിലൈസേഷൻ, കരിയർ കൗൺസിലിംഗ്, തൊഴിലന്വേഷകരെയും തൊഴിൽ ദാതാക്കളെയും ബന്ധിപ്പിക്കുക, സാമൂഹിക സുരക്ഷ എന്നിവയാണ്.

വലിയൊരു വിഭാഗം വിദ്യാർത്ഥികൾക്കും, ഉന്നത വിദ്യാഭ്യാസത്തിനുശേഷവും സ്കിൽ ഡവലപ്മെന്റ് പ്രോഗ്രാമുകളോ തൊഴിൽ സാധ്യതയുള്ള വേറെ കോഴ്സുകളോ ചെയ്യാൻ നിർബന്ധിതരാവുന്ന അവസ്ഥയാണുള്ളത്.

കൂടാതെ ഈ പദ്ധതിയുടെ മുഖ്യ സവിശേഷതയായി പറയുന്നത്, ഡിജിറ്റൽ വർക്‌ ഫോഴ്‌സ്‌ മാനേജ്‌മന്റ് സിസ്റ്റം (DWMS) എന്ന തൊഴിലന്വേഷകരെയും തൊഴിൽ ദാതാക്കളെയും ബന്ധിപ്പിക്കുന്നതിനുള്ള പോർട്ടലാണ്.
DWMS എന്ന പോർട്ടലിന്റെ പ്രഖ്യാപനം വ്യത്യസ്തമായി തോന്നാമെങ്കിലും, ഇത് നിലവിലുള്ള പദ്ധതികളുടെ ആവർത്തനം മാത്രമാണ് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്, പ്രത്യേകിച്ച്, കേന്ദ്രസർക്കാർ ആവിഷ്കരിച്ച നാഷണൽ കരിയർ സർവീസ് (NCS) പോർട്ടലുമായി ഇതിന് ഏറെ സാമ്യവുമുണ്ട്.

എന്തുകൊണ്ട്
സ്കിൽ ഡവലപ്മെന്റ്
പ്രോഗ്രാമുകൾ?

മാറിയ തൊഴിൽസാഹചര്യത്തിൽ, മിക്ക തൊഴിലുകൾക്കും സ്പെസിഫിക്കായ സ്കിൽ ആവശ്യമാണ്. മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, അതായത്, വൊക്കേഷണൽ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലുൾപ്പെടെ, പഠിക്കുന്നവർക്ക് ഇത്തരം സ്കില്ലുകൾ കൂടി വികസിപ്പിക്കാൻ കഴിയുന്നതുകൊണ്ടു​തന്നെ അവരുടെ തൊഴിൽ സാധ്യതകളും വർധിക്കുന്നു. എന്നാൽ വലിയൊരു വിഭാഗം വിദ്യാർത്ഥികൾക്കും ഇത്തരം വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമല്ലാത്തതു കൊണ്ടുതന്നെ, ഉന്നത വിദ്യാഭ്യാസത്തിനുശേഷവും സ്കിൽ ഡവലപ്മെന്റ് പ്രോഗ്രാമുകളോ തൊഴിൽ സാധ്യതയുള്ള വേറെ കോഴ്സുകളോ ചെയ്യാൻ നിർബന്ധിതരാവുന്ന അവസ്ഥയാണുള്ളത്.

DWMS അഡ്വെർടൈസ്സമെന്റ് / Photo: KKEM FB page
DWMS അഡ്വെർടൈസ്സമെന്റ് / Photo: KKEM FB page

ഇത് പലപ്പോഴും തൊഴിലന്വേഷകരിൽ അമിത സാമ്പത്തികഭാരവും മാനസിക സമ്മർദ്ദവും സൃഷ്ടിക്കും. ഒപ്പം, സമയനഷ്ടത്തിനും കാരണമാകും. ഈയൊരു സാഹചര്യത്തിൽ, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ, പഠനകാലയളവിൽ ഇൻവെസ്റ്റ് ചെയ്യുന്ന സമയം എന്തുകൊണ്ട് ഒരു മികച്ച തൊഴിൽ ലഭിക്കാൻ അപര്യാപ്തമാണ് എന്ന കാര്യം നിർബന്ധമായും ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.

ക്വാളിഫൈഡ് ആണ്,
സ്കിൽഡ് അല്ല

ഒരുപക്ഷെ ഉന്നതവിദ്യാഭ്യാസം നേടിയ വ്യക്തി തൊഴിൽ ചെയ്യാൻ പ്രാപ്തരല്ല എന്ന് പറയുന്നതിലെ പ്രശ്നം സർക്കാർ ഇനിയും മനസ്സിലാക്കിയിട്ടില്ല എന്നുവേണം കരുതാൻ. അതായത്, ഒരു വ്യക്തി തൊഴിൽ ചെയ്യാൻ ക്വാളിഫൈഡ് ആവുമ്പോഴും എന്തുകൊണ്ട് സ്കിൽഡ് ആവുന്നില്ല എന്നതാണ് പ്രശ്‌നം. അതുകൊണ്ടുതന്നെ, തൊഴിൽ സാധ്യതകൾ ഉയർത്തുന്നതിന് പലപ്പോഴും പുതിയ സ്കിൽ ഡവലപ്മെന്റ് പ്രോഗ്രാമുകൾ അവതരിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. കേരളത്തിൽ, കേന്ദ്ര പദ്ധതികൾക്കുപുറമെ, സംസ്ഥാന സർക്കാരിന് കീഴിലോ സർക്കാറുമായി സഹകരിച്ചോ ASAP, KASE, ICT ACADEMY എന്നിങ്ങനെ വ്യത്യസ്ത സ്കിൽ ഡവലപ്‌മെന്റ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

വിദ്യാഭ്യാസം സൗജന്യമാണ് എന്ന് പറയുമ്പോഴും, ആ വിദ്യാഭ്യാസം കൊണ്ട് തൊഴിൽ ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ, വലിയ തുകയാണ് ഓരോ ഉദ്യോഗാർഥിയും സ്കിൽ ഡവലപ്മെന്റിന് ഇൻവെസ്റ്റ് ചെയ്യേണ്ടിവരുന്നത് (പല കോഴ്സുകൾക്കും സ്കോളർഷിപ്പ് ലഭ്യമാണെകിൽ കൂടിയും) എന്നതാണ് ഇതിലെ ഒരു പ്രധാന പ്രശ്നം. സ്കിൽ ഡവലപ്മെന്റ് പ്രോഗ്രാമുകളുടെ ഭാഗമായി ഓഫർ ചെയ്യുന്ന പല കോഴ്സുകളും ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള ഒരു വിദ്യാർത്ഥിക്ക് അവരുടെ വിദ്യാഭ്യാസ കാലയളവിൽ പഠിച്ചെടുക്കാൻ കഴിയുന്നവയാണ് (കംപൾസറി / ഇലക്റ്റീവ് ആയി ഉൾപ്പെടുത്തിയാൽ മതി).

വിദ്യാഭ്യാസമേഖലയിൽ നേടിയ പുരോഗതിക്കും, ടെക്നോളജിയിലുണ്ടായ വളർച്ചയ്ക്കും അനുയോജ്യമായ രീതിയിൽ, തൊഴിലവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തൊഴിലന്വേഷകരിൽ എത്തിക്കുന്നതിൽ നമ്മുടെ സംവിധാനങ്ങൾ പരാജയപ്പെടുന്നു. / Photo: ILO Asia-Pacific
വിദ്യാഭ്യാസമേഖലയിൽ നേടിയ പുരോഗതിക്കും, ടെക്നോളജിയിലുണ്ടായ വളർച്ചയ്ക്കും അനുയോജ്യമായ രീതിയിൽ, തൊഴിലവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തൊഴിലന്വേഷകരിൽ എത്തിക്കുന്നതിൽ നമ്മുടെ സംവിധാനങ്ങൾ പരാജയപ്പെടുന്നു. / Photo: ILO Asia-Pacific

ഉദാ: ബികോമിന് പഠിക്കുന്ന ഒരു വിദ്യാർത്ഥിക്ക്, അക്കൗണ്ടിംഗ് മേഖലയിലാണ് തൊഴിൽ ചെയ്യാൻ താത്പര്യമെങ്കിൽ, ആ മേഖലയ്ക്ക് ആവശ്യമുള്ള രീതിയിൽ സ്കിൽ രൂപപ്പെടുത്തിയെടുക്കുന്നതിൽ (സോഫ്റ്റ് വെയറുകൾ ഉൾപ്പെടെ) പരിശീലനം നൽകുക. സ്കിൽ ഗ്യാപ് രൂപപ്പെടാനുള്ള മുഖ്യ കാരണം, നമ്മുടെ വിദ്യാഭ്യാസമേഖല കാലാനുസൃതമായി പരിഷ്കരിക്കാത്തതും തൊഴിൽ മേഖലയിലെ മാറ്റങ്ങളെ വേണ്ടവിധം ഉൾകൊള്ളാത്തതുമാണ്.

ഒരുപക്ഷെ മാറുന്ന തൊഴിൽ മേഖലയ്ക്കനുസരിച്ച് വിദ്യാഭ്യാസ മേഖലയിലും മാറ്റങ്ങൾ കൊണ്ടുവന്നിരുന്നെങ്കിൽ ഒരു പരിധിവരെ തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞേനെ. പാഠ്യപദ്ധതികൾ പരിഷ്കരിക്കുന്നതിനോടൊപ്പം, അധ്യാപകരും ട്രെയിനർമാരും നിരന്തരം പരിശീലത്തിനു വിധേയമാവണം. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്ലേസ്മെന്റ് സംവിധാനങ്ങൾ ശക്തമാക്കുകയും മികച്ച രീതിയിലുള്ള കരിയർ ഡവലപ്മെന്റ് ട്രെയിനിങ്ങുകൾ നൽകുകയും ചെയ്യണം.

ഇത്തരം പ്രവർത്തനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള ആരോഗ്യപരമായ മത്സരം സൃഷ്ടിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും സഹായകമാവും. ഇങ്ങനെ വരുമ്പോൾ, പുതുതായി വിദ്യാഭ്യാസം നേടുന്നവരിൽ തൊഴിലില്ലായ്മ രൂപപ്പെടാനുള്ള സാഹചര്യം കുറയാനിടയാകും.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംവിധാനങ്ങളിൽ കാലാനുസൃത പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിൽ വലിയ വീഴ്ച വന്നിട്ടുണ്ട്. ഇതുമൂലം സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ അന്വേഷിച്ചു കണ്ടത്തേണ്ട ഉത്തരവാദിത്തം ഉദ്യോഗാർത്ഥികളിൽ നിക്ഷിപ്തമായി.

തൊഴിലവസരങ്ങൾ ഉദ്യോഗാർഥികളെ അറിയിക്കുന്നതിലെ പ്രശ്നങ്ങൾ

സർക്കാർ / പൊതു മേഖലയിലെ തൊഴിലുകൾക്കുള്ള ഡിമാൻഡും വ്യത്യസ്തമായ റിക്രൂട്ടിംഗ് ഏജൻസികളുടെ പ്രവർത്തനവും (UPSC, SSC, PSC തുടങ്ങിയവ) ഈ മേഖലയിലെ തൊഴിലവസരങ്ങൾ യഥാസമയം ഉദ്യോഗാർത്ഥികളിൽ എത്തുന്നതിന് കാരണമാവുന്നു. അതേസമയം സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ അറിയുന്നതിന് ഉദ്യോഗാർത്ഥികൾ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ, ഓൺലൈൻ ജോബ് പോർട്ടൽ തുടങ്ങി പലവിധ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്.

ഇന്ത്യയിൽ പൊതു- സ്വകാര്യ മേഖലകളിലെ തൊഴിലവസരങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഉത്തരവാദപ്പെട്ട സ്ഥാപനമാണ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ. 1959-ലെ Compulsory Notification of Vacancies Act പ്രകാരം, പൊതുമേഖലയിലെയും, 25- ഓ കൂടുതലോ ആളുകൾ തൊഴിൽ ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളിലെയും ഒഴിവുകൾ നിർബന്ധമായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റിപ്പോർട്ട് ചെയ്യണം (ചില തൊഴിലുകൾക്ക് ഇളവുണ്ട്).

സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ അറിയുന്നതിന് മാധ്യമങ്ങൾ, സോഷ്യൽ മീഡിയ, ഓൺലൈൻ ജോബ് പോർട്ടൽ തുടങ്ങി പലവിധ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. അതായത്,  സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ അന്വേഷിച്ചു കണ്ടത്തേണ്ട ഉത്തരവാദിത്തം ഉദ്യോഗാർത്ഥികളിൽ നിക്ഷിപ്തമായിരിക്കുന്നു.
സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ അറിയുന്നതിന് മാധ്യമങ്ങൾ, സോഷ്യൽ മീഡിയ, ഓൺലൈൻ ജോബ് പോർട്ടൽ തുടങ്ങി പലവിധ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. അതായത്, സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ അന്വേഷിച്ചു കണ്ടത്തേണ്ട ഉത്തരവാദിത്തം ഉദ്യോഗാർത്ഥികളിൽ നിക്ഷിപ്തമായിരിക്കുന്നു.

നിർഭാഗ്യവശാൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംവിധാനങ്ങളിൽ കാലാനുസൃത പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിൽ വലിയ വീഴ്ച വന്നിട്ടുണ്ട്. ഇതുമൂലം സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ അന്വേഷിച്ചു കണ്ടത്തേണ്ട ഉത്തരവാദിത്തം ഉദ്യോഗാർത്ഥികളിൽ നിക്ഷിപ്തമായി. കേന്ദ്ര സർക്കാർ കണക്കു പ്രകാരം, 2021- ൽ രാജ്യത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെ (യൂണിവേഴ്സിറ്റി പ്ലേസ്മെന്റ് സെൽസ് ഉൾപ്പെടെ) എണ്ണത്തിൽ കേരളം രണ്ടാം സ്ഥാനത്താണ്; 89 എണ്ണം. ഒന്നാം സ്ഥാനത്തുള്ള ഉത്തർപ്രദേശിൽ ഇത് 100 ആണ് (Directorate General of Employment, 2022). അതുകൊണ്ടുതന്നെ, ഇത്രയ്ക്കും വലിയ ഒരു സർക്കാർ സംവിധാനത്തിന് പൊതുജനങ്ങൾക്കാവശ്യമായ സേവനം നല്കാൻ കഴിയാതെ പോവുന്നതിന്റെ കാരണങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു.

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളും
കേരള നോളജ് ഇക്കോണമി മിഷനും

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ നിന്ന് തൊഴിലന്വേഷകർക്കു മുഖ്യമായും രണ്ടു വിധം സേവനങ്ങളാണ് ലഭ്യമാവുന്നത്:
പുതിയ തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും സ്വയം തൊഴിൽ സഹായങ്ങളും.

എന്നാൽ, നാം വിദ്യാഭ്യാസമേഖലയിൽ നേടിയ പുരോഗതിക്കും, ഈ കാലയളവിൽ ടെക്നോളജിയിലുണ്ടായ വളർച്ചയ്ക്കും അനുയോജ്യമായ രീതിയിൽ, തൊഴിലവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തൊഴിലന്വേഷകരിൽ എത്തിക്കുന്നതിൽ ഈയൊരു സർക്കാർ സംവിധാനത്തിനു കഴിഞ്ഞില്ല എന്നുവേണം മനസ്സിലാക്കാൻ. കൂടാതെ, പൊതുമേഖലയിലെ തൊഴിലവസരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ പലപ്പോഴും ബുദ്ധിമുട്ട് നേരിടുകയും ചെയ്തു.

ഓരോ വർഷത്തെയും പ്ലേസ്മെന്റ് പരിശോധിച്ചാൽ, വളരെ കുറച്ചുപേർക്കേ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി തൊഴിൽ ലഭ്യമാക്കാൻ സാധിക്കുന്നുള്ളൂ. / Photo: Mohammed Shaji
ഓരോ വർഷത്തെയും പ്ലേസ്മെന്റ് പരിശോധിച്ചാൽ, വളരെ കുറച്ചുപേർക്കേ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി തൊഴിൽ ലഭ്യമാക്കാൻ സാധിക്കുന്നുള്ളൂ. / Photo: Mohammed Shaji

ഉദാഹരണമായി, പി.എസ്.സി വഴി സർക്കാർ സ്ഥാപനങ്ങളിലെ സ്ഥിരനിയമനങ്ങൾ നടത്തുമ്പോൾ, മുൻകാലങ്ങളിൽ മിക്ക വകുപ്പുകളിലും താത്കാലിക നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയാണ് നടത്തിയിരുന്നത്. എന്നാൽ വർഷങ്ങളായി, പല സർക്കാർ സ്ഥാപനങ്ങളും നേരിട്ടാണ് താത്ക്കാലിക നിയമനം നടത്തുന്നത്. ഇവിടെ പ്രധാനമായും പരിഗണിക്കേണ്ട ഒരു കാര്യം, ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളുള്ള വലിയ ഹ്യൂമൻ റിസോഴ്സ് ഈ സർക്കാർ സംവിധാനത്തിന്റെ ഭാഗമായും പ്രവർത്തിക്കുന്നുണ്ട് എന്നതാണ്.

സർക്കാർ കണക്കനുസരിച്ച് 2023-ൽ ആറ് സബ് റീജ്യനൽ എംപ്ലോയ്‌മെന്റ് ഓഫീസർമാർ, 14 ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർമാർ, 82 എംപ്ലോയ്‌മെന്റ് ഓഫീസർമാർ, 114 ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർമാർ ഉൾപ്പെടെ 1100-​ലേറെ ഉദ്യോഗസ്ഥരാണ് ഈ സംവിധാനത്തിനുകീഴിൽ ജോലി ചെയ്യുന്നത് (Finance Department, Govt. of Kerala, 2024).

അതേസമയം, ഓരോ വർഷത്തെയും പ്ലേസ്മെന്റ് പരിശോധിച്ചാൽ, വളരെ കുറച്ചുപേർക്കേ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി തൊഴിൽ ലഭ്യമാക്കാൻ സാധിക്കുന്നുള്ളൂ. 2023 മെയ് ഒന്നിലെ കണക്കു പ്രകാരം, കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ 28.65 ലക്ഷമാണ്. ആസൂത്രണ ബോർഡിന്റെ 2023-ലെ ഇക്കണോമിക് റിവ്യൂ അനുസരിച്ച്, കഴിഞ്ഞ പത്തുവർഷത്തെ കണക്കെടുത്താൽ, ശരാശരി 11,000- ഓളം പേർക്കാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജോലി ലഭിച്ചത്.

അതായത്, 2022-ൽ രജിസ്റ്റർ ചെയ്ത 28.65 ലക്ഷത്തിൽ 14,432 പേർക്ക് തൊഴിൽ നൽകിയതായി കണക്കാക്കിയാൽ, ഏകദേശം 0.50 ശതമാനം ആളുകൾക്കാണ് തൊഴിൽ നൽകാനായത് എന്നർഥം.

കേരള നോളജ് ഇ​ക്കോണമി മിഷന്റെ (KKEM) ഭാഗമായ സർവ്വേ കാണിക്കുന്നത്, കേരളത്തിൽ 53 ലക്ഷം ആളുകൾക്ക് തൊഴിൽ ആവശ്യമുണ്ട് എന്നാണ്, എന്നാൽ അവർ ഓഫർ ചെയ്യുന്നത് 20 ലക്ഷം തൊഴിലുകളും. KKEM- ലൂടെ ഒരു ചെറിയ കാലയളവിൽ വലിയ തൊഴിലവസരങ്ങൾ നൽകാൻ കഴിയുമെങ്കിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളുടെ പ്രസക്തി എന്താണ് എന്ന് സർക്കാർ പരിശോധിക്കേണ്ടിയിരിക്കുന്നു. സെലക്ഷൻ രീതികളിലെ മാറ്റം, ജനസംഖ്യയുടെ ഘടനയിലും തൊഴിൽ മേഖലയിലും വന്ന മാറ്റം, ടെക്നോളോജിയുടെ വളർച്ച എന്നിവക്കനുസൃതമായി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളുടെ ഘടനയിലും പ്രവർത്തനത്തിലും പരിഷ്‌കാരങ്ങൾ കൊണ്ടുവരാൻ സർക്കാരിന് കഴിഞ്ഞിരുന്നെകിൽ കുറെ കൂടി മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞേനേ.

ഉദാഹരണമായി, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ ഓൺലൈനായി ചെയ്യാമെങ്കിലും, രജിസ്ട്രേഷന്റെ ഭാഗമായി തന്നെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ ഹാജരായി ഉദ്യോഗാർഥികൾ ഡോക്യുമെന്റ് വെരിഫിക്കേഷൻ നടത്തേണ്ടതുണ്ട്. ഇത്തരം അനാവശ്യ അഡ്മിനിസ്‌ട്രേറ്റീവ് ജോലികൾ ഒഴിവാക്കി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളെ കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച് പരിഷ്കരിക്കേണ്ടിയിരിക്കുന്നു (വളരെ കുറച്ചാളുകൾക്കേ തൊഴിൽ നൽകാൻ കഴിയുന്നുള്ളൂ എന്നത് പരിഗണിക്കുമ്പോൾ പ്രത്യേകിച്ച്). ഇതിനുള്ള മികച്ച ഉദാഹരണമാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലെ കരിയർ ഡവലപ്മെന്റ് സെന്ററുകളും (CDC) കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച മോഡൽ കരിയർ സെന്ററുകളും (MCC).

KKEM ഭാഗമായ സർവ്വേ കാണിക്കുന്നത്, കേരളത്തിൽ 53 ലക്ഷം ആളുകൾക്ക് തൊഴിൽ ആവശ്യമുണ്ട് എന്നാണ്, എന്നാൽ അവർ ഓഫർ ചെയ്യുന്നത് 20 ലക്ഷം തൊഴിലുകളും.
KKEM ഭാഗമായ സർവ്വേ കാണിക്കുന്നത്, കേരളത്തിൽ 53 ലക്ഷം ആളുകൾക്ക് തൊഴിൽ ആവശ്യമുണ്ട് എന്നാണ്, എന്നാൽ അവർ ഓഫർ ചെയ്യുന്നത് 20 ലക്ഷം തൊഴിലുകളും.

ഡിജിറ്റൽ വർക്ക് ഫോഴ്സ്
മാനേജ്മന്റ് സിസ്റ്റവും
നാഷണൽ കരിയർ സർവീസ് പ്രൊജക്റ്റും

ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മന്റ് സിസ്റ്റം രജിസ്ട്രേഷനും അതിന്റെ പ്രവർത്തനരീതികളും ഒരു പുതിയ ആശയം പോലെ തോന്നാമെങ്കിലും, ഇത്തരം സംവിധാനങ്ങൾ പല സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും കുറച്ചുകാലമായി നടപ്പിലാക്കി വരുന്നവയാണ്. ഉദാഹരണമായി, ഇന്ത്യയിലെ തൊഴിൽദാതാക്കളെയും തൊഴിലന്വേഷകരെയും ഒരേ പ്ലാറ്റ്ഫോമിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ 2015-ൽ NCS പോർട്ടൽ ആരംഭിച്ചു (ncs.gov.in). ഈ പോർട്ടലിലൂടെ നിരവധി സേവനങ്ങളാണ് തൊഴിലന്വേഷകന് ലഭ്യമാവുന്നത് - തൊഴിലവസരങ്ങൾ, സ്കിൽ ഡെവലപ്മെന്റ്, കരിയർ കൗൺസിലിങ്, തൊഴിൽ മേളകൾ തുടങ്ങിയവ.

സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനൊപ്പം, മറ്റു ഓൺലൈൻ ജോബ് പോർട്ടലുകളിലെയും തൊഴിൽവിവരങ്ങൾ ഇതിലൂടെ പങ്കുവയ്ക്കാറുണ്ട് (e.g: Quikr Jobs). ഇതിനുപുറമെ CII, FICCI പോലുള്ള വ്യവസായ- ബിസിനസ് രംഗത്തെ സംഘടനകളും ഈ കേന്ദ്ര പദ്ധതിയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. NCS- ന്റെ ഭാഗമായി കേരളത്തിലുൾപ്പെടെ രാജ്യത്ത് നിരവധി MCC കളാണ് സ്ഥാപിക്കപ്പെട്ടത്. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളെ കരിയർ സെന്ററുകളാക്കി മാറ്റുക എന്ന ലക്ഷ്യത്തിലൂന്നി പ്രവർത്തിക്കുന്നതു കൊണ്ടുതന്നെ, ഒട്ടു മിക്ക MCC- കളും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിലാണ് പ്രവർത്തിക്കുന്നത്.

ഡിജിറ്റൽ  വർക്ക് ഫോഴ്സ്  മാനേജ്മന്റ്  സിസ്റ്റം ഒരു പുതിയ ആശയം പോലെ തോന്നാമെങ്കിലും, ഇത്തരം സംവിധാനങ്ങൾ പല സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും കുറച്ചുകാലമായി നടപ്പിലാക്കി വരുന്നവയാണ്.
ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മന്റ് സിസ്റ്റം ഒരു പുതിയ ആശയം പോലെ തോന്നാമെങ്കിലും, ഇത്തരം സംവിധാനങ്ങൾ പല സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും കുറച്ചുകാലമായി നടപ്പിലാക്കി വരുന്നവയാണ്.

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് സംവിധാനത്തിൽ നിന്ന് വ്യത്യസ്തമായി, ഈ പദ്ധതി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കിൽ ഡവലപ്മെന്റ് സെന്ററുകൾ, സർക്കാർ വകുപ്പുകൾ, സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ ഒട്ടു മിക്ക കരിയർ-തൊഴിൽ സംബന്ധമായ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന വിധത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മന്റ് സിസ്റ്റത്തെ പുതിയ ആശയമായി കണക്കാക്കാൻ കഴിയില്ല.

നോളജ് ഇക്കോണമി മിഷനും
20 ലക്ഷം തൊഴിലവസരങ്ങളും

നിലവിലുള്ള സംവിധാനങ്ങളുടെ പോരായ്മ തന്നെയാവണം, സർക്കാരിനെ മറ്റൊരു പദ്ധതി വികസിപ്പിക്കാൻ പ്രേരിപ്പിച്ചത്. KKEM- ന് 2026- ഓടെ 20 ലക്ഷം തൊഴിലുകൾ ലഭ്യമാക്കണമെങ്കിൽ, ഓരോ വർഷവും ശരാശരി നാലു ലക്ഷം തൊഴിലുകൾ സൃഷ്ടിക്കേണ്ടിവരും.

2024-ലെ K-DISC വാർഷിക റിപ്പോർട്ട് പ്രകാരം, 2024 മാർച്ച് 31 വരെ 16.53 ലക്ഷം ആളുകൾ KKEM-ൽ (DWMS) രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ, 2022-23 കാലയളവിൽ KKEM ലക്ഷ്യമിട്ട 30,000 തൊഴിലുകൾ നൽകാൻ കഴിഞ്ഞതായി കാണുന്നു. എന്നാൽ 2023-24 കാലയളവിൽ KKEM ലക്ഷ്യമിട്ട 1,00,000 തൊഴിലുകളിൽ, 32,214 തൊഴിലുകളാണ് നൽകിയത്. അതായത് രജിസ്റ്റർ ചെയതവരിൽ (16.53 ലക്ഷം ആളുകളിൽ 32,214 പേർക്ക്) ഏകദേശം 2 ശതമാനം ആളുകൾക്കാണ് തൊഴിൽ നൽകിയത്.

K-Disc വാര്‍ഷിക റിപ്പോര്‍ട്ടില്‍ നിന്ന്
K-Disc വാര്‍ഷിക റിപ്പോര്‍ട്ടില്‍ നിന്ന്

അതേസമയം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, കുടുംബശ്രീ, KASE, ASAP, NORKA, ODEPEC എന്നീ തേർഡ് പാർട്ടികളുടെ കീഴിൽ 80,000 തൊഴിലുകൾ ലഭ്യമാകാൻ ഉദ്ദേശിച്ചിരുന്നതായും, അതിൽ 73,811 ആളുകൾക്ക് തൊഴിൽ നൽകാൻ കഴിഞ്ഞതായും കാണുന്നു. ഇത് കാണിക്കുന്നത് ഈ പദ്ധതിയുടെ ലക്ഷ്യമായ 20 ലക്ഷം തൊഴിലുകൾ നേടണമെകിൽ ഇനിയുള്ള കാലയളവിൽ വൻ തൊഴിലവസരങ്ങൾ കേരളത്തിൽ നൽകപ്പെടേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഒരു ചെറിയ കാലയളവിൽ വൻ തൊഴിലവസരങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള സാഹചര്യമുണ്ടോ എന്ന് സർക്കാർ പരിശോധിക്കേണ്ടിയിരിക്കുന്നു.

2023-ലെ PLFS ഡാറ്റ പ്രകാരം, കേരളത്തിലെ നല്ല ശതമാനം ആളുകൾ regular wage / salary ജോലികളിൽ ഏർപ്പെടുന്നുണ്ടെങ്കിലും, വലിയ വിഭാഗം self employed, casual labour കാറ്റഗറിയിലുണ്ട്. കൂടാതെ ഓർഗനൈസ്ഡ് സെക്ടറിലെ തൊഴിലുകളിൽ കഴിഞ്ഞ 10 വർഷത്തിൽ ചെറിയ വളർച്ച മാത്രമാണ് രേഖപ്പെടുത്തിയത് - അതായത് 2013-ൽ 10.9 ലക്ഷം പേർ ആയിരുന്നത് 2023-ൽ 12.53 ലക്ഷം ആയി ഉയർന്നു (ആസൂത്രണ ബോർഡ്, 2024).

ഓർഗനൈസ്ഡ് സെക്ടറിലെ കഴിഞ്ഞ മൂന്നു വർഷത്തെ തൊഴിലുകളുടെ കണക്ക്:

ഇതിൽ പൊതുമേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണം ഈ മൂന്ന് വർഷത്തിലും ഏറെക്കുറെ ഒരേപോലെയാണ്, ഏകദേശം 5.57 ലക്ഷം. അതേസമയം സ്വകാര്യമേഖലയിൽ നേരിയ വർദ്ധനവുണ്ട്; യഥാക്രമം 6.91 ലക്ഷം (2021), 6.93 ലക്ഷം (2022), 6.95 ലക്ഷം (2023) വീതം.

K-DISC റിപ്പോർട്ട് (2024) കാണിക്കുന്നത്, 2024 ജനുവരി 27 വരെ KKEM- ഉം അവരുടെ 'contributors'- ഉം (CII, ICTAK, കുടുംബശ്രീ തുടങ്ങിയവ) രജിസ്റ്റർ ചെയ്ത 2,88,673 തൊഴിലുകളിൽ, 39 ശതമാനത്തിന് ഓണറേറിയം 10,000-15,000 രൂപയാണ്. ഇത് 22.87 ശതമാനത്തിന് 15,000 - 20,000 രൂപയും, 10.15 ശതമാനത്തിന് 20,000 - 30,000 രൂപയുമാണ്. അതുകൊണ്ടുതന്നെ ഇ.പി.എഫ്.ഒ ഡാറ്റ പരിശോധിച്ചാൽ കേരളത്തിലെ ഓർഗനൈസ്ഡ് - സെമി ഓർഗനൈസ്ഡ് സെക്ടറിൽ, ഇ.പി.എഫ്.ഒ പരിധിയിൽ, ഓരോ വർഷവും രൂപപ്പെടുന്ന തൊഴിലുകളെക്കുറിച്ച് ഏകദേശ ധാരണയുണ്ടാക്കാം (ഇതിൽ എല്ലാ തൊഴിലും അതാതു വർഷം പുതുതായി രൂപപ്പെടുന്നവയാകണമെന്നില്ല, പക്ഷെ ട്രെൻഡ് മനസ്സിലാക്കാൻ ഇതുപകരിക്കും).

CII, ICTAK, കുടുംബശ്രീ തുടങ്ങിയ ഏജൻസികളിൽ രജിസ്റ്റർ ​ചെയ്ത തൊഴിലുകളുടെ സാലറി അടിസ്ഥാനത്തിലുള്ള കാറ്റഗറി.
CII, ICTAK, കുടുംബശ്രീ തുടങ്ങിയ ഏജൻസികളിൽ രജിസ്റ്റർ ​ചെയ്ത തൊഴിലുകളുടെ സാലറി അടിസ്ഥാനത്തിലുള്ള കാറ്റഗറി.

കേരളത്തിൽ പുതുതായി ആഡ് ചെയ്യപ്പെട്ട EPFO അംഗങ്ങളുടെ എണ്ണം (Net new payroll), 2021-22-ൽ 1.4 ലക്ഷവും, 2022 - 23-ൽ 1 .7 ലക്ഷവും, 2023 - 24-ൽ 1 .5 ലക്ഷവുമാണ്. അതായത് EPFO ഡാറ്റ പ്രകാരം, അതിന്റെ പരിധിയിൽ വരുന്ന തൊഴിലുകളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിൽ കാണാൻ കഴിയും.

കൂടാതെ, കേരളം ​ഐ.ടി അനുബന്ധമേഖലയിലെ തൊഴിലുകൾക്ക് ഊന്നൽ കൊടുക്കുന്നതുകൊണ്ട്, ആ മേഖലയിലെ അവസരങ്ങളും മനസ്സിലാക്കേണ്ടിയിരിക്കുന്നു. മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വെബ്സൈറ്റ് പ്രകാരം ഇന്ത്യയിൽ IT services and BPO / Information Technology Enabled Service മേഖലയിൽ നേരിട്ട് തൊഴിൽ ചെയ്യുന്ന ആളുകളുടെ എണ്ണം 2023-24 സാമ്പത്തിക വർഷത്തേക്ക് എസ്റ്റിമേറ്റ് ചെയ്തത് 54.3 ലക്ഷമാണ്. ഇത് 2022-23 കാലയളവിൽ 53.7 ലക്ഷമായിരുന്നു. അതായത്, ഈ കാലയളവിൽ ഏകദേശം 60,000 തൊഴിലുകളുടെ വർധനവാണ് കണക്കാക്കിയത്. അതേസമയം ഈ മേഖലയിൽ 2022–23 കാലയളവിൽ 2.9 ലക്ഷവും, 2021-22-ൽ 4.45 ലക്ഷവും, 2020-21-ൽ 1.38 ലക്ഷവും തൊഴിലുകളാണ് കൂടിയത്.

കേരളത്തിലെ മൂന്ന് ​ഐ.ടി പാർക്കുകളിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണം:


ഇത് കാണിക്കുന്നത്, കേരളത്തിലെ ഐ.ടി മേഖലയിലെ തൊഴിലുകളിലുണ്ടാവുന്ന വളർച്ചയാണ്. പക്ഷെ ഇവിടെയും വൻ തൊഴിലവസരങ്ങൾ (KKEM ലക്ഷ്യമിടുന്നതുപോലെ) രൂപപ്പെടുന്നില്ല എന്നാണ് കാണാൻ കഴിയുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലെ ഓർഗനൈസ്ഡ് / സെമി ഓർഗനൈസ്ഡ് (ഫോർമൽ) മേഖലയിലെ നിലവിലുള്ള അവസരങ്ങൾ പരിഗണിക്കുമ്പോൾ, ഒരു ചെറിയ കാലയളവിൽ KKEM പ്രതീക്ഷിക്കുന്നതുപോലെ വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പരിമിതികളുണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

ഉയർന്ന ഡിജിറ്റൽ ലിറ്ററസിയുള്ള കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ, സുതാര്യമല്ലാത്ത തൊഴിൽ മേളകൾ ആവശ്യമുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

നോളജ് ഇക്കോണമി മിഷനും
ഇന്ത്യൻ തൊഴിൽ മേഖലയിലെ പ്രശ്നങ്ങളും

KKEM- ന്റെ തൊഴിലവസരങ്ങൾ സംബന്ധമായ വാഗ്ദാനങ്ങൾ, ഇന്ത്യൻ തൊഴിൽ മേഖലയിലെ നിലവിലുള്ള പല പ്രശ്നങ്ങളെയും വേണ്ടവിധം മനസ്സിലാക്കിയശേഷമാണെന്ന് തോന്നുന്നില്ല. ഇന്ത്യയിലെ തൊഴിൽ മേഖലയിലെ മുഖ്യപ്രശ്നം ആവശ്യത്തിന് സ്കിൽഡ് വർക്കർമാരെ ലഭിക്കുന്നില്ല എന്നതുമാത്രമല്ല, ആവശ്യത്തിന് തൊഴിൽ രൂപപ്പെടുന്നില്ല എന്നതു കൂടിയാണ്. വലിയ സ്കിൽ ഡവലപ്മെന്റ് പ്രോഗ്രാമുകൾ നടപ്പിലാക്കിയതുകൊണ്ടുമാത്രം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയില്ല എന്നതാണ് ഇന്ത്യൻ സാഹചര്യം സൂചിപ്പിക്കുന്നത്.

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശൽ യോജന (DDU-GKY), പ്രധാനമന്ത്രി കൗശൽ വികാസ് യോജന (PMKVY) പോലുള്ള പദ്ധതികളുടെ പ്ലേസ്മെന്റ് വിവരങ്ങൾ പരിശോധിച്ചാൽ ഇത് മനസ്സിലാക്കാം. മുൻകാലങ്ങളിൽ കേന്ദ്ര സർക്കാർ സ്കിൽ ഡവലപ്മെന്റ് - എംപ്ലോയ്‌മെന്റ് ജനറേഷൻ പദ്ധതികൾക്ക് നൽകിയതുപോലെ തന്നെ KKEM / DWMS രജിസ്ട്രേഷനും വലിയ പ്രചാരണമാണ് കേരള സർക്കാർ നൽകി കൊണ്ടിരിക്കുന്നത്. ജനപ്രതിനിധികളും സെലിബ്രറ്റികളും മുതൽ, കാമ്പസുകൾ വഴിയും വീടുകൾ കയറിയും ഇതിന് പ്രചാരണം നൽകുന്നുണ്ട്. കൂടുതൽ ആളുകൾ DWMS പോർട്ടലിൽ രജിസ്റ്റർ ചെയ്യുമ്പോൾ കൂടുതൽ തൊഴിലവസരങ്ങൾ രജിസ്റ്റർ ചെയ്യപ്പെടും എന്ന കണക്കുകൂട്ടലിലാകാം ഈ കാമ്പയിൻ.

KKEM / DWMS രജിസ്ട്രേഷന് വലിയ പ്രചാരണമാണ് കേരള സർക്കാർ നൽകി കൊണ്ടിരിക്കുന്നത്. ജനപ്രതിനിധികളും സെലിബ്രറ്റികളും മുതൽ,  കാമ്പസുകൾ വഴിയും വീടുകൾ കയറിയും ഇതിന് പ്രചാരണം നൽകുന്നുണ്ട്.
KKEM / DWMS രജിസ്ട്രേഷന് വലിയ പ്രചാരണമാണ് കേരള സർക്കാർ നൽകി കൊണ്ടിരിക്കുന്നത്. ജനപ്രതിനിധികളും സെലിബ്രറ്റികളും മുതൽ, കാമ്പസുകൾ വഴിയും വീടുകൾ കയറിയും ഇതിന് പ്രചാരണം നൽകുന്നുണ്ട്.

കൂടാതെ, KKEM- ന്റെ മറ്റൊരു പ്രധാന വാഗ്ദാനം തൊഴിലാളികൾക്കുള്ള സോഷ്യൽ സെക്യൂരിറ്റിയാണ്. അതായത് നോളജ് വർക്കർമാരുടെ പി.എഫും ഹെൽത്ത് ഇൻഷുറൻസും സർക്കാർ വഹിക്കും. കേരളത്തിലെ അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്ന മിക്കവർക്കും വേണ്ടത്ര സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ, ഇത്തരം ആനുകൂല്യങ്ങൾ നോളജ് ഇക്കോണമി മിഷൻ വർക്കർമാർക്കു മാത്രം പരിമിതപ്പെടുത്തുന്നത് തൊഴിൽ മേഖലയിൽ വലിയ വിവേചനം സൃഷ്ടിക്കും എന്നത് സർക്കാർ പരിഗണിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ നോളജ് വർക്കേഴ്സിന് നൽകുന്ന പരിഗണന മറ്റു തൊഴിലാളികൾക്കുകൂടി സർക്കാർ ലഭ്യമാക്കേണ്ടിയിരിക്കുന്നു, പ്രത്യേകിച്ച്, സാമൂഹിക സുരക്ഷ സ്റ്റേറ്റിന്റെ ഉത്തരവാദിത്വമായതിനാൽ.

തൊഴിലവസരങ്ങൾ
ഉപയോഗപ്പെടുത്തുന്നതിലെ
പ്രതിസന്ധി

സർക്കാർ പ്രതീക്ഷിക്കുന്നതുപോലെ എല്ലാ തൊഴിലവസരങ്ങളും  ഉദ്യോഗാർത്ഥികൾക്ക്‌ ഒരേപോലെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞേക്കില്ല. ഉദാഹരണമായി K-DISC റിപ്പോർട്ട് (2024) പ്രകാരം, 2024 മാർച്ച് 31 വരെ 10.46 ലക്ഷം തൊഴിലുകളാണ് KKEM- ലൂടെ മൊബിലൈസ് ചെയ്തത്. ഇതിൽ 5.2 ലക്ഷത്തോളം തൊഴിലുകൾ തേർഡ് പാർട്ടി (eg. monster.com) യിലൂടെ മൊബിലൈസ് ചെയ്തതായിട്ടാണ് കാണിക്കുന്നത്. ഇതിലുള്ള ഒരു പ്രധാന പ്രശ്നം, മറ്റു ഓൺലൈൻ ജോബ് പോർട്ടലുകളിലെ അവസരങ്ങൾ KKEM- നു മാത്രമായി പരിമിതപ്പെടുത്തിയതല്ല എന്നതാണ്. അതുകൊണ്ടുതന്നെ വലിയ വേക്കൻസികൾ അവകാശപ്പെടാൻ പറ്റുമെങ്കിലും ഇത്തരം അവസരങ്ങൾ മുഴുവനായും കേരളീയർക്ക് പ്രയോജനപ്പെടുത്താൻ കഴിഞ്ഞു എന്നുവരില്ല (പ്രത്യേകിച്ച്, കേരളത്തിനു പുറത്തുള്ള തൊഴിലവസരങ്ങൾ). ആയതിനാൽ, ഇത്തരം സ്വകാര്യ പോർട്ടലിൽ ലഭ്യമായ തൊഴിലവസരങ്ങൾ കേരളത്തിന് മാത്രമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്നാലോചിക്കേണ്ടിയിരിക്കുന്നു.

കേരള നോളേജ് ഇക്കോണമി മിഷൻ വെബ്സൈറ്റിൽനിന്ന്.
കേരള നോളേജ് ഇക്കോണമി മിഷൻ വെബ്സൈറ്റിൽനിന്ന്.

അതുകൂടാതെ, ഉദ്യോഗാർത്ഥികൾ പലപ്പോഴും തൊഴിലിനുവേണ്ടി തൊഴിൽ മേളകളെ ആശ്രയിക്കാറുണ്ട്. കേരളത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, പലവിധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ നിരവധി തൊഴിൽ മേളകളാണ് നടത്തിവരുന്നത്. ഇതിൽ, ‘വൻ തൊഴിലവസരങ്ങൾ’ വാഗ്ദാനം ചെയ്യുന്ന മിക്ക തൊഴിൽമേളകളിലും, പങ്കെടുക്കുന്ന ഓരോ സ്ഥാപനത്തിലും എത്ര ഒഴിവുകളുണ്ടെന്നോ, ജോബ് റോൾ എന്തെന്നോ, ശമ്പളം എത്രയെന്നോ, എത്ര പേരെ സെലക്ട് ചെയ്തതെന്നോ യഥാസമയം അറിയാൻ കഴിയാറില്ല. അതോടൊപ്പം വലിയ തൊഴിൽ മേളകൾ പലപ്പോഴും സി.വി ഷോർട്ട് ലിസ്റ്റിംഗ് മാത്രമായി ചുരുങ്ങാറുമുണ്ട്. (ഉദാ:100 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്‌താൽ എല്ലാവർക്കും തൊഴിൽ ലഭ്യമാവണമെന്നില്ല).

ഇതിനുപുറമെ, ചില തൊഴിലുകൾ ഉദ്യോഗാർഥികളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും താത്പര്യത്തിനും അനുസരിച്ചുള്ളവ ആകണമെന്നില്ല. ഉദാഹരണമായി വലിയ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന കോൾ സെന്റർ, സെയിൽസ്, മൈക്രോ ഫിനാൻസ് മേഖലയിലെ തൊഴിലുകൾ. ഓരോ തൊഴിൽ മേളയിലും സംഘാടകർ വൻ തുക മുടക്കുന്നതോടൊപ്പം പങ്കെടുന്ന ഉദ്യോഗാർഥിയും അവരുടെ സമയവും പണവും ചെലവഴിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഉയർന്ന ഡിജിറ്റൽ ലിറ്ററസിയുള്ള കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ, ഇത്തരം സുതാര്യമല്ലാത്ത തൊഴിൽ മേളകൾ ആവശ്യമുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

വലിയ തൊഴിൽ വാഗ്ദാനങ്ങളെക്കാൾ കേരളത്തിന് കൂടുതൽ യോജിച്ചത് ഉദ്യോഗാർഥികളുടെ എംപ്ലോയബിലിറ്റി വർധിപ്പിക്കാനും, മികച്ച തൊഴിലവസരങ്ങളും, മികച്ച തൊഴിലന്തരീക്ഷവും രൂപപ്പെടുത്തുന്നതുമായ സാഹചര്യങ്ങൾ സൃഷ്ടിക്കുക എന്നതാണ്.

മാറേണ്ടത് ഉന്നത വിദ്യാഭ്യാസ മേഖലയും
സർക്കാർ സംവിധാനങ്ങളും

ദീർഘകാലമായി തൊഴിൽമേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് എളുപ്പ പരിഹാരമില്ല. അതുകൊണ്ടു തന്നെ KKEM പ്രതീക്ഷിക്കുന്ന തരത്തിൽ തൊഴിലുകൾ രൂപപ്പെടുത്തുന്നതിൽ പരിമിതികളുണ്ടായേക്കാം.

ഈയൊരു സാഹചര്യത്തിൽ, സംസ്ഥാന ആസൂത്രണ ബോർഡിന്റെ, വർക്കിംഗ് ഗ്രൂപ്പ് ഓൺ നോളേജ് ഇക്കോണമി എംപ്ലോയ്‌മെന്റ് & സ്‌കിൽസ് റിപ്പോർട്ടിൽ (2022) KKEM- നെ കുറിച്ച് രേഖപ്പെടുത്തിയ ‘Concerns’ പരിഗണിക്കേണ്ടിയിരിക്കുന്നു: “The Knowledge Economy Mission runs the risk of increasing the numbers registered for employment from the current 37 lakhs while high end jobs are not being created in commensurate numbers. And if they are indeed catering to the lower end job roles as well, then a new platform does not appear to be necessary, rather strengthening and improving the existing agencies would have achieved the goal. Another risk arises from the concomitant loss of funding to the existing skilling agencies thereby choking them to slow death.” (Kerala State Planning Board, 2022. p. 36).

