Illustration: Muhammed Fasil

ക്രിപ്‌റ്റോ കറൻസി അഥവാ
നിയന്ത്രണങ്ങളില്ലാത്ത ഗോപ്യനാണയം

നവലിബറലിസത്തിന്റെ സന്തതി

സാധാരണക്കാർക്ക് ക്രിപ്‌റ്റോ കറൻസി എന്നത് പുതിയ വാക്കാണ്. എളുപ്പം മനസ്സിലാക്കാനും ബുദ്ധിമുട്ടാണ്. കാരണം രൂപ, പൗണ്ട്, ഡോളർ, ദിർഹം തുടങ്ങിയ കറൻസി രൂപങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമായി കാണാനും തൊടാനും കഴിയാത്ത, കമ്പ്യൂട്ടറുകളാൽ നിയന്ത്രിക്കുന്ന ഒരു നാണയവ്യവസ്ഥ. ഈ നാണയവ്യവസ്ഥയ്ക്ക് ദേശ, രാജ്യങ്ങളൊന്നും ബാധകമല്ല. ഡിജിറ്റൽ ലോകത്തെ ഡിജിറ്റലായി വിനിമയം ചെയ്യുന്ന, ഡിജിറ്റൽ വാലറ്റിൽ സൂക്ഷിക്കാൻ കഴിയുന്ന കാണാപ്പണം.

ക്രിപ്‌റ്റോ എന്നാൽ ‘ഡാറ്റ ഇൻസ്ക്രിപ്ഷൻ' എന്നാണർഥം. ക്രിപ്‌റ്റോഗ്രാഫിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഭൗതികരൂപമില്ലാത്ത വെർച്വൽ കറൻസികൾ ആണ് ക്രിപ്‌റ്റോ കറൻസി. എന്നുണ്ടായി, ആരുണ്ടാക്കി എന്നൊന്നും കൃത്യമായ വ്യക്തത വന്നിട്ടില്ലെങ്കിലും 1980കളിൽ ആരംഭിച്ച സൈബർ കറൻസി എന്ന സങ്കല്പമാണ് ഇതിന്റെ തുടക്കക്കാരൻ. 2008-ലെ സാമ്പത്തികമാന്ദ്യമാണ് ഇത്തരമൊരു നിയന്ത്രണങ്ങളില്ലാത്ത കറൻസിയെക്കുറിച്ചുള്ള ചിന്തയുദിക്കാൻ കാരണമെന്നും പറയുന്നുണ്ട്.

ആരുടെയും നിയന്ത്രണങ്ങളില്ലാതെ ഫിനാൻസ് മാർക്കറ്റിലേയ്ക്ക് തുറന്നുവിട്ടിരിക്കുന്ന ആധുനിക വിനിമയ മാധ്യമമാണിത്. വളർത്തുന്നതും തളർത്തുന്നതുമൊക്കെ മൂലധന ശക്തികളും മാർക്കറ്റ് നിയമങ്ങളുമാണ്.

2008-ൽ സതോഷി നക്കമോട്ടോ (Satoshi Nakamoto) എന്ന വ്യാജപ്പേരുകാരനായ ഒരാളോ ഒരുകൂട്ടം ഡിജിറ്റൽ വിദഗ്ധരോ ആണ് ഇതിനുപിന്നിലെന്നാണ് ഇപ്പോഴുള്ള ധാരണ. സതോഷി നക്കമോട്ടോയുടെ ‘ബിറ്റ്‌കോയിൻ' എന്ന പേരിൽ പുറത്തിറങ്ങിയ ഒരു ഇ- പേപ്പർ പ്രസേന്റഷൻ ആണ് ഇതിന് തുടക്കമിട്ടത്.
2009-ൽ തന്നെ ഓപ്പൺ സോഴ്‌സ് സോഫ്​റ്റ് വെയറിൽ സതോഷി നക്കമോട്ടോ ബിറ്റ്‌കോയിൻ പ്രോട്ടോകോൾ ഉണ്ടാക്കി പുറത്തുവിട്ടു. 2009 ജനുവരി 12-ന് നക്കമോട്ടോയും ഹാൾ ഫെന്നിയും തമ്മിൽ ആദ്യത്തെ 10,000 ബിറ്റ്‌കോയിൻ ഇടപാട് നടത്തി. ഫെബ്രുവരിയിൽ 10,000 ബിറ്റ്‌കോയിൻ കൊടുത്ത് രണ്ട് പപ്പാ ജോൺസ് പീസ കൈമാറിയതോടെ ഇന്ന് ട്രില്യൺ ഡോളറിൽ എത്തിനിൽക്കുന്ന ഡിജിറ്റൽ കറൻസി ട്രാൻസാക്ഷെന്റ തുടക്കം കുറിച്ചു. 2017 മുതലാണ് ക്രിപ്‌റ്റോ കറൻസി യുഗമാരംഭിക്കുന്നത്. ഇന്ന് ബിറ്റ്‌കോയിൻ പോലെ പത്തിലധികം ക്രിപ്‌റ്റോ കറൻസികൾ രംഗത്തുണ്ട്.

2018-ൽ 820 ബില്യൺ ഡോളർ മൂല്യം വരുന്ന ക്രിപ്‌റ്റോ കറൻസികൾ വിവിധ ആളുകളുടെ ഡിജിറ്റൽ വാലറ്റുകളിൽ ഉണ്ടായിരുന്നു എന്ന് കണക്കാക്കുകയുണ്ടായി.

ബുഡാപെസ്റ്റിലെ സതോഷി നക്കോമോട്ടോയുടെ പ്രതീകാത്മക അർദ്ദകായപ്രതിമ. / Photo: Wikimedia Commons

‘ബ്ലോക് ചെയിൻ' സാങ്കേതികവിദ്യയിലൂടെയാണ് ബിറ്റ്‌കോയിൻ പ്രവർത്തിക്കുന്നത്. ട്രിപ്പിൾ എൻട്രി ബുക്ക് കീപ്പിങ് സംവിധാനത്തിലൂടെയാണ് ബിറ്റ്‌കോയിൻ ഇടപാടുകൾ രേഖപ്പെടുത്തുന്നത്. അതായത് ബിറ്റ്‌കോയിൻ ഇടപാട് നടത്തുന്ന രണ്ടുപേരുടെ ഇടപാട് മൂന്നാമതൊരാൾ കൺഫേം ചെയ്യുകയും ഇവ മൂന്നും ഡിജിറ്റലായി രേഖപ്പെടുത്തുകയും ചെയ്യും. ഇതോടെ ബിറ്റ്‌കോയിന്റെ സഞ്ചാരപഥങ്ങളെ കൃത്യമായി ട്രാക്ക് ചെയ്യാൻ കഴിയും എന്നാണ് ബിറ്റ്‌കോയിൻ വക്താക്കൾ അവകാശപ്പെടുന്നത്. ക്രിപ്‌റ്റോ കറൻസി ഇടപാടുകളിൽ മുന്നിട്ട് നിൽക്കുന്നത് ബിറ്റ്‌കോയിൻ തന്നെയാണ്. Ethereum, Binance Coin, Tether, Cardano, Polkadot, XRP, Uniswap, Lite Coin, Theta തുടങ്ങി പത്തിലധികം ക്രിപ്‌റ്റോ കറൻസികൾ നിലവിലുണ്ട്.

ഡിജിറ്റൽ ആപ്പുകൾ ഡൗൺലോഡ് ചെയ്താണ് ക്രിപ്‌റ്റോ ഇടപാടുകൾ ആരംഭിക്കുന്നത്. ഡിജിറ്റലായി ഉണ്ടാക്കിയ ക്രിപ്‌റ്റോ എക്‌സ്ചേഞ്ചുകൾ വഴിയാണ് ഇടപാടുകൾ പ്രധാനമായും നടക്കുന്നത്. ഇപ്പോൾ ധാരാളം ക്രിപ്‌റ്റോ എക്‌സ്ചേഞ്ചുകൾ ലോകത്ത് നിലവിലുണ്ട്.

ആരുടെയും നിയന്ത്രണങ്ങളില്ലാതെ ഫിനാൻസ് മാർക്കറ്റിലേയ്ക്ക് തുറന്നുവിട്ടിരിക്കുന്ന ആധുനിക വിനിമയ മാധ്യമമാണിത്. വളർത്തുന്നതും തളർത്തുന്നതുമൊക്കെ മൂലധന ശക്തികളും മാർക്കറ്റ് നിയമങ്ങളുമാണ്. അതത് രാജ്യങ്ങളുടെ കേന്ദ്രബാങ്കുകളുടെ ശക്തമായ നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തിച്ചിരുന്ന കറൻസി ഇടപാടുകളെ ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ നിന്നുകൊണ്ട് പ്രവർത്തിപ്പിക്കുക എന്ന ലളിതയുക്തിയാണ് ഇതിനുപുറകിലുള്ളത്. സ്വിസ് ബാങ്കുകളിലും മറ്റും ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന പണത്തെ ഗോപ്യമായി ഒരു ‘കീ'യുടെ നിയന്ത്രണത്തിലൂടെ ആരുമറിയാതെ നികുതികൾക്കും നിയന്ത്രണങ്ങൾക്കും വിധേയമാക്കാതെ സൂക്ഷിക്കാൻ കഴിയും. ദേശ- രാഷ്ട്ര സങ്കല്പങ്ങളെയെല്ലാം ഡിജിറ്റൽ കറൻസി ഇല്ലാതാക്കുകയാണ്. ബിറ്റ്‌കോയിൻ ഉപയോഗിച്ച്​ ലോകത്ത് എവിടെനിന്നും വസ്തുക്കളുടെയും സേവനങ്ങളുടെയും വില്പന സാധ്യമാകും. ഇടപാടുകൾ ട്രാക്ക് ചെയ്യാൻ കഴിയുമെങ്കിലും ഇടപാടുകാരെ ട്രാക്ക് ചെയ്യാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഇടപാടുകാർ പറ്റിക്കപ്പെടുവാനും സാധ്യതയുണ്ട്.

ഇന്ത്യയിൽ ക്രിപ്‌റ്റോ കറൻസി ഇടപാടുകൾ ധാരാളം നടക്കുന്നുണ്ടെങ്കിലും നിയമനിർമാണമുണ്ടായിട്ടില്ല. ഡിജിറ്റൽ അസറ്റുകളിൽനിന്നും 30 ശതമാനം നികുതി പിരിക്കുമെന്ന ധനകാര്യമന്ത്രിയുടെ പ്രഖ്യാപനം മാത്രമാണുണ്ടായിട്ടുള്ളത്.

നവലിബറൽ കാലത്തിന്റെ അരുമസന്തതിയാണ് ക്രിപ്‌റ്റോ കറൻസി. ശക്തമായ നിയന്ത്രണസംവിധാനങ്ങൾ കൊണ്ടുവന്നില്ലായെങ്കിൽ രാജ്യാന്തര സമ്പദ്​വ്യവസ്ഥയെ ബാധിക്കാനും ഉപഭോക്താക്കൾ വലിയതോതിൽ കബളിപ്പിക്കപ്പെടാനും സാധ്യതയുണ്ട്. ഇപ്പോൾ മുതലാളിത്ത രാജ്യങ്ങളിൽ പോലും ക്രിപ്‌റ്റോ കറൻസിയെ നിയന്ത്രിക്കുന്നതിനുള്ള ശക്തമായ നിയമസംവിധാനങ്ങളില്ല. അമേരിക്കയിൽ നാഷണൽ ക്രിപ്‌റ്റോ കറൻസി എൻഫോഴ്‌സ്​മെൻറ്​ ടീം ഉണ്ടാക്കി ക്രിപ്‌റ്റോ കറൻസിയുടെയും മറ്റു ഡിജിറ്റൽ ആസ്തികളുടെയും ദുരുപയോഗം കണ്ടുപിടിക്കാൻ ശ്രമമാരംഭിച്ചിട്ടുണ്ട്. ചൈനയും റഷ്യയും ക്രിപ്‌റ്റോ കറൻസി ഇടപാട് നിരോധിച്ചിരിക്കയാണ്. യു.കെ. അല്പം ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

ഇന്ത്യയിൽ ക്രിപ്‌റ്റോ കറൻസി ഇടപാടുകൾ ധാരാളം നടക്കുന്നുണ്ടെങ്കിലും നിയമനിർമാണമൊന്നും ഉണ്ടായിട്ടില്ല. ഡിജിറ്റൽ അസറ്റുകളിൽനിന്നും 30 ശതമാനം നികുതി പിരിക്കുമെന്ന ധനകാര്യമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനം മാത്രമാണ് ഇതുവരെയുണ്ടായിട്ടുള്ളത്. പൊതുവെ, ബാങ്കുകളൊന്നും ക്രിപ്‌റ്റോ കറൻസി ഇടപാടുകൾക്കായി സ്വീകരിച്ചുതുടങ്ങിയിട്ടില്ലെങ്കിലും അമേരിക്കയിലെ ഭീമൻ ബാങ്കുകളായ മോർദാൻ സ്റ്റാൻലിനും ബി.എൻ.വൈ. ബാങ്കും അവരുടെ വിശ്വാസയോഗ്യരായ ഉപഭോക്താക്കളിൽനിന്ന്​ ബിറ്റ്‌കോയിൻ ഇടപാടുകൾ സ്വീകരിക്കുന്നുണ്ട്.

ഇല്ലാ കറൻസിയിൽ വെട്ടിപ്പും ധാരാളം

ബിറ്റ്‌കോയിൻ സുരക്ഷിത ഇടപാടുകൾ ഉറപ്പുതരുന്നു എന്ന് പറയുന്നത് കാപട്യമാണെന്ന് 2021 ഏപ്രിലിലെ സൗത്ത് ആഫ്രിക്കൻ സ്കാം തെളിയിച്ചുകഴിഞ്ഞു. ആഫ്രിക്കയിലെ ക്രിപ്‌റ്റോ കറൻസി ഏജൻസി ഉടമകളായ റെയ്‌സ്കാജിയും അമീർകാജിയും കൂടി 3.8 ബില്യൻ ഡോളറിനു തുല്യമായ ബിറ്റ്‌കോയിനുമായി അപ്രത്യക്ഷമായി. മറ്റൊരു കമ്പനിയായ മിറർ ട്രേഡിങ് ഇന്റർനാഷണൽ മുങ്ങിയത് 170 മില്യൺ ഡോളറിനു തുല്യമായ ബിറ്റ്‌കോയിനുമായാണ്. 2014ൽ ലോകത്തെ ഏറ്റവും വലിയ ബിറ്റ്‌കോയിൻ എക്‌സ്ചേഞ്ചായ Mt. Gox അവരുടെ ഇടപാടുകാരുടെ ഹാക്കിങ്ങും, കളവും മൂലം പാപ്പരായി പ്രഖ്യാപിക്കപ്പെട്ടു. 2017 നവംബർ 21-ന് Tether ക്രിപ്റ്റോ കറൻസി ഹാക്കർമാരാൽ കൊള്ളചെയ്യപ്പെട്ടു. ഇത്തരത്തിൽ പുറത്തുവന്നിട്ടുള്ളതും ഇല്ലാത്തതുമായ ക്രിപ്‌റ്റോ ലൂട്ടിങ് അനുബന്ധമായിത്തന്നെ നടക്കുന്നുണ്ട്.

നിർമല സീതാരാമൻ. ഇന്ത്യയിൽ ക്രിപ്‌റ്റോ കറൻസി ഇടപാടുകൾ ധാരാളം നടക്കുന്നുണ്ടെങ്കിലും നിയമനിർമാണമൊന്നും ഉണ്ടായിട്ടില്ല. ഡിജിറ്റൽ അസറ്റുകളിൽനിന്നും 30 ശതമാനം നികുതി പിരിക്കുമെന്ന ധനകാര്യമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനം മാത്രമാണ് ഇതുവരെയുണ്ടായിട്ടുള്ളത്. / Photo: Wikimedia Commons

മുതലാളിത്തത്തിന്റെ വികൃതമുഖം

എന്തും വിറ്റ് കാശാക്കുമെന്ന മുതലാളിത്തയുക്തിയുടെ ഉത്തമ ഉദാഹരണമാണ് ക്രിപ്‌റ്റോ കറൻസി. അല്പം ബുദ്ധിയുള്ള ഒരാൾ ഇതും കറൻസിയാണെന്ന് പറഞ്ഞ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഒരു ഡിജിറ്റൽ മാറ്റർ ഇടുന്നു. ആദ്യ വില്പന അയാൾ നടത്തുന്നു. തുടർന്ന് ചിലർ അതേറ്റുപിടിക്കുന്നു. അത് അംഗീകരിക്കപ്പെടുന്നു. സ്റ്റോക്ക് എക്‌സ്ചേഞ്ചുകളിലെ ഷെയറെന്നപോലെ അതിന്റെ വില ചാഞ്ചാടുന്നു. വില ഉയരുന്നു, താഴുന്നു. ഉയരുമ്പോൾ നിക്ഷേപകർ പ്രതീക്ഷയർപ്പിച്ച് അതിൽ നിക്ഷേപിക്കുന്നു. ദേശാന്തര നിയന്ത്രണങ്ങളൊന്നുമില്ലാത്തതിനാൽ കള്ളപ്പണക്കാരും ഇതിനെ സംരക്ഷിച്ച് നിർത്താൻ ശ്രമിക്കുന്നു. അവരുടെ സുരക്ഷിത നിക്ഷേപത്തിനുള്ള ഇടമായി ഇത് മാറുന്നു. ഇതിനിടയിൽ ആളുകൾ പറ്റിക്കപ്പെടുന്നു. അതിനെ ബിസിനസ്സിലെ ലാഭ- നഷ്ടമായി മാത്രം കാണുന്നു. ഇപ്പോൾതന്നെ ലോകത്തെ സമ്പത്ത് നിയന്ത്രിക്കുന്നത് സമ്പന്നരായ ചില ബിസിനസുകാരാണ്. സർക്കാരുകളുടെ അധികാരങ്ങൾ ഇവരുടെ വളർച്ചയ്ക്കായിട്ടാണ് പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. രാഷ്ട്രത്തിനുമേലുള്ള അവരുടെ നിയന്ത്രണം എല്ലാവിധത്തിലും കുറച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇല്ലാത്ത കറൻസിയുടെ ഇടപാടുകളിൽനിന്ന്​ നികുതിയെങ്കിലും ഈടാക്കാൻ കഴിയുമോ എന്നാണ് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ ചിന്തിക്കുന്നത്.

രാജ്യങ്ങൾ ക്രിപ്‌റ്റോ കറൻസിയിൽ ശകതമായ നിലപാടുകൾ എടുക്കേണ്ട സാഹചര്യമാണുള്ളത്. ചൈന ക്രിപ്‌റ്റോ കറൻസി നിരോധിച്ച സാഹചര്യത്തിൽ ഇന്ത്യക്കും ആ പാത പിൻതുടരാവുന്നതാണ്.

കറൻസിയിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടാൽ സാമ്പത്തിക അരാചകത്വമായിരിക്കും ഫലം. ഗവൺമെൻറുകൾക്ക് സ്വന്തം ജനതയെ സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യം വന്നുചേരും. നിയന്ത്രണങ്ങളില്ലെങ്കിൽ ബാങ്കുകളുടെ തകർച്ച നിത്യസംഭവമാകും. നിക്ഷേപങ്ങളിൽ ജനങ്ങൾക്ക് വിശ്വാസമില്ലാത്ത സാഹചര്യമുണ്ടാകും. ദരിദ്രർ കൂടുതൽ ദരിദ്രരായി മാറും. ഗവൺമെൻറുകൾ റബ്ബർസ്റ്റാമ്പാകുന്ന സാഹചര്യത്തിലെത്തിച്ചേരും.
വേണ്ടത്ര രാഷ്ട്രീയ ചർച്ചകൾ ക്രിപ്‌റ്റോ കറൻസിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടില്ല. രാജ്യങ്ങൾ ക്രിപ്‌റ്റോ കറൻസിയിൽ ശകതമായ നിലപാടുകൾ എടുക്കേണ്ട സാഹചര്യമാണുള്ളത്. ചൈന ക്രിപ്‌റ്റോ കറൻസി നിരോധിച്ച സാഹചര്യത്തിൽ ഇന്ത്യക്കും ആ പാത പിൻതുടരാവുന്നതാണ്. അല്ലാതെ നിയമവിരുദ്ധമായ പ്രവർത്തനത്തിൽനിന്ന്​ നികുതി പിരിക്കാനുള്ള നിയമം നിർമിച്ച് സർക്കാർ വരുമാനം ഉണ്ടാക്കാൻ ശ്രമിക്കുന്നത് എന്തായാലും രാഷ്ട്രീയ നൈതികതയ്ക്ക് യോജിച്ചതല്ല.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


അഡ്വ. കെ.പി. രവിപ്രകാശ്​

എഴുത്തുകാരൻ, കേരള ശാസ്​ത്രസാഹിത്യ പരിഷത്ത്​ സംസ്​ഥാന സമിതി അംഗം. ഇന്ത്യൻ ഭരണഘടന: ചരിത്രം, സംസ്​കാരം, നൈതികത എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments