മലയാളമോ ഇംഗ്ലീഷോ; തർക്കം അവസാനിപ്പിക്കാൻ ഇതാ ഒരു വഴി

മലയാള മാത്രവാദികളും ഇംഗ്‌ളീഷ് മാത്രവാദികളും തമ്മിൽ നിരന്തരം നടക്കുന്ന കലഹങ്ങളും വൈകാരിക വാഗ്വാദങ്ങളുമാണ് ഇതര നാടുകളെ അപേക്ഷിച്ച് കേരളത്തിലെ വിദ്യാഭ്യാസ ഭാഷാനയ രൂപീകരണത്തെ ദുർബലപ്പെടുത്തുന്ന പ്രധാനപ്പെട്ട ഘടകമെന്ന വാദമുന്നയിക്കുകയും അതിന് കേരളീയ പരിസരത്തിൽനിന്നുകൊണ്ട്​ ബഹുഭാഷാ സാധ്യത നിർദേശിക്കുകയുമാണ് ലേഖിക

മാതൃഭാഷ, പഠനമാധ്യമം, ബോധന മാധ്യമം തുടങ്ങിയ സംജ്ഞകളെ അധികരിച്ച് ധാരാളം ചർച്ചകളും തർക്കങ്ങളും നടക്കുന്ന പ്രദേശമാണ് കേരളം. മലയാള മാത്രവാദികളും ഇംഗ്‌ളീഷ് മാത്രവാദികളും തമ്മിൽ നിരന്തരം നടക്കുന്ന കലഹങ്ങൾ ഇതിന് പ്രത്യക്ഷ ഉദാഹരണമാണ്.

ശാസ്ത്രീയ ഗവേഷണത്തിലൂന്നിയ യുക്തിസഹമായ അക്കാദമിക ചർച്ചകളെക്കാൾ, വൈകാരികമായ ഭാഷാഭിനിവേശമാണ് പാരമ്പര്യ വാദങ്ങളുടെ കേന്ദ്രം. അടുത്ത കൂട്ടരാകട്ടെ, അന്ധമായ ഇംഗ്ലീഷ് ആരാധന കൊണ്ട് നേർവിപരീത വാദങ്ങൾ മുന്നോട്ടുവെക്കുന്നു. ഒരിക്കലും കൂട്ടിമുട്ടാത്ത ഈ രണ്ടറ്റങ്ങളുണ്ടാക്കുന്ന വൈകാരിക വാഗ്വാദങ്ങളാണ് ഇതര നാടുകളെ അപേക്ഷിച്ച് കേരളത്തിലെ വിദ്യാഭ്യാസ ഭാഷാനയ രൂപീകരണത്തെ ദുർബലപ്പെടുത്തുന്ന പ്രധാനപ്പെട്ട ഘടകം.

ഭാഷാശുദ്ധി വാദവും ഭാഷാമരണം സംബന്ധിച്ച ഭീഷണിയും, സംസ്‌കാരച്യുതി സംബന്ധിച്ച വേവലാതിയും മാറുന്ന ലോകസാഹചര്യങ്ങളോടുള്ള ഭയവും സർവോപരി ഭാഷ എന്ന വ്യവസ്ഥയെ സംബന്ധിച്ച പരിമിതമായ വീക്ഷണവുമാണ് മലയാളഭാഷാ വക്താക്കളുടെ വാദമുഖങ്ങൾക്ക് മൂർച്ഛയില്ലാതെയാക്കുന്നത്.

അന്ധമായ പാശ്ചാത്യ വിധേയത്വവും ആധുനികതയെ സംബന്ധിച്ച അരാഷ്ട്രീയ കാഴ്ചപ്പാടുകളും ഇടക്കാലത്ത് പൊതുവിദ്യാഭ്യാസ സമ്പ്രദായം നേരിട്ട തകർച്ചയും അതേകാലത്ത് കൂണുപോലെ മുളച്ച ഇംഗ്‌ളീഷ് മീഡിയം സ്‌കൂളുകളോടുള്ള അളവറ്റ അഭിനിവേശവും രണ്ടാം കൂട്ടരുടെ അഭിപ്രായത്തിനെയും വഴിതെറ്റിച്ചു.

അറിവധിഷ്ഠിതവും തെളിവധിഷ്ഠിതവുമായ അഭിപ്രായങ്ങളുടെ അഭാവം തന്നെയാണ് കേരളീയ സംവാദങ്ങളെ ലക്ഷ്യത്തിലെത്താൻ അനുവദിക്കാത്തത്. ഭാഷാപഠനവുമായി ബന്ധപ്പെട്ട് ലോകത്താകമാനം നടക്കുന്ന പുത്തൻ ഗവേഷണങ്ങളുമായി കേരളത്തിലെ ഭാഷാധ്യാപകർക്കുള്ള അറിവകലമാണ് അതിനുള്ള സുപ്രധാന കാരണം. പരിമിതികളെ കുറിച്ചുള്ള ബോധ്യവും ഭാവിയെ സംബന്ധിച്ച കൃത്യമായ കാഴ്ചപ്പാടും ഉണ്ടെങ്കിൽ മാത്രമേ 'കേരളത്തിലെ പഠനമാധ്യമം എന്താകണം, എങ്ങനെയാകണം' എന്നത് സംബന്ധിച്ച തുടർച്ചയായ ചർച്ചകൾക്ക് ഫലപ്രദമായ പരിസമാപ്തിയുണ്ടാവൂ.