‘വൻ തൊഴിലവസരങ്ങൾ’ വാഗ്ദാനം ചെയ്യുന്ന മിക്ക തൊഴിൽമേളകളിലും, പങ്കെടുക്കുന്ന ഓരോ സ്ഥാപനത്തിലും എത്ര ഒഴിവുകളുണ്ടെന്നോ, ജോബ് റോൾ എന്തെന്നോ, ശമ്പളം എത്രയെന്നോ, എത്ര  പേരെ സെലക്ട് ചെയ്തതെന്നോ യഥാസമയം അറിയാൻ കഴിയാറില്ല.
‘വൻ തൊഴിലവസരങ്ങൾ’ വാഗ്ദാനം ചെയ്യുന്ന മിക്ക തൊഴിൽമേളകളിലും, പങ്കെടുക്കുന്ന ഓരോ സ്ഥാപനത്തിലും എത്ര ഒഴിവുകളുണ്ടെന്നോ, ജോബ് റോൾ എന്തെന്നോ, ശമ്പളം എത്രയെന്നോ, എത്ര പേരെ സെലക്ട് ചെയ്തതെന്നോ യഥാസമയം അറിയാൻ കഴിയാറില്ല.

അതായത് KKEM ഉയർത്തുന്ന ഒരു പ്രതിസന്ധി, ആനുപാതികമായി ഉയർന്ന നിലവാരത്തിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ലെങ്കിലും, തൊഴിലിനായി രജിസ്റ്റർ ചെയ്തിട്ടുള്ളവരുടെ എണ്ണം നിലവിലെ 37 ലക്ഷത്തിൽ നിന്ന് വർധിപ്പിക്കാനുള്ള സാധ്യത (ആ സമയം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ 37 ലക്ഷം ആയിരുന്നു); KKEM lower end jobs- ഉം പരിഗണിക്കുകയാണെകിൽ, ഒരു പുതിയ പ്ലാറ്റഫോമിന്റെ ആവശ്യകത വരികയില്ല, പകരം നിലവിലുള്ള ഏജൻസികളെ ശക്തിപ്പെടുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്താൽ ലക്ഷ്യം നേടാൻ കഴിയുമായിരുന്നു; മറ്റൊരു പ്രതിസന്ധി ഉയർത്തുന്നത്, ഇത് നിലവിലുള്ള skilling agencies കൾക്ക് ഫണ്ട് നല്‍കുന്നതിനെ ബാധിക്കുകയും, അത് ക്രമേണ അവയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിലേക്കും ചെന്നെത്തിക്കും എന്നതാണ്.

കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം സൂചിപ്പിക്കുന്നത്, പുതിയ തലമുറയിലുള്ളവർക്ക് മുൻകാലങ്ങളെ അപേക്ഷിച്ച് മാറിവരുന്ന തൊഴിലവസരങ്ങളെ കുറിച്ച് കൂടുതൽ ബോധ്യമുണ്ട് എന്നാണ്.

നാം വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച നേട്ടം, മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും പഠനത്തിനും തൊഴിലിനും വേണ്ടിയുള്ള കുടിയേറ്റം, ടെക്നോളജിയുടെ വളർച്ച തുടങ്ങി നിരവധി ഘടകങ്ങൾ ഈ മാറ്റത്തെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വലിയ തൊഴിൽ വാഗ്ദാനങ്ങളെക്കാൾ കേരളത്തിന് കൂടുതൽ യോജിച്ചത് ഉദ്യോഗാർഥികളുടെ എംപ്ലോയബിലിറ്റി വർധിപ്പിക്കാനും, മികച്ച തൊഴിലവസരങ്ങളും, മികച്ച തൊഴിലന്തരീക്ഷവും രൂപപ്പെടുത്തുന്നതുമായ സാഹചര്യങ്ങൾ സൃഷ്ടിക്കുക എന്നതാണ്. ഒരുപക്ഷെ മറ്റു സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്നതുപോലുള്ള സ്കിൽ ഡവലപ്മെന്റും പ്ലേസ്‌മെന്റും സംബന്ധമായ പദ്ധതികൾ കേരളത്തിന് അനുയോജ്യമായി എന്നുവരില്ല.

പുതിയ തലമുറയിലുള്ളവർക്ക് മുൻകാലങ്ങളെ അപേക്ഷിച്ച് മാറിവരുന്ന തൊഴിലവസരങ്ങളെ കുറിച്ച് കൂടുതൽ ബോധ്യമുണ്ട്
പുതിയ തലമുറയിലുള്ളവർക്ക് മുൻകാലങ്ങളെ അപേക്ഷിച്ച് മാറിവരുന്ന തൊഴിലവസരങ്ങളെ കുറിച്ച് കൂടുതൽ ബോധ്യമുണ്ട്

ജനനനിരക്കിലെ മാറ്റം, പ്രാഥമിക വിദ്യാഭ്യാസത്തിനു നൽകുന്ന പരിഗണന, നിലവിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കോഴ്‌സുകളുടെയും ലഭ്യത- ഇവയൊക്കെ പുതിയ പദ്ധതികൾ ഈ മേഖലയിൽ തുടങ്ങുമ്പോൾ പരിഗണിക്കേണ്ടിയിരിക്കുന്നു. അതോടൊപ്പം വ്യക്തമായ പഠനങ്ങളും വേണം. പ്രത്യേകിച്ച്, പല പദ്ധതികളും പ്രതീക്ഷിച്ച റിസൾട്ട് തരാത്തതിനാൽ. ഈയൊരു സാഹചര്യത്തിൽ കേരള സർക്കാർ പ്രധാനമായും പരിഗണിക്കേണ്ട ചില കാര്യങ്ങൾ:

  1. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ, സ്കിൽ ഡവലപ്മെന്റുമായി മാത്രം ചുരുക്കാതെ, ഉന്നത വിദ്യാഭ്യാസ മേഖലയുടെ പരിഷ്‌കാരങ്ങളുമായി കൂടി ബന്ധപ്പെടുത്തേണ്ടിയിരിക്കുന്നു. അതായത്, ഉന്നത വിദ്യാഭ്യാസം പൂർത്തീകരിക്കുന്ന ഓരോ വ്യക്തിയും, അവരുടെ മേഖലകളിൽ ആവശ്യത്തിന് വൈദഗ്ധ്യം നേടേണ്ടിയിരിക്കുന്നു. ഇത് അവരുടെ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിന് കാരണമാവും. കൂടാതെ, പഠനകാലയവിൽ പ്രൊജക്റ്റ് - ഇന്റേൺഷിപ്പ് അവസരങ്ങൾ ഒരുക്കുന്നതിലൂടെ, വിദ്യാർത്ഥികൾക്ക് തൊഴിൽ മേഖലയെ കൂടുതൽ അടുത്തറിയാൻ കഴിയും (ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ – KTU- പുതിയ പരിഷ്‌കാരങ്ങൾ മാതൃകയാക്കാം).

  2. ഉന്നത വിദ്യാഭ്യാസം നേടുന്ന മുഴുവൻ ആളുകളും തൊഴിലന്വേഷകരായി മാറാത്ത സാഹചര്യത്തിൽ (പലരും തുടർ പഠനത്തിനോ അല്ലെങ്കിൽ മൈഗ്രേഷനോ വേണ്ടി തയാറാവുകയാണ്), കാമ്പസ് പ്ലേസ്മെന്റ് സംവിധാനങ്ങൾ ശക്തമാക്കുന്നതിലൂടെ, ഒരു പരിധിവരെ ഒരു പുതിയ വിഭാഗം തൊഴിലില്ലാത്ത യുവജനങ്ങളെ സൃഷ്ടിക്കുന്നത് തടയാൻ കഴിയും. അങ്ങനെ വരുമ്പോൾ ഇത്തരം മിഷൻ ബേസ്ഡ് പ്രോഗ്രാമുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറത്തുള്ളവരും എന്നാൽ നിലവിൽ തൊഴിലിലേർപ്പെടാത്ത, അതേസമയം, തൊഴിൽ ആവശ്യമുള്ള ആളുകളിലേക്കുമാത്രം ഫോക്കസ് ചെയ്താൽ മതിയാവും.

