വിദ്യാഭ്യാസമന്ത്രിയോട് 10 അഭ്യർത്ഥനകൾ

സ്‌കൂളിൽ നിലനിന്നിരുന്ന ആവാസവ്യവസ്ഥയെ എത്രയും പെട്ടെന്ന് തിരിച്ചുപിടിക്കണം. ഇതിന് ഏറ്റവും അനിവാര്യമായ വേണ്ടത് മുഴുവൻ വിദ്യാർത്ഥികളെയും അധ്യാപകരെയും വാക്‌സിനേറ്റ് ചെയ്യുക എന്നുള്ളതാണ്. നമ്മുടെ സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികളെയും അധ്യാപകരെയും എപ്പോഴേക്ക് വാക്‌സിനേറ്റ് ചെയ്യാൻ സാധിക്കും എന്നുള്ളതിനെ കുറിച്ച് ഒരു കൃത്യമായ ധാരണ വിദ്യാഭ്യാസവകുപ്പ് രൂപപ്പെടുത്തേണ്ടതുണ്ട്.

കോവിഡ്കാല വിദൂര പഠനം രണ്ടാം വർഷത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ഒരു വർഷം നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല പ്രധാനമായും ആശ്രയിച്ചത് വിക്ടർ ടിവിയിലൂടെ സംപ്രേഷണം ചെയ്ത ക്ലാസുകളെയാണ്. സി.ബി.എസ്ഇ. യും മറ്റും പിന്തുടരുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സൂം, ഗൂഗിൾ മീറ്റ്, മൈക്രോസോഫ്റ്റ് ടീം എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെയാണ് ആശ്രയിച്ചത്. ഈ രണ്ടു തരത്തിലുള്ള സ്‌കൂളുകളിലെയും വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട് സംസാരിച്ചതിൽ നിന്നും നിന്നും മനസ്സിലായത് എങ്ങനെയെങ്കിലും സ്‌കൂളുകൾ ഒന്നു തുറന്നാൽ മതിയെന്ന വിദ്യാർത്ഥികളുടെ ആഗ്രഹമാണ്. സാമൂഹിക സാഹചര്യങ്ങളുടെ നിരാസം അവരെ വലിയ പ്രതിസന്ധി കളിലേക്ക് നയിച്ചു എന്നതിന്റെ തെളിവാണ് റിപ്പോർട്ട് ചെയ്യപ്പെട്ട സ്‌കൂൾ വിദ്യാർത്ഥികളുടെ ആയിരത്തോളം ആത്മഹത്യാ ശ്രമങ്ങൾ. സാമൂഹികതയുടെ നിരാസം വിദ്യാർഥികളെ ബൗദ്ധികമായും വൈകാരികമായും തളർത്തുന്നു.

ഈ പശ്ചാത്തലത്തിലാണ് നാം പുതിയ ഒരു അധ്യയന വർഷത്തിലേക്ക് കടക്കുന്നത്. ഉപകരണങ്ങളുടെ അഭാവവും, സാമൂഹികതയുടെ നിരാസവും, പഠനപ്രവർത്തനങ്ങളുടെ സമ്മർദ്ദവും കഴിഞ്ഞ ഒരു വർഷമായി നമ്മുടെ വിദ്യാർഥികളെ എത്രത്തോളം സംഘർഷങ്ങളിലേക്കും നിരാശതാബോധത്തിലേക്കും തള്ളിയിട്ടു എന്നുള്ളതിനെ കുറിച്ച് ഗഹനമായ പഠനങ്ങൾ ആവശ്യമുണ്ട്.

A Screenshot from Kite Victers youtube channel.

അനുഭവങ്ങളുടെ വെളിച്ചത്തിൽ ഈ വർഷം നമുക്ക് എന്ത് ചെയ്യാൻ സാധിക്കും എന്നുള്ളതിനേക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. വിദൂര പഠനത്തിന്റെ രണ്ടാം വർഷം ആരംഭിക്കുന്ന ഈ സാഹചര്യത്തിൽ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഏതാനും നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കുകയാണ്.

ഒന്ന്: വിദ്യാഭ്യാസ ആവാസവ്യവസ്ഥയുടെ പുനസ്ഥാപനം

ചോറ്റു പാത്രത്തിലെ ചോറും കറികളും പങ്കുവയ്ക്കുന്നതു മുതൽ സ്‌കൂളുകളിൽ നടക്കുന്ന ബൗദ്ധികവും സാമൂഹികവും വൈകാരികവുമായ പങ്കുവയ്ക്കലുകളിലൂടെയാണ് നമ്മുടെ സാമൂഹ്യ വ്യവസ്ഥയുടെ ഫാബ്രിക് തന്നെ രൂപപ്പെട്ടു വന്നിരുന്നത്. ഭൗതിക ആവശ്യങ്ങളോടൊപ്പം തുല്യ പ്രാധാന്യമുള്ളതാണ് മനുഷ്യനെ സംബന്ധിച്ചിടത്തോളം സാമൂഹികത. അതുകൊണ്ടുതന്നെ സാമൂഹ്യ സാഹചര്യങ്ങളുടെ നിഷേധത്തിലൂടെ നമ്മുടെ വിദ്യാർഥികൾ അപമാനവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സ്‌കൂളിൽ നിലനിന്നിരുന്ന ആവാസവ്യവസ്ഥയെ എത്രയും പെട്ടെന്ന് തിരിച്ചുപിടിക്കുക എന്നുള്ളത് മാത്രമാണ് ഇതിനുള്ള പ്രതിവിധി. ഇതിന് ഏറ്റവും അനിവാര്യമായ വേണ്ടത് മുഴുവൻ വിദ്യാർത്ഥികളെയും അധ്യാപകരെയും വാക്‌സിനേറ്റ് ചെയ്യുക എന്നുള്ളതാണ്. നമ്മുടെ സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികളെയും അധ്യാപകരെയും എപ്പോഴേക്ക് വാക്‌സിനേറ്റ് ചെയ്യാൻ സാധിക്കും എന്നുള്ളതിനെ കുറിച്ച് ഒരു കൃത്യമായ ധാരണ വിദ്യാഭ്യാസവകുപ്പ് രൂപപ്പെടുത്തേണ്ടതുണ്ട്. സമയബന്ധിതമായി ഈ പ്രവർത്തികൾ പൂർത്തിയാക്കുന്നതിനു വേണ്ട പദ്ധതിയുടെ രേഖ പൊതുസമക്ഷം വയ്ക്കുക എന്നുള്ളത് ഈ ഗവൺമെന്റ് ചെയ്യേണ്ട ഏറ്റവും അടിസ്ഥാനപരമായ കാര്യമായി മാറുന്നു.

ജൂൺ പകുതിയോടുകൂടിയെങ്കിലും ആരംഭിച്ച് സെപ്റ്റംബറോടുകൂടി രണ്ട് ഡോസ് വാക്‌സിനേഷൻ എല്ലാ വിദ്യാർഥികൾക്കും നൽകുന്നതിനു വേണ്ട കർമ്മ പദ്ധതികൾ ആവിഷ്‌കരിക്കും എന്നു പ്രഖ്യാപിക്കുന്നതിനുള്ള ധൈര്യം വിദ്യാഭ്യാസ മന്ത്രി കാട്ടേണ്ടതുണ്ട്. എങ്കിൽ മാത്രമേ സെപ്റ്റംബർ- ഒക്ടോബറോടുകൂടിയെങ്കിലും നമുക്ക് സ്‌കൂളിലെ ക്ലാസുകൾ പുനരാരംഭിക്കാൻ സാധിക്കുകയുള്ളൂ.

രണ്ട് : ഉപകരണ ലഭ്യത

ഈ വർഷം അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള പാരസ്പര്യം സാധ്യമാകുന്ന രീതിയിലുള്ള ഓൺലൈൻ പഠന ക്ലാസുകൾ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിക്കുകയുണ്ടായി. പാരസ്പര്യം സാധ്യമാക്കുന്ന രീതിയിലുള്ള ഓൺലൈൻ ക്ലാസുകൾക്ക് ആവശ്യമായിട്ടുള്ളത് സ്മാർട്ട് ഫോണുകൾ ലാപ്‌ടോപ്പുകൾ തുടങ്ങിയവയാണ്. അങ്ങനെയാണെങ്കിൽ കഴിഞ്ഞ വർഷം ടിവി ഇല്ലാത്ത കുട്ടികളുടെ വീടുകളിൽ ടിവി എത്തിച്ചു എന്നതുകൊണ്ട് ഉപകരണ ലഭ്യത പരിഹരിക്കപ്പെട്ടു എന്നു പറയാനാകില്ല. കാരണം പാരസ്പര്യത്തോടുകൂടിയുള്ള ക്ലാസുകളിൽ പങ്കെടുക്കുന്നതിന് വേണ്ടി വിദ്യാർഥികൾക്ക് മേൽപ്പറഞ്ഞ ഉപകരണങ്ങൾ ആവശ്യമായിവരുന്നു. അപ്പോൾ ഉപകരണ ലഭ്യത വീണ്ടും ഉറപ്പാക്കേണ്ടതായി വരുന്നു. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും പാരസ്പര്യത്തിൽ ഊന്നിയുള്ള പഠനത്തിന് സഹായിക്കുന്ന ഉപകരണങ്ങൾ ഉറപ്പാക്കേണ്ടതായി വരും. എത്ര കുട്ടികൾക്കാണ് പാരസ്പര്യത്തിൽ ഊന്നിയുള്ള പഠനബോധന പ്രക്രിയയെ സഹായിക്കുന്ന സാങ്കേതിക ഉപകരണങ്ങൾ ആവശ്യമുള്ളത് എന്നതിനെ സംബന്ധിച്ച് കൃത്യമായ സ്ഥിതിവിവരക്കണക്ക് തയ്യാറാക്കേണ്ടിയിരിക്കുന്നു.

ചോറ്റു പാത്രത്തിലെ ചോറും കറികളും പങ്കുവയ്ക്കുന്നതു മുതൽ സ്‌കൂളുകളിൽ നടക്കുന്ന ബൗദ്ധികവും സാമൂഹികവും വൈകാരികവുമായ പങ്കുവയ്ക്കലുകളിലൂടെയാണ് നമ്മുടെ സാമൂഹ്യ വ്യവസ്ഥയുടെ ഫാബ്രിക് തന്നെ രൂപപ്പെട്ടു വന്നിരുന്നത്.

ഒരു വീട്ടിൽ രണ്ടു കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ പഠനബോധന പ്രക്രിയ ഒരു ഉപകരണം കൊണ്ട് മാത്രം നടന്നു കൊള്ളണമെന്നില്ല. ഉപകരണങ്ങളുടെ പങ്കുവയ്ക്കൽ വിദ്യാർഥികൾക്ക് സംഘർഷങ്ൾ സൃഷ്ടിക്കാം. മാത്രവുമല്ല അച്ഛനോ അമ്മയും ജോലിക്കു പോകുമ്പോൾ ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാകാതെ വരുന്ന വിദ്യാർഥികൾ ഉണ്ടാവാം. ഇത്തരത്തിൽ വളരെ സൂക്ഷ്മമായി സാമൂഹിക യാഥാർഥ്യങ്ങളെ വിലയിരുത്തി സ്ഥിതിവിവരക്കണക്ക് തയ്യാറാക്കി അവയെ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ നടത്തേണ്ടിയിരിക്കുന്നു.

മൂന്ന്: സൗജന്യ വിദ്യാഭ്യാസം

2009ൽ പാർലമെന്റ് പാസാക്കുകയും 2010ൽ പ്രാബല്യത്തിൽ വരികയും ചെയ്ത വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ കാതൽ തന്നെ സാർവത്രികവും സൗജന്യവുമായ സ്‌കൂൾവിദ്യാഭ്യാസം എന്നുള്ളതാണ്. വിദ്യാർത്ഥികൾ നേരിട്ട ഡിജിറ്റൽ ഉപകരണങ്ങളുടെ അഭാവം കഴിഞ്ഞ അക്കാദമിക വർഷം നാം കണ്ടതാണല്ലോ. കഴിഞ്ഞവർഷം ജൂൺ ഒന്നിന് ആത്മഹത്യചെയ്ത ദേവിക എന്ന കുട്ടിക്ക് നിഷേധിക്കപ്പെട്ട നീതി ഒരു പൊള്ളുന്ന ഓർമ്മയായി നമുക്കുണ്ടാവണം. ഇനിയൊരു ദേവികയും ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ രക്തസാക്ഷിയായി മാറാൻ പാടില്ല. ഇതിനെ തുടർന്ന് ഉപകരണങ്ങൾ സൗജന്യമായി വിതരണംചെയ്യുന്നതിനുവേണ്ടി സന്നദ്ധ സംഘടനകൾ അടക്കം മുന്നോട്ടുവന്നു. ശ്ലാഘനീയമായ കാര്യമാണത്. എന്നിരുന്നാൽ പോലും പല വിദ്യാർഥികൾക്കും ഇപ്പോഴും ഉപകരണക്ഷാമം മൂലം പഠനം കൃത്യമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്നില്ല എന്നുള്ളത് യാഥാർഥ്യമാണ്. പലപ്പോഴും ഭൗതികമായ ആത്മഹത്യകൾ നടക്കുന്നില്ല എന്നേയുള്ളൂ. പ്രതീകാത്മകമായ ആത്മഹത്യകൾ വിദ്യാർത്ഥികളുടെ നിരാശാ ബോധമുള്ള മനസ്സുകളിൽ ഉണ്ടാവുന്നത് തിരിച്ചറിയുന്നതിനുള്ള സംവേദനക്ഷമത ഒരു സമൂഹമെന്ന നിലയിൽ നാം വളർത്തിയെടുക്കേണ്ടതുണ്ട്. ഇവിടെയാണ് വിദ്യാഭ്യാസം പൂർണമായും സൗജന്യം ആക്കുവാൻ നമുക്ക് സാധിക്കുന്നുണ്ടോ എന്നുള്ള ചോദ്യം ഉയരുന്നത്.

പല വിദ്യാർഥികൾക്കും ഇപ്പോഴും ഉപകരണക്ഷാമം മൂലം പഠനം കൃത്യമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്നില്ല എന്നുള്ളത് യാഥാർഥ്യമാണ്.

വിക്ടർ ടിവി കണക്ഷന് വേണ്ടി വിദ്യാർത്ഥികൾ മാസാമാസം ഒരു തുക ചാനൽ വരിയായി ചിലവാക്കേണ്ടി വരുന്നു. ഈ തുക ഇപ്പോൾ ചിലവാക്കി കൊണ്ടിരിക്കുന്നത് കോവിഡ് മൂലം പണി മുടങ്ങി അന്നന്നത്തെ അന്നത്തിനു പോലും വഴിയില്ലാതെ കഷ്ടപ്പെടുന്ന രക്ഷകർത്താക്കളുടെ ബാധ്യതയായി മാറുന്നു. ചുരുക്കം പറഞ്ഞാൽ ഉപകരണങ്ങൾ നൽകിയിട്ട് സമൂഹത്തിന്റെ ഉത്തരവാദിത്വത്തിന്റെ അടുത്തഘട്ടം രക്ഷിതാക്കളുടെ ചുമലുകളിലേക്ക് വെച്ചു കൊടുക്കുന്നു. ഇത് യഥാർത്ഥത്തിൽ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ നിഷേധമാണ്. പാരസ്പര്യത്തിൽ ഊന്നിയുള്ള ഓൺലൈൻ ക്ലാസുകളിൽ ഈ ചാനൽ ചാർജ്കളോടൊപ്പം തന്നെ ഇന്റർനെറ്റ് ചാർജുകളും രക്ഷകർത്താക്കളുടെ ചുമലിലേക്ക് വരുന്നു. ഉപകരണങ്ങൾ സൗജന്യമായി ലഭ്യമായാൽ പോലും അവയുടെ ഉപയോഗ ചെലവുകൾ പൂർണമായും വഹിക്കുക എന്നുള്ളത് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അന്തസത്തയെ ബഹുമാനിക്കുന്ന ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്വം കൂടിയാണ്. അങ്ങനെ വരുമ്പോൾ ഉപകരണ ലഭ്യതയ്ക്ക് പുറമേ ഉപകരണത്തിന്റെ ഉപയോഗ ചെലവുകളും കൂടി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സാമ്പത്തിക പാക്കേജ് നടപ്പാക്കുകയും ഡി.ഡി. ഓഫീസ്, സ്‌കൂളുകൾ എന്നിവയിലൂടെ ഇതിനു വേണ്ട തുക വിദ്യാർഥികൾക്ക് എത്തിച്ചു നൽകുന്നതിനുള്ള തീരുമാനങ്ങൾ കൈക്കൊള്ളേണ്ടേതുണ്ട്.

നാല്: നിർജീവമാകുന്ന വിദൂര പഠനം

വിക്ടർ ടിവിയിലൂടെ നടന്നുകൊണ്ടിരിക്കുന്നത് വലിയൊരളവും യഥാർത്ഥ ക്ലാസ് മുറിയുടെ ആവർത്തനങ്ങൾ മാത്രമാണ്. അവ യഥാർത്ഥ ക്ലാസ് മുറികളെക്കാൾ വിരസമാവുകയും ചെയ്യാറുണ്ട്. ആനിമേഷനിലൂടെയും മറ്റും പാഠഭാഗങ്ങൾ രസകരമായ രീതിയിൽ വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു. അത്തരം വീഡിയോകളും മറ്റും കോവിഡ് കാലഘട്ടത്തിനുശേഷം ക്ലാസ് മുറികൾ തുറന്നാൽ പോലും വിദ്യാർഥികൾക്ക് ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ഭാഗമായി ഒരു പഠന വിഭവ സമാഹരണ യജ്ഞം തുടങ്ങേണ്ടതുണ്ട്. ആശയങ്ങൾ വസ്തുതകൾ, കണക്ക് - ശാസ്ത്ര വിഷയങ്ങളിലെ പ്രശ്‌നങ്ങൾ, പരീക്ഷണങ്ങൾ എന്നിവയെ സംബന്ധിച്ച് എല്ലാം തന്നെ ചെറു മോഡ്യൂളുകൾ തയ്യാറാക്കുന്നതിനു വേണ്ടി സംസ്ഥാനതലത്തിൽ ഒരു യജ്ഞം നമ്മുടെ സ്‌കൂൾ അധ്യാപകരുടെ കഴിവുകൾ തെളിയിക്കുന്നതിന് വലിയ ഒരു സാധ്യതയായി മാറും.

ഒരു പാഠഭാഗത്തെ ഒന്നായി കണ്ടല്ല മറിച്ച് വളരെ ചെറിയ ആശയങ്ങളെ സംബന്ധിച്ചാണ് ഈ മോഡ്യൂളുകൾ ഉണ്ടാവേണ്ടത്. ഒരേ വിഷയത്തെ സംബന്ധിക്കുന്ന ഒന്നിലധികം മോഡ്യൂളുകൾ വരുന്നത് പോലും വ്യത്യസ്ത അഭിരുചികളുള്ള വിദ്യാർഥികളെ സഹായിക്കും എന്നുള്ളതാണ് വാസ്തവം. കാഴ്ച, കേൾവി, പ്രവർത്തനം എന്നിവയുടെ സംയോജനത്തിലൂടെ സ്മാർട്ട് ഫോണുകളിലൂടെയും സമ്പൂർണ്ണമായും സൗജന്യമായ ആപ്ലിക്കേഷനുകളിലൂടെയും ഒരു വിദ്യാഭ്യാസ വിഭവ വിപ്ലവം തന്നെ സൃഷ്ടിക്കുവാൻ പര്യാപ്തമാണ് നമ്മുടെ മികവുറ്റ അധ്യാപക സമൂഹം.

അഞ്ച്: അയൽവക്കത്തെ അധ്യാപകർ അല്ലെങ്കിൽ നെയ്ബറിങ് ടീച്ചർ സംവിധാനം

ഒരു വൈജ്ഞാനിക സമ്പദ്ഘടനയെ ഊന്നുന്ന ബഡ്ജറ്റാണ് കഴിഞ്ഞവർഷം തോമസ് ഐസക്ക് മുന്നോട്ടുവച്ചത്. വൈജ്ഞാനിക സമ്പദ്ഘടനയുടെ മുന്നുപാധിയാണ് വൈജ്ഞാനിക സമൂഹം. വിജ്ഞാന ഉൽപ്പാദനവും വിജ്ഞാന വിതരണവും വൈജ്ഞാനിക വിഭവങ്ങളിലൂടെ മനുഷ്യർ നേരിടുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള സാധ്യതകളുമാണ് വൈജ്ഞാനിക സമൂഹത്തെ അടയാളപ്പെടുത്തുന്നത്. ഇത്തരം സമൂഹങ്ങളിൽ വിജ്ഞാനം സ്‌കൂളുകളിലും കോളേജുകളിലും മാത്രം വിനിമയം ചെയ്യപ്പെടുന്ന ഒന്നല്ല. മറിച്ച് ജീവിതത്തിന്റെ സമഗ്ര തലങ്ങളിലും വിജ്ഞാന ഉല്പാദനവും വിതരണവും അവയുടെ ഉപയോഗവും അനിവാര്യമാണ്. വൈജ്ഞാനിക സമൂഹത്തിലാവട്ടെ അധ്യാപകർ സ്‌കൂളുകളിൽ വിജ്ഞാനത്തിന് ഇടനിലക്കാരായിട്ടല്ല പ്രവർത്തിക്കേണ്ടത്. അധ്യാപകരുടെ സേവനങ്ങൾ സ്‌കൂളുകളിൽ മാത്രമായി ഒതുക്കി നിർത്താനും സാധിക്കുകയില്ല.

അതിന്റെ ആദ്യപടിയെന്നോണം ഒരോ അധ്യാപകനും താങ്ങളുടെ ആവാസവ്യവസ്ഥയിൽ വൈജ്ഞാനിക ഉല്പാദനത്തിന്റെയും വിതരണത്തിന്റെയും വിഭവ കേന്ദ്രമായി മാറേണ്ടതുണ്ട്. ഇതിന്, അധ്യാപകർ തങ്ങളുടെ വീടിന് സമീപത്തുള്ള വിദ്യാർഥികളെ (ഏതു സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിയെയും) പഠനകാര്യങ്ങളിൽ സഹായിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിലേക്ക് ഇടപെടേണ്ടിയിരിക്കുന്നു. ഇവിടെ ഒരു സ്‌കൂളിൽ അധ്യാപകർ വിവിധ പിരീഡുകൾ ക്രമീകരിച്ച് ക്ലാസ്സുകൾ എടുക്കുന്നതിന് പകരം ഒരു പ്രദേശത്ത് അധ്യാപകർ പിരീഡുകൾ ക്രമീകരിച്ചുകൊണ്ട് കോവിഡ് മാനദണ്ഡങ്ങൾ അനുശാസിക്കുന്ന രീതിയിൽ വിദ്യാർഥികളുമായി ഇടപെടുന്നതിനുള്ള സാധ്യതകൾ അന്വേഷിക്കേണ്ടിയിരിക്കുന്നു. ഇത് അറിവ് സ്‌കൂളിൽ നിന്ന് മാത്രം നേടേണ്ടതാണ് എന്നുള്ള മിഥ്യാ ധാരണ തിരുത്തുന്നതിന് വിദ്യാർഥികൾക്കും അധ്യാപകർക്കും സമൂഹത്തിന് ഒന്നാകെയും സഹായകമാകും. മാത്രവുമല്ല വിദ്യാഭ്യാസ സന്നദ്ധ പ്രവർത്തനത്തിന് (Educational activism) ഒരു പുതിയ രീതിശാസ്ത്രം കൂടി ഇതുവഴി തുടക്കം കുറിക്കുവാൻ സാധിക്കും. അറിവും വിദ്യാഭ്യാസവും ഉള്ള മുഴുവൻ ആൾക്കാർക്കും ആ പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് വൈജ്ഞാനികവും വൈകാരികവുമായ സഹായങ്ങൾ നൽകുന്നതിനുള്ള ഒരു സാമൂഹ്യ വ്യവസ്ഥിതി തന്നെ അതുവഴി വെട്ടിതുറക്കപ്പെടും.

ആറ്: വൈകാരിക വികാസം

വിക്ടർ ചാനലിൽ കൂടെ സിലബസ് പൂർണമായും പഠിപ്പിച്ചു തീർക്കുന്നതിനാണ് കഴിഞ്ഞവർഷം ശ്രദ്ധപതിപ്പിച്ചത്. ഇത് നൽകുന്ന സന്ദേശം സ്‌കൂളിന്റെ ആത്യന്തികമായ ലക്ഷ്യം വൈജ്ഞാനിക വിനിമയമാണ് എന്നുള്ളതാണ്. സിലബസ് തീർക്കുക എന്നതിനേക്കാളുപരി വിദ്യാർഥികളുടെ സമഗ്രവികസനത്തിന് സഹായിക്കുന്ന എന്ത് കാര്യങ്ങളാണ് ഡിജിറ്റൽ വിദ്യാഭ്യാസ കാലഘട്ടത്തിൽ സാധിക്കുക എന്നുള്ളതിനെ കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

സ്‌കൂൾ കൗൺസിലർമാർ മനഃശാസ്ത്ര വിദഗ്ധർ ശിശുരോഗ വിദഗ്ധർ എന്നിവരുമായി എല്ലാം തന്നെ വിദ്യാർഥികൾക്ക് ഇടപഴകാനുള്ള സ്വാതന്ത്ര്യം കൂടുതലായി നൽകേണ്ടതുണ്ട്. ഡിജിറ്റൽ കാലഘട്ടത്തിൽ പത്തോ പതിനഞ്ചോ എണ്ണത്തിൽ കൂടാത്ത കുട്ടികളുടെ സംഘങ്ങളുമായി കൗൺസിലർമാർ, മനഃശാസ്ത്ര വിദഗ്ധർ, ശിശുരോഗ വിദഗ്ധർ എന്നിവർ നേരിട്ടോ ഡിജിറ്റൽ ആയിട്ടോ സംവദിക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കേണ്ടത് അനിവാര്യമാണ്. കോവിഡ് കാലഘട്ടത്തിനു ശേഷവും ഇത് സ്‌കൂൾ പ്രക്രിയയുടെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാക്കി മാറ്റേണ്ടതുണ്ട്.

ഏഴ്: പഠനഭാരം:

കോവിഡ് കാലഘട്ടത്തിൽ സിലബസ് മുഴുവൻ പഠിപ്പിച്ചു തീർക്കുക എന്നുള്ളതാവരുത് നമ്മുടെ ലക്ഷ്യം. സിലബസ്സിൽ ഉള്ള മുഴുവൻ കാര്യങ്ങളും പഠിപ്പിച്ചു തീർത്തു എന്ന ചടങ്ങ് മാത്രമാണ് അതിലൂടെ നാം നിർവഹിക്കുന്നത്. ഒരുതരത്തിൽ പറഞ്ഞാൽ വിദ്യാഭ്യാസത്തെ അനുഷ്ഠാനവൽക്കരിക്കേണ്ടുന്ന ഒരു ആചാരമാക്കി ഇത് ചുരുക്കുന്നുണ്ട്. നഷ്ടപ്പെടുന്ന അധ്യയന ദിവസങ്ങൾ കണക്കാക്കി അതിന് തത്തുല്യമായി സിലബസ് വെട്ടിക്കുറയ്‌ക്കേണ്ടിയിരിക്കുന്നു. ഇതിനു വേണ്ടി വിദഗ്ധ സമിതിയെ നിയോഗിച്ച് പഠനങ്ങൾ നടത്തി എല്ലാ ക്ലാസുകളിലും വെട്ടിച്ചുരുക്കേണ്ടുന്ന സിലബസിനെക്കുറിച്ച് കൃത്യമായ രൂപരേഖ തയ്യാറാക്കേണ്ടതുണ്ട്. വള്ളി പുള്ളി തെറ്റാതെ അനുഷ്ഠിച്ചു തീർക്കേണ്ട ആചാരമല്ല വിദ്യാഭ്യാസം. ഉന്നതങ്ങളായ വൈജ്ഞാനികവും വൈകാരികവുമായ ശേഷികൾ സാമൂഹിക ബോധം എന്നിവയൊക്കെ തന്നെയും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളാണ്. ഇത്തരത്തിൽ ഒരു സന്ദേശം നൽകുക എന്ന ദൗത്യം കൂടി സിലബസ് വെട്ടി കുറയ്ക്കുന്നതിലൂടെ നൽകേണ്ടതുണ്ട്.

എട്ട്: ചൂഷണ വൈറസ്

കോവിഡിനേക്കാൾ ഭയാനകമായ ഒരു വൈറസ് നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്നുണ്ട്. ചൂഷണ വൈറസ് എന്നു വിളിക്കാം. ചൈനയിൽ നിന്നല്ല മറിച്ച് ലാഭക്കൊതിയുള്ള വിദ്യാഭ്യാസ മുതലാളിമാരിൽ നിന്നാണ് ഇതിന്റെ ഉത്ഭവം . ഈ വൈറസ് ബാധിക്കുന്നതാവട്ടെ നമ്മുടെ അൺഎയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരെ മാത്രവും. പൊതുവിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകർ ഈ വൈറസിനെതിരെ വാക്‌സിനേറ്റടാണ് എന്ന് കാണാം. ഇങ്ങനെ ഒറ്റതിരിഞ്ഞ് ആക്രമിക്കപ്പെടുന്നതുകൊണ്ടുതന്നെ ഇവർ നേരിടുന്ന ബുദ്ധിമുട്ടുകൾ പൊതുജനശ്രദ്ധയിൽ കാര്യമായി വരാറില്ല. അൺ എയ്ഡഡ് സ്‌കൂൾ അധ്യാപകരുടെ ശമ്പളം വളരെ തുച്ഛമാണ്. അപ്പോഴാണ് കോവിഡ് കാലം ഒരു അശനിപാതം പോലെ ഈ അധ്യാപകരുടെ മേൽ പതിച്ചത്. പല അൺ എയ്ഡഡ് സ്‌കൂളുകളും അധ്യാപകരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതായുള്ള പരാതികൾ വ്യാപകമാണ്. ഇതിനെതിരെ ഒരു തുറന്ന അഭിപ്രായപ്രകടനത്തിന് പോലും ഈ വിഭാഗം അധ്യാപകർ അശക്തരുമാണ്. കോവിഡ് കാലഘട്ടത്തിലേക്ക് മാത്രമല്ല അതിനുശേഷവും അൺ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകർ നേരിടുന്ന വേറുകൃത്യത്തിന് ഒരു അന്ത്യം കുറിക്കേണ്ടതുണ്ട്. ഈ അധ്യാപകരുടെ സേവന വേതന വ്യവസ്ഥകൾ സംബന്ധിച്ച നിയമങ്ങൾ നിർമ്മിക്കുകയും അവ ശക്തമായി നടപ്പാക്കുകയും വേണ്ടത് കാലം ആവശ്യപ്പെടുന്ന നീതിയാണ്. വിദ്യാഭ്യാസ അവകാശനിയമം പോലെതന്നെ ഒരു അധ്യാപക അവകാശനിയമം ഇത്തരത്തിൽ രൂപപ്പെടുത്തേണ്ടതുണ്ട്. സ്‌കൂൾ വിദ്യാഭ്യാസ മേഖലയിൽ മാത്രമല്ല ഉന്നത വിദ്യാഭ്യാസരംഗത്തും പതിനായിരക്കണക്കിന് അധ്യാപകർ സേവന വേതന വ്യവസ്ഥകളുടെ അഭാവത്തിൽ കൊടിയ ചൂഷണത്തിന് ഇരയാവുന്നുണ്ട്. അൺ എയ്ഡഡ് സ്‌കൂൾ അധ്യാപകർ, ഗസ്റ്റ് അധ്യാപകർ, കോൺട്രാക്ട് അധ്യാപകർ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഇവരുടെ ക്ഷേമവും നമ്മുടെ നമ്മുടെ ഉത്തരവാദിത്തമാണ്. സ്‌കൂൾ അധ്യാപനം ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിന് ഉതകുന്ന ഒരു തൊഴിൽ ആണെന്നുള്ള ബോധ്യം സൃഷ്ടിക്കേണ്ടത് മിടുക്കരായ അധ്യാപകരെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിന് കൂടി അനിവാര്യമാണ്. അധ്യാപക അവകാശനിയമം നടപ്പാക്കാൻ സാധിച്ചാൽ ഇന്ത്യക്ക് മാത്രമല്ല ലോകത്തിനുതന്നെ തന്നെ മാതൃകയായി അത് മാറും.

ഒമ്പത്: പരീക്ഷാ നടത്തിപ്പ്

കോവിഡ് കാലഘട്ടം നേരിട്ട ഒരു വലിയ പ്രതിസന്ധി പരീക്ഷകളുടെ നടത്തിപ്പാണ്. ഓൺലൈൻ വഴിയുള്ള പരീക്ഷകൾ നടത്തിയാൽ വിദ്യാർത്ഥികൾ പകർത്തി എഴുത്ത് നടത്തും എന്നുള്ള ഭീതി പല അധ്യാപകരും ഉന്നയിക്കുന്നുണ്ട്. അത് മുഖവിലക്ക് എടുക്കേണ്ടതാണ്. എന്നാൽ ഇതുവരെ നാം തുടർന്നുവന്നിരുന്ന പരമ്പരാഗതമായ എഴുത്തുപരീക്ഷ കളെ പരിഷ്‌കരിക്കുന്നതിനുള്ള ഒരു സുവർണ്ണ അവസരം ആയി കോവിഡ് കാലഘട്ടത്തെ ഉപയോഗിക്കാവുന്നതാണ്. തുറന്ന പുസ്തക പരീക്ഷകൾ അല്ലെങ്കിൽ ഗൃഹ പരീക്ഷകൾ എന്ന ആശയം വളരെ കാര്യമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്.

എന്നാൽ ഇത്തരം പരീക്ഷകൾക്ക് വേണ്ടി എങ്ങനെ ചോദ്യപേപ്പറുകൾ തയ്യാറാക്കണം എന്നകാര്യത്തിൽ അധ്യാപകർക്ക് പരിശീലനം നൽകിയില്ലെങ്കിൽ തുറന്ന പരീക്ഷകൾ വെറും പ്രഹസനമായി മാറിപ്പോകും. സിലബസും കെട്ടി പിടിച്ചു കൊണ്ടിരിക്കുന്ന ഒരു അധ്യാപകനോ വിദ്യാഭ്യാസ വ്യവസ്ഥക്കോ തുറന്ന പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ തയ്യാറാക്കാൻ സാധിക്കുകയില്ല. മറിച്ച് വളരെ ക്രിയാത്മകമായി സിലബസ്സിലെ ആശയങ്ങളെയും അറിവിനെയും ജീവിതഗന്ധിയായ ചോദ്യങ്ങളായി പരിവർത്തിപ്പിക്കേണ്ടതുണ്ട്. തുറന്നഎഴുത്തുപരീക്ഷയുടെയും വാചാ പരീക്ഷയുടെയും സംയോജനത്തിലൂടെ മൂല്യനിർണയം വളരെ ആസ്വാദ്യകരമായ ഒരു പ്രവർത്തനം ആക്കി മാറ്റാൻ സാധിക്കും എന്ന് ആഗോളതലത്തിലുള്ള അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു. അതുകൊണ്ട് ഇത്തരത്തിലുള്ള തുറന്ന പരീക്ഷകൾ നടത്തുന്നതിനു വേണ്ട അടിസ്ഥാന അദ്ധ്യാപക ശേഷികൾ വികസിപ്പിക്കുന്നതിനുള്ള ഒരു യജ്ഞം നാം ഏറ്റെടുക്കേണ്ടതുണ്ട്.

