പി. പ്രേമചന്ദ്രൻ

സർക്കാറിനോടുപോലും പൊരുതിജയിക്കേണ്ട
അവസ്​ഥയിലാണ്​ വിദ്യാർഥികളും അധ്യാപകരും

അരനൂറ്റാണ്ടിനു മുൻപ് എഴുതപ്പെട്ട സർവീസ് ചട്ടം ഉയർത്തിക്കാട്ടി ഉദ്യോഗസ്ഥരുടെ അഭിപ്രായം പറയാനുള്ള അടിസ്ഥാനപരമായ അവകാശത്തെപ്പോലും ചോദ്യം ചെയ്യുന്ന നയം, അക്കാദമിക്​ സമൂഹത്തെ വെറും അഡ്​മിനിസ്​ട്രേഷൻ തലത്തിലേക്ക്​ ചുരുക്കുന്ന നടപടിയാണ്​. സർക്കാർ നയത്തെ വിമർശിച്ചതിന്​ അധ്യാപകൻ പി. പ്രേമചന്ദ്രനെ വേട്ടയാടുന്ന സാഹചര്യത്തിൽ, വിദ്യാഭ്യാസമേഖലയിലെ സർഗാത്മക ഇടപെടലുകളെക്കുറിച്ച്​ ഒരു വിചാരം.

ണ്ടുതരം അധ്യാപകരേയുള്ളൂ നമ്മുടെ സ്‌കൂളുകളിൽ; ഒന്നാമത്തെ വിഭാഗം എം.എൻ. വിജയൻ പറഞ്ഞതുപോലെ കുട്ടികളെ ക്ലാസിൽ നിന്നിറക്കിവിടുന്നതിൽ ഒരുതരം സുഖം അനുഭവിക്കുന്നവരും ബെഞ്ചിനുമുകളിൽ കയറ്റിനിർത്തുമ്പോൾ ഉള്ളിൽ ചിരിക്കുന്നവരുമാണെങ്കിൽ മറ്റേവിഭാഗം, കുട്ടികൾക്കുപകരം സ്വയം ക്ലാസിൽനിന്നിറങ്ങി അവർക്കുവേണ്ടി ചിന്തിക്കുന്നവരും ബെഞ്ചിനുമുകളിൽ കയറ്റിനിർത്തുമ്പോൾ തനിക്ക് സ്വന്തമാക്കാൻ സാമ്രാജ്യങ്ങളൊന്നുമില്ല എന്ന് തിരിച്ചറിയുന്നവരുമാണ്. അവർ നിരന്തരം കുട്ടികൾക്കുവേണ്ടി കലഹിച്ചുകൊണ്ടേയിരിക്കും. കുട്ടികളുടെ ചോറ്റുപാത്രം മുതൽ ഉത്തരക്കടലാസ് വരെ അവരുടെ ആധികളിൽപെടും. ശമ്പളത്തിനുവേണ്ടി മാത്രം പണിയെടുക്കാത്തവരോ ഉടമബോധത്തിന്റെ നൊസ്റ്റാൾജിയയിൽ അന്ധരാക്കപ്പെടാത്തവരോ ആയ ഇത്തരം അപൂർവ കൂട്ടത്തിലാണ്, സർക്കാറിന്റെ വിദ്യാഭ്യാസനയത്തെ വിമർശിച്ചതിന്​ അച്ചടക്കനടപടി നേരിടുന്ന പയ്യന്നൂർ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ പി. പ്രേമചന്ദ്രനെ കാണാനാവുക.

ഡി.പി.ഇ.പി. എങ്ങനെ പരാജയപ്പെട്ടു എന്നതുമായി ബന്ധപ്പെട്ട്​ കൂലംകഷമായ ചർച്ചകളും അതിന് ഉപോൽബലകമായ തിയറികളും കേരളത്തിന്റെ അക്കാദമിക്- സെമി അക്കാദമിക്ക് സമൂഹത്തിനുമുൻപിൽ വയ്ക്കപ്പെട്ടിട്ട് വർഷങ്ങളായല്ലോ. ഡി.പി.ഇ.പി.യെ വിശാല കാഴ്ചപ്പാടിൽ നിരീക്ഷിക്കുമ്പോൾ, അത് സ്വയം അതിജീവിക്കാൻ കഴിയാതെ ഒടുവിൽ സർവശിക്ഷാ അഭിയാനിൽ വിലയം പ്രാപിച്ചതിന് പല കാരണങ്ങളിലൊന്ന്, തൊണ്ണൂറുകളിലും അതിനുമുമ്പും കേരളത്തിലെ ക്ലാസ്​ മുറികളിൽ നിലനിന്നിരുന്ന യാഥാസ്ഥിതിക മനോഭാവത്തെ ചെറുത്തുതോൽപ്പിക്കുന്നതിൽ അത് പരാജയപ്പെട്ടു എന്നതാണ്.
വിശാലാർഥത്തിൽ അത് വിഭാവനം ചെയ്യാൻ ശ്രമിച്ച വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ജനാധിപത്യവത്കരണം പൂർണമായ അർത്ഥത്തിൽ ഡി.പി.ഇ.പി.ക്ക് സാധ്യമാകാത്തതിന്റെ കാരണങ്ങളിലൊന്ന്​, പ്രേമൻ മാഷെപ്പോലെയുള്ളവർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ഇടപെടലുകളുടെ സാധ്യതകൾ അന്നില്ലായിരുന്നു എന്നതായിരുന്നു.

സൂക്ഷ്​മവും​ എന്നാൽ വിശാലാർഥത്തിൽ ദൂരവ്യാപക ആഘാതങ്ങളുണ്ടാക്കാൻ കെൽപ്പുള്ളതുമായ പുഴുക്കുത്തുകൾ കണ്ടെത്തി വിമർശനവിധേയമാക്കി പൊതുതാത്പര്യത്തിന് ഗുണകരമാകുന്ന തരത്തിൽ അതിനെ പരിവർത്തിപ്പിക്കുന്നതിൽ പ്രേമൻ മാഷടക്കമുള്ളവർ നൽകിയ സംഭാവനകൾ ഉദ്യോഗസ്ഥവൃന്ദം മറന്നാലും അതിന്റെ ഗുണങ്ങൾ അനുഭവിക്കേണ്ടിവന്ന എന്നെപ്പോലെയുള്ള വ്യക്തികൾ മറക്കില്ല.

പി. പ്രേമചന്ദ്രനെതിരായ സർക്കാർ നടപടിക്കെതിരെ തലശ്ശേരിയിലെ മൂല്യനിർണയ ക്യാമ്പിൽ വെച്ച് പ്രതിഷേധിക്കുന്ന അധ്യാപകർ.

പതിനൊന്നാം ക്ലാസിലേക്ക് കടന്നുവരുന്ന സി.ബി.എസ്.ഇ. കുട്ടികൾക്ക് പരവതാനിയും സർക്കാർ സ്‌കൂൾ കുട്ടികൾക്ക് മുള്ളുവിരിച്ച വഴികളും സർക്കാർ തന്നെ ഒരുക്കിക്കൊടുക്കുന്നത് പുതിയ കാര്യമല്ല. മുഴുവൻ വിഷയത്തിലും എ പ്ലസുമായി വന്നാലും സർക്കാർ സ്‌കൂൾ കുട്ടികൾ പടിക്കുപുറത്തു നിൽക്കേണ്ടിവന്ന അവസ്ഥ ഇതേ പ്രേമചന്ദ്രൻ മാഷ് തന്നെ മുമ്പ് വിശദമായി എഴുതിയിട്ടുണ്ട്. പതിനൊന്നാം ക്ലാസ്​ പ്രവേശനം അട്ടിമറിക്കാനുള്ള ശ്രമങ്ങൾ റദ്ദാക്കപ്പെട്ടത് പ്രേമൻ മാഷിനെപ്പോലെയുള്ളവരുടെ അത്തരം ഇടപെടലുകളെതുടർന്നാണ്​. ഇത് ഒറ്റപ്പെട്ട കാര്യമല്ല. പലകാലങ്ങളിൽ, പലരൂപത്തിൽ ഇത്തരം ഉദ്ദേശ്യങ്ങൾ നടത്തിയെടുക്കാൻ ശ്രമം നടന്നിട്ടുണ്ട്. ഇത് ഉദ്യോഗസ്ഥതലം മുതൽ അക്കാദമിക് തലം വരെ നീണ്ടുനിൽക്കും.

അടിസ്ഥാന വിദ്യാഭ്യാസം മാത്രം മതി സമ്പൂർണ സാക്ഷരതയെന്ന കിരീടം താഴെവീഴാതെ സംരക്ഷിക്കാൻ എന്ന് മറ്റാരേക്കാളും സർക്കാരിനുമറിയാം. അതുകൊണ്ടാണല്ലോ നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖല ഇപ്പോഴും തൊട്ടിലിൽകിടന്നുഴലുന്നത്.

വിദ്യാഭ്യാസമന്ത്രിയുടെ സമീപകാല പ്രസ്താവനകളിൽ ഒന്ന്, വാരിക്കോരി മാർക്ക് കൊടുക്കുന്ന പരിപാടി ഇത്തവണയുണ്ടാകില്ല എന്നാണ്. കുട്ടികളുടെ പഠനനിലവാരം വിലയിരുത്തുന്നതിൽനിന്ന് കുട്ടികളെ തോൽപ്പിക്കാൻ വേണ്ടി മാത്രം പരീക്ഷ നടത്തുന്ന സമ്പ്രദായം പരിതാപകരമാണ്. വിജയിക്കുന്ന കുട്ടികൾ സർക്കാരിന് ബാധ്യതയാകുന്ന അപൂർവത. ചുരുക്കിപ്പറഞ്ഞാൽ സാമൂഹികമായ പ്രതികൂല സാഹചര്യങ്ങളെ മാത്രമല്ല, സർക്കാരിനോടുപോലും പൊരുതിജയിച്ചുവേണം കുട്ടികൾക്ക് തുടർന്നുപഠിക്കാൻ എന്നുചുരുക്കം. അടിസ്ഥാന വിദ്യാഭ്യാസം മാത്രം മതി സമ്പൂർണ സാക്ഷരതയെന്ന കിരീടം താഴെവീഴാതെ സംരക്ഷിക്കാൻ എന്ന് മറ്റാരേക്കാളും സർക്കാരിനുമറിയാം. അതുകൊണ്ടാണല്ലോ നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖല ഇപ്പോഴും തൊട്ടിലിൽകിടന്നുഴലുന്നത്.

തൊഴിലാളികളുടെ മക്കൾ തൊഴിലാളികളും ബിസിനസുകാരുടെ മക്കൾ ബിസിനസുകാരും ഡോക്​ടറുടെ മക്കൾ ഡോക്ടറും ആയാൽ മതിയെന്നാവും ഇടതുപക്ഷ സർക്കാരിന്റെ നയം. അതുകൊണ്ടുകൂടിയാണല്ലോ ഇടതുപക്ഷ അധ്യാപക സംഘടനയായ കെ.എസ്.ടി.എ., പ്രേമൻ മാഷിനെതിരേയുള്ള പടയൊരുക്കങ്ങളിൽ മൗനം പാലിക്കുകയും ഒരുപടികൂടി കടന്ന് പ്രേമൻ മാഷിനെതിരെ സംഘടനാടിസ്ഥാനത്തിൽ നടപടിയെടുക്കാൻ കോപ്പുകൂട്ടുന്നതും.

പാഠ്യപദ്ധതിയുടെ ഉദ്ദേശ്യമെന്താണ്​, അത് നടപ്പിലായോ എന്നതുമാത്രമാണ് പരീക്ഷകൾ കൊണ്ട് ലക്ഷ്യംവെക്കേണ്ടത്. പരീക്ഷകൾക്ക് ആഴ്ചകൾക്കുമുൻപ് മുഴുവൻ ടെക്​സ്​റ്റും ആസ്പദമാക്കി ചോദ്യബാങ്ക് തയ്യാറാക്കുകയും അത് കുട്ടികൾക്ക് ലഭ്യമാക്കുകയും അതിൽനിന്നുമാത്രം ചോദ്യം ചോദിക്കുകയും ചെയ്യുന്ന രീതി പല രാജ്യങ്ങളിലുമുണ്ട്. അവിടുത്തെ അക്കാദമിക് സമൂഹത്തെ സംബന്ധിച്ച്,​ പരീക്ഷയെന്നാൽ കുട്ടികളുടെ പഠനനിലവാരം അളക്കാനുള്ള, പല ഉപകരണങ്ങളിൽ ഒന്നുമാത്രമാണ്. നമുക്കുമാത്രമാണ്, പരീക്ഷ എന്നാൽ അഗ്‌നിപരീക്ഷയും യുദ്ധവും ഒക്കെയായി മാറുന്നത്. പല വിദേശ സർവകലാശാലകളിലും നിശ്ചിത ക്ലാസുമുറികളോ അറ്റൻഡൻസ് പോലെയുള്ള സമ്പ്രദായമോ പോലുമില്ല. എന്നിട്ടും കുട്ടികളാരും തോൽക്കുന്നതായോ മികച്ച മാർക്ക് നേടാത്തതായോ കേട്ടിട്ടുമില്ല. അതുകൊണ്ടുകൂടിയാണ് പ്രേമചന്ദ്രൻ മാഷിനെപ്പോലെയുള്ള അധ്യാപകർ നമ്മുടെ രീതികൾക്ക് അധികപ്പറ്റാവുന്നതും അവർ പറയുന്ന വിഷയങ്ങളുടെ ഉൾക്കൊള്ളാൻ കഴിയാത്തതും.

ജാതീയതയും അധികാരപ്രയോഗങ്ങളും അവരവരുടെ സൗകര്യമനുസരിച്ച് നടപ്പിലാക്കാനും മാത്രം താല്പര്യമുള്ള അധ്യാപകരെയാണ് ഇപ്പോഴത്തെ സിസ്റ്റത്തിന് ആവശ്യമെന്ന് തോന്നുന്നു. എത്ര അശാസ്ത്രീയമാണ് നമ്മുടെ സിലബസെന്ന് മനസ്സിലാകണമെങ്കിൽ അധ്യാപകരുടെ ഗൈഡ് വായിച്ചാൽ മതി.

നിലവാരമുള്ള ഉദ്യോഗസ്ഥരാകണം വിദ്യാഭ്യാസമേഖലയിൽ നയരൂപീകരണം മുതൽ താഴോട്ടുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ടത്. ആരോ തയ്യാറാക്കുന്ന സിലബസിനനുസരിച്ച് എണ്ണയിട്ട യന്ത്രം പോലെ ക്ലാസുമുറികളിൽ പെരുമാറാനും ജാതീയതയും അധികാരപ്രയോഗങ്ങളും അവരവരുടെ സൗകര്യമനുസരിച്ച് നടപ്പിലാക്കാനും മാത്രം താല്പര്യമുള്ള അധ്യാപകരെയാണ് ഇപ്പോഴത്തെ സിസ്റ്റത്തിന് ആവശ്യമെന്ന് തോന്നുന്നു. എത്ര അശാസ്ത്രീയമാണ് നമ്മുടെ സിലബസെന്ന് മനസ്സിലാകണമെങ്കിൽ അധ്യാപകരുടെ ഗൈഡ് വായിച്ചാൽ മതി. ഇതിനോടൊക്കെയുള്ള സന്ധിയില്ലാസമരമാണ് പ്രേമൻ മാഷെപ്പോലെയുള്ളവർ നയിക്കുന്നത്​. അതുകൊണ്ടുകൂടിയാണ് സർട്ടിഫിക്കറ്റുകൾ കൊണ്ടുമാത്രം കാര്യമൊന്നുമില്ലാത്ത നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് എന്തെങ്കിലും സ്ഥാനം കിട്ടുന്നതും.

മുൻപും പ്രേമചന്ദ്രൻ മാഷ് ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. അന്നൊന്നുമില്ലാത്ത കെറുവാണ് ഇത്തവണ ‘ട്രൂ കോപ്പി’യിൽ ​എഴുതിയപ്പോഴുണ്ടായത്​. നടപടിയുണ്ടാകില്ല എന്ന് മന്ത്രി പറയുമ്പോൾ, ഉദ്യോഗസ്ഥവൃന്ദം കാരണം കാണിക്കൽ നോട്ടീസ്​ നൽകുകയും ഇതിൽ തൃപ്തിയടയാതെ നേരിട്ട് ഹാജരായി വിശദീകരണം നൽകാനും ആവശ്യപ്പെടുന്നു. അക്കാദമിക്ക് സമൂഹത്തിനോട് അഡ്മിസ്ട്രേഷനിലെ ഉദ്യോഗസ്ഥർക്കുള്ള കെറുവ് വെറും ഈഗോയായി മാത്രം തള്ളിക്കളയേണ്ടതല്ല. സി.ബി.എസ്.ഇ. സിസ്റ്റത്തോടുള്ള അഭിനിവേശം എന്നു പറഞ്ഞ്​ തള്ളിക്കളയാവുന്നതുമല്ല ഇത്. പല താല്പര്യങ്ങളും സംരക്ഷിക്കാനുള്ളതും പലർക്കും പലതും നേടിക്കൊടുക്കാനുള്ളതും ചേർത്തുള്ള കൃത്യമായ അജണ്ട ഇതിനുപുറകിലുണ്ട്. പൊതുവിദ്യാലയങ്ങളിലെ കുട്ടികളെ രണ്ടാംകിട വിദ്യാർഥികൾ മാത്രമായി കാണുന്നവരിൽ ആദ്യസ്ഥാനക്കാർ സ്വന്തം സംസ്ഥാനവും അവിടുത്തെ വിദ്യാഭ്യാസവകുപ്പ് ഭരിക്കുന്ന ഉദ്യോഗസ്ഥരുമാണെന്നുള്ളത് ലജ്ജാകരമാണ്.

സി.ബി.എസ്.ഇ. പത്താം ക്ലാസ്​ റിസൽട്ട് വൈകിയപ്പോൾ അതിന് ആനുപാതികമായി പതിനൊന്നാം ക്ലാസ്​ പ്രവേശനം വൈകിപ്പിച്ച പാരമ്പര്യമുള്ള വകുപ്പാണ് നമ്മുടേത്. പൊതുഇടത്തിൽ മന്ത്രി പറഞ്ഞ വാക്കുകൾക്ക് വിപരീതമായി വകുപ്പിൽനിന്ന്​ ഇണ്ടാസുകൾ പറക്കുമ്പോൾ, തന്റെ വകുപ്പിൽ തന്റെ വാക്കിനുപോലും വിലയില്ല എന്നാവും മന്ത്രിയും ഇതിലൂടെ സമൂഹത്തോട് പറയാൻ ശ്രമിക്കുന്നത്. അതോ മറിച്ചാണോ കാര്യങ്ങൾ? മന്ത്രി തന്നെ ഉത്തരം നൽകേണ്ട ചോദ്യമാണിത്.

സർക്കാർ ഉദ്യോഗസ്ഥരുടെ അഭിപ്രായസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തിക്കൊണ്ടുള്ള കേരള ഗവൺമെന്റ് സർവന്റ്സ് കൊൺടക്ട് റൂൾസിലെ ചട്ടം 60

നിലപാടുള്ള ഒരധ്യാപകനെ സംബന്ധിച്ച് എഴുതിക്കൊടുത്തതിൽ കൂടുതലൊന്നും നേരിട്ടുവിളിച്ച് കണ്ണുരുട്ടിക്കാണിച്ചാൽ പറയാനുണ്ടാകില്ല എന്നെങ്കിലും മനസ്സിലാക്കാനുള്ള വിവരം അവിടെയിരിക്കുന്നവർക്കില്ലാതെ പോയി. തങ്ങളുടെ സംഘടനയിൽ അംഗമായ ഒരധ്യാപകൻ വേട്ടയാടപ്പെടുമ്പോൾ, നിശ്ശബ്ദനാക്കാൻ ശ്രമിക്കുമ്പോൾ, അദ്ദേഹത്തിന് പിന്തുണ കൊടുക്കുന്നതിനുപകരം അവർക്ക് വേണ്ടതെന്തോ അത് കൊടുത്തേക്കെന്നുപറഞ്ഞ്​ ഉദ്യോഗസ്ഥരും അധികാരക്കസേരകൾക്കായി ഒത്താശചെയ്യുന്ന സംഘടനയും ചേർന്ന് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ കടക്കൽ വെട്ടുകയാണ്.

അരനൂറ്റാണ്ടുമുൻപ് എഴുതപ്പെട്ട സർവീസ് ചട്ടം ഉയർത്തിക്കാട്ടി ഉദ്യോഗസ്ഥരുടെ അഭിപ്രായം പറയാനുള്ള അടിസ്ഥാനപരമായ അവകാശത്തെപ്പോലും ചോദ്യംചെയ്യുന്ന നയം ചിതലരിക്കപ്പെട്ടതുമാത്രമല്ല, ചവറ്റുകുട്ടയിൽ കളയേണ്ടതുകൂടിയാണ്. അറുപതുകൾക്കുശേഷം വെള്ളമൊരുപാട് ഒഴുകിപ്പോയെന്ന് മനസ്സിലാക്കാനുള്ള ബോധം ഉദ്യോഗസ്ഥന്മാർക്കില്ലെങ്കിലും പുരോഗമന പ്രസ്ഥാനത്തിന്റെ പ്രതിനിധികളായ ഇപ്പോഴത്തെ അധികാരിവർഗമെങ്കിലും മനസ്സിലാക്കേണ്ടതാണ്. അല്ലെങ്കിൽപ്പിന്നെ അവരുടെ പ്രത്യയശാസ്ത്രവും പ്രവൃത്തിയും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ടെന്ന് പറയുന്നവർക്കൊപ്പം കേരളത്തിലെ അക്കാദമിക് സമൂഹം കൂടി കൂടേണ്ടിവരും.

എതിർശബ്ദങ്ങളുടെ വാപൊത്തിപ്പിടിപ്പിച്ച് മൂലയ്ക്കിരുത്താനും അവരവരുടെ സൗകര്യത്തിനും യുക്തിരാഹിത്യത്തിനും അനുസരിച്ച്​ തലമുറകളുടെ ഭാവികൊണ്ട് പന്തുകളിക്കാമെന്നുമാണ് അധികാരസ്ഥാനത്തിരിക്കുന്നവരും ഉദ്യോഗസ്ഥമേലാളന്മാരും കരുതുന്നതെങ്കിൽ പ്രേമൻ മാഷ് അപ്പുറത്ത് ഒറ്റയ്ക്കാവില്ല. പ്രേമചന്ദ്രൻ മാഷിനെതിരെയുള്ള നടപടി നിർത്തിവെപ്പിക്കുക മാത്രമല്ല, ഒരു അധ്യാപകർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും നേരെ ഇങ്ങനെയൊരു നടപടിയുണ്ടാകില്ല എന്നുറപ്പ് വരുത്തേണ്ടതും കേരള സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അതിലൂടെ നമ്മുടെ ഗവേണിംഗ് സിസ്റ്റം ഫാസിസ്റ്റ് സിസ്റ്റമായിട്ടില്ലായെന്നും നമ്മൾ ഫാസിസ്റ്റുകൾക്ക് കൊടിപിടിക്കുന്ന സമൂഹമായി മാറിയിട്ടില്ലായെന്നും ഉറപ്പുവരുത്താൻ സാധിക്കണം.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


എ. ഉണ്ണികൃഷ്ണൻ

സ്വതന്ത്ര ന്യൂ മീഡിയ പ്രവർത്തകൻ, കോർപറേറ്റ്​ കണ്ടൻറ്​ കോച്ച്​. ദുബായ് മിഡിൽസെക്സ് യൂണിവേഴ്‌സിറ്റിയിലെ മീഡിയ & മാനേജ്‌മെൻറ്​ വിഭാഗത്തിൽ Resource faculty from Industry ആയി ക്ലാസെടുക്കുന്നു.

Comments