  3. വ്യത്യസ്ത സ്ഥാപനങ്ങളാണ് സ്കിൽ ഡവലപ്മെന്റും പ്ലേസ്‌മെന്റുമായി ബന്ധപ്പെട്ട് കേരളത്തിൽ പ്രവർത്തിക്കുന്നത്. കേന്ദ്ര പദ്ധതികൾക്കുപുറമെ, സ്കിൽ ഡവലപ്മെന്റുമായി ബന്ധപ്പെട്ട് ASAP, KASE, ICT അക്കാദമി തുടങ്ങിയവയും, പ്ലേസ്മെന്റിനുവേണ്ടി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, നോളജ് ഇക്കോണമി മിഷൻ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ഒരേ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നത്, മികച്ച സേവനം പൊതുജങ്ങൾക്കു ലഭ്യമാവുന്നതിനും സർക്കാർ ചെലവ് കുറയുന്നതിനും കാരണമാവും.

  4. സ്കിൽ ഡവലപ്മെന്റ് പ്രോഗ്രാം വഴി ഓഫർ ചെയ്യുന്ന എല്ലാ കോഴ്‌സുകൾക്കും വലിയ തൊഴിൽ അവസരങ്ങളുണ്ടാകണം എന്നില്ല. അതുകൊണ്ടുതന്നെ, ഓരോ കോഴ്‌സിന്റെയും എൻറോൾമെന്റും അതിലെ പ്ലേസ്മെന്റ് വിവരങ്ങളും യഥാസമയം പ്രസിദ്ധീകരിക്കുന്നത് ഉദ്യോഗാർത്ഥികളെ മികച്ച കോഴ്‌സുകൾ തിരഞ്ഞെടുക്കുന്നതിന് സഹായിക്കും.

  5. തൊഴിൽമേളകളുടെ നടത്തിപ്പ് സംബന്ധിച്ച് സർക്കാർ വ്യക്തമായ മാർഗനിർദ്ദേശം പുറപ്പെടുവിക്കേണ്ടിയിരിയ്ക്കുന്നു. 'വൻ തൊഴിലവസരങ്ങൾ' വാഗ്‌ദാനം ചെയ്തുള്ള സുതാര്യമല്ലാത്ത തൊഴിൽ മേളകൾ ഒഴിവാക്കി, പങ്കെടുന്ന സ്ഥാപനങ്ങളുടെ പേര്, ഒഴിവുകളുടെ എണ്ണം, ജോബ് റോൾ, സാലറി എന്നിവ വ്യക്തമായി പ്രസിദ്ധീകരിച്ച് തൊഴിൽ മേളകൾ നടത്തേണ്ടിയിരിക്കുന്നു. പലപ്പോഴും തൊഴിൽമേളകൾ സംഘാടകർക്ക് നേട്ടമാണെങ്കിലും, പല ഉദ്യോഗാർഥികൾക്കും സമയനഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കാറുണ്ട്.

  6. കരിയർ സർവീസ് /ഡവലപ്മെന്റ് ഒരു ഇൻഡസ്ട്രിയായി മാറിയ സാഹചര്യത്തിൽ, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും കരിയർ ഡവലപ്പ്മെന്റുമായി ബന്ധപ്പെട്ട സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിന് ബുദ്ധിമുട്ട് നേരിട്ടേക്കാം. അതുകൊണ്ടുതന്നെ, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് സംവിധാനങ്ങൾ കരിയർ സെന്ററുകളായി മാറ്റപ്പെടണം (NCS- നു പുറമെ പുതിയ ലേബർ കോഡിലും കരിയർ സെന്റർ സംബന്ധിച്ച പരാമർശം കാണാം). അതോടൊപ്പം, എംപ്ലോയ്‌മെന്റ് ഓഫീസർമാർക്ക് ഫീൽഡ് സംബന്ധമായ കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകുന്നത്, എംപ്ലോയ്‌മെന്റ് മാർക്കറ്റ് ഇൻഫർമേഷൻ ശക്തമാകാനും വിദ്യാഭ്യാസ്ഥാപനങ്ങൾ, സ്കിൽ ഡവലപ്മെന്റ് സ്ഥാപനങ്ങൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ തുടങ്ങിയ സ്ഥാപനങ്ങളെ ബന്ധപ്പെടുത്തി മികച്ച രീതിയിലുള്ള കരിയർ ഡവലപ്മെന്റ് സംവിധാനം രൂപമെടുത്തിയെടുക്കാനും സഹായിക്കും. കൂടാതെ ഇത്തരം കരിയർ സെന്ററുകളിൽ സൈക്യാട്രിക് സോഷ്യൽ വർക്ക് /സൈക്കോളജി യോഗ്യതയുള്ള വ്യക്തികളെ ഉൾപ്പെടുത്തുന്നതോടെ മികച്ച കരിയർ കൗൺസിലിങ് സേവനങ്ങൾ നൽകുന്നതിനും സാധിക്കും. (എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിനു കീഴിൽ തന്നെയുള്ള CDC- യുടെയോ NCS- നു കീഴിലുള്ള MCC- യുടെയോ പ്രവർത്തനങ്ങൾ മാതൃകയാക്കാം).

References:

1. Digital Workforce Management System. Available at: https://knowledgemission.kerala.gov.in/ (Accessed: 10 June 2024).

2. Directorate General of Employment, Ministry of Labour and Employment (2022) Employment Exchange Statistics, 2022. Available at: https://www.ncs.gov.in/Documents/Employment%20Exchange%20Statistics%202022.pdf (Accessed: 16 May 2024)

3. Finance Department, Government of Kerala (2024) Staff Appendix 2024-25. Available at: https://finance.kerala.gov.in/bdgtDcs.jsp. (Accessed: 22 June 2024)

4. Kerala Development and Innovation Strategic Council (2021) Strategy Paper Vol 1. Available at: https://kdisc.kerala.gov.in/en/kkem/ (Accessed: 6 April 2024)

5. Kerala Development and Innovation Strategic Council (2024) Annual Progress Report 2023-24. Available At: https://kdisc.kerala.gov.in/wp-content/uploads/2024/05/K-DISC-Annual-Report-2023-24_PM_v6.pdf. (Accessed: 10 July 2024)

6. Kerala State Planning Board (2022a) Economic Review-2021 https://spb.kerala.gov.in/sites/default/files/2022-03/ECNO_%20ENG_21_%20Vol_1.pdf (Accessed: 20 March 2024)

7. Kerala State Planning Board (2022b) Fourteenth Five-Year Plan (2022-2027): Working Group On Knowledge Economy Employment & Skills. Available at: https://spb.kerala.gov.in/sites/default/files/inline-files/Knowledge%20Economy%2CEmployment%20and%20Skills-CDIT-FINAL.pdf (Accessed: 5 February 2024)

8. Kerala State Planning Board (2024) Economic Review-2023. Available at: https://spb.kerala.gov.in/sites/default/files/2024-02/ER_English_Vol_1_2023.pdf (Accessed: 20 June 2024)

9. Ministry of Electronics and Information Technology. Available at: https://www.meity.gov.in/content/employment (Accessed: 22 May 2024).

10.Ministry of Labour and Employment. Available at: https://www.epfindia.gov.in/site_en/index.php (Accessed: 14 July 2024).

11. Ministry of Labour and Employment (2024) Annual Report 2023 – 24. Available at: https://labour.gov.in/sites/default/files/ar_2023_24_compressed.pdf (Accessed: 1 July 2024)

12. Ministry of Statistics and Programme Implementation (2023) Periodic Labour Force Survey (PLFS) – July 2022 – June 2023. Available at: https://www.mospi.gov.in/sites/default/files/publication_reports/AR_PLFS_2022_23N.pdf (Accessed: 1 May 2024)

13. National Career Service. Available at: https://www.ncs.gov.in/ (Accessed: 26 February 2024).

14. National Employment Service (Kerala). Available at: https://employment.kerala.gov.in/en/sample-page/ (Accessed: 8 May 2024)


Comments