തുറക്കാതെ തുടങ്ങുന്ന സ്‌കൂളുകൾ

കോവിഡ് കാലത്ത് അധ്യയനവർഷവും ചരിത്രമാവുകയാണ്. കോരിച്ചൊരിയുന്ന മഴയത്ത്, യൂണിഫോമണിഞ്ഞ് ഭാരമേറിയ ബാഗും തൂക്കി സ്‌കൂളിലേക്ക് പോകുന്ന കുട്ടികൾ ഈ വർഷമില്ല. പാഠങ്ങളും പരീക്ഷകളും പൂർത്തിയാക്കാനാവാതെ സ്‌കൂളിനോട് അവധി പറഞ്ഞവർ, മൂന്ന് മാസത്തിന് ശേഷവും വീട്ടിൽ തന്നെ ഇരിക്കേണ്ടി വരികയാണ്. അധ്യാപകർ നേരിട്ട് വരാതെ, കൂട്ടുകാരുടെ സാന്നിധ്യമില്ലാതെ ഇങ്ങനെയൊരു ക്ലാസ് തുടങ്ങൽ ഉണ്ടാവുമെന്ന് ആരും വിചാരിച്ചിരുന്നില്ല.
കണക്കുകൂട്ടലുകളെയെല്ലാം തകിടം മറിച്ച് സ്‌കൂൾ വിദ്യാഭ്യാസം ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് മാറുകയാണ്. ഫസ്റ്റ് ബെൽ എന്നാണ് നാളെ തുടങ്ങുന്ന ഓൺലൈൻ ക്ലാസുകളുടെ പേര്. ഓരോ ക്ലാസിലെയും വിവിധ വിഷയങ്ങളുടെ പാഠഭാഗങ്ങൾ നിശ്ചിത സമയക്രമത്തിൽ വിദ്യാഭ്യാസവകുപ്പിന്റെ ടെലിവിഷൻ ചാനലായ വിക്ടേഴ്‌സിലും ലഭ്യമായ മറ്റ് ഓൺലൈൻ സംവിധാനങ്ങളിലും സംപ്രേഷണം ചെയ്യുകയും കുട്ടികൾ വീട്ടിലിരുന്ന് അത് കാണുകയും ചെയ്യുന്ന രീതിയിലാണ് ജൂൺ ഒന്നിന് സ്‌കൂൾ ആരംഭിക്കുന്നത്. ആവശ്യമായ ഇൻപുട്ടുകളോടെ, വീഡിയോ രൂപത്തിൽ വിദഗ്ധർ അവതരിപ്പിക്കുന്ന ക്ലാസുകളെ സംബന്ധിച്ചുള്ള ചർച്ചയും സംശയദൂരീകരണവും ഓരോ ക്ലാസിലെയും കുട്ടികളെ ഉൾപ്പെടുത്തി അധ്യാപകർ തയ്യാറാക്കുന്ന വാട്‌സ് ആപ് ഗ്രൂപ്പുകളിലാണ് നടക്കുക.

പരാതികൾ , പരിമിതികൾ

കുട്ടികളും അധ്യാപകരും ഒന്നിച്ചിടപെടുന്ന ക്ലാസ് മുറിയുടെ ജൈവസത്ത ചോർന്നുപോവും എന്നതാണ് വെർച്വൽ ക്ലാസ് മുറിയെക്കുറിച്ചുള്ള ഒന്നാമത്തെ പരാതി. അറിവ് എന്നത്, വിവരശേഖരണം എന്ന ഒറ്റലക്ഷ്യത്തിൽ നിൽക്കുന്നില്ല എന്നും വ്യക്തി എന്ന നിലയിലുള്ള ബഹുമുഖവികാസമാണ് വിദ്യാഭ്യാസത്തിലൂടെ സാധിക്കുന്നതെന്നും അംഗീകരിക്കപ്പെട്ട വർത്തമാന കാലത്ത് ഈ പരാതി പ്രസക്തമാണ്. വ്യക്തികൾ തമ്മിലും വ്യക്തിയും സമൂഹവും തമ്മിലുമുള്ള ജീവിത ബന്ധങ്ങൾ സാധ്യമാക്കാനുള്ള വൈകാരിക ബുദ്ധിവികാസം സാധ്യമാവേണ്ടതും സ്‌കൂളുകളിൽ നിന്നാണ്. മാത്രവുമല്ല, ശിശുകേന്ദ്രിതവും (Child centered) പ്രവർത്തനാധിഷ്ഠിതവും (Activity Based) പ്രക്രിയാബന്ധിതവുമാവണം (Process Oriented) വിദ്യാഭ്യാസം എന്ന അടിസ്ഥാനതത്വം തന്നെ ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ അട്ടിമറിക്കപ്പെടുകയാണ്.

ആവശ്യമായ ഇൻപുട്ടുകളോടെ, വീഡിയോ രൂപത്തിൽ വിദഗ്ധർ അവതരിപ്പിക്കുന്ന ക്ലാസുകളെ സംബന്ധിച്ചുള്ള ചർച്ചയും സംശയദൂരീകരണവും ഓരോ ക്ലാസിലെയും കുട്ടികളെ ഉൾപ്പെടുത്തി അധ്യാപകർ തയ്യാറാക്കുന്ന വാട്‌സ് ആപ് ഗ്രൂപ്പുകളിലാണ് നടക്കുക.

1000 മണിക്കൂറാണ് ഒരു വർഷത്തെ സ്‌കൂൾ പഠനസമയമായി കണക്കാക്കിയിട്ടുള്ളത്. ഇത്രയും സമയം കൊണ്ട് പൂർത്തിയാക്കാൻ കഴിയുന്ന തരത്തിലാണ് ഒരു വർഷത്തേക്കുള്ള പാഠഭാഗങ്ങൾ തയ്യാറാക്കപ്പെട്ടിട്ടുള്ളത്. ഇത്രയും വിപുലമായ സിലബസും അതിൻ പ്രകാരം തയാറാക്കപ്പെട്ടിട്ടുള്ള പാഠപുസ്തകങ്ങളും ഏതാനും മണിക്കൂറിലെ ടെലിവിഷൻ സംപ്രേഷണത്തിലൂടെ പൂർത്തിയാക്കുക സാധ്യമല്ലെന്നതും ഓൺലൈൻ സ്‌കൂളിംഗിന്റെ പരിമിതിയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സംസ്ഥാനത്തെ മുഴുവൻ കുട്ടികൾക്കും ഇന്റർനെറ്റ് കണക്ഷനുള്ള സ്മാർട്ട് ഫോണുകളോ കേബിൾ കണക്ഷനോടു കൂടിയ ടെലിവിഷനോ ഇല്ല എന്നതും ഗൗരവമായി കാണേണ്ട പരാതിയാണ് . സംസ്ഥാനത്തൊട്ടാകെ മൂന്ന് ലക്ഷത്തോളം കുട്ടികൾ ഇത്തരത്തിലുണ്ടാവുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത് .

നിലവിലുണ്ടായിരുന്ന സ്‌കൂൾ പഠനത്തെ ഓൺലൈൻ ക്ലാസുകളാക്കി മാറ്റുക എന്ന നയത്തിന്റെയോ തീരുമാനത്തിന്റെയോ ഭാഗമായല്ല കേരളത്തിലിപ്പോൾ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടുള്ളത്. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയും സമൂഹവ്യാപന സാധ്യത കൂടുകയും ചെയ്ത സാഹചര്യത്തിൽ സ്‌കൂളുകളെ ലോക്ക്ഡൗൺ ചെയ്യേണ്ടത് അനിവാര്യമായി മാറിയിരിക്കുകയാണ്. മാത്രവുമല്ല സംസ്ഥാനത്തെ ഒട്ടേറെ സ്‌കൂളുകൾ ക്വാറന്റയിൻ സെന്ററുകളാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ് . ""ഇത് ക്ലാസ് മുറിയിൽ നടക്കേണ്ട പഠന പ്രവർത്തനങ്ങൾക്ക് പകരമാവില്ല, മറിച്ച് ഈ സമയത്ത് കുട്ടികളെ പഠനപ്രവർത്തനങ്ങൾക്ക് സജ്ജമാക്കുന്നതിനാണ്'' എന്ന് ഇതു സംബന്ധിച്ചുള്ള സർക്കാർ ഉത്തരവ് വ്യക്തമാക്കുന്നുണ്ട്.
ഏതാനും മാസങ്ങൾ ഈ നില തുടരേണ്ടി വന്നേക്കും എന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. അത്രയും കാലം യാതൊരു പഠനപ്രവർത്തനത്തിലും ഏർപ്പെടാനാവാതെ കുട്ടികളെ വീട്ടിലിരുത്തുക എന്നത് ശരിയല്ല. സ്‌കൂൾപഠനവും കൂട്ടുകൂടലുകളും നിഷേധിക്കപ്പെട്ട്, കടുത്ത മാനസിക സമ്മർദ്ദത്തിൽ കഴിയുന്ന കുട്ടികളെ സാധിക്കുംവിധം സ്‌കൂൾ വിദ്യാഭ്യാസത്തിലേക്ക് കൊണ്ടുവരിക എന്നത് തന്നെയാണ് അഭികാമ്യം.
ക്ലാസ് മുറിയുടെ ജൈവികതയിൽ സാധ്യമാവുന്ന വളർച്ചയും വികാസവും മറ്റൊരു പ്ലാറ്റ്‌ഫോമിലും സാധ്യമാവില്ല എന്നതിൽ രണ്ടഭിപ്രായമില്ല. ലോകത്തെല്ലായിടത്തും ബാധകമായിട്ടുള്ള ഒരു വസ്തുതയാണെന്നിരിക്കെ കേരളത്തിൽ മാത്രം നമുക്കെന്തെങ്കിലും ചെയ്ത് പരിഹരിക്കാവുന്ന ഒരു പ്രശ്‌നവുമല്ല ഇത്. എന്നാൽ കുട്ടികളുടെ വൈകാരികാനുഭങ്ങളെ കൂടി അഭിസംബോധന ചെയ്യാൻ കഴിയും വിധം ഓൺലൈൻ ക്ലാസുകളെ സംവിധാനം ചെയ്യുക എന്നത് പ്രയാസകരമെങ്കിലും സാധ്യമാണ്. അധ്യാപകർ നേരിടേണ്ടി വരുന്ന വലിയ വെല്ലുവിളിയും ഒരു പക്ഷെ ഇതായിരിക്കും.

വിക്ടേഴ്‌സ് ചാനലിനു പുറമെ കൈറ്റ് വിക്ടേഴ്‌സിന്റെ വെബ്ബിലും മൊബൈൽ ആപ്പിലും സോഷ്യൽ മീഡിയ പേജുകളിലും ഈ ക്ലാസുകൾ ലഭ്യമാവും.

ലോക്ഡൗണിൽ കഴിഞ്ഞുപോവുകയായിരുന്നു ഇത്തവണത്ത മധ്യവേനലവധി . സ്‌കൂളുകൾക്ക് പുറമെ ഒട്ടേറെ ബാഹ്യ/ സമാന്തര ഏജൻസികളും പലതരത്തിലുള്ള ഓൺലൈൻ ക്ലാസുകളും പരീക്ഷകളും സർഗാത്മക ഇടപെടലുകളും ഇക്കാലയളവിൽ നടത്തുകയുണ്ടായി. കുട്ടികൾ നല്ല ആവേശത്തോടെയാണ് ഇവയിൽ പങ്കാളികളായത് എന്നാണ് ഫീൽഡിൽ നിന്നുള്ള റിപ്പോർട്ടുകൾ. ശീലിച്ചുപോന്ന രീതിയിൽ നിന്നുള്ള മാറ്റം, ടെക്‌നോളജി അധിഷ്ഠിത വ്യവഹാരങ്ങളോടുള്ള കൗതുകം തുടങ്ങി ഒട്ടേറെ കാരണങ്ങൾ ഈ ആവേശത്തിന് പിന്നിലുണ്ടാവാം .

രക്ഷിതാക്കളുടെ ആശങ്കകൾ

മറ്റ് മാർഗ്ഗമില്ലെന്നിരിക്കെ, ഓൺലൈൻ വഴിയെങ്കിലും പഠനം നടക്കട്ടെ എന്നതിനോട് ആർക്കും വിയോജിപ്പുണ്ടാവില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ അനുഭവിക്കുന്ന ഒട്ടേറെ ആശങ്കകളുണ്ട്. മക്കൾക്ക് എത്രമാത്രം ഈ രീതിയെ ഉൾക്കൊള്ളാൻ പറ്റും, പഠനത്തിലവർ പിന്നോക്കം പോകുമോ എന്നൊക്കെയാവും സാധാരണക്കാരായ മനുഷ്യരുടെ ആശങ്കകൾ. കമ്പ്യൂട്ടറും ഇന്റർനെറ്റുമൊന്നും ഉപയോഗിച്ച് പരിചയമില്ലാത്തവർക്ക്, തങ്ങൾക്കവരെ സഹായിക്കാൻ കഴിയാത്തതിന്റെ സങ്കടവുമുണ്ടാവും. ഒന്നിലധികം കുട്ടികളുളളിടത്ത് ഒരു ഡിവൈസ് മാത്രമേ ഉള്ളൂവെങ്കിൽ അവരെങ്ങനെയാണ് പഠിക്കുക, വ്യക്തിപരമായ സ്വകാര്യതകളുള്ള മൊബൈൽ ഫോൺ മക്കൾക്കെങ്ങനെ കൊടുക്കും തുടങ്ങി ഒട്ടേറെ ആശങ്കകളും പങ്കുവെക്കുന്നവരുണ്ട്. കുട്ടികളെ സ്മാർട്ട് ഫോണുകളിൽ നിന്ന് അകറ്റി നിർത്തിയും നിയന്ത്രിച്ച് നിർത്തിയുമാണ് കേരളത്തിലെ മിക്ക വീടുകളും പുലർന്നുവരുന്നത്. ഫോൺ അഡിക്ഷൻ എന്നത് കുട്ടികളെക്കുറിച്ചുള്ള പരാതികളിൽ പ്രധാനമാണ്. സ്‌കൂൾ പഠനത്തിനുള്ള ഉപകരണങ്ങളായി ഫോണും കമ്പ്യൂട്ടറുമൊക്കെ വരുന്നതോടെ നിയന്ത്രണത്തിന്റെ കടിഞ്ഞാൺ കൈയിൽ നിന്ന് പോകുമെന്ന് ഭയക്കുന്നവരാണ് മിക്ക രക്ഷിതാക്കളും. രക്ഷിതാക്കൾ ജോലിക്ക് പോകുകയും കുട്ടികൾ മാത്രം വീട്ടിലുണ്ടാവുകയും ചെയ്യുന്നതിനെക്കുറിച്ചോർത്ത് ആധികൊള്ളുന്നവരും ഏറെയാണ്.

അധ്യാപകരുടെ പ്രതിസന്ധികൾ

പെട്ടെന്നുണ്ടാവുന്ന ഒരു മാറ്റത്തെ നേരിടേണ്ടി വരുമ്പോൾ അധ്യാപകർ അസ്വസ്ഥരാവുക സ്വാഭാവികമാണ്. "ഞാനും എന്റെ കുട്ട്യോളും' എന്ന സുരക്ഷിത വലയത്തിൽ നിന്ന് ആകാശത്തോളം പരക്കാൻ പോകുന്ന തന്റെ ക്ലാസിനെക്കുറിച്ച് പലർക്കും ആധിയുണ്ട്. സ്വതവേയുള്ള യന്ത്രഭയം ( Techno Stress) മുതൽ വ്യക്തിഗതമായ മറ്റ് പരിമിതികൾ വരെ വീടുകളിലേക്കും രക്ഷിതാക്കളിലേക്കും സംപ്രേഷണം ചെയ്യപ്പെടും എന്ന അധ്യാപകഭയം, ഓൺലൈൻ വിദ്യാഭ്യാസ പദ്ധതി നേരിടാൻ പോകുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രതിസന്ധിയായായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

സർക്കാറിന്റെ നിലപാട്

സാഹചര്യങ്ങൾക്കനുസരിച്ചുള്ള സമീപനങ്ങൾ സ്വീകരിക്കുക എന്നതാണ് സർക്കാരിന് ചെയ്യാൻ കഴിയുന്നത്. കുട്ടികളുടെ പഠനസമയം നഷ്ടപ്പെടാത്തവിധം ക്ലാസുകൾ ക്രമീകരിക്കാനുള്ള ശ്രമമാണ് പൊതുവിദ്യാഭ്യാസവകുപ്പ് ഇപ്പോൾ നടത്തിയിട്ടുള്ളത്. കൈറ്റിന്റെ (കേരള ഇൻഫ്രാസ്‌ടെക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ) ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചു കൊണ്ട് വിദഗ്ധരുടെ ക്ലാസുകൾ വീട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങളാണിപ്പോൾ പൂർത്തിയായിട്ടുള്ളത്. വിക്ടേഴ്‌സ് ചാനലിനു പുറമെ കൈറ്റ് വിക്ടേഴ്‌സിന്റെ വെബ്ബിലും മൊബൈൽ ആപ്പിലും സോഷ്യൽ മീഡിയ പേജുകളിലും ഈ ക്ലാസുകൾ ലഭ്യമാവും. അരമണിക്കൂർ മുതൽ രണ്ടുമണിക്കൂർ വരെ ദൈർഘ്യമുള്ളവയാവും ഓരോ ക്ലാസുകളും. അധ്യാപകരെല്ലാം ഓൺലൈൻ ക്ലാസുകളെടുക്കുക എന്ന സമീപനമല്ല, വിദഗ്ധർ നടത്തുന്ന ക്ലാസുകൾ സംപ്രേഷണം ചെയ്യുക എന്ന നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

സ്‌കൂൾ പഠനത്തിനുള്ള ഉപകരണങ്ങളായി ഫോണും കമ്പ്യൂട്ടറുമൊക്കെ വരുന്നതോടെ നിയന്ത്രണത്തിന്റെ കടിഞ്ഞാൺ കൈയിൽ നിന്ന് പോകുമെന്ന് ഭയക്കുന്നവരാണ് മിക്ക രക്ഷിതാക്കളും.

വ്യക്തിപരമായ പരിമിതികളും സ്വന്തം ക്ലാസുകൾ സംപ്രേഷണം ചെയ്യപ്പെടുമെന്ന ആധിയും തൽക്കാലത്തേങ്കിലും അധ്യാപകർക്കുണ്ടാവേണ്ടതില്ല എന്നു സാരം.