വാദങ്ങളിലെ പരിമിതികൾ, പോരായ്മകൾ

വിദ്യാലയങ്ങളിലെ പഠന മാധ്യമം മലയാളമാകണം എന്നതാണല്ലോ മാതൃഭാഷാവാദികളുടെ പ്രധാന ആവശ്യം. അതിനെ സാധൂകരിക്കാനെന്ന വിധം, തങ്ങളുടെ അധ്യയനം മാതൃഭാഷയിൽ നടത്തുന്ന വികസിത ലോകരാഷ്ട്രങ്ങളുടെ, മികച്ച സൂചകങ്ങൾ ഉയർത്തിക്കാട്ടുകയാണ് ഇത്തരം സംഘങ്ങൾ നിലവിൽ ചെയ്യുന്നത്. ചൈന, ജപ്പാൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ പിന്തുടരുന്ന ബോധന ഭാഷാ രീതികൾ ഉയർത്തിക്കാട്ടുകയും തന്മൂലം അവിടെയുണ്ടാകുന്നു എന്ന് കരുതുന്ന മെച്ചങ്ങൾ അതിനോട് കൂട്ടിക്കെട്ടുകയുമാണ് ചെയ്യുന്നത്. അവിടങ്ങളിലെ ഉയർച്ചക്ക് കാരണം മാതൃഭാഷയിൽ അധ്യയനം നടത്തുന്നതാണ് എന്നതാണ് കൂട്ടത്തിലെ ഏറ്റവും ‘ശക്തമായ' വാദം.

ഈ വാദത്തിന്റെ ഏറ്റവും വലിയ പോരായ്മ, കേരളം എന്ന പ്രദേശത്തിന്റെ ചരിത്രവും, ഭൂമിശാസ്ത്രവും തന്നെയാണ്. വികസിത ലോകരാഷ്ട്രങ്ങളോട് ചേർത്തുവെച്ച് വായിക്കാൻ മാത്രം ശേഷിയുള്ള ഒരു ‘രാഷ്ട്രമല്ല' കേരളം. 22ഓളം പ്രത്യക്ഷ ഭാഷകളും എഴുനൂറിലധികം ഭാഷാഭേദങ്ങളും നിലനിൽക്കുന്ന ഇന്ത്യാ രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള ഒരു സംസ്ഥാനം മാത്രമാണ് കേരളം.[1]

തങ്ങളുടെ ദേശത്തിന്റെ പരിധിക്കപ്പുറം മാതൃഭാഷ കൊണ്ട് കാര്യമായ ഗുണഫലങ്ങൾ ഇല്ലാത്ത സംസ്ഥാനം. താരതമ്യപ്പെടുത്തുന്ന മിക്ക രാജ്യങ്ങളുടെയും സാമ്പത്തികാവസ്ഥയെക്കാൾ പിന്നാക്കമുള്ള, സാഹചര്യങ്ങൾ കുറവുള്ള, എന്നാൽ ജനസംഖ്യ കൂടുതലുള്ള ഇടം.
മലയാളം എന്ന ഭാഷക്കുമുണ്ട് ഇതേ പരിമിതി. ഫ്രഞ്ച് പോലെയോ ചൈനീസ് പോലെയോ എന്തിന്, തമിഴ് പോലെയുമോ അല്ല കേരളീയഭാഷയുടെ ചരിത്രവും വ്യാപ്തിയും.

ലോകത്താകമാനം 873 ദശലക്ഷം ആളുകളാണ് ചൈനീസ് തങ്ങളുടെ മാതൃഭാഷയായി കണക്കാക്കുന്നത്. 360 ദശലക്ഷം ആളുകൾ ഇംഗ്‌ളീഷ് അവരുടെ ഒന്നാം ഭാഷയായി സംസാരിക്കുമ്പോൾ, 22 രാജ്യങ്ങളിലായി 275 ദശലക്ഷം ആളുകൾ ഫ്രഞ്ച് സംസാരിക്കുന്നു.[2] 37 ദശലക്ഷം ആളുകൾ മാത്രം സംസാരിക്കുന്ന മലയാളത്തെ മേൽ സൂചിപ്പിച്ച ഭാഷകളോട് താരതമ്യപ്പെടുത്തി സംസാരിക്കുന്നത്തിലെ അബദ്ധം ഇതിൽ നിന്ന് വ്യക്തമാണ്. ഇന്ത്യക്കുള്ളിലെ അവസ്ഥ പരിശോധിച്ചാൽ, മലയാളം ഏറ്റുമുട്ടുന്നത് തമിഴിനോടാണ് എന്ന് കാണാം.

മൂലരൂപത്തിൽ നിന്ന് ഏറെ അകലെ പോകാതെ ഇപ്പോഴും നിലനിൽക്കുന്ന ദ്രാവിഡ വഴിയാണ് തമിഴിന്റേത്. മലയാളഭാഷയെ അപേക്ഷിച്ച് ഏറെ പ്രായമുള്ള, മലയാളത്തിന്റെ മാതൃത്വത്തിൽ സംശയാതീതമായ അവകാശമുന്നയിക്കുന്ന തമിഴിനോട് മലയാളികളുടെ ഭാഷാസ്‌നേഹത്തെ സമീകരിക്കുന്നത് വീണ്ടും അബദ്ധം തന്നെ. തന്നെയുമല്ല പഠനമാധ്യമം മാതൃഭാഷയാക്കി എന്നതുകൊണ്ട് അവിടങ്ങളിൽ മെച്ചപ്പെട്ടു എന്ന് നമ്മൾ വാദിക്കുന്ന മിക്കവാറും എല്ലാ സൂചകങ്ങളും ഊഹാധിഷ്ഠിത പരസ്പര ബന്ധങ്ങൾ (ഹൈപോതെറ്റിക്കൽ കോറിലേഷൻ) മാത്രമാണ്. അശാസ്ത്രീയമായ ഈ വാദങ്ങൾ തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്നു എന്നതിൽ കവിഞ്ഞ് യാതൊരുപകാരവും ചെയ്യുന്നുമില്ല.

മേൽ രാഷ്ട്രങ്ങൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പഠന സൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യുമ്പോൾ, വിദ്യാർത്ഥികളായും ഉദ്യോഗാർത്ഥികളായും അവസരാന്വേഷികളായി അലയുന്നവരാണ് കേരളീയർ. ഇങ്ങനെയും പരാശ്രയത്വത്തിൽ ജീവിക്കുന്ന ഒരു ജനതക്ക് ഭാഷയുടെ മേലുള്ള അമിതാവേശം കൊണ്ട് പ്രായോഗികമായ യാതൊരുവിധ പുരോഗതിയും സാധ്യമാകുന്നില്ല.

