കെ റെയിൽ: എന്താണ് ഇടതുപക്ഷത്തിന്റെ ശരിയായ വികസന മുൻഗണന?

ഇന്നത്തെ പാവങ്ങളെ അതേ നിലയിൽ സംരക്ഷിക്കുന്നതല്ല വികസനം. ഇന്നത്തെ പാവപ്പെട്ടവരുടെ അടുത്ത തലമുറയുടെ കാലത്തെങ്കിലും, അവരെയും നമുക്ക് ഇടത്തരം വരുമാനക്കാരുടെ നിലവാരത്തിലേക്ക് ഉയർത്തണം. അതിന് ഭാവി വളർച്ചക്കുതകുന്ന പശ്ചാത്തല സൗകര്യങ്ങൾ അനിവാര്യമാണ്. ഈ വെല്ലുവിളി ഏറ്റെടുക്കാൻ കഴിയുന്നില്ലെങ്കിൽ നിയോ ലിബറലിസമല്ലാതെ ആധുനിക പരിഷ്‌കരണത്തിന് മറ്റു മാർഗമില്ല എന്ന നിഗമനത്തിലേക്ക് ജനങ്ങൾ നീങ്ങാം. ഇതിന്റെ സാമൂഹ്യ - രാഷ്ട്രീയ വിപരീതഫലങ്ങൾ വളരെ തീക്ഷ്ണമായിരിക്കും. ഇത്തരമൊരു സമഗ്രവും ചലനാത്മകവുമായ കാഴ്ചപ്പാട് ഇല്ലാത്തതുകൊണ്ടാണ് ചില പണ്ഡിതർ കെ റെയിൽ പോലുള്ള പശ്ചാത്തല സൗകര്യങ്ങൾ വരേണ്യ വർഗ വികസന സമീപനമാണെന്ന ധാരണയിലേക്ക് എത്തുന്നത്. ഡോ. ടി.എം. തോമസ് ഐസക് എഴുതി ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച ‘എന്തുകൊണ്ട് കെ റെയിൽ' എന്ന പുസ്തകത്തിൽനിന്ന്.

ന്താണ് നിങ്ങളുടെ വികസന മുൻഗണന? പാവങ്ങളുടെ ക്ഷേമമാണോ അതോ ഇടത്തരക്കാരുടേയും സമ്പന്നരുടേയും താൽപര്യങ്ങളാണോ? കേരളത്തിലെ ഇടതുപക്ഷത്തോട് ഏതാണ്ട് എല്ലാ കെ റെയിൽ വിമർശകരും ഉന്നയിക്കുന്ന ചോദ്യമാണ്. കെ റെയിൽ തെറ്റായ വികസന മുൻഗണനയാണെന്നത് അവരെല്ലാവരും പങ്കുവക്കുന്ന ഒരു ആശയമാണ്. നാട്ടിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് പ്രത്യക്ഷനേട്ടം ഇല്ലാത്ത ഒരു
പ്രൊജക്ടിന് ഇത്ര ഭീമമായ പണം മുതൽമുടക്കുന്നത് ഇടതുപക്ഷ നിലപാടിന് യോ ജിച്ചതല്ലായെന്ന തോന്നലാണ് രാഷ്ട്രീയമായി സർക്കാരിനോടൊപ്പം നിൽക്കുന്ന പലർക്കുമുള്ളത്. ഇനി ഇത്തരമൊരു പദ്ധതി ഏറ്റെടുക്കണമെങ്കിൽത്തന്നെ പ്രളയത്തിനും കോവിഡിനുമെല്ലാം ശേഷം സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു ഘട്ടത്തിലാണോ വേണ്ടതെന്ന ചോദ്യവും അവർ ഉയർത്തുന്നു.

കമ്യൂണിസ്റ്റ് പാർട്ടിയും കേരള വികസന തന്ത്രവും

കേരളത്തിന്റെ വികസനം സംബന്ധിച്ച് കമ്യൂണിസ്റ്റ് പാർട്ടിക്ക് വളരെ സുവ്യക്തമായ ഒരു കാഴ്ചപ്പാടുണ്ട്. 1956 ജൂണിൽ തൃശ്ശൂരിൽ വച്ചു നടന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ വിശേഷാൽ സംസ്ഥാന സമ്മേളനം ‘പുതിയ കേരളം പടുത്തുയർത്താൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിർദ്ദേശങ്ങൾ' എന്ന പ്രമേയം അംഗീകരിച്ചു. കമ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുവച്ച കാഴ്ചപ്പാടിന്റെ മർമം ഭൂപരിഷ്‌കരണമായിരുന്നു. ജന്മിത്വ ചൂഷണം ഇല്ലാതാക്കുന്നതിന് ഭൂസ്വത്ത് കൂടുതൽ സന്തുലിതമായി വിതരണം ചെയ്യുന്നതിനും സവർണമേധാവിത്വത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കുന്നതിനും ഭൂപരിഷ്‌കരണത്തിന് സുപ്രധാന പങ്കുണ്ട്. മറ്റൊന്ന് കൂട്ടായ വിലപേശലിലൂടെ കൂലി ഉയർത്തുന്ന തിനുള്ള അവകാശം അംഗീകരിച്ചുകൊണ്ടുള്ള തൊഴിൽനയമായിരുന്നു. പൊതു വിദ്യാഭ്യാസ- ആരോഗ്യാദി സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഈ പരിപാടി ഊന്നൽ നൽകി. ജനങ്ങളുടെ ഉപജീവന മേഖലകൾ സഹകരണാടിസ്ഥാനത്തിലും അല്ലാതെയും മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളുണ്ടായി. പൊതുമേഖലയെ ശക്തിപ്പെടുത്തുന്നതിനോടൊപ്പം സ്വകാര്യ നിക്ഷേപത്തെയും പ്രോത്സാഹിപ്പിക്കുന്ന സമീപനമാ ണ് ഈ രേഖയിൽ സ്വീകരിച്ചത്. വിമോചന സമരത്തിലൂടെ ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിച്ചത് മേൽപ്പറഞ്ഞ പരിപാടി ഫലപ്രദമായി നടപ്പാക്കുന്നതിനു തടസ്സമായി. ഭൂപരിഷ്‌കരണം നടപ്പാക്കുന്നതിലുണ്ടായ കാലതാമസം മിച്ചഭൂമി തിരിമറി ചെയ്യുന്നതിന് അവസരമൊരുക്കി. കർഷക തൊഴിലാളികൾക്ക് കൃഷിഭൂമി നിഷേധിക്കപ്പെട്ടു.

വിമോചന സമരകാലത്തെ ഒരു ജാഥ. / Photo : Fb Page, Joseph Thumpassery.

എന്നിരുന്നാൽ തന്നെയും 1956ലെ രേഖയും കമ്യൂണിസ്റ്റ് സർക്കാർ ആവിഷ്‌കരിച്ച കർമപരിപാടിയും നയങ്ങളും ഭാവികേരളത്തിന്റെ വികസനത്തിന്റെ പൊതുസമീപനത്തെ ഗാഢമായി സ്വാധീനിച്ചു. മാറിവരുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് പിന്നീടുവന്ന ഇടതുപക്ഷ ജനാധിപത്യ സർക്കാരുകളുടെ കാലത്തും പാർട്ടി വികസന കാഴ്ചപ്പാടിനെ കൂടുതൽ മൂർത്തമാക്കിയിട്ടുണ്ട്. എന്നാൽ 1990കളായപ്പോൾ രണ്ട് സുപ്രധാന സംഭവങ്ങളുണ്ടായി. ഒന്നാമത്തത്, സാമ്രാജ്യത്വ ആഗോളവൽക്കരണവും ഇന്ത്യയുടെ വികസന ചട്ടക്കൂടിൽ വന്ന നിയോലിബറൽ മാറ്റങ്ങളുമാണ്. രണ്ടാമത്തേത്, കേരളത്തിന്റെ വികസനം കേവലം പുനർവിതരണത്തെ മാത്രം ഊന്നി മുന്നോട്ടുപോകാനാവില്ല എന്ന തിരിച്ച റിവുണ്ടായതാണ്. ക്ഷേമനേട്ടങ്ങൾ നിലനിർത്തണമെങ്കിൽ കൃഷിയും വ്യവസായത്തിലും ഉൽപ്പാദനം വർദ്ധിക്കണം. തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണം. ഇതിനാവശ്യമായ നയങ്ങൾ രൂപീകരിക്കണം. ഈ നയങ്ങൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത് കേന്ദ്രസർക്കാരിന്റെ നിയോ ലിബറൽ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടാണെങ്കിലും ബദൽ സമീപനങ്ങൾ കരുപ്പിടിപ്പിച്ചുകൊണ്ടാകണം. ഇതിനെന്തുവേണം എന്ന ചോദ്യത്തിന് മറുപടി നൽകുന്നതിനാണ് സഖാവ് ഇ.എം.എസ് തന്റെ അവസാന വർഷങ്ങളിൽ പരിശ്രമിച്ചത്. ഈ ലക്ഷ്യം വച്ചുകൊണ്ടാണ് ഇ.എം.എസ് കേരളത്തെക്കുറിച്ച് പഠിച്ചിട്ടുള്ള ഏതാണ്ട് എല്ലാ പ്രാമാണിക പണ്ഡിതന്മാരുടേയും തെരെഞ്ഞെടുത്ത സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരുടേയും അന്തർദേശീയ കേരള പഠന കോൺഗ്രസ് 1994ൽ വിളിച്ചു ചേർത്തത്. അതിനുശേഷം മൂന്ന് പഠന കോൺഗ്രസുകൾ കൂടി നടക്കുകയുണ്ടായി. ഇവ ഓരോന്നും അതിവിപുലമായ വികസന സംവാദങ്ങളായിരുന്നു. ഈ വികസന സംവാദങ്ങൾ ഇന്നത്തെ ഇടതുപക്ഷ കാഴ്ചപ്പാടിന് രൂപം നൽകുന്നതിൽ സുപ്രധാന പങ്കുവഹിക്കുകയുണ്ടായി. 1996ലെ ജനകീയാസൂത്രണം പുതിയ വികസന കാഴ്ചപ്പാടിലെ ഒരു സുപ്രധാന ഘടകമായിരുന്നു. കെ റെയിൽ അടക്കമുള്ള പശ്ചാത്തലസൗകര്യങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങളും ഇത്തരമൊരു സുവ്യക്തമായ ഒരു വികസന തന്ത്രത്തിന്റെ ഭാഗമാണ്. 2021ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വളരെ കൃത്യതയോടുകൂടി ഈ വികസനതന്ത്രം 900 പോയിന്റുകളായി ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയുമുണ്ടായി.

ഏതു വിമർശനങ്ങളെയും സഹിഷ്ണുതയോടെ കേൾക്കാൻ തയ്യാറാണ്. പക്ഷേ, ഒരു കാര്യം ഓർക്കുന്നത് നന്ന്. ആർക്കെങ്കിലും ഒരു വിളി തോന്നിയപ്പോൾ പൊട്ടിമുളച്ചതല്ല കെ റെയിൽ. വളരെ ജനാധിപത്യപരമായ ഒരു ജനകീയ സംവാദത്തിലൂടെ രൂപം കൊണ്ട വികസന തന്ത്രത്തിന്റെ ഭാഗമാണത്.
സാധാരണക്കാരുടെ ക്ഷേമത്തിലുള്ള മുൻഗണനയിൽ മാറ്റം വന്നോ? എക്കാലത്തും ഇടതുപക്ഷത്തിന്റെ പ്രഥമ വികസന മുൻഗണന പാവപ്പെട്ടവരുടെയും സാധാരണക്കാരന്റെയും ക്ഷേമവും സുരക്ഷിതത്വവുമാണ്. ഇതിനുതകുന്ന ആവശ്യങ്ങളെ മുൻനിർത്തി ജനങ്ങളെ സംഘടിപ്പിക്കാനാണ് ഇടതുപക്ഷത്തിന്റെ പരിശ്രമം. സ്വാഭാവികമായി ഭരണത്തിൽ വരുന്ന ഘട്ടങ്ങളിൽ ജനങ്ങൾക്കു സമാശ്വാസം നൽകുന്നതിനായിരിക്കും ഊന്നൽ. കേരളത്തിലെ ജനങ്ങൾക്ക് ഇന്ന് മറ്റ് സംസ്ഥാനങ്ങളിലെ സാധാരണക്കാർക്ക് അപ്രാപ്യമായ മെച്ചപ്പെട്ട ഒരു ജീവിത ഗുണമേന്മ ഉറപ്പുവരുത്തുന്നതിൽ നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തിലെ സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുള്ളത് മൂന്ന് കാര്യങ്ങളാണ്. ഒന്നാമത്തേത്, കേരളത്തിലെ ഉയർന്ന കൂലി അഥവാ വരുമാനത്തിലെ പുനർവിതരണമാണ്. കേരളത്തിലെ നാട്ടുമ്പുറങ്ങളിൽ 700 രൂപ കൂലിയുള്ളപ്പോൾ ഗുജറാത്തിലത് 350 രൂപയാണ്. രണ്ടാമത്തേത്, കേരളത്തിലെ ഭൂപരിഷ്‌കരണം അഥവാ സ്വത്തിന്റെ പുനർവിതരണമാണ്. മൂന്നാമത്തേത്, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യസുരക്ഷ തുടങ്ങിയ പൊതു സംവിധാനങ്ങൾ സർക്കാരുകൾ ആവിഷ്‌കരിച്ചതാണ്.

1994 ലെ ഒന്നാം അന്തർദേശീയ പഠന കോൺഗ്രസിൽ ഇ. എം. എസ്. / Photo : Fb Page, Thomas Isaac.

ഇവയിൽ ആദ്യത്തെ രണ്ടെണ്ണം ഇടതുപക്ഷത്തിന്റെ സംഭാവനകളാണെന്ന കാര്യത്തിൽ തർക്കമുണ്ടാവില്ലല്ലോ. മൂന്നാമത്തേതിന്റെ ചരിത്രം സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളിൽ നിന്നു തുടങ്ങുന്നു. അവ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇടതുപക്ഷത്തിന്റെ പങ്ക് നിഷേധിക്കുകയില്ലായെന്നു കരുതട്ടെ. ഇന്ന് നിയോലിബറൽ കാലഘട്ടത്തിൽ പൊതുവിദ്യാഭ്യാസ-ആരോഗ്യാദി മേഖലകളെ സ്വകാര്യവൽക്കരിക്കുന്ന കേന്ദ്രസർക്കാർ നയത്തിനു കടകവിരുദ്ധമായ സമീപനമാണ് കേരള സർക്കാർ കൈക്കൊള്ളുന്നത്. പൊതുവിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിലും സാമൂഹ്യസുരക്ഷ ഉയർത്തുന്നതിനും കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിനെപ്പോലെ ശ്രദ്ധ നൽകിയിട്ടുള്ള ഏതെങ്കിലും കാലത്തെ ഏതെങ്കി ലും സംസ്ഥാനത്തെ സർക്കാരിനെ ചൂണ്ടിക്കാണിക്കാനുണ്ടോ? ജനകീയാസൂത്രണത്തിന്റെ പ്രഥമ ലക്ഷ്യങ്ങളിലൊന്ന് ജനപങ്കാളിത്തത്തോടെ വിദ്യാഭ്യാസ- ആരോഗ്യാദി മേഖലകളുടെ ഗുണനിലവാരം ഉയർത്തുകയായിരുന്നു.

