ഇന്ത്യയിൽ ദാരിദ്ര്യം കുറഞ്ഞോ; സംശയാസ്​പദമാണ്​ നിതി ആയോഗ്​ റിപ്പോർട്ട്​

കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍, രാജ്യത്തെ ദാരിദ്ര്യം പത്തു ശതമാനം കുറഞ്ഞതായുള്ള നിതി ആയോഗ് റിപ്പോര്‍ട്ടിന്റെ അവകാശവാദത്തെ തുറന്നുകാണിക്കുകയാണ് പ്രമുഖ ഇക്കണോമിസ്റ്റായ പ്രൊഫ. അരുണ്‍ കുമാര്‍.

ഇന്ത്യയിലെ അനൗദ്യോഗിക സാമ്പത്തിക മേഖലയെയും, ബ്ലാക് മണിയെയും സംബന്ധിച്ച് ആഴത്തിൽ പഠനം നടത്തിയ വ്യക്തിയാണ് പ്രൊഫ. അരുണ്‍കുമാര്‍. നോട്ട് നിരോധനത്തെ സംബന്ധിച്ച് അദ്ദേഹം എഴുതിയ പുസ്തകം വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 18-ന് നിതി ആയോഗ് പുറത്തിറക്കിയ ‘ബഹുമുഖ ദാരിദ്ര്യ സൂചിക: പുരോഗതി വിശകലനം’ എന്ന റിപ്പോര്‍ട്ടിന്റെ പിഴവുകള്‍ വിശദീകരിച്ച്​ അദ്ദേഹം നടത്തിയ വിശകലനത്തിന്റെ സംക്ഷിപ്ത രൂപം. തയ്യാറാക്കിയത് കെ. സഹദേവന്‍

2023 ജൂലൈ 18-ന് പുറത്തിറക്കിയ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക സംബന്ധിച്ച അവലോകന റിപ്പോര്‍ട്ടില്‍ 2015-16 നും 2019-നും ഇടയില്‍ ഇന്ത്യയിലെ ബഹുമുഖ ദാരിദ്ര്യം കുത്തനെ കുറഞ്ഞതായി നിതി ആയോഗ് അവകാശപ്പെടുന്നുണ്ട്. മേല്‍പ്പറഞ്ഞ കാലയളവില്‍ ബഹുമുഖ ദാരിദ്ര്യം 24.85% നിന്ന്​ 14.96% ആയി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടിന്റെ കാതല്‍. ദരിദ്ര സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ ബഹുമുഖ ദാരിദ്ര്യം ഏറ്റവും കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ ആശ്വാസം കൊള്ളുന്നുണ്ട്.

നിതി ആയോഗിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, 2020-21 പകര്‍ച്ചവ്യാധിയുടെ വര്‍ഷമായിരുന്നെങ്കിലും, ദരിദ്രര്‍ കഠിനമായ ദുരിതങ്ങള്‍ അനുഭവിക്കുകയും മെച്ചപ്പെട്ട ജീവിതവും ഉപജീവനവും തേടി നഗരപ്രദേശങ്ങളിലേക്ക് അവര്‍ മടങ്ങിയെത്തുകയും ചെയ്​തതിനെതുടർന്ന്​​, ഗ്രാമങ്ങളിലെ അടക്കം ദാരിദ്ര്യം അതിവേഗം കുറഞ്ഞു.

ബഹുമുഖ ദാരിദ്ര്യ സൂചിക
(Multidimensional Poverty Index)

ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിങ്ങനെ മൂന്ന് വിശാലമായ മാനങ്ങളെ അടിസ്ഥാനമാക്കിയാണ് ബഹുമുഖ ദാരിദ്ര്യ സൂചിക കണക്കാക്കുന്നത്.