‘മാതൃഭാഷയിൽ പഠനം' എന്ന വാദത്തിന് കേരളത്തിനുള്ളിൽ പ്രായോഗികമായി ധാരാളം പോരായ്മകളും പ്രതിസന്ധികളുമുണ്ട്. എന്താണ് മാതൃഭാഷ എന്നും ആരുടേതാണ് മാതൃഭാഷ എന്നും വ്യക്തമാക്കൽ തന്നെയാണ് പ്രധാന വെല്ലുവിളി. മാതൃഭാഷാ വിവേചനം (linguicism) എന്ന പദം ആദ്യമായി ഉപയോഗിച്ച ഫിന്നിഷ് ഭാഷാ ശാസ്ത്രജ്ഞ സ്‌കറ്റ്‌നബ് കാംഗ്സ് മാതൃഭാഷയെ വിശദീകരിക്കാൻ നാല് വീക്ഷണങ്ങളാണ് മുന്നോട്ട് വെച്ചത്[3].

ജന്മ ഭാഷ: ആദ്യം ആർജിക്കുന്ന ഭാഷയേത് എന്ന പരിഗണന.
നൈപുണ്യം: ഭാഷകയ്ക്ക് കൂടുതൽ നന്നായി അറിയുന്ന ഭാഷ.
പ്രാവർത്തികം: പ്രായോഗിക ആവശ്യങ്ങൾക്കായി ഭാഷക കൂടുതൽ ഉപയോഗിക്കുന്ന ഭാഷയേത് എന്ന വിലയിരുത്തൽ.
സ്വത്വം: മറ്റുള്ളവരോടുള്ള സഹവർത്തിത്തമോ വിയോജിപ്പോ തിരിച്ചറിയുന്നതിനായി ഭാഷക ഉപയോഗിക്കുന്ന ഭാഷ.

ഈ വിധം മാതൃഭാഷാ നിർണയത്തിന് ഒന്നിലധികം ഘടകങ്ങൾ പരിഗണിക്കുമ്പോൾ ഒന്നിലധികം മാതൃഭാഷയുള്ളവർ ഉണ്ടായി എന്നും വരാം. മറ്റൊരു വിഷയം തദ്ദേശീയ ഭാഷകൾക്കുള്ള പരിഗണനയാണ്. ആദിവാസി ജനവിഭാഗത്തിന്റെയും മറ്റുമായി പന്ത്രണ്ടിലധികം അനൗദ്യോഗിക ഭാഷകളും മൂന്നു ശതമാനത്തോളം തമിഴ് സംസാരിക്കുന്ന ആളുകളും കൂടി ഉൾപ്പെടുന്നതാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങൾ.

ഇതിൽ ആരുടെ മാതൃഭാഷയാണ് പഠന മാധ്യമം? ഏതു ഭാഷയാണ് ഒന്നാം ഭാഷ? ‘സൗജന്യവും സർവത്രികവുമായ വിദ്യാഭ്യാസം' എന്ന സങ്കൽപത്തെ തുടക്കത്തിൽ തന്നെ വെല്ലുവിളിക്കുന്ന ഒരു ദൗത്യമായിരിക്കും ഈ ചോദ്യത്തിനുള്ള മറുപടി. മലയാളേതര ഭാഷ സംസാരിക്കുന്ന ഈ സമൂഹങ്ങളും കേരളത്തിന്റെ ഭാഗമാണ് എന്നിരിക്കെ, പദ്ധതികളുടെ പ്രായോഗിക നടത്തിപ്പെത്തുമ്പോൾ പൊതുവായ ഒരു ഭാഷ തിരഞ്ഞെടുക്കാൻ വ്യവസ്ഥ നിർബന്ധിക്കപ്പെടുന്നു.

മലയാളത്തിന്റെ തിരഞ്ഞെടുപ്പ്, ന്യൂനപക്ഷ ഭാഷകളുടെ അരികുവൽകരണമായി പരിണമിക്കുന്നു. അങ്ങനെ, കേരളത്തിനുള്ളിൽ തന്നെയുള്ള ഭാഷാ വൈവിധ്യത്തെ മലയാളം കൊണ്ട് നാം മറച്ചു വെക്കുന്നു മൂന്നാം ലോക രാജ്യങ്ങളിലെ ഭാഷകളെ ഇംഗ്ലീഷ് എങ്ങനെ ഇല്ലായ്മ ചെയ്തു എന്ന് നാം വാദിക്കുന്നുവോ അതിന്റെ മറ്റൊരു രൂപം മാത്രമാണ് ഇവിടെയും സംഭവിക്കുന്നത്.

കൊളോണിയൽ ഭരണത്തോടുള്ള പ്രതിഷേധ സൂചകമായിട്ടാണ് ഇംഗ്ലീഷ് ഭാഷ ബോധനമാധ്യമമാകുന്നതിനെ പലരും തടയുന്നത്. എന്നാൽ ഇംഗ്ലണ്ടിന്റെ ചരിത്രം പറയുന്നത്, മലയാളം പോലെ തന്നെയോ അതിനേക്കാളധികമോ അധിനിവേശശക്തികളുടെ പല കാലങ്ങളിലുള്ള കയറ്റിറക്കങ്ങളിലൂടെ കൊണ്ടും കൊടുത്തും വികസിച്ച ഭാഷയാണ് ഇംഗ്ലീഷ് എന്നാണ്.

കച്ചവടങ്ങളും ലോക യാത്രകളും പിടിച്ചടക്കലും സംഭവിക്കുന്നതിനുമുൻപ് തന്നെ ആ പ്രദേശത്തെയും അവരുടെ സംസ്‌കാരത്തെയും ഭാഷയെയും പലവിധ ദേശങ്ങൾ കടന്നാക്രമിച്ചിരുന്നു. അവരിൽ നിന്നെല്ലാം ഉൾക്കൊണ്ടുയിർത്തെഴുന്നേ്റ്റ ഭാഷയാണ് ആംഗലേയം [4]. അങ്ങനെ വികസിച്ചു വന്ന ഒരു ഭാഷക്ക് ഇന്ന് ആഗോള ഭാഷ എന്ന പദവി ഉണ്ടെങ്കിൽ, ആ ഭാഷയിലെ അറിവിനും അധ്യയനത്തിനും അവസരങ്ങളും സാദ്ധ്യതകളും നിലനിൽക്കുന്നുവെങ്കിൽ, മാതൃഭാഷയിൽ വിദ്യാഭ്യാസം എന്ന ആശയത്തിനൊപ്പം തന്നെ മുഖവിലക്കെടുക്കേണ്ട ഘടകമാകും ‘ആഗോള ഭാഷയിലെ സാക്ഷരതയും'.

പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസമാകെയും ഇംഗ്‌ളീഷിലായിരിക്കുന്ന കേരളീയ സാഹചര്യത്തിൽ ഭാവിയെ അതിജീവിക്കുക എന്ന അടിസ്ഥാന ലക്ഷ്യമാണ് പ്രാഥമികമായി വിദ്യാഭ്യാസം നിറവേറ്റേണ്ടതെങ്കിൽ, ഇംഗ്‌ളീഷ് ഭാഷയെ നിർബന്ധമായും കൂട്ടിപ്പിടിക്കുക എന്നത് മാത്രമാണ് മാർഗം. മറ്റൊരു പഠന വിഷയം എന്ന മട്ടിൽ പഠിക്കുകയല്ല, മറിച്ച് മറ്റൊരു ഭാഷ എന്ന നിലയിൽ പരിശീലിക്കലാണ് അവിടെ ആവശ്യം.

എന്നാൽ, ബോധന മാധ്യമം ഇംഗ്‌ളീഷ് തന്നെയാകണം എന്ന് തീർത്തു വാദിക്കുന്ന കൂട്ടർക്കും ഇത്രതന്നെ പ്രശ്‌നങ്ങളുണ്ട്. മാതൃഭാഷാ സംരക്ഷണ സംഘങ്ങളുന്നയിക്കുന്ന വിമർശനങ്ങളെ സാധൂകരിക്കും വിധം ഇംഗ്‌ളീഷ് മാത്രവാദികളുടെ ആവശ്യങ്ങൾ പലതും പ്രായോഗികമല്ല. മലയാള ഭാഷയോടുള്ള വിവേചനപരമായ സമീപനവും ക്ലാസ്​മുറിയിൽ മലയാളം സംസാരിക്കുമ്പോൾ ഫൈനടക്കേണ്ടി വരുന്ന സാഹചര്യങ്ങളും ഇതിനുദാഹരണമാണ്. വിദ്യാർത്ഥികളുടെ ഒന്നാം ഭാഷ, വിദേശ ഭാഷയായ ഇംഗ്‌ളീഷ് ആകണം എന്ന സ്വപ്നം അൽപത്തിലധികം അബദ്ധമാണ്. ഒന്നാം ഭാഷയിലെ വൈദഗ്ധ്യമില്ലായ്മ രണ്ടാം ഭാഷാ പഠനത്തെ സാരമായി ബാധിക്കും എന്ന തിരിച്ചറിവ് അവിടെയുണ്ടാകണം.

വിവർത്തനത്തിന്റെ പരിമിതികൾ

അക്കാദമിക് ഉള്ളടക്കവും പാഠപുസ്തകങ്ങളും എഴുതിച്ചേർത്ത് മലയാള ഭാഷയെ സമ്പന്നമാക്കാമെന്നു ധരിക്കുന്ന ഒരു വിഭാഗമിപ്പോഴും നിലവിലുണ്ട്. ലോകത്തുള്ള എല്ലാ അറിവുകളും ഉൾക്കൊള്ളാൻ തക്ക പ്രാപ്തിയുള്ളതാണ് മലയാള ഭാഷയെന്നും അതുകൊണ്ടുതന്നെ എല്ലാ അറിവുകളെയും മലയാള ഭാഷയിലേക്ക് തർജ്ജമപ്പെടുത്തണമെന്നുമുള്ള ആവശ്യം ഉടലെടുക്കുന്നത് അവരുടെ അയുക്തിയിൽ നിന്നാണ്. തൽഫലമായി, സംസ്‌കൃത പ്രസരണം ഉള്ള അനേകം വിവർത്തന വാക്കുകൾ ശാസ്ത്ര വിഷയങ്ങൾക്ക് കണ്ടെത്തി പാഠപുസ്തകങ്ങളിൽ ഉപയോഗിച്ചിരിക്കുന്നതായി കാണാം.

ജനറേറ്റർ എന്ന വസ്തുവിനെ മലയാളീകരിച്ചു ജനിത്രമാക്കുന്നതും, susceptibility മലയാളമാകുമ്പോൾ വരഗതയാകുന്നതും ഇങ്ങനെയാകാം. വിവർത്തനം വിനയായി തീരുന്ന മട്ടിൽ വിനിമയം നടക്കാത്തത് മൂലം ആശയങ്ങൾ അവ്യക്തമായി തുടരുകയാണ് ഇതുമൂലം സംഭവിക്കുന്നത്.

മലയാളത്തിലേക്കുള്ള വിവർത്തനത്തിന്റെ മറ്റൊരു പ്രശ്‌നം, ലക്ഷ്യഭാഷയായ മലയാളത്തിന്റെ സാംസ്‌കാരിക പശ്ചാത്തലമാണ്. സയൻസ് എന്ന വാക്കുതന്നെ ഉദാഹരണമായി കണക്കാക്കാം. പുതുതായി ഒരു പദം നിർമിക്കുന്നതിനുപകരം മുൻപേ നിലനിന്ന ശാസ്ത്രം എന്ന വാക്കാണ് മലയാളത്തിൽനിന്ന് പകരം വെച്ചത്. എന്നാൽ ‘ശാസ്ത്രം' കേരളത്തിന്റെ സാംസ്‌കാരിക പശ്ചാത്തലത്തിൽ ഒരുപാട് മുമ്പേ ‘ശാസിക്കപ്പെട്ടത്' എന്ന അർഥത്തിൽ ഉപയോഗിച്ചിരുന്നതാണ്. സയൻസ് എന്ന ആധുനിക വാക്കിന്റെ അന്തഃസത്തയെ ആകമാനം ചോദ്യം ചെയ്യുന്നതായിരുന്നു ഇവിടെ നിലനിന്ന ശാസ്ത്രം എന്ന പദം. തന്മൂലം ഗൗളി ശാസ്ത്രത്തെയും ജ്യോതിശാസ്ത്രത്തെയും സഹോദര സ്ഥാനത്ത് കാണുന്ന ശാസ്ത്ര വിദ്യാർത്ഥികളെ നാം സൃഷ്ടിച്ചു.

ഇംഗ്ലീഷ് സാങ്കേതിക പദങ്ങൾ കുട്ടികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ എന്ന രൂപേണ എഴുതിയുണ്ടാക്കുന്ന ഇത്തരം സംസ്‌കൃത വിവർത്തനങ്ങൾ കാര്യങ്ങളെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കുകയും സങ്കീർണമാക്കുകയുമാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്. ഇതിനു പകരമായി പുതിയൊരു വാക്ക് ഉണ്ടാക്കുകയാണ് ചെയ്തിരുന്നതെങ്കിലും മറിച്ചൊന്നും സംഭവിക്കാനില്ല എന്നും മനസ്സിലാക്കേണ്ടതാണ്.

അറിവുകളെ ഭാഷയിൽ കോഡ് ചെയ്യുക എന്നതിൽ കവിഞ്ഞുള്ള യാതൊരു പ്രസക്തിയും ഈ വിവർത്തന പ്രക്രിയയിലില്ല. ചൈനക്കാർ പുതിയ അറിവുകളെ അവരുടെ ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നതിലുള്ള യുക്തി ആ ഭാഷ മറ്റൊരു ലോകഭാഷയുടെ സാദ്ധ്യതകൾ നിലനിൽക്കുന്ന വിശാലമായ ഒന്നാണ് എന്നുള്ളതാണെങ്കിൽ, മലയാളത്തിലേക്കുള്ള വിവർത്തനം അത്തരമൊരു സാധ്യത നൽകുന്നില്ല.

പരിമിതമായി മാത്രം ഉപയോഗത്തിൽ വരുന്ന, ദൈനംദിന ജീവിതത്തിലോ അക്കാദമികാവസരങ്ങളിൽ തന്നെയുമോ തീർത്തും അപൂർവമായി കടന്നു വരുന്ന ഒരു വ്യവഹാരം മാത്രമായിരിക്കും അത്. ആ ഉദ്യമത്തിന് ചെലവഴിക്കുന്ന സമയത്തിന്റെയും ശ്രമത്തിന്റെയും ഫലം മലയാള ഭാഷയെ സംബന്ധിച്ച് അതിന്റെ ഉൽപന്നത്തിലുണ്ടായി എന്ന് വരില്ല.

അറിവുകളെ മാതൃഭാഷയിലെത്തിക്കുക എന്നത് അത്യന്താപേക്ഷിതവും അഭിനന്ദനാർഹവുമായ ഒരു കർത്തവ്യം തന്നെയാണ്. എന്നാൽ ഈ ഭാഷാപോഷണത്തെ കുട്ടികളുടെ പഠനത്തോട് കൂട്ടിക്കെട്ടുന്ന ഇടത്ത് നമുക്ക് പിഴയ്ക്കുന്നു. ഒരുവശത്ത് ഭാഷയിലേക്ക് അറിവുകളെ എത്തിക്കുക സാധ്യമാക്കുമ്പോൾ തന്നെ, സാഹചര്യങ്ങളുടെ ആവശ്യം കണക്കിലെടുത്ത് നീങ്ങണം. അങ്ങനെ വരുമ്പോൾ, ലോകത്തിലെ എല്ലാ അറിവിനെയും മലയാളത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിൽ കവിഞ്ഞ് മലയാളത്തെ ലോകത്തിലേക്കു വളർത്തുക എന്ന എതിർദിശയാകും നിർമണാത്മകം. ലോകത്തിന്റെ ഏതു കോണിലുമുണ്ടാകുന്ന ഏതു വിധം അറിവിനെയും അവിടേക്കെത്തി മനസിലാക്കാനും സ്വാംശീകരിക്കാനും കഴിയുന്ന വിധത്തിലേക്ക് ലോകത്തിലേക്കു വികസിക്കുകയാണ് മലയാളികൾ ചെയ്യേണ്ടത്.

അധ്യയന ഭാഷ- പ്രായോഗിക വഴി

ക്ലാസ്​മുറിയിൽ അധ്യയനം നടക്കേണ്ടത് മലയാളത്തിലാണ് എന്ന അന്ധമായ വാദത്തിനുള്ള ന്യായങ്ങൾ കേവലം സാമാന്യ ബോധത്തിന്റേതാണ്. ‘നന്നായി അറിയുന്ന ഭാഷയിൽ ആശയങ്ങൾ കൈമാറിയാൽ മാത്രമേ കുട്ടിക്ക് പാഠഭാഗം മനസിലാകൂ' എന്ന് പറയാൻ അടിസ്ഥാന ബോധം മാത്രം മതിയാകും. അത് ശക്തമായ ഒരു വാദമല്ല. വൈകി മാത്രം പരിചിതമായ; ക്ലാസ്​മുറിയിലല്ലാതെ തീർത്തും ഉപയോഗശൂന്യമായ ഒരു ഭാഷയിൽ പഠിക്കാൻ കുട്ടികൾ ബുദ്ധിമുട്ടുന്നു എന്ന് പറയുന്നതും സ്വാഭാവിക വാദമാണ്.

വൈകാരികമായ പക്ഷപാതിത്വത്തിൽ, മുൻവിധിയോടെ പഠനങ്ങളെ സമീപിക്കുമ്പോൾ, പരികൽപനയെ തെളിയിക്കുക എന്ന ബാധ്യതയാണ് പ്രവർത്തിക്കുന്നത്. അപ്പോൾ മറ്റു സാധ്യതകളെ തള്ളിക്കളയാനും ഭാഷാ പഠനം സംബന്ധിച്ച ഒറ്റ ശരിയിൽ കാര്യങ്ങളെ കെട്ടിയിടാനും ശ്രമങ്ങൾ നടക്കും.
അവിടെയാണ് മാതൃഭാഷയിൽ മാത്രം എല്ലാ വിഷയങ്ങളും പഠിക്കുന്ന കുട്ടികളെക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ മറ്റൊരു കൂട്ടർക്കാകുന്നൂ എന്ന കണ്ടെത്തലിന്റെ പ്രസക്തി.

ലോകമാകമാനം ഇന്ന് പരീക്ഷണങ്ങൾ നടക്കുന്ന ബൈ ലിംഗ്വൽ പഠന രീതിയാണ് മെച്ചപ്പെട്ട ഫലം നൽകുന്നത്.[5] മാതൃഭാഷയിൽ മാത്രം പഠിച്ചുവന്ന കുട്ടികളെക്കാൾ മികച്ച പ്രകടനമാണ് മാതൃഭാഷയിലൂന്നിയ ബൈലിംഗ്വൽ ക്ലാസ്റൂമിലെ കുട്ടികൾ കാഴ്ചവെച്ചത് എന്നത് ശ്രദ്ധേയമായ ഒരു കണ്ടെത്തലാണ്. പഠിതാവിനെ കേന്ദ്രീകരിച്ച് പ്രവർത്തനാധിഷ്ഠിതമായി പുരോഗമിക്കുന്ന ബഹുഭാഷാ സമീപനമാണ് മൽട്ടി ലിംഗ്വൽ പഠനത്തിന്റേത്.

ചെറിയ പ്രായത്തിൽ മാതൃഭാഷാ പഠനത്തിൽ ആരംഭിക്കുകയും; ക്രമേണ മാതൃഭാഷയിൽ ഊന്നി നിന്ന്, അതുവരെ വികസിച്ച കുട്ടിയുടെ ധാരണകളെ പ്രയോജനപ്പെടുത്തി ഒന്നോ അതിലധികമോ ആയ പുതിയ ഭാഷകളെ കൃത്യമായ ഘടനാപരമായ മുന്നൊരുക്കങ്ങളോടെ പ്രാപ്തരാക്കുകയും ചെയ്യുന്ന രീതിയാണ് ഈ ഭാഷാ പഠനത്തിന്. കുറഞ്ഞത്, ആറു വർഷത്തോളം കുട്ടി നിരന്തരം ഇടപെടുന്ന ഒന്നാം ഭാഷ അവരുടെ മാതൃഭാഷയാകുകയും, പിന്നീട് രണ്ടാം ഭാഷയോ മൂന്നാം ഭാഷയോ സാവധാനത്തിൽ, തുടർച്ചയായി വികസിക്കുകയും ചെയ്യുന്നു.

ഭാഷാ പഠനത്തെ സംബന്ധിച്ച അന്ധവിശ്വാസങ്ങളിൽ പ്രധാനപ്പെട്ട പലതിനെയും ഈ കണ്ടെത്തൽ നിരാകരിച്ചു. ഒന്നിലധികം ഭാഷയിലെ ക്ലാസന്തരീക്ഷം കുട്ടിയുടെ ബൗദ്ധിക നിലവാരത്തെയും ആശയവ്യക്തത്തെയും പഠനത്തെയും മോശമായി ബാധിക്കും എന്ന് കരുതിയ സ്ഥാനത്തിന്ന്, ഒന്നിലധികം ഭാഷയുടെ പഠനം കുട്ടിയുടെ ധാരണാശേഷിയെ വർധിപ്പിക്കും എന്ന മട്ടിലേക്കു തിരുത്തപ്പെട്ടു.[6]

മോണോ ലിംഗ്വൽ വ്യക്തികളെ അപേക്ഷിച്ച് ബൈലിംഗ്വലോ മൾട്ടി ലിംഗ്വലോ ആയ വ്യക്തികൾ പ്രശ്‌ന പരിഹാരം, ഏകാഗ്രതാ നിയന്ത്രണം, പരിമിതികളുടെ അതിജീവനം, കൃത്യ നിർവഹണം തുടങ്ങിയ കോഗ്‌നിറ്റീവ് ശേഷികളിൽ കൂടുതൽ വൈദഗ്ദ്യം കാണിക്കുന്നു എന്ന് പഠനങ്ങൾ തെളിവിലൂടെ സമർത്ഥിക്കുന്നു. ഭാഷാ പഠനം വഴി വിഷയ പഠനവും ആശയങ്ങളും എളുപ്പമാക്കുക എന്നതിലുപരിയായി, പുതിയ ഭാഷകളുടെ പഠനം ബോധാവബോധങ്ങളെ മെച്ചപ്പെടുത്തുന്നു എന്നുള്ളത് പുരോഗമനാത്മകമായ ഒരു കണ്ടെത്തലാണ്. സ്‌കൂളുകളിൽ പഠനം മൾട്ടിലിംഗ്വൽ രീതിയിലാക്കിയാലുള്ള അധികാനുകൂല്യമാണ് അത്.

ബഹുഭാഷാപഠനം- എങ്ങനെ, എപ്പോൾ

അടിസ്ഥാന വിദ്യാഭ്യാസ കാലത്തിൽ തന്നെ മൾട്ടിലിംഗ്വൽ സാധ്യത പരിശീലിക്കേണ്ടത് മറ്റൊരനിവാര്യതയാണ്. മുതിർന്നവരുടേതിൽ നിന്ന് വ്യത്യസ്തമായി പുതിയ ഭാഷ പഠിക്കാനുള്ള ശേഷി കുട്ടികളുടെ തലച്ചോറിന് കൂടുതലാണ്.[7]

ജനനം മുതൽ ഏതാണ്ട് പന്ത്രണ്ട് വയസു വരെയും തലച്ചോറിലെ ന്യൂറോണുകൾ തമ്മിൽ കൂടിച്ചേർന്ന് പുതിയ കണ്ണികൾ ഉണ്ടാകാനുള്ള സാധ്യതയാണ് മനുഷ്യ മസ്തിഷ്‌കത്തിന്റെ പ്രത്യേകത. ന്യൂറോ പ്ലാസ്റ്റിസിറ്റി എന്ന പേരിൽ പറയപ്പെടുന്ന ഈ ശേഷി മൂലം പുതിയ ഭാഷയുമായി സമ്പർക്കമുണ്ടാകുകയോ പുതിയ വാക്കുകൾ കേൾക്കുകയോ ചെയ്യുമ്പോൾ പുതിയ നാഡീബന്ധങ്ങൾ സംയുക്തങ്ങളായി തലച്ചോറിൽ രൂപ്പപ്പെടുന്നു.

പിന്നീട് ഇതേ സന്ദർഭങ്ങൾ ആവർത്തിക്കുമ്പോൾ രൂപീകരിക്കപ്പെട്ട നാഡീസംയുക്തങ്ങൾ ഉറയ്ക്കുകയും ആ ഭാഷ അറിവിന്റെ, ഓർമ്മയുടെ ഭാഗമാവുകയും ചെയ്യുന്നു.[8] മനുഷ്യ ജീവിതത്തിന്റെ ആദ്യ ഘട്ടത്തെ സംബന്ധിച്ചിടത്തോളം തെളിച്ചമുള്ള സങ്കീർണമല്ലാത്ത അവയവമാണ് തലച്ചോർ. അതുകൊണ്ടുതന്നെ ഒന്നിലധികം ഭാഷകൾ ഒരേ സമയം പരിചയിക്കുന്നത് തലച്ചോറിനെ സംബന്ധിച്ച് ആദ്യഘട്ടത്തിൽ ആയാസരഹിതമായ പ്രവർത്തിയാണ്.

എന്നാൽ കാലം കഴിയുംതോറും ന്യൂറോ പ്ലാസ്റ്റിസിറ്റി എന്ന ശേഷി കുറയുകയും, അത് വരെ രൂപപ്പെട്ട അറിവുകളുടെ നാഡീസംയുക്തങ്ങൾ ഉറയ്ക്കുന്നതല്ലാതെ പുതിയത് ഉൾക്കൊള്ളാനും പഠിയ്ക്കാനുമുള്ള കഴിവ് സാരമായി കുറയുകയും ചെയ്യുന്നു.

ഇതൊക്കെക്കൊണ്ടുതന്നെ വീടിന്റെ അന്തരീക്ഷത്തിലോ പ്രീ-സ്‌കൂളിങ് കാലത്തിലോ, ചുരുങ്ങിയത് പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആദ്യകാലം മുതലോ എങ്കിലും ഒരു രണ്ടാം ഭാഷയുടെ സാധ്യത അന്വേഷിക്കൽ അനിവാര്യമാണ്. കേരളീയരെ സംബന്ധിച്ച് പഠനം കൊണ്ട് പ്രയോജനമുണ്ടാകുന്ന രണ്ടാം ഭാഷ ഇംഗ്‌ളീഷ് തന്നെയാണ്.

ഇംഗ്ലീഷ് അല്ലാതെ മറ്റൊരു ഭാഷയാണ് ഇങ്ങനെ ഉയിർത്തിരുന്നത് എങ്കിൽ അതു പഠിക്കുക എന്നത് തന്നെയാകും പ്രായോഗിക വഴി. ചരിത്രത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിൽ കൊളോണിയൽ അധിനിവേശം സംഭവിക്കുകയും ഇംഗ്ലീഷ് ആഗോളമായി വ്യാപിക്കുകയും ചെയ്തു എന്നത് അനിഷേധ്യമായ യാഥാർത്ഥ്യം തന്നെയാണ്. അതുൾക്കൊള്ളാതെ ഭാഷാസ്‌നേഹം ഉയർത്തുന്നത് വരും കാലത്തിനി നിരർത്ഥകമാണ്. യാഥാർഥ്യത്തെ ഉൾക്കൊണ്ട് പഠനം സാധ്യമാക്കുകയും മലയാളത്തിന്റെയോ മറ്റു മാതൃഭാഷയുടെയോ അടിസ്ഥാനം മുൻനിർത്തി ഇംഗ്‌ളീഷ് പഠനം നടത്തുകയോ ചെയ്യുക എന്നതാണ് വഴി.

മാതൃഭാഷയിലൂന്നിയ ബൈലിംഗ്വൽ പഠനത്തിന്റെ ആഗോള ഉദാഹരണങ്ങളിൽ ഒന്നാണ് മോങ് ഡ്യുവൽ ഇമ്മേർഷ്യൻ പ്രോഗ്രാം. വടക്കൻ ചൈനയിലെ തദ്ദേശീയ വിഭാഗമാണ് മോംഗുകൾ. വിയറ്റ്നാം യുദ്ധത്തോടനുബന്ധിച്ച് ചൈന വിട്ട് അമേരിക്കയിലേക്ക് കുടിയേറിയ ഈ വിഭാഗത്തിലെ മൂന്നു ലക്ഷത്തോളം ആളുകൾ ഇന്ന് അമേരിക്കയിലുണ്ട്. കാലഹരണപ്പെടുന്ന അവരുടെ ഭാഷയെയും ഭാഷയിൽ കരുതിവെച്ച അറിവുകളെയും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് മോംഗ് ഡ്യുവൽ ഇമ്മ്യേർഷൻ പ്രോഗ്രാം. മോംഗ് ഭാഷയിൽ ഊന്നി നിന്ന് ഇംഗ്‌ളീഷ് പഠിക്കുക വഴി അവരുടെ മാതൃഭാഷയിൽ കൃത്യമായ അടിസ്ഥാനവും അതിജീവനത്തിനാവശ്യമായ ഇംഗ്‌ളീഷിൽ പ്രാവീണ്യവും നേടാൻ കുട്ടികൾക്ക് കഴിയുന്നു.[9] മോംഗ് അടക്കമുള്ള അനേകം തദ്ദേശീയ, ഗോത്രീയ ഭാഷകൾക്ക് പിൻപറ്റാൻ കഴിയുന്ന ക്രിയാത്മകവും നൈതികവുമായ വഴിയാണ് ഇത്തരം രീതി.

