ക്രിപ്‌റ്റോ തകർച്ച ഒരു ഷോക്ക്​ ട്രീറ്റ്​മെൻറ്​

ടെറാ UST - Luna തകർച്ചയിൽ നിന്ന്​ ടെക്‌നോളജിലോകം പഠിച്ച പാഠം അൽഗോരിതം മുഖേനയുള്ള കൺട്രോളുകൾ പലപ്പോഴും കുറ്റമറ്റരീതിയിൽ പ്രവർത്തിക്കുമെന്ന് ഉറപ്പിക്കാൻ പറ്റില്ല എന്നതുതന്നെയാണ്. മാത്രമല്ല, ക്രിപ്‌റ്റോ കറൻസിലോകം ഒരു റെഗുലേറ്റഡ് ലോകമായി മാറേണ്ട ആവശ്യകതയും പല സർക്കാരുകളും ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. ഏതു ഇൻവെസ്​റ്റുമെൻറിനും അതിന്റേതായ റിസ്‌കുണ്ട്. അത്​ നന്നായി പഠിച്ചശേഷം മാത്രം ഇറങ്ങി പുറപ്പെടുക എന്നതാണ് ഈ രംഗത്തെ പരിചയസമ്പന്നർ നൽകുന്ന മുന്നറിയിപ്പ്​.

ഴിഞ്ഞ മേയിൽ സംഭവിച്ച ക്രിപ്‌റ്റോ മാർക്കറ്റിലെ തകർച്ച പല രാജ്യങ്ങളിലെ വിപണികളെയും പിടിച്ചുകുലുക്കി. അതൊരു ഒന്നൊന്നര കുലുക്കലായിരുന്നു. ക്രിപ്‌റ്റോ ആണ് ഭാവി എന്നും ഓഹരിവിപണികളേക്കാളേറെ സുരക്ഷിതമാണ്​ എന്നും ഇൻവെസ്റ്റ് ചെയ്യുന്നവർക്ക് നല്ല ആദായം കിട്ടും എന്നും വിശ്വസിച്ചിരുന്ന പലർക്കും അതൊരു ഷോക്കായിരുന്നു. ക്രിപ്‌റ്റോ വിപണി ഇടിവിനു പിന്നിലെ കാരണം ഒന്ന്​ പരിശോധിക്കാം.

തൊട്ടുനോക്കാൻ പറ്റാത്ത നോട്ട്​

ക്രിപ്‌റ്റോ കറൻസി അഥവാ ക്രിപ്‌റ്റോ കോയിൻസ്, ചുരുക്കത്തിൽ ക്രിപ്‌റ്റോ എന്നാൽ വെർച്ച്വൽ കറൻസി ആണ്. അതായത്, നിത്യജീവിതത്തിൽ നമ്മൾ കാണുന്ന രൂപ നോട്ടുകളെപ്പോലെ തൊട്ടുനോക്കാൻ പറ്റില്ല എന്നർത്ഥം. ക്രിപ്‌റ്റോ കറൻസിയിലെ ക്രിപ്‌റ്റോ, സൈബർ സെക്യൂരിറ്റി രംഗത്തുള്ള ക്രിപ്‌റ്റോഗ്രഫി എന്ന ശാസ്ത്രശാഖയിൽ നിന്നാണ് വന്നിട്ടുള്ളത്​. ക്രിപ്‌റ്റോഗ്രഫി എന്ന ശാസ്ത്രശാഖയിൽ നിന്ന്​ വന്ന സുരക്ഷാ പ്രത്യേകതകൾ എന്തെന്നുവെച്ചാൽ, അത് പ്രൈവസി, സെക്യൂരിറ്റി,പിന്നെ "ഡബിൾ സ്‌പെൻഡ്' ചെയ്യാൻ പറ്റാതിരിക്കുക എന്നതൊക്കെയാണ്.

