ഇക്കൊല്ലം ക്ലാസുണ്ടാകുമോ, പരീക്ഷയുണ്ടാകുമോ?

കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ സീറോ അക്കാദമിക് വർഷത്തിനുവേണ്ടി ആവശ്യം ശക്തമാകുകയാണ്. ഡിജിറ്റൽ വിദ്യാഭ്യാസം യഥാർഥ ക്ലാസ് മുറികളുടെ അനുകരണം മാത്രമാകുകയാണ്. മാത്രമല്ല, ഡിജിറ്റൽ ഉപകരണങ്ങളുടെ പ്രാപ്യത സമൂഹത്തിൽ വലിയ വിടവിന് കാരണമായി തുടരുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ പ്രക്രിയ ഡിജിറ്റൽ സങ്കേതങ്ങളിലൂടെ പൂർണതയിൽ നൽകുന്നതിന് സാധിച്ചിട്ടില്ല എന്നത് വസ്തുതയാണ്. ഈ സാഹചര്യത്തിലാണ് ഈ വർഷം ശൂന്യ അക്കാദമിക് വർഷമായി കണക്കാക്കണം എന്ന ആവശ്യം ഉയരുന്നത്

സീറോ അക്കാദമിക് വർഷത്തെക്കുറിച്ച്​ ഒരു ചർച്ച വിദ്യാഭ്യാസ രംഗത്ത് കടന്നുവരുന്നതുതന്നെ ആദ്യമായാണ്. വർഷങ്ങളിലൂടെ ക്രമാനുഗതമായി പുരോഗമിക്കുന്ന രീതിയിലാണല്ലോ വിദ്യാഭ്യാസ പ്രക്രിയ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഇങ്ങനെയാണ് ഒരു വിദ്യാർഥി ഒന്നുമുതൽ പത്തുവരെയും അവിടെനിന്നും ഉന്നതവിദ്യാഭ്യാസത്തിന് അടുത്ത തലങ്ങളിലേക്കും പുരോഗമിക്കുന്നത്. ഓരോ അധ്യയന വർഷവും വിദ്യാർത്ഥി പഠനബോധന പ്രവർത്തനങ്ങളിലൂടെ നേടുന്ന വൈജ്ഞാനിക ശേഷി അടുത്ത വർഷത്തേക്കുള്ള അടിത്തറയായാണ് മാറുന്നത്. അതുകൊണ്ടുതന്നെ ഓരോ ഘട്ടവും ഉയർന്ന ഘട്ടങ്ങളിലേക്ക് പോകാൻ വേണ്ട അനിവാര്യതയാണ്. എന്നാൽ വിദ്യാർത്ഥിക്ക് ഒരു അക്കാദമിക വർഷം വിജയകരമായി പൂർത്തിയാക്കാൻ സാധിക്കാതെ വന്നാൽ അവർക്ക് ഉയർന്ന തലങ്ങളിലേക്ക് പോകുന്നതിന് തടസം ഉണ്ടാക്കുന്നു. എന്നാൽ സമൂഹത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഇത് സാധിക്കാതെ വരുന്ന അവസ്ഥയിൽ എന്ത് ചെയ്യും എന്നതാണ് കോവിഡ് ചോദിക്കുന്ന ചോദ്യം. ഇവിടെയാണ് സീറോ അക്കാദമിക് വർഷം എന്ന ചർച്ച കടന്നുവരുന്നത്. ഒരു വർഷത്തെ പഠന ബോധന പ്രക്രിയയെ അടുത്ത ഘട്ടത്തിലേക്കെത്തിച്ചേരുന്നതിനുള്ള അനിവാര്യവും നിർണായകവുമായ അവസ്ഥയിൽ നിന്ന് റദ്ദു ചെയ്യുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. അതായത് വിദ്യാർത്ഥികൾ യാതൊരു സ്‌ക്രീനിങ് സംവിധാനങ്ങളുമില്ലാതെ അടുത്ത ഘട്ടത്തിലേക്കെത്തുന്നതിന്​ യോഗ്യതക്കർഹരാകുന്നു. പഠനബോധന പ്രക്രിയ കാര്യക്ഷമമായി നടത്താൻ പറ്റാത്ത സാഹചര്യത്തിൽ ഇത്തരത്തിൽ ഒരർഹത എല്ലാവർക്കുമുണ്ടാകുകയെന്നതാണ് സീറോ അക്കാദമിക് വർഷം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ, പഠനബോധന പ്രവർത്തങ്ങളുടെയും അതിന്റ പൂർണതയിൽ നടത്തപ്പെടുന്ന യോഗ്യതനിർണയത്തിന്റെയും നിബന്ധനകൾ ഇല്ലാതെ എല്ലാവർക്കും അടുത്ത തലത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അവകാശം നൽകുന്നതിനെ ശൂന്യ അക്കാദമിക വർഷം എന്നു പറയാം.

പരീക്ഷയില്ലാതെ പ്രമോഷനോ?

അപ്പോൾ യോഗ്യതയില്ലാത്തവരടക്കം അർഹത നേടില്ലേ എന്ന ചോദ്യം സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ യോഗ്യത നിർണയിക്കുന്നതിനുള്ള ചിന്തകളും ചർച്ചകളും ഉണ്ടാകണ്ടതുണ്ട്. കഴിഞ്ഞ വർഷങ്ങളിലെ അതേ ഗ്രേഡ് അല്ലെങ്കിൽ മുൻ പരീക്ഷകളിലെ ഗ്രേഡ് ഉപയോഗിച്ച് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നിർണയിക്കുകയാണ് ഒരു പ്രധാന മാർഗം. എന്നാൽ ഭൂതകാലത്തിലെ പഠന നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ ഒരു വിദ്യാർത്ഥിയുടെ, വർത്തമാനകാലത്ത് നേടാൻ സാധ്യതയുള്ള പഠനനേട്ടത്തെ പ്രവചിക്കാൻ സാധിക്കുമോ എന്ന പ്രധാന ചോദ്യമുണ്ട്. ഓരോ ഘട്ടത്തിലും പഠിപ്പിക്കുന്ന അധ്യാപകർ, വിഷയങ്ങളിലെ വ്യത്യാസം, സഹപാഠികളുടെ സാമീപ്യം എന്നിങ്ങനെ ഒരുപിടി കാരണങ്ങളുടെ അടിസ്ഥാനത്തിൽ പഠനനേട്ടങ്ങൾ മാറിയും മറിഞ്ഞും വന്നേക്കാം.

പഠനബോധന പ്രവർത്തങ്ങളുടെയും അതിന്റ പൂർണതയിൽ നടത്തപ്പെടുന്ന യോഗ്യതനിർണയത്തിന്റെയും നിബന്ധനകൾ ഇല്ലാതെ എല്ലാവർക്കും അടുത്ത തലത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അവകാശം നൽകുന്നതിനെ ശൂന്യ അക്കാദമിക വർഷം എന്നു പറയാം

അപ്പോൾ പിന്നെ മറ്റൊരു സാധ്യത, ഓൺലൈൻ പഠനത്തിന്റെ അടിസ്ഥാനത്തിൽ പഠനനേട്ടം വിലയിരുത്തുക എന്നതാണ്. എന്നാൽ ഓൺലൈൻ പരീക്ഷ എത്രകണ്ട് നീതിയുക്തമായി നടപ്പാക്കപ്പെടുമെന്നുള്ളതിന് ആർക്കും ഒരുറപ്പും നൽകാൻ സാധിക്കില്ല. ഓൺലൈൻ പഠന പ്രക്രിയ തന്നെ എത്രകണ്ട് അപൂർണമാണ് എന്നതിൽ നിന്നാണല്ലോ ശൂന്യഅക്കാദമിക വർഷം എന്ന ചർച്ചയിലേക്ക് നാമെത്തി നിൽക്കുന്നത്. അതുകൊണ്ട് മൂല്യനിർണയവും അതിന്റെ അടിസ്ഥാനത്തിൽ ക്ലാസ് കയറ്റം നിർണയിക്കലും വലിയ ചോദ്യചിഹ്നമായി നിൽക്കുന്നു.

നാം എന്ത് ചെയ്യണം?

നാമെന്തു ചെയ്യണം എന്ന ചോദ്യത്തിനുത്തരം കണ്ടെത്തേണ്ടത് നാം ഇപ്പോൾ എന്ത് ചെയ്തുകൊണ്ടിരിക്കുന്നു എന്നതിൽ നിന്നാണ്. ഓൺലൈൻ വിദ്യാഭ്യാസത്തി​ന്റെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്നത് ക്ലാസ് മുറികളിലുള്ള ബോധനപ്രക്രിയയുടെ ഡിജിറ്റൽ അനുകരണം മാത്രമാണ്. ഒരധ്യാപകൻ/ അദ്ധ്യാപിക ക്ലസ്സെടുക്കുന്നു, അത് കുറെ കുട്ടികൾ പലയിടങ്ങളിലിരുന്ന് കാണുന്നു. ഇത് യഥാർത്ഥ ക്ലാസ് മുറിയുടെ മാത്രമല്ല ഡിജിറ്റൽ ബോധനത്തിന്റെയും വികൃതാനുകരണമാണ്. ഡിജിറ്റൽ സംവിധാനം വിഭാവനം ചെയ്തിട്ടുള്ളതുതന്നെ വ്യക്തിഗതമായ പഠനത്തെ സഹായിക്കുന്ന തരത്തിലാണ്. വ്യക്തി അല്ലെങ്കിൽ വിദ്യാർത്ഥി അവർക്ക് ആവശ്യമുള്ളിടത്തേക്ക് എത്തിച്ചേരുകയാണ് ഈ സംവിധാനം ആവശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ പഠിതാവിന്റെ ആവശ്യവും താൽപര്യവും ഡിജിറ്റൽ പഠനത്തിന് അടിസ്ഥാന ചേരുവയാണ്. എന്നാൽ നാമിപ്പോൾ ചെയ്യു​ന്നത് കുറെ പഠനവസ്തുക്കളുമായി വിദ്യാർത്ഥികളുടെ പുറകെ ചെന്ന് അവരെ പഠിപ്പിക്കുകയാണ്. മാത്രമല്ല, ക്ലാസ്സ് മുറികളിൽ പഠിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന അതെ പ്രക്രിയയുടെ പുനരാവർത്തനമാണ് ഡിജിറ്റൽ ആയി നടത്താൻ ശ്രമിക്കുന്നത്. ഇത് വിദ്യാർത്ഥികളിൽ മടുപ്പും വിരസതയുമുണ്ടാക്കാൻ സാധിക്കുമെന്നല്ലാതെ വിചാരിക്കുന്ന ഫലമുണ്ടാക്കില്ല.

സിലബസ്​ വെട്ടിക്കുറ​ക്കേണ്ടത്​ എങ്ങനെ?

സിലബസിന്റെ ഭാരം കുറയ്ക്കുകയാണ് അടിയന്തിരമായി ചെയ്യേണ്ട കാര്യം. കുറഞ്ഞ സിലബസായിരിക്കണം ഈ വർഷവും അടുത്ത വർഷവും വിദ്യാർത്ഥികൾ പഠിക്കേണ്ടത്. അതായത്, കുട്ടികൾ ഈ വർഷം മാത്രമല്ല അടുത്ത വർഷവും ചുരുങ്ങിയ സിലബസ് മാത്രം പഠിക്കുന്നുവെന്നർത്ഥം. ഇതിന്റെ കാരണം, സിലബസ് ക്രമീകരിച്ചിരിക്കുന്നത് ശ്രേണീഘടനയിലാണ് എന്നതാണ്. ഈവർഷം പഠിക്കുന്നവ അടുത്ത വർഷത്തേക്ക് അടിത്തറയാവേണ്ടവയാണ്. അതുകൊണ്ട് ഈ വർഷം അവ പഠിക്കാതെ വരുമ്പോൾ അടുത്ത വർഷവും ക്രമാനുഗതമായി കുറയേണ്ടിവരും. അല്ലെങ്കിൽ അടിസ്ഥാനങ്ങളില്ലാത്ത അവസ്ഥയിൽ അടുത്ത വർഷം വിദ്യാർത്ഥി കഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും.
കുറെ അധ്യായങ്ങൾ വെട്ടിക്കളഞ്ഞാൽ അത് സിലബസ് കുറക്കുന്നതിന് തുല്യമാകുമോ? ഇല്ല. അങ്ങനെ ചെയ്യുന്നത് അശാസ്ത്രീയ മാർഗമായി പോയേക്കാം. തീർത്തും അനിവാര്യമല്ലാത്ത ഭാഗങ്ങൾ ഒഴിവാക്കാം. സിലബസിൽ ഉൾപ്പെട്ടിട്ടുള്ള സൂക്ഷ്മഅറിവുകളെ ആശയാടിസ്ഥാനത്തിൽ പുനർനിർമിക്കുകയാണ്​ വേണ്ടത്​. ആശയങ്ങളും തത്വങ്ങളും മാത്രമായി

കുറെ അധ്യായങ്ങൾ വെട്ടിക്കളഞ്ഞാൽ അത് സിലബസ് കുറക്കുന്നതിന് തുല്യമാകുമോ? ഇല്ല. അങ്ങനെ ചെയ്യുന്നത് അശാസ്ത്രീയ മാർഗമായി പോയേക്കാം

സിലബസിനെ ചുരുക്കി ഉദാഹരണ സഹിതം വിദ്യാർത്ഥികളിലേക്കെത്തിക്കാൻ സാധിക്കണം. മൂല്യനിർണയം നടത്തേണ്ടത് അറിവ് കുട്ടികൾ നേടിയിട്ടുണ്ടോ എന്നറിയുന്നതിനാകരുത്, മറിച്ച് ഈ ആശയങ്ങൾ വിദ്യാർത്ഥി നേടിയിട്ടുണ്ടോ എന്നറിയുന്നതിനാവണം. ഇത് ശൂന്യ അക്കാദമിക വർഷത്തെ ലീന അകാദമിക വർഷമാക്കി (Latent academic year) പരിവർത്തിപ്പിക്കുന്നതിനു തുല്യമാകും.

ലീന അക്കാദമികവർഷം തരുന്ന സാധ്യതകൾ

കോവിഡ് കാലത്ത് നാം നേരിടാൻ പോകുന്ന ശൂന്യവർഷത്തിൽ മാത്രമല്ല ഏതുകാലത്തും പരീക്ഷയെ ആസ്വാദ്യകരമായ പ്രവർത്തനമാക്കി മാറ്റാനുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു. അതിനുള്ള നല്ല അവസരമാണ് കോവിഡ്. ഈ തവണത്തെക്കെങ്കിലും തുറന്ന പരീക്ഷാസമ്പ്രദാത്തിലെ പ്രധാനമാർഗ്ഗങ്ങളിൽ ഒന്നായ take home examinations അല്ലെങ്കിൽ ഗൃഹപരീക്ഷകളെ കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു.
തുറന്ന പരീക്ഷാസമ്പ്രദായത്തിന്റെ വകഭേദമാണ് ഗൃഹ പരീക്ഷകൾ. ഏതു സ്രോതസ്സുകളുടെയും സഹായത്തോടെ വിദ്യാർത്ഥിക്ക് പരീക്ഷ എഴുതാനുള്ള അവസരം ഗൃഹ പരീക്ഷയിലുണ്ടാവും. ഇന്റർനെറ്റ്, പാഠപുസ്തകം, റഫറൻസ് പുസ്തകങ്ങൾ, മുതിർന്നവരോട് സംസാരിക്കൽ, എന്നിങ്ങനെ ഏതുതരം സ്രോതസ്സും വിദ്യാർത്ഥിക്ക് പരീക്ഷ എഴുതുന്ന സമയത്ത് ആശ്രയിക്കാം. ഉയർന്ന ഗുണനിലവാരം പുലർത്തുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങളുള്ള പല രാജ്യങ്ങളിലും തുറന്ന പരീക്ഷാസമ്പ്രദായവും ഗൃഹ പരീക്ഷകളും വിജയകരമായി നടപ്പാക്കുന്നുണ്ട്. എന്നാൽ കോപ്പിയടിയുടെ പര്യായം എന്ന നിലയിലായിരിക്കും തുറന്ന പരീക്ഷാസമ്പ്രദായം, ഗൃഹ പരീക്ഷ എന്നിവയെക്കുറിച്ച് പറയുമ്പോൾ ശരാശരി മലയാളിയുടെ ആദ്യ പ്രതികരണം. എന്നാൽ വിദ്യാർഥികളുടെ ഉയർന്ന ധൈഷണിക ശേഷി വിലയിരുത്തുന്നതിനുള്ള ഏറ്റവും ശക്തമായ മാർഗമായിട്ടാണ് ഇവ രണ്ടും ലോകമെങ്ങും അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

ഈ തവണത്തെക്കെങ്കിലും തുറന്ന പരീക്ഷാസമ്പ്രദാത്തിലെ പ്രധാനമാർഗ്ഗങ്ങളിൽ ഒന്നായഗൃഹ പരീക്ഷകളെ കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു

എന്നാൽ ഇത്തരത്തിലുള്ള ഗൃഹ പരീക്ഷാ സമ്പ്രദായം നൽകുന്നതിന് മുന്നോടിയായി അധ്യാപക പരിശീലനം നൽകേണ്ടതുണ്ട്. കാരണം, സാമ്പ്രദായിക ചോദ്യങ്ങൾ ഗൃഹ പരീക്ഷയിൽ ഇട്ടാൽ കോപ്പിയടിക്കുന്നതിനും മറ്റും സാധ്യത വലുതാണ്. വിവര സാങ്കേതിക വിദ്യയുടെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഗൂഗിളിൽ തിരഞ്ഞാൽ കാണാൻ സാധിക്കുന്നത് ഉത്തരങ്ങളുടെ കൂമ്പാരങ്ങളാണ്. എന്നാൽ, ഈ ഉത്തരങ്ങൾ ആര് തയ്യാറാക്കി, ഈ ഉത്തരങ്ങൾക്ക് വേണ്ടിയുള്ള ചോദ്യങ്ങൾ ആര് ചോദിച്ചു എന്നൊന്നും പുതുതലമുറയ്ക്ക് കൃത്യമായ അവഗാഹമില്ല. അറിവിന്റെ ലഭ്യതയല്ല, അറിവിന്റെ ധാരാളിത്തമാണ് നാമിന്ന് നേരിടുന്ന പ്രധാന വെല്ലുവിളി. അതുകൊണ്ടുതന്നെ ഈ കാലഘട്ടം ആവശ്യപ്പെടുന്ന ഏറ്റവും പ്രധാന കഴിവ്, ചോദ്യങ്ങൾക്ക് ഉത്തരം ഓർത്തിരിക്കുക എന്നതല്ല, മറിച്ച് ഓരോ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ എവിടെനിന്ന് എങ്ങനെ സംഗ്രഹിച്ച് നമുക്ക് ആവശ്യമായ രീതിയിൽ ഉപയോഗിക്കണം എന്നതാണ്. എന്നാൽ നമ്മുടെ പരീക്ഷ സമ്പ്രദായത്തിൽ, ഇത്തരത്തിൽ വിവരങ്ങൾ കണ്ടെത്തി വിശകലനം ചെയ്ത് തങ്ങളുടെ ആവശ്യങ്ങൾക്കനുയോജ്യമായ രീതിയിലല്ല ഇപ്പോൾ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. കാണാതെ പഠിച്ച് ഉത്തരക്കടലാസിൽ ഛർദ്ദിക്കുന്ന രീതിയിലുള്ള പഠനത്തിന് തുറന്ന പരീക്ഷ സമ്പ്രദായത്തിൽ സാംഗത്യമില്ല എന്നത് വ്യക്തമാണല്ലോ. അതുകൊണ്ടുതന്നെ വിദ്യാർഥികളുടെ പരീക്ഷക്കുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ, കാണാതെ പഠനം എന്നതിൽനിന്ന് വിവരങ്ങൾ വേഗം കണ്ടെത്തുന്നതിനും, കണ്ടെത്തിയ വിവരങ്ങളെ സംഗ്രഹിക്കുന്നതിനും, അവയെ വിശകലനം ചെയ്യുന്നതിനും അവയെ തന്റെ മുന്നിലുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എന്ന രീതിയിൽ പുനർ രചിക്കുന്നതിനും പ്രാപ്തരാക്കുന്ന രീതിയിലുള്ള പഠനത്തിന് അവരെ സജ്ജരാക്കും.

വേണം, മാറ്റം

നിലനിൽക്കുന്ന പരീക്ഷാ സമ്പ്രദായത്തിൽ മാറ്റേണ്ടതായ അടിസ്ഥാന ഘടകങ്ങളുണ്ട്. ഒന്നാമത്, ചോദ്യങ്ങളുടെ ശൈലിയാണ്. ഒബ്ജക്ടിവ് ചോദ്യങ്ങളും സാമ്പ്രദായിക രീതിയിൽ ഉപന്യാസങ്ങൾ എഴുതാൻ പറയുന്നതും തുറന്ന പരീക്ഷാ സമ്പ്രദായത്തിന്റെ രീതിയല്ല. അതിനുള്ള കാരണം, അവയുടെ ഉത്തരം ഇന്റർനെറ്റിൽ നിന്നും മറ്റു പുസ്തകങ്ങളിലും നിന്ന് പെട്ടെന്ന് കണ്ടെത്താൻ സാധിക്കും എന്നതാണ്. മറിച്ച്, തുറന്ന പരീക്ഷ സമ്പ്രദായത്തിലെ ചോദ്യങ്ങൾ കൂടുതലും ഉണ്ടാകേണ്ടത് വിമർശനാത്മകത, വിശകാലാനാത്മകത, ക്രിയാത്മകത എന്നിങ്ങനെയുള്ള ശേഷികളുടെ വിലയിരുത്തലിനുവേണ്ടിയാവണം.
ഇത്തരം ചോദ്യങ്ങൾ തയ്യാറാക്കുമ്പോൾ അധ്യാപകർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പുസ്തകങ്ങളിൽ നിന്നും, അറിവിന്റെ സ്രാതസ്സുകളിൽ നിന്നും എടുത്ത് എഴുതാൻ പറ്റുന്ന ചോദ്യങ്ങൾ ചോദിക്കാൻ പാടില്ല. അറിവിന്റെ പ്രയോഗം, വ്യാഖ്യാനം, വിശകലനം, വിമർശനാത്മക, സർഗ്ഗാത്മകത, പ്രശ്‌നപരിഹരണ ശേഷി എന്നിവ മനസിലാക്കുന്നതിനുള്ള ചോദ്യങ്ങൾ ആയിരിക്കണം ചോദിക്കേണ്ടത്. പാഠ്യവസ്തുവിനെ പ്രശ്‌നവൽക്കരിച്ച് അവയോടുള്ള വിദ്യാർഥികളുടെ സമീപനം, അഭിപ്രായം, നിരീക്ഷണങ്ങൾ, അത്തരം സാഹചര്യങ്ങളിൽ തങ്ങളുടെ പ്രതികരണങ്ങൾ എന്നിവ മനസ്സിലാകുന്ന തരത്തിലുള്ള ചോദ്യങ്ങളും ഇത്തരം പരീക്ഷകളുടെ

തങ്ങളുടെ ഇടപെടലിലൂടെ അവരുടെ മക്കൾ ഷണ്ഠീകരിക്കപ്പെടുകയാണ് എന്ന കാര്യം മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി രക്ഷാകർത്താക്കൾക്ക് ഉണ്ടാകണം

പ്രത്യേകതകളാണ്. ഈ പറഞ്ഞ തരത്തിലുള്ള ചോദ്യങ്ങളുടെ ഉത്തരം വിവര സ്രോതസ്സുകളിൽ ലഭ്യമായിരിക്കില്ല എന്ന് ഉറപ്പുവരുത്തണം. പരീക്ഷക്ക് മുൻപ് അധ്യാപകൻ തങ്ങളുടെ ചോദ്യങ്ങളുമായി വിവരസ്രോതസ്സുകളിലൂടെ പര്യടനം നടത്തേണ്ടിവരും. അതിനുശേഷം മാത്രമേ ചോദ്യത്തിന്റെ സാധുത ഉറപ്പിക്കാൻ സാധിക്കൂ. അതോടൊപ്പം, ഇത്തരം ചോദ്യങ്ങൾ മൂല്യനിർണയം നടത്തുമ്പോൾ വിദ്യാർഥികളുടെ സ്വതസിദ്ധമായ രചനാരീതി തിരിച്ചറിയുന്ന തരത്തിൽ അധ്യാപകർക്ക് വിദ്യാർഥികളുമായി ബന്ധം ഉണ്ടായിരിക്കണം. മുതിർന്നവരുടെ സഹായം പോലെയുള്ള ബാഹ്യമായ ഇടപെടലുകളെ വലിയൊരളവുവരെ അകറ്റി നിർത്തുന്നതിനും അങ്ങനെ ഉണ്ടായാൽ തന്നെ പെട്ടെന്ന് തിരിച്ചറിയുന്നതിനോ ഈ ബന്ധം അധ്യാപകരെ സഹായിക്കും.
നിശ്ചിത സമയം, നിശ്ചിത എണ്ണം വരികൾ, നിശ്ചിത എണ്ണം വാക്കുകൾ എന്നിങ്ങനെ നിബന്ധനകളിലൂടെയും കാണുന്നത്രയും വാരിവലിച്ചെഴുതുന്ന പ്രവണതയിൽ നിന്ന് വിദ്യാർത്ഥിയെ പിന്തിരിപ്പിക്കാൻ സാധിക്കും. മാത്രവുമല്ല, വിവര പെരുക്കത്തെ തങ്ങൾക്കാവശ്യമുള്ള രീതിയിൽ ഉപയോഗിക്കുന്നതിനും സഹായിക്കും. ഇത് വളരെ ബൗദ്ധിക ആയാസം ആവശ്യമുള്ള ജോലിയാണ്. അതുകൊണ്ടുതന്നെ പഠനം എന്ന പ്രവൃത്തി കാണാപാഠം എന്നതിൽനിന്ന് വിവരത്തിന്റെ കണ്ടെത്തൽ, വിശകലനം, വിമർശനം, വിലയിരുത്തൽ എന്നിങ്ങനെയുള്ള വിവിധ മാനസിക പ്രവർത്തനങ്ങൾ ആയി മാറ്റപ്പെടുന്നു. ആശയങ്ങൾ വിദ്യാർത്ഥികളിലേക്കെത്തിക്കുന്ന രീതിയിൽ സിലബസ് പുതുക്കുന്ന പ്രക്രിയയോട് നീതിപുലർത്തുന്ന രീതിയിൽ മൂല്യനിർണയപ്രക്രിയ നടത്താനാകും എന്നുള്ളത് മാത്രമല്ല, ഭാവിക്ക് മുതൽ കൂട്ടാകുന്ന രീതിയിൽ വിദ്യാഭ്യാസത്തെ പരിവർത്തിപ്പിക്കാനുള്ള സാധ്യത കൂടിയാണ് ഇത്തരത്തിൽ നമുക്കു മുമ്പിലുള്ളത്.

