Photo: Wikimedia Commons

ഒരേ ചോദ്യത്തിന്​ ഒ​രേ ഉത്തരമെഴുതുന്ന
​ഒരേപോലത്തെ വിദ്യാർഥികൾ

1986-ലെ ദേശീയ വിദ്യാഭ്യാസനയത്തിലെ ഏറ്റവും പ്രധാന നിർദേശങ്ങളിൽ ഒന്നായിരുന്നു ദേശീയതലത്തിൽ പരീക്ഷകൾ നടത്തുന്നതിന്​ നാഷണൽ ടെസ്റ്റിങ് ഏജൻസി എന്ന ആശയം. എന്നാൽ 2020-ലെ ദേശീയ വിദ്യാഭ്യാസ നയം പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പു മാത്രമാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) എന്ന സ്ഥാപനം നിലവിൽവന്നത്. മെഡിക്കൽ, എൻജിനീയറിങ് അടക്കം, ദേശീയതലത്തിൽ മത്സരാത്മകമായി നടത്തുന്ന പരീക്ഷകൾ കുറ്റമറ്റ രീതിയിലാക്കാനുള്ള ഒരു സ്ഥാപനം എന്ന നിലയിലാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി വിഭാവനം ചെയ്തത്​. എന്നാൽ, സർവകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ബിരുദ- ബിരുദാനാന്തര പ്രവേശനത്തിന്​ ദേശീയതലത്തിൽ പൊതുപ്രവേശന പരീക്ഷ (CUET) നടത്തണമെന്ന് ദേശീയ വിദ്യാഭ്യാസ നയം - 2020 മുന്നോട്ടുവയ്ക്കുന്ന നിർദേശം നാഷണൽ ടെസ്റ്റിങ് ഏജൻസി എന്ന സ്ഥാപനത്തിന്റെ പ്രാധാന്യം പതിന്മടങ്ങ് വർധിപ്പിച്ചു. ഇന്ത്യൻ ഉന്നതവിദ്യാഭ്യാസമേഖലയിൽ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യവും സ്വാധീനവുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി മാറുന്നതിന് ഈ നിർദേശം കാരണമായിരിക്കുകയാണ്.

ഇപ്പോൾ, ബിരുദതല പ്രവേശനത്തിനുള്ള മുന്നൊരുക്കമാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്നത്. ബിരുദതല പ്രവേശനത്തിന്​ ദേശീയതലത്തിൽ പ്രവേശന പരീക്ഷ (Common University Entrance test) നടപ്പാക്കുക വഴി ബിരുദത്തിനു തൊട്ടുമുൻപുള്ള ഘട്ടമായ ഹയർ സെക്കൻഡറി തലത്തിലെ വിദ്യാഭ്യാസപ്ര​ക്രിയ രൂപപ്പെടുത്തുന്നതിലും നിർണായക സ്വാധീനമായി ഈ പരീക്ഷ മാറും.

ഭാവിയിൽ പൊതുപ്രവേശന പരീക്ഷയിൽ പങ്കുചേരുക എന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരത്തെ നിർണയിക്കുന്ന മാനദണ്ഡമായി കൂടി മാറ്റുന്നതിനുള്ള തയ്യാറെടുപ്പിലാണ് യു.ജി.സി.യും, ‘നാക്​’, ‘നിർഫ്​’ തുടങ്ങിയ ഗുണനിലവാര നിർണയ ഏജൻസികളും

​ദേശീയ പൊതുപ്രവേശന പരീക്ഷക്കുള്ള ഒരുക്കം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ഇംഗ്ലീഷടക്കം 13 ഭാഷകളിൽ പരീക്ഷയെഴുതാൻ സൗകര്യമുണ്ടാവും. ഇന്ത്യയിലെ 547 നഗരങ്ങളിലും ഇന്ത്യക്കു പുറത്ത്​ 13 നഗരങ്ങളിലും പ്രവേശന പരീക്ഷ നടക്കും. മെയ് ആറുവരെ​ വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാം. 45 കേന്ദ്ര സർവകലാശാലകളും ഏതാനും സംസ്ഥാന സർവകലാശാലകളും അടക്കം 73 സ്ഥാപനങ്ങൾ പൊതുപ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. സ്വകാര്യ സർവകലാശാലകളടക്കം ബിരുദതല പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വരുംവർഷങ്ങളിൽ കേന്ദ്ര- സംസ്ഥാന സർവകലാശാലകൾ കൂടുതലായി ഇതിന്റെ ഭാഗമാകും എന്നും കരുതാം. രാജ്യത്തെമ്പാടുമുള്ള കോളേജുകളും കൂടി ഭാഗമാകുന്നതോടെ നിർണായക സ്വാധീനമുള്ള ഒന്നായി പൊതുപൊതുപ്രവേശന പരീക്ഷ മാറുകയാണ്. ഭാവിയിൽ പൊതുപ്രവേശന പരീക്ഷയിൽ പങ്കുചേരുക എന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരത്തെ നിർണയിക്കുന്ന മാനദണ്ഡമായി കൂടി മാറ്റുന്നതിനുള്ള തയ്യാറെടുപ്പിലാണ് യു.ജി.സി.യും, ‘നാക്​’, ‘നിർഫ്​’ തുടങ്ങിയ ഗുണനിലവാര നിർണയ ഏജൻസികളും. ഇതോടെ, രാജ്യത്തെ എല്ലാ സർവകലാശാലകളും കോളേജുകളും തങ്ങളുടെ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന്​ ഒരൊറ്റ പരീക്ഷയുടെ കീഴിൽ അണിനിരക്കുന്ന അവസ്ഥയുണ്ടാകും.

തങ്ങളുടെ വ്യക്തിപരമായ ജീവിതാനുഭവങ്ങൾക്കുനേരെ കണ്ണടച്ച് പരീക്ഷയുടെ ‘ആൻസർ കീ’യിലെ ശരി ഉത്തരങ്ങളെ മാത്രം ലക്ഷ്യംവെച്ചാണ് നമ്മുടെ വിദ്യാർഥികൾ പരീക്ഷകളെ അഭിമുഖീകരിക്കുന്നത്. / Photo: Muhammed Fasil

രാജ്യത്തെ എല്ലാ സർവകലാശാലകളും കോളേജുകളും ഒരൊറ്റ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന ലിസ്റ്റിൽ നിന്ന് വിദ്യാർഥികളെ തിരഞ്ഞെടുക്കുക എന്ന പ്രക്രിയ നിലവിൽ വന്നുകഴിഞ്ഞാൽ, ഓരോ ഉന്നത വിദ്യാഭ്യാസ സ്ഥാപനവും പ്രത്യേകം എൻട്രൻസ് ടെസ്​റ്റ്​ നടത്തുന്ന പതിവ് ഇല്ലാതാവും. ഇത്തരം പ്രത്യേക എൻട്രൻസ്​ ടെസ്​റ്റുകളിൽ ചിലത്​ സ്ഥാപനങ്ങളുടെ തലത്തിലും മറ്റു ചിലവ സംസ്ഥാനതലത്തിലും കേന്ദ്ര സർവകലാശാലകൾ ദേശീയതലത്തിലുമാണ്​ നടത്തിവരുന്നത്. ഒരുതരത്തിൽ പറഞ്ഞാൽ സ്ഥാപനങ്ങൾക്ക്, പരീക്ഷാ നടത്തിപ്പിലും ഭരണപരമായും വലിയ ആശ്വാസം നൽകുന്നതാണ് പൊതുപ്രവേശന പരീക്ഷ. മാത്രമല്ല, വിദ്യാർഥികളെ സംബന്ധിച്ച്​ഓരോ സർവകലാശാലകൾക്കും പ്രത്യേകം പരീക്ഷ എഴുതുക എന്നതിലെ ബുദ്ധിമുട്ടിൽനിന്നും സമ്മർദത്തിൽ നിന്നുമൊക്കെ വിടുതൽ നേടാനും സാധിക്കും. ഇതൊക്കെയാണെങ്കിലും പഠനം സുഗമമാക്കുന്നതിന് ആവിഷ്‌കരിക്കപ്പെട്ട ഒരു മാർഗമായ പരീക്ഷ എന്ന ആശയം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നേടിയ അനർഹമായ സ്വാധീനത്തിന്റെയും നിയന്ത്രണത്തിന്റെയും അടിസ്ഥാനത്തിൽ പരിശോധിക്കുകയാണെങ്കിൽ വിദ്യാഭ്യാസം കൂടുതൽ പരീക്ഷാകേന്ദ്രീകൃതമാകുന്ന അപകടകരമായ ഭാവി മുന്നിൽ കാണേണ്ടതുണ്ട്.

ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾക്കുവേണ്ടി പഠിക്കുന്ന വിദ്യാർഥി നല്ല പഠിതാവ് എന്നതിൽനിന്ന്​ നല്ല പരീക്ഷ എഴുത്തുകാർ എന്ന നിലയിലേക്കാണ് രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. ബോധന രീതിശാസ്ത്രവും, ഗൃഹപാഠങ്ങളും, കോച്ചിങ് ക്ലാസുകളുമെല്ലാം അതിനിർണായക പരീക്ഷകളിലെ ചോദ്യമാതൃക അടിസ്ഥാനപ്പെടുത്തി രൂപപ്പെട്ടുവരുന്ന അവസ്ഥയാണുണ്ടാവുന്നത്.

ആധുനിക കാലത്ത് എല്ലാ പരീക്ഷകളുടെയും ഏറ്റവും പ്രധാനപ്പെട്ട പ്രത്യക്ഷ ലക്ഷ്യം അറിവിന്റെയും ശേഷികളുടെയും അടിസ്ഥാനത്തിലുള്ള വേർതിരിക്കലാണ്. എന്നാൽ പരോക്ഷവും കൂടുതൽ പ്രധാനപ്പെട്ടതുമായ ലക്ഷ്യം വിദ്യാർഥികളുടെ സജാതീയവത്കരണമാണ്. കാഴ്ചയിൽ എല്ലാവരും ഒരേ പോലെയിരിക്കുന്ന ഭൗതികമായ സജാതീയവത്കരണമല്ല, മറിച്ച് കാഴ്ചപ്പാടുകളുടെ സജാതീയവത്കരണമാണ് ഇത്തരം പരീക്ഷകൾ ലക്ഷ്യംവെക്കുന്നത്. തങ്ങളുടെ ജീവിതാനുഭവങ്ങളെ റദ്ദാക്കി, എല്ലാ വിദ്യാർഥികളും ഒരു ചോദ്യത്തിന് ഒരൊറ്റ ഉത്തരം മാത്രം എന്ന ആശയത്തിലേക്ക് എത്തിച്ചേരുന്നത് കാഴ്ചപ്പാടുകളുടെ സജാതീയവത്കരണത്തിലൂടെയാണ്. തങ്ങളുടെ വ്യക്തിപരമായ ജീവിതാനുഭവങ്ങൾക്കുനേരെ കണ്ണടച്ച് പരീക്ഷയുടെ ‘ആൻസർ കീ’യിലെ ശരി ഉത്തരങ്ങളെ മാത്രം ലക്ഷ്യംവെച്ചാണ് നമ്മുടെ വിദ്യാർഥികൾ പരീക്ഷകളെ അഭിമുഖീകരിക്കുന്നത്.

നമ്മുടെ ഏറ്റവും പ്രധാന കൃഷി എന്നതിന് ‘പരുത്തി' എന്ന ശരിയുത്തരം ചോയ്‌സുകളിൽ നിന്ന്, ഒരിക്കൽ പോലും പരുത്തിച്ചെടി കണ്ടിട്ടില്ലാത്ത കേരളത്തിലെ ഒരു സി.ബി.എസ്​.ഇ. വിദ്യാർഥി തെരഞ്ഞെടുത്തെഴുതുന്നതും, ‘കേരളത്തിന്റെ ഉന്നത ജീവിതനിലവാരം’ എന്നതിനെക്കുറിച്ച്, ചോർന്നൊലിക്കുന്ന വീട്ടിൽ നിന്ന് മൂന്നുനേരം ഭക്ഷണം ലഭിക്കാത്ത ഒരു ആദിവാസിക്കുട്ടി ഉപന്യാസം എഴുതുന്നതുമൊക്കെ സ്വന്തം അനുഭവങ്ങളെ റദ്ദുചെയ്​താണ്​. ഇതിലൂടെയെല്ലാം അന്യായമായ ഒരു സജാതീയവത്കരണം വിദ്യാർഥികളിൽ അടിച്ചേൽപ്പിക്കപ്പെടുന്നുണ്ട്. ഐക്യരൂപം വന്ന കാഴ്ചപ്പാടുകൾ നിർമിക്കപ്പെടുക എന്നത് വിദ്യാഭ്യാസപ്രക്രിയ കൂടുതൽ അനായാസകരമാക്കുന്നതിന് അനിവാര്യമാണ്. ഇത്തരത്തിൽ ഉയർന്ന സാമ്പത്തിക- സാംസ്‌കാരിക- സാമൂഹിക മൂലധനം കൈമുതലായുള്ളവരുടെ കാഴ്ചപ്പാടുകൾ അതില്ലാത്തവരിലേക്കുകൂടി വ്യാപിപ്പിക്കുന്നതിനുപയോഗിക്കുന്ന സമാധാനായുധമാണ് പരീക്ഷകൾ. ഒരർഥത്തിൽ പറഞ്ഞാൽ നിലനിൽക്കുന്ന സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ അധീശത്വത്തെ എതിർപ്പുകളില്ലാത്തത് എന്നുമാത്രമല്ല, വളരെ ന്യായം എന്നുകരുതുന്ന പൊതുബോധമായി പരിവർത്തിപ്പിക്കുന്നതിനുള്ള കളരികളാണ് പരീക്ഷകളും അതിനുള്ള തയ്യാറെടുപ്പും. വിദ്യാഭ്യാസം തന്നെ പരീക്ഷക്കുവേണ്ടിയുള്ള തയ്യാറെടുപ്പായി സ്വയം പരിണമിക്കുമ്പോൾ ആയാസരഹിതമായി അധീശത്വ പൊതുബോധനിർമിതി സാധ്യമാവുന്നു. ചോദ്യങ്ങൾക്കുള്ള മറുപടികളിൽ നിന്ന് ശരിയുത്തരത്തിലേക്കുള്ള നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പരിവർത്തനം, അടിമത്തത്തിന്റെയും അധീശത്വത്തിന്റെയും കുടിലതന്ത്രങ്ങളുടെയും കഥ കൂടിയാണ്.

വലിയൊരളവുവരെ ആഗോള തൊഴിൽ വിപണിയുടെ ആവശ്യങ്ങളിൽ നിന്ന് സ്വാംശീകരിക്കപ്പെട്ട ചിന്താഗതിയും സ്വഭാവങ്ങളുമാണ്​ ആഗോളതലത്തിൽ ഉന്നതവിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതിയെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. / Photo: Unsplash

സംസ്ഥാന- ദേശീയ തലങ്ങളിൽ ഇത്തരം സജാതീയവത്കരണത്തിന്റെ മുഖങ്ങളായി പത്താംക്ലാസ്​ ബോർഡ് പരീക്ഷ, പ്ലസ് ടു പരീക്ഷ, എൻജിനീയറിങ്- മെഡിക്കൽ പരീക്ഷകൾ തുടങ്ങിയവ നിർവഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വം, ഒരേപോലെ ചിന്തിക്കുകയും അങ്ങനെ ഒരേ ഉത്തരത്തിലേക്ക് വന്നെത്തുകയും ചെയ്യുന്ന ഒരു വലിയ ജനവിഭാഗത്തെ നിർമിച്ചെടുക്കുക എന്നതാണ്. ഇത്തരത്തിൽ ചിന്തകളുടെയും ഓർമയുടെയും സജാതീയവത്കരണത്തിലൂടെ മാത്രമേ ആഗോളതലത്തിൽ ഐക്യരൂപപ്പെട്ട ഉന്നത വിദ്യാഭ്യാസ പ്രക്രിയയിലേക്ക് വിദ്യാർഥികളെ സുഗമമായി പങ്കാളികളാക്കാൻ സാധിക്കുകയുള്ളൂ.

വലിയൊരളവുവരെ ആഗോള തൊഴിൽവിപണിയുടെ ആവശ്യങ്ങളിൽ നിന്ന് സ്വാംശീകരിക്കപ്പെട്ട ചിന്താഗതിയും സ്വഭാവങ്ങളുമാണ്​ ആഗോളതലത്തിൽ ഉന്നതവിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതിയെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. തൊഴിൽവിപണിയുടെ ആവശ്യങ്ങൾ ഉൾക്കൊണ്ട് ഉന്നതവിദ്യാഭ്യാസ പാഠ്യപദ്ധതി രൂപപ്പെടുത്തുന്നത് വരുംകാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതുകൊണ്ട് തൊഴിലിനെയും തൊഴിൽ താത്പര്യങ്ങളെയും വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തുക എന്നത് പുരോഗമനവിരുദ്ധമാണ് എന്നൊന്നും പറയാൻ സാധിക്കില്ല. പക്ഷേ, തൊഴിൽവിപണിയുടെ ആവശ്യങ്ങൾ മാത്രമാണ് ഉന്നതവിദ്യാഭ്യാസത്തിന്റെ പരിഗണന എന്നുവരുന്നത് തീർത്തും പുരോഗമനവിരുദ്ധമാണ്. ജനാധിപത്യപരമായ കാഴ്ചപ്പാടുകളും സ്വന്തം ബോധ്യങ്ങളും അവരവരുടെ ജീവിതസാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയെടുക്കുന്ന ‘മനുഷ്യൻ' എന്ന ആശയത്തിൽനിന്ന്​ കാഴ്ചപ്പാടുകളും ബോധ്യങ്ങളും നിക്ഷേപിക്കപ്പെട്ട മനുഷ്യനിലേക്കുള്ള, അപമാനവീകരണത്തിന്റെ ഇരുട്ടറകളിലേക്കുള്ള തിരിച്ചുപോക്കാണത്. ദൗർഭാഗ്യകരമെന്നു പറയട്ടെ, ഈ രീതിയിലേക്കുള്ള പരിവർത്തന്തത്തിനുതകുന്ന ലോകക്രമം രൂപപ്പെടുത്തുന്ന അധീശതാത്പര്യങ്ങളാണ് ഉന്നതവിദ്യാഭ്യാസരംഗത്ത് സംസ്ഥാന- ദേശീയ- ആഗോള തലങ്ങളിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്.

മെഡിക്കൽ- എൻജിനീയറിങ്‌ എന്നിങ്ങനെയുള്ള അതിനിർണായക പരീക്ഷകളിലൂടെ സജാതീയവത്കരണം വലിയൊരളവുവരെ പൊതുസമ്മതി നേടിയിട്ടിട്ടുണ്ട്. ഇതിന്റെ ഒരു വിപുലീകരണം മാത്രമാണ് പൊതുപ്രവേശന പരീക്ഷകൾ.

തൊഴിൽവിപണി ആവശ്യപ്പെടുന്ന നൈപുണികൾ വേർതിരിച്ചെടുക്കപ്പെടുന്നതിലൂടെയാണ് ഇനംതിരിച്ചുള്ള സജാതീയവത്കരണം ഒരു ആവശ്യമായി മാറുന്നത്. അതുകൊണ്ടുതന്നെ ശേഷിയുടെയും നൈപുണിയുടെയും കാര്യത്തിൽ തൊഴിൽവിപണി മുന്നോട്ടുവെയ്ക്കുന്ന വൈവിധ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള സജാതീയവത്കരണം സാധ്യമാകുമ്പോൾ തന്നെ കാഴ്ചപ്പാടുകളിലും പൊതുബോധത്തിലും ഐക്യരൂപപ്പെട്ട വിദ്യാർഥികളാണ് ഉന്നതവിദ്യാഭ്യാസത്തിന്റെ ആധുനിക ലക്ഷ്യം. സംസ്‌കാരം അടക്കമുള്ള വിവിധ ഘടകങ്ങളാൽ ആത്യന്തികമായി വ്യതിരിക്തരായ യുവജനത സ്വാഭാവികമായും ഒരു സജാതീയവത്കരണത്തോട് നിഷേധാത്മകതയും പ്രതിഷേധവും പ്രകടിപ്പിക്കും. ഈ നിഷേധാത്മകതയോടും പ്രതിരോധത്തോടും കായികമായി പ്രതികരിക്കുന്നതിനുള്ള തങ്ങളുടെ പരിമിതികൾ മനസ്സിലാക്കുന്ന രാഷ്ട്രീയ- സാമ്പത്തിക വ്യവസ്ഥയാണ് സജാതീയവത്കരണത്തെ സംബന്ധിക്കുന്ന പൊതുസമ്മതി വളർത്തിയെടുക്കുന്നത്. ഇത്തരം പരീക്ഷകളിലൂടെ പൊതുസമ്മതി വളർത്തിയെടുക്കുക എന്നത് പ്രതിഷേധിക്കാനും പ്രതിരോധിക്കാനും സാധ്യതയുള്ള ഒന്നിനോട് യുവജനതയെ ആവേശത്തോടെയും വാശിയോടെയും കൂടി സമീപിക്കുന്നതിനുള്ള നിലമൊരുക്കലാണ്.

പൊതുപ്രവേശന പരീക്ഷകളിൽ ഉയർന്ന നിലയിൽ പാസാവുകയെന്നത് ഓരോ വിദ്യാർഥിയെയും സംബന്ധിച്ച് ജീവന്മരണ പോരാട്ടമായി മാറുന്നു. / Photo: Wikimedia Commons

ഇത്തരത്തിൽ ഒരേ ചിന്താരീതികളും ചേഷ്ടകളും സ്വായത്തമാക്കിയ ഒരു വലിയ ജനവിഭാഗത്തെ പടുത്തുയർത്തുന്നതിനുള്ള ഗൃഹപാഠങ്ങളിൽ ഏറ്റവും പ്രധാന പങ്കാണ് അതിനിർണായക പരീക്ഷകൾ (High stake tests) സമൂഹത്തിൽ ചെയ്തുകൊണ്ടിരിക്കുന്നത്. ടെസ്റ്റ് എഴുതുന്നവരുടെ ഭാവി നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന പരീക്ഷകളാണ് നിർണായക പരീക്ഷകൾ. അതുകൊണ്ടുതന്നെ, ഇത്തരം പരീക്ഷകളിൽ ഉയർന്ന നിലയിൽ പാസാവുകയെന്നത് ഓരോ വിദ്യാർഥിയെയും സംബന്ധിച്ച് ജീവന്മരണ പോരാട്ടമായി മാറുന്നു. മെഡിക്കൽ- എൻജിനീയറിങ്‌ എന്നിങ്ങനെയുള്ള അതിനിർണായക പരീക്ഷകളിലൂടെ ഇത്തരം സജാതീയവത്കരണം വലിയൊരളവുവരെ പൊതുസമ്മതി നേടിയിട്ടിട്ടുണ്ട്. ഇതിന്റെ ഒരു വിപുലീകരണം മാത്രമാണ് ഇപ്പോൾ ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്താൻ പോകുന്ന പൊതുപ്രവേശന പരീക്ഷകൾ.

സ്‌കൂളുകളിലൂടെ ഔപചാരികമായി പൊതുപ്രവേശന പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ്​നടക്കുമ്പോൾ തന്നെ അനൗപചാരികമായി സജാതീയതയെ കൂടുതൽ ഊട്ടിയുറപ്പിക്കുന്ന ട്യൂഷൻ, കോച്ചിങ് ക്ലാസുകളുടെ സാന്നിധ്യവും ഉണ്ടാവുന്നുണ്ട്.

ബിരുദതല അഡ്മിഷന്​ നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ സിലബസ് എൻ.സി.ഇ.ആർ.ടി.യുടെ പന്ത്രണ്ടാം ക്ലാസ് സിലബസ് അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കും. അതുകൊണ്ടുതന്നെ, പതിനൊന്നും പന്ത്രണ്ടും ക്ലാസുകളിൽ വിദ്യാർഥി നേടുന്ന അറിവുകൾ ഇത്തരം പൊതുപ്രവേശന പരീക്ഷയിൽ വലിയ പങ്കുവഹിക്കും. ഇതിനെ എതിർത്ത്​ തമിഴ്‌നാട് ഗവൺമെൻറ്​ പ്രമേയം പാസാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ തന്നെ മൂന്നോളം സ്റ്റേറ്റ് ബോർഡുകളുണ്ട്. എൻ.സി.ഇ.ആർ.ടി. സിലബസിന്റെ അടിസ്ഥാനത്തിൽ പൊതു പ്രവേശന പരീക്ഷ നടത്തുമ്പോൾ ഈ സ്റ്റേറ്റ് ബോർഡുകളിൽ പഠിച്ചുവരുന്ന വിദ്യാർഥികൾക്ക് ബുദ്ധിമുട്ട് നേരിടും എന്നതാണ് തമിഴ്‌നാട് ഗവൺമെൻറിന്റെ വാദം. എന്നാൽ, ഇത്തരം വാദങ്ങൾ അനുവദിച്ചുകൊടുത്തുകൊണ്ടുതന്നെ ചില സംസ്ഥാനങ്ങളിൽ പൊതു പ്രവേശന പരീക്ഷകൾ ഒഴിവാക്കി മുൻപോട്ടുപോകാൻ തീരുമാനിച്ചുവെന്നുകരുതുക. ഇങ്ങനെ വിട്ടുനിൽക്കുന്ന സംസ്ഥാനങ്ങൾക്ക് ഭാവിയിൽ മുട്ടുമടക്കേണ്ടിവരും; കാരണം രക്