കേരളത്തിലെ സമകാലിക ഉദാഹരണമായ റോഷിനി പദ്ധതി ഇമ്മ്യേർഷൻ സാധ്യതയുടെ മറ്റൊരു മുഖമാണ്.[10] എറണാകുളം ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ മക്കൾക്കുവേണ്ടി ജയശ്രീ കുളക്കുന്നത് എന്ന അധ്യാപികയുടെ നേതൃത്വത്തിൽ, ചോംസ്‌കിയൻ ഭാഷാ ശാസ്ത്രജ്ഞൻ ഡോ. കെ. എൻ ആനന്ദന്റെ ഉപദേശവഴിയിലൂടെ പുരോഗമിക്കുന്ന ജില്ലാഭരണകൂടത്തിന്റെ വിദ്യാഭ്യാസ പദ്ധതിയാണ് റോഷിനി.

ഹിന്ദി, മറാത്തി, തമിഴ്, കന്നഡ, മാർവാടി, മറാത്തി തുടങ്ങി പല തരം ഭാഷാപരിസരത്തു നിന്ന് വരുന്ന കുട്ടികൾ, വളരെ ചെറുപ്പത്തിൽ സ്വന്തം ദേശം വിട്ടുപോന്നവരാകയാൽ പ്രതീക്ഷിത മാതൃഭാഷയിലോ, മലയാളത്തിലോ വേണ്ടത്ര പ്രാവീണ്യമില്ലാത്ത കുട്ടികൾ. കൃത്യമായ ഇടപെടലിലൂടെ, വ്യക്തമായ മൊഡ്യൂളുകളിലൂടെ ബഹുഭാഷിയോ ദ്വിഭാഷികളോ ആയ വിദ്യാഭ്യാസ സേവകരുടെ സഹായത്തിൽ, അവരെ മലയാളം എന്ന ബോധന മാധ്യമത്തിലേക്ക് എത്തിക്കുകയാണ് ഈ പദ്ധതി ചെയ്തത്.

ഇങ്ങനെ മാതൃഭാഷയിൽ തുടങ്ങി ക്രമേണ രണ്ടാം ഭാഷയിലേക്കു വികസിക്കുന്ന; പതിയെ രണ്ടാം ഭാഷയുടെ വൈദഗ്ദ്യം കരസ്ഥമാക്കുന്ന ലാംഗ്വേജ് ഇമ്മേർഷ്യൻ പ്രോഗ്രാമുകൾ ലോകമാകമാനം വ്യാപകമായി പരിശീലിക്കുന്നുണ്ട്. അധ്യാപകരിൽ നിന്ന് കൂടുതൽ ക്ഷമയും പരിശ്രമവും ആവശ്യപ്പെടുന്ന ഈ പഠനരീതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കാൻ കേരളത്തിൽ സാധ്യവുമാണ്. ഒന്നാം ഭാഷയായ മലയാളത്തിൽ ഊന്നിനിന്ന് രണ്ടാം ഭാഷയായ ഇംഗ്‌ളീഷിലേക്ക് വൈദഗ്ദ്യം എത്തിക്കുക എന്ന മട്ടിലേക്കു വിഭാവനം ചെയ്യുകയാണ് ആകെയും ആവശ്യമായ മുടക്കുമുതൽ.

ശാസ്ത്രീയ അടിത്തറയോടുകൂടിയ ഈ പഠനരീതിയിലൂടെ മാതൃഭാഷയുടെ നിലനിൽപ്പും സംസ്‌കാര സംരക്ഷണവും സമാന്തരമായി രണ്ടാം ഭാഷയുടെ സാധ്യതകളും പരിശീലിക്കാം. കേവലമായ വൈകാരിക വാഗ്വാദങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നു. പ്രതിവാദങ്ങളുടെ കാലം അവസാനിപ്പിച്ച് പ്രായോഗികവും പരസ്പര പൂരകവുമായ പഠനരീതി വികസിപ്പിക്കേണ്ടത് അനിവാര്യമാണ്. വിദ്യഭ്യാസ വകുപ്പും അധ്യാപകരും ഭാഷാപണ്ഡിതരും ഒന്നിച്ച് നിന്ന് സാധ്യമക്കേണ്ടുന്ന അനിഷേധ്യമായ ഈ പ്രക്രിയ വൈകാതെ സംഭവിക്കും എന്ന് പ്രത്യാശിക്കാം.

റഫറൻസ്
1. https://en.wikipedia.org/wiki/Languages_of_India
2. Data source: Ethnologue: Languages of the World, 15th ed. (2005) & Wikipedia.org., https://www.vistawide.com/languages/top_30_languages.htm
3. 'Skutnabb-Kangas (1988, p. 16-17) proposes that when trying to determine a speaker's 'mother tongue', it is important to distinguish between four aspects: origin-which language was acquired first; competence-which language the speaker knows the best; function-which language the speaker uses the most; and identification-which language is used to associate with or disassociate from others. 'Skutnabb-Kangas T. (1988). Multilingualism and the education of minority children. In Skutnabb-Kangas, Cummins J. (Eds.), Minority education: From shame to struggle (pp. 9-44). Avon, UK: Multilingual Matters.
4. https://www.thehistoryofenglish.com/
5. https://unesdoc.unesco.org/ark:/48223/pf0000226554
6. https://www.ncbi.nlm.nih.gov/pmc/articles/PMC2677184/
7. https://www.researchgate.net/publication/265075052_Second_Language_Acquisition_in_Early_Childhood
8. PingLiJenniferLegaultKaitlyn A.Litcofsky, Neuroplasticity as a function of second language learning: Anatomical changes in the human brain
9. https://www.spps.org/Page/525410.
10. https://ernakulam.nic.in/roshini/


ആദില കബീർ

കവി. തേവര സേക്രഡ്​ ഹാർട്ട്​ കോ​ളേജിൽ അസിസ്​റ്റൻറ്​ പ്രൊഫസർ. അവർണ, ശലഭമഴ, അമ്മാളു എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments