കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2026 ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തെ യൂണിയൻ ബജറ്റ് രാജ്യത്തിന്റെ വികസന മുൻഗണനകളെയും കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളെയും കുറിച്ചുള്ള ഗൗരവകരമായ സംവാദങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.
കേന്ദ്ര- സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ മാറ്റങ്ങൾ സംഭവിക്കുന്നതിനനുസരിച്ച് കേരളത്തിന്റെ വികസന ആവശ്യങ്ങളും കേന്ദ്ര ബജറ്റിലെ നയസമീപനങ്ങളും തമ്മിലുള്ള വിടവ് വർദ്ധിച്ചുവരുന്നു. ജനസംഖ്യാ നിയന്ത്രണത്തിലും മാനവവികസനത്തിലും കേരളം കൈവരിച്ച നേട്ടങ്ങൾ നികുതി വിഹിതം കുറയാൻ കാരണമാകുന്നത് വികസനത്തിന് ലഭിക്കുന്ന ഒരു 'ശിക്ഷ'യായി (Penalty for performance) മാറുന്നു. GST സമ്പ്രദായം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണത്തെ പരിമിതപ്പെടുത്തിയതും, കേരളത്തിന്റെ 'രണ്ടാം തലമുറ' വികസന വെല്ലുവിളികളെ അഭിമുഖീകരിക്കാൻ കേന്ദ്രത്തിന്റെ ഏകീകൃത നയസമീപനങ്ങൾ പരാജയപ്പെടുന്നതും കേരളത്തിന്റെ വികസന മുൻഗണനകളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു.

ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ പ്രായമാകുന്ന ജനതയുള്ള കേരളത്തിന് വയോജന പരിചരണത്തിനും സാമൂഹ്യ സുരക്ഷാ പെൻഷനുമായി വലിയ തുക ആവശ്യമായി വരുമ്പോൾ കേന്ദ്രാവിഷ്കൃത പദ്ധതികൾ പലപ്പോഴും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചാണ് രൂപകൽപ്പന ചെയ്യപ്പെടുന്നത്. പ്രകടനമികവിനെക്കാൾ ജനസംഖ്യാ വലിപ്പത്തിന് മുൻഗണന നൽകുന്ന ഇത്തരം വിതരണ രീതികൾ സഹകരണാത്മക ഫെഡറലിസത്തെ ദുർബലപ്പെടുത്തുകയാണ് ചെയ്യുന്നത്. കേരളം കൈവരിച്ച സാമൂഹിക നേട്ടങ്ങൾ നിലനിർത്താൻ പോരാടുന്ന കേരളത്തിന്റെ വികസന മാതൃകയ്ക്ക്, സംസ്ഥാനത്തിന്റെ സവിശേഷമായ ജനസംഖ്യാ ഘടനയും കാലാവസ്ഥാ വെല്ലുവിളികളും പരിഗണിക്കാത്ത കേന്ദ്ര സമീപനമാണ് 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിലൂടെ പ്രകടമാകുന്നത്.
അതിവേഗ റെയിൽ ഇടനാഴിയ്ക്ക്
പുറത്തായ കേരളം
കേരളത്തിന്റെ വേഗത്തിലുള്ള നഗരവൽക്കരണം ഗതാഗത സംവിധാനങ്ങളിൽ വലിയ സമ്മർദ്ദമാണ് ചെലുത്തുന്നത്. ഗ്രാമങ്ങൾ നഗരങ്ങളായി മാറുന്ന സവിശേഷ സാഹചര്യം നിലനിൽക്കുന്നതിനാൽ വർദ്ധിച്ചുവരുന്ന വാഹനത്തിരക്കും റോഡപകടങ്ങളും പരിഹരിക്കാൻ സുരക്ഷിതമായ റെയിൽ ഗതാഗതത്തിന് മാത്രമേ സാധിക്കൂ. ഇന്ത്യയിൽ വന്ദേ ഭാരത് ട്രെയിനുകൾക്ക് ഏറ്റവും ഉയർന്ന ഒക്യൂപൻസി നിരക്കുള്ള സംസ്ഥാനം കേരളമാണെന്ന വസ്തുത, വേഗതയേറിയ റെയിൽ യാത്രകളോടുള്ള മലയാളിയുടെ താല്പര്യത്തെയാണ് വ്യക്തമാക്കുന്നത്. എന്നാൽ ഈ വർദ്ധിച്ച ആവശ്യം പരിഗണിച്ച് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ കേന്ദ്ര ബജറ്റ് പുലർത്തുന്ന വിമുഖത സംസ്ഥാനത്തിന്റെ വികസന വേഗതയെ പ്രതികൂലമായി ബാധിക്കുന്നു.

തിരുവനന്തപുരം മുതൽ മംഗലാപുരം വരെയുള്ള അതിവേഗ റെയിൽ ഇടനാഴി കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. നിലവിലുള്ള പാതകളിലെ വളവുകളും സാങ്കേതിക പരിമിതികളും കാരണം ട്രെയിനുകൾക്ക് ആവശ്യമായ വേഗത കൈവരിക്കാൻ കഴിയാത്തത് യാത്രാക്ലേശം വർദ്ധിപ്പിക്കുന്നു. അയൽസംസ്ഥാനങ്ങളിൽ അതിവേഗ റെയിൽ ഇടനാഴികൾ കേന്ദ്രം നൽകുമ്പോൾ, റെയിൽവേയ്ക്ക് മികച്ച വരുമാനം നൽകുന്ന കേരളം അവഗണിക്കപ്പെടുന്നത് ഫെഡറൽ നീതിക്ക് നിരക്കാത്തതാണ്.
തുറമുഖ പദ്ധതികളുമില്ല
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കാര്യത്തിലും കേന്ദ്രം സമാനമായ അവഗണനയാണ് തുടരുന്നത്. ഇന്ത്യയിലെ ഏക മദർഷിപ്പ് ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായി വിഴിഞ്ഞം മാറുമ്പോൾ അതിന്റെ പൂർണ്ണമായ സാമ്പത്തിക പ്രയോജനം ലഭിക്കുന്നതിന് അനുബന്ധ വ്യവസായ ഇടനാഴികളും (Industrial Corridors) ലോജിസ്റ്റിക് പാർക്കുകളും അനിവാര്യമാണ്. എന്നാൽ, ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും പുതിയ തുറമുഖ പദ്ധതികൾക്കും വ്യവസായ നഗരങ്ങൾക്കും (GIFT City) വൻതോതിൽ ഫണ്ട് അനുവദിക്കുമ്പോൾ വിഴിഞ്ഞത്തിന്റെ രണ്ടാം ഘട്ട വികസനത്തിനായുള്ള കേരളത്തിന്റെ ആവശ്യങ്ങളോട് കേന്ദ്രം മൗനം പാലിക്കുന്നത് വികസന മുൻഗണനകളിലെ വിവേചനം വ്യക്തമാക്കുന്നു.
എവിടെ AIIMS?
കേരളത്തിന്റെ ആരോഗ്യമേഖല ഇന്ന് 'രണ്ടാം തലമുറ' വികസന വെല്ലുവിളികളെയാണ് നേരിടുന്നത്. അടിസ്ഥാന സൗകര്യങ്ങൾക്കപ്പുറം നിലവിലുള്ള സംവിധാനങ്ങളുടെ ആധുനികവൽക്കരണത്തിനും പരിപാലനത്തിനുമായി (Maintenance Cost) വലിയ തോതിലുള്ള മൂലധന നിക്ഷേപം ആവശ്യമാണ്. മറ്റ് സംസ്ഥാനങ്ങൾ പകർച്ചവ്യാധികളോട് പോരാടുമ്പോൾ, കേരളം ജീവിതശൈലീ രോഗങ്ങളുടെയും നിപ്പ, മസ്തിഷ്‌ക ജ്വരം തുടങ്ങിയ അസാധാരണ രോഗബാധകളുടെയും ഭീഷണിയിലാണ്. ഇത്തരം സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിന് സാധാരണ പദ്ധതികളേക്കാൾ ഉയർന്ന ചെലവ് വരുന്നു എന്നത് കേന്ദ്ര ബജറ്റുകൾ പലപ്പോഴും വിസ്മരിക്കുകയാണ്.

അതിവേഗം വർദ്ധിക്കുന്ന വയോജന ജനസംഖ്യ കേരളത്തിന് വലിയ സാമ്പത്തിക- സാമൂഹിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. ദേശീയ ശരാശരി 10% ആയിരിക്കുമ്പോൾ കേരളത്തിൽ വയോജനങ്ങൾ 16% കടന്നു കഴിഞ്ഞു; 2031-ഓടെ 21% ആയി ഉയരും. ഏകദേശം 60 ലക്ഷം പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകാൻ സംസ്ഥാനം പ്രതിവർഷം 9,000 കോടി രൂപയിലധികം ചെലവഴിക്കുമ്പോഴും കേന്ദ്ര വിഹിതം തുച്ഛമായി തുടരുന്നു. സ്വകാര്യ മേഖലയിലെ ചികിത്സാച്ചെലവ് വർദ്ധിക്കുന്ന സാഹചര്യത്തിൽ, വയോജന ആരോഗ്യ സംരക്ഷണത്തിനും (Geriatric Care) ഉന്നതതല ഗവേഷണത്തിനുമായി എയിംസ് (AIIMS) പോലുള്ള ഒരു ദേശീയ സ്ഥാപനം കേരളത്തിന് അനിവാര്യമായി മാറുന്നു. കോഴിക്കോട് കിനാലൂരിൽ ഇതിനായി ഭൂമി ഏറ്റെടുത്ത് സജ്ജമാക്കിയിട്ടും കേന്ദ്രാനുമതി വൈകുന്നത് ആരോഗ്യ മേഖലയിലെ പുരോഗതിയെ പിന്നോട്ടടിക്കുന്നു.
ആയുർദൈർഘ്യം വർദ്ധിച്ചത് മൂലമുണ്ടാകുന്ന ആരോഗ്യ- പെൻഷൻ ബാധ്യതകളെ ഒരു വികസന വെല്ലുവിളിയായി കേന്ദ്രം പരിഗണിക്കേണ്ടതുണ്ട്. സംസ്ഥാനത്തിൻ്റെ പ്രകടന മികവിനെ വിഭവങ്ങൾ കുറയ്ക്കാനുള്ള കാരണമാക്കുന്നതിന് പകരം, കേരളത്തിന്റെ ആരോഗ്യ മേഖലയിലെ ഗവേഷണ ആവശ്യങ്ങൾ മുൻനിർത്തി എയിംസ് അനുവദിക്കുകയും പ്രത്യേക പാക്കേജുകൾ നടപ്പിലാക്കുകയുമാണ് കേന്ദ്രം ചെയ്യേണ്ടത്. ഒരു ഗവേഷണ കേന്ദ്രം എന്ന നിലയിൽ എയിംസ് വരുന്നതോടെ പകർച്ചവ്യാധി നിയന്ത്രണത്തിലും വിദഗ്ദ്ധ ചികിത്സയിലും കേരളത്തിന് ദേശീയതലത്തിൽ തന്നെ വലിയ മുന്നേറ്റം നടത്താൻ സാധിക്കും.
ധനകാര്യ കമ്മീഷൻ ശുപാർശകളും കേരളത്തിനുള്ള വിഹിതവും
ദീർഘകാലമായി കേരളം ഉന്നയിച്ചിരുന്ന പരാതികൾക്ക് ഭാഗികമായ ആശ്വാസം നൽകി കേന്ദ്ര നികുതി വിഹിതത്തിൽ (Tax Devolution) 16-ാം ധനകാര്യ കമ്മീഷൻ വർദ്ധനവ് വരുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിഹിതം 1.925 ശതമാനത്തിൽ നിന്ന് 2.382 ശതമാനമായി ഉയർത്തിയതോടെ ഈ സാമ്പത്തിക വർഷം കേരളത്തിന് ഏകദേശം 36,355 കോടി രൂപ ലഭിക്കും. മുൻവർഷത്തെ 24,500 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിവർഷം ശരാശരി 10,000 കോടി രൂപയുടെ അധിക വരുമാനം ഖജനാവിലേക്ക് എത്തും. 15-ാം ധനകാര്യ കമ്മീഷന്റെ കാലത്ത് നേരിട്ട കടുത്ത അവഗണനയ്ക്കും സാമ്പത്തിക പ്രതിസന്ധിക്കും ഈ മാറ്റം ഒരു പരിധിവരെ തടയിടുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്.

നികുതിവിഹിതത്തിൽ വർദ്ധനവുണ്ടായെങ്കിലും റവന്യൂ കമ്മി ഗ്രാന്റോ (Revenue Deficit Grant) സംസ്ഥാനങ്ങൾക്കായുള്ള സവിശേഷ ഗ്രാന്റുകളോ (State Specific Grant) അനുവദിക്കാത്തത് കേരളത്തിന് വലിയ തിരിച്ചടിയാണ്. സംസ്ഥാനം നേരിടുന്ന കടുത്ത ധനപ്രതിസന്ധിക്കും വയോജന ക്ഷേമം പോലുള്ള വികസന ആവശ്യങ്ങൾക്കും ഇത്തരം ഗ്രാന്റുകൾ നിർണ്ണായകമായിരുന്നു. കേന്ദ്രം സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്ന നികുതിവിഹിതം 41 ശതമാനത്തിൽ നിന്ന് 50 ആക്കണമെന്ന കേരളം ഉൾപെടെയുള്ള സംസ്ഥാനങ്ങളുടെ വാദം പൂർണ്ണമായും തള്ളി. കേന്ദ്രസഹായം നിശ്ചിത നികുതിവിഹിതത്തിൽ മാത്രമായി ചുരുങ്ങുമ്പോൾ വർദ്ധിച്ചുവരുന്ന പെൻഷൻ ബാധ്യതകളും ആരോഗ്യരംഗത്തെ ചെലവുകളും നേരിടാൻ സംസ്ഥാനത്തിന് സ്വന്തം വിഭവങ്ങളെ തന്നെ അമിതമായി ആശ്രയിക്കേണ്ടി വരുന്നത് സാമ്പത്തിക സമ്മർദ്ദം വർദ്ധിപ്പിക്കും.
യഥാർത്ഥത്തിൽ, വിഹിതത്തിലുണ്ടായ വർദ്ധനവ് കേരളത്തിന്റെ ജനസംഖ്യയ്ക്കോ സംസ്ഥാനം കേന്ദ്രത്തിന് നൽകുന്ന നികുതി പങ്കാളിത്തത്തിനോ ആനുപാതികമല്ല. കേരളത്തിന്റെ ഉയർന്ന സാമ്പത്തിക- സാമൂഹിക നേട്ടങ്ങൾ പരിഗണിക്കുമ്പോൾ 2.382 ശതമാനം എന്നത് ഇപ്പോഴും നീതിയുക്തമായ പങ്കല്ല എന്ന വാദം ശക്തമാണ്. ജനസംഖ്യ, വിസ്തീർണ്ണം തുടങ്ങിയ പരമ്പരാഗത മാനദണ്ഡങ്ങൾക്കപ്പുറം പ്രകടന മികവിനും (Efficiency) 'രണ്ടാം തലമുറ' വികസന വെല്ലുവിളികൾക്കും കമ്മീഷൻ അർഹമായ മുൻഗണന നൽകിയിരുന്നെങ്കിൽ കേരളത്തിന് ഇതിലും ഉയർന്ന വിഹിതം ലഭിക്കേണ്ടതായിരുന്നു. ജനസംഖ്യാവലിപ്പത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള വിഭവ വിതരണ രീതി ശാസ്ത്രീയമല്ലെന്ന് കേരളത്തിന്റെ സാഹചര്യം വ്യക്തമാക്കുന്നു. സംസ്ഥാനങ്ങളുടെ യഥാർത്ഥ വികസന ആവശ്യങ്ങളെ മുൻനിർത്തി കേന്ദ്ര വിഹിതം പുനർനിർണ്ണയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
അവഗണിക്കപ്പെട്ട
പുനരധിവാസ പാക്കേജ്
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ഏറ്റവും തീവ്രമായി അനുഭവിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. 2018-ലെ പ്രളയത്തിനു ശേഷം വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടൽ കേരളത്തിന്റെ ഭൗമസാഹചര്യങ്ങളെയും സുരക്ഷയെയും വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ ദുരന്തത്തിന് ശേഷവും പുനരധിവാസത്തിനും ദീർഘകാല പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി കേരളം ആവശ്യപ്പെട്ട പ്രത്യേക പാക്കേജുകൾ കേന്ദ്ര ബജറ്റിൽ അവഗണിക്കപ്പെട്ടു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് സമാന സാഹചര്യങ്ങളിൽ ലഭിക്കുന്ന അടിയന്തര സഹായം കേരളത്തിന് ലഭിക്കാത്തത് ഫെഡറൽ നീതിയുടെ ലംഘനമായാണ് വിലയിരുത്തപ്പെടുന്നത്.

കേരളത്തിന്റെ ഭൂപ്രകൃതിയും ഉയർന്ന ജനസാന്ദ്രതയും പരിഗണിക്കുമ്പോൾ ദേശീയ ദുരന്ത പ്രതികരണ നിധി (NDRF) മാനദണ്ഡങ്ങൾ സംസ്ഥാനത്തിന് പ്രായോഗികമല്ലെന്നതാണ് പ്രധാന വെല്ലുവിളി. പശ്ചിമഘട്ടത്തിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആയിരക്കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ വലിയ തോതിലുള്ള മൂലധന നിക്ഷേപം ആവശ്യമാണ്. കാലാവസ്ഥാ വ്യതിയാനം കനത്ത ഭീഷണിയായി തുടരുമ്പോഴും പരിസ്ഥിതി സംരക്ഷണത്തിനും ദുരന്ത ആഘാത ലഘൂകരണത്തിനുമായി (Disaster Mitigation) കേരളം ആവശ്യപ്പെട്ട പ്രത്യേക 'ഗ്രീൻ ഗ്രാന്റുകൾ' അനുവദിക്കാൻ കേന്ദ്രം തയ്യാറാവാത്തത് സംസ്ഥാനത്തിന്റെ അതിജീവന ശ്രമങ്ങളെയും സാമ്പത്തിക ഭദ്രതയെയും കാര്യമായി ബാധിക്കുന്നു.
മുണ്ടക്കൈ ദുരന്തം പോലുള്ള വലിയ ആഘാതങ്ങളെ നേരിടാൻ സംസ്ഥാനത്തിന്റെ പരിമിതമായ സാമ്പത്തിക വിഭവങ്ങൾ മാത്രം മതിയാകില്ല. ദുരന്തനിവാരണത്തെ കേവലം താൽക്കാലിക ആശ്വാസ നടപടിയായി കാണാതെ ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു പ്രതിരോധ പാക്കേജ് കേന്ദ്രം അനുവദിക്കേണ്ടത് അനിവാര്യമാണ്. മറ്റ് സംസ്ഥാനങ്ങളിലെ പ്രകൃതിക്ഷോഭങ്ങളെ 'ദേശീയ ദുരന്ത’മായി പരിഗണിച്ച് പ്രത്യേക പിന്തുണ നൽകുമ്പോൾ കേരളത്തിന്റെ ആവശ്യങ്ങളോട് കേന്ദ്ര ബജറ്റ് പുലർത്തുന്ന മൗനം സംസ്ഥാനത്തിന്റെ സാമ്പത്തിക നട്ടെല്ലൊടിക്കുന്നതിനൊപ്പം ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ വേഗത കുറയ്ക്കുകയും ചെയ്യുന്നു.
Penalty for performance
കേരളത്തോടുള്ള യൂണിയൻ ബജറ്റിലെ അവഗണന കേവലം രാഷ്ട്രീയ ആരോപണങ്ങൾക്കപ്പുറം, നിലവിലെ ഫെഡറൽ സാമ്പത്തിക സംവിധാനത്തിലെ അശാസ്ത്രീയമായ വിഭവ വിതരണ രീതികളെയാണ് തുറന്നുകാട്ടുന്നത്. മികച്ച സാമൂഹിക നേട്ടങ്ങൾ കൈവരിച്ച കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കേന്ദ്ര വിഹിതത്തിൽ ശിക്ഷിക്കപ്പെടുന്ന (Penalty for performance) നിലവിലെ രീതി മാറേണ്ടതുണ്ട്. ഓരോ സംസ്ഥാനത്തിന്റെയും സവിശേഷമായ ഭൂപ്രകൃതിയും ജനസംഖ്യാ ഘടനയും പരിഗണിക്കുന്ന 'ആവശ്യാധിഷ്ഠിത ബജറ്റിംഗ്' (Need-based Budgeting) സമ്പ്രദായം നടപ്പിലാക്കുന്നത് വഴി മാത്രമേ നീതിപൂർവ്വമായ വിഭവവിതരണം ഉറപ്പാക്കാൻ സാധിക്കൂ. കേന്ദ്രാവിഷ്കൃത പദ്ധതികളിൽ സംസ്ഥാനങ്ങൾ 40-50% വിഹിതം നൽകുന്ന സാഹചര്യത്തിൽ അവയുടെ രൂപകൽപ്പനയിൽ പ്രാദേശിക യാഥാർത്ഥ്യങ്ങൾ പരിഗണിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്ക് നൽകുന്നത് സഹകരണാത്മക ഫെഡറലിസത്തെ ശക്തിപ്പെടുത്തും.
Read: ‘വാർധക്യ സമൂഹ’മായി
മാറുന്ന കേരളവും
ആദ്യത്തെ വയോജന ബജറ്റും
കേരളത്തിന്റെ സാമ്പത്തിക നയങ്ങളെ കേന്ദ്രം വിമർശിക്കുമ്പോഴും, വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന സംസ്ഥാനത്തിന്റെ മാനവ വിഭവശേഷിയെ പരിഗണിക്കാൻ കേന്ദ്രം തയ്യാറായില്ല എന്നത് ഒരു വസ്തുതയാണ്. കേന്ദ്രവിഹിതത്തിലെ കുറവ് പരിഹരിക്കാൻ സ്വകാര്യ- പ്രവാസി നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനൊപ്പം വിഴിഞ്ഞം പോലുള്ള ബൃഹദ് പദ്ധതികളിലൂടെ സ്വന്തം വരുമാനം വർദ്ധിപ്പിക്കുകയുമാണ് കേരളത്തിന് മുന്നിലുള്ള പോംവഴി.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗവേഷണ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും ഐ.ടി, റോബോട്ടിക്സ് തുടങ്ങിയ നൂതന മേഖലകളിൽ നിക്ഷേപം ഉറപ്പാക്കിയും വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാറ്റം വേഗത്തിലാക്കണം. ഇത്തരം ക്രിയാത്മകമായ ഇടപെടലുകളിലൂടെ 2035-ഓടെ ആഗോളതലത്തിൽ മത്സരക്ഷമതയുള്ള ഒരു സമ്പദ്‌വ്യവസ്ഥയായി മാറാൻ കേരളത്തിന് സാധിക്കും.