രക്ഷാകർത്താക്കളുടെ ഇടപെടൽ

ഗൃഹ പരീക്ഷാ സമ്പ്രദായത്തിൽ വലിയ വെല്ലുവിളിയായി മാറാൻ സാധ്യതയുള്ളത് രക്ഷാകർത്താക്കളുടെ ഇടപെടലാണ്. വീട്ടിലിരുന്ന് പരീക്ഷ എഴുതുമ്പോൾ ഉത്തരം എഴുതുന്നതിന് വിവരങ്ങൾ കണ്ടെത്തുന്നതിലും, അവ വിശകലനം ചെയ്ത് നൽകുന്നതിലും നല്ല ഭാഷയിൽ ഉത്തരം എഴുതുന്നതിനും രക്ഷകർത്താക്കളുടെ ഇടപെടലുണ്ടാകാം. ഇത്തരത്തിൽ ഇടപെടുന്നവരിൽ നല്ല വിദ്യാഭ്യാസവും കാര്യവിവരവും ഉള്ള രക്ഷകർത്താക്കളുടെ മക്കൾക്ക് കൂടുതൽ മാർക്ക് ലഭിച്ചേക്കാം. തങ്ങളുടെ ഇടപെടലിലൂടെ അവരുടെ മക്കൾ ഷണ്ഠീകരിക്കപ്പെടുകയാണ് എന്ന കാര്യം മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി രക്ഷാകർത്താക്കൾക്ക് ഉണ്ടാകണം. താൽകാലിക മാർക്കുസമ്പാദാനത്തിന് സഹായിക്കുമെങ്കിലും വിദൂരഭാവിയിൽ ഇത്തരം കുട്ടികൾ തൊഴിലടക്കമുള്ള ജീവിതാവിശ്യങ്ങൾക്കുമുന്നിൽ പകച്ചുനിൽക്കും.
കുറ്റങ്ങളും കുറവുകളും എല്ലാ പരീക്ഷ സമ്പ്രദായങ്ങളുടെയും ഭാഗമാണ്. എന്നാൽ അവ പരിഹരിക്കുന്നതിന് ആവശ്യമായ മുൻകരുതൽ എടുക്കുകയും അവയ്ക്ക് അനുയോജ്യമായ മൂല്യവ്യവസ്ഥയെ കെട്ടിപ്പടുക്കുകയും ചെയ്ത് കാലഘട്ടത്തിനനുസൃതമായ പരീക്ഷാ സമ്പ്രദായത്തിലേക്ക് നാം മാറേണ്ടിയിരിക്കുന്നു. അവശ്യഘട്ടങ്ങളിൽ എങ്കിലും ഇത്തരം സാധ്യതകൾ പരീക്ഷണങ്ങൾക്കു വിധേയമാക്കി ഭാവിയിലേക്ക് മൂർച്ച പെടുത്താവുന്ന ഉപകരണങ്ങളാക്കി മാറ്റിയില്ലെങ്കിൽ നല്ലൊരു അവസരം ദുർവിനിയോഗം ചെയ്യുകയാണ് എന്ന് പറയാതിരിക്കാൻ സാധിക്കില്ല.

മുൻ കാലഅനുഭവങ്ങൾ പറയുന്നത്

1300 കളിൽ ഉണ്ടായിരുന്ന കറുത്ത മരണം എന്നറിയപ്പെട്ടിരുന്ന ബ്യുബോണിക് പ്ലേഗ് ആണ് മധ്യകാലഘട്ടത്തിലെ ആദ്യ മഹാമാരി. ഇറ്റലിയിൽ പടർന്നു പിടിച്ച മഹാമാരിയുടെ കാലഘട്ടത്തിൽ ഔപചാരിക വിദ്യാഭ്യാസ പ്രക്രിയ ശൈശവ ദശകളിലായിരുന്നു. അതുകൊണ്ടുതന്നെ സ്ഥാപനവൽകൃത വിദ്യാഭ്യാസം ആദ്യമായി നേരിടുന്ന മഹാമാരി എന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. 1348ൽ പുറപ്പെട്ട ഈ മഹാമാരി യൂറോപ്പിലെ ജനസംഖ്യയുടെ ഏതാണ്ട് 30 ശതമാനത്തെയാണ് കവർന്നത്​. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായും

കോവിഡ് കാലഘട്ടവും വിശ്വാസത്തിൽ നിന്നും അന്ധവിശ്വാസങ്ങളിൽ നിന്നും അറിവിലേക്കും വിജ്ഞാനത്തിലേക്കും ഒരു സാമൂഹിക പറിച്ചുനടലിനും പുതുവൈജ്ഞാനിക സംസ്‌കാരത്തിനുമുള്ള സാധ്യത തുറന്നിടുന്നുണ്ട്

അടച്ചാണ് ആ കാലഘട്ടം പ്രതികരിച്ചത്. വലിയ വിഭാഗം അധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരും മരണത്തിന് കീഴടങ്ങിയതിനാൽ 1350- 1380 കാലത്ത് വിദ്യാഭ്യാസ ഗുണനിലവാരം കുത്തനെ കീഴിലേക്ക് പോയെന്ന്​ വില്യം ജെ. കൗട്ടിനെയുടെ (William J Courtenay) ‘ഗിഫ്റ്റ് ഓഫ് ബ്ലാക്ക് ഡേറ്റ് ഓഫ് ഇംഗ്ലീഷ് ഹയർ എജുക്കേഷൻ’ എന്ന ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്. ബ്ലാക്ക് ഡെത്ത് കാലഘട്ടങ്ങളിൽ വലിയ വിഭാഗം ജനങ്ങൾ വിശ്വാസം മുറുകെ പിടിക്കുന്നതിനും മതപരതയിലേക്ക് തിരികെ പോകുന്നതിനും ശ്രമിക്കുകയുണ്ടായി. എന്നാൽ തീർത്തും നിസ്സഹായരായിരുന്നു പുരോഹിതരും വിശ്വാസ കേന്ദ്രങ്ങളും. ഇത് ജനങ്ങളിൽ പുതുസങ്കേതങ്ങൾ തേടുന്നതിനുള്ള ചിന്തകൾക്ക് വിത്തുപാകുന്നുണ്ട്. ഇതിന്റെ ഫലമായിട്ടാവണം വിദ്യാഭ്യാസവും ശാസ്ത്ര വിജ്ഞാനവും ആണ് ഭാവിക്ക് മുതൽക്കൂട്ട് എന്ന വിശ്വാസം ജനങ്ങളിൽ രൂഢമൂലമാകുന്നത്.

ഇതിന്​ വ്യക്തമായ തെളിവാണ് കറുത്ത മരണം അതിന്റെ ഏറ്റവും വികൃതമായ മുഖം കാണിച്ച് സംഹാരതാണ്ഡവമാടിയ 1379ൽ തന്നെ ഓക്‌സ്‌ഫോർഡ് സർവകലാശാല പുതിയ കോളേജുകൾ ആരംഭിക്കുന്നത്. ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ കീഴിലുള്ള Pembroke (1347), Gonville and Caius(1349), Trinity Hall(1350) എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാവുന്നത് കറുത്ത മരണം കൊടുമ്പിരികൊണ്ട കാലഘട്ടത്തിലാണ് എന്ന് ഓർക്കേണ്ടതുണ്ട്.
ഇത്തരത്തിൽ കോവിഡ് കാലഘട്ടവും വിശ്വാസത്തിൽ നിന്നും അന്ധവിശ്വാസങ്ങളിൽ നിന്നും അറിവിലേക്കും വിജ്ഞാനത്തിലേക്കും ഒരു സാമൂഹിക പറിച്ചുനടലിനും പുതുവൈജ്ഞാനിക സംസ്‌കാരത്തിനുമുള്ള സാധ്യത തുറന്നിടുന്നുണ്ട്. വിദ്യാഭ്യാസം കൂടുതൽ കരുത്തുറ്റതും പ്രതീക്ഷാനിർഭരവുമായി മാറുന്ന കാഴ്ചയാണ് എല്ലാ പ്രതിസന്ധികളും നമുക്കുവച്ചുതരുന്നത്. എന്നാൽ ഈ സാമൂഹികപ്രതീക്ഷകൾ വിദ്യാഭ്യാസം ശരിയായ രീതിയിൽ അഭിമുഖീകരിക്കുന്നുണ്ടോ എന്ന കാര്യത്തിൽ സംശയങ്ങളുണ്ടാക്കുന്നുണ്ട്. പ്രക്രിയയുടെ അന്തഃസത്ത ചോരാത്ത രീതിയിൽ സാമ്പ്രദായിക രീതികൾ സ്വയം കുടഞ്ഞെറിഞ്ഞ് വിദ്യാഭ്യാസം സ്വാതന്ത്ര്യം നേടേണ്ടതുണ്ട്. അതിനുള്ള സുവർണാവസരമാണ് കോവിഡ് നൽകുന്നത്.
എസ്.സി.ഇ.ആർ.ടിയും സർവകലാശാലകളും ഇത്തരത്തിൽ സിലബസിനേയും മൂല്യനിർണ്ണയ പ്രക്രിയയെയും പുനർനിർമിക്കുന്നതിനുള്ള പ്രവർത്തനം ആരംഭിക്കേണ്ട സമയം അതിക്രമിച്ചു. വെബ്ബിനാറുകൾക്ക് വേണ്ടി ചെലവഴിക്കുന്ന സമയത്തിന്റെ ഒരംശം ഉപയോഗിച്ചാൽ തന്നെ സാധ്യമാകുന്നതാണിത്. ഇത്തരത്തിൽ, പഠനത്തെയും ബോധനത്തെയും പുനർനിർമ്മിക്കാൻ സാധിച്ചാൽ ശൂന്യഅക്കാദമിക വർഷം എന്നതിനെ ലീന പഠന വർഷം എന്ന് വിളിക്കാൻ സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല.


Comments