ധർമാർത്ഥകാമമോക്ഷത്തെ ജ്ഞാനവ്യവസ്ഥയാക്കുന്ന യു.ജി.സി

നാലുവർഷ ബിരുദ പ്രോഗ്രാമിൽ നിർബന്ധമായും പഠിച്ചിരിക്കേണ്ട വാല്യു ആഡഡ് കോഴ്‌സുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ ജ്ഞാനപദ്ധതിയിൽ പുരാണേതിഹാസങ്ങളും സ്മൃതികളും ഭഗവദ്ഗീതയും പഠിപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ഹൈന്ദവ മതദർശനങ്ങളെ സ്വാഭാവികമെന്നോണം അക്കാദമിക പാഠ്യപദ്ധതിയുടെയും അധ്യാപക പരിശീലന പരിപാടിയുടെയും ഭാഗമാക്കി മാറ്റി ഒരേസമയം അധ്യാപകരെയും വിദ്യാർത്ഥികളെയും ഹിന്ദുത്വ ആത്മീയ വിദ്യാഭ്യാസത്തിന് ഇരയാക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്.

പൊതുവിദ്യാഭ്യാസത്തെ സാമാന്യമായും ഉന്നത വിദ്യാഭ്യാസമേഖലയെ സവിശേഷമായും ഹിന്ദുത്വവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതികളുടെ നിർവഹണമാണ് 2023 മുതൽ 2026 വരെയുള്ള മൂന്നുവർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്.

2020-ലെ ദേശീയ വിദ്യാഭ്യാസനയം നിയമമാക്കിയതിലൂടെ കാവ്യവൽക്കരണത്തിനുള്ള ഘടനാപരമായ മാറ്റം ദേശവ്യാപകമായി നിലവിൽ വന്നു. കേന്ദ്ര- സംസ്ഥാന സർവകലാശാലകൾ പാഠ്യപദ്ധതി പരിഷ്‌കരിച്ചും സർവ്വകലാശാലാചട്ടങ്ങൾ ഭേദഗതി ചെയ്തും നിർബന്ധിത മാറ്റങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള തീവ്ര പരിശ്രമത്തിലുമാണ്. ദേശീയ വിദ്യാഭ്യാസ നയത്തിലെ സൂചനകളെ വളച്ചൊടിച്ചും പുതിയവ കൂട്ടിച്ചേർത്തും ഹൈന്ദവ മതദർശനങ്ങളെ വളരെ സ്വാഭാവികമെന്നോണം അക്കാദമിക പാഠ്യപദ്ധതിയുടെയും അധ്യാപക പരിശീലന പരിപാടിയുടെയും ഭാഗമാക്കി മാറ്റി ഒരേസമയം അധ്യാപകരെയും വിദ്യാർത്ഥികളെയും ഹിന്ദുത്വ ആത്മീയ വിദ്യാഭ്യാസത്തിന് ഇരയാക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്.

നാലുവർഷ ബിരുദ ഘടനാമാറ്റത്തിലെ
ഹിന്ദുത്വ അജണ്ട

ആഗോളസാഹചര്യം, വിദ്യാർത്ഥികളുടെ ചലനസ്വാതന്ത്ര്യം എന്നിവ മുൻനിർത്തിയുള്ള മാറ്റം എന്ന അവകാശവാദവുമായി ഇന്ത്യയിൽ നടപ്പിലാക്കുന്ന നാലുവർഷ ബിരുദ പ്രോഗ്രാമിൽ വിഷയവ്യത്യാസമില്ലാതെ എല്ലാവരും നിർബന്ധമായും പഠിച്ചിരിക്കേണ്ട ചില അടിസ്ഥാന കോഴ്‌സുകളുണ്ട്. വാല്യു ആഡഡ് കോഴ്‌സ് എന്ന് വിളിക്കപ്പെടുന്ന ഈ മേഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ ജ്ഞാനപദ്ധതിയെ (IKS - Indian Knowledge system) കസ്തൂരിരംഗൻ കമീഷൻ മുന്നോട്ടുവച്ചത് ഇന്ത്യയുടെ പരമ്പരാഗത വിജ്ഞാനങ്ങൾ, സാങ്കേതികവിദ്യകൾ, ചികിത്സാരീതികൾ, ഗോത്രവർഗങ്ങളുടേതടക്കമുള്ള തദ്ദേശീയ ജ്ഞാനം എന്നിവയാണെങ്കിൽ കേന്ദ്രസർക്കാർ ചെയ്തത് അതിനെ മാറ്റിനിർത്തി പുരാണേതിഹാസങ്ങളും സ്മൃതികളും ഭഗവദ്ഗീതയും പഠിപ്പിക്കാനാണ്. ഓരോ വിദ്യാർത്ഥിയും പഠിക്കാൻ തിരഞ്ഞെടുക്കുന്ന പ്രധാന വിഷയത്തിനും (മേജർ) ഉപവിഷയത്തിനും (മൈനർ) ഒപ്പം നിർബന്ധമായി പഠിക്കേണ്ട ഇത്തരം വിഷയങ്ങൾക്ക് ആവശ്യമായ അധികസമയം ലഭിക്കുന്നതിനുവേണ്ടി കൂടിയാണ് ഘടനാപരമായ ഈ മാറ്റം അനിവാര്യമാകുന്നത്.

ബഹുവൈജ്ഞാനിക സമീപനം (Multi Distipinary Approach), സമഗ്ര വികാസം തുടങ്ങിയ ആധുനികവും ബോധനരീതിശാസ്ത്രപരവുമായ (Pedagogy) ലക്ഷ്യങ്ങളെ മുൻനിർത്തി സമഗ്ര വികാസം എന്നതിനെ ആധ്യാത്മികവും ആത്മീയവുമായ വികസനം എന്ന നിലയിലേക്ക് മാറ്റുകയും മോക്ഷത്തെ ആത്യന്തിക വിദ്യാഭ്യാസലക്ഷ്യമായി അവരോധിക്കുകയും ചെയ്യുന്നു.

ഇന്ത്യൻ ജ്ഞാനസമ്പ്രദായത്തിന്റെ
കേരള ബദൽ

എൻ. ഇ. പി. 2000-വും യു.ജി.സിയും നിർദ്ദേശിച്ച വാല്യൂ ആഡഡ് കോഴ്‌സിലെ നിർബന്ധിത ഘടകമായ ഇന്ത്യൻ നോളജ് സിസ്റ്റം, ഭാഷാ സാഹിത്യ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരുടെ വർക്ക് മോഡിൽ ഉൾപ്പെടുത്തി മനുഷ്യാവകാശം, ഭരണഘടന, ലിംഗസമത്വം തുടങ്ങിയ മൂല്യങ്ങളും കേരളത്തിലെ തദ്ദേശീയമായ വിജ്ഞാനങ്ങളെയും സംസ്‌കാരങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടും മുന്നോട്ടുപോവാനാണ് കേരളത്തിലെ സർവ്വകലാശാലകൾ തീരുമാനിച്ചിരിക്കുന്നത്.

15 ലക്ഷം അധ്യാപകരെ പരിശീലിപ്പിക്കാൻയു.ജി.സി.യുടെ മാളവ്യ മിഷൻപദ്ധതി

ഉന്നത വിദ്യാഭ്യാസമേഖലയിലെ സേവനകാല അധ്യാപക പരിശീലനം ലക്ഷ്യമാക്കി 2014 ഡിസംബർ 25ന് പ്രധാനമന്ത്രി പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ ടീച്ചേഴ്‌സ് ആൻഡ് ടീ ആൻഡ് ടീച്ചിങ് (PMMMNTT) കേന്ദ്രങ്ങൾ ഇന്ത്യയിൽ വിവിധയിടങ്ങളിൽ സ്ഥാപിക്കുകയും പന്ത്രണ്ടാം പദ്ധതിയിൽ 900 കോടി രൂപ ഇതിനായി വിനിയോഗിക്കുകയും ചെയ്തിരുന്നു. പിന്നീട് 2020 മാർച്ച് വരെ പദ്ധതി നീട്ടി. ഈ കേന്ദ്രങ്ങളും ഒപ്പം 2023 സെപ്റ്റംബർ അഞ്ചിന് സേവനകാല അധ്യാപക പരിശീലനത്തിന് യു.ജി.സിയുടെയും കേന്ദ്രമാനവ വിഭവ ശേഷി വകുപ്പിന്റെയും കീഴിലുള്ള വിവിധ സർവകലാശാലകളിൽ പ്രവർത്തിച്ചിരുന്ന എച്ച് ആർ ഡി സി- കളും (ആദ്യം അക്കാദമിക് സ്റ്റാഫ് കോളേജ് എന്നും പിന്നീട് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് സെന്റർ എന്നും വിളിക്കപ്പെട്ടവ) കേന്ദ്ര സർവകലാശാലകളും ഐ.ഐ.ടി.കളും ഐ.ഐ.ടി.കളും എൻ. ഐ. ടി. ആർ. കളും അടക്കം തിരഞ്ഞെടുത്ത 111 കേന്ദ്രങ്ങളെ മാളവ്യാ മിഷൻ പദ്ധതിക്ക് കീഴിൽ ഏകോപിപ്പിച്ച് എം എം ടി ടി സി മാളവ്യാ മിഷൻ ടീച്ചർ ട്രെയിനിങ് സെന്റർ എന്ന് പുനർനാമകരണം ചെയ്താണ് മൂന്നുവർഷം കൊണ്ട് 15 ലക്ഷം അധ്യാപകരെ ദേശീയ വിദ്യാഭ്യാസ നിയമത്തിന്റെ നിർവാഹകരാക്കി മാറ്റാനുള്ള ബൃഹദ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ഓഫ് ലൈനിലും ഓൺലൈനിലും ആയി ഓരോ കേന്ദ്രവും 14 ദിവസത്തെ റിഫ്രഷർ കോഴ്‌സുകൾ, 21 ദിവസത്തെ ഓറിയന്റേഷൻ / ഇൻഡക്ഷൻ കോഴ്‌സുകൾ, ഒരാഴ്ചത്തെ ഹ്രസ്വകാല കോഴ്‌സുകൾ എന്നിങ്ങനെ 36 പരിപാടികളിലായി വർഷം 5750 അധ്യാപകരെ പരിശീലിപ്പിക്കാനാണ് പദ്ധതി ലക്ഷ്യം. 2023 മുതൽ 2026 വരെയുള്ള മൂന്നുവർഷംകൊണ്ട് (111 x 5750 x 3 )കുറഞ്ഞത് 15 ലക്ഷം അധ്യാപകരെ പരിശീലിപ്പിക്കാൻ പദ്ധതി തയ്യാറാക്കുകയും ഇതിനായി യു.ജി.സി.യുടെ കീഴിൽകേന്ദ്രീകൃത സമർപ്പിത പോർട്ടൽ തയ്യാറാക്കുകയും ചെയ്തിരിക്കുന്നു. കോളേജ്- സർവ്വകലാശാല അധ്യാപകർക്ക് അവരുടെ സേവനകാലയളവിൽ ഒരു ഇൻഡക്ഷൻ കോഴ്‌സും നാല് റിഫ്രഷർ കോഴ്‌സും അല്ലെങ്കിൽ തത്തുല്യ ഷോർട്ട് ടൈം കോഴ്‌സുകളും ചെയ്താൽ മാത്രമേ ഒരു ലെവലിൽ നിന്ന് അടുത്ത ലെവലിലേക്ക് തൊഴിൽപരമായ സ്ഥാനക്കയറ്റമുണ്ടാകൂ എന്നതിനാൽ പരിശീലന പരിപാടിയിൽനിന്ന് അധ്യാപകസമൂഹത്തിന് വിട്ടുനിൽക്കാൻ കഴിയില്ല.

ഈ പദ്ധതിയെ പരിചയപ്പെടുത്തി യു.ജി.സി. പുറത്തിറക്കിയ ബ്രോഷർ ഡിസൈനിലെ കാവിനിറം തന്നെ അത് ഉള്ളടങ്ങുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ പ്രത്യക്ഷവും പരസ്യവുമായി വിളംബരം ചെയ്യുന്നതാണ്. ബനാറസ് ഹിന്ദു സർവകലാശാലയുടെ സ്ഥാപകനായ പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയെ ഭാവിഇന്ത്യ പിന്തുടരേണ്ട വിദ്യാഭ്യാസ ദർശനത്തിന്റെ ആചാര്യനായി കണ്ടും പ്രതിഷ്ഠിച്ചും ആണ് ഈ പദ്ധതിക്ക് മാളവ്യമിഷൻ എന്ന് പേരിട്ടത്. ഇന്ത്യൻ മൂല്യങ്ങൾ തുറന്നുകാണിച്ച് അധ്യാപകരുടെ നൈപുണികളും ജ്ഞാനവും നവീകരിച്ചും പഠനവും ബോധനവും ഗവേഷണവും സമൂഹത്തിന്റെ ആവശ്യങ്ങളുമായും എൻ. ഇ. പി. 2020- മായും ബന്ധിപ്പിച്ചും അധ്യാപകരെ മികച്ച ബോധനത്തിനും പഠനത്തിനും ഗവേഷണത്തിനും പ്രാപ്തരാക്കുക എന്ന ദർശനമാണ് പദ്ധതി മുന്നോട്ടുവയ്ക്കുന്നത്.

ഈ പദ്ധതിയെ പരിചയപ്പെടുത്തി യു.ജി.സി. പുറത്തിറക്കിയ ബ്രോഷർ ഡിസൈനിലെ കാവിനിറം തന്നെ അത് ഉള്ളടങ്ങുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ പ്രത്യക്ഷവും പരസ്യവുമായി വിളംബരം ചെയ്യുന്നതാണ്.

ഇന്ത്യൻ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ഉന്നതവിദ്യാഭ്യാസത്തിന്റെ രൂപാന്തരീകരണത്തിനുള്ള ശേഷിയാണ് പരിശീലനത്തിന്റെ പ്രതീക്ഷിതഫലമായി (course out come) വിഭാവനം ചെയ്യുന്നത്. വികസിച്ചുകൊണ്ടിരിക്കുന്ന ഉന്നതവിദ്യാഭ്യാസത്തിന്റെ ഭൂമികയെ അഭിമുഖീകരിക്കാൻ ആഗോള വീക്ഷണത്തോടൊപ്പം ഇന്ത്യൻ കേന്ദ്രീകൃത ധാർമികതയും ആധുനിക സാങ്കേതികവിദ്യയോടൊപ്പം ഭാരതീയമൂല്യങ്ങളും സ്വംശീകരിച്ച ഉന്നത വിദ്യാഭ്യാസ കോളേജ് / സർവ്വകലാശാല അധ്യാപകരെ സജ്ജമാക്കുകയെന്നത് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്.

എൻ. ഇ. പി. മുന്നോട്ട് വെക്കുന്ന 8 പ്രധാന ആശയങ്ങളാണ് പരിശീലന പരിപാടിയുടെ മുഖ്യ ഉള്ളടക്കം. ഇതിൽ ആദ്യത്തേത് ഇന്ത്യൻ ജ്ഞാനവ്യവസ്ഥയാണ്.

ഇന്ത്യൻ ജ്ഞാനവ്യവസ്ഥയിൽ വിനിമയം ചെയ്യുന്ന പരിശീലന ഉള്ളടക്കം:
ഇന്ത്യൻ ജ്ഞാനവ്യവസ്ഥയിലെ പാഠങ്ങൾ - അവയുടെ വർഗ്ഗീകരണം- സ്മൃതി, ശ്രുതി സാഹിത്യ വ്യത്യാസം- പ്രാഥമികവും ദ്വിതീയവുമായ പാഠങ്ങൾ - 14/ 18 വിദ്യാസ്ഥാനങ്ങൾ- തന്ത്രയുക്തി - അനുബന്ധ ചതുഷ്ടയത്തിന്റെ ആമുഖം - പഞ്ചമഹാഭൂതങ്ങൾ, പഞ്ചകോശങ്ങൾ, പഞ്ചപ്രാണങ്ങൾ - അന്തകർണ ചതുഷ്ടയം, ധർമാർത്ഥകാമമോക്ഷങ്ങൾ - വർണം, ജാതി, ലോകം, ദാനം, - ഇതിഹാസം, പുരാണം - പ്രജ, ജനത, ലോകതന്ത്രം, പ്രജാതന്ത്രം, ഗണതന്ത്രം - സ്വരാജ്യം, രാഷ്ട്രം, ദേശം - പൂർവ്വപക്ഷം, നിഗൃഹസ്ഥാനം, തുടങ്ങിയ ആശയങ്ങൾ - പ്രമാണങ്ങൾ എന്നിങ്ങനെ പോകുന്നു.

ബ്രാഹ്മണിക വൈദികവിദ്യാഭ്യാസവും ഹിന്ദുമത ദർശനങ്ങളും ഇന്ത്യൻ വിജ്ഞാനം എന്ന മട്ടിൽ ഏക ശിലാത്മകമാക്കി ഉന്നത വിദ്യാഭ്യാസത്തിന്റെ ഹിന്ദുത്വവൽക്കരണം അനായാസം സാധിച്ചെടുത്തിരിക്കുന്നു. സമഗ്ര വിദ്യാഭ്യാസ ദർശനത്തെ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഭഗവദ്ഗീതയിലും മറ്റുമുള്ള വിദ്യാഭ്യാസം എന്ന പേരിലാണ്. പ്രാചീന ഗുരുകുല സമ്പ്രദായത്തെയും ഗുരു- ശിഷ്യബന്ധത്തിന്റെ ഫ്യൂഡൽ ശ്രേണിയെയും ഗുരുകുല അധ്യാപന പഠനരീതികളെയും ഉദാത്തീകരിച്ചും മാതൃകയാക്കിയുമാണ് പരിശീലന ഉള്ളടക്കം മുന്നോട്ടുപോകുന്നത്. മദൻമോഹൻ മാളവ്യ, അരബിന്ദോ, വിവേകാനന്ദൻ, ടാഗോർ തുടങ്ങി ആത്മീയ -അദ്ധ്യാത്മിക ചിന്തകൾ സമന്വയിപ്പിച്ച ആചാര്യൻമാരെ മാത്രമാണ് വിദ്യാഭ്യാസ ദാർശനികന്മാരായി പരിശീലനം പരിചയപ്പെടുത്തുന്നത്. മാളവ്യ മിഷൻ പോർട്ടലിൽ ഇതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പഠന സാമഗ്രികൾ (പി.ഡി.എഫ്. ഫയലുകൾ) ലഭ്യമാക്കിയിട്ടുണ്ട്. സാർവത്രികവും അനായാസവുമായ ഹൈന്ദവപാഠങ്ങളുടെയും ഇതരപാഠങ്ങളുടെയും ലഭ്യത പദ്ധതി ഉറപ്പുവരുത്തിയിരിക്കുന്നു.

അധ്യാപകർക്ക് താന്താങ്ങളുടെ വിഷയങ്ങളിൽ അറിവിനെ നവീകരിക്കാനും ശാക്തീകരിക്കപ്പെടാനുമുള്ള അവസരങ്ങൾ ഇല്ലാതാകുന്നുവെന്നതിനേക്കാൾ ഹിന്ദുരാഷ്ട്ര നിർമിതിയിലേക്കുള്ള ആസൂത്രിത ഉപകരണമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിവർത്തിപ്പിക്കുന്നതിന്റെ ഫലമായി ഉണ്ടാകാൻ പോകുന്ന സാംസ്‌കാരികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങളുടെ ദുരന്തം ഭാവി ഇന്ത്യയ്ക്ക് ഏറ്റുവാങ്ങേണ്ടിവരില്ലേ എന്നതാണ്.


ഡോ. മുഹമ്മദ് ബഷീർ കെ. കെ.

കൊടുങ്ങല്ലൂർ കെ.കെ.ടി.എം​ ഗവ. കോളേജിലെ മലയാളം വിഭാഗത്തിൽ അസിസ്​റ്റൻറ്​ പ്രൊഫസർ. ഗവേഷണ ജേണലുകളിൽ പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2015 മുതൽ മലയാളവിഭാഗത്തിൽ നിന്ന്​ പ്രസിദ്ധീകരിക്കുന്ന മലയാളപ്പച്ച അർദ്ധവാർഷിക റിസർച്ച് ജേണൽ, KKTM Cognizance വാർഷിക റിസർച്ച് ജേണൽ എന്നിവയുടെ ചീഫ് എഡിറ്റർ. അറബിമലയാളത്തിൽ നിന്ന് മലയാളത്തിലേക്ക് ലിപ്യന്തരണം നടത്തിയ നാലുനോവലുകളുടെ എഡിറ്റർ.

Comments