ഇതിന്റെയെല്ലാം നേട്ടങ്ങൾ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെയും പൊതു ആരോഗ്യ സംവിധാനം ഉപയോഗിക്കുന്നവരുടെയും സാമൂഹ്യക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെയും എണ്ണത്തിൽ കൃത്യമായി പ്രതിഫലിച്ചു കാണാം. ഇത്തരത്തിൽ പാവപ്പെട്ടവരോടുള്ള പക്ഷപാതിത്വമായിരിക്കും ഇനിയും വികസന നയത്തിലെ പ്രഥമ മുൻഗണനയെന്നതിന്റെ ഉറപ്പാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക. അതി ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുക, സാമൂഹ്യനീതി ശക്തിപ്പെടുത്തുക, ഭിന്നശേഷിക്കാരുടെ ക്ഷേമം ഉയർത്തുക, ക്ഷേമ പെൻഷൻ പ്രതിമാസം 2000 രൂപയാക്കുക, സാമൂഹിക പൊതുസൗകര്യങ്ങൾ മികവുറ്റതാക്കുക തുടങ്ങിയവയെ ല്ലാം മുന്നോട്ട് കൊണ്ടുപോകും.

സാധാരണക്കാരുടെ ഉപജീവന മാർഗങ്ങൾ

അതോടൊപ്പം സാധാരണക്കാരുടെ ഉപജീവന മാർഗ്ഗങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങളും വികസന കാഴ്ചപ്പാടിന്റെ ഭാഗമാണ്. ഭൂപരിഷ്‌കരണത്തിന്റെ ഭാഗമായി നടപ്പാക്കേണ്ടിയിരുന്ന സമഗ്ര കാർഷിക പരിഷ്‌കരണം നടപ്പാക്കുന്നതിലുണ്ടായ ദൗർബല്യമാണ് കാർഷിക മേഖല പ്രതീക്ഷിച്ചതുപോലെ വളരാതിരുന്നതിന് ഒരു കാരണം. സമഗ്ര കാർഷിക പരിഷ്‌കാരമാണ് നമ്മുടെ ലക്ഷ്യം. കോർപറേറ്റുകളുടെ മേധാവിത്വത്തിലുള്ള കൃഷിയെന്ന നിയോലിബറൽ സമീപനത്തിനു പകരം കൃഷിക്കാരുടെ കൂട്ടായ്മയെ അടിസ്ഥാനമാക്കിയുള്ള കാർഷിക അഭിവൃദ്ധി എന്നതാണ് നമ്മുടെ കാഴ്ചപ്പാട്. ഇതിനായുള്ള കാർഷിക പരിഷ്‌കാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് നീർത്തടാധിഷ്ഠിത ആസൂത്രണമാണ്. നീർത്തടാടിസ്ഥാനത്തിൽ ജലസംരക്ഷണത്തിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും മാസ്റ്റർപ്ലാനുകൾ ഉണ്ടാവണം. ചെറുനീർത്തടാടിസ്ഥാനത്തിൽ മാത്രമല്ല, നദീതടം വരെ ഇത്തരത്തിൽ മാസ്റ്റർപ്ലാനുകൾക്കു രൂപം നൽകണം. ലഭ്യമായ വെള്ളത്തിന്റെ അളവും മണ്ണിന്റെ സ്വഭാവവും കണക്കിലെടുത്ത് ഏലാകൾക്കും പുരയിടങ്ങൾക്കും ശാസ്ത്രീയ വിളക്രമം സ്വീകരിക്കണം. പുരയിടങ്ങളിൽ ഫലവൃക്ഷവിളകൾ പ്രോത്സാഹിപ്പിക്കണം. ശാസ്ത്രീയ നെൽകൃഷി രീതികൾ അവലംബിക്കണം. അനുയോജ്യമായ സംഘകൃഷി രീതികൾ ഉപയോഗപ്പെടുത്തണം. കൃഷിക്കാരുടെ വരുമാനം വർദ്ധിപ്പിക്കണമെങ്കിൽ മൂല്യവർദ്ധന ശൃംഖലയിൽ അവരുടെ സ്ഥാനം ഉയർത്തണം. കാർഷികോൽപ്പന്നങ്ങളുടെ മൂല്യവർദ്ധനവിന് കൃഷിക്കാരുടെ പ്രൊഡ്യൂസർ കമ്പനികൾ പോലുള്ളവ ഉപയോഗപ്പെടുത്തി കാർഷിക സംസ്‌കരണ വ്യവസായങ്ങൾക്കു രൂപം നൽകണം. ഇതുമായി സംഭരണത്തെ ബന്ധപ്പെടുത്താം. ഇതോടൊപ്പം കാർഷിക കർമസേന, ലേബർ ബാങ്കുകൾ തുടങ്ങിയ സംവിധാനങ്ങളിലൂടെ കർഷകത്തൊഴിലാളികൾക്കു മെച്ചപ്പെട്ട സേവന- വേതന വ്യവസ്ഥ ഉറപ്പുവരുത്തണം. കുടുംബശ്രീ സംഘകൃഷി നല്ലൊരു അനുഭവമാണ്.
വായ്പ നൽകുക മാത്രമല്ല, നാനാവിധ സേവനങ്ങൾ നൽകുന്നതിനും കാർഷിക വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സഹകരണ സംഘങ്ങൾക്കു വലിയ പങ്കുവഹിക്കാനാവും.

കുടുംബശ്രീ സംഘകൃഷി. / Photo : Wikimedia Commons.

ഇത്തരത്തിലുള്ള വിപുലമായ ജനകീയ ഇടപെടലിലൂടെ മാത്രമേ കാർഷിക മേഖലയിലെ ഉൽപ്പാദനക്ഷമത ഉയർത്തുന്നതിനും കൃഷിക്കാരുടെയും കർഷകത്തൊഴി ലാളികളുടെയും ഐക്യം ഉറപ്പുവരുത്തുന്നതിനും കഴിയൂ.
ഓരോ പഞ്ചായത്തും കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങളടക്കം ഒന്നോ രണ്ടോ ഉൽപ്പന്നങ്ങളിൽ കേന്ദ്രീകരിച്ച് കൂടുതൽ സംഘടിതമായി സംസ്‌കരിക്കുന്ന സംവിധാനമാണ് ലക്ഷ്യമിടുന്നത്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നൂതനമായ സങ്കേതങ്ങളെയും യന്ത്രങ്ങളെയും ഉപയോഗപ്പെടുത്താനാകും. ഗുണനിലവാര മേൽനോട്ടവും വിപുലമായ വിപണനവും സാദ്ധ്യമാകും. കാർഷിക മൂല്യവർദ്ധന മാത്രമല്ല, മറ്റു ഗ്രാമീണ വ്യവസായങ്ങളും വർക്ക്‌ഷോപ്പുകളും സേവന ക്ലസ്റ്ററുകളും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. 1000 പേർക്ക് 5 വീതം തൊഴിൽ ഇത്തരത്തിലെല്ലാമായി ഓരോ വർഷവും സൃഷ്ടിക്കണമെന്നുള്ള ലക്ഷ്യം സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.

അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മക്ക്​ പരിഹാരം

പക്ഷേ, മേൽപറഞ്ഞവയൊന്നും അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരമാകില്ല. കേരളത്തിലെ പാവപ്പെട്ടവരുടെ മക്കളും ഇന്ന് വിദ്യാസമ്പന്നരാണ്. അവർ തങ്ങളുടെ മാതാപിതാക്കളുടെ തൊഴിലുകൊണ്ട് തൃപ്തരല്ല. വിദ്യാഭ്യാസ യോഗ്യതകൾക്കനുസരിച്ചുള്ള നല്ല വരുമാനമുള്ള തൊഴിലുകളാണ് പുതിയ തലമുറയുടെ പ്രതീക്ഷ. പാവപ്പെട്ടവർപോലും തങ്ങളുടെ മക്കൾ തങ്ങളുടെ ഉപജീവനത്തൊഴിലുകളിൽ ഏർപ്പെട്ടു ജീവിക്കണമെന്നല്ല ആഗ്രഹിക്കുന്നത്. സമൂഹത്തിലെ പാവപ്പെട്ടവരുടെ എണ്ണം കുറയുകയും ഇടത്തരക്കാരുടെ എണ്ണം കൂടുകയും ചെയ്യുന്നത് പ്രതീക്ഷകളെ വീണ്ടും ഉയർത്തുന്നു. എന്നാൽ കേരളമാണ് ഇന്ത്യയിൽ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ അനുഭവപ്പെടുന്ന പ്രദേശം. ഏറ്റവും അവസാനത്തെ കണക്കുകൾ 2018-19 വർഷത്തെയാണ്. 6.35 ശതമാനമാണ് അഖിലേന്ത്യാ തൊഴിലില്ലായ്മ. കേരളത്തിലേത് 13.25 ഉം. സ്ത്രീകളാണ് തൊഴിലില്ലായ്മയുടെ മുഖ്യ ഇര. അഖിലേന്ത്യാ തലത്തിൽ സ്ത്രീകളുടെ തൊഴിലില്ലായ്മ 6.7 ശതമാനമായിരിക്കുമ്പോൾ കേരളത്തിലേത് 25 ശതമാനമാണ്. എത്ര തേടിയാലും തൊഴിൽ കിട്ടുക പ്രയാസകരമാകുമ്പോൾ അഭ്യസ്തവിദ്യരായ സ്ത്രീകൾ തൊഴിലന്വേഷണം മതിയാക്കി വീടുകളിൽ ഒതുങ്ങുന്നു. കേരളത്തിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം പുരുഷന്മാരുടെ മൂന്നിലൊന്നേ വരൂ. തൊഴിലെടുക്കുന്നവർ പോലും തങ്ങളുടെ തൊഴിലിൽ അസംതൃപ്തരാണ്. തങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ചുള്ള മെച്ചപ്പെട്ട തൊഴിലവസരം ലഭിക്കുന്നതുവരെ മുട്ടശാന്തി പണിയായിട്ടേ നിലവിലുള്ള തൊഴിലിനെ കാണുന്നുള്ളൂ.

തൊഴിലില്ലായ്മയ്ക്കു പരിഹാരം കാണേണ്ടത് ഒരു സുപ്രധാന വെല്ലുവിളിയാണ്. ഇന്നത്തെ കേരളത്തിലെ സാമ്പത്തിക വളർച്ച ഇത്തരം തൊഴിലുകൾ സൃഷ്ടിക്കുന്നില്ല. സാമ്പത്തിക വളർച്ചയുടെ വേഗതയെടുത്താൽ ദേശീയ ശരാശരിയേക്കാൾ വളരെ മെച്ചപ്പെട്ട നിലയാണ് കേരളത്തിന്റേത്. വിദേശപണവരവുമാണ് ഈ ഉൽക്കർഷത്തിനുകാരണം. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും നമ്മൾ നൽകിയ ഊന്നൽ നമ്മുടെ മാനവവിഭവശേഷി മെച്ചപ്പെടുത്താൻ സഹായിച്ചു. അത് മറ്റു സം സ്ഥാനങ്ങളിലും വിദേശത്തും ജോലി നേടാൻ സഹായകമായി. വിദേശത്ത് ജോലി ചെയ്യുന്നവർ അയക്കുന്ന പണം നമ്മുടെ സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ 25-30 ശതമാനമെങ്കിലും വരും. പക്ഷേ, ഈ വിദേശസമ്പാദ്യത്തെ നാട്ടിൽത്തന്നെ നല്ല തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള നിക്ഷേപങ്ങളായി മാറുന്നതിന് കഴി യുന്നില്ല. ഇതിലൊരു മാറ്റം വരണം. ഗൾഫ് തൊഴിലവസരങ്ങളിൽ ഉണ്ടായിരിക്കുന്ന അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തിൽ ഇതു വളരെ പ്രധാനമാണ്.

വിജ്ഞാന സമ്പദ്ഘടനയിലേക്ക് ഈ ലക്ഷ്യം നേടണമെങ്കിൽ നമ്മുടെ സമ്പദ്ഘടനയുടെ അടിത്തറയിൽ ഒരു പൊളിച്ചെഴുത്ത് വേണം.
ഒന്ന്: പരമ്പരാഗത കാർഷിക വ്യവസായ മേഖലകൾ നൂതന ശാസ്ത്രസാങ്കേതിക വിദ്യകളുടെ അടിത്തറയിലാവണം. അതുവഴി അവിടങ്ങളിലെ മൂല്യവർദ്ധനയുണ്ടാ ക്കാനും ജനങ്ങളുടെ വരുമാനം ഉയർത്താനും കഴിയും. രണ്ട്: ഐ.ടി, ബി.ടി പോലുള്ള വൈജ്ഞാനിക വ്യവസായങ്ങൾ, ലൈറ്റ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ ഹാർഡ് വെയർ പോലെ വൈദഗ്​ധ്യാടിസ്ഥാനത്തിലുള്ള വ്യവസായങ്ങൾ, ടൂറിസം പോലുള്ള സേവന പ്രധാന വ്യവസായങ്ങൾ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ വ്യവസായങ്ങൾ എന്നിവയിൽ ഊന്നുകയാണ് വേണ്ടത്. ഇവിടങ്ങളിലേക്ക് കോർപറേറ്റ് മൂലധനത്തെ നമുക്ക് ആകർഷിക്കാനാകണം.
മൂന്ന്: പുറത്തുനിന്നുള്ള മൂലധനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകാനാവില്ല. കേരളത്തിൽ ഒരു പുതിയ തലമുറ സംരംഭകരെ സൃഷ്ടിക്കണം. ഇവരുടെ സാമൂഹികാടിത്തറ കേരളത്തിലെ അഭ്യസ്തവിദ്യരായ അതിമിടുക്കൻമാരായ യുവതി യുവാക്കളായിരിക്കും. ഇവരുടെ മുൻകൈയിൽ നൂതനവിദ്യകളെ അടിസ്ഥാനമാക്കിയുള്ള സ്റ്റാർട്ട് അപ്പുകളുടെ താഴ്‌വരയായി കേരളം മാറണം. ഇതിന് അനുയോജ്യമായ ഇക്കോ സിസ്റ്റം ഉണ്ടാകണം.
നാല്: കമ്പനികളുടെ പുറംജോലികൾ കേരളത്തിൽ വീട്ടിലിരുന്നോ, വീട്ടിനടുത്തിരുന്നോ ചെയ്യുന്നതിന് കേരളത്തിലെ അഭ്യസ്തവിദ്യരെ തയ്യാറാക്കുകയാണ് മറ്റൊരു മുൻകൈ.

കോവിഡ് പകർച്ചവ്യാധി ആഗോളമായിത്തന്നെ ഇത്തരം ജോലികൾക്കുള്ള ആവശ്യക്കാരെ വലിയ തോതിൽ സൃഷ്ടിച്ചിരിക്കുകയാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത്തരത്തിൽ വലിയ തോതിൽ തൊഴിലവസരങ്ങൾ കമ്പോളത്തിൽ സൃഷ്ടിക്കപ്പെടും. കമ്പനികൾക്ക് കേന്ദ്രീകൃതമോ വികേന്ദ്രീകൃതമോ ആയ തലത്തിലേയ്ക്കുള്ള ജോലിക്കാരെ ലഭ്യമാക്കുന്നതിന്റെ പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങൾ ഒരു ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി ലഭ്യമാക്കും. ജോലി ലഭിക്കുന്നവർക്കുള്ള സാമൂഹ്യസുരക്ഷിതത്വം സംസ്ഥാന സർക്കാർ ഉറപ്പുനൽകും. മറ്റ് അനുബന്ധ സൗകര്യങ്ങളും ഏർപ്പാടാക്കണം. ഈ പദ്ധതിയിൽ വീട്ടമ്മമാരായി ഇന്ന് ഒതുങ്ങിക്കൂടുന്ന അഭ്യസ്തവിദ്യരായ സ്ത്രീകൾക്കാണ് വലിയ തോതിൽ തൊഴിലവസരങ്ങൾ ലഭിക്കുക. അഭ്യസ്തവിദ്യരായ മുഴുവൻ പേർക്കും കമ്പ്യട്ടർ പരിശീലനം നൽകുക, ഉന്നത നൈപുണി പ്രദാനം ചെയ്യുക തുടങ്ങിയ പ്രവ ത്തികൾ വലിയ ജനകീയ പ്രസ്ഥാനമായി മാറ്റിയാൽ മാത്രമേ ലക്ഷ്യത്തിലെത്താൻ കഴിയൂ. ഉന്നതവിദ്യാഭ്യാസ മേഖലയായിരിക്കും വിജ്ഞാനസാന്ദ്രമായ വികസനപാതയിലേക്കുള്ള ചാലകശക്തി. ഇതിനുള്ള അഴിച്ചു പണി അവിടെയും ഉണ്ടാകണം. ഈപ്പറഞ്ഞ മാറ്റങ്ങൾക്കെല്ലാം പൊതുവിൽ നൽകിയിരിക്കുന്ന വിശേഷണമാണ് വിജ്ഞാന സമൂഹത്തിലേക്കുള്ള പരിവർത്തനം എന്നത്.

Photo : kerala.me

ക്ഷേമ ചെലവുകൾ വെട്ടിക്കുറയ്ക്കാതെ പശ്ചാത്തല സൗകര്യങ്ങൾക്ക് പണമെങ്ങനെ കണ്ടെത്തും?
മേൽപ്പറഞ്ഞ പരിവർത്തനത്തിന് മികവുറ്റ പശ്ചാത്തല സൗകര്യങ്ങൾ അനിവാര്യമാണ്. ക്ഷേമത്തിനും സുരക്ഷയ്ക്കും പൊതുസേവനങ്ങൾക്കും നൽകിയ ഊന്നൽ മൂലം നമ്മൾ പശ്ചാത്തലസൗകര്യ വികസനത്തെ അവഗണിച്ചു വരികയായിരുന്നു. കേരള സർക്കാരിന്റെ മൂലധന ചെലവ് സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ ശതമാനമായി കണക്കാക്കിയാൽ ദേശീയ ശരാശരിയുടെ പകുതിയേ വരൂ. തന്മൂലം നമ്മുടെ ഗതാഗത സൗകര്യങ്ങൾ, വൈദ്യതി, വ്യവസായ പാർക്കുകൾ, വിദ്യാഭ്യാസ - ആരോഗ്യ - കായിക - സാംസ്‌കാരിക ഭൗതിക സൗകര്യങ്ങൾ എന്നിവ വളരെ പിന്നാക്കാവസ്ഥയിലാണ്. ഈ കുറവ് അടിയന്തരമായി തീർത്തുകൊണ്ടു മാത്രമേ പുതിയ തൊഴിലവസരങ്ങൾക്കായുള്ള നിക്ഷേപം ഉറപ്പ് വരുത്താനാവൂ. വ്യവസായ നിക്ഷേപത്തെ ആകർഷിക്കുന്നതിനു മറ്റ് സംസ്ഥാനങ്ങളുമായി പരിസ്ഥിതി - തൊഴിൽ നിയമങ്ങൾ ദുർബ്ബലപ്പെടുത്തുന്നതിൽ മത്സരിക്കാനാവില്ല. ഈ പശ്ചാത്തലത്തിൽ കേരളത്തിന്റെ മത്സര മികവ് അന്തർദേശീയ നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിലായിരിക്കണം. ഉദാഹരണത്തിന്, നമ്മുടെ വ്യവസായ പാർക്കുകളുടെ സിംഹപങ്കും 1970-കളുടേതാണ്. ഇപ്പോൾ പരിഗണനയിലുള്ള വ്യവസായ പാർക്കുകളുടെ ഭൂമി ഏറ്റെടുക്കാൻ മാത്രം 20,000 കോടി രൂപ വേണം. ആവശ്യമുള്ള അളവിലും ഗുണത്തിലും വൈദ്യതി ലഭ്യമാകണം. ഇതിന് ട്രാൻസ്മിഷൻ ലൈൻ സൃഷ്ടിക്കാനുള്ള ട്രാൻസ്ഗ്രിഡ് 2.0നും വിതരണം മെച്ചപ്പെടുത്താനുള്ള വൈദ്യുതി പദ്ധതിക്ക് 15000 കോടി രൂപ വേണം. ദേശീയ- ജില്ലാ പാതകൾ നവീകരിക്കുന്നതിന് 40,000 കോടി രൂപ വേണം. ഇതൊക്കെ ഉണ്ടെങ്കിലേ കേരളത്തിലേക്ക് നിക്ഷേപം വരൂ. വീട്ടിലിരുന്നു പുറംജോലികൾ ചെയ്യുന്ന ബൃഹത്തായ പരിപാടി ഫലപ്രദമാകണമെങ്കിൽ വീഴ്ചയില്ലാത്ത വൈദ്യതി മാത്രം പോര, സുരക്ഷിത ഇന്റർനെറ്റ് നൽകുന്ന കെ ഫാൺ പദ്ധതിയും വേണം. ഇതിനെല്ലാമുള്ള പണം എവിടെനിന്നും കണ്ടെത്തും?

ഇതിനു മൂന്ന് മാർഗ്ഗങ്ങളാണുള്ളത്.
ഒന്ന്, സാമൂഹ്യക്ഷേമ ചെലവുകൾ കുറയ്ക്കുക. വിദ്യാഭ്യാസ- ആരോഗ്യാദി മേഖലകളിൽ സ്വകാര്യവൽക്കരണം അനുവദിക്കുക. അതിന്റെ അടിസ്ഥാനത്തിൽ പശ്ചാത്തല സൗകര്യ നിർമ്മാണത്തിന് പണം കണ്ടെത്തുക. രണ്ട്, പശ്ചാത്തലസൗകര്യ നിർമാാണം കോർപറേറ്റുകളെ ഏൽപ്പിക്കുക. അതിന് ജനങ്ങളിൽ നിന്ന് വലിയ നിരക്കിൽ യൂസർ ഫീ ഈടാക്കാൻ അവരെ അനുവദിക്കുക.
മൂന്ന്, ബജറ്റിനു പുറത്ത് വായ്പയെടുത്ത് ഈ പശ്ചാത്തല സൗകര്യങ്ങൾ അടിയന്തരമായി സൃഷ്ടിക്കുക.

കേരളം മൂന്നാമത്തെ ബദൽ മാർഗമാണ് സ്വീകരിച്ചത്. ഇതിനായി കിഫ്ബി എന്ന ഒരു പ്രത്യേക ധനകാര്യ സ്ഥാപനത്തിനുതന്നെ രൂപം നൽകി. ഇങ്ങനെ മാത്രമേ സാമൂഹ്യക്ഷേമ ചെലവുകൾ ഉറപ്പുവരുത്തി പശ്ചാത്തല മേഖലയിൽ കുതിപ്പ് സൃഷ്ടിക്കാനാകൂ. കിഫ്ബി ഇതിനകം 62,000 കോടി രൂപയുടെ റോഡ്, പാലം, പാർക്ക്, വൈദ്യതി ലൈൻ, കുടിവെള്ളം തുടങ്ങിയ പ്രൊജക്ടുകൾക്ക് അനുവാദം നൽകി. 10,000 ത്തോളം കോടി രൂപയുടെ പദ്ധതികളേ തീർന്നിട്ടുള്ളൂ എങ്കിലും എന്തൊരു വലിയ ചലനമാണ് കേരള സമ്പദ്ഘടനയിലും സമൂഹത്തിലും അത് സൃഷ്ടിച്ചിട്ടുള്ളത്. അങ്ങനെയെങ്കിൽ അടുത്ത രണ്ടോ മൂന്നോ വർഷംകൊണ്ട് ഈ പ്രൊജക്ടകൾ പൂർത്തീകരിക്കുമ്പോൾ എന്തൊരു വലിയ മാറ്റമായിരിക്കും കേരളത്തിൽ വരാൻ പോവുന്നതെന്ന് ആലോചിക്കുക.

നാടിന് അനിവാര്യമായ ഈ പ്രൊജക്ടുകൾ സാധാരണഗതിയിൽ 15-20 വർഷം കൊണ്ടേ, ബജറ്റിൽ പണം കണ്ടെത്തി നടപ്പാക്കാനാവൂ. ഇവയുടെ ഗുണഫലം കിട്ടാൻ അത്രയും നാൾ കാത്തിരിക്കണം. നിർമാണ ചെലവുകളും പലമടങ്ങ് വർദ്ധിക്കും. അതുകൊണ്ട് കിഫ്ബി വഴി വായ്പയെടുത്ത് ആ പ്രൊജക്ടുകളെല്ലാം ഇന്നുതന്നെ നടപ്പാക്കുകയാണ് അഭികാമ്യം. കിഫ്ബിക്ക് മോട്ടോർ വാഹന നികുതിയുടെ പകുതിയും പെട്രോൾ സെസും നൽകാൻ സർക്കാർ ബാദ്ധ്യസ്ഥമാണ്. ഇതിനു നിയമവുമുണ്ട്. കിഫ്ബി ഈ ഭാവിവരുമാനത്തിന്റെ ഈടിൽ വായ്പയെടുത്ത് പദ്ധതികൾ നടപ്പാക്കുകയാണ്. ഇതൊരിക്കലും കടക്കെണിയിലേക്ക് കേരളത്തെ നയിക്കില്ല. കാരണം സർക്കാർ നൽകുന്ന വാർഷിക ഗ്രാന്റു കൊണ്ട് തിരിച്ചടയ്ക്കാവുന്ന തുകയിൽ പ്രൊജക്ടുകൾ ഒതുക്കി നിർത്തും. ഇതിനു പ്രത്യേക സംവിധാനവും മേൽനോട്ട സമിതികളും കിഫ്ബിയിലുണ്ട്.

കെ റെയിലിനെതിരെ മാത്രമല്ല, കിഫ്ബിക്കുമെതിരെ എന്നാൽ നമ്മൾ ആവിഷ്‌കരിച്ചിരിക്കുന്ന ഈ നൂതന സമ്പ്രദായത്തെ കേന്ദ്രസർക്കാർ നഖശിഖാന്തം എതിർക്കുകയാണ്. കാരണം നിയോ ലിബറൽ നയ ചട്ടക്കൂട് പ്രകാരം സംസ്ഥാന സർക്കാരിന്റെ വായ്ക്കുകൾ സംസ്ഥാന വരുമാനത്തിന്റെ മൂന്ന് ശതമാനത്തിൽ അധികരിക്കാൻ പാടില്ല. ഈ നിബന്ധനയെ നമ്മൾ കിഫ്ബി ഉപയോഗിച്ച് മറികടക്കുകയാണെന്നാണ് വിമർശനം. ഇതിന്റെ അടിസ്ഥാനത്തിൽ സി.എ.ജി, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഇൻകം ടാക്‌സ് വകുപ്പ് എന്നിവർ വലിയ കടന്നാക്രമണമാണ് തെരഞ്ഞെടുപ്പു വർഷം നടത്തിയത്. എന്നാൽ നാം സ്വീകരിച്ചിരിക്കുന്ന മാർഗം തികച്ചും നിയമാനുസൃതമാണെന്നതിനാൽ അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല, മറ്റുപല സംസ്ഥാനങ്ങളും കേരളത്തിന്റെ രീതിയെ അനുകരിച്ചും തുടങ്ങിയിട്ടുണ്ട്. വിചിത്രമായ സ്ഥിതി, കെ റെയിലിനെ എതിർക്കുന്ന ഏതാണ്ട് എല്ലാവരും കിഫ്ബിയെയും എതിർക്കുന്നുണ്ടെന്നതാണ്. സംസ്ഥാന സർക്കാരിന്റെ വരുമാനത്തിന്റെ മൂന്നു ശതമാനത്തിനപ്പുറം മൂലധനച്ചെലവിനാണെങ്കിൽപ്പോലും സംസ്ഥാന സർക്കാർ വായ്പയെടുക്കാൻ പാടില്ലായെന്ന നിയോ ലിബറൽ ധനഉത്തരവാദിത്വ നിയമം ഇന്ത്യ സർക്കാർ അടിച്ചേൽപ്പിച്ചിരിക്കുകയാണ്. ഈ നിയോലിബറൽ നിയമത്തിന് മറികടക്കാൻ ഒറ്റമാർഗമേ ഇന്നുള്ളൂ. അതാണ് കിഫ്ബി വഴി ചെയ്യുന്നത്. അതിന് കേരള സർക്കാരിനെ നിയോ ലിബറലൈന്നു വിശേഷിപ്പിക്കുന്ന വിദഗ്ദ്ധന്മാരുണ്ട്. അവർ ധനഉത്തരവാദിത്വ നിയമത്തിന്റെ കുഴലൂത്തുകാരായി മാറുകയാണ്. എന്താണ് ഇവരുടെ ബദൽ മാർഗം? നല്ല റോഡും പാലവും വ്യവസായ പാർക്കും ട്രാൻസ്മിഷൻ ലൈനും സ്‌കൂളും ആശുപത്രിയും വേണ്ട. ഉള്ള പണം വച്ച് തട്ടിയും മുട്ടിയും പോയാൽ മതിയെന്നാണോ? അതോ, നിയോ ലിബറലുകൾ പറയുന്നതുപോലെ ഇതൊന്നും സർക്കാർ ചെയ്യണ്ട. സ്വകാര്യ മുതലാളിമാരെ ഏൽപ്പിച്ചാൽ മതിയെന്നതാണോ നിലപാട്? നിങ്ങളത് പറഞ്ഞിരുന്നോളു. ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു പ്രസ്ഥാനത്തിനും നിങ്ങളുടെ നിലപാട് സ്വീകരിക്കാനാവില്ല.

കെ റെയിലെങ്ങനെയാണ് പുതിയ വികസന തന്ത്രത്തിന്റെ ഭാഗമാകുന്നത്? കിഫ്ബി പ്രൊജക്ടുകൾക്കു പുറമേ മറ്റേതാനും വൻകിട പശ്ചാത്തല സൗകര്യ
പ്രൊജക്ടുകൾ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. അതിൽ മൂന്ന് വ്യവസായ ഇടനാഴികളുണ്ട്. ഇവയിൽ രണ്ടെണ്ണം കൊച്ചിയിൽ നിന്ന് കോയമ്പത്തൂരിലേക്കും മംഗലാപുരത്തേക്കു ള്ള ദേശീയപാതയുമായി ബന്ധപ്പെട്ടാണ്. കേന്ദ്രസർക്കാരിന്റെ വ്യവസായ ഇടനാഴി പദ്ധതികളുടെ ഭാഗമാണിവ. ഭൂമി ഏറ്റെടുക്കലിന്റെ ബാധ്യതയാണ് മുഖ്യമായി നമ്മൾ വഹിക്കുന്നത്. മൂന്നാമത്തേത്, കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ അംഗീകാരം നൽകിയ തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് പദ്ധതിയാണ്. ഈ പുതിയ പാതയുമായി ബന്ധപ്പെട്ട് നോളജ് സിറ്റികൾ, ലോജിസ്റ്റിക് വ്യവസായ ഹബ്ബുകൾ തുടങ്ങിയവയുടെ ഒരു ശ്രംഖല ഉണ്ടാവും. ഇത്തരം പദ്ധതികളിൽ ഏറ്റവും വലുതാണ് കെ റെയിൽ. ഭാവി വ്യവസായ വികസനത്തിൽ ഏറ്റവും നിർണായക പങ്കുവഹിക്കാൻ പോകുന്നത് മേൽപ്പറഞ്ഞ കാസർഗോഡ്, കണ്ണൂർ, കാക്കനാട്, കോട്ടയം പ്രദേശങ്ങളിലെ വ്യവസായ പാർക്കുകളും തൃശ്ശൂർ - പാലക്കാട്, തിരുവനന്തപുരം ഔട്ടർ റിംഗ് വ്യവ സായ ഇടനാഴിയുമാണ്. ഇവയെ ബന്ധിപ്പിക്കുന്നതായിരിക്കും വേഗ റെയിൽപ്പാത.

ഇത് ഈ മേഖലകളിലേയ്ക്ക് നിക്ഷേപങ്ങളെ ആകർഷിക്കാൻ സഹായകരമാകും. ഇവയിൽ തിരുവനന്തപുരത്തെ ഔട്ടർ റിംഗിനെയും പാലക്കാട്ടെ പാർക്കുകളെയും കെ റെയിലുമായി ബന്ധിപ്പിക്കുന്ന പ്രത്യേക ഗതാഗത സംവിധാനം വേണ്ടിവരും. അതുപോലെ തന്നെ വേഗ റെയിൽപ്പാത ടൂറിസം വികസനത്തിനും സഹായകരമായിരിക്കും. ഏറ്റവും ഭാവി ടൂറിസം വികസന സാദ്ധ്യത മലബാറിലെ ബീച്ചുകളുമായി ബന്ധപ്പെട്ടാണ്. പരമ്പരാഗത ടൂറിസം കേന്ദ്രങ്ങളും നവകേന്ദ്രങ്ങളും തമ്മിലുള്ള അകലം വേഗ റെയിൽപ്പാതമൂലം ഗണ്യമായി കുറയും. സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 10 ശതമാനം ഇപ്പോൾ ടൂറിസം മേഖലയിൽ നിന്നാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഏറ്റവും വേഗതയിൽ വരുന്ന മേഖലയാണിത്. പക്ഷേ, കേരളത്തി ലേക്ക് വരുന്ന വിദേശ ടൂറിസ്റ്റുകളിൽ 10 ശതമാനമേ മലബാറിലേക്ക് പോകുന്നുള്ളൂ. സന്തുലിതവും സുസ്ഥിരവുമായി ടൂറിസം വികസനത്തിന് ഈ സ്ഥിതിവിശേഷത്തിൽ മാറ്റം വരണം. ടൂറിസ്റ്റുകളെ ഏതെങ്കിലും ഒരു പ്രദേശത്തേക്ക് മാത്രമായി കേന്ദ്രീകരിക്കുന്നത് അഭികാമ്യമല്ല. കെ റെയിൽ ഈ സ്ഥിതിവിശേഷത്തിൽ മാറ്റം വരുത്തും.

കെ റെയിൽ സ്റ്റേഷനുകളോടുബന്ധപ്പെട്ട് പ്രത്യേക സബ്‌സിഡിയറി കമ്പനിയുടെ കീഴിൽ ലാന്റ് ബാങ്ക് ഡെവലപ്പ്‌മെൻറ്​ സ്‌കീം തുടങ്ങിയ രീതികൾ അവലംബിച്ചുകൊണ്ട് പ്രത്യേക വികസന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും പരിപാടിയുണ്ട്. അവസാനമായി, മേൽപ്പറഞ്ഞ നിക്ഷേപങ്ങൾക്കു പുറമേ കേരളത്തിന്റെ വലിയൊരു ഭാവി വളർച്ചാസാദ്ധ്യത, പുറംജോലികൾ വീട്ടിലോ വീട്ടിനടുത്തായിരുന്ന് ഡിജിറ്റലായി ചെയ്യാനുള്ള തൊഴിലുകൾ സൃഷ്ടിക്കുക എന്നതാണ്. 20 ലക്ഷം തൊഴിലവസരങ്ങളാണ് ഇത്തരത്തിൽ ലക്ഷ്യമിടുന്നത്. മുൻ റെയിൽവേ ബോർഡ് ചെയർമാനും ജനകീയാസൂത്രണ പ്രമുഖനുമായിരുന്ന എം. എൻ. പ്രസാദ് പലപ്പോഴും പറയാറുണ്ടായിരുന്ന ഒരു കാര്യം ഞാൻ ഓർക്കുകയാണ്. കേരളത്തിന് ഗ്രേറ്റർ ബോംബെയുടെ വലിപ്പമേയുള്ളൂ. റെയിലിന് കൂടുതൽ ഊന്നൽ നൽകുന്ന ഒരു സമഗ്ര ഗതാഗത സംവിധാനം കൂടിയുണ്ടെങ്കിൽ ഏതെങ്കിലും ഒരു നഗരത്തിൽ കേന്ദ്രീകരിക്കാതെ കേരളത്തെ മുഴുവൻ ഒരു നവീന സാമ്പത്തിക മേഖലയാക്കി മാറ്റാനാവും. ഇവിടെയാണ് കെ റെയിലിന്റെ വികസന പ്രസക്തി.

പ്രളയത്തിന്റെയും കോവിഡിന്റെയും
തകർച്ചയുടെ കാലത്ത് വേണോ കെ റെയിൽ?

മേൽപ്പറഞ്ഞ പദ്ധതികളുമായെല്ലാം ബന്ധപ്പെട്ട് അടുത്ത പത്ത് വർഷത്തിനുള്ളിൽ ഏതാണ്ട് രണ്ടു ലക്ഷം കോടിയിലേറെ രൂപ കേരളത്തിലെ പശ്ചാത്തല സൗകര്യ വികസന മേഖലകളിൽ മുതൽമുടക്കുണ്ടാവും. ഈ ഭീമമായ മുതൽമുടക്ക് കേരള സമ്പദ്ഘടനയെ പ്രളയവും കോവിഡും ഗൾഫ് പ്രതിസന്ധിയും സൃഷ്ടിച്ച മാന്ദ്യത്തിൽ നിന്ന് കരകയറ്റും. ഇന്ന് കേരളം നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരമൊരു സമീപനം അനിവാര്യമാക്കുന്നത്. എന്നാൽ കെ റെയിൽ വിമർശകരുടെ വലിയൊരു പരിഭ്രാന്തി ഇത്രയേറെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലയളവിലാണോ ഇങ്ങനെയുള്ള പദ്ധതികൾ ഏറ്റെടുക്കേണ്ടത് എന്നാണ്! പ്രാമാണികരായ ചില സാമ്പത്തിക വിദഗ്ദ്ധർ വരെ ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ തലയിൽ കൈവച്ചു പോകും. മാന്ദ്യകാലത്ത് സർക്കാർ ചെലവുകൾ ഉയർത്തണം എന്നത് ഒരു പ്രാഥമിക സാമ്പത്തിക യുക്തിമാത്രമാണ്. ഇങ്ങനെയുള്ള സന്ദർഭങ്ങളിലാണ് വലിയ തോതിലുള്ള പശ്ചാത്തല സൗകര്യ നിർമാണത്തിന് മുതൽമുടക്കേണ്ടത്. അത് വീണ്ടെടുപ്പിനെ ശക്തിപ്പെടുത്തും. സമ്പദ് ഘടനയെ പുതിയൊരു വിതാനത്തിലേക്ക് ഉയർത്തും. കോവിഡ് മഹാമാരി കേരളത്തിന്റെ സമ്പദ്ഘടനയെ വലിയ ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്.

അഖിലേന്ത്യാതലത്തിൽ ഉണ്ടായതിനേക്കാൾ തീക്ഷ്ണമായ തൊഴിൽ വരുമാന തകർച്ചയെയാണ് കേരളം അഭിമുഖീകരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ വീണ്ടെടുപ്പിന് ലോകമാസകലം ഉത്തേജക പാക്കേജുകൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇത്തരം ഉത്തേജക പാക്കേജുകളുടെ ഒരു പ്രധാനഘടകമാണ് പശ്ചാത്തല സൗകര്യ നിക്ഷേപം. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്നത് ശരിയാണ്. അതിനുള്ള മാക്രോ ഇക്കണോമിക് പ്രതിവിധി ഭീമമായ തോതിൽ പശ്ചാത്തല സൗകര്യ നിക്ഷേപത്തിന് ഈ മാന്ദ്യകാലത്തെ ഒരവസരമാക്കി മാറ്റലാണ്. ഇന്ത്യാ രാജ്യത്തെ ഏറ്റവും വലിയ ഉത്തേജക പാക്കേജാണ് കേരളത്തിൽ നട പ്പാക്കുന്നത്.

കെ റെയിലിനുവേണ്ടി മുടക്കുന്ന പണം സാധാരണക്കാർക്ക് ചെലവഴിച്ചുകൂടേ? അസാദ്ധ്യം. കാരണം കെ റെയിലിനുവേണ്ടി ചെലവാക്കുന്ന പണം ഒരു പ്രൊജക്ടുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വായ്പയാണ്. അത് മറ്റ് ക്ഷേമ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കാനാകില്ല. കെ റെയിൽ നിർമിക്കുന്നില്ലെങ്കിൽ ആ വായ്പ പാഴാകും. അതുകൊണ്ട് ഏതെങ്കിലും ക്ഷേമ പ്രവർത്തനങ്ങൾ വേണ്ടെന്നു വച്ചിട്ടല്ല ഇത്തരത്തിലുള്ള പശ്ചാത്തല സൗകര്യങ്ങൾ നിർമിക്കുന്നത്. വിമർശകർ മുന്നോട്ടുവെയ്ക്കുന്ന അതിയുക്തികളിൽ അത്ഭുതം കൂറാതെ വയ്യ. വിമർശകരുടെ അടിസ്ഥാന ദൗർബല്യം അവർ വികസനത്തെ ഒരു ഡൈനാമിക് പ്രക്രിയയായി കാണുന്നില്ല എന്നതാണ്. ഇന്നത്തെ പാവങ്ങളെ അതേ നിലയിൽ സംരക്ഷിക്കുന്നതല്ല വികസനം. ഇന്ന് ചൈനയിൽ ഏതാണ്ട് പകുതി ജനസംഖ്യ ഇടത്തരം വരുമാനക്കാരാണ്. കേരളത്തിലിവർ 30 ശതമാനമേ വരൂ. ഇന്നത്തെ പാവപ്പെട്ടവരുടെ അടുത്ത തലമുറയുടെ കാലത്തെങ്കിലും അവരെയും നമുക്ക് ഇടത്തരം വരുമാനക്കാരുടെ നിലവാരത്തിലേക്ക് ഉയർത്തണം. അതിന് ഭാവി വളർച്ചക്കുതകുന്ന പശ്ചാ ത്തല സൗകര്യങ്ങൾ അനിവാര്യമാണ്. ഈ വെല്ലുവിളി ഏറ്റെടുക്കാൻ കഴിയുന്നില്ലെങ്കിൽ നാളെ പുനർവിതരണത്തെ അടിസ്ഥാനമാക്കിയുള്ള ക്ഷേമകേരളത്തെ മുന്നോട്ടുകൊണ്ടുപോകാനാകില്ല. നിയോ ലിബറലിസമല്ലാതെ ആധുനിക പരിഷ്‌കരണത്തിന് മറ്റു മാർഗമില്ല എന്ന നിഗമനത്തിലേക്ക് ജനങ്ങൾ നീങ്ങാം. ഇതിന്റെ സാമൂഹ്യ - രാഷ്ട്രീയ വിപരീതഫലങ്ങൾ വളരെ തീക്ഷ്ണമായിരിക്കും. ഇത്തരമൊരു സമഗ്രവും ചലനാത്മകവുമായ കാഴ്ചപ്പാട് ഇല്ലാത്തതുകൊണ്ടാണ് ചില പണ്ഡിതർ കെ റെയിൽ പോലുള്ള പശ്ചാത്തല സൗകര്യങ്ങൾ വരേണ്യ വർഗ വികസന സമീപനമാണെന്ന ധാരണയിലേക്ക് എത്തുന്നത്.


ഡോ. ടി.എം. തോമസ്​ ഐസക്​

സംസ്ഥാന മുൻ ധനകാര്യമന്ത്രി, സാമ്പത്തിക വിദഗ്ധൻ. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം. സാമ്പത്തിക ബന്ധങ്ങൾ: കേന്ദ്രവും കേരളവും, ജനകീയാസൂത്രണത്തിന്റെ രാഷ്ട്രീയം, കേരളം: മണ്ണും മനുഷ്യനും, ആഗോള പ്രതിസന്ധിയും ആഗോളവൽക്കരണവും, ലോക്കൽ ഡെമോക്രസി ആൻഡ് ഡെവലപ്‌മെൻറ്​: ദ കേരള പീപ്പിൾസ് കാമ്പയിൻ ഫോർ ഡി സെൻട്രലൈസ്ഡ് പ്ലാനിംഗ് (റിച്ചാർഡ് ഫ്രാങ്കിയോടൊപ്പം) തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments