വറുതിയിൽ നിന്ന് കരകയറ്റലും കുടുംബശ്രീയുടെ ബാധ്യതയോ?

മഹാമാരിയെ ഫലപ്രദമായി കൈകാര്യം ചെയ്ത സർക്കാരിന് തെറ്റുപറ്റില്ല, ഇല്ല, ഒരിക്കലും തെറ്റുപറ്റില്ല, എന്ന ശാഠ്യത്തെ സംശയത്തോടെ മാത്രമേ കാണാവൂ എന്ന പാഠമാണ് മഹാമാരികളുടെ ലോകചരിത്രം നമ്മെ പഠിപ്പിക്കുന്നത്

ഹാമാരികളുടെ കാലത്ത് സമൂഹത്തിൽ നിലവിലുള്ള എല്ലാ ആഖ്യാനങ്ങൾക്കും മീതെ സർക്കാരുകളുടെ ആഖ്യാനം ഉയർന്നുകേൾക്കുന്നത് സ്വാഭാവികമാണ്. രോഗസംബന്ധിയായ ആഖ്യാനത്തിന്റെ കാര്യത്തിൽ മാത്രമല്ല, മറ്റെല്ലാ കാര്യങ്ങളിലും ഭരണകൂടത്തിന്റെ ശബ്ദം പ്രബലമാകുന്നതും പ്രതീക്ഷിതം തന്നെ. എന്നാൽ ഭരണകൂടത്തിന് ഈവിധം ലഭിക്കുന്ന പ്രാബല്യത്തെ സംശയത്തോടെ മാത്രമേ കാണാവൂ എന്ന പാഠമാണ് മഹാമാരികളുടെ ലോകചരിത്രം നമ്മെ പഠിപ്പിക്കുന്നത്.

കേരളത്തിലും സ്ഥിതി മറിച്ചല്ല. മഹാമാരിയെപ്പറ്റി സർക്കാർ നൽകുന്ന ആഖ്യാനമാണ് കാര്യമായി കേൾക്കപ്പെടുന്നത്, അതിന് സുവ്യക്തമായ ന്യായീകരണവുമുണ്ട്. കേരളസർക്കാർ കോവിഡിനെ നേരിട്ടതിലെ കാര്യക്ഷമത ലോകമെങ്ങും അംഗീകരിക്കപ്പെടുന്നുണ്ട്, സത്യമാണ്. സുരക്ഷാവൽകൃത ഭരണകൂടത്തിന്റെ പല സ്വഭാവങ്ങളും കേരളത്തിലെ ഭരണകൂടത്തിൽ കണ്ടുതുടങ്ങിക്കഴിഞ്ഞിരിക്കുന്നെങ്കിലും ഇവിടുത്തെ സർക്കാർ ജനക്ഷേമത്തെ പാടെ കൈയൊഴിഞ്ഞിട്ടില്ലെന്നതും നേരുതന്നെ. പക്ഷേ അതിനാൽ കേരളസർക്കാർ മറ്റുള്ള കാര്യങ്ങളെപ്പറ്റി പറയുന്നതെന്തും ശരിയായിക്കൊള്ളണമെന്നില്ല.

എന്നാൽ, ഈ ദുർബലയുക്തിക്ക് ഇന്ന് നല്ല പ്രചാരമുണ്ട്. സ്പ്രിംക്‌ളർ വിവാദത്തിൽ ഇത് നാം നേരിട്ടുകണ്ടതാണ്. വിമർശനം ഉയർന്ന ഉടൻ തെറ്റുസമ്മതിച്ചും തിരുത്തൽ സ്വീകരിച്ചും കൊണ്ടുള്ള മാന്യമായ പ്രതികരണത്തിനു പകരം സമൂഹമാകെ വൻപ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ അതിനെ രാഷ്ട്രീയകക്ഷികൾ തമ്മിലുള്ള അടിപിടിയായി തരംതാഴാൻ ഉത്തരവാദപ്പെട്ടവർ അനുവദിച്ചു. ഒപ്പം സാമൂഹ്യമാദ്ധ്യമങ്ങളിൽ മേൽപ്പറഞ്ഞ കുയുക്തി നമ്മുടെ മുഖത്തേയ്ക്കുതന്നെ എറിയാനും പലരും മടിച്ചില്ല - മഹാമാരിയെ ഫലപ്രദമായി കൈകാര്യം ചെയ്ത സർക്കാരിന് തെറ്റുപറ്റില്ല, ഇല്ല, ഒരിക്കലും തെറ്റുപറ്റില്ല, എന്ന ശാഠ്യം. ഹൈക്കോടതി പറഞ്ഞ കാര്യങ്ങൾ ഈ ചർച്ചയുടെ തുടക്കത്തിൽ സ്വയം നടപ്പാക്കി വിവാദം ഒഴിവാക്കേണ്ടതിനു പകരം പിണറായി വിജയൻ vs കേരളത്തിന്റെ ശത്രുക്കളെല്ലാവരും എന്ന വടംവലിമത്സരത്തിന് നാം കോപ്പുകൂട്ടി. സർക്കാരിന്റേതല്ലാത്ത ആഖ്യാനങ്ങൾക്ക് ശ്രവ്യത കുറയുന്ന അവസരത്തിന്റെ പ്രത്യേകത കണക്കിലെടുക്കാതെയുള്ള സർക്കാരനുകൂലപ്രതികരണങ്ങൾക്ക് ജനാധിപത്യത്തോട് കൂറു കുറവായിരിക്കാനാണ് സാദ്ധ്യത.

കേരളത്തോടുള്ള കൂറിന്റെ കാര്യത്തിൽ യാതൊരു സംശയവും ആർക്കും ഉണ്ടാകാനിടയില്ലാത്ത കേരളത്തിലെ പരിസ്ഥിതിപ്രസ്ഥാനത്തിന്റെ ശബ്ദം പാടെ അവഗണിക്കപ്പെടുന്നത് അങ്ങേയറ്റം ഗുരുതരമാണ്.

എന്നാൽ വാദത്തിനുവേണ്ടി വേണമെങ്കിൽ സമ്മതിക്കാം - കേരളത്തിലെ ഇന്നത്തെ പ്രതിപക്ഷത്തിൽ ഒരു വിഭാഗം ഹിന്ദുത്വവാദികളുടെ ബി ടീമും ആധാർപദ്ധതിയുടെ വക്താക്കളും ആയ കോൺഗ്രസും മറ്റേത് കേരളത്തെ വഞ്ചിക്കാൻ മടിക്കാത്ത ബി.ജെ.പിയും ആയ സ്ഥിതിക്ക് അവരുടെ ആഖ്യാനങ്ങളെ സംശയത്തോടെ വേണം കാണാൻ എന്ന്. പക്ഷേ അവരുടെ ആഖ്യാനങ്ങൾ മാത്രമല്ല കോവിഡ് കാലത്ത് കേൾക്കാതാകുന്നത് എന്നതാണ് ഗുരുതരപ്രശ്നം. കേരളത്തോടുള്ള കൂറിന്റെ കാര്യത്തിൽ യാതൊരു സംശയവും ആർക്കും ഉണ്ടാകാനിടയില്ലാത്ത കേരളത്തിലെ പരിസ്ഥിതിപ്രസ്ഥാനത്തിന്റെ ശബ്ദം പാടെ അവഗണിക്കപ്പെടുന്നത് അങ്ങേയറ്റം ഗുരുതരമാണ്. പരിസ്ഥിതിനാശം വരുത്തിവെക്കാനിടയുള്ള ആരോഗ്യഭീഷണികളെപ്പറ്റി ഇവിടെ പറഞ്ഞുതുടങ്ങിയത് അവരാണ്. പുറത്തുനിന്ന് ആരംഭിച്ച കോവിഡ് ഭീഷണിയെ ഫലപ്രദമായി നേരിട്ടതിന് കേരളസർക്കാർ അഭിനന്ദനമർഹിക്കുന്നുണ്ടെന്നതു തീർച്ചതന്നെ, പക്ഷേ കേരളം സമീപകാലത്ത് നേരിട്ട പൊതുജനാരോഗ്യവെല്ലുവിളികളിൽ മിക്കവയും ഈ സംസ്ഥാനത്തിനുള്ളിൽ ജന്മമെടുത്തവയാണെന്ന കാര്യം അവഗണിക്കുന്നത് ബുദ്ധിയാണോ? അവയിൽ പലതും അന്തമില്ലാത്ത ആർത്തിയോടെ പടർന്നുപിടിക്കുന്ന ഇരപിടിയൻമുതലാളിത്തവും നമ്മുടെ അടികാണാത്ത ഉപഭോഗശീലങ്ങളും വരുത്തിവെച്ചവയായിരുന്നു.

ചിത്രം: അബിൻ സോമൻ

നാം വീണ്ടും ഈ തെറ്റ് ആവർത്തിക്കാൻ തന്നെ തീരുമാനിച്ചിരിക്കുന്നു

2018ലെ മഹാപ്രളയകാലത്ത് നാമിത് വ്യക്തമായി കണ്ടതാണ്. നമ്മുടെ ബുദ്ധികെട്ട ഉപഭോഗശീലങ്ങളാൽ രൂപപ്പെട്ട ഭൂവിനിയോഗം നമുക്കു മരണക്കെണിയായതെങ്ങനെ എന്ന് ആ പ്രളയം തുറന്നുകാട്ടിയതാണ്. അന്നും കേരളം പ്രതിസന്ധിയെ ഹ്രസ്വകാലത്തിൽ ധീരമായി നേരിട്ടു. അതിനുശേഷം നാട്ടിലെ പണക്കാരുടെയും സ്വാധീനമുള്ളവരുടെയും പ്രയാസങ്ങൾ അൽപമൊന്നു കുറഞ്ഞതോടെ നാം പഴയ നശീകരണപാതയിലേക്ക് മടങ്ങി.

മഹാമാരിക്കാലത്ത് മലയിടിച്ചിലിനും ജീവനാശത്തിനുമിടയാക്കിയ പാറമടകൾക്ക് ഇക്കാലത്തു പുതുജീവൻ നൽകാൻ സർക്കാർ തയ്യാറായിരിക്കുന്നു. പാറഖനനത്തിൽ സ്വകാര്യമേഖലയ്ക്ക് കാര്യമായ സൗകര്യമുള്ളവിധം പൊതു-സ്വകാര്യമാതൃക ഉന്നയിക്കപ്പെടുന്നു, ഈ കോവിഡ് കാലത്ത്

പ്രളയാനന്തര പുനർനിർമ്മാണത്തിനെന്ന പേരിൽ അവതരിപ്പിക്കപ്പെട്ട റീബിൽഡ് കേരള എന്ന പദ്ധതിക്കൂട്ടം ഇതിന് നല്ല ഉദാഹരണമാണ്. കോവിഡ് കാലത്തും ഇതേ പ്രതികരണരീതി തന്നെയാണ് കാണുന്നത്. മഹാമാരിക്കാലത്ത് മലയിടിച്ചിലിനും ജീവനാശത്തിനുമിടയാക്കിയ പാറമടകൾക്ക് ഇക്കാലത്തു പുതുജീവൻ നൽകാൻ സർക്കാർ തയ്യാറായിരിക്കുന്നു. പാറഖനനത്തിൽ സ്വകാര്യമേഖലയ്ക്ക് കാര്യമായ സൗകര്യമുള്ളവിധം പൊതു-സ്വകാര്യമാതൃക ഉന്നയിക്കപ്പെടുന്നു, ഈ കോവിഡ് കാലത്ത്. കേരളത്തിലെ പാറമടകളിൽ വലിയൊരു ശതമാനം വനമേഖലകളോടു ചേർന്നുകിടക്കുന്നവയാണ്. ജന്തുക്കളിൽ നിന്ന് മനുഷ്യരിലേക്കു പകരുന്ന രോഗങ്ങൾ വ്യാപകമാകാനുള്ള മുഖ്യകാരണങ്ങളിലൊന്ന് വനമേഖലകളിലേക്കുള്ള കടന്നുകയറ്റമാണെന്ന തിരിച്ചറിവ് സാർവത്രികമായിരിക്കുന്നുവെങ്കിലും നാം വീണ്ടും ഈ തെറ്റ് ആവർത്തിക്കാൻ തന്നെ തീരുമാനിച്ചിരിക്കുന്നു. ഈ ആശങ്ക പ്രകടിപ്പിക്കുന്നവരോട് സർക്കാർഭക്തർ പറയുമായിരിക്കും - ഓ സാരമില്ല, നമ്മുടെ പൊതുജനാരോഗ്യ സംവിധാനവും ശൈലജടീച്ചറും നിങ്ങളെ രക്ഷിക്കും - എന്ന്.

ഈ പ്രതികരണം കേലവം ദയനീയമാണ്. പ്രത്യേകിച്ചും അത് കമ്യൂണിസ്റ്റ് പക്ഷത്തുനിന്നുയർന്നാൽ.
ആരോഗ്യപ്രതിസന്ധികളുണ്ടാകുന്ന വേളകളിൽ അവയെ വേണ്ടവിധം മാനേജ് ചെയ്താൽ മതി, അല്ലാതെ അവയുണ്ടാകുന്ന അടിസ്ഥാന സാഹചര്യങ്ങളെ തിരുത്തേണ്ടതില്ല എന്ന വാദം തീർച്ചയായും ഇടതുരാഷ്ട്രീയം അവകാശപ്പെടുന്ന ഒരു കക്ഷിക്കു ചേർന്നതല്ല. കേരളത്തിലെ പരിസ്ഥിതിപ്രസ്ഥാനം - ഡീപ്പ് ഇക്കോളജീയ ധാരണകൾ വച്ചു പുലർത്തുന്നവർ മുതൽ ചെലവു-ഗുണഫല അപഗ്രഥനത്തിൽ വിശ്വസിക്കുന്ന ശാസ്ത്രസാഹിത്യപരിഷത് വരെയുള്ള വിവിധസംഘങ്ങൾ - പല ദശകങ്ങളായി ഇവിടുത്തെ പരിസ്ഥിതിസാഹചര്യങ്ങൾ ജനജീവിതത്തിന്റെയും ഉപഭോഗത്തിന്റെയും സങ്കീർണത വർദ്ധിക്കുന്നതിനൊപ്പം ദുർബലമായിക്കൊണ്ടിരിക്കുന്നതിനെപ്പറ്റി നമുക്ക് മുന്നറിയിപ്പുതന്നുകൊണ്ടിരിക്കുന്നു. 2018ലെ മഹാപ്രളയകാലത്തും ഈ ശബ്ദങ്ങൾ മറ്റൊരു വികസനമാതൃകയിലേക്ക് നമ്മുടെ ശ്രദ്ധയാകർഷിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അവർ എക്കാലത്തും അവഗണിക്കപ്പെടുകയായിരുന്നു.

ഇന്നാകട്ടെ, മുന്നിൽ ഇക്കോളജീയ പ്രതിസന്ധി വാ പിളർത്തിനിൽക്കുന്ന ഈ നിമിഷത്തിലും പരിസ്ഥിതി പ്രസ്ഥാനത്തിന്റെ ശബ്ദത്തെ തുടർന്നും അവഗണിക്കാനാണ് നാം ശ്രമിക്കുന്നത്.

ഭക്ഷ്യസുരക്ഷ എന്ന വിഷയം

കെട്ടിടനിർമ്മാണ വ്യവസായത്തോടും നഗരവൽക്കരണത്തോടുമുള്ള അഭിനിവേശത്തിനിടയിൽ നാം തള്ളിക്കളഞ്ഞ ഭക്ഷ്യസുരക്ഷ എന്ന വിഷയം അനിഷേധ്യമാംവിധം തെളിഞ്ഞുവന്നിരിക്കുന്നു. നഗരപ്രദേശങ്ങളിലെ ഇക്കോളജീയ സുസ്ഥിരത ഉറപ്പാക്കിയിരുന്ന ചെറുതുരുത്തുകളെ കൈയേറി നശിപ്പിക്കുന്നതിനെതിരെ ശബ്ദിച്ചവർ, വനസംരക്ഷണത്തിനും ആദിവാസി ജനങ്ങളുടെ വനാവകാശങ്ങൾക്കു വേണ്ടിയും ശബ്ദിച്ചവർ, ഇവരെയെല്ലാം പ്രായോഗികബോധമില്ലാത്ത കാൽപനികവാദികളായി മുദ്രകുത്തിയ വൻകിട വളർച്ചാവാദികൾ വിശ്വസിച്ച ഉറപ്പുകളൊന്നും ശാശ്വതമല്ലെന്ന് ഇന്ന് വ്യക്തമായിരിക്കുന്നു. അവരുടെ ചിന്താചട്ടക്കൂടു തന്നെ പൊളിഞ്ഞുകൊണ്ടിരിക്കുന്നു, ആശയാവലിയും വിചാരമാതൃകകളും സംശയാസ്പദങ്ങളായിരിക്കുന്നു.

ഡോണാൾഡ് ട്രംപിനെയോ ജെയർ ബൊൾസൊണാരെയോ പോലെ ദുഷ്ടനല്ല നമ്മുടെ മുഖ്യമന്ത്രി. അവരെപ്പോലെ വിഡ്ഢിയുമല്ല. പിന്നെന്തുകൊണ്ടാണ് അദ്ദേഹത്തിനും അദ്ദേഹം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ-സാമൂഹ്യശക്തിക്കും മറ്റൊരു മാർഗത്തെപ്പറ്റി കാര്യമായി ചിന്തിക്കാനാവാത്തത്?

ഭക്ഷ്യക്ഷാമമായിരിക്കാം ഇനി ഭാവിയിലെന്ന് നമ്മുടെ മുഖ്യമന്ത്രി പരസ്യമായി മുന്നറിയിപ്പു നൽകുന്നു - വീട്ടുപരിസരങ്ങളിലെല്ലാം ഭക്ഷ്യകൃഷി വേണമെന്നും ഒരിഞ്ചുഭൂമി പോലും തരിശിടരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. എങ്കിലും ഇവിടെ അടിയുറച്ച ഇരപിടിയൻ മുതലാളിത്തത്തെയും ഭൗതികസൗകര്യ നിർമ്മാണത്തെയും ഉപഭോഗത്തെയും കേന്ദ്രീകരിക്കുന്ന വളർച്ചയെ നമ്മുടെ ആത്യന്തികവും അനിവാര്യവുമായ ലക്ഷ്യമായി ചിത്രീകരിക്കുന്ന ആ ചിന്താചട്ടക്കൂട് അങ്ങനെതന്നെ നിലനിൽക്കുന്നു. ലോകം മുഴുവൻ അൽപമെങ്കിലും ചിന്തിക്കുന്നവരായ ജനങ്ങൾ ആ വഴിയെപ്പറ്റി ആശങ്ക പ്രകടിപ്പിച്ചു തുടങ്ങിയെങ്കിലും.

Photo: www.kudumbashree.org

ഡോണാൾഡ് ട്രംപിനെയോ ജെയർ ബൊൾസൊണാരെയോ പോലെ ദുഷ്ടനല്ല നമ്മുടെ മുഖ്യമന്ത്രി. അവരെപ്പോലെ വിഡ്ഢിയുമല്ല. പിന്നെന്തുകൊണ്ടാണ് അദ്ദേഹത്തിനും അദ്ദേഹം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ-സാമൂഹ്യശക്തിക്കും മറ്റൊരു മാർഗത്തെപ്പറ്റി കാര്യമായി ചിന്തിക്കാനാവാത്തത്? ആപത്ഘട്ടങ്ങളിൽ ഭരണകൂടത്തെയും സിവിൽസമൂഹത്തെയും ഒരുമിച്ചുകൊണ്ടുവന്ന് ഹ്രസ്വകാലവിജയങ്ങൾ കൊയ്യുന്നതിൽ മിടുക്കു കാട്ടുന്ന നമുക്ക് ദീർഘകാലപരിഹാരങ്ങളുടെ വഴിയിൽ കാലിടറിപ്പോകുന്നത് എന്തുകൊണ്ട്?

ഭക്ഷ്യക്ഷാമത്തെപ്പറ്റിയുള്ള ചോദ്യത്തിന് ശരാശരി സി.പി.എം അനുഭാവിയുടെ പ്രതികരണം എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. സാമാന്യകാലത്തും പ്രതിസന്ധികാലത്തും കേരളത്തെ ഒരുപോലെ സേവിക്കുന്ന കുടുംബശ്രീ പ്രവർത്തകരിലൂടെ കൃഷിയെ കീഴ്ത്തട്ടുകളിൽ നിന്ന് കെട്ടിപ്പടുക്കണമെന്ന നിർദ്ദേശമാണ് പലരുടെയും മനസ്സിൽ. ഇതിൽ അത്ഭുതപ്പെടാനില്ല. 1990കളിൽ നവലിബറലിസത്തെ പാതിവഴിയിൽ നേരിടാനായി രൂപപ്പെടുത്തിയ (നവലിബറൽ അംശങ്ങളെ ചില അളവുകളിൽ സ്വീകരിച്ചുകൊണ്ട്) വികസനനയത്തിന്റെ ഭാഗമായിരുന്നു കുടുംബശ്രീ.

പഞ്ചായത്തുകളിലൂടെയുള്ള വികസന ജനാധിപത്യമെന്ന ലക്ഷ്യത്തെ ഫലത്തിൽ ഉപേക്ഷിച്ചെങ്കിലും വികേന്ദ്രിത ജനക്ഷേമവിതരണം കേരളത്തിൽ ശക്തമാണ്. വ്യക്തികൾക്കും കുടുംബങ്ങൾക്കും അത് വലിയൊരളവുവരെ ഗുണപ്രദവുമാണ്.

കുടുംബശ്രീക്ക് കഴിയാത്തത്

പക്ഷേ ഇപ്പോൾ നാം നേരിടുന്ന പ്രതിസന്ധിയിൽ ഈ പോംവഴി ദീർഘകാലത്തിൽ അപര്യാപ്തമാണെന്ന് തോന്നുന്നു. ഒന്നാമതായി നാം നമ്മോടു തന്നെ നുണ പറയുന്ന രീതി അവസാനിപ്പിക്കണം. തദ്ദേശതലത്തിൽ ജനക്ഷേമപരിപാടികളും മറ്റുതട്ടുകളിൽ ഇരപിടിയൻ മുതലാളിത്തപ്രീണനവും പരസ്പരവിരുദ്ധമല്ലാത്തവിധം സഹവസിച്ചുകൊള്ളുമെന്ന മിഥ്യാധാരണ ഉപേക്ഷിക്കാതെ ഈ പ്രതിസന്ധിയെ ദീർഘകാലത്തിൽ നേരിടാൻ കഴിയില്ല. അതായത്, താണ-ഇടത്തരം കുടുംബങ്ങൾക്ക് ഭേദപ്പെട്ട ജീവിതസാഹചര്യങ്ങൾ വികേന്ദ്രിത ജനക്ഷേമവിഭവവിതരണത്തിലൂടെ ഉറപ്പാക്കിയാൽ ഇരപിടിയൻ-ശിങ്കിടിമുതലാളിത്തമുണ്ടാക്കുന്ന പൊതുവായ പാരിസ്ഥിതിക-സാമൂഹ്യ- ദുഷ്ഫലങ്ങൾക്ക് പരിഹാരമാകുമെന്ന് സ്വയം തെറ്റിദ്ധരിപ്പിക്കുന്ന പതിവ് ഇനി മുതൽ സൗകര്യപ്രദമല്ല എന്ന് തിരിച്ചറിയുകതന്നെ വേണം.

കേരളത്തിൽ ഭക്ഷ്യസുരക്ഷയെപ്പറ്റി വികസനമുഖ്യധാരയെ നിരന്തരം ഓർമ്മിപ്പിച്ചിരുന്നത് ഇവിടുത്തെ പാർശ്വവൽകൃതരായ ആദിവാസിജനങ്ങളും തീരദേശജനങ്ങളുമാണ്. അവർക്ക് ഈ വിഷയത്തിലുള്ള അറിവുകളെ അംഗീകരിക്കേണ്ട സമയമാണിത്.

രണ്ടാമതായി, കുടുംബശ്രീയുടെ പ്രത്യയശാസ്ത്ര അടിത്തറ നവലിബറൽ വ്യക്തിവാദമാണ്, സോഷ്യലിസ്റ്റ് സാമൂഹ്യബോധമല്ല. സാമൂഹ്യപൊതുതാൽപര്യങ്ങളനുസരിച്ച് കുടുംബശ്രീ പ്രവർത്തിച്ചപ്പോഴെല്ലാം മുകളിൽനിന്ന് - സർക്കാരിൽ നിന്ന് - അതു വ്യക്തമായി നിർദ്ദേശിക്കപ്പെട്ടിരുന്നു. പൊതു-ജനകീയതാൽപര്യത്തെപ്പറ്റി മതിയായ ധാരണയും സമാവായവും സൃഷ്ടിക്കാനാവശ്യമായ വേദികളോ അധികാരമോ കുടുംബശ്രീയ്ക്കില്ല. അപ്പോൾ ഹ്രസ്വകാലത്തിൽ പല പ്രധാനപ്പെട്ട കാര്യങ്ങളും നിർവഹിക്കാനുള്ള ശേഷി തീർച്ചയായും കുടുംബശ്രീയ്ക്കുണ്ടെങ്കിലും മലയാളികളുടെ കൂട്ടായ പൊതുവികസനതാൽപര്യങ്ങളെ പുനർനിർണ്ണയിക്കാൻ ആ സംഘടനയ്ക്ക് ഇന്നത്തെ നിലയിൽ കഴിയില്ല. 2018ലെ മഹാപ്രളയവും ഇപ്പോൾ നാം നേരിടുന്ന മഹാമാരിയും അത്തരമൊരു പുനർനിർണയമാണ് ആവശ്യപ്പെടുന്നതുതാനും.

Photo: www.kudumbashree.org

മൂന്നാമതായി, പ്രതിസന്ധിനിവാരണത്തിനായി സ്ത്രീകളുടെ അദ്ധ്വാനത്തെ ഇത്തരത്തിൽ വിനിയോഗിക്കുന്ന രീതി അവസാനിപ്പിക്കണം - സ്ത്രീകളോടുള്ള കടുത്ത അനീതിയാണിത്. ഇന്ന് മഹാമാരിയെ നേരിടുന്ന സംഘത്തിൽ സ്ത്രീകളാണ് ഒരുപക്ഷേ ഭൂരിപക്ഷം - നഴ്സുമാരായി, ആശാവർക്കർമാരായി, സാമൂഹ്യഅടുക്കളകളുടെ മേൽനോട്ടക്കാരായി. ഇതിനു പുറമെ വരുന്ന വെല്ലുവിളികളെയും നേരിടാൻ അവരുടെ അദ്ധ്വാനം തന്നെ വേണമെന്ന വാശി ശരിയല്ല. 1990കൾക്കു ശേഷവും കേരളസ്ത്രീകൾ തൊഴിൽരംഗത്ത് എത്തിയില്ലെങ്കിലും അവർ കുടുംബത്തിലും തദ്ദേശതലത്തിലും നിർവഹിക്കുന്ന ചുമതലകളുടെയും അദ്ധ്വാനത്തിന്റെയും അളവും വൈവിദ്ധ്യവും തീക്ഷ്ണതയും എല്ലാം മാറുകയും വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്.

കേരളത്തിൽ ഭക്ഷ്യസുരക്ഷയെപ്പറ്റി വികസനമുഖ്യധാരയെ നിരന്തരം ഓർമ്മിപ്പിച്ചിരുന്നത് ഇവിടുത്തെ പാർശ്വവൽകൃതരായ ആദിവാസിജനങ്ങളും തീരദേശജനങ്ങളുമാണ്. അവർക്ക് ഈ വിഷയത്തിലുള്ള അറിവുകളെ അംഗീകരിക്കേണ്ട സമയമാണിത്.

കേരളത്തിൽ രോഗനിവാരണപ്രവർത്തനങ്ങളിൽ കുടുംബശ്രീ പ്രവർത്തകർ സജീവപങ്കു വഹിക്കുന്നത് ഇതാദ്യമായല്ല. 2007ൽ ചിക്കൻഗുനിയ പടർന്ന സമയത്ത് കുടുംബശ്രീപ്രവർത്തകരാണ് കൊതുകുനിവാരണപ്രവർത്തനത്തിൽ ഏർപ്പെട്ടത്. ആലപ്പുഴ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലെയും സി.ഡി.എസ് പ്രസിഡന്റുമാർ രോഗബാധിതരായി. തുച്ഛമായ -സർക്കാരിനെ സംബന്ധിച്ച് ലജ്ജാകരമായ - പ്രതിഫലം മാത്രമുള്ള, സുരക്ഷാവസ്ത്രങ്ങളില്ലാത്ത, അദ്ധ്വാനമായിരുന്നു അവരുടേത്. അന്നത്തെ അപേക്ഷിച്ച് കാര്യങ്ങൾ കുറെയേറെ മെച്ചപ്പെട്ടെങ്കിലും ഇന്നും സ്ത്രീകൾക്ക് കൂട്ടായ അർത്ഥത്തിൽ "ശാക്തീകരണം', സാമ്പത്തികശാക്തീകരണം പോലും, ഇന്നും അതിവിദൂരം തന്നെ (കുടുംബശ്രീ നൽകുന്ന അവസരങ്ങളും ആ പദ്ധതിയുടെ അപ്രവചിത-അപ്രതീക്ഷിതഫലങ്ങളും മൂലം പല വ്യക്തികൾക്കും ശാക്തീകരണം ഉണ്ടായെങ്കിലും).

സ്ത്രീകൾക്ക് പൊതുജീവിതത്തിലേക്കുള്ള മാർഗമെന്ന നിലയ്ക്ക് കുടുംബശ്രീയുടെ പ്രാധാന്യത്തെ കുറച്ചുകാട്ടാതെ തന്നെ ഇതുപറയാം. സ്ത്രീകൾക്കെതിരെ ഇവിടെ നടക്കുന്ന ലൈംഗികമോ ഗാർഹികമോ ആയ ഹിംസ കുറഞ്ഞിട്ടേയില്ല. തൊഴിൽരംഗത്ത് അവരുടെ സാന്നിദ്ധ്യം ഇന്നും കുറവാണ്. സ്ത്രീവിരുദ്ധ വ്യവഹാരങ്ങളും ആണത്തഹുങ്കും സ്ത്രീകളെ രാഷ്ട്രീയക്കളികളിൽ ശബ്ദമില്ലാത്ത ശരീരങ്ങളും കരുക്കളുമായി കരുതുന്ന രീതിയും അരങ്ങുതകർക്കുന്ന കാഴ്ചയാണ് കുറച്ചുവർഷങ്ങളായി. സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യങ്ങൾ, തിരഞ്ഞെടുപ്പുകൾ, ഇവയിലൊന്നും കാര്യമായ വികാസം ഉണ്ടായിട്ടില്ല. സ്ത്രീകളുടെ അദ്ധ്വാനത്തെ ഭരണകാര്യങ്ങൾക്കായി ലഭ്യമാക്കുന്ന സംവിധാനങ്ങളുടെ വ്യാപനം കൊണ്ടുമാത്രം ഇപ്പറഞ്ഞ കുറവുകളൊന്നും പരിഹരിക്കപ്പെടുകയുമില്ല. അവരുടെ അദ്ധ്വാനത്തിന്റെ തീവ്രചൂഷണത്തിലേക്ക് ഈ സംവിധാനങ്ങൾ കൂപ്പുകുത്താതെ കരുതേണ്ട ബാദ്ധ്യത നമുക്കുണ്ട്.

ഉണ്ട്, മറ്റു മാർഗങ്ങൾ

മറിച്ച് കുടുംബശ്രീ വനിതകൾ ഇതുവരെ നിർവഹിച്ച സ്തുത്യർഹസേവനത്തെ പരസ്യമായി അംഗീകരിക്കാനും അവരെ ശാക്തീകരണത്തിന്റെ സുപ്രധാനമായ ഒരു പടി കയറ്റാനുമുള്ള സമയമായിരിക്കുന്നു. ശാക്തീകരണമെന്നാൽ മുമ്പില്ലായിരുന്ന തെരെഞ്ഞെടുപ്പുകൾ നടത്താനുള്ള ശക്തി നേടലാണെങ്കിൽ, സ്ത്രീകൾക്ക് അതു നേടാനാവശ്യമായ വിഭവങ്ങളിൽ സുപ്രധാനം സ്വന്തമായ ചെലവുചെയ്യാവുന്ന വരുമാനമാണെന്ന് പല ഗവേഷണപഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

കുടുംബത്തിൽ അമ്മയുടെ വരുമാനമാണ് അച്ഛന്റെ വരുമാനത്തെക്കാൾ കുട്ടികൾക്ക് ഉതകുന്നതെന്ന് മറ്റു പല പഠനങ്ങളും കാണിച്ചുതരുന്നു. അതായത്, സ്ത്രീപഠനങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ, സ്ത്രീകളുടെ പ്രായോഗികാവശ്യങ്ങളെയും അവരുടെ തന്ത്രപരമായ താൽപര്യങ്ങളെയും ഒരുപോലെ നിർവഹിക്കാനാവശ്യമായ വിഭവമത്രെ സ്ത്രീക്കു സ്വതന്ത്രമായി കൈകാര്യം ചെയ്യാൻ കഴിയുന്ന വരുമാനം.

ശാക്തീകരണമെന്നാൽ മുമ്പില്ലായിരുന്ന തെരെഞ്ഞെടുപ്പുകൾ നടത്താനുള്ള ശക്തി നേടലാണെങ്കിൽ, സ്ത്രീകൾക്ക് അതു നേടാനാവശ്യമായ വിഭവങ്ങളിൽ സുപ്രധാനം സ്വന്തമായ ചെലവുചെയ്യാവുന്ന വരുമാനമാണെന്ന് പല ഗവേഷണപഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

മാത്രമല്ല, കേരളത്തിലെ ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെയിടയിൽ നടന്ന ഗവേഷണം ചെറുതുകകൾ പോലും വലിയ ഗുണഫലങ്ങൾക്കിടവരുത്തുന്നുവെന്ന് കാണിക്കുന്നു. കുടുംബശ്രീയിൽ ക്ഷേമപ്രവർത്തനത്തിലേർപ്പെടുന്ന സ്ത്രീകൾക്ക് അവരവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുന്ന അടിസ്ഥാന മാസവരുമാനം ഉറപ്പാക്കേണ്ട സമയമാണത്. സാമൂഹ്യസേവനം നടത്തുന്നവരും അവരുടെ കുടുംബങ്ങളും കുറച്ചുകൂടി സുരക്ഷിതരായിരിക്കാനും സ്ത്രീശാക്തീകരണം അൽപം മുന്നേറാനും ഇതു സഹായിക്കും.

അതുകൊണ്ട് ഭക്ഷ്യക്ഷാമത്തെ നേരിടുന്നതു സംബന്ധിച്ച് എനിക്കുള്ള നിർദ്ദേശങ്ങൾ കുടുംബശ്രീയെ കേന്ദ്രീകരിക്കുന്നവയല്ല, കേരളത്തിലെ പരിസ്ഥിതിപ്രസ്ഥാനത്തിൽ വേരുള്ളവയാണവ -

കൃഷി വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ ചെറുപ്പക്കാരായ പുരുഷന്മാരെയും കൃഷിപരിചയമുള്ള മുതിർന്നവരെയും കുടുംബശ്രീ പ്രവർത്തനത്തിൽ എത്തിയിട്ടില്ലാത്ത ചെറുപ്പക്കാരികളെയും കേന്ദ്രീകരിക്കണം.

അതിഥിതൊഴിലാളികൾക്ക് സ്വന്തം ആവശ്യത്തിന് കൃഷി ചെയ്യാൻ ഭൂമി സർക്കാർസഹായത്തോടെ കണ്ടെത്തണം. ഈ നിർദ്ദേശത്തെ മദ്ധ്യവർഗപുച്ഛം കൊണ്ട് പുതപ്പിച്ചു കിടത്തും മുൻപ് അതിദരിദ്രരാണ് വിഭവങ്ങളെയും സമയത്തെയും ഏറ്റവും ഫലപ്രദമായി വിനിയോഗിക്കാറുള്ളതെന്ന് ഓർക്കാവുന്നതാണ്. അധികം വരുന്ന വിളവ് വിപണിയിലെത്തിക്കാനുള്ള സഹായവും മറ്റു സാഹചര്യങ്ങളും ഒരുക്കിയാൽ അതിഥി എന്നു വിളിക്കുന്നത് ഉചിതമാകും.

കേരളത്തിലെ ആദിവാസികളും തീരദേശജനങ്ങളും ദീർഘകാലമായി ആവശ്യപ്പെടുന്ന ഭക്ഷ്യസുരക്ഷ അവർക്കനുവദിക്കുക. ടി.എസ്.പി ഫണ്ടുകളുപയോഗിച്ച് തദ്ദേശ ആദിവാസിസമൂഹങ്ങൾക്ക് ഭൂമി ലഭ്യമാക്കുക. വനാവകാശനിയമത്തെ ആത്മാർത്ഥമായും പൂർണമായും നടപ്പാക്കുക. മത്സ്യമേഖലയിൽ ഇടനിലക്കാർ വേണ്ട എന്ന തീരുമാനത്തെ ഭക്ഷ്യസുരക്ഷയിലേക്കുള്ള ചവിട്ടുപടിയായി കണക്കാക്കുക.

നഗര-അർദ്ധനഗര പ്രദേശങ്ങളിലെ എല്ലാ കെട്ടിടങ്ങളിലും ഇലവർഗങ്ങൾ, മുരിങ്ങ, പപ്പായ, കാന്താരിമുളക്, മുതലായ അധികം അദ്ധ്വാനമാവശ്യപ്പെടാത്ത സസ്യങ്ങളുടെ കൃഷി നിർബന്ധമാക്കുക. അതിനായി ആവശ്യമെങ്കിൽ ടൈൽ പാകിയ മുറ്റങ്ങൾ ഇളക്കിക്കളയേണ്ടി വന്നാലും.

ഫലവൃക്ഷങ്ങൾ മുറിക്കുന്നത് പൂർണമായും നിരോധിക്കുക.

ടൂറിസ്റ്റ് റിസോർട്ടുകളടക്കം ഭക്ഷണം പാകം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്ന എല്ലാ ഇടങ്ങളിലും നിശ്ചിത അളവ് സ്ഥലം കൃഷി ചെയ്യിക്കുന്നത് നിർബന്ധമാക്കുക.

അതായത്, കുടുംബശ്രീ വനിതകളിൽ അധികഭാരം ചുമത്തുന്നതിനു പകരം ഭക്ഷ്യസുരക്ഷയിലെത്താൻ മറ്റു മാർഗങ്ങൾ ആരായേണ്ടതുണ്ടെന്നാണ് പറഞ്ഞുവരുന്നത്. എന്നാൽ വികസനചിന്തയിൽ അടിസ്ഥാനപരമായ മാറ്റമുണ്ടാകാൻ ആവശ്യമായ സംവാദത്തിനും സമാവായത്തിനും പറ്റിയ അന്തരീക്ഷമല്ല കേരളത്തിലിന്നുള്ളത്.

ജനകീയാസൂത്രണക്കാലത്ത് ജനങ്ങളോട് സംവദിക്കാൻ നടത്തിയ ശ്രമങ്ങളെ നാം മുന്നോട്ടു കൊണ്ടുപോയില്ലെന്നു മാത്രമല്ല, പഞ്ചായത്തുകളെ ജനകീയകൂടിച്ചേരലിന്റെ ഇടമാക്കി മാറ്റുന്നതിനു പകരം അവയുടെ തീരുമാനമെടുക്കൽ സ്വാതന്ത്ര്യത്തെപ്പോലും ചുരുക്കാനാണ് ശ്രമിച്ചത്. മലയാളിസമൂഹത്തിന്റെ വിഭിന്ന വിഭാഗങ്ങളോട് സംവദിക്കാനും അവർക്കു പറയാനുള്ളത് ക്ഷമയോട് കേട്ടുകൊണ്ട് വികസനപാത സൃഷ്ടിക്കാനുമുള്ള രാഷ്ട്രീയബോധവും പ്രതിബദ്ധതയും എവിടെയാണുള്ളത്?

Comments