ഭാവിയുടെ അപക്വമായ കടന്നുവരവിനെക്കുറിച്ച് പരാമർശിച്ചത് ആൽവിൻ റ്റോഫ്ളറാണ്. നൊമാഡിക് ആയ മനുഷ്യനിൽ നിന്നും കൃഷിയിലേക്കും, കൃഷിയിൽനിന്ന് വ്യവസായിക ലോകത്തിലേക്കും അവിടെ നിന്ന് വിവര സമൂഹത്തിലേക്കും യഥാക്രമം മാറ്റത്തിന്റെ സമയം കുറഞ്ഞു കുറഞ്ഞു വരുന്നതായാണ് കാണാൻ സാധിക്കുന്നതെന്ന് ടോഫ്‌ലർ തന്റെ തേർഡ് വേവ് എന്നപുസ്തകത്തിൽപറയുന്നുണ്ട്. സാങ്കേതികവിദ്യയുടെ കടന്നുവരവോടുകൂടി മാറ്റത്തിനാവശ്യമുള്ള സമയം ഒരുപക്ഷേ നെഗറ്റീവ് ആയി പോകാമെന്നും അതുകൊണ്ടുതന്നെ നൂറു വർഷങ്ങൾക്ക് ശേഷം സംഭവിക്കേണ്ടത് ഇന്നോ നാളെയോ സംഭവിച്ചു കൊള്ളാമെന്നും പ്രവചിക്കുന്ന ഉൾക്കാഴ്ചയെ നമുക്ക് നമസ്‌കരിക്കാം.
ഭാവിയുടെ അപക്വമായ കടന്നുവരവ് നമ്മുടെ സമൂഹത്തെയും സമ്പദ് വ്യവസ്ഥയും ഒക്കെ തന്നെ പിടിച്ചുലയ്ക്കാം. ഇത്തരത്തിൽ ഒരു അനുഭവമാണ് കോവിഡ്19 കാലഘട്ടത്തിൽ നാം കണ്ടുകൊണ്ടിരിക്കുന്ന ഓൺലൈൻ സംസ്‌കാരത്തിന്റെ അപ്രതിരോധ്യമായ കടന്നുവരവ്. ഇത് ഏറ്റവുമധികം പ്രകടമായികൊണ്ടിരിക്കുന്നത് വിദ്യാഭ്യാസ രംഗത്താണ്. കോവിഡിന് മുൻപുള്ള കാലഘട്ടത്തിൽ വിദ്യാഭ്യാസരംഗത്ത് നിലനിന്നിരുന്ന പ്രവണതകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ ഏതാണ്ട് പത്തോ ഇരുപതോ വർഷങ്ങൾക്കുള്ളിൽ വിദ്യാഭ്യാസം ഡിജിറ്റൽ കൈപ്പിടിയിൽ ഒതുങ്ങുന്ന അവസ്ഥ വ്യക്തമായിരുന്നു. എന്നാൽ കോവിഡ് കാലഘട്ടം ആ ഒന്നോ രണ്ടോ ദശകങ്ങളെ വെട്ടിക്കുറച്ച് നമ്മുടെ മുൻപിൽ കൊണ്ടുവന്ന് നിർത്തിയിരിക്കുകയാണ്. ഇത്തരത്തിലുള്ള സാഹചര്യങ്ങളിലേക്ക് സമൂഹത്തിനെ പരുവപ്പെടുത്തി എടുക്കുന്നതിന്റെ ഭാഗമായി ഒരു സാമൂഹ്യ ബോധനരീതി (social pedagogy) തന്നെ നിലവിൽ വന്നിട്ടുണ്ട്. ഗവൺമെന്റ് ഔദ്യോഗികമായി ടിവി യിലൂടെയും ഓൺലൈനിലൂടെയും ക്ലാസുകൾ തുടങ്ങുന്നു, യൂട്യൂബ്, സും, ഗൂഗിൾ മീറ്റ് എന്നിങ്ങനെയുള്ള ഓൺലൈൻ സങ്കേതങ്ങൾ കൂടുതൽ ജനകീയവൽക്കരിക്കപ്പടുന്നു, ഡിജിറ്റൽ വിടവ് നികത്തുന്നതിന്റെ ഭാഗമായി ഗവൺമെന്റിനെ കൂടാതെ പൊതുജന പ്രസ്ഥാനങ്ങൾ രൂപീകരിക്കപ്പെടുന്നു, നയരേഖകളിലൂടെയും മറ്റും ഗവൺമെന്റ് പരോക്ഷമായി ആസന്നമായ ഡിജിറ്റൽ ഭാവിയെക്കുറിച്ച് ഉദ്‌ബോധിപ്പിക്കുന്നു എന്നിങ്ങനെ പോകുന്നു സാമൂഹ്യ ബോധനരീതിയുടെ ഇടപെടലുകൾ. ഇതിൽ നയരേഖകളിലൂടെ സർക്കാർ നടത്തുന്ന ഇടപെടലുകൾ കൂുതൽ ഗൗരവത്തോടെ കാണേണ്ടതാണ്. ജനവിരുദ്ധ ഗവർമെന്റെജണ്ടകളെ ഒളിച്ചുകടത്തുന്നതിനുള്ള മാർഗ്ഗങ്ങളായി നയരേഖകൾ വർത്തിക്കുന്നു എന്നുള്ളതിന് ധാരാളം ഉദാഹരണങ്ങൾ നമ്മുടെ മുൻപിലുണ്ട്. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ കോവിഡനന്തര ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിരിക്കുന്ന കരട് നയരേഖ. ഈ കരട് രേഖ കേരളത്തോട് പറയുന്നത് നാം വിദ്യാഭ്യാസരംഗത്ത് സാക്ഷ്യം വഹിക്കുന്ന ഈ ഡിജിറ്റൽ കുതിച്ചു കയറ്റത്തിൽ ഒന്ന് ഉൽക്കണ്ഠപ്പെട്ടുകൊണ്ട് അതങ്ങ് സ്വീകരിച്ചുകൊള്ളൂ എന്നാണ്. പറഞ്ഞുവന്നത്, ഈതരത്തിലുള്ള നീക്കങ്ങളെല്ലാം തന്നെ ജനങ്ങളെ ഡിജിറ്റൽ വിദ്യാഭ്യാസ സംവിധാനത്തോട് പൊരുത്തപ്പെടുന്നതിനുള്ള ഒരു സാമൂഹ്യ ബോധനരീതിയായി ഉപയോഗിക്കപ്പെടുന്നു എന്നാണ്.
സ്‌കൂൾ സാഹചര്യങ്ങളിൽ കോവിഡ് അനന്തരവും നമ്മുടെ വിദ്യാർത്ഥികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തിച്ചേരും എന്നുള്ള കാര്യം ഉറപ്പാണ്. സ്‌കൂളുകളിൽ ഒരു പരിധിയിൽ കവിഞ്ഞ ഓൺലൈൻ വിദ്യാഭ്യാസത്തെക്കുറിച്ച് ആലോചിക്കുന്നതിനും സമയമായിട്ടില്ല എന്നുതന്നെയാണ് അധികാരികളുടെയും അഭിപ്രായം എന്ന് വിശ്വസിക്കുന്നു. എന്നാൽ കോളേജ് തലത്തിൽ എല്ലാം ഓൺലൈൻ ആക്കിയാലോ എന്നുള്ള ചിന്തയും ആലോചനയും വളരെ പ്രബലമാണ്. ഇതിനുള്ള ഏറ്റവും പ്രേരകമായ ഘടകം ഭാവി കാലങ്ങളിൽ ഉണ്ടാകാവുന്ന അധ്യാപക വേക്കൻസികൾ നികത്തേണ്ടതില്ല എന്നുള്ളതും അതുവഴി വലിയ സാമ്പത്തിക ആശ്വാസം ഗവൺമെന്റിനുണ്ടാകും എന്നുള്ളതുമാണ്. അതേപോലെ തന്നെ സുപ്രധാനമാണ് അടിസ്ഥാന സൗകര്യങ്ങളുടെ വർദ്ധനവ് ഇല്ലാതെ തന്നെ ഓൺലൈൻ കോഴ്‌സുകൾ വഴി എൻറോൾമെന്റ് വർധിപ്പിക്കാനാവും എന്നുള്ളത്. ഇത്തരം നേട്ടങ്ങൾ ഉള്ളതുകൊണ്ട് തന്നെ ആവാം ഓൺലൈൻ വിദ്യാഭ്യാസം നമ്മുടെ ദൈനംദിന ജീവിതത്തിലെ ഭാഗമാകേണ്ടതുണ്ട് എന്നുള്ള രീതിയിൽ നമുക്കു പ്രബോധനങ്ങൾ പല വഴികളിലൂടെ വന്നുകൊണ്ടിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ പുറത്തിറക്കിയ കോവിഡ് അനന്തര വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കരട് നയരേഖയിൽ മാനവികവും സാമൂഹ്യ ശാസ്ത്ര വിഷയങ്ങളും അടങ്ങുന്ന വിഷയങ്ങളിലെ ഉന്നതവിദ്യാഭ്യാസം ഓൺലൈൻ ആക്കാം എന്നുള്ള രീതിയിലുള്ള അഭിപ്രായങ്ങൾ, അത് കൗൺസിലിന്റേതല്ലങ്കിൽകൂടി, കടന്നു വരുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ സ്വന്തം അഭിപ്രായം അല്ലെങ്കിൽ ക്കൂടി ഇങ്ങനെ ഒരു കാര്യം ഇവിടെ ഉണ്ട് കേട്ടോ എന്ന് അധ്യാപകരെ അറിയിക്കുന്നതിനു കൂടെ വേണ്ടിയിട്ടാവാം ഇക്കാര്യം കരട് രേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വളരെ സ്‌നേഹത്തോടും സൗഹാർദ്ദത്തോടും കൂടി അധ്യാപകരുടെ ഇടയിലേക്കും സമൂഹത്തിലേക്കും പഴുക്കാൻ വയ്ക്കുന്ന ഒരു പാക്കാണ് നാളെ നയമായി തീരേണ്ട ഈ പരാമർശം. ഇത്തരത്തിൽ ഉട്ടോപ്യൻ എന്ന് തോന്നിയ പല കാര്യങ്ങളും ചർച്ചയ്ക്ക് വേണ്ടി ആദ്യം മുന്നോട്ടു വയ്ക്കുകയും വലിയ പ്രതിഷേധങ്ങൾ നേരിട്ട് കൊണ്ടാണെങ്കിൽ പോലും കാലാന്തരത്തിൽ അവ അനിവാര്യമാണ് എന്നുള്ള തോന്നൽ ഉണ്ടാക്കപ്പെടുകയും ചെയ്യുന്നുണ്ട്.
പഠന സാഹചര്യങ്ങൾ, അത് ഡിജിറ്റൽ ആയാലും അല്ലെങ്കിലും, നിഷ്പക്ഷമല്ല. വിദ്യാഭ്യാസത്തെയും അതിന്റെ സാഹചര്യങ്ങളെയും നിർമ്മിച്ചവരുടെ താത്പര്യങ്ങൾ അതിൽ ഒളിഞ്ഞും തെളിഞ്ഞും പ്രകടമായിക്കൊണ്ടേയിരിക്കും.
ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ബയോമെട്രിക് സംവിധാനങ്ങൾ കോളേജുകളിലും സ്‌കൂളുകളിലും നടപ്പക്കിയത്. തൊണ്ണൂറുകളുടെ അവസാന ദശകത്തിലും മറ്റും ബയോമെട്രിക് അറ്റൻഡൻസ് സംവിധാനങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ അടങ്ങുന്ന നയരേഖകൾ ദേശീയ തലത്തിലും മറ്റും ഉണ്ടായിട്ടുണ്ട്. അന്നത്തെ കാലത്ത് ഗവൺമെന്റ് പോലും ഒരു പത്തു വർഷത്തിനുള്ളിൽ അത്തരമൊരു കാര്യം പ്രയോഗത്തിൽ കൊണ്ടുവരുന്നതിനെക്കുറിച്ച് അലോചിച്ചിട്ടേയുണ്ടായിരിക്കില്ല എന്നുള്ളതാണ് വാസ്തവം. എന്നാൽ കാലക്രമത്തിൽ ഈ ചർച്ച ഏതാണ്ട് പാകമായ അവസ്ഥയിൽ എത്തുകയും 2015 ഓട് കൂടി ബയോമെട്രിക് സംവിധാനങ്ങൾ യാതൊരു എതിർപ്പുമില്ലാതെ കോളേജുകളിലും മറ്റും നടപ്പാക്കുകയും ചെയ്തു. ബയോമെട്രിക് സംവിധാനങ്ങൾ നിലവിൽ വന്ന സമയങ്ങളിൽ ഒരു അധ്യാപക സംഘടനകളും പ്രതിഷേധങ്ങളുമായി വന്നില്ല. ഇത്തരത്തിൽ നടപ്പാക്കേണ്ട കാര്യങ്ങൾ അതിന്റെ ടാർജറ്റ് ഗ്രൂപ്പുകളുടെ മുൻപിലേക്ക് വച്ചുകൊടുക്കുന്നതിന് മൂന്നു വിഭാഗങ്ങളാണ് ഉപയോഗിക്കപ്പെടുന്നത്. അതിൽ ഒന്നാമത്തേത് അധികാരികളാണ്. ബുദ്ധിജീവികളാണ് രണ്ടാമത്തേത്. മൂന്നാമത്തേത് സാങ്കേതിക വിദഗ്ധരാണ്. സ്റ്റാറ്റ്യൂട്ടറി പെൻഷൻ നിർത്തലാക്കി കോൺട്രിബ്യൂട്ടറി പെൻഷനാക്കുന്നതിനുള്ള തീരുമാനങ്ങൾ, ലീവ് സറണ്ടർ തുടങ്ങിയ സേവന വ്യവസ്ഥകൾ റദ്ദാക്കുന്ന തീരുമാനങ്ങൾ എന്നിവ അവതരിപ്പിച്ചത് അധികാരികൾ നേരിട്ടാണ്. നവലിബറൽവൽക്കരണം അടക്കമുള്ള തീരുമാനങ്ങൾ നടപ്പാക്കുന്നതിനുള്ള നിലമൊക്കിയത് ഒരുകൂട്ടം ബുദ്ധിജീവികളും വിദഗ്ധരുമായിരുന്നു. കാര്യക്ഷമതാവാദാവുമായി അവർ വേദികൾ കയ്യടക്കുകയും മധ്യവർഗ്ഗത്തിന്റെ പിന്തുണ വലിയതോതിൽ നേടിയെടുക്കുകയും ചെയ്യുന്നുണ്ട്. അതുപോലെത്തന്നെ സാം പിട്രോഡയും , നന്ദൻ നിലേകാനിയുമടങ്ങുന്ന സാങ്കേതികവിദഗ്ധരിലൂടെയും ഇത്തരത്തിൽ ഭാവിയിലേക്കുവേണ്ടുന്ന കാര്യങ്ങൾ അവതരിപ്പിക്കപ്പെടുകയും നേടിയെടുക്കപ്പെടുകയും ചെയ്യുന്നുണ്ട്. വലിയ എതിർപ്പുകളും പ്രതികരണങ്ങളും ഉണ്ടാകാൻ സാധ്യതയുള്ള നയങ്ങളെ ഇവരിലൂടെ അവതരിപ്പിക്കുകയും അതിന്റെ മുഴുവൻ ചൂടും വിമർശനങ്ങളും ഇവർ ഏറ്റുവാങ്ങുകയും ചെയ്യുന്ന അവസ്ഥയുണ്ടാകുന്നു. എന്നാൽ കാലക്രമത്തിൽ യാതൊരു എതിർപ്പുമില്ലാതെ ഈ നയം വളരെ സുഖമായി നടപ്പാക്കപെടുകയും ചെയ്യുന്നു.
ഈ സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുന്നോട്ടുവെയ്ക്കുന്ന ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ അനിഷേധ്യ കടന്നുവരവ് പ്രവചിക്കുന്ന കരട് നയരേഖ സംബന്ധിച്ചുള്ള ചർച്ചകൾ വരുന്നത്. എന്നാൽ ഈ അനിഷേധ്യമായ യാഥാർത്ഥ്യമായി ഉയർത്തിക്കാട്ടുന്ന ഓൺലൈൻ വിദ്യാഭ്യാസത്തെ ഡിജിറ്റൽ ചട്ടക്കൂടിൽ കൂടുതൽ മാനവികവൽക്കരിക്കുന്നതിനുവേണ്ട ചർച്ചകൾ ഒന്നുംതന്നെ കൗൺസിൽ തുടങ്ങിവെയ്ക്കുന്നുമില്ല.
പഠന സാഹചര്യങ്ങൾ, അത് ഡിജിറ്റൽ ആയാലും അല്ലെങ്കിലും, നിഷ്പക്ഷമല്ല. വിദ്യാഭ്യാസത്തെയും അതിന്റെ സാഹചര്യങ്ങളെയും നിർമ്മിച്ചവരുടെ താത്പര്യങ്ങൾ അതിൽ ഒളിഞ്ഞും തെളിഞ്ഞും പ്രകടമായിക്കൊണ്ടേയിരിക്കും. ഇതുവഴി വിദ്യാഭ്യാസത്തിൽ അത് രൂപകല്പന ചെയ്തവരുടെ സാംസ്‌കാരിക മൂലധനം കൈയ്യാളുന്ന വിഭാഗത്തിന് മേൽക്കൈ ഉണ്ടാവുകയും ചെയ്യും. പിയറിബോർഡ്യൂവിനെപ്പോലുള്ള ചിന്തകർ ഇത്തരത്തിലുള്ള സാംസ്‌കാരിക മൂലധനം കൊണ്ട് ചില പ്രത്യേക വിഭാഗങ്ങൾ ഉണ്ടാക്കുന്ന നേട്ടങ്ങളെക്കുറിച്ച് വളരെ ആഴത്തിലുള്ള പഠനങ്ങൾ നടത്തുകയും അത് സമൂഹത്തിലുണ്ടാക്കുന്ന അനാരോഗ്യകരമായ പ്രവണതകളേക്കുറിച്ച് നമുക്കു മുന്നറിയിപ്പുകൾ നൽകുകയും ചെയ്തിട്ടുണ്ട്.
വിദ്യാർത്ഥികൾ പഠന പ്രവർത്തനങ്ങളിൽ താത്പര്യപൂർവ്വം നടത്തുന്ന ഇടപെടലുകളും അതുവഴി ഉണ്ടാകുന്ന അവരുടെ പഠന നേട്ടങ്ങളും വിദ്യാർത്ഥിയുടെ താൽപര്യങ്ങളുമായും അവരുടെ കഴിവുകളുമായും ബന്ധപ്പെട്ടതാണെന്നുള്ളത് വിദ്യാഭ്യാസരംഗത്ത് പൊതുവേ അംഗീകരിക്കപ്പെട്ട ഒരു വസ്തുതയായി മാറിയിട്ടുണ്ട്. എന്നാൽ വിദ്യാർഥികളുടെ പഠന രംഗത്തെ ഇടപെടലും അവരുടെ നേട്ടങ്ങളും സാമൂഹ്യ നിർമ്മിതികളാണ് എന്നുള്ള തിരിച്ചറിവിലേക്ക് നാം എത്തിച്ചേരേണ്ടതുണ്ട്. വിദ്യാഭ്യാസമേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന ആധുനിക ഗവേഷണ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ഇതാണ്. ഓരോ വിദ്യാർത്ഥിയും അവരുടെ കുടുംബപരവും സാമൂഹ്യവുമായ പശ്ചാത്തലങ്ങളിൽ നിന്ന് കൊണ്ടുവരുന്ന കഴിവുകളും താല്പര്യങ്ങളും അവരുടെ പഠന കാര്യങ്ങളിലുള്ള ഇടപെടലുകളിലും പഠന നേട്ടങ്ങളിലുമെല്ലാം വളരെ വലിയ പങ്കാണ് വഹിക്കുന്നത്. അതുകൊണ്ടുതന്നെ പഠനനേട്ടങ്ങൾ സാമൂഹ്യ നിർമ്മിതികൾ ആണെന്നുള്ള തിരിച്ചറിവ് ഉണ്ടാകാത്തിടത്തോളം കാലം വിദ്യാർത്ഥികൾ നേരിടുന്ന പഠന പ്രതിസന്ധികളിൽ നാം വിദ്യാർഥികളെ പഴിചാരി കൊണ്ടേയിരിക്കും. ഡിജിറ്റൽ കാലഘട്ടങ്ങളിൽ ഇതിന് പ്രാധാന്യം കൂടുന്നുണ്ട്. ഒരു ഡിജിറ്റൽ ഉപകരണവും ഇന്റർനെറ്റും ഉണ്ടെങ്കിൽ പഠനത്തിനുള്ള എല്ലാ സാഹചര്യങ്ങളും ഒരു വിദ്യാർഥിയ്ക്ക് ഉണ്ടായിക്കഴിഞ്ഞു എന്നുള്ള തോന്നൽ പഠനത്തിന്റെ മുഴുവൻ ഉത്തരവാദിത്തങ്ങളും വിദ്യാർത്ഥി എന്നുള്ള വ്യക്തിയിൽ കേന്ദ്രീകരിക്കുന്നതിന് കാരണമാകും. ഇവിടെയാണ് വിദ്യാർത്ഥി നേരിടുന്ന വൈജ്ഞാനികവും വൈകാരികവും സാമൂഹികവും സാംസ്‌കാരികവുമായ പ്രതിബന്ധങ്ങളെ മറികടന്നുകൊണ്ട് പഠനത്തെ മാനവീകരിക്കേണ്ടത് അനിവാര്യമായി മാറുന്നത്. ഒരു സ്‌കൂൾ വിദ്യാർഥി വൈകാരികമായും ബൗദ്ധികമായും മാതാപിതാക്കളുടെയും അധ്യാപകരുടെയും കൂടുതൽ ശ്രദ്ധയും പരിരക്ഷയും പിടിച്ചുപറ്റുമ്പോൾ ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാർഥിക്ക് മുതിർന്ന വ്യക്തി എന്ന നിലയിൽ ഇത്തരത്തിലുള്ള പല സാധ്യതകളും നിഷേധിക്കപ്പെടുന്നനുണ്ട്. ഉന്നത വിദ്യാഭ്യാസം ഓൺലൈൻ പഠനത്തിലേക്ക് കൂടുതൽ കേന്ദ്രീകരിക്കുമ്പോൾ ഇത്തരത്തിലുള്ള സാധ്യതകളുടെ നിഷേധങ്ങൾ ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന ഒരു വിദ്യാർഥിയെ കൂടുതൽ പ്രതിസന്ധിയിലേക്ക് കൊണ്ടുചെന്നെത്തിക്കും.
ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ മാനവീകരണത്തിന് ഏറ്റവും അനിവാര്യമായി വേണ്ടത് ഇതിൽ ഉൾപ്പെടുന്ന വിദ്യാർഥികളെ അടുത്തറിയുക എന്നുള്ളതാണ്. അങ്ങനെ അറിഞ്ഞാൽ മാത്രമാണ് എല്ലാവരെയും ഉൾക്കൊള്ളുന്ന തരത്തിലുള്ള ഒരു വിദ്യാഭ്യാസ ആവാസവ്യവസ്ഥ നിർമ്മിക്കുക സാധ്യമാകുകയുള്ളൂ. ഓൺലൈൻ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള ഒരു വിദ്യാഭ്യാസ ആവാസവ്യവസ്ഥ നിർമ്മിക്കേണ്ടത് വിദൂരവിദ്യാഭ്യാസ സാഹചര്യത്തിൽ ആണെന്നുള്ള കാര്യം പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. എല്ലാവരെയും ഉൾക്കൊള്ളുന്ന ഡിജിറ്റൽ ആവാസവ്യവസ്ഥ അധ്യാപകർക്കും വിദ്യാഭ്യാസ അധികാരികൾക്കും സാങ്കേതിക വിദഗ്ധർക്കും ഭരണാധികാരികൾക്കും അടക്കം ഒരു ബാലികേറാമലയുടെ പ്രതീതി സൃഷ്ടിച്ചുകൊണ്ട് നമ്മുടെ മുൻപിൽ ഉണ്ട്.
അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള പരസ്പര ബന്ധമാണ് വിദ്യാഭ്യാസത്തിൽ മാനവീകരണത്തിന്റെ അടിസ്ഥാന ഘടകം. എന്നാൽ സമകാലികത്തിന്റെ അഭാവത്തിൽ ഡിജിറ്റൽ ലോകത്ത് അധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ള പാരസ്പര്യവും നീണ്ടുനിൽക്കുന്ന ബന്ധങ്ങളും അന്യമാവുന്നു. സാധാരണ ക്ലാസ് മുറികളെക്കാൾ അംഗസംഖ്യയിൽ ഓൺലൈൻ വിദ്യാഭ്യാസത്തിൽ വിദ്യാർത്ഥികൾ വളരെ വലുതായിരിക്കും. അതുകൊണ്ട് തന്നെ ഒരധ്യാപകനും ഒരായിരം വിദ്യാർത്ഥികളും എന്നുള്ള അവസ്ഥയിലേക്ക് നമ്മുടെ ഡിജിറ്റൽ ക്ലാസ് മുറികൾ പരിണമിക്കപ്പെടുന്നു. വിദ്യാർഥികളുമായി പരസ്പരം ബന്ധപ്പെടുക അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കുക അവരുടെ കഴിവുകൾ തിരിച്ചറിയുക എന്നുള്ള തലങ്ങളിൽ നിന്നൊക്കെ അദ്ധ്യാപകവൃത്തി അകറ്റപ്പെടുകയും അദ്ധ്യാപനം വീഡിയോയുടെ മുൻപിലുള്ള പ്രദർശനവും പ്രകടനവുമായി മാറി പോകുന്ന അവസ്ഥ സൃക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഇത് തളർത്തിക്കളയുന്നത് വിദ്യാർത്ഥികളുടെ കഴിവുകളെയും പഠന ശേഷിയേയും അനുഭവങ്ങളെയും വിദ്യാഭ്യാസ ആവാസവ്യവസ്ഥയുടെ സമ്മതിയിലൂടെ അവരെ നല്ല പഠിതാക്കൾ ആക്കി മാറ്റുന്നതിനുള്ള അവസരങ്ങളുമാണ്.
സമ്മതിയുടെ സാദ്ധ്യതകൾ
നമ്മുടെ വിദ്യാർഥികളിൽ വലിയൊരു വിഭാഗവും തങ്ങളുടെ പഠനശേഷികളിൽ സന്ദേഹികളാണ് എന്ന് കാണാൻ സാധിക്കും. ഇത്തരം ബോധ്യങ്ങൾ തിരുത്തപ്പെടാത്തിടത്തോളം കാലം തങ്ങളുടെ പഠനപരമായ ഇടപെടലുകളിൽ അവർ പിന്നാക്കം പോവുകയും ചെയ്യാം. എന്നാൽ ഇത്തരം വിദ്യാർത്ഥികളെ തങ്ങളുടെ അനുഭവങ്ങളും കഴിവുകളും വിലയേറിയതാണ് എന്ന് ബോധ്യപ്പെടുത്തുക വഴി വലിയ മാറ്റങ്ങൾ ഈ വിദ്യാർഥികളിൽ ഉണ്ടാക്കാൻ സാധിക്കുമെന്ന് റെൻഡനെ (1994) പ്പോലെയുള്ള ഗവേഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. റെൻഡൻ മുന്നോട്ടുവെയ്ക്കുന്ന വാലിഡേഷൻ സിദ്ധാന്തം പ്രതിപാദിക്കുന്നത്, ക്ലാസ് മുറിയിൽ കുട്ടികൾക്ക് അവരുടെ അനുഭവങ്ങളിലും കഴിവുകളിലും അദ്ധ്യാപകരിൽ നിന്നും ലഭിക്കുന്ന സമ്മതി അവരെ ശക്തരായ പഠിതാക്കൾ ആക്കി മാറ്റുന്നതിന് പ്രാപ്തമാണെന്നാണ്. ഇത്തരത്തിലുള്ള സമ്മതിയിലൂടെ വിദ്യാർഥികൾ തങ്ങൾ സ്ഥാപനങ്ങളിലേക്ക് വന്നപ്പോൾ ഉണ്ടായിരുന്ന വിദ്യാലയ അന്തരീക്ഷത്തിലെ സാംസ്‌കാരികമായ വിടവിനെ മറികടക്കുകയും അതുവഴി കൂടുതൽ പഠനനേട്ടങ്ങളിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു എന്നാണ് റെൻഡൺ മുന്നോട്ടുവയ്ക്കുന്ന സിദ്ധാന്തം. എന്നാൽ നമ്മുടെ കലാലയ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് പഠനവും, പഠന പ്രാപ്തിയും, പഠന നേട്ടങ്ങളും എല്ലാം തന്നെ വ്യക്തിപരമായ കഴിവുകളുടെയും ശേഷി കളുടെയും അടിസ്ഥാനത്തിൽ നിർണയിക്കപ്പെടുന്നതാണ് എന്നുള്ളതാണ്. അതുകൊണ്ടുതന്നെ കലാലയങ്ങൾക്കുള്ളിൽ വിദ്യാർഥികൾക്ക് നൽകേണ്ടുന്ന പരിഗണനകളും അവരുടെ കഴിവുകളിലും അനുഭവങ്ങളിലും ഉള്ള വിശ്വാസവും അവയെ ഉയർത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങളും ഒരു ഔപചാരിക പ്രക്രിയയായിട്ടൊന്നും നമ്മുടെ വിദ്യാലയങ്ങളിൽ നിലനിൽക്കുന്നില്ല. എന്നാൽ വലിയൊരു വിഭാഗം അധ്യാപകർ ഇതിനെ അനൗപചാരികമായി ഉപയോഗിക്കുകയും തങ്ങളുടെ കുട്ടികളിൽ വലിയ സ്വാധീനം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട് എന്നുള്ള കാര്യം നാം കാണാതിരുന്നുകൂടാ. എന്നാൽ ഇത്തരത്തിലുള്ള സ്വാധീനങ്ങൾ ഒരു ക്ലാസിലെ ഒരു ചുരുങ്ങിയ വിഭാഗത്തിലേക്ക് മാത്രം ഒതുങ്ങിനിൽക്കുന്നു എന്നുള്ളതാണ് നമ്മുടെ പരമ്പരാഗത കോളേജ് വിദ്യാഭ്യാസവും സ്‌കൂൾ വിദ്യാഭ്യാസവും നേരിടുന്ന ഒരു വലിയ പരിമിതി. യഥാർത്ഥത്തിൽ ഇത്തരത്തിൽ ആഴത്തിലുള്ള ഒരു സ്വാധീനം ഒരു അധ്യാപകന് വളരെ ചുരുങ്ങിയ കുട്ടികളിൽ മാത്രമേ ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ എന്നുള്ളതാണ് വാസ്തവം. മെന്റെർഷിപ്പ് പോലെയുള്ള UGC നിർദ്ദേശാനുസരണമുള്ള പരിപാടികളിലും അധ്യാപകരുടെ സ്വാധീനം വിദ്യാർഥികൾ ഇറങ്ങിച്ചെല്ലുന്നുണ്ടോ എന്നുള്ളതിനെ സംബന്ധിക്കുന്ന വിശദമായ പഠനങ്ങൾ നടത്തേണ്ടതുണ്ട്. ഒരു മെന്റ്‌റുടെ കീഴിൽ നാലോ അഞ്ചോ വിദ്യാർത്ഥികൾ മാത്രമാണുള്ളതെങ്കിൽപോലും വിദ്യാർത്ഥികളെ സ്വാധീനിക്കുന്ന തലത്തിലേക്ക് ഒരു ബന്ധം വളർത്തിയെടുക്കുന്നതിൽ എത്രകണ്ട് ഈ പദ്ധതികൾ വിജയകരമാണ് എന്നുള്ളതിനെക്കുറിച്ച് സംശയമുണ്ട്. വളരെ പ്രഗല്ഭരായ അധ്യാപകർ ഇത്തരത്തിലുള്ള ചില മാർഗ്ഗങ്ങളുടെ സഹായമില്ലാതെ തന്നെയും വിദ്യാർത്ഥികളെ സ്വാധീനിക്കാറുണ്ട്. എങ്കിൽപ്പോലും അപ്പോഴും വലിയൊരു വിഭാഗം വിദ്യാർത്ഥികൾ ഈ സാധ്യതകളുടെ ഉപയോഗം ലഭ്യമല്ലാത്ത അവസ്ഥയിൽ നിലനിൽക്കുന്നുണ്ട്.
വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പോകുന്നതിനു വേണ്ടി വീട്ടിൽ നിന്ന് അല്ലെങ്കിൽ ഹോസ്റ്റലിൽ നിന്ന് ഇറങ്ങുന്നത് മുതൽ ആരുടെയെങ്കിലും തോളിൽ കൈയിട്ടോ മുട്ടിയുരുമ്മിയോ പോകാൻ ആഗ്രഹിക്കുന്നവരാണ് വിദ്യാർത്ഥികൾ. വൈകാരികമായ ഒരു പ്രകടനമല്ല മറിച്ച് മനുഷ്യന്റെ വളരെ സ്വമേധയാ ഉള്ള പ്രകൃതത്തിന്റേയും കൂടി ഭാഗമാണിത്.
പരമ്പരാഗത വിദ്യാഭ്യാസരംഗത്തെ അവസ്ഥ ഇതായിരിക്കെ വിദ്യാർത്ഥികളുടെ കഴിവിന്റെയും ശേഷികളുടെയും സമ്മതിയും അവരുടെ അനുഭവങ്ങൾ മൂല്യവത്താണ് എന്ന തിരിച്ചറിവ് അവർക്ക് നൽകുക എന്നുള്ളതും ഓൺലൈൻ വിദ്യാഭ്യാസം നേരിടാൻ പോകുന്ന വലിയ വെല്ലുവിളിയായിരിക്കും. എൻറോൾമെന്റ്കളിലൂടെ നൽകപ്പെടുന്ന സർട്ടിഫിക്കറ്റിനേക്കാൾ മൂല്യവത്താണ് വിദ്യാഭ്യാസം എന്ന അനുഭവാധിഷ്ഠിതപ്രക്രിയ. വിദ്യാർത്ഥിയുടെ കഴിവും പഠന പ്രാപ്തിയും എല്ലാം തന്നെ ഒരു സാമൂഹിക നിർമിതിയുടെ ഭാഗമാണ് എന്ന തിരിച്ചറിവ് പൊതുസമൂഹത്തിൽ ഉണ്ടാകാത്തപക്ഷം അദ്ധ്യാപകരുടേയും യഥാർത്ഥ വിദ്യാഭ്യാസത്തിന്റെ മൂല്യത്തെ വിലമതിക്കുന്നവരുടെയും അഭിപ്രായങ്ങൾ ദുർബലമായി പോകാനുള്ള സാധ്യതയുണ്ട്.
ബോധന രീതിയുടെ സാംസ്‌കാരിക പ്രതികരണാത്മകത
ഓരോ സമൂഹവും വ്യത്യസ്തങ്ങളായ സാംസ്‌കാരിക ധാരകളെ ഉൾക്കൊള്ളുന്നുണ്ട്. ഈ സാംസ്‌കാരിക ധാരകളെ കോർത്തിണക്കുകയും അതേസമയം തന്നെ പ്രബലമായ സാംസ്‌കാരിക മൂലധനം ഇല്ലാത്ത വിഭാഗങ്ങളെ അവരവരുടെ സാംസ്‌കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് തന്നെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്യുക എന്നുള്ളതാണ് ജനാധിപത്യ സമൂഹങ്ങളിൽ നിന്ന് പ്രതീക്ഷിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ സാംസ്‌കാരികമായി പ്രതികരണാത്മകമായിട്ടുള്ള ബോധനരീതികൾ ഉണ്ടാവേണ്ടത് അനിവാര്യമാണ്. ഓൺലൈൻ പഠന സാധ്യതകൾ നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രതിസന്ധിയാണ് സാംസ്‌കാരികമായി പ്രതികരണാത്മകമായ ബോധനരീതികൾ.
സാംസ്‌കാരിക വൈജാത്യങ്ങളെ ഒരു ഭാരമായും അതേസമയം ഒരു മൂല്യമായും കണക്കാക്കാവുന്നതാണ്. സാംസ്‌കാരികമായി പ്രതികരണാത്മകമായ ബോധനരീതികൾ തിരഞ്ഞെടുക്കുന്നത് ഇതിൽ രണ്ടാമത്തേതാണ്. സാംസ്‌കാരികമായിട്ടുള്ള വ്യത്യസ്തതകൾ ഒരു മൂല്യമാണ് എന്ന അടിസ്ഥാനശില യിൽ നിന്നാണ് സാംസ്‌കാരികമായി പ്രതികരണത്മകമായ വിദ്യാഭ്യാസമെന്ന ആശയം ഉരുത്തിരിയുന്നതുതന്നെ. സാമ്പത്തികം, സാമൂഹികം, മതപരം, ജാതീയം, സ്ഥലപരം എന്നിങ്ങനെ നിരവധി ഘടകങ്ങളാൽ നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളുടെ സാംസ്‌കാരിക പശ്ചാത്തലങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇതിനെല്ലാം ഉപരിയായി നമ്മുടെ പൊതുസംസ്‌കാരം തന്നെ പരസ്പരാശ്രയത്വ സ്വഭാവം ഉള്ളതാണ്. പരസ്പരാശ്രയത്വ സ്വഭാവം എന്നുള്ളതു കൊണ്ട് ഉദ്ദേശിക്കുന്നത് വിദ്യാർത്ഥികൾ പരസ്പരവും, അധ്യാപകരോടും ഉള്ള ആശ്രയത്വം, പരസ്പര സഹകരണത്തോടെ ഉള്ള പഠനം എന്നിവയാണ്. ചെറുകൂട്ടങ്ങളിൽ മാത്രം ചില കാര്യങ്ങൾ ചെയ്യാൻ പറ്റുന്നവരാണ് നമ്മുടെ വിദ്യാർഥികളിൽ ബഹുഭൂരിപക്ഷവും. വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പോകുന്നതിനു വേണ്ടി വീട്ടിൽ നിന്ന് അല്ലെങ്കിൽ ഹോസ്റ്റലിൽ നിന്ന് ഇറങ്ങുന്നത് മുതൽ ആരുടെയെങ്കിലും തോളിൽ കൈയിട്ടോ മുട്ടിയുരുമ്മിയോ പോകാൻ ആഗ്രഹിക്കുന്നവരാണ് വിദ്യാർത്ഥികൾ. വൈകാരികമായ ഒരു പ്രകടനമല്ല മറിച്ച് മനുഷ്യന്റെ വളരെ സ്വമേധയാ ഉള്ള പ്രകൃതത്തിന്റേയും കൂടി ഭാഗമാണിത്. കോളേജ് ഹോസ്റ്റൽ മുറികളിലെ സഹകരിച്ചുള്ള പഠനങ്ങളും, കലാലയങ്ങളിലെ സദാസമയവുമുള്ള സഹവർത്തിത്വവും എന്തിന് വ്യത്യസ്ത ചേരികളുടെ രൂപീകരണം അടക്കം എല്ലാം തന്നെ ഈ പരസ്പരാശ്രയത്വ സ്വഭാവത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ പ്രതിഫലനങ്ങളാണ്. പരസ്പര സഹായവും സഹകരണവും എന്തിന് പഠനം തന്നെ നിലനിൽക്കുന്നത് സാമൂഹിക പ്രക്രിയ എന്ന തോന്നലിലാണ്.
ആഗോളതലത്തിൽ രൂപപ്പെട്ടു വന്നുകൊണ്ടിരിക്കുന്ന ബോധനരീതി പ്രസ്ഥാനങ്ങളിൽ ഒക്കെ തന്നെ ഏറ്റവുമധികം പ്രാധാന്യം ലഭിച്ചിരിക്കുന്ന ഘടകമാണ് വിദ്യാർഥികളുടെ സാംസ്‌കാരിക പശ്ചാത്തലം എന്നുള്ളതാണ്.
വിദ്യാർത്ഥികളിൽ ഈ തോന്നൽ ഉളവാക്കുന്നതും അതിനെ കൂടുതൽ ശക്തിപ്പെടുത്തുന്നതും പരസ്പരാശ്രയത്വ സംസ്‌കാരമാണ്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി വ്യക്തി കേന്ദ്രീകൃതമായ ഒരു സംസ്‌കാരത്തിലേക്ക് വിദ്യാർഥികളെ തള്ളിവിടുക വഴി പ്രശ്‌നങ്ങൾ വ്യക്തിപരമായ പ്രശ്‌നങ്ങൾ ആണെന്നും, സഹകരണം അല്ല മത്സരമാണ് നിലനിൽപ്പിന് അനിവാര്യം എന്നും ഉള്ള തോന്നലുകൾ വിദ്യാർത്ഥികളിൽ സൃഷ്ടിക്കപ്പെടുന്നു. ഇതിൽ നിന്ന് വിപരീതമായി ഒരു പരസ്പരാശ്രയത്വസംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുകയും ഓരോ വ്യക്തിയുടെയും സാംസ്‌കാരികമായ പശ്ചാത്തലത്തേയും സ്വത്വബോധം ങ്ങളെയും ഉയർത്തിപ്പിടിച്ചുകൊണ്ട് തന്നെ സഹകരണത്തിലൂടെ വിദ്യാഭ്യാസ പ്രക്രിയയിൽ മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെയ്ക്കാൻ സഹായിക്കുകയും ചെയ്യുന്ന ആശയമായമായിട്ടാണ് ഗ്ലോറിയ ലാൽസൺ ബില്ലിംഗ് തൊണ്ണൂറുകളിൽ സാംസ്‌കാരികമായി പ്രതികരണാത്മകമായ ബോധനരീതി എന്ന ആശയം മുന്നോട്ട് വെയ്ക്കുന്നത്. വിദ്യാഭ്യാസ പ്രക്രിയയിലും വിദ്യാർഥികളുടെ പഠനരീതികളിലും അവരുടെ സംസ്‌കാരത്തിന്റെ സാന്നിധ്യവും സ്വാധീനവും വ്യക്തമാക്കുക വഴി ഗ്ലോറിയ ലാർസൺ ബില്ലിംഗ് മുന്നോട്ടുവച്ച സാംസ്‌കാരികമായി പ്രതികരണാത്മകമായ ബോധന രീതിക്ക് അമേരിക്കയിലും യൂറോപ്പിലും വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്.
അമേരിക്കയിലും യൂറോപ്പിലും മറ്റും ഒരു ക്ലാസ് മുറിയിൽ തന്നെ ഏഷ്യ യൂറോപ്പ് ആഫ്രിക്ക എന്നിങ്ങനെ വ്യത്യസ്ത ഭൂഖണ്ഡങ്ങളെ പ്രതിനിധാനംചെയ്യുന്ന സാംസ്‌കാരിക വൈവിധ്യങ്ങൾ ഉള്ള വിദ്യാർഥികളുടെ സഞ്ചയമാണ് ഉള്ളത്. ഒരു ഭൂഖണ്ഡത്തിൽ നിന്ന് വരുന്നവരിൽതന്നെയുള്ള വ്യത്യസ്തമായ സാംസ്‌കാരിക പശ്ചാത്തലങ്ങളെക്കുറിച്ച് പ്രത്യേകിച്ചൊരു പരാമർശത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഇന്ത്യയുടെ കാര്യം എടുത്തു നോക്കിയാൽ ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. കേരളത്തിൽ തന്നെ വ്യത്യസ്തമായ ജാതി, സമുദായ, ഭാഷാപരമായ വ്യത്യാസങ്ങൾ, സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവും സ്ഥലപരവുമായ വ്ത്യാസങ്ങൾ എല്ലാം തന്നെ ഓരോ വിദ്യാർത്ഥിയെയും അവരുടെ സാംസ്‌കാരിക പശ്ചാത്തലത്തിന്റെ പ്രതിനിധികളാക്കി മാറ്റുന്നുണ്ട്. വ്യത്യസ്തങ്ങളായിട്ടുള്ള സാംസ്‌കാരിക പശ്ചാത്തലങ്ങൾ നിലനിൽക്കുന്നത് കേരളത്തിലെ ക്ലാസ് മുറികളിൽ പോലും വളരെ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കാറുണ്ട്. പക്ഷേ ഇത്തരത്തിലുള്ള പ്രതിസന്ധികൾ ഒന്നും തന്നെ നാം പുറത്തു കേൾക്കാത്തതിന്റെ പ്രധാനപ്പെട്ട കാരണം വിദ്യാഭ്യാസ നേട്ടങ്ങൾ വ്യക്തിയുടെ നേട്ടമായി ചുരുക്കി കൊണ്ടുവരുന്ന ഒരു പ്രബലമായ സംസ്‌കാരം നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുവെന്ന് ഉള്ളതുകൊണ്ടാണ്.
ഇന്ത്യയിൽ ഇതുമായി ബന്ധപ്പെട്ട കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല എങ്കിൽപോലും അമേരിക്കയിലെയും യൂറോപ്പിലെയും വിദ്യാഭ്യാസ ഗവേഷണങ്ങളിൽ വളരെ ആഴത്തിലുള്ള ഒരു പിടി പഠനങ്ങൾ ഈ മേഖലയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. ഇതിൽനിന്ന് നാം മനസ്സിലാക്കേണ്ടത് ആഗോളതലത്തിൽ രൂപപ്പെട്ടു വന്നുകൊണ്ടിരിക്കുന്ന ബോധനരീതി പ്രസ്ഥാനങ്ങളിൽ ഒക്കെ തന്നെ ഏറ്റവുമധികം പ്രാധാന്യം ലഭിച്ചിരിക്കുന്ന ഘടകമാണ് വിദ്യാർഥികളുടെ സാംസ്‌കാരിക പശ്ചാത്തലം എന്നുള്ളതാണ്. വിദ്യാർഥികളുടെ വ്യത്യസ്തങ്ങളായ ഈ പശ്ചാത്തലങ്ങൾ മനസ്സിലാക്കുന്നതിനുള്ള അധ്യാപകരുടെ കഴിവാണ് ഏറ്റവും പ്രധാനപ്പെട്ട ബോധന ശേഷിയായി കണക്കാക്കേണ്ടത് എന്നുതന്നെയാണ് ബോധനരീതി ശാസ്ത്രരംഗത്തെ ആധുനിക ഗവേഷണങ്ങൾ ഒക്കെ തന്നെ ചൂണ്ടിക്കാണിക്കുന്നത്. ഇതിന് ഏറ്റവും അനിവാര്യമായി വേണ്ടത് അധ്യാപകരും വിദ്യാർത്ഥിയും തമ്മിലുള്ള അടുപ്പവും സഹവർത്തിത്വവും അതിലൂടെ വിദ്യാർഥിയുടെ സാംസ്‌കാരിക പശ്ചാത്തലങ്ങളെ മനസ്സിലാക്കാനും അവയുമായി പാഠഭാഗങ്ങളെ ബന്ധപ്പെടുന്നതിനുള്ള അധ്യാപകരുടെ ശ്രമങ്ങളുമാണ്. ഗ്ലോറിയ ബില്ലിങ്ങിന്റെ വാക്കുകളിൽ തന്നെ പറഞ്ഞാൽ വിജയകരമായ അധ്യാപനം എന്നു പറയുന്നത് വിദ്യാർഥികളെക്കുറിച്ചും അവരുടെ സമുദായത്തെക്കുറിച്ചും അവരുടെ വിശാലമായ സാമൂഹിക പശ്ചാത്തലങ്ങളെക്കുറിച്ചും അറിയുകയും ഒപ്പം നമ്മുടെ കൈവശമുള്ള പാഠ്യപദ്ധതിയും പഠനപ്രവർത്തനങ്ങളുമായും ബന്ധപ്പെടുന്നതിനുള്ള ശ്രമങ്ങളും ആണെന്നാണ്. ഉന്നതവിദ്യാഭ്യാസരംഗത്ത് വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുന്നതിനും വിമർശനാത്മകമായി അറിവിനെ സമീപിക്കുന്നതിനും അതിന്റെയടിസ്ഥാനത്തിൽ പുതിയ അറിവുകൾ നിർമ്മിക്കുന്നതിനും ഒക്കെ തന്നെ ഇത്തരത്തിൽ സാംസ്‌കാരിക പശ്ചാത്തലവുമായി ബന്ധപ്പെടുത്തുന്ന പഠന പ്രക്രിക്ക് വലിയ പങ്കുണ്ട്. തന്റെ വ്യക്തിപരമായ ആവശ്യം എന്നുള്ള നിലയിലല്ല മറിച്ച് സാമൂഹ്യമായ ആവശ്യം എന്ന നിലയിലാണ് വിദ്യാർത്ഥി ഉന്നത വിദ്യാഭ്യാസരംഗത്ത് പഠനപ്രവർത്തനത്തെ സമീപിക്കേണ്ടത്. എന്നാൽ ഇതിനെല്ലാം വളരെ അനിവാര്യമായി വേണ്ടത് സഹവർത്തിത്വവും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സഹവാസവും ആണ്. ഇത്തരത്തിലുള്ള ഒരു സാഹചര്യം എങ്ങനെയാണ് ഓൺലൈൻ വിദ്യാഭ്യാസത്തിൽ ലഭ്യമാവുക എന്നുള്ളത് വലിയ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. ഓൺലൈൻ വിദ്യാഭ്യാസ പ്രക്രിയയുടെ മാനവികവത്കരണത്തിന് ഏറ്റവും വലിയ ചോദ്യചിഹ്നം ഉയർത്തുന്ന ഒരു കാര്യമാണിത്. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും ഇരിക്കുന്ന വിദ്യാർത്ഥികളെ അവരുടെ സാമൂഹ്യ സാംസ്‌കാരിക പശ്ചാത്തലങ്ങൾ ഒന്നുംതന്നെ മനസ്സിലാക്കാതെ അധ്യാപകർ നടത്തുന്ന പ്രഭാഷണത്തിലൂടെ വിദ്യാർഥികൾക്ക് എത്ര കണ്ട് തങ്ങളുടെ പശ്ചാത്തലങ്ങളും സാംസ്‌കാരിക ഘടകങ്ങളും സാമൂഹിക ആവശ്യങ്ങളും വിദ്യാഭ്യാസവുമായി ബന്ധപ്പെടുത്താൻ സാധിക്കും എന്നുള്ളത് വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
വിദ്യാർത്ഥികളുടെ അനുഭവങ്ങൾക്കും അവരുടെ ശേഷികൾക്കും അധ്യാപകരുടെ സമ്മതി എപ്രകാരമാണ് പഠനത്തിന് പ്രചോദനമാകുന്നത് എന്നതിനെക്കുറിച്ച് ഗവേഷണങ്ങൾ നടത്തിയ റെൻഡൺ അഭിപ്രായപ്പെടുന്നത് പരസ്പര വിശ്വാസത്തിൽ ഊന്നിയതും, പരസ്പര ബഹുമാനം ഉള്ളതുമായ അധ്യാപക-വിദ്യാർഥി ബന്ധവും വിദ്യാർഥിയെ ഉപാധികളില്ലാതെ സ്‌നേഹിക്കുന്നതിനും പരിഗണിക്കുന്നതിനും അധ്യാപകർക്ക് മനസ്സമുള്ളപ്പോളുമാണ് ഏറ്റവും കാര്യക്ഷമമായ ബോധനരീതി ഉരുവം കൊള്ളുന്നത് എന്നുമാണ്. എന്നാൽ ഇത്തരത്തിൽ ഒരു സാഹചര്യം പരസ്പരം കണ്ടുമുട്ടാത്ത അധ്യാപകരും വിദ്യാർത്ഥിയും നിർമ്മിച്ചു കൊടുക്കുക എന്നുള്ളത് ഓൺലൈൻ വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധി തന്നെയാണ്. അധ്യാപകർ തന്റെ ജോലി നിയമങ്ങൾക്കനുസരിച്ച് കൃത്യമായി ചെയ്യുമ്പോഴല്ലാ മറിച്ച് താൻ ഒരു മനുഷ്യൻ ആണെന്ന് ഉദ്‌ഘോഷിക്കുമ്പോളാണ് യഥാർത്ഥ അധ്യാപകർ ഉണ്ടാവുന്നത് എന്ന് ഹമ്മോൻഡ് (2014) അഭിപ്രായപ്പെടുന്നുണ്ട്.
സാമൂഹ്യ ബന്ധത്തിന്റെ നൈരന്തര്യം
ഓൺലൈൻ വിദ്യാഭ്യാസം നേരിടുന്ന മറ്റൊരു പ്രധാനപ്പെട്ട വെല്ലുവിളിയാണ് അധ്യാപകരും വിദ്യാർത്ഥിയും തമ്മിലുള്ള സാമൂഹ്യ ബന്ധത്തിന്റെ നൈരന്തര്യം. വർഷങ്ങൾ നീണ്ടുനിൽക്കുന്ന അധ്യാപക-വിദ്യാർഥി ബന്ധത്തിന് ഹൃദയസ്പർശിയായ പല ഉദാഹരണങ്ങളും മലയാള കഥകളെയും കവിതകളെയും സമ്പുഷ്ടം ആക്കിയിട്ടുണ്ട്. എന്നാൽ അധ്യാപകരും വിദ്യാർത്ഥിയും തമ്മിലുള്ള ബന്ധം ഒരു പഠന പ്രോഗ്രാമിന്റെ കാലയളവ് വരെ നീളുന്ന അത്രപോലും നൈരന്തര്യം സൂക്ഷിക്കാൻ സാധിക്കാത്ത ഒരു അവസ്ഥയായി ഓൺലൈൻ അധ്യാപനത്തിൽ മാറുന്നു. മാസിവ് ഓൺലൈൻ ഓപ്പൺ കോഴ്‌സ്(MOOC) പോലെയുള്ള ഓൺലൈൻ അധ്യാപന പരിപാടികളിൽ ഓരോ അധ്യാപകനും തന്റെ ഭാഗം വീഡിയോ യുടെ മുന്നിൽ അവതരിപ്പിച്ചശേഷം മടങ്ങി പോകുകയാണ് ചെയ്യുന്നത്. അധ്യാപകരും വിദ്യാർത്ഥിയും തമ്മിലുള്ള പരസ്പര വിനിമയത്തിന്റെ ഏറിയപങ്കും ഇത്തരത്തിലുള്ള ഓൺലൈൻ വിദ്യാഭ്യാസത്തിൽ ലിഖിത രൂപത്തിൽ ആണ് വിദ്യാർത്ഥികളിൽ എത്തുന്നത്. അതുകൊണ്ടുതന്നെ മനുഷ്യ സ്പർശം കുറഞ്ഞുകുറഞ്ഞ് വിദ്യാർത്ഥികളെ ഒറ്റപ്പെടലിന്റെയും പരസഹായം ഇല്ലായ്മയുടെയും അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിക്കുകയാണ് ഓൺലൈൻ കോഴ്‌സുകൾ ചെയ്യുന്നത്.
സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും ഇരിക്കുന്ന വിദ്യാർത്ഥികളെ അവരുടെ സാമൂഹ്യ സാംസ്‌കാരിക പശ്ചാത്തലങ്ങൾ മനസ്സിലാക്കാതെ അധ്യാപകർ നടത്തുന്ന പ്രഭാഷണത്തിലൂടെ വിദ്യാർഥികൾക്ക് എത്ര കണ്ട് തങ്ങളുടെ പശ്ചാത്തലങ്ങളും സാംസ്‌കാരിക ഘടകങ്ങളും സാമൂഹിക ആവശ്യങ്ങളും വിദ്യാഭ്യാസവുമായി ബന്ധപ്പെടുത്താൻ സാധിക്കും എന്നുള്ളത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
ഇത്തരത്തിലുള്ള ഒറ്റപ്പെടലുകളും പരസ്പരാശ്രയത്വത്തിന്റെ അഭാവവും വിദ്യാർഥികളെ പഠനബോധന പ്രക്രിയ സംബന്ധിക്കുന്ന വികലമായ കാഴ്ചപ്പാടിലേക്ക് കൊണ്ടുചെന്നെത്തിക്കും എന്ന് ജാഗർസും, ക്‌സൂവും (2016) നടത്തിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ലവ് വൈഗോട്‌സ്‌കിയെ പോലെയുള്ള വൈജ്ഞാനിക വാദത്തിന്റെ പ്രയോക്താക്കൾ മുന്നോട്ടു വെയ്ക്കുന്നത് കൂടുതൽ അറിവുള്ള മറ്റൊരാളുടെ (the more knowledgeable other- MKO) സാന്നിധ്യം വിദ്യാർഥികളുടെ ബൗദ്ധിക പുരോഗതിക്ക് ഏറ്റവും അനിവാര്യഘടകമായാണ്. വൈഗോട്‌സ്‌കിയെ സംബന്ധിച്ചിടത്തോളം ഇത് അധ്യാപകൻ തന്നെ ആവണം എന്ന് നിർബന്ധമില്ല. മറിച്ച് വിദ്യാർത്ഥിയേക്കാൾ ആശയങ്ങളിലും പ്രക്രിയകളിലും മറ്റും വിപുലമായ ഉൾക്കാഴ്ചയും തിരിച്ചറിവുള്ള ഏതൊരു വ്യക്തിക്കും കൂടുതൽ അറിവുള്ള മറ്റൊരാളുടെ പങ്കു വഹിക്കാനാകും. ഇത്തരത്തിൽ കൂടുതൽ അറിവുള്ള മറ്റൊരു വ്യക്തിയുടെ സാന്നിധ്യവും അതിന്റെ നൈരന്തര്യവുമാണ് വിദ്യാർത്ഥിയെ ബൗദ്ധിക പുരോഗതിയുടെ ഉയർന്ന തലങ്ങളിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നത് എന്ന് വൈഗോട്‌സ്‌കി പറയുന്നുണ്ട്. എന്നാൽ ഇത്തരത്തിലുള്ള സാധ്യതകൾ ഓൺലൈൻ വിദ്യാഭ്യാസത്തിൽ എങ്ങനെ നടപ്പാക്കും എന്നതിനെക്കുറിച്ചുള്ള പ്രാഥമിക ചിന്തകൾ പോലും നാം തുടങ്ങിവച്ചിട്ടില്ല എന്നുള്ളത് ദൗർഭാഗ്യകരമാണ്. ഒരു പാഠ്യവസ്തുവിന്റെ പഠനം സാർത്ഥകമാകുന്നത് അത് ഒരു സാമൂഹ്യ അന്തരീക്ഷത്തിൽ അംഗീകരിക്കപ്പെടുമ്പോഴും അതിന്റെ ഫലമായി വ്യക്തിക്ക് ഉണ്ടാകുന്ന ആത്മവിശ്വാസത്തിലൂടെയും സന്തോഷത്തിലൂടെയുമാണ്. എന്നാൽ മൂക്ക്(MOOC) പോലെയുള്ള ഓൺലൈൻ സമ്പ്രദായങ്ങളിൽ പഠിതാവും അധ്യാപകനും തമ്മിൽ ലിഖിതരൂപത്തിൽ കൂടെയാണ് കൂടുതലും വിനിമയങ്ങൾ നടക്കുന്നത്. ഒരു പഠിതാവിന് തന്റെ ചിന്തകളെയും, നിരീക്ഷണങ്ങളെയും അതുവഴിയുണ്ടാകുന്ന പഠന നേട്ടങ്ങളെയും മറ്റുള്ള വിദ്യാർഥികളുടെ മുൻപിൽ അവതരിപ്പിക്കുന്നതിനും അവിടെ നിന്നുള്ള ചർച്ചകളുടെയും വിമർശനങ്ങളുടെയും പ്രോത്സാഹനങ്ങളുടെയും ഫലമായി സ്വയം പുതുക്കുന്നതിനും ആത്മവിശ്വാസം പടുത്തുയർത്തുന്നതിനും ഒന്നുമുള്ള സാധ്യതകൾ മൂക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകൾ തുലോം പരിഗണിക്കുന്നില്ല. ഇതിലൂടെ തീർത്തും വ്യക്തിപരമായ ഒരു ഉത്തരവാദിത്വം മാത്രമായാണ് വിദ്യാഭ്യാസം ചുരുങ്ങുന്നത്.
ഭാവിയുടെ വിദ്യാഭ്യാസം ഓൺലൈൻ ആയിരിക്കണം എന്ന് പറയുമ്പോൾ വിദ്യാഭ്യാസത്തിന്റെ മാനവിക വശത്തിന് എന്തു പറ്റും എന്ന് ചർച്ച കൂടിത്തുടങ്ങി വെക്കാനുള്ള ഉത്തരവാദിത്വം ഉന്നത വിദ്യാഭ്യാസ കൗൺസിലിനുണ്ട്.
ഏറ്റവും പുരോഗമനപരം എന്ന് ഉദ്‌ഘോഷിക്കുന്ന ഓൺലൈൻ വിദ്യാഭ്യാസം നമ്മുടെ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന ചില പിന്തിരിപ്പൻ പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലേക്ക് മാറുന്നതിനുള്ള സാധ്യതകൾ കൂടി തള്ളിക്കളയാൻ സാധിക്കില്ല. ഇതിൽ ഒരു പ്രധാനപ്പെട്ട വിഷയമാണ് സ്ത്രീ സ്വാതന്ത്ര്യവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും. വലിയൊരളവുവരെ സ്ത്രീകളുടെ വിദ്യാഭ്യാസം ഒരു നിശ്ചിത കാലയളവിനുള്ളിൽ നിജപ്പെടുത്തുന്ന ഒരു സംസ്‌കാരം കേരളത്തിൽ നിലനിൽക്കുന്നുണ്ട് എന്നുള്ള കാര്യം മറന്നുകൂടാ. ആൺകുട്ടിയുടെ വിദ്യാഭ്യാസത്തിന് കൂടുതൽ പണം ചെലവഴിക്കാൻ സന്നദ്ധരാവുകയും പെൺകുട്ടികൾക്ക് മിനിമം വിദ്യാഭ്യാസവും എന്ന ആശയത്തിൽ നിന്ന് കേരളം മുക്തം ആയിട്ടുണ്ട് എന്ന് തോന്നുന്നില്ല. ഇത്തരത്തിലുള്ള താൽപര്യങ്ങളെ കൂടുതൽ ശക്തമാക്കുന്ന രീതിയിലാണ് ഓൺലൈൻ കോഴ്‌സുകൾ മുന്നോട്ടു വന്നുകൊണ്ടിരിക്കുന്നത്. പെൺകുട്ടികൾ പരമാവധി വീട്ടിലിരുന്ന് വിദ്യാഭ്യാസം നേടുക എന്നുള്ള ആശയത്തിലേക്ക് ഇത്, അത്തരം പിന്തിരിപ്പൻ താല്പര്യമുള്ളവരെ കൊണ്ട് ചെന്നെത്തിച്ചേക്കാം. അതുകൊണ്ടുതന്നെ നവീന സാങ്കേതികവിദ്യകൾ പിന്തിരിപ്പൻ ആശയങ്ങൾക്ക് വളമാകുന്ന രീതിയിലുള്ള മാറ്റങ്ങൾ വളരെ ശ്രദ്ധയോടുകൂടി വീക്ഷിക്കേണ്ട താണ്.
ഇതുപോലെ തന്നെ ശ്രദ്ധേയമാണ് സ്ഥലപരമായ പരിമിതികൾ കൊണ്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തിച്ചേരുന്നതിനുള്ള വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടുകൾ. കേരളത്തിലെ തന്നെ അട്ടപ്പാടി വയനാട് ഇടുക്കി പോലുള്ള പ്രദേശങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസത്തിന്റെ സാമൂഹിക സാഹചര്യങ്ങളിലേക്ക് എത്തിപ്പെടുക എന്നുള്ളതുകൊണ്ട് ബിരുദങ്ങൾ നേടുക എന്നുള്ളതിനേക്കാളുപരി തങ്ങളുടെ സാംസ്‌കാരിക മൂല്യങ്ങളെ മറ്റുള്ളവരുമായി പങ്കു വയ്ക്കുന്നതിനും മറ്റുള്ളവരുടെ സാംസ്‌കാരിക മൂല്യങ്ങൾ മനസ്സിലാക്കുന്നതിനുള്ള അവസരം സൃഷ്ടിക്കപ്പെടുക കൂടിയാണ് ചെയ്യുന്നത്. എന്നാൽ പഠനം ഓൺലൈനാകുന്നതോടുകൂടി ഇത്തരത്തിലുള്ള പരിമിതികളുള്ള സ്ഥലങ്ങളിൽ നിന്ന് എത്തുന്ന വിദ്യാർഥികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുക എന്നുള്ള സാമ്പത്തികമായി വലിയ ബാധ്യതകൾ സൃഷ്ടിക്കുന്ന ഉത്തരവാദിത്വത്തിൽ നിന്നും ഗവൺമെന്റിന് പിന്മാറാൻ സാധിക്കുന്നു എന്നുള്ളതാണ്. മണ്ണ് കുഴിച്ച് ഒരു ഡാറ്റാ കേബിൾ വിരിക്കുക എന്നുള്ളതിലൂടെ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പഠിക്കാൻ അവസരം ഒരുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും അവിടെ പ്രവർത്തിക്കുന്ന അധ്യാപകരും അടങ്ങുന്ന ഒരു വ്യവസ്ഥയ്ക്ക് വേണ്ടി ചിലവാക്കേണ്ടിവരുന്ന മുഴുവൻ പണവും ലാഭമായി മാറുന്നു. ഇതിന്റെ ഏറ്റവും വലിയ ഇരകളായി മാറുന്നത് സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം ഉള്ള അവസ്ഥകളിൽ നിന്ന് വരുന്ന വിദ്യാർഥികളാണ്. ഓൺലൈനിലൂടെ വിദ്യാഭ്യാസം എന്ന പ്രതീതി സൃഷ്ടിക്കുകയും എന്നാൽ വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ സാമൂഹിക അന്തരീക്ഷം നിഷേധിക്കുകയും ചെയ്യുക വഴി കൈ പിടിച്ചു മുന്നോട്ടു നടത്തേണ്ട ഒരു വലിയ ജനവിഭാഗം വഴിയിൽ ഉപേക്ഷിക്കപ്പെടുന്ന അവസ്ഥയുണ്ടാകുന്നു.
യഥാർത്ഥത്തിൽ ഓൺലൈൻ വിദ്യാഭ്യാസം അന്യവൽക്കരിക്കുന്നത് വിദ്യാഭ്യാസ പ്രക്രിയയിൽ അന്തർലീനമായിരിക്കുന്ന മാനവികതയാണ്. സമൂഹം സമൂഹത്തിനുവേണ്ടി സാമൂഹികായി സൃഷ്ടിച്ച വിദ്യാഭ്യാസ പ്രകൃതിയിൽനിന്നും മാനവികത നഷ്ടമാകുകയെന്നാൽ വിദ്യാഭ്യാസമെന്ന സങ്കൽപത്തിന്റെ അന്തസത്ത നഷ്ടമാകുന്നു എന്നാണ് നാം മനസ്സിലാക്കേണ്ടത്. സാങ്കേതിക വിദ്യയാൽ മീഡിയറ്റ് ചെയ്യപ്പെടുന്ന വിദ്യാഭ്യാസം വിദ്യാർഥികളെ സമൂഹത്തിൽനിന്നും ഒറ്റപ്പെടുത്തുകയും വ്യക്തി കേന്ദ്രീകൃതമായ ചിന്തകളുടെ തുരുത്തുകളിലേക്ക് അവരെക്കൊണ്ട് ചെന്നെത്തിക്കുകയും ചെയ്യും. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വം തന്നെ വിദ്യാഭ്യാസത്തിന്റെ അന്തസത്തയ്ക്ക് നിരക്കുന്ന രീതിയിൽ സർക്കാരിന് ഉപദേശങ്ങൾ നൽകുക എന്നുള്ളതാണ്. എന്നാൽ ഇത്തരത്തിൽ ഗവർമെന്റിനെ ഉപദേശിക്കേണ്ട സ്ഥാപനങ്ങളെല്ലാം തന്നെ ഗവൺമെന്റിന്റെ ഉപദേശം വാങ്ങി കൊണ്ട് പ്രവർത്തിക്കുന്ന അവസ്ഥയിലേക്ക് മാറുന്നത് ശുഭകരമായ കാഴ്ചയല്ല.
ഓൺലൈനിലൂടെ വിദ്യാഭ്യാസം എന്ന പ്രതീതി സൃഷ്ടിക്കുകയും എന്നാൽ വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ സാമൂഹിക അന്തരീക്ഷം നിഷേധിക്കുകയും ചെയ്യുക വഴി കൈ പിടിച്ചു മുന്നോട്ടു നടത്തേണ്ട ഒരു വലിയ ജനവിഭാഗം വഴിയിൽ ഉപേക്ഷിക്കപ്പെടുന്ന അവസ്ഥയുണ്ടാകുന്നു.
കാരണം ഓൺലൈൻ വിദ്യാഭ്യാസം എന്ന സങ്കല്പം സർക്കാറുകൾക്ക് നൽകുന്നത് വലിയ സാമ്പത്തിക ആശ്വാസമാണ്. അതുകൊണ്ടുതന്നെ ഓൺലൈൻ വിദ്യാഭ്യാസം നാമിപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പ്രതിസന്ധിയുടെ പരിഹാരമായല്ല മറിച്ച് സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്കുള്ള പരിഹാരമായാണ് നിർദ്ദേശിക്കപ്പെടുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്. വിദ്യാഭ്യാസത്തെ അതിന്റെ യഥാർത്ഥ അർത്ഥത്തിൽ മനസ്സിലാക്കുകയും അതിനെ പുരോഗമനപരമായ പാതയിലൂടെ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യേണ്ടുന്ന സ്ഥാപനങ്ങൾ ഗവൺമെന്റ്കളുടെ ചട്ടുകങ്ങളായി മാറുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഭാവിയുടെ വിദ്യാഭ്യാസം ഓൺലൈൻ ആയിരിക്കണം എന്ന് പറയുമ്പോൾ വിദ്യാഭ്യാസത്തിന്റെ മാനവിക വശത്തിന് എന്തു പറ്റും എന്ന് ചർച്ച കൂടിത്തുടങ്ങി വെക്കാനുള്ള ഉത്തരവാദിത്വം ഉന്നത വിദ്യാഭ്യാസ കൗൺസിലിനുണ്ട്.