"ഡബിൾ സ്‌പെൻഡ് ' എന്താണെന്ന്​ നോക്കാം. ഉദാഹരണത്തിന് നമ്മുടെ അക്കൗണ്ടിൽ 1000 രൂപ ബാലൻസുണ്ടെങ്കിൽ നമ്മുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് 1000 രൂപ മാത്രമേ ചെലവാക്കാൻ പറ്റുകയുള്ളൂ. അല്ലാതെ രണ്ടിടത്ത്​ 1000 രൂപ വെച്ച് 2000 രൂപ ചെലവാക്കാൻ പറ്റില്ല എന്നർത്ഥം.

കഴിഞ്ഞ മേയിൽ തകർച്ച പറ്റിയത് "സ്റ്റേബിൾ കോയിൻസ്' നാണ് . ഇവ ഒരു ക്രിപ്‌റ്റോ കറൻസി വകഭേദമാണ്. അതെന്താണെന്നു വിശദമാക്കാം.
ആദ്യം ക്രിപ്‌റ്റോ കറൻസികളുടെ ചില പ്രത്യേകതകൾ നോക്കാം. ക്രിപ്‌റ്റോ "Decentralized' ആണ്. അതായത്, ഒരു സെൻട്രൽ ബാങ്കിന്റെയും നിയന്ത്രണത്തിലല്ല ഇവ പ്രവർത്തിക്കുന്നത്, മാത്രമല്ല റെഗുലേറ്റഡും അല്ല.

ഉദാഹരണത്തിന്, ഇപ്പോൾ ഇന്ത്യയിൽ നിന്ന്​ അമേരിക്കയിലുള്ള ഒരാൾക്ക് പണം അയക്കണെമെങ്കിൽ ആദ്യം ഇന്ത്യയിലെ ഏതെങ്കിലും ഒരു ബാങ്കിൽ ചെന്ന് ഇന്ത്യൻ രൂപയിൽ പണം നിക്ഷേപിച്ചാൽ അത് അമേരിക്കൻ ഡോളറിലേയ്ക്ക് മാറ്റപ്പെട്ട് പല ഇന്റർമീഡിയറി ബാങ്കിങ് സ്ഥാപനങ്ങൾ മുഖേന അമേരിക്കയിലുള്ള കക്ഷിക്ക് അവരുടെ ബാങ്കിൽ, ഡോളറിൽ ലഭിക്കും. ഇതൊരു സെൻട്രലൈസ്​ഡ്​ അപ്രോച്ച്​ ആണ്​.

എന്നാൽ ക്രിപ്‌റ്റോ വഴിക്കാണ് ഈ ട്രാൻസാക്ഷൻ നടക്കുന്നത് എങ്കിൽ അവ, ‘ഡീ സെൻട്രലൈസ്ഡ്’ ആയതുകാരണം പല ഡിസ്ട്രിബ്യൂറ്റഡ് ലെഡ്ജറുകളിലും ഒരേസമയം രേഖപ്പെടുത്തുന്നതുകൊണ്ട് ഇന്റർമീഡിയറി ബാങ്കിങ് സ്ഥാപനങ്ങൾ ആവശ്യമില്ല. ക്രിപ്‌റ്റോ ഉപയോഗപ്പെടുത്തുന്നത് "ബ്ലോക്ക് ചെയിൻ ' ടെക്‌നോളജി ആയതുകാരണം എല്ലാം സേഫും വിശ്വസനീയവുമാണ്. മാത്രമല്ല, കൃത്രിമം നടക്കാൻ സാധ്യതയും കുറവാണ്.

ചില പോരായ്​മകൾ

ക്രിപ്‌റ്റോയുടെ പല പോരായ്മകളിലൊന്ന് അതിന്റെ മൂല്യത്തിന്റെ പ്രവചനാതീതമായ ഏറ്റക്കുറച്ചിലുകളാണ്. കുറെ നാളുകളായി, ആദ്യത്തെ ക്രിപ്‌റ്റോ കറൻസി ആയ ബിറ്റ് കോയിനിന്റെ വില ഒരുദിവസം 8 % കൂടുന്നുവെങ്കിൽ അടുത്ത ദിവസം ചിലപ്പോൾ 9 % കുറയും . ഈ volatility ഒരു വലിയ പ്രശ്​നം തന്നെയാണ്. ഇത് മാർക്കറ്റ് ക്യാപ്പിൽ അധിഷ്ഠിതവുമാണ്. അതായത്, ഒരു ക്രിപ്‌റ്റോ കറൻസിയുടെ മാർക്കറ്റ് ക്യാപ്പ് ചെറുതാണെങ്കിലും, അതിന്റെ volatility വളരെ കൂടുതലായിരിക്കും. അതേസമയം, മാർക്കറ്റ് ക്യാപ്പ് വലുതാണെങ്കിൽ, അതിന്റെ volatility വളരെ ചെറുതായിരിക്കും. ഉദാഹരണത്തിന് ഒരു കിണറ്റിൽ കല്ലെറിഞ്ഞാലുണ്ടാകുന്ന ഓളവും, കടലിൽ കല്ലെറിഞ്ഞാലുണ്ടാകുന്ന ഓളവും തമ്മിലുള്ള വ്യത്യാസം പോലെ.

ക്രിപ്‌റ്റോയുടെ volatility പ്രശ്‌നം പരിഹരിക്കാനാണ്​ "സ്റ്റേബിൾ കോയിൻസ്' ഇറക്കുന്നത്. സ്റ്റേബിളിന്റെ പ്രധാന സവിശേഷത, അതിന്റ വില നിയന്ത്രണത്തിൽ നിർത്താനുള്ള ചില നിയന്ത്രണങ്ങളായിരുന്നു. ഇതിനെ "പെഗ്ഗിങ് ' എന്നാണ് പറയുക . അതായത് ഒരു "സ്റ്റേബിൾ കോയിൻ ' നെ ഒരു അമേരിക്കൻ ഡോളറിന്റെ വിലയിൽ ഉറപ്പിച്ചുനിർത്താൻ പല വിധത്തിൽ ശ്രമിക്കുന്നു. പല തരം അൽഗൊരിതംസ് ഉപയോഗപ്പെടുത്തിയാണ് ഇത് സാധ്യമാക്കുന്നത്. സോഫ്​റ്റ്​വെയർ കോഡുകൾ ഇമ്മാതിരി പലവിധത്തിലുമുള്ള ചെക്കുകൾ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നുണ്ടാവും.

അൽഗോരിതം പ്രധാനമായും രണ്ടു രീതിയിൽ പ്രവർത്തിക്കാം. ഉദാഹരണത്തിന് ഒരു സ്റ്റേബിൾ കോയിനിന്റെ വില 1 .05 ഡോളർ ആയിക്കഴിഞ്ഞാൽ അതിന്റെ മാർക്കറ്റ് വില തിരിച്ച്​ ഒരു ഡോളറിലെത്തിക്കാൻ മാർക്കറ്റിൽ കൂടുതൽ സ്റ്റേബിൾ കോയിൻസ് സോഫ്​റ്റ്​വെയർ മുഖേന റിലീസ് ചെയ്യും. അങ്ങനെ ലഭ്യത കൂടുമ്പോൾ വില കുറഞ്ഞ്​ തിരിച്ച്​ പെഗ്ഗ് ചെയ്തിട്ടുള്ള ഒരു ഡോളറിൽ എത്തുകയും ചെയ്യും. അതേപോലെ ഒരു സ്റ്റേബിൾ കോയിനിന്റെ വില 0 .95 ഡോളർ ആയി കുറഞ്ഞാൽ അതിന്റെ വില തിരികെ ഒരു ഡോളറിലെത്തിക്കാൻ സോഫ്​റ്റ്​വെയർ മുഖേന മാർക്കറ്റിൽനിന്ന്​അതിനനുസരിച്ചുള്ള സ്റ്റേബിൾ കോയിൻസ് നീക്കം ചെയ്യപ്പെടും. അങ്ങനെ ലഭ്യത കുറയുമ്പോൾ വില ഉയർന്ന്​ പെഗ്ഗ് ചെയ്തിട്ടുള്ള ഒരു ഡോളറിൽ എത്തുകയും ചെയ്യും. ചുരുക്കത്തിൽ, കഴിഞ്ഞ മാസം നടന്ന ക്രിപ്‌റ്റോ തകർച്ചയുടെ പ്രധാന കാരണം ഈ സോഫ്​റ്റ്​വെയർ അൽഗോരിതം ശരിക്കും പ്രവർത്തിക്കാത്തതാണ്.

ടെറ-ലൂണ കോയിനിന്റെ എംബ്ലം
ടെറ-ലൂണ കോയിനിന്റെ എംബ്ലം

സ്റ്റേബിൾ കോയിൻസ് ഒരു ക്രിപ്‌റ്റോ ആണെങ്കിലും ക്രിപ്റ്റോയെ അപേക്ഷിച്ചു ചില വ്യത്യാസങ്ങളുണ്ട്. ഇവ റെഗുലേറ്റഡ് ആണ്, മാത്രമല്ല ഏതെങ്കിലും ഒരു കമ്പനിയുടെ ബാക്കിങ് ഉണ്ടാകും.

ഈ ബാക്കിങ് അഥവാ കൊളാറ്ററൽ സെക്യൂരിറ്റി മൂന്ന് വിധത്തിലുണ്ട്.

ഒന്ന്, ഏതെങ്കിലും ഫിയറ്റ് കറൻസി (നിത്യജീവിതത്തിലുപയോഗിക്കുന്ന കറൻസി): ഒരു കമ്പനി ഒരു സ്റ്റേബിൾകോയ്ൻ ഇറക്കുമ്പോൾ അതിനു തുല്യമായ ഫിയറ്റ് കറൻസി ( ഒരു ഡോളർ )കൊളാറ്ററൽ സെക്യൂരിറ്റി ആയി ബാങ്കിൽ വെച്ചിട്ടുണ്ടായിരിക്കണം.
രണ്ട്, ഏതെങ്കിലും വസ്തുവകകൾ, പ്രധാനമായും സ്വർണമോ എണ്ണയോ: ഒരു സ്റ്റേബിൾകോയ്ൻ ഇറക്കുമ്പോൾ അതിനു തുല്യമായ മൂല്യമുള്ള കൊളാറ്ററൽ സെക്യൂരിറ്റി ആയി ബാങ്കിൽ വെച്ചിട്ടുണ്ടായിരിക്കണം.
മൂന്ന്, ഒരു കമ്പനി ഒരു സ്റ്റേബിൾകോയ്ൻ ഇറക്കുമ്പോൾ അതിനു തുല്യമായ മൂല്യമുള്ള ക്രിപ്‌റ്റോ കറൻസി​ കൊളാറ്ററൽ സെക്യൂരിറ്റി ആയി മാറ്റിവെച്ചിട്ടുണ്ടായിരിക്കണം.

അമേരിക്കൻ ഡോളറിൽ പെഗ്ഗിങ് നടക്കുന്നതുകൊണ്ടാണ് ഓരോ സ്റ്റേബിൾ കോയിൻ ഇറക്കുമ്പോഴും അതിന് തത്തുല്യമായ കൊളാറ്ററൽ സെക്യൂരിറ്റി വേണമെന്ന് നിഷ്‌ക്കർഷിക്കുന്നത്, വേറെ പല കറൻസികളിലും പെഗ്ഗിങ് നടന്നാൽ അതനുസരിച്ച്​ അതേ കറൻസികളിൽ അതിന് തത്തുല്യമായ​ കൊളാറ്ററൽ സെക്യൂരിറ്റി വേണമെന്ന് പറയുന്നത്.

എന്ത് കൊണ്ട് ക്രിപ്‌റ്റോ തകർന്നു

ടെറാ (Terra) എന്ന കമ്പനിയുടെ സ്റ്റേബിൾ കോയിനിനാണ് തകർച്ച സംഭവിച്ചത്. ഈ കമ്പനി കണ്ടുപിടിച്ചത് രണ്ടു ചെറുപ്പക്കാരായ തെക്കൻ കൊറിയക്കാരായിരുന്നു. ദോ ക്വോനും, ഡാനിയേൽ ഷിനും. രണ്ടുപേരും അമേരിക്കയിൽ സർവ്വകലാശാലാ ബിരുദധാരികളായിരുന്നു. കോസ്‌മോസ് എന്ന ബ്ലോക്ക് ചെയിൻ ഉപയോഗിച്ച്​ വികസിപ്പിച്ച ഒരു ഇക്കോ സിസ്റ്റം ആയിരുന്നു ടെറായുടെ അടിസ്ഥാനം. ടെറായുടെ ക്രിപ്‌റ്റോ കംപോണൻറുകൾ രണ്ടു ഭാഗമായിരുന്നു. ഒരു കോയിനിനിന്റെ രണ്ടു വശങ്ങൾ പോലെ. ടെറയുടെ സ്റ്റേബിൾ കോയിൻ ആയിരുന്നു UST. അത് പെഗ്ഗ് ചെയ്തിരുന്നത് ഒരു യു.എസ്​ ഡോളറിലായിരുന്നു . UST യോട് ലിങ്ക് ചെയ്ത മറ്റൊരു കംപോണൻറ്​ ആയിരുന്നു ലൂണ ( Luna). ലൂണയിൽ നിക്ഷേപിക്കുന്നവർക്ക് ഏതാണ്ട് 20 % ആയിരുന്നു ആദായം വാഗ്ദാനം ചെയ്തിരുന്നത്. ആൾക്കാർ ലൂണ വാങ്ങിയശേഷം അതിനു തത്തുല്യമായ UST സമയമനുസരിച്ച്​ മാറ്റിക്കൊണ്ടിരുന്നു. ഇതിനെ Burning എന്നും, മാറ്റി തത്തുല്യമായ UST എടുക്കുന്നതിനെ Minting എന്നും വിളിക്കും. പൊതുവെ ആൾക്കാർ ഒരു ഡോളറിൽ താഴെ UST ക്കു വിലകുറയുമ്പോൾ വാങ്ങുകയും ഒരു ഡോളറിൽ കൂടുതൽ വിലകൂടുമ്പോൾ വിൽക്കുകയും ചെയ്തിരുന്നു . അങ്ങനെയാണ് UST സ്റ്റേബിൾ കോയിൻ ഇടപാടുകളിൽ ആദായം ഉണ്ടായിക്കൊണ്ടിരുന്നത്.

ഡാനിയേൽ ഷിനും, ദോ ക്വോനും (Photo: Terraform Labs)
ഡാനിയേൽ ഷിനും, ദോ ക്വോനും (Photo: Terraform Labs)

ടെറാ UST - Luna ഒരു ponzi സ്‌കീം അഥവാ തട്ടിപ്പാണെന്ന്​ പലരും ഊഹം പറഞ്ഞെങ്കിലും, ഇതിനുമുമ്പ് നടന്ന ടൈറ്റാൻ - Iron finance crash ആയിരുന്നു ഒരു ponzi സ്‌കീം ആയി പരക്കെ പറയപ്പെട്ടിരുന്നത്. ടൈറ്റാൻ - Iron finance സ്‌കീം പലരും ഒരു ഹോൾഡിങ് പാറ്റേണിലായിരുന്നു നിക്ഷേപിച്ചിരുന്നത് . എന്നാൽ ടെറാ UST - Luna ഇക്കോ സിസ്റ്റം അധികവും ഉപയോഗപ്പെടുത്തിയിരുന്നത് കൊറിയയിലായിരുന്നു. അതും CHAI എന്നറിയപ്പെടുന്ന ഒരു കൊറിയൻ പേയ്‌മെൻറ്​ സിസ്റ്റം മുഖേന .

ടെറാ UST - Luna ഇക്കോസിസ്റ്റത്തിലുണ്ടായിരുന്ന മറ്റൊരു സവിശേഷത ഏതെങ്കിലും ഒന്ന് ( UST - Luna ) വിറ്റഴിക്കുന്നവർക്ക്​ ക്യാഷ് സെറ്റിൽമെൻറ്​ ഉടനടിയായിരുന്നു. അതായത് വെയ്റ്റിംഗ് പീരീഡ് ഉണ്ടായിരുന്നില്ല.

മേയിൽ സംഭവിച്ച ക്രിപ്‌റ്റോ തകർച്ചയ്ക്ക് മുന്നോടിയായി ഏപ്രിൽ 30 ന്​ ടെറയുടെ പുറകിലുള്ള കൊറിയൻ കമ്പനി ഡിസോൾവ് ചെയ്യാൻ അപേക്ഷ കൊടുക്കുന്നു. അതിനുള്ള അനുമതി മെയ് നാലിന്​ അവർക്കു ലഭിക്കുന്നു. മെയ് ഒമ്പതോടെ UST യുടെ വില 0.92 ഡോളർ ആയി കുറയുന്നു. ഇത് ഏതാണ്ട് 0.83 ഡോളർ ആയപ്പോഴേക്കും ആൾക്കാർ ചെറുതായി പരിഭ്രാന്തരാവുന്നു. വലിയ ഇൻവെസ്റ്റ്‌മെൻറ്​ കമ്പനികൾ വില ഓട്ടോമാറ്റിക്കായി കൂട്ടാനുള്ള അൽഗോരിതം വർക്കാവുന്നില്ല എന്നുറപ്പിച്ച്​ വലിയ തോതിൽ UST വിറ്റഴിക്കുന്നു. പെട്ടെന്ന് കുറെയധികം UST മാർക്കറ്റിൽ വന്നതുകാരണം വില പിന്നെയും കുറയുന്നു.

Coin desk ഏതാണ്ട് നാല് ബില്യൺ ഡോളർ UST മാർക്കറ്റിൽ ഡമ്പ്​ ചെയ്യുന്നു. UST വില പിന്നെയും കുറഞ്ഞ്​ 0.70 ഡോളർ ആകുന്നു. അതോടെ പരിഭ്രാന്തരായി കൂടുതൽ പേർ കിട്ടിയ വിലയ്ക്ക് UST വിൽക്കാൻ തുടങ്ങുന്നു. ഇതിനിടക്ക്​ പല ഊഹാപോഹങ്ങളും, അതായത് UST ക്കുനേരെയുള്ള ഒരു സംഘടിത ആക്രമണമാണ്​ എന്നുവരെ അഭ്യൂഹം പരക്കുന്നു. അങ്ങനെ വില കുറഞ്ഞ്​ 0.62$, 0.50$, 0.20$... എന്നിങ്ങനെ 0.05 ഡോളർ ആയി കുറയുന്നു. Luna ഫൗണ്ടേഷൻ ഗാർഡ്​ ഏതാണ്ടൊരു ഒന്നര ബില്യൺ ഡോളർ ലോൺ ആയി കൊടുത്തെങ്കിലും പ്രയോജനമുണ്ടായില്ല.

Terra to USD Chart / coinmarketcap.com
Terra to USD Chart / coinmarketcap.com

UST വില കുറയുമ്പോൾ അൽഗോരിതം പ്രകാരം ലൂനയുടെ വില ഓട്ടോമാറ്റിക് ആയി കൂടേണ്ടതായിരുന്നു. എന്നാൽ UST യുടെ വില കുത്തനെ ഇടിഞ്ഞുതുടങ്ങിയപ്പോൾ ലൂനയുടെ വിലയും ക്രമാതീതമായി കുറഞ്ഞുതുടങ്ങി. കാരണം, പരിഭ്രാന്തിയെതുടർന്ന്​ ആളുകൾ ലൂനയും കിട്ടിയവിലയ്ക്കു വിറ്റുതുടങ്ങി. 119 ഡോളറായിരുന്ന ലൂന വില പതുക്കെ കുറഞ്ഞു കുറഞ്ഞുവന്നു, 70$, 20$, 10$ എന്നിങ്ങനെ. അവസാനം UST യോടൊപ്പം ഏതാണ്ട് പൂജ്യത്തിലെത്തി. ഇതിന്റെയിടയ്ക്കു ചില ഇൻവെസ്റ്റ്‌മെൻറ്​ കമ്പനികളും മറ്റും ബിറ്റ് കോയിനും മറ്റും വിറ്റു ആ പണവും മാർക്കറ്റിലിറക്കി UST യുടെ വില ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഈ തകർച്ചയിൽ ഏതാണ്ട് 45 ബില്യൺ മാർക്കറ്റ് ക്യാപ് ആണ് നഷ്ടപ്പെട്ടത്. ഇതിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്​. അന്തിമ റിപ്പോർട്ട് വന്നാലേ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് പറയാൻ കഴിയൂ. ടെറാ UST - Luna തകർച്ചയിൽ ഏതാണ്ടൊരു 17 ബില്യൺ ക്രിപ്‌റ്റോ മൂല്യമാണ് തുടച്ചുനീക്കപ്പെട്ടത്​. പലരുടെയും ജീവിതസമ്പാദ്യമാണ് മണിക്കൂറുകൾ കൊണ്ട് തിരിച്ചുപിടിക്കാൻ സാധിക്കാത്തവിധം നഷ്​ടമായത്​.

ടെറാ UST - Luna തകർച്ചയിൽ നിന്ന്​ ടെക്‌നോളജിലോകം പഠിച്ച പാഠം അൽഗോരിതം മുഖേനയുള്ള കൺട്രോളുകൾ പലപ്പോഴും കുറ്റമറ്റരീതിയിൽ പ്രവർത്തിക്കുമെന്ന് ഉറപ്പിക്കാൻ പറ്റില്ല എന്നതുതന്നെയാണ്. മാത്രമല്ല, ക്രിപ്‌റ്റോ കറൻസിലോകം ഒരു റെഗുലേറ്റഡ് ലോകമായി മാറേണ്ട ആവശ്യകതയും പല സർക്കാരുകളും ചിന്തിച്ചുതുടങ്ങിയിട്ടുണ്ട് . അതെന്താവുമെന്ന്​കാത്തിരുന്നുകാണണം . എന്തായാലും ഏതു ഇൻവെസ്​റ്റുമെൻറിനും അതിന്റേതായ റിസ്‌കുണ്ട്. അത്​ നന്നായി പഠിച്ചശേഷം മാത്രം ഇറങ്ങി പുറപ്പെടുക എന്നതാണ് ഈ രംഗത്തെ പരിചയസമ്പന്നർ നൽകുന്ന മുന്നറിയിപ്പ്​.


Summary: ടെറാ UST - Luna തകർച്ചയിൽ നിന്ന്​ ടെക്‌നോളജിലോകം പഠിച്ച പാഠം അൽഗോരിതം മുഖേനയുള്ള കൺട്രോളുകൾ പലപ്പോഴും കുറ്റമറ്റരീതിയിൽ പ്രവർത്തിക്കുമെന്ന് ഉറപ്പിക്കാൻ പറ്റില്ല എന്നതുതന്നെയാണ്. മാത്രമല്ല, ക്രിപ്‌റ്റോ കറൻസിലോകം ഒരു റെഗുലേറ്റഡ് ലോകമായി മാറേണ്ട ആവശ്യകതയും പല സർക്കാരുകളും ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. ഏതു ഇൻവെസ്​റ്റുമെൻറിനും അതിന്റേതായ റിസ്‌കുണ്ട്. അത്​ നന്നായി പഠിച്ചശേഷം മാത്രം ഇറങ്ങി പുറപ്പെടുക എന്നതാണ് ഈ രംഗത്തെ പരിചയസമ്പന്നർ നൽകുന്ന മുന്നറിയിപ്പ്​.


Comments