ഗവേഷകയെ
ഹോസ്റ്റലിൽനിന്ന് പുറത്താക്കി സംസ്കൃത സർവകലാശാലയുടെ പ്രതികാരം

സെമസ്റ്റർ പരീക്ഷകളുടെ തയ്യാറെടുപ്പുകൾക്കായി റീഡിംഗ് റൂം ഉപയോഗിക്കാൻ മുതിർന്ന പി.ജി വിദ്യാർത്ഥിനികളെ ഹോസ്റ്റലിനുള്ളിൽ പൂട്ടിയിടാൻ ശ്രമിച്ചതിനെ എതിർത്തതിനും വിദ്യാർത്ഥിനികൾക്ക് റീഡിംഗ് റൂം ഉപയോഗിക്കാൻ സൗകര്യം ചെയ്തതിനും സംസ്കൃത സർവകലാശാലയിലെ ഗവേഷകയെ ഹോസ്റ്റലിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. യാതൊരു മുന്നറിയിപ്പുമില്ലാതെ എത്രയും വേഗം ഹോസ്റ്റൽ വിടണമെന്നാണ് സസ്പെൻഷൻ ലെറ്ററിലുള്ളത്. പ്രതികരിക്കുന്ന വിദ്യാർത്ഥികളെ അമർച്ച ചെയ്യുന്നതാണ് ഈ നടപടിയെന്ന് സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥി ആദി.

ആദി⠀

സംസ്കൃത സർവ്വകലാശാലയിലെ രണ്ടാം വർഷ ഗവേഷക വിദ്യാർത്ഥിയാണ് ഞാൻ. സംസ്കൃത സർവകലാശാല ഈയിടെ വാർത്തകളിൽ ഇടം നേടിയത് വിദ്യാർത്ഥികളെയാകെ പൊതുസമൂഹത്തിന്റെ മുന്നിൽ കുറ്റവാളികളായി ചിത്രീകരിച്ചുകൊണ്ടാണ്.

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ‘പവിത്രത്ര’ സംരക്ഷിക്കാനായി ഇടത് സിൻഡിക്കേറ്റ് പ്രതിനിധി അഡ്വ. അരുൺകുമാറിന്റെ നേതൃത്വത്തിലുള്ള ഉപസമിതി പുറത്തിറക്കിയ സർക്കുലർ ഗവേഷകർ ഉൾപ്പെടെയുള്ള വിദ്യാർഥികളുടെ അക്കാദമിക് സ്വാതന്ത്ര്യത്തെയും അടിസ്ഥാനാവകാശങ്ങളെയും ഹനിക്കും വിധമായിരുന്നു. മുൻകാലങ്ങളിൽ നിരന്തര സമരങ്ങളിലൂടെ വിദ്യാർത്ഥികൾ നേടിയെടുത്ത സർവകലാശാലയിൽ പ്രവർത്തിക്കുന്ന 24 മണിക്കൂർ റീഡിംഗ് റൂം സൗകര്യം ഉൾപ്പെടെ പൂട്ടാനായിരുന്നു അധികാരികളുടെ തീരുമാനം.

ഹോസ്റ്റലുകളിൽ കർഫ്യൂ ഏർപ്പെടുത്തുന്നത് ഈ സർക്കുലറിന്റെ പ്രധാന ഉള്ളടക്കമായിരുന്നു. UG, PG, PhD വിദ്യാർഥികളെ ഹോസ്റ്റലിൽ പുറമേ നിന്ന് പൂട്ടിയിട്ട് ‘ലഹരി ഉപയോഗം നിയന്ത്രിക്കാനുള്ള മഹത്തായ പ്രവർത്തനങ്ങൾ’ നടപ്പിലാക്കുകയാണ് എന്ന വാദമാണ് അധികാരികൾ ഉയർത്തിയത്. സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികൾ മൊത്തം ലഹരിയുടെ അടിമകളാണെന്നും ഹോസ്റ്റൽ ലഹരി കേന്ദ്രമാണെന്നും വി. സി. ഉൾപ്പടെ ചാനലുകളിൽ പ്രസംഗിക്കുകയുണ്ടായി. സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളും അധ്യാപക സമൂഹവും ഇക്കാലം വരെ ഉണ്ടാക്കിയെടുത്ത അക്കാദമിക് അടിത്തറയെ അപ്പാടെ ഇളക്കികളയുന്ന പരാമർശങ്ങൾ സർവകലാശാല അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായി. ഈ നയങ്ങൾക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികളെ തിരഞ്ഞുപിടിച്ച് മെമ്മോ നൽകാനും വിദ്യാർഥികളിൽ നിന്നും സർവകലാശാലയെ രക്ഷിക്കാനായി പോലീസ് സംരക്ഷണം തേടാനും അധികാരിവർഗ്ഗം മറന്നില്ല. സമരത്തിൽ ഭാഗമായ വിദ്യാർഥികൾ മാപ്പെഴുതി കൊടുക്കണം എന്ന് അധികാരികൾ അറിയിച്ചു.

മുൻകാലങ്ങളിൽ നിരന്തര സമരങ്ങളിലൂടെ വിദ്യാർത്ഥികൾ നേടിയെടുത്ത സർവകലാശാലയിൽ പ്രവർത്തിക്കുന്ന 24 മണിക്കൂർ റീഡിംഗ് റൂം സൗകര്യം ഉൾപ്പെടെ പൂട്ടാനായിരുന്നു അധികാരികളുടെ തീരുമാനം.
മുൻകാലങ്ങളിൽ നിരന്തര സമരങ്ങളിലൂടെ വിദ്യാർത്ഥികൾ നേടിയെടുത്ത സർവകലാശാലയിൽ പ്രവർത്തിക്കുന്ന 24 മണിക്കൂർ റീഡിംഗ് റൂം സൗകര്യം ഉൾപ്പെടെ പൂട്ടാനായിരുന്നു അധികാരികളുടെ തീരുമാനം.

വിദ്യാർത്ഥികൾ എഴുതി, ഞങ്ങൾ ഞങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനാണ് ശ്രമിച്ചത്. കൂട്ടിലിട്ട് വളർത്താൻ ഞങ്ങൾ പട്ടികളല്ല. വിദ്യാർത്ഥികൾ അനിശ്ചിതകാല സമരം ഏറ്റെടുത്ത് മുന്നോട്ട് പോയി. ലൈബ്രറി റീഡിംഗ് റൂം പൂട്ടാനുള്ള ശ്രമവും ഗവേഷകർക്കുമേൽ അടിച്ചേൽപ്പിച്ച കർഫ്യൂവും സമരത്തിന്റെ ഭാഗമായി പിൻവലിക്കപ്പെട്ടു. അതേസമയം, അധികാരികൾ ഈ വിദ്യാർത്ഥിവിരുദ്ധത പുതിയ രൂപങ്ങളിൽ ആവർത്തിക്കുകയാണ് ചെയ്തത്. പുതിയ സെക്യൂരിറ്റിമാർ സദാചാര പൊലീസായി മാറി. ഹനുമാൻ സേനയും ശിവസേനയും എടുക്കുന്ന പണി അവരിൽ ഏൽപ്പിച്ചത് സർവകലാശാലയിലെ അധികാരികളാണ്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ ഫോട്ടോ എടുക്കുക, ഷെയർ ചെയ്യുക തുടങ്ങിയ ‘പുരോഗമന നീക്ക’ങ്ങളാണ് അധികാരികൾ സെക്യൂരിറ്റി സംവിധാനത്തിലൂടെ നടപ്പാക്കിയത്. JNU പോലുള്ള ക്യാമ്പസുകളെ സംഘപരിവാർ അമർച്ച ചെയ്യാൻ ശ്രമിച്ചത് ലഹരി, അനിയന്ത്രിത ലൈംഗികത, അരാജകത്വം തുടങ്ങിയ ആരോപണങ്ങൾ ഉയർത്തിയായിരുന്നു. ഇവിടെ, പക്ഷേ സംഘപരിവാറിന്റെ ഭാഷയിൽ സംസാരിച്ചത്, അഡ്വ. അരുൺകുമാറും ഇടത് സിൻഡിക്കേറ്റ് പ്രതിനിധികളുമാണ്.

READ: ഹോസ്റ്റൽ കർഫ്യൂവിലൂടെ
സംസ്കൃത വാഴ്സിറ്റിയുടെ
സദാചാര പൊലീസിങ്

സമരാനന്തരം അഡ്വ. അരുൺകുമാറും സിൻഡിക്കേറ്റ് പ്രതിനിധികളും ചേർന്ന് സർവകലാശാലയിൽ ഓണാഘോഷ പരിപാടി സംഘടിപ്പിക്കുകയും വിദ്യാർഥികൾക്ക് സദ്യ ഒരുക്കുകയും ചെയ്തു. സദ്യ മാപ്പിന് പകരമാകില്ലെന്ന് വിദ്യാർത്ഥികൾ പ്ലക്കാർഡുകൾ എഴുതി. വിദ്യാർത്ഥി സമൂഹത്തെ ക്രിമിനലുകളായി പൊതുസമൂഹത്തിന് വിചാരണ ചെയ്യാനെറിഞ്ഞുകൊടുത്ത സർവകലാശാലാധികാരികൾ ഈ ചെയ്തികളെ മൊത്തം ഒളിപ്പിച്ചുവെക്കാനും സ്വയം രക്ഷകരായി അവതരിക്കാനുമാണ് സദ്യ വിളമ്പിയതെന്ന് തിരിച്ചറിഞ്ഞവർ ഈ പരിപാടിയിൽ നിന്നും വിട്ടുനിന്നു.

ഇക്കഴിഞ്ഞ ദിവസം, വീണ്ടും വിദ്യാർത്ഥി വിരുദ്ധമായ നീക്കം സർവകലാശാല നടത്തിയിരിക്കുകയാണ്. സർവകലാശാലയിലെ സംസ്കൃത വിഭാഗം ഗവേഷകയെ ഹോസ്റ്റലിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഒക്ടോബർ 17-ന് സെമസ്റ്റർ പരീക്ഷകളുടെ തയ്യാറെടുപ്പുകൾക്കായി റീഡിംഗ് റൂം ഉപയോഗിക്കാൻ മുതിർന്ന പിജി വിദ്യാർത്ഥിനികളെ ഹോസ്റ്റലിനുള്ളിൽ പൂട്ടിയിടാൻ ശ്രമിച്ചതിനെ എതിർത്തതിനും വിദ്യാർത്ഥിനികൾക്ക് റീഡിംഗ് റൂം ഉപയോഗിക്കാൻ സൗകര്യം ചെയ്തതിനുമാണ് ഈ സസ്പെൻഷൻ. ഹോസ്റ്റലുകളിൽ വാഗ്ദാനം ചെയ്ത വായനാമുറി സൗകര്യങ്ങൾ ഇതുവരെ നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ പിജി വിദ്യാർഥികൾക്ക് പഠനസൗകര്യം നിഷേധിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ഇതിനെതിരെ പ്രതികരിച്ചതിനാണ് ഗവേഷകയെ ഹോസ്റ്റലിൽ നിന്നും പുറത്താക്കാൻ അധികാരികൾ തീരുമാനിച്ചത്. യാതൊരു മുന്നറിയിപ്പുമില്ലാതെ എത്രയും വേഗം ഹോസ്റ്റൽ വിടണമെന്നാണ് സസ്പെൻഷൻ ലെറ്ററിലുള്ളത്. പ്രതികരിക്കുന്ന വിദ്യാർത്ഥികളെ അമർച്ച ചെയ്യാനാണ് ഈ നയം.

ഇടത് സിൻഡിക്കേറ്റ് പ്രതിനിധി അഡ്വ. അരുൺകുമാറിന്റെ നേതൃത്വത്തിലുള്ള ഉപസമിതി പുറത്തിറക്കിയ സർക്കുലറിനെതിരെ ഗവേഷക സംഘടന പുറത്തിറക്കിയ കൈയെഴുത്തുപോസ്റ്റർ.
ഇടത് സിൻഡിക്കേറ്റ് പ്രതിനിധി അഡ്വ. അരുൺകുമാറിന്റെ നേതൃത്വത്തിലുള്ള ഉപസമിതി പുറത്തിറക്കിയ സർക്കുലറിനെതിരെ ഗവേഷക സംഘടന പുറത്തിറക്കിയ കൈയെഴുത്തുപോസ്റ്റർ.

ഇതിനെതിരെ പല നിലകളിൽ വിദ്യാർഥികൾ പ്രതിഷേധങ്ങൾ ഏറ്റെടുത്ത് നടത്തുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. ഒക്ടോബർ 22 നാണ് വിദ്യാർത്ഥിനിയെ സസ്പെൻഡ് ചെയ്ത നോട്ടീസിറങ്ങുന്നത്. ഇത്ര ദിവസങ്ങൾ പിന്നിടുമ്പോഴും അനുകൂലമായ യാതൊന്നും വിഷയത്തിലുണ്ടായിട്ടില്ല. വിദ്യാർത്ഥികളുടെ അടിസ്ഥാന അവകാശങ്ങൾ പോലും മുഖവിലക്കെടുക്കാത്ത സർവകലാശാല സിൻഡിക്കേറ്റിന്റെ തന്ത വാഴ്ച ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. മാപ്പെഴുതി കൊടുക്കണം എന്നാണ് വിദ്യാർത്ഥിനിയോട് സർവകലാശാല അധികാരികൾ ആവശ്യപ്പെടുന്നത്. സിൻഡിക്കേറ്റ് അംഗം അഡ്വ. അരുൺ കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം വിദ്യാർത്ഥിവിരുദ്ധതയുടെ മൂശ വലതുയുക്തിയിലാണ്. സംസ്കൃത സർവകലാശാലയെ നന്നാക്കിക്കളയാൻ അവതരിച്ച രക്ഷകന്റെ വേഷം അരുൺകുമാർ ഊരിവെക്കേണ്ടതുണ്ട്. ഒരുവശത്ത്, വിദ്യാർത്ഥി വിരുദ്ധവും യാഥാസ്ഥിതികവുമായ നയങ്ങൾ അവതരിപ്പിച്ചും ഈ നയങ്ങൾക്കായി ചുക്കാൻ പിടിച്ചും മറുവശത്ത് പോയി ചാനൽ ചർച്ചയിൽ ഇരുന്ന് പുരോഗമനവാദിയായി ഞെളിയുകയും ചെയ്യുന്ന അരുൺകുമാറിന്റെ അധികാര ദുർവിനിയോഗം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.

സംസ്കൃത സർവകലാശാലയിലെ ഇടത് സിൻഡിക്കേറ്റ് ഇടതല്ല, കൃത്യമായും വലത്താണ്.


Summary: Research scholar Aadhi discusses the anti-student attitudes at Sree Sankaracharya University of Sanskrit.


ആദി⠀

കവി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാലയിൽ റിസർച്ച് സ്കോളർ. പെണ്ണപ്പൻ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments