Photo:Unsplash.com

പരസ്​പരം മൽസരിക്കുന്ന അധ്യാപകരുടെയും വിദ്യാർഥികളുടെയും സമൂഹം വരും, പേടിപ്പെടുത്തുന്ന ലോകം

കോവിഡാനന്തരം വിദ്യാഭ്യാസ രംഗത്ത്​ സംഭവിക്കാനിടയുള്ള പുതിയ പ്രവണതകളും മാറ്റങ്ങളും വിലയിരുത്തപ്പെടുന്നു

രാവിലെ ഏഴു മണിയോടെ പ്രധാന റോഡുകളിലൂടെ തലങ്ങും വിലങ്ങും പായുന്ന സ്‌കൂൾ ബസുകളും, ലൈൻ ബസിലെ കണ്ടക്ടറുടേയും കിളിയുടെയും പരുഷമായ കുത്തുവാക്കുകൾ ചേമ്പിലയിലെ വെള്ളംപോലെ ഒഴുക്കിക്കളഞ്ഞ് യാത്രയുടെ ഓരോ നിമിഷവും ആസ്വദിക്കുന്ന വിദ്യാർഥികളും ഒക്കെ ഓർമയായിട്ട് പത്തു മാസങ്ങളോളം ആകുന്നു. സ്‌കൂൾ മണികൾ ശബ്ദം മറന്നിട്ടുണ്ടാവുമോ? സ്‌കൂൾ- കോളേജ് കാമ്പസുകൾ ശബ്ദത്തിന്റെ ശവക്കോട്ടകളായി മാറിയിരിക്കുന്നു. ഇത്തരത്തിൽ നമ്മുടെ വിദ്യാഭ്യാസത്തെ അടയാളപ്പെടുത്തുന്ന കാഴ്ചകൾ, ശബ്ദങ്ങൾ എന്നിവയെല്ലാം കോവിഡാനന്തര കാലഘട്ടത്തിൽ എന്തു തരത്തിലുള്ള മാറ്റങ്ങൾക്കാണ് വിധേയമാകാൻ പോകുന്നത്?

വിദ്യാഭ്യാസ സ്ഥാപനങ്ങൾ അറിവിന്റെ വാതായനം എന്നതിൽനിന്ന് തൊഴിലിന്റെ വാതായനം എന്നതിലേക്ക്​ മാറിക്കഴിഞ്ഞിട്ടുണ്ടല്ലോ. ദേശീയ വിദ്യാഭ്യാസ നയം ഇത്തരത്തിലൊരു പരിവർത്തനത്തിന്റെ അനിവാര്യത അടിവരയിടുന്നു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്ക് ഒരു രാസത്വരകം എന്ന രീതിയിൽ വലിയൊരളവുവരെ മാത്രമായിട്ടാണ് കോവിഡിനെ കാണേണ്ടത്. കോവിഡിനു മുമ്പ്​ പച്ചപരിഷ്‌കാരമായി മുദ്രകുത്തപ്പെട്ടിരുന്ന പലകാര്യങ്ങളും കോവിഡാനന്തര വിദ്യാഭ്യാസത്തിൽ ഒരുപക്ഷേ അനിവാര്യതയായി മാറാം. ഉദാഹരണമായി പഠന സമയങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗം കോവിഡ് പൂർവ കാലഘട്ടത്തിൽ അധ്യാപകരെ ചൊടിപ്പിക്കുന്ന കാര്യമായിരുന്നുവെങ്കിൽ കോവിഡ് കാലഘട്ടം ഈ അസ്പർശ്യത ഇല്ലാതാക്കിയിരിക്കുന്നു. കോവിഡാനന്തര കാലഘട്ടത്തിലും മൊബൈൽ അല്ലെങ്കിൽ ഡിജിറ്റൽ പഠനസഹായികളെ നിഷേധിക്കുക അസാധ്യമാകും.

കോവിഡിനുമുമ്പുള്ള ഒരു സ്​കൂൾ ദൃശ്യം. നമ്മുടെ വിദ്യാഭ്യാസത്തെ അടയാളപ്പെടുത്തുന്ന ഇത്തരം കാഴ്ചകളും ശബ്ദങ്ങളും കോവിഡാനന്തര കാലഘട്ടത്തിൽ അടിമുടി മാറാൻ പോകുകയാണ്‌ / ഫോട്ടോ:മുഹമ്മദ് ഹനാൻ

പുസ്​തകം നോക്കി എഴുതാം

അതുപോലെ, പരീക്ഷക്ക്​ പുസ്തകം നോക്കി എഴുതുന്നത് കോപ്പി അടിക്കുക എന്ന അനാശാസ്യമായി കണക്കാക്കിയിരുന്നതിൽ നിന്ന് തുറന്ന പരീക്ഷാ സമ്പ്രദായവും മറ്റും വിദ്യാഭ്യാസത്തിന്റെ ദൈനംദിന പ്രകൃതിയുടെ ഭാഗമാകും. അപ്രതിരോധ്യമായ രീതിയിൽ, വിദ്യാഭ്യാസത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം കോവിഡാനന്തര കാലഘട്ടത്തിലുണ്ടാവും. ഒരർത്ഥത്തിൽ പറഞ്ഞാൽ കോവിഡാനന്തരം വിദ്യാഭ്യാസം ഒരു ഡിജിറ്റൽ കോളനിയായി മാറും. അതുകൊണ്ടുതന്നെ കാര്യങ്ങൾ പഠിച്ചിട്ടു വിശകലനം ചെയ്യുക, വിമർശനാത്മകമായി സമീപിക്കുക തുടങ്ങിയ വൈജ്ഞാനിക ശേഷികളെക്കാൾ കൂടുതൽ അറിവിനെ ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്തോടെ കണ്ടെത്തുക (locating knowledge) എന്നത് സുപ്രധാനമായ ഒരു ശേഷിയായി മാറും. ഇത്തരത്തിൽ സൂക്ഷ്മതലത്തിൽ ഉള്ള പല മാറ്റങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട് എങ്കിലും സാമാന്യമായി ഉണ്ടാവാൻ സാധ്യതയുള്ള മാറ്റങ്ങളെ നാം മുൻകൂട്ടി കാണേണ്ടതുണ്ട്.


ഓൺലൈൻ അറ്റൻഡൻസ്​

സർവകലാശാലകളുടെ ഏറ്റവും പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് നിർദ്ദിഷ്ട ഹാജർ ഇല്ലാത്ത വിദ്യാർത്ഥികളുടെ കൈകളിൽ നിന്ന്​ ഈടാക്കുന്ന കണ്ടോണെഷൻ ഫീസ്. രാഷ്ട്രീയപ്രവർത്തനം, ശാരീരിക ബുദ്ധിമുട്ടുകൾ, ജോലി ചെയ്ത് പഠിക്കേണ്ടി വരുന്നവർ, വിവാഹം എന്നിങ്ങനെ പല കാരണങ്ങളാൽ ഉന്നത വിദ്യാഭ്യാസരംഗത്ത് വിദ്യാർത്ഥികൾക്ക് അറ്റൻഡൻസ് കുറവ് ഉണ്ടാവാറുണ്ട്.

ഭൗതിക അറ്റൻഡൻസ് ഇല്ലാത്തതിന്റെ പേരിൽ പരീക്ഷ എഴുതാൻ സാധിക്കാത്തത് വിദ്യാഭ്യാസ അവകാശ ലംഘനം ആയി തന്നെ വ്യാഖ്യാനിക്കപ്പെടുന്ന അവസ്ഥയിലേക്ക് കോടതികൾ പോലും എത്തിച്ചേരാനുള്ള സാധ്യത നിലനിൽക്കുന്നു.

എന്നാൽ കോവിഡാനന്തര കാലഘട്ടത്തിൽ ഭൗതികമായ അറ്റൻഡൻസിനു ബദലായി ഓൺലൈൻ അറ്റൻഡൻസ് എന്ന ആശയം ഭരണഘടനാപരമായ അവകാശമായി പോലും വിശദീകരിക്കപ്പെട്ടാൽ അത്ഭുതപ്പെടാനില്ല. എല്ലാ അധ്യാപകരും തങ്ങളുടെ റെഗുലർ ക്ലാസ് മുറികളിൽ ഒരു ഗൂഗിൾ മീറ്റ് ആപ്ലിക്കേഷൻ/മൈക്രോസോഫ്റ്റ് ടീം എന്നിവ സ്ഥിരമായി ഓൺ ചെയ്ത് വയ്‌ക്കേണ്ടത് ഒരു കസ്റ്റമർ കെയർ പ്രാക്ടീസ് ആയി മാറാനുള്ള സാധ്യതയാണ് കാണുന്നത്. സ്ഥാപനങ്ങൾ പരസ്യം ചെയ്യാൻ പോകുന്ന ഒരു പ്രധാനപ്പെട്ട ഘടകമായി ഇതു മാറും. ഭൗതിക അറ്റൻഡൻസ് ഇല്ലാത്തതിന്റെ പേരിൽ പരീക്ഷ എഴുതാൻ സാധിക്കാത്തത് വിദ്യാഭ്യാസ അവകാശ ലംഘനം ആയി തന്നെ വ്യാഖ്യാനിക്കപ്പെടുന്ന അവസ്ഥയിലേക്ക് കോടതികൾ പോലും എത്തിച്ചേരാൻ സാധ്യത നിലനിൽക്കുന്നു. ഇത്തരത്തിൽ സാങ്കേതികവിദ്യ വിദ്യാഭ്യാസത്തിന്റെ ഭൗതികവും സാമൂഹികവുമായ തലങ്ങളെ പൂർണമായും അരികുവൽക്കരിക്കുന്ന ദുരവസ്ഥയിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്.

ഡിജിറ്റൽ വൈദഗ്ധ്യമായിരിക്കും ഭാവിയിലെ ക്ലാസ്മുറികളിൽ പരീക്ഷിക്കപ്പെടുക. അപ്പോൾ, സാമ്പ്രദായിക അധ്യാപന രീതികൾ അപ്രസക്തമാകും / ഫോട്ടോ: കേരള സ്​റ്റാർട്ടപ്പ്​ മിഷൻ

ഇതിന് വളരെ പ്രധാനപ്പെട്ട ചില ഗുണങ്ങളുണ്ട്; എങ്കിൽ കൂടിയും ഇതിന്റെ ദുരുപയോഗം നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ കാര്യമായി സ്വാധീനിക്കുന്ന അവസ്ഥ സംജാതമാക്കും. ദുർബലമായ പരീക്ഷാ സമ്പ്രദായവും പരീക്ഷ എഴുതുന്നവർ എല്ലാവരും 70 ശതമാനത്തിലധികം മാർക്കും വാങ്ങുന്ന കാഴ്ചയാണ് സ്‌കൂൾ തലം മുതൽ കോളജ് തലം വരെ നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പഠനത്തെ മുഖ്യ അജണ്ടയല്ലാതെ കണക്കാക്കുന്ന വലിയ ഒരു വിഭാഗം വിദ്യാർഥികൾക്ക് കുറ്റബോധമില്ലാതെ അക്കാദമിക സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിനുള്ള അവസരം സൃഷ്ടിക്കപ്പെടുന്നു. പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇത്തരത്തിൽ വിദ്യാർത്ഥികളുടെ നിർബന്ധിത അറ്റൻഡൻസ് പരിപൂർണമായി പ്രോത്സാഹിപ്പിച്ചു കൊള്ളണമെന്നില്ല. കാരണം, റെഗുലർ ആയി വിദ്യാർത്ഥികൾ കോളേജുകളിൽ എത്തിച്ചേരുന്നത് സ്ഥാപനത്തിന്റെ ദൈനംദിന ചെലവ്​ വർധിപ്പിക്കും എന്നതുകൊണ്ടുതന്നെ കച്ചവടപരമായ നേട്ടം ഇത്തരത്തിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കാണാനിടയുണ്ട്.

ഞാൻ സ്ഥിരമായി കോളേജിൽ പോയിട്ട് എന്താ കാര്യം, മറ്റുള്ളവർ ആരും വരുന്നില്ലല്ലോ എന്നാണ്. ഞാൻ മാത്രം പോയിട്ടെന്താ മറ്റുള്ളവർ ആരും വരില്ല എന്നുള്ളതുകൊണ്ട് ഞാനും പോകേണ്ട ആവശ്യമില്ല എന്നതിലേക്ക് വിദ്യാർഥികൾ എത്തും. ഇത് വിദ്യാഭ്യാസത്തെ വിദ്യാർത്ഥികളുടെ സെക്കൻഡറി പരിഗണന മാത്രം ആവശ്യമുള്ള പ്രവൃത്തിയാക്കി ചുരുക്കും

സ്വയം പര്യാപ്തത എന്ന ആശയത്തിന്റെ ദുരുപയോഗം എന്ന നിലയിൽ ജോലിയെടുത്ത്​ പഠിക്കുക എന്ന ആശയം കാണാമറയത്തിരുന്ന്​ നമ്മുടെ മുമ്പിലേക്ക് വെച്ചുനീട്ടുന്നത് ഒരു ശക്തമായ തൊഴിൽ വിപണിയാണ്. ഇത്തരത്തിൽ ഒരു വിഭാഗം യുവജനതയെ (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന) പഠിച്ചുകൊണ്ട് ജോലി എടുക്കുന്നതിന് ലഭ്യമാകുന്നതുവഴി തൊഴിൽ വിപണിയിലെ തൊഴിലാളികളുടെ അധിക ലഭ്യതയും ആരിലൊക്കെയോ ലാഭ പ്രതീക്ഷ ഉണർത്തുന്നുണ്ട്.

കോവിഡാനന്തരം, സാങ്കേതികവിദ്യ വിദ്യാഭ്യാസത്തിന്റെ ഭൗതികവും സാമൂഹികവുമായ തലങ്ങളെ പൂർണമായും അരികുവൽക്കരിക്കുമെന്ന ആശങ്കയുമുണ്ട്‌ Photo:Flickr

‘ട്രാജഡി ഓഫ് കോമൺസി’ന്റെ ഏറ്റവും വലിയ ഉദാഹരണമായി ഭാവിയിൽ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറാനുള്ള സാധ്യതയാണ് കാണുന്നത്. എല്ലാ വിദ്യാർത്ഥികളും ചിന്തിക്കുക, ഞാൻ സ്ഥിരമായി കോളേജിൽ പോയിട്ട് എന്താ കാര്യം, മറ്റുള്ളവർ ആരും വരുന്നില്ലല്ലോ എന്നാണ്. ഞാൻ മാത്രം പോയിട്ടെന്താ മറ്റുള്ളവർ ആരും വരില്ല എന്നുള്ളതുകൊണ്ട് ഞാനും പോകേണ്ട ആവശ്യമില്ല എന്നതിലേക്ക് വിദ്യാർഥികൾ എത്തും. ഇത് വിദ്യാഭ്യാസത്തെ വിദ്യാർത്ഥികളുടെ സെക്കൻഡറി പരിഗണന മാത്രം ആവശ്യമുള്ള പ്രവൃത്തിയാക്കി ചുരുക്കും.

വിദ്യാഭ്യാസത്തെ ആസ്വാദ്യകരമായ സാമൂഹിക പ്രക്രിയയാക്കി മാറ്റുകയല്ലാതെ ഈ വെല്ലുവിളി നേരിടാൻ വലിയ ബുദ്ധിമുട്ടായിരിക്കും. കാരണം സാമൂഹ്യ ബന്ധങ്ങളും സാമൂഹ്യ ഇടപെടലുകളും പോലെ മനുഷ്യനെ ഒരു സമ്പ്രദായത്തിൽ കൊരുത്തിടാൻ പറ്റിയ വേറെ മാർഗങ്ങളിഇല്ല. നിശ്ശബ്ദതയാണ് ഗുണനിലവാരമുള്ള ക്ലാസ് മുറിയുടെ ഏറ്റവും പ്രധാന സവിശേഷത എന്നതിൽനിന്ന് സാമൂഹികതയുടെ ആസ്വാദ്യത വിദ്യാഭ്യാസ ഗുണനിലവാരത്തിന്റെ ഏറ്റവും പ്രധാന സൂചികയായി മാറേണ്ടതുണ്ട്. അതുകൊണ്ടുതന്നെ, ചുരുങ്ങിപ്പോകുന്ന വ്യക്തി എന്നതിൽ നിന്ന്​ വളരുന്ന സമൂഹമെന്ന ആശയത്തിൽ ഊന്നിക്കൊണ്ടുള്ള ഒരു തത്വചിന്ത കോവിഡാനന്തര കാലഘട്ടത്തിൽ പൊതുസമൂഹത്തിൽ ശക്തിപ്പെടുത്തേണ്ട വിത്തുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നാണ് വിതക്കപ്പെടേണ്ടത്.

ഏറ്റവും അധികം വിദ്യാർഥികൾ എന്റോൾ ചെയ്യപ്പെട്ട കോഴ്‌സുകളുള്ള അധ്യാപകൻ ഏറ്റവും വിലയേറിയ അധ്യാപകനായി അറിയപ്പെടും

ടീച്ചിങ് എക്‌സിക്യൂട്ടീവുകൾ

ഉന്നതവിദ്യാഭ്യാസരംഗത്ത് നടപ്പാക്കുന്ന ‘ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ’ യഥാർത്ഥ അർത്ഥത്തിൽ നടപ്പാക്കുകയാണെങ്കിൽ ഓരോ വർഷവും അധ്യാപകർക്ക് കോഴ്‌സുകളുടെ സിലബസ് (പുതിയ അക്കാദമിക ഭാഷയിൽ കോഴ്‌സ് എന്നാൽ പഴയ ഭാഷയിൽ പേപ്പർ എന്നാണ് അർത്ഥം. ഉദാഹരണമായി എം.എ ഇക്കണോമിക്‌സ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മൈക്രോ എക്കണോമിക്‌സ് എന്നുപറയുന്ന പേപ്പർ ഒരു കോഴ്‌സ് ആണ്. എം.എ ഒരു പ്രോഗ്രാം എന്നും അറിയപ്പെടും) നിർവഹിക്കുന്നതിനും പുതിയ കോഴ്‌സുകൾ ആവിഷ്‌കരിക്കുന്നതിനും ഉള്ള സ്വാതന്ത്ര്യമുണ്ട്.

വിദ്യാർഥികളുടെ തൊഴിൽ സാധ്യതക്ക് സൗകര്യപ്രദമായ കോഴ്സുകൾ നൽകുക എന്ന രീതിയിലേക്ക് കോവിഡാനന്തര വിദ്യാഭ്യാസം മാറാനിടയുണ്ട് Photo:James Famkima, Wikimedia Commons

സോഫ്റ്റ് കോഴ്‌സുകൾ നൽകി ഒരു കോളജിലെ തന്നെ അല്ലെങ്കിൽ സർവകലാശാലയിലെ തന്നെ മറ്റു വിഭാഗങ്ങളിൽ നിന്നു കൂടി അധ്യാപകർക്ക് വിദ്യാർഥികളെ ആകർഷിക്കാനാകും. മാത്രമല്ല, മൂക്ക് (MOOC) കോഴ്‌സുകളിലൂടെ അധ്യാപകർ രാജ്യമെമ്പാടും നിന്ന്​ വിദ്യാർത്ഥികളെ ആകർഷിക്കാനുള്ള സാധ്യതകൾ തുറന്നിടപ്പെടുകയാണ് കോവിഡാനന്തര കാലഘട്ടത്തിൽ സൃഷ്ടിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും അധികം വിദ്യാർഥികൾ എന്റോൾ ചെയ്യപ്പെട്ട കോഴ്‌സുകളുള്ള അധ്യാപകൻ ഏറ്റവും വിലയേറിയ അധ്യാപകനായി അറിയപ്പെടും. അതായത് വലിയ ഒരളവുവരെ അധ്യാപക നൈപുണിയും, അറിവിന്റെ ആഴവും ഒന്നും ആയിരിക്കുകയില്ല, മറിച്ച് അധ്യാപകർ മുന്നോട്ടുവയ്ക്കുന്ന കോഴ്‌സിന്റെ വിപണിസാധ്യത വിദ്യാർഥികളെ ആകർഷിക്കുന്നതിനുള്ള വലിയ ഘടകമാകും. ഇതോടൊപ്പം, വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനുള്ള പ്രധാനപ്പെട്ട മറ്റൊരു ഘടകമായി മാറുന്നത് ഈ അധ്യാപകർ പഠിപ്പിക്കുന്ന സ്ഥാപനങ്ങളുടെ പേരും വിശ്വാസ്യതയും ആണ്. അത്തരത്തിൽ പേരും വിശ്വാസ്യതയും ആർജ്ജിച്ചെടുക്കുന്നതിന്​ സ്ഥാപനങ്ങൾ ആശ്രയിക്കുക അക്രെഡിറ്റിങ് ഏജൻസികളെയാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയം അക്രെഡിറ്റേഷൻ എന്ന ആശയത്തെ ദ്വിതല മത്സരമായി തുറന്നിടുകയാണ് ചെയ്യുന്നത്. അതായത് അക്രെഡിറ്റേഷൻ നേടാൻ സ്ഥാപനങ്ങൾ മത്സരിക്കുമ്പോൾ തന്നെ അക്രെഡിറ്റ് ചെയ്യുന്ന സ്ഥാപനങ്ങളും പരസ്പരം മത്സരിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരും. ഇത്തരത്തിൽ തീർത്തും മത്സരാത്മാകവും വാണിജ്യാടിസ്ഥാനത്തിലും സ്ഥാപനങ്ങൾ നേടിയെടുക്കുന്ന പേരും പ്രശസ്തിയും അധ്യാപകരുടെ കോഴ്‌സുകളിലേക്ക് വിദ്യാർഥികളെ ആകർഷിക്കുന്നതിനുള്ള പ്രധാന ഉപാധിയാകും. ഓൺലൈൻ കോഴ്‌സുകളിലും മറ്റും എൻറോൾമെന്റ് ചെയ്യപ്പെടുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ പരിധിയൊന്നും നിശ്ചയിക്കേണ്ട കാര്യമില്ലാത്തതിനാലും അവയ്ക്ക് റെഗുലർ കോഴ്‌സുകൾക്ക് തത്തുല്യമായ മൂല്യം അംഗീകരിക്കപ്പെടുന്നതിന്നാലും സാധാരണ കോളേജുകളും മറ്റും വലിയ അസ്തിത്വ പ്രതിസന്ധിയാണ് നേരിടാൻ പോകുന്നത്.

അധ്യാപക നൈപുണിയും, അറിവിന്റെ ആഴവും ഒന്നും ആയിരിക്കുകയില്ല, മറിച്ച് അധ്യാപകർ മുന്നോട്ടുവയ്ക്കുന്ന കോഴ്‌സിന്റെ വിപണി സാധ്യത വിദ്യാർഥികളെ ആകർഷിക്കുന്നതിനുള്ള വലിയ ഘടകമായി മാറും.

ഇതിനോടുള്ള പ്രതികരണം, ഒരു സാധാരണ കോളേജിൽനിന്നും കോളേജ്​ മാനേജ്‌മെൻറുകളിൽ നിന്നും ഉണ്ടാകുക, ഒരു ബിസിനസ് മാതൃക പൂർണമായും പിന്തുടരുക എന്ന രീതിയിലായിരിക്കും. അതായത് കൂടുതൽ വിദ്യാർഥികളെ തങ്ങളുടെ അധ്യാപകർ മുന്നോട്ടുവയ്ക്കുന്ന കോഴ്‌സുകളിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള തന്ത്രങ്ങൾ കോളജുകളുടെ നിലനിൽപ്പിന്റെ ഭാഗമാകും. വിക്ടോറിയൻ കാലഘട്ടത്തിൽ അധ്യാപകരുടെ ശമ്പളം നിർണയിച്ചിരുന്നത് അവരുടെ ക്ലാസ്സുകളിലുണ്ടായിരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായിട്ടായിരുന്നു. അതുകൊണ്ടുതന്നെ അധ്യാപകർ തങ്ങളുടെ ക്ലാസിലേക്ക് വിദ്യാർഥികളെ പരമാവധി ആകർഷിക്കുന്നതിന്​ എല്ലാ തന്ത്രങ്ങളും ആവിഷ്‌കരിച്ചു. അതുകൊണ്ടുതന്നെ, യഥാർത്ഥത്തിൽ അറിവും വിവേകവുമുള്ള അധ്യാപകർക്കായിരുന്നില്ല കൂടുതൽ വിദ്യാർത്ഥികളെ ലഭിച്ചിരുന്നത്. മറിച്ച് ആകർഷകമായ പെരുമാറ്റം, കൂടുതൽ മാർക്കും ഗ്രേഡും ലഭിക്കുന്നതിനുള്ള സാധ്യത, തമാശകളും ആകർഷകമായ ബോധന രീതികളും...ഇവയെല്ലാം വിദ്യാർത്ഥികളെ ഒരു അധ്യാപകൻ ക്ലാസിലേക്ക് ആകർഷിക്കുന്നതിന് കാരണമായി. എന്നാൽ ഇത്തരം ക്ലാസുകൾ ആഴത്തിലുള്ള പഠനബോധന പ്രവർത്തനങ്ങളെ ക്ലാസ് മുറിക്ക് പുറത്തു നിർത്തി.

കോവിഡാനന്തര കാലഘട്ടത്തിൽ മേൽപ്പറഞ്ഞ എല്ലാവിധ സാധ്യതകളും ക്ലാസ് മുറികളിൽ പരീക്ഷിക്കപ്പെടും എന്നതിൽ സംശയമില്ല. അതോടൊപ്പം, നിർണായകമായി മാറാൻ സാധ്യതയുള്ള ഒരു കാര്യമാണ് വിദ്യാർഥികളുടെ തൊഴിൽ സാധ്യതക്ക് സൗകര്യപ്രദമായ കോഴ്‌സുകൾ നൽകുക എന്നത്. അതായത്, ഓരോ അധ്യാപകന്റെയും താല്പര്യം വിപണിയിൽ ലഭ്യമാകുന്ന തൊഴിൽ സാധ്യതകളുടെ അടിസ്ഥാനത്തിൽ നിർണയിക്കപ്പെടുന്ന ഒന്നായി മാറുന്നു. ഇത്തരത്തിൽ വിപണിയിൽ നിർമിക്കപ്പെടുന്ന താല്പര്യങ്ങളുടെ ഓർഡർ എടുത്ത്​ തൊഴിൽ വിപണിക്ക് ഡെലിവറി ചെയ്യുന്ന മധ്യവർഗം ആയി അധ്യാപകർ രൂപാന്തരപ്പെടുന്നത് ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ നമുക്ക് കാണാൻ സാധിക്കും.

വിദ്യാർഥികൾ എന്തിനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വരുന്നത്? കോവിഡാനന്തര കാലഘട്ടത്തിൽ ഭൗതികമായ അറ്റൻഡൻസിനു ബദലായി ഓൺലൈൻ അറ്റൻഡൻസ് എന്ന ആശയം ഭരണഘടനാപരമായ അവകാശമായി പോലും വിശദീകരിക്കപ്പെട്ടാൽ അത്ഭുതപ്പെടാനില്ല Photo: Biswarup Ganguly,Wikimedia Commons

തങ്ങളുടെ കോഴ്‌സുകളുടെ ഉത്തരവാദിത്വം തങ്ങൾക്കുതന്നെ എന്നുള്ളതുകൊണ്ട് ഓരോ വർഷവും കോഴ്‌സുകൾ മാറിമറിഞ്ഞുകൊണ്ടേയിരിക്കും. അധ്യാപകരുടെ ഇൻസൈറ്റിനേക്കാളും താൽപര്യങ്ങളെക്കാളും വിപണിയിൽ താൽപര്യങ്ങളുള്ള കോഴ്‌സുകൾ കൂടുതലായി കുമിഞ്ഞുകൂടും. അധ്യാപകർ ടീച്ചിങ് എക്‌സിക്യൂട്ടീവ് എന്ന നിലയിലേക്ക് തങ്ങളുടെ കോഴ്‌സുകളെ കൂടുതൽ അഡ്വൈസ് ചെയ്യുന്നതിനും ആൾക്കാരെ ആകർഷിക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളിലേക്ക് ഇടപെടേണ്ടതായി വരും. വായനയെക്കാളും, തയ്യാറെടുപ്പിനേക്കാളും കൂടുതൽ തങ്ങളുടെ കോഴ്‌സിനെ മാർക്കറ്റ് ചെയ്യുക എന്നത് അധ്യാപകരുടെ ഹോംവർക്കും ഹാർഡ് വർക്കും മാറും.

വിപണിക്ക് വേണ്ട കോഴ്‌സുകൾ നെയ്‌തെടുക്കുന്ന നെയ്ത്തുകാർ എന്ന അവസ്ഥയിൽ നിന്ന്​ അധ്യാപകർ സ്വയം വിടുതൽ നേടുകയും സാമൂഹിക പ്രതിബദ്ധമായ കാഴ്ചപ്പാടുകളിലൂടെ സമൂഹത്തിനും സമ്പദ് വ്യവസ്ഥക്കും പുരോഗമനപരമായ രൂപങ്ങൾ തീർക്കുന്നതിനുമുള്ള കൂട്ടായ ശ്രമങ്ങളിൽ പങ്കാളിയാകുന്നതുവഴിയാണ് ഇത്തരം മാറ്റങ്ങളോട് അധ്യാപകർ പ്രതികരിക്കേണ്ടത്. തങ്ങളെ ചൂഴ്ന്നുനിൽക്കുന്ന അന്യവൽക്കരണത്തിന്റെ ചരടുകളെ പൊട്ടിച്ചെറിയുന്നതിന് വിമർശനാത്മകതയിൽ ഊന്നിയ പഠനബോധന സംസ്‌കാരം അധ്യാപക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മാറേണ്ടതുണ്ട്.

പരീക്ഷാ വ്യവസായശാലകൾ

വിദ്യാഭ്യാസ ലക്ഷ്യങ്ങളെക്കാളുപരി നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നയിച്ചുകൊണ്ടിരിക്കുന്നത് പരീക്ഷാ ലക്ഷ്യങ്ങളാണ്. വിദ്യാഭ്യാസമേഖലയിൽ പരീക്ഷ എന്ന ഘടകം പുലർത്തുന്ന അപ്രമാദിത്വം വളരെ വ്യക്തമാണ്.

പരീക്ഷയെ സഹായിക്കുന്ന ഇത്തരത്തിലുള്ള ഒരു വ്യാവസായം നിലനിൽക്കുന്നു എന്ന യാഥാർഥ്യം നിലനിൽക്കുമ്പോൾ തന്നെ പരീക്ഷ എന്ന ആശയം തന്നെ ഒരു പുതു വ്യവസായമായി മാറുന്ന കാഴ്ചയാണ് കോവിഡാനന്തര കാലഘട്ടത്തിന്റെ സംഭാവന.

അതുകൊണ്ടുതന്നെ പരീക്ഷയെ സംബന്ധിക്കുന്ന ഒരു സമ്പദ് വ്യവസ്ഥ വിദ്യാഭ്യാസത്തോടനുബന്ധിച്ച് രൂപപ്പെട്ടു വന്നിട്ടുണ്ട്. പൊതുഖജനാവിൽനിന്ന് വിദ്യാഭ്യാസത്തിന് ചെലവാക്കുന്ന തുകയേക്കാൾ കൂടുതൽ വ്യക്തികൾ മൊത്തത്തിൽ പരീക്ഷയ്ക്ക് ചെലവാക്കുന്നുണ്ട്. പരീക്ഷയിൽ ഉയർന്ന റാങ്ക് വാങ്ങുന്നതിന്​ സഹായിക്കുന്ന പഠന സഹായികൾ, ലോണിന് ആപ്പുകൾ, ട്യൂഷൻ ക്ലാസുകൾ, കോച്ചിങ് ക്ലാസുകൾ എന്നിവക്ക്​ ചെലവാക്കുന്ന മൊത്തം തുക ഗവൺമെന്റിന്റെ വിദ്യാഭ്യാസ ബഡ്ജറ്റിനേക്കാൾ കൂടുതലാണ് എന്നത് പച്ചയായ യാഥാർത്ഥ്യമാണ്. പരീക്ഷയെ സഹായിക്കുന്ന ഇത്തരം ഒരു വ്യവസായം നിലനിൽക്കുമ്പോൾ തന്നെ പരീക്ഷ എന്ന ആശയം തന്നെ ഒരു പുതു വ്യവസായമായി മാറുന്ന കാഴ്ചയാണ് കോവിഡാനന്തര കാലഘട്ടത്തിന്റെ സംഭാവന. പരീക്ഷ വ്യവസായം ഇപ്പോൾതന്നെ നിലനിൽക്കുന്നുണ്ട്. ഇതിനുള്ള മികച്ച ഉദാഹരണമാണ് സി.ബി.എസ്.ഇ രാജ്യത്തുടനീളം നടത്തിയിരുന്ന നീറ്റ്, യു.ജി.സി പരീക്ഷകൾ. സി.ബി.എസ്.ഇ സ്‌കൂൾ അധ്യാപകർ, ബോധനം എന്നതുപോലെതന്നെ ഇത്തരം പരീക്ഷകൾ നടത്തിക്കുന്നതിലും പ്രാഗല്ഭ്യം ഉള്ളവരാണ്. മിക്കവാറും ശനി, ഞായർ ദിവസങ്ങളിൽ ഇത്തരം പ്രവേശന പരീക്ഷകൾക്കും, അതുപോലെ, തൊഴിലിനുള്ള മറ്റു പരീക്ഷകളും നടത്തേണ്ട ചുമതല സി.ബി.എസ്.ഇ സ്‌കൂളുകൾക്ക് ഉണ്ടാവാറുണ്ട്. ഇത് വലിയൊരു സാമ്പത്തിക സ്രോതസാണ് എന്നതുകൊണ്ടുതന്നെ സ്‌കൂളുകളും അധ്യാപകരും ഇതിനെ സഹർഷം സ്വാഗതം ചെയ്യുകയാണ് പതിവ്.

മുമ്പ്​ സൂചിപ്പിച്ചതുപോലെ കോവിഡ് ഈ വ്യവസായത്തിന് ഒരു രാസത്വരകമായി മാറുകയാണ്. ഓൺലൈൻ കോഴ്‌സുകളും മൂക്ക് പ്രോഗ്രാമുകളും വ്യാപകമാവുന്നതോടെ ഡിജിറ്റലായ പ്രൊകറ്റേർഡ് പരീക്ഷകൾക്ക് ആവശ്യം പതിന്മടങ്ങാകും. നൂറു കമ്പ്യൂട്ടറുകൾ വാങ്ങിവെച്ചാൽ മാസവും ചുരുങ്ങിയത് ശരാശരി അഞ്ച് പരീക്ഷ വച്ചെങ്കിലും നടത്തി നല്ല തുക നേടിയെടുക്കാൻ സ്ഥാപനങ്ങൾക്ക് സാധിക്കും.

റെഗുലറായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തി പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് കൂടുതൽ ഫീസ് അടക്കം വാങ്ങുന്ന രീതിയിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവർമെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തന്നെ സ്വകാര്യ കോഴ്‌സുകളും മാറാം

ലൈബ്രറികളും കളിസ്ഥലങ്ങളും മറ്റുമാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ പൊതുജനങ്ങൾക്കിടയിൽ അടയാളപ്പെടുത്തുന്ന പ്രധാന ഘടകങ്ങൾ. ഇതിൽ നിന്നു മാറി പരീക്ഷാ നടത്തിപ്പു കേന്ദ്രങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാണുന്ന പൊതു കാഴ്ചപ്പാട് അക്കാദമികതയെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഡംബരമാക്കി മാറ്റും. അക്കാദമികത തിരിച്ചു പിടിച്ചു കൊണ്ട് മാത്രമേ ഇത്തരം അപകടങ്ങളിൽ നിന്ന്​ രക്ഷപ്പെടാനാകൂ. കാമ്പസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സമൂഹം നേരിടുന്ന വിവിധ തരം പ്രശ്‌നങ്ങളെ ശാസ്ത്രത്തി​ന്റെയും മാനവികതയുടെയും കാഴ്ചപ്പാടിലൂടെ ചർച്ച ചെയ്യുന്ന പ്രധാന വേദികളായി പൊതുസമൂഹത്തിന് അനുഭവവേദ്യമാകുന്ന അവസ്ഥ കോവിഡാനന്തര കാലഘട്ടത്തിൽ വിദ്യാഭ്യാസത്തെ തിരിച്ചു പിടിക്കുന്നതിനുള്ള പ്രതിരോധ പ്രവർത്തനമായി മാറ്റേണ്ടതുണ്ട്.

രണ്ടുതരം വിദ്യാർത്ഥികൾ

റെഗുലറായി കോളേജ് പഠനം പൂർത്തിയാക്കാൻ സാധിക്കാതെ വരുന്ന വലിയ വിഭാഗം വിദ്യാർത്ഥികൾ ആശ്രയിച്ചിരുന്നത് പരലൽ കോളേജുകളെയും വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആണ്. എന്നാൽ ‘മൂക്ക്’ കോഴ്‌സുകളുടെ വ്യാപനവും അറ്റന്റൻസ് നിർബന്ധങ്ങളും ഇല്ലാതാകുന്നതോടെ റെഗുലർ ആയി പഠിക്കുക എന്നത് തൊഴിൽ വിപണിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്തിനുള്ള അഭികാമ്യ (desirable ) യോഗ്യതയായി മാറാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ റെഗുലറായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തി പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് കൂടുതൽ ഫീസ് അടക്കം വാങ്ങുന്ന രീതിയിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവർമെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തന്നെ സ്വകാര്യ കോഴ്‌സുകളും മാറാം. ചുരുക്കത്തിൽ, ദിവസവും കോളേജിൽ പോയി പഠിക്കുക എന്നത് ആഡംബരമായി വരുംകാലങ്ങളിൽ കണക്കാക്കപ്പെടാം.

സാമ്പത്തികമായ അതിർവരമ്പുകളിലൂടെ വിദ്യാർഥികൾ രണ്ടായി തിരിക്കപ്പെടാം. ഒരു വിഭാഗം, സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ സ്‌കൂളുകളിലും കോളേജുകളിലും റെഗുലറായി പഠിച്ച് ബിരുദം നേടുന്നവർ. മറ്റൊരു വിഭാഗം, സാമ്പത്തിക ബുദ്ധിമുട്ടുമൂലം ഓൺലൈൻ സാധ്യതകളിലൂടെ പഠിക്കുന്നവർ

സാമ്പത്തികവും ശാരീരികവും അടക്കമുള്ള മറ്റു പല കാരണങ്ങളാലും കോളേജുകളിൽ റെഗുലറായി പഠിക്കാൻ എത്താൻ പറ്റാത്തവർ ഈ പ്രിവിലേജ് സൊസൈറ്റിയുടെ പുറത്താകും. ചുരുക്കിപ്പറഞ്ഞാൽ സാമ്പത്തികമായ അതിർവരമ്പുകളിലൂടെ വിദ്യാർഥികൾ രണ്ടായി തിരിക്കപ്പെടാം. ഒരു വിഭാഗം, സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ സ്‌കൂളുകളിലും കോളേജുകളിലും റെഗുലറായി പഠിച്ച് ബിരുദം നേടുന്നവർ. മറ്റൊരു വിഭാഗം, സാമ്പത്തിക ബുദ്ധിമുട്ടുമൂലം ജോലിക്കും മറ്റും പോകേണ്ടതിനാൽ മൂക്കു വഴിയും അഥവാ റെഗുലർ കോളേജുകളിൽ എൻറോൾ ചെയ്തവർ കൂടുതലും ഓൺലൈൻ സാധ്യതകളിലൂടെയും പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ എന്നിങ്ങനെ. സാമൂഹ്യവും സാമ്പത്തികവുമായ അതിർവരമ്പുകൾ ഇല്ലാതാക്കുന്നതിൽ ഒരു വലിയ പങ്ക് നമ്മുടെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഹിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. വ്യത്യസ്തതകളുള്ള വിഭാഗങ്ങളെ ഒരു പൊതു ഇടത്തിൽ സാമൂഹികമായി ഇടപഴകുന്നതിന് സഹായിക്കുന്നത് വഴിയാണ് വലിയൊരളവുവരെ ഇത് സാധിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള പൊതു ഇടങ്ങൾ എന്ന സങ്കല്പം നിർബന്ധമല്ലാതാകുന്നത് ഭാവി സമൂഹത്തെ സംബന്ധിച്ച്​ അപായ സൂചന നൽകുന്നുണ്ട്.

വ്യത്യസ്തതകളുള്ള വിഭാഗങ്ങളെ ഒരു പൊതു ഇടത്തിൽ സാമൂഹികമായി ഇടപഴകുന്നതിന് സഹായിച്ചത് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. പൊതു ഇടങ്ങൾ എന്ന സങ്കൽപം നിർബന്ധമല്ലാതാകുന്നത് ഭാവി സമൂഹത്തെ സംബന്ധിച്ച് അപായ സൂചന നൽകുന്നു / ഫോട്ടോ: മുഹമ്മദ് ഫാസിൽ

ജോലി ചെയ്ത് പഠിക്കേണ്ടി വരുന്നത് ഭരണകൂടങ്ങൾ വിദ്യാർഥികളുടെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് ഒഴിഞ്ഞുമാറുമ്പോഴാണ്. അതുകൊണ്ടുതന്നെ ജോലിചെയ്തു പഠിക്കുക എന്ന സുന്ദരമായ കോർപ്പറേറ്റ് ആശയം തങ്ങളുടെ പൗരന്മാരെ വിദ്യാഭ്യാസം ചെയ്യിക്കുക എന്ന ഉത്തരവാദിത്വത്തിൽ നിന്ന്​ഒളിച്ചോടുന്നതിന് വഴിയൊരുക്കി കൊടുക്കുകയാണ്. വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച്​ കോവിഡ് ഒരു ബിസിനസ് വൈറസ് ആയിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം നിലനിന്നിരുന്ന വ്യാവസായിക താൽപര്യങ്ങളെ ത്വരിതപ്പെടുത്തുകയും ലെജിറ്റമൈസ് ചെയ്യുകയുമാണ് കോവിഡ് കാലഘട്ടം വിദ്യാഭ്യാസത്തിൽ ഉണ്ടാക്കുന്ന ഒരു പ്രധാന മാറ്റം. ഇത് സാധ്യമാകുന്നത് സ്വാതന്ത്ര്യം, സ്വയംപര്യാപ്തത തുടങ്ങിയ അവിതർക്കിതമായ ആശയങ്ങളെ വ്യാവസായികമായ രീതിയിൽ പുനർനിർവചനം ചെയ്താണ്​. അത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മുൻപോട്ടു വെയ്ക്കുന്നത് സ്വാതന്ത്ര്യത്തിന്റെ വലിയ ഒരു ലോകമാണ്. വിദ്യാർഥികൾക്ക് തങ്ങളുടെ സൗകര്യമനുസരിച്ച് ക്ലാസ്​ അറ്റൻഡ് ചെയ്യുന്നതിനും പരീക്ഷ എഴുതുന്നതിനും മറ്റുമുള്ള സൗകര്യവും അധ്യാപകർക്ക് തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് പുതിയ കോഴ്‌സുകൾ വിഭാവനം ചെയ്യുന്നതിനും അവതരിപ്പിക്കുന്നതിനും മറ്റുമുള്ള സൗകര്യങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാവും. ഈ സ്വാതന്ത്ര്യം മത്സരാത്മകതയെ അതിനുള്ള വിലയായി ആവശ്യപ്പെടും. പൂർണമായും സ്വതന്ത്രമായ ഒരു വിദ്യാഭ്യാസപ്രക്രിയ ആസ്വദിക്കുവാനുള്ള അവസരം ലഭ്യമാക്കുക വഴി തങ്ങളുടെ പ്രവൃത്തിയുടെ മുഴുവൻ ഉത്തരവാദിത്വവും അധ്യാപകർക്കും വിദ്യാർഥികൾക്കും സ്വയം ഏറ്റെടുക്കേണ്ടതായിവരും. ഇതിലൂടെ പരസ്പരം മത്സരിക്കുന്ന അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സമൂഹമാണ് ഉരുത്തിരിഞ്ഞു വരുന്നത്. സ്വാതന്ത്ര്യം എന്ന ആശയത്തിന് പുത്തൻ അർത്ഥമാണ് വിദ്യാഭ്യാസ ലോകത്ത് കോവിഡാനന്തര കാലഘട്ടം വിനിമയം ചെയ്യുന്നത്. ഈ സ്വാതന്ത്ര്യം പേടിപ്പെടുത്തുന്നതാണ്! ▮


അമൃത് ജി. കുമാർ

സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കേരളയിലെ സ്‌കൂൾ ഓഫ് എഡ്യുക്കേഷനിൽ പ്രഫസർ. വിദ്യാഭ്യാസമെന്ന ആസൂത്രിത കലാപം, Factors Relating to Information Skills എന്നിവയാണ് കൃതികൾ

Comments