10. പ്രീപ്രൈമറിഅധ്യാപകരും കുട്ടികളും

പ്രീപ്രൈമറി വിദ്യാർഥികൾക്ക് പോലും ഓൺലൈൻ ക്ലാസുകൾ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇവരെ ഓൺലൈൻ ക്ലാസ്സുകളും മറ്റും പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അധ്യാപകർ കാരൂർ കഥകളിലെ അധ്യാപക കഥാപാത്രങ്ങളെ അനുസ്മരിക്കുന്നുണ്ട്. 15 വർഷം ജോലി ചെയ്ത് 6000 രൂപ ശമ്പളം വാങ്ങുന്ന അധ്യാപകർ ഇപ്പോഴും കേരളത്തിലുണ്ട്. നല്ലൊരു ഭാവിതലമുറയെ കെട്ടിപ്പടുക്കുന്നതിന് അടിത്തറപാകണ്ടതാണ് പ്രീ പ്രൈമറി തലം. എന്നാൽ നിരാശയുടെയും ആത്മരോഷത്തിന്റെയും തീയാളുന്ന ഈ അധ്യാപകരുടെ മുൻപിലാണ് നമ്മുടെ പ്രീപ്രൈമറി കുട്ടികൾ വന്നെത്തുന്നത് എന്ന് ഓർക്കേണ്ടതുണ്ട്. അവർ അറിഞ്ഞുകൊണ്ട് നമ്മുടെ വിദ്യാർഥികൾക്ക് ഒരു ദോഷവും ചെയ്യില്ല എന്ന കാര്യം ഉറപ്പാണ്. എന്നാൽ ദാരിദ്ര്യത്തിന്റെ സഹനത്തിലൂടെയും അർഹമായ പരിഗണനകൾ നിഷേധിക്കപ്പെടുന്നതിലൂടെയും ഉറഞ്ഞു കൂടുന്ന നിരാശാ ബോധവും ആത്മരോഷവും പരോക്ഷമായെങ്കിലും നമ്മുടെ വിദ്യാർഥികളെ സ്വാധീനിക്കും എന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടുതന്നെ സന്തുഷ്ടരായ പ്രീ പ്രൈമറി അധ്യാപകർ സുരക്ഷിതമായ ഒരു ഭാവിയുടെ അടിത്തറ കൂടിയാണ്. വളരെ അടിയന്തിരമായി പ്രീപ്രൈമറി അധ്യാപകരുടെ സേവന വേതന വ്യവസ്ഥകൾ നിർണയിക്കേണ്ടതുണ്ട്. കരുത്തുറ്റ ഒരു സമൂഹനിർമാണത്തിൽ അവരുടെ പങ്ക് തിരിച്ചറിഞ്ഞ് അർഹിക്കുന്ന ആനുകൂല്യങ്ങളും ബഹുമാനവും അവർക്കും നൽകേണ്ടതുണ്ട്. ഇങ്ങനെ ആവശ്യപ്പെടേണ്ട അവസ്ഥ വരുന്നതുതന്നെ ഒരു ദു:സ്ഥിതിയാണ്.

ഒന്നാം ക്ലാസിലെ വിദ്യാർഥികൾക്ക് പോലും ഓൺലൈനിലൂടെ വരവേൽപ്പ് നൽകുകയാണ് ജൂൺ ഒന്നുമുതൽ. സാധാരണയായി ഒന്നാം ക്ലാസുകൾ നാം കാണാറുള്ളത് കരഞ്ഞ് നിലവിളിക്കുന്ന, നിലത്തു കിടന്ന് ഉരുളുന്ന, ചിലപ്പോൾ വളരെ നിസ്സംഗമായി ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്ന, മുട്ടായി കാണുമ്പോൾ ചിരിക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങളാണ്. സ്‌കൂൾ തുറക്കുന്ന ദിവസം സാമൂഹിക, വൈകാരിക അനുഭവങ്ങളുടെ മടിത്തട്ടിലേക്ക് കുട്ടികളെ എടുത്തു വച്ച് കൊടുക്കുകയാണ് നാം ചെയ്യാറുള്ളത്. ഇതിൽ നിന്ന് വ്യത്യസ്തമായി പഠിപ്പിച്ചേ അടങ്ങൂ എന്ന വാശിയിൽ നിന്ന് നാം പിന്നോട്ട് പോകേണ്ടിയിരിക്കുന്നു. നിഷേധിക്കപ്പെട്ടിരിക്കുന്ന സാമൂഹിക സാഹചര്യങ്ങളെ എത്രയും പെട്ടന്ന് വീണ്ടെടുത്തു നൽകുകയാണ് ഈ ഗവൺമെന്റിന് വിദ്യാർത്ഥികളോടും ഭാവിതലമുറയോടും ചെയ്യാൻ സാധിക്കുന്ന ഏറ്റവും വലിയ കാര്യം.


Comments