വിവിധ ക്ലാസുകളിലെ കുട്ടികൾക്കുള്ള സംപ്രേഷണങ്ങൾ വ്യത്യസ്ത സമയമങ്ങളിലായി ക്രമീകരിച്ചിരിക്കുന്നതിനാൽ ഒരേ വീട്ടിലെ പല ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രയാസമുണ്ടാവാനിടയില്ല. ഒരു ഡിവൈസ് ഉപയോഗിച്ചുകൊണ്ട് ഒന്നിലധികം കുട്ടികൾക്ക് എങ്ങനെയാണ് പഠിക്കാൻ കഴിയുക എന്ന രക്ഷിതാക്കളുടെ ആശങ്ക അസ്ഥാനത്താണെന്നർഥം. വീട്ടിൽ ഇത്തരം സൗകര്യങ്ങളില്ലാത്ത കുട്ടികൾക്കാവട്ടെ, അയൽപക്ക സംവിധാനങ്ങൾ മുതൽ പൊതു ഇടങ്ങൾ വരെ ഉപയുക്തമാക്കാനുള്ള നടപടികകളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഓരോ കുട്ടിയുടേയും പ്രദേശത്തിന്റെയും സാഹചര്യങ്ങൾക്കനുസരിച്ച് വ്യത്യസ്തങ്ങളായ മാർഗങ്ങൾ അനുവർത്തിക്കേണ്ടിവന്നേക്കാം. പ്രാന്തവൽക്കരിക്കപ്പെട്ട ഒരു കുട്ടിപോലുമില്ലാത്ത ക്ലാസ് മുറി എന്ന പൊതുവിദ്യാഭ്യാസ മുദ്രാവാക്യത്തെ ഓൺലൈൻ ക്ലാസ് മുറികളിലും പ്രാവർത്തികമാക്കുക എന്നതു തന്നെയാണ് സർക്കാർ നയം. അക്ഷയകേന്ദ്രങ്ങളും വായനശാലകളും സമീപസ്ഥ സ്‌കൂളുകളിലെ സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണ ഉറപ്പാക്കിയും ഈ ലക്ഷ്യം കൈവരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കുട്ടികളുടെ ഫോണുപയോഗത്തെക്കുറിച്ചുള്ള മുതിർന്നവരുടെ ആശങ്കക്ക് അമേരിക്കൻ വിദ്യാഭ്യാസചിന്തകനായ മാർക് പ്രെൻസ്‌കി മറുപടി പറഞ്ഞിട്ടുണ്ട്. സാങ്കേതികകാലത്തെ മനുഷ്യരെ, ഡിജിറ്റൽ കുടിയേറ്റക്കാർ (Digital immigrants) എന്നും ഡിജിറ്റൽ നിവാസികൾ (Digital natives) എന്നും രണ്ടായി തിരിച്ചിട്ടുണ്ട് അദ്ദേഹം. രണ്ടു കാലങ്ങളിലായി ജീവിച്ചവരാണ് ഡിജിറ്റൽ കുടിയേറ്റക്കാർ. ഡിജിറ്റലല്ലാത്ത ഒരു കാലത്ത് ജീവിതം തുടങ്ങി പിന്നീട് ഡിജിറ്റൽ യുഗത്തിലേക്ക് പ്രവേശിച്ചവർ. അപരിചിതമായ ഒരിടത്തേക്കെത്തിയ കുടിയേറ്റക്കാരന്റെ ഭയാശങ്കകൾ സാങ്കേതിക ലോകത്തെക്കുറിച്ച് വെച്ചു പുലർത്തുന്നവരാണിവർ. എന്നാൽ പിറന്നതും വളർന്നതുമായ നാടിന്റെ സുരക്ഷിതത്വമാണ് ഡിജിറ്റൽ നേറ്റീവ് ആയ പുതുതലമുറയെ സംബന്ധിച്ച് സാങ്കേതിക ലോകം. ഓൺലൈൻ വിദ്യാഭ്യാസ രീതിയുടെ താൽക്കാലികമായ അനിവാര്യത തിരിച്ചറിയുമ്പോഴും, അധ്യാപകർക്കും രക്ഷിതാക്കൾക്കുമിടയിൽ നിലനിൽക്കുന്ന ഒട്ടേറെ ആശങ്കകൾക്ക് ഇത്തരമൊരു തലം കൂടിയുണ്ട്.
കോവിഡ് 19 ഒരു സാർവലൗകിക പ്രതിഭാസമാണ്. രോഗഭയത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്ന ദേശങ്ങളും ജനതകളുമില്ല. രോഗത്തെ അറിഞ്ഞ് ജീവിതത്തെ ക്രമീകരിക്കുക എന്ന ആഗോളനയത്തിന്റെ ഭാഗമായി ജീവിതത്തിന്റെ സമസ്തമേഖലകളും പുനഃക്രമീകരിക്കപ്പെടുകയാണ്. വിദ്യാഭ്യാസമേഖല ഓൺലൈൻ പ്‌ളാറ്റ്‌ഫോമിലേക്ക് മാറുന്നതും ഇത്തരമൊരു അതിജീവനപ്രക്രിയയുടെ ഭാഗമായാണ്. സാമൂഹീകരണപ്രക്രിയയിലുള്ള പ്രശ്‌നങ്ങൾ, ഡിജിറ്റൽ ഡിവൈഡ് തുടങ്ങിയ പരിമിതികളൊക്കെയും നിലനിൽക്കുമ്പോൾ തന്നെ ഇത്തരമൊരു താല്ക്കാലികപരിഹാരത്തിന്റെ അനിവാര്യത തിരിച്ചറിയാതെ കേരളത്തിന്റെ വിദ്യാഭ്യാസ മണ്ഡലത്തിന് ഇനി മുന്നോട്ടുപോവാനാവില്ല.

Comments