എ.ജെ. വിജയൻ / Photo: Agasthya Surya

വിഴിഞ്ഞത്തെ ജനകീയ സമരത്തിനെതിരായ
​സംയുക്ത മുന്നണിയെ കേരളം കടലിലെറിയണം

ജനകീയ സമരത്തിനെതിരെ രാഷ്ട്രീയ പാർട്ടികളുടെ സംയുക്ത മുന്നണി മറ്റൊരു സമരം നടത്തുന്നത് ഇതാദ്യമായായിരിക്കും. മത്സ്യത്തൊഴിലാളികളുടെ സമരത്തിൽ പങ്കെടുക്കുന്നവരെ വർഗ്ഗീയമായി തരംതിരിക്കുകയും തികച്ചും ആഭാസകരമായ നിലയിൽ അധിക്ഷേപിക്കുകയും ചെയ്യുന്ന ഒരു കൂട്ടരെ തൊട്ടടുത്തു തന്നെ സമരം ചെയ്യാൻ അനുവദിക്കുന്നത് ആദ്യമായിരിക്കും. സർക്കാർ സംവിധാനം എങ്ങനെയാണ് അത്തരമൊരു നടപടി അംഗീകരിയ്ക്കുക.

ഷഫീഖ് താമരശ്ശേരി: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ മത്സ്യത്തൊഴിലാളികളുടെ മുൻകൈയിൽ നടക്കുന്ന സമരം കൂടുതൽ സംഘർഷഭരിതമായ സാഹചര്യങ്ങളിലേക്ക് നീങ്ങിയിരിക്കുകയാണല്ലോ. സമരക്കാർ കൂടുതൽ അക്രമാസക്തരായിരിക്കുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ഭരണ- പ്രതിപക്ഷ ഭേദമന്യേ കേരളത്തിലെ സർവ രാഷ്ട്രീയ കക്ഷികളും കേന്ദ്രത്തിൽ അധികാരത്തിലുള്ള ബി.ജെ.പിയുമെല്ലാം ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്​. ഇതാദ്യമായാവാം, ഒരുപക്ഷേ കേരളത്തിൽ ഒരു ജനകീയ സമരത്തിനെതിരെ സർവരും സംഘടിതമായി രംഗത്തുവരുന്നത്. കക്ഷിരാഷ്ട്രീയ താത്പര്യങ്ങളുടെ ഭാഗമായി പോലും വിഴിഞ്ഞത്തെ ഒരു സമരായുധമാക്കി മാറ്റാനുള്ള ശ്രമങ്ങൾ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ സമരങ്ങൾ കാരണം അദാനിക്കുണ്ടായ നഷ്ടം നികത്താൻ 200 കോടി രൂപ സമരക്കാരിൽ നിന്ന്​ഈടാക്കണമെന്ന് ഹൈക്കോടതിയിൽ അറിയിക്കാനാണ് സർക്കാർ തീരുമാനം. പരമ്പരാഗതമായി വസിച്ചിരുന്ന മണ്ണും വീടും ആയുസ്സിന്റെ സമ്പാദ്യങ്ങളുമെല്ലാം കടലെടുത്തുപോയ, നിലവിൽ അഭയാർത്ഥികളെ പോലെ ക്യാമ്പുകളിലും വാടകവീടുകളിലും കഴിയുന്ന, ഉപജീവന സാധ്യതകളടഞ്ഞുപോയ നിസ്സഹായരായ മനുഷ്യർക്കാണ് ഈ ഗതി വന്നിരിക്കുന്നത്. വിഴിഞ്ഞവും കേരളത്തിന്റെ തെക്കൻ തീരങ്ങളിലെ മനുഷ്യരും ആരുടെയും പരിണനാ വിഷയമല്ലാതായി മാറിപ്പോയത് എന്തുകൊണ്ടായിരിക്കാം?

എ.ജെ. വിജയൻ: ആദ്യമായി പറയട്ടെ, വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ എന്തോ വലിയ തരത്തിലുള്ള അക്രമങ്ങൾ അഴിച്ചുവിടുന്നു എന്ന തരത്തിലുള്ള കഴിഞ്ഞ ദിവസങ്ങളിലെ മാധ്യമ വാർത്തകൾ തീർത്തും ഏകപക്ഷീയമാണ്. തീർച്ചയായും ചില അനിഷ്ട സംഭവങ്ങൾ സമരത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ അവിടെ നടന്നിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ വിഴിഞ്ഞത്ത് നടക്കുന്ന സംഭവവികാസങ്ങൾ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ സംഘടിതമായ അക്രമത്തിനുള്ള ശ്രമങ്ങൾ ചിലർ ബോധപൂർവ്വം നടത്തുന്നതായാണ് വ്യക്തമാവുന്നത്. മത്സ്യത്തൊഴിലാളികളെ പരമാവധി പ്രകോപിപ്പിച്ച് അവരെ അക്രമങ്ങളിലേക്കെത്തിക്കാനും അതുവഴി സമരത്തിനെതിരായ പൊതുവികാരം സൃഷ്ടിക്കാനുമുള്ള വലിയ ശ്രമം നടക്കുന്നുണ്ട്. മിക്ക മാധ്യമങ്ങളും ഇക്കാര്യത്തിൽ പൂർണമായി ഭരണകൂടങ്ങളുടെയും അദാനിയുടെയും പക്ഷത്താണ്. കഴിഞ്ഞ ദിവസങ്ങളിൽ സമരത്തിന്റെ ഭാഗമായി നടന്ന ചില അക്രമ സംഭവങ്ങളിൽ പൊലീസ് സ്റ്റേഷന് നേരെയുണ്ടായ അതിക്രമങ്ങളുടെ ചിത്രങ്ങളായിരുന്നു എല്ലാ പത്രങ്ങളുടെയും ആദ്യ പേജ് നിറയെ. എന്നാൽ, അതേദിവസം മത്സ്യത്തൊഴിലാളികൾക്കുനേരെ പൊലീസിന്റെ ഭാഗത്തുനിന്ന്​ ഭീകരമായ ലാത്തിച്ചാർജ് അടക്കമുള്ള മർദനങ്ങൾ അരങ്ങേറിയിട്ടുണ്ട്. വിദ്യാർത്ഥികളടക്കം മുപ്പതിലിധികം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എന്നാൽ അതൊന്നും മുഖ്യധാരാ മാധ്യമങ്ങളിൽ ആരും റിപ്പോർട്ട് ചെയ്തിട്ടില്ല. നവമാധ്യമങ്ങളിലൂടെയാണ് പിന്നീട് ഈ ചിത്രങ്ങളും വിവരങ്ങളും പ്രചരിക്കപ്പെട്ടത്.

വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം നടന്ന പൊലീസ് ലാത്തിച്ചാർജ്ജിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളികൾ

കുറേയധികം വർഷങ്ങളായി ഏറ്റവും സങ്കീർണമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരാണ് വിഴിഞ്ഞത്തെയും പരിസരത്തെയും തീരഗ്രാമങ്ങളിലെ ജനങ്ങൾ. വീടോ, സ്വത്തോ നഷ്ടപ്പെടുന്നു എന്നത് മാത്രമല്ല അവരുടെ പ്രശ്‌നം. അതിഭീകരമായ തീരശോഷണം കാരണം അവരുടെ പരമ്പരാഗത അധിവാസ ഭൂമി മുഴുവൻ കടലെടുത്തിരിക്കുകയാണ്. അവർക്കിന്ന് ചവിട്ടി നിൽക്കാൻ മണ്ണില്ല. അതേസമയം, തുറമുഖ നിർമാണത്തിനുശേഷം കടലിന്റെ ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റങ്ങളെത്തുടർന്ന് മത്സ്യബന്ധനവും പഴയതുപോലെ സാധ്യമല്ലാതായി. പതിയെ കടലിൽ നിന്ന്​ അവർ അന്യവത്കരിക്കപ്പെടുന്നു. ഒരേ സമയം കടലും കരയും അവർക്കില്ലാതായി. ഇത്രയധികം കാലുഷ്യങ്ങളിൽ നിൽക്കുന്ന മനുഷ്യരോട് ഭരണകൂടം കുറേകൂടി സംയമനത്തിൽ ഇടപെടേണ്ടതുണ്ട്. ക്രമസമാധാനപാലനം പോലുള്ള പൊലീസ് നടപടികൾ അതീവ ശ്രദ്ധ പുലർത്തണം. എന്നാൽ എരിതീയിൽ എണ്ണ ഒഴിക്കുന്ന സമീപനമാണ് പൊലീസിന്റെയും ഭരണകൂടത്തിന്റെയും ഭാഗത്തു നിന്ന് വിഴിഞ്ഞം മേഖലയിൽ കാണാനാവുക. അതിന്റെ കൂടി പ്രതിഫലനമാണ് ഇപ്പോഴത്തെ സംഘർഷങ്ങൾ.

ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് പദ്ധതിയാരംഭിച്ചപ്പോൾ ഏഴായിരം കോടി രൂപയുടെ അഴിമതി ആരോപിക്കുകയും പദ്ധതി സൃഷ്ടിക്കാൻ പോകുന്ന സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കകളുയർത്തുകയും ചെയ്തവരാണ് അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന സി.പി.ഐ- എം. എന്നാൽ യാതൊരു മടിയുമില്ലാതെ പിന്നീടവർ പദ്ധതിയുടെ നടത്തിപ്പുകാരായി.

വിഴിഞ്ഞം ആരുടെയും മുഖ്യ പരിഗണനാ വിഷയമായി മാറാത്തതിന് പലവിധ കാരണങ്ങളുണ്ട്. അതിലൊന്ന് മൂലധന താത്പര്യമാണെങ്കിൽ മറ്റൊന്ന് കടലുമായി ബന്ധപ്പെട്ട പൊതുസമൂഹത്തിന്റെ അജ്ഞതയാണ്. കടലിനെക്കുറിച്ചും തീരജീവിതത്തെക്കുറിച്ചും തീരസവിശേഷതകളെക്കുറിച്ചുമൊന്നും മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾക്കോ പൊതുസമൂഹത്തിനോ കാര്യമായ ധാരണകളൊന്നുമില്ല. മത്സ്യത്തൊഴിലാളികളുടെ ജീവിതം കേരളത്തിന്റെ പൊതുസാമൂഹ്യ ജീവിതവുമായി ഏറെ വേറിട്ടുനിൽക്കുന്നതിനാൽ അവരുടെ പ്രശ്‌നങ്ങൾ ഒരു പൊതുപ്രശ്‌നമായി ഉയരാനുള്ള സാധ്യതയും വളരെ വിരളമാണ്.

വിഴിഞ്ഞം പദ്ധതിയുടെ നഷ്ടം അനുഭവിക്കേണ്ടിവരുന്നത് നൂറ്റാണ്ടുകളായി കടൽത്തീരത്ത് വസിക്കുകയും കടലിൽനിന്ന് ഉപജീവനം നടത്തുകയും ചെയ്യുന്നവരാണ്. മറ്റുള്ളവർ ഭൂമി സ്വന്തമാക്കുന്നതു പോലെ കടലിനെ സ്വന്തമാക്കുകയോ കടലിന്റെ ഉടമസ്ഥാവകാശം പിടിച്ചെടുക്കുകയോ ചെയ്തവരല്ല അവർ. അത് സാധ്യവുമല്ല. തദ്ദേശീയ ജനതയുടെ വിഭവാധികാരവുമായി ബന്ധപ്പെട്ട സങ്കൽപങ്ങളിൽ നിന്ന് കൂടി വേണം ഈ പ്രശ്‌നത്തെ മനസ്സിലാക്കാൻ. കാടും മലയും പുഴയും കടലുമായി ബന്ധപ്പെട്ട് ജീവിക്കുന്ന അവയിൽ നിന്ന് ഉപജീവനം കണ്ടെത്തി ജീവിക്കുന്ന പരമ്പരാഗത സമൂഹങ്ങൾക്ക് കൂടി ഈ വിഭവങ്ങൾക്ക് മേൽ പങ്കാളിത്തവും ഉടമസ്ഥയും ഉണ്ടാകണം. അത്തരത്തിൽ നോക്കുമ്പോൾ തെക്കൻ തീരങ്ങളിലെ മത്സ്യത്തൊഴിലാളികളുടേത് കൂടിയാണ് അവിടുത്തെ കടൽ. അല്ലാതെ ഗവൺമെന്റിന്റേതല്ല, ഗവൺമെന്റിന് ഒരു കരാർ പത്രത്തിലൂടെ സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കഴിയുന്നതല്ല കടൽ.

കടൽ എങ്ങനെ മത്സ്യത്തൊഴിലാളികളുടെ സ്വത്താവും എന്നെല്ലം ചോദിക്കുന്നവർ തീരദേശ സമൂഹത്തിന്റെ പരിണാമങ്ങളെ പറ്റി ഒരു ധാരണയുമില്ലാത്തവരാണ്. / Photo: Shafeeq Thamarassery

മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച്​ കടൽ അവരുടെ കൂട്ടായ ഉടമസ്ഥതയുടെ ഭാഗമാണ്. പ്രകൃതിയും മനുഷ്യരും തമ്മിലുള്ള പാരിസ്ഥിതികമായും, സാമൂഹ്യമായും ഉരുത്തിരിഞ്ഞുവന്ന സവിശേഷമായ ബന്ധത്തിന്റെ ശേഷിപ്പുകളാണ് തീരജന സമൂഹങ്ങൾ. കൂട്ടായ ഉടമസ്ഥത അവരുടെ മുഖമുദ്രയാണ്. കടൽ എങ്ങനെ മത്സ്യത്തൊഴിലാളികളുടെ സ്വത്താവും എന്നെല്ലം ചോദിക്കുന്നവർ തീരദേശ സമൂഹത്തിന്റെ പരിണാമങ്ങളെ പറ്റി ഒരു ധാരണയുമില്ലാത്തവരാണ്. ഏതെങ്കിലും സർക്കാർ ഒരു സുപ്രഭാതത്തിൽ കടൽ തങ്ങളുടേതാണെന്നു പറഞ്ഞാൽ മത്സ്യത്തൊഴിലാളി എന്തു ചെയ്യും? അവർ എവിടെ പോകും? കേരളത്തിലെ പൊതുസമൂഹം തുറന്ന മനസ്സോടെ ആഴത്തിൽ ചിന്തിക്കേണ്ട വിഷയമാണ് അത്. വിഴിഞ്ഞം കേരളത്തിനോട് അത് ആവശ്യപ്പെടുന്നുമുണ്ട്.

പൊതുസമൂഹവും രാഷ്ട്രീയക്കാരും കരുതുന്നത് കടൽ സർക്കാറിന്റേതാണ്, അവർക്കതിന്മേൽ എന്തും ചെയ്യാനുള്ള അവകാശവും അധികാരവും ഉണ്ട് എന്നാണ്. മത്സ്യത്തൊഴിലാളികളുടെ ജീവിതവും ഉപജീവനവുമൊന്നും കണക്കിലെടുക്കാതെ അവരുടെ നിലനിൽപിനെ തന്നെ അപകടപ്പെടുത്തുന്ന വിധത്തിലുള്ള പദ്ധതികൾ സൃഷ്ടിക്കുകയും വികസനം എന്ന പേരിൽ അത് നടപ്പാക്കുകയും ചെയ്യുന്നത് അതുകൊണ്ടാണ്. ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളും ഒരേ തരത്തിൽ കുറ്റക്കാരാണ്. കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ മേഖലകളിലൊന്നായിട്ടും മത്സ്യത്തൊഴിലാളികളുടെ യഥാർത്ഥ പ്രശ്‌നം മനസ്സിലാക്കാനോ അവരെ സംഘടിപ്പിക്കാനോ ഒന്നും രാഷ്ട്രീയ പാർട്ടികൾക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇടതുപക്ഷം പോലും ഒരിക്കലും അതിന് ശ്രമിച്ചിട്ടില്ല.

വിഴിഞ്ഞം സമരത്തിനെതിരെ സി.പി.ഐ-എം പുറത്തിറക്കിയ പ്രസ്താവനയിലൊരിടത്തും അവർ അദാനി തുറമുഖം എന്ന പേര് പോലും പറയുന്നില്ല. അദാനിക്കുവേണ്ടി സർക്കാർ സാമ്പത്തികമായും അല്ലാതെയും ഇത്ര വിട്ടുവീഴ്ച നടത്തിയ മറ്റൊരു പദ്ധതി ഇന്ത്യയിലില്ല.

കേരളത്തിന്റെ തെക്കൻ തീരങ്ങൾക്ക് ഇതര തീരപ്രദേശങ്ങളെ അപേക്ഷിച്ച് സവിശേഷമായ ചില പ്രത്യേകതകളുണ്ട്. ഇവിടെ മീൻപിടിത്തക്കാരുടെ എണ്ണം വളരെ കൂടുതലാണ്. മിക്കപേരും ചെറുകിട മത്സ്യബന്ധനങ്ങളിലേർപ്പെടുന്നവരുമാണ്. ഫിഷറീസ് വകുപ്പിന്റെ ഏറ്റവും അവസാനത്തെ കണക്കനുസരിച്ച് സംസ്ഥാനത്ത് മുപ്പതിനായിരം വള്ളങ്ങളാണുള്ളത്. ഇതിൽ പതിനൊന്നായിരവും തിരുവനന്തപുരം ജില്ലയിലാണ്. കേരളത്തിൽ ഒമ്പത് തീരദേശ ജില്ലകളുണ്ടായിട്ടും മുഴുവൻ മത്സ്യബന്ധന വള്ളങ്ങളുടെയും മൂന്നിലൊന്ന് ഭാഗത്തേക്കാളധികം തിരുവനന്തപുരം ജില്ലയിലുണ്ട് എന്നതുതന്നെ ജില്ലയുടെ സവിശേഷത വിളിച്ചോതുന്നുണ്ട്. ഇത്തരത്തിൽ മത്സ്യത്തൊഴിലാളികളുടെ സാന്ദ്രത വളരെയധികം കൂടുതലുള്ള തെക്കൻ തീരഗ്രാമങ്ങളുടെ ദൈനംദിന ജീവിത താളത്തെ അടിമുടി അട്ടിമറിക്കുന്ന തരത്തിലേക്ക് തീരസാഹചര്യങ്ങൾ മാറിയപ്പോഴാണ് വിഴിഞ്ഞം വാണിജ്യ തുറമുഖ നിർമാണത്തിനെതിരെ അവർ പ്രക്ഷോഭങ്ങളുമായി രംഗത്ത് വന്നത്.

വിഴിഞ്ഞം ഹാർബർ / Photo: Shafeeq Thamarassery

ഏറ്റവുമാദ്യത്തിൽ തന്നെ പദ്ധതിയെ എതിർത്ത് രംഗത്തുവന്നവരല്ല മത്സ്യത്തൊഴിലാളികൾ. തുടക്കത്തിലെ വികസന വാഗ്ദാനങ്ങളിൽ വിശ്വസിച്ച്, ജില്ലയിൽ എന്തോ വലിയ മാറ്റം വരുമെന്നും തങ്ങളുടെ ജീവിതമെല്ലാം മാറിമറിയുമെന്നും കരുതിയവർ തന്നെയാണവർ. എന്നാൽ അദാനി പോർട്ടിന്റെ നിർമാണ പ്രവർത്തനം ആരംഭിച്ചതോടുകൂടി വലിയ അപകടങ്ങൾ അനുഭവിക്കേണ്ടി വന്ന ശേഷമാണവർ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കിയതും അതിജീവനത്തിനായി സമരങ്ങളാരംഭിച്ചതും.

ലത്തീൻ സഭയുടെ നേതൃത്വത്തിലാണ് ഇപ്പോൾ സമരം മുന്നോട്ടുപോകുന്നത്. സമരത്തിനെതിരായ രൂക്ഷമായ കാമ്പയിനുകൾ പല ഭാഗങ്ങളിൽ നിന്നും നടക്കുന്നുണ്ട്. വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിനെതിരെ മറ്റൊരു സമരം തന്നെ നടക്കുന്നുവെന്ന് പറയാം. ബി.ജെ.പിയും സി.പി.ഐ.എമ്മും ഒന്നിച്ച ഒരു ലോങ് മാർച്ച് ഏതാനും ആഴ്ചകൾക്ക് മുമ്പ് "സേവ് അദാനി പോർട്ട്' എന്ന പേരിൽ നടന്നിരുന്നു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളുടെ സമരാവശ്യങ്ങളെ മുന്നോട്ടുകൊണ്ടപോകാനും വിജയിക്കാനും ലത്തീൻ സഭയ്ക്ക് സാധിക്കുമോ?

കേരളത്തിൽ ഏതെങ്കിലും ഒരു പദ്ധതിക്കെതിരെ സമരം നടക്കുന്നത് ആദ്യമായല്ല. എന്നാൽ ജനകീയ സമരത്തിനെതിരെ രാഷ്ട്രീയ പാർട്ടികളുടെ സംയുക്ത മുന്നണി മറ്റൊരു സമരം നടത്തുന്നത് ഇതാദ്യമായായിരിക്കും. മത്സ്യത്തൊഴിലാളികളുടെ സമരത്തിൽ പങ്കെടുക്കുന്നവരെ വർഗ്ഗീയമായി തരംതിരിക്കുകയും തികച്ചും ആഭാസകരമായ നിലയിൽ അധിക്ഷേപിക്കുകയും ചെയ്യുന്ന ഒരു കൂട്ടരെ തൊട്ടടുത്തു തന്നെ സമരം ചെയ്യാൻ അനുവദിക്കുന്നത് ആദ്യമായിരിക്കും. സർക്കാർ സംവിധാനം എങ്ങനെയാണ് അത്തരമൊരു നടപടി അംഗീകരിയ്ക്കുക.

മത്സ്യത്തൊഴിലാളികളുടെ സാന്ദ്രത വളരെയധികം കൂടുതലുള്ള തെക്കൻ തീരഗ്രാമങ്ങളുടെ ദൈനംദിന ജീവിതതാളത്തെ അടിമുടി അട്ടിമറിക്കുന്ന തരത്തിലേക്ക് തീരസാഹചര്യങ്ങൾ മാറിയപ്പോഴാണ് വിഴിഞ്ഞം വാണിജ്യ തുറമുഖ നിർമാണത്തിനെതിരെ അവർ പ്രക്ഷോഭങ്ങളുമായി രംഗത്ത് വന്നത്.

സമരവേദിയുടെ തൊട്ടടുത്തു തന്നെ എതിർ സമരത്തിന് അവസരമൊരുക്കുക സംഘർഷത്തെ വിളിച്ചു വരുത്തലാണെന്ന് ആർക്കാണ് അറിയാത്തത്. അതാണ് വിഴിഞ്ഞത്ത് നടക്കുന്നത്. ആറന്മുള വിമാനത്താവളത്തിനെതിരെ നടന്ന സമരം എല്ലാവർക്കും ഓർമ്മയുണ്ടാവും. ഹിന്ദു ഐക്യവേദി നേതാവായിരുന്ന കുമ്മനം രാജശേഖരനായിരുന്നു അതിന്റെ ചുക്കാൻ പിടിച്ചത്. അതൊരു വർഗ്ഗീയ സമരമാണെന്നു ആരും ആക്ഷേപം ഉന്നയിച്ചില്ല. അവിടെ ഏതെങ്കിലും ക്രിസ്ത്യൻ വർഗ്ഗീയവാദി സംഘടന സമാന്തരമായി സമരം നടത്തിയിരുന്നുവെങ്കിൽ എത്രമാത്രം അപഹാസ്യമാവുമായിരുന്നുവെന്നതു പോലെയാണ് ഇപ്പോൾ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരത്തിനെതിരെ ഹിന്ദു വർഗ്ഗീയവാദികൾ നടത്തുന്ന പ്രചാരണം.

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരത്തിനെതിരായ രാഷ്ട്രീയപാർട്ടികളുടെ സംയുക്ത മാർച്ചിൽ സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ബി.ജെ.പി നേതാവ് വി.വി. രാജേഷ് എന്നിവർ

അദാനിക്കുവേണ്ടി എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചതിൽ തന്നെ അവരുടെയെല്ലാം യഥാർത്ഥ മുഖം തുറന്നുകാട്ടപ്പെടുന്നുണ്ട്. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് പദ്ധതിയാരംഭിച്ചപ്പോൾ അതിൽ ഏഴായിരം കോടി രൂപയുടെ അഴിമതി ആരോപിക്കുകയും പദ്ധതി സൃഷ്ടിക്കാൻ പോകുന്ന സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കകളുയർത്തുകയും ചെയ്തവരാണ് അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന സി.പി.ഐ- എം. എന്നാൽ യാതൊരു മടിയുമില്ലാതെ പിന്നീടവർ പദ്ധതിയുടെ നടത്തിപ്പുകാരായി. ഇപ്പോളവർ പറയുന്നത് അന്ന് ഞങ്ങൾ അഴിമതി ആരോപിച്ചിട്ടേയുള്ളൂ, പദ്ധതി വേണ്ട എന്ന് പറഞ്ഞിട്ടില്ല എന്നാണ്. എന്നാൽ അന്നത്തെ ദേശാഭിമാനി പത്രം പരിശോധിച്ചാൽ നമുക്കതിന്റെ യാഥാർത്ഥ്യം ബോധ്യമാകും. നിലവിൽ വിഴിഞ്ഞം സമരത്തിനെതിരെ സി.പി.ഐ-എം പുറത്തിറക്കിയ പ്രസ്താവനയിലൊരിടത്തും അവർ അദാനി തുറമുഖം എന്ന പേര് പോലും പറയുന്നില്ല. സൗകര്യപൂർവമുള്ള മറച്ചുവെക്കലാണത്. അദാനിക്കുവേണ്ടി സർക്കാർ സാമ്പത്തികമായും അല്ലാതെയും ഇത്ര വിട്ടുവീഴ്ച നടത്തിയ മറ്റൊരു പദ്ധതി ഇന്ത്യയിലില്ല.

ലത്തീൻ സഭയിലെ വൈദികർ അവരുടെ താത്പര്യങ്ങൾക്കുവേണ്ടി സമരത്തെ ഹൈജാക്ക് ചെയ്യുന്നു എന്ന ആരോപണവും ശക്തമാണ്. അതിലൊന്നും യാതൊരു കഴമ്പുമില്ല. പദ്ധതിയുടെ തുടക്കത്തിൽ നടന്ന പബ്ലിക് ഹിയറിംഗിൽ പ്രദേശത്തെ ആളുകൾ അവരുടെ അഭിപ്രായങ്ങൾ രേഖാമൂലം എഴുതിക്കൊടുത്തിട്ടുണ്ട്. അന്ന് ലത്തീൻ സഭയും വൈദികരുമെല്ലാം വളരെ കൃത്യമായി പദ്ധതിയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയതുമാണ്. കേരളത്തിൽ ലത്തീൻ ക്രൈസ്തവർ ഏറ്റവുമധികമുള്ള മേഖലയാണ് തെക്കൻ തീരഗ്രാമങ്ങൾ. അവരെ ബാധിക്കുന്ന ഒരു പ്രശ്‌നം ശക്തമായി ഉയർന്നുവന്നപ്പോൾ അവർക്കിടയിൽ നിന്ന് തന്നെയുള്ള വൈദികർ അവരുടെ സമരങ്ങൾക്ക് നേതൃത്വം നൽകുന്നു എന്നതിലപ്പുറം അതിശയകരമായോ സംശയകരമായോ ഒന്നും ലത്തീൻ സഭയുടെ സമരത്തിലില്ല. ▮


എ.ജെ. വിജയൻ

പരിസ്ഥിതി ആക്റ്റിവിസ്റ്റ്. തീരസംരക്ഷണം അടക്കമുള്ള പരിസ്ഥിതി വിഷയങ്ങളിൽ ഗവേഷണം നടത്തുന്നു. നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറം സ്ഥാപക സെക്രട്ടറി. ഇന്റർനാഷനൽ ഓഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷകനായിരുന്നു. വെസ്‌റ്റേൺ ഘാട്ട്‌സ് ആന്റ് കോസ്റ്റൽ ഏരിയ പ്രൊട്ടക്ഷൻ ഫോറം ചെയർപേഴ്‌സൺ ആണ്

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവർത്തകൻ

Comments