ദേശീയ കുടുംബാരോഗ്യ സര്‍വ്വേ (National Health & Family Survey- NHFS) ഡാറ്റകള്‍ തമ്മിലുള്ള താരതമ്യ പഠനത്തിലൂടെയാണ്​ ബഹുമുഖ ദാരിദ്ര്യത്തിലെ മാറ്റങ്ങള്‍ കണ്ടെത്തുന്നത്. നിതി ആയോഗ് പുതുതായി പുറത്തിറക്കിയ പുരോഗതി വിശകലന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ ഉപയോഗപ്പെടുത്തിയ ഡാറ്റകള്‍ നാലും അഞ്ചും ദേശീയ കുടുംബാരോഗ്യ സര്‍വേയിലേതാണെന്ന് കാണുന്നു. അതായത് 2015-16 ലെയും (NHFS- 4) 2019-21 ലെയും (NHFS- 5) ഡാറ്റകള്‍ തമ്മിലുള്ള താരതമ്യമാണ് നിതി ആയോഗ് നടത്തിയിട്ടുള്ളത്.

ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യം, അഞ്ചാം ദേശീയ കുടുംബാരോഗ്യ സര്‍വ്വേ, രണ്ട് വര്‍ഷത്തിനിടയിലെ രണ്ട് സര്‍വേകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നതാണ്. ഇത് വിചിത്ര സംഗതിയാണ്. കാരണം 2020-21 പകര്‍ച്ചവ്യാധി മൂലം അസാധാരണമായ ഒരു വര്‍ഷമായിരുന്നു. നിതി ആയോഗ് റിപ്പോര്‍ട്ടില്‍ 70% ഡാറ്റയും മഹാമാരിക്കുതൊട്ടുമുമ്പ്, 2019-20 ആദ്യ പാദത്തില്‍ ശേഖരിച്ചതാണെന്ന് പരാമര്‍ശിക്കുന്നുണ്ട്. അങ്ങനെയാണെങ്കില്‍, 2019-20-ലെ ഡാറ്റ 2015-16 മുതലുള്ളതുമായി താരതമ്യം ചെയ്യാമായിരുന്നു. ഡാറ്റാ ശേഖരണത്തിന്റെ ഭൂരിഭാഗവും മഹാമാരി ബാധിച്ച അസാധാരണമായ ഒരു വര്‍ഷവുമായി എന്തുകൊണ്ട് കൂട്ടിക്കുഴയ്ക്കുന്നു എന്നത് സംബന്ധിച്ച യാതൊരു വിശദീകരണവും റിപ്പോര്‍ട്ട് നല്‍കുന്നുമില്ല.

2019-20 മുതലുള്ള ഡാറ്റ, 2020-21 എന്ന പകര്‍ച്ചവ്യാധിയും ലോക്ക്ഡൗണും മൂലം കുഴമറിച്ചിലിലായ വര്‍ഷത്തെ പ്രതിനിധീകരിക്കാന്‍ പര്യാപ്തമല്ല. അതുകൊണ്ടുതന്നെ ഈ രണ്ട് വ്യത്യസ്ത വര്‍ഷങ്ങളിലെ ശരാശരികള്‍ കണക്കാക്കുന്നതില്‍ യാതൊരര്‍ത്ഥവുമില്ല. മഹാമാരി സമ്പദ്​വ്യവസ്ഥയിലുണ്ടാക്കിയ ആഘാതം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍, തുടര്‍ന്നുള്ള വര്‍ഷങ്ങളെ, പ്രത്യേകിച്ച് 2021-22 വര്‍ഷത്തെ പ്രതിനിധീകരിക്കാന്‍ പോലും ഇതിന് കഴിയില്ല എന്നതാണ് വസ്തുത. ഔദ്യോഗികമായി, രാജ്യത്തിന്റെ ആഭ്യന്തര മൊത്തോല്‍പ്പാദനം 2022-23ല്‍ മാത്രമാണ് (4.8%) മഹാമാരിക്ക് മുമ്പുള്ള നിലയിലേക്ക് (2019-20) വീണ്ടെടുത്തത്. അങ്ങനെ, മൂന്ന് വര്‍ഷത്തെ വളര്‍ച്ച നഷ്ടപ്പെട്ടു.

സാമ്പത്തിക വളര്‍ച്ച മഹാമാരിക്ക് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തുകയുണ്ടായി എന്ന് പറയുമ്പോള്‍ ഒരു കാര്യം മനസ്സിലാക്കേണ്ടത് പ്രധാനമാണ്. വ്യാവസായിക ഉത്പാദന മേഖലയിലെ സംഘടിത മേഖല (organised sector) മാത്രമാണ് വീണ്ടെടുക്കപ്പെട്ടത്. ദരിദ്ര വിഭാഗങ്ങള്‍ കൂടുതലായി ജോലി ചെയ്യുന്ന അസംഘടിത മേഖല ഇപ്പോഴും തകര്‍ച്ചയുടെ പാതയില്‍ തന്നെയാണ്. എന്നാല്‍ നിതി ആയോഗ് റിപ്പോര്‍ട്ടില്‍ ഉപയോഗിക്കപ്പെട്ട ഡാറ്റകള്‍ ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നതില്‍ പരാജയപ്പെടുന്നു.

മഹാമാരിയുടെ കാലത്ത്
ദരിദ്രരുടെ അവസ്ഥ

2020-21 വര്‍ഷത്തേക്കുള്ള ഡാറ്റ 2020 ജനുവരി മുതല്‍ 2021 ഏപ്രില്‍ വരെ ശേഖരിക്കപ്പെട്ടവയാണ്. ഇത് മഹാമാരിക്കാലത്ത് ജോലി നഷ്ടപ്പെട്ട് വരുമാനമില്ലാത്തതിനാല്‍ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്കുള്ള ദരിദ്രരുടെ കൂട്ട കുടിയേറ്റത്തിന്റെ കാലയളവാണ്​. വാടക കൊടുക്കാനോ ഭക്ഷണം വാങ്ങാനോ ഈ വിഭാഗങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. പലരും രോഗബാധിതരായി, ചികിത്സയ്ക്കായി ഭാരിച്ച ചെലവുകള്‍ വഹിക്കേണ്ടിവന്നു, അതിനായി അവര്‍ ഉയര്‍ന്ന പലിശ നിരക്കില്‍ വായ്പയെടുത്തു. ആശുപത്രികള്‍ക്ക് പുറത്ത്, ആംബുലന്‍സുകളില്‍ മരിക്കുന്നവരുടെയും നദികളില്‍ ഒഴുകുന്ന മൃതദേഹങ്ങളുടെയും ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് പോലെ വലിയ തോതില്‍ മരണങ്ങളുണ്ടായി. ഈ മരണങ്ങളില്‍ പലതും രേഖപ്പെടുത്താതെ പോയി. ആഗോളതലത്തില്‍തന്നെ കോവിഡ് മൂലമുള്ള മരണങ്ങളുടെ എണ്ണം കണക്കാക്കുന്നത് ഒരു വെല്ലുവിളിയായിരുന്നു. ഇന്ത്യയില്‍, ജനന-മരണ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ദുര്‍ബലമായ സംവിധാനം, വളരെ ദുര്‍ബലമായ ഗ്രാമീണ, അര്‍ദ്ധ-ഗ്രാമീണ ആരോഗ്യ പശ്ചാത്തല സൗകര്യങ്ങള്‍ കാരണം പ്രശ്‌നഭരിതമായിരുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് നിരവധി ചെറുകിട-സൂക്ഷ്മ ബിസിനസുകള്‍ പൂട്ടി, അവയില്‍ പലതും എല്ലാക്കാലത്തേക്കുമായി അടച്ചിടപ്പെട്ടു. പിന്നീട് സ്വയം പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞവ അനൗപചാരിക പണവിപണികളില്‍ നിന്ന് ഉയര്‍ന്ന പലിശനിരക്കില്‍ വായ്പകള്‍ സ്വീകരിക്കേണ്ടി വന്നതു കാരണം വലിയ കടക്കാരായി. അത്തരം യൂണിറ്റുകള്‍ അടച്ചുപൂട്ടുന്നത് തൊഴിലാളികള്‍ക്ക് മാത്രമല്ല, ഉടമസ്ഥര്‍ക്കും സ്ഥിരമായ ജോലിയും വരുമാനവും നഷ്ടപ്പെടുത്തുന്നു.

പാവപ്പെട്ടവരായാലും പണക്കാരായാലും കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെട്ടു. സ്‌കൂളുകള്‍ അടച്ചു. സാധ്യമായ ഇടങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തി. അതിന് സ്മാര്‍ട്ട്‌ഫോണുകളിലേക്കും ലാപ്‌ടോപ്പുകളിലേക്കും പ്രവേശനം ആവശ്യമായിരുന്നു, അതായത് ദരിദ്രരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം താങ്ങാന്‍ കഴിയാത്ത അവസ്ഥ വന്നു. പകര്‍ച്ചവ്യാധിയുടെ കാലത്ത് ഗ്രാമപ്രദേശങ്ങളിലേക്ക് കുടിയേറിയവരുടെ കുട്ടികളാണ് സ്‌കൂളുകളില്‍ പ്രവേശനം ലഭ്യമാകാഞ്ഞതിനാല്‍ കൂടുതല്‍ ദുരിതമനുഭവിക്കുന്നത്.

കൂടാതെ, ഓണ്‍ലൈന്‍ വിദ്യാഭ്യാസം കാരണം ചെറിയ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ തുടര്‍ച്ചയായി മണിക്കൂറുകളോളം ഇരിക്കുന്നത് കുട്ടികള്‍ക്ക് ബുദ്ധിമുട്ടാണ്. ഇന്ത്യയില്‍ മാത്രമല്ല, യു.എസ് പോലുള്ള വികസിത രാജ്യങ്ങളില്‍ പോലും കുട്ടികളുടെ വൈജ്ഞാനിക കഴിവുകള്‍ക്ക് സ്ഥിരമായ തിരിച്ചടികള്‍ ഉണ്ടായതായി മതിയായ റിപ്പോര്‍ട്ടുണ്ട്.

ചുരുക്കത്തില്‍, 2020-21 എന്ന മഹാമാരി വര്‍ഷത്തില്‍, ദരിദ്രരുടെ വരുമാനം, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ വലിയ തിരിച്ചടി നേരിട്ടു. ഈ സാഹചര്യത്തില്‍, 2015-2016 നെ അപേക്ഷിച്ച് ബഹുമുഖ ദാരിദ്ര്യത്തില്‍ ഇത്രയും വലിയ ഇടിവ് കാണിക്കുന്ന ഡാറ്റയുടെ വിശ്വാസ്യതയെക്കുറിച്ചുള്ള സംശയങ്ങള്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്.

2016-17 കാലഘട്ടത്തില്‍, നോട്ട് നിരോധനം നമ്മുടെ മേല്‍ നിര്‍ബന്ധിതമാക്കിയ ദശകത്തിലെ, ഏറ്റവും ഉയര്‍ന്ന ജി ഡി പി വളര്‍ച്ചാനിരക്ക് കാണിക്കുന്ന അവിശ്വസനീയമായ ഔദ്യോഗിക ഡാറ്റയെ സംബന്ധിച്ചും ഏതാണ്ട് സമാനമാണ് സ്ഥിതി.

ഡാറ്റയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ അംഗങ്ങള്‍ പോലും ഡാറ്റയുടെ വിശ്വാസ്യത സംബന്ധിച്ച് സംശയം ഉന്നയിച്ചിട്ടുണ്ട്. 2011-ലെ സെന്‍സസില്‍ നിന്ന് എടുത്തതിനാല്‍ മിക്ക സര്‍വേകളിലും ഉപയോഗിച്ച സാമ്പിള്‍ തെറ്റാണെന്ന് അവര്‍ പറയുന്നു.

2011-ലെ സെന്‍സസില്‍ നിന്ന് എടുത്ത സാമ്പിളുകളില്‍ സമീപകാലത്തുണ്ടായ വലിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ലെന്ന് അംഗങ്ങള്‍ വാദിക്കുന്നു. എന്നിരുന്നാലും, 2021- ലെ സെന്‍സസ് കൃത്യസമയത്ത് നടന്നാലും, 2020-21ലെ ദേശീയ കുടുംബാരോഗ്യ സര്‍വ്വേക്ക്​ അത് ഉപയോഗപ്പെടുമായിരുന്നില്ല. ദേശീയ കുടുംബാരോഗ്യ സര്‍വ്വേ 2011ലെ സെന്‍സസിനെ ആശ്രയിക്കേണ്ടി വരും.

സുപ്രധാനമായ കാര്യം മഹാമാരി ബാധിച്ചില്ലെങ്കില്‍ക്കൂടിയും 2020-21 വര്‍ഷങ്ങളില്‍ ശേഖരിച്ച ഡാറ്റയ്ക്ക് പ്രാതിനിധ്യ സ്വഭാവം ഇല്ലെന്നതാണ്.

എന്തുകൊണ്ടാണ് സര്‍ക്കാര്‍ സെന്‍സസ് അനാവശ്യമായി വൈകിപ്പിക്കുന്നത്?

2021-ല്‍ സെന്‍സസിനുള്ള തയ്യാറെടുപ്പുകള്‍ നേരത്തെ ആരംഭിച്ചിരുന്നുവെങ്കിലും, പകര്‍ച്ചവ്യാധി തുടരുന്നതിനാല്‍ സെന്‍സസ് നടത്താന്‍ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമെങ്കില്‍, പകര്‍ച്ചവ്യാധി കുറയുകയും ചലനാത്മകത പുനഃസ്ഥാപിക്കുകയും ചെയ്ത 2022-ലോ 2023-ലോ സെന്‍സസ് നടത്താമായിരുന്നു. ശരിയായ ഡാറ്റ ആവശ്യമുള്ള മെച്ചപ്പെട്ട നയരൂപീകരണത്തിനുള്ള നിര്‍ണായക ഘടകമാണ് സെന്‍സസ് എന്നത്. 2022-ലോ 2023-ലോ ഡാറ്റാ ശേഖരണത്തിലൂടെ രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക മാനദണ്ഡങ്ങളില്‍ പകര്‍ച്ചവ്യാധിയുടെ പ്രതികൂല ആഘാതം വെളിപ്പെടുമെന്ന് സര്‍ക്കാര്‍ ആശങ്കാകുലരായിരിക്കുമോ?

അസംഘടിത കാര്‍ഷികേതര മേഖല (ജി ഡി പിയുടെ 30%, തൊഴില്‍ ശക്തിയുടെ 48%) സ്വതന്ത്രമായി പരിഗണിച്ച് പ്രത്യേക കണക്കെടുപ്പ് നടത്താത്തതിനാല്‍ മാക്രോ ഡാറ്റ ഇതിനകം തന്നെ സംശയത്തിലാണ്. വളര്‍ന്നുവരുന്ന സംഘടിത മേഖലയെ ഒരു പ്രോക്സി ആയി സര്‍ക്കാര്‍ ഉപയോഗിക്കുന്നു; കാരണം അത് ഉല്‍പ്പാദനത്തിനും വരുമാന ഡാറ്റയ്ക്കും ഉയര്‍ന്ന അനുപാതത്തെ -ഉപഭോഗം, സമ്പാദ്യം, നിക്ഷേപം മുതലായവ - പ്രതിനിധീകരിക്കുന്നു എന്നതുതന്നെ. അത്തരം ഡാറ്റകള്‍ ദാരിദ്ര്യം കുറയുന്നതായി കാണിക്കും; പക്ഷേ അത് യാഥാര്‍ത്ഥ്യമല്ല. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതിരിക്കാനുള്ള ഒരു ഒഴികഴിവ് മാത്രമാണ് ഇത് നല്‍കുന്നത്.

അവസാനമായി, മുകളില്‍ വാദിച്ചതുപോലെ, മഹാമാരിയുടെ ആഘാതം കാരണം ദേശീയ കുടുംബാരോഗ്യ സര്‍വ്വേ -5 ലെ വ്യക്തിഗത വിവരങ്ങളെക്കുറിച്ചുള്ള ഡാറ്റകളും സംശയത്തിന്റെ നിഴലിലാണ്. ഔദ്യോഗിക ഡാറ്റ പലപ്പോഴും ശരിയായ ചിത്രത്തെ പ്രതിനിധീകരിക്കുന്നില്ല എന്നതുതന്നെ കാരണം.
ഉദാഹരണത്തിന്, വൈദ്യുതിയും പാചകവാതകവും ഒരു വീട്ടിലേക്ക് വന്നേക്കാം. എന്നാല്‍ വൈദ്യുതി വിതരണം ക്രമരഹിതമായിരുന്നിരിക്കാം. ഉയര്‍ന്ന വില കാരണം ഗ്യാസ് സിലിണ്ടറുകള്‍ നിറയ്ക്കില്ല. കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക് ദാരിദ്ര്യം കാരണം മാത്രമല്ല, പല രോഗങ്ങള്‍ മൂലവും ഉയര്‍ന്നേക്കാം. ഒരു കുട്ടിക്ക് ഔപചാരികമായി സ്‌കൂളില്‍ പോയേക്കാം, എന്നാല്‍ അധ്യാപകന്‍ ഇല്ലെങ്കിലോ അതല്ലെങ്കില്‍ പഠിപ്പിക്കുന്നില്ലെങ്കിലോ അത് ഫലപ്രദമായി വരില്ല. വിദ്യാഭ്യാസത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വലിയൊരു പഠന വിടവിലേക്ക് വിരല്‍ചൂണ്ടുന്നു.

ദാരിദ്ര്യരേഖ

2012നുശേഷം ഇന്ത്യയില്‍ ഉപഭോഗ സര്‍വേ നടത്തിയിട്ടില്ലാത്തതിനാല്‍ ദാരിദ്ര്യം കൃത്യമായി അടയാളപ്പെടുത്താന്‍ കഴിയില്ല. ലോകബാങ്ക് മാനദണ്ഡമനുസരിച്ച്, നിലവിലെ അന്താരാഷ്ട്ര ദാരിദ്ര്യരേഖ ഒരു വ്യക്തിക്ക് പ്രതിദിനം 2.15 യു.എസ് ഡോളറാണ്. വ്യക്തിയുടെ വാങ്ങല്‍ശേഷിയെ (Power Purchase Parity- PPP) തുല്യതപ്പെടുത്തിയാണ് ഇവ കണക്കാക്കിയിരിക്കുന്നത്. അതായത് ഒരു കുടുംബത്തിന് പ്രതിമാസം ഏകദേശം 26,500 രൂപ എന്ന് ഇതിനെ മനസ്സിലാക്കാം. വാങ്ങല്‍ശേഷിയെ അടിസ്ഥാനപ്പെടുത്തിയായതുകൊണ്ടുതന്നെ, യഥാര്‍ത്ഥത്തില്‍ ഇത് ഒരു കുടുംബത്തിന് പ്രതിമാസം ഏകദേശം 9,000 രൂപയായിരിക്കും. വിവിധ രാജ്യങ്ങളിലെ നിര്‍ദ്ദിഷ്ട സാധനങ്ങളുടെ വിലയുടെ അളവുകോലാണ് പവര്‍ പര്‍ച്ചേസ് പാരിറ്റി. രാജ്യങ്ങളുടെ കറന്‍സികളുടെ സമ്പൂർണ വാങ്ങല്‍ ശേഷി താരതമ്യം ചെയ്യാന്‍ ഈ അളവുകോല്‍ ഉപയോഗിക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ E-Sram പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 28 കോടി തൊഴിലാളികളില്‍ 94% പേരും 10,000 രൂപയില്‍ താഴെയാണ് പ്രതിമാസ വരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. അസംഘടിത മേഖലയിലെ ഭൂരിഭാഗം തൊഴിലാളികളും ദാരിദ്ര്യരേഖയ്ക്ക് അടുത്താണെന്നാണ് ഇതിലൂടെ മനസ്സിലാക്കേണ്ടത്.

വാസ്തവത്തില്‍, പവര്‍ പര്‍ച്ചേസ് പാരിറ്റിയെ അടിസ്ഥാനപ്പെടുത്തി കാര്യങ്ങള്‍ അളക്കുന്നത് പാവപ്പെട്ടവരെ സംബന്ധിച്ച്​ ഇരട്ടത്താപ്പാണ്. കാരണം, അവരുടെ സേവനങ്ങള്‍ക്ക് വിലകുറഞ്ഞതുകൊണ്ടും രൂപയ്ക്ക് കൂടുതല്‍ വാങ്ങല്‍ ശേഷിയുണ്ട് എന്നതുകൊണ്ടും അതേ സമയം

പ്രൊഫ. അരുണ്‍കുമാര്‍

ദരിദ്ര വിഭാഗങ്ങള്‍ നല്‍കുന്ന മിക്ക സേവനങ്ങളും ഉപയോഗിക്കപ്പെടാത്തതിനാല്‍ ഉയര്‍ന്ന വാങ്ങല്‍ ശേഷിയില്‍ നിന്നുള്ള പ്രയോജനം അവര്‍ക്ക് ലഭിക്കുന്നില്ല. അതിനാല്‍, ദരിദ്രരെ സംബന്ധിച്ചിടത്തോളം, പി പി പി നിബന്ധനകള്‍ക്ക് പ്രസക്തിയില്ലെന്ന് മാത്രമല്ല, അവ അവരുടെ യഥാര്‍ത്ഥ ദാരിദ്ര്യം മറച്ചുവക്കുകയും ചെയ്യുന്നു.

ചുരുക്കത്തില്‍, നിതി ആയോഗിന്റെ ബഹുമുഖ ദാരിദ്ര്യ റിപ്പോര്‍ട്ട്, 2023-ന്റെ നിഗമനങ്ങള്‍ക്ക് പുനര്‍വ്യാഖ്യാനം ആവശ്യമാണ്. മേല്‍പ്പറഞ്ഞ വൈകല്യങ്ങള്‍ കൂടാതെ, 2020-21 എന്ന മഹാമാരി വര്‍ഷത്തില്‍ ഏറ്റവും പ്രതികൂലമായി ബാധിച്ച ബഹുമുഖ ദാരിദ്ര്യ സൂചികയില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് ആരോഗ്യ, വിദ്യാഭ്യാസ സൂചകങ്ങളാണ് എന്നതും എടുത്തു പറയേണ്ടതാണ്.

ദേശീയ കുടുംബാരോഗ്യ സര്‍വ്വേ- അഞ്ച്​ ഡാറ്റയിലെ അപാകതകള്‍ സര്‍വേയെ അടിസ്ഥാനമാക്കിയുള്ള ഡിപ്രിവേഷന്‍ ഇന്‍ഡക്സില്‍ കാര്യമായ പിശകുകളിലേക്ക് നയിച്ചിരിക്കണം, ഇത് നിതി ആയോഗ് റിപ്പോര്‍ട്ടിന്റെ നിഗമനങ്ങളെ സംശയത്തിലേക്ക് നയിക്കുന്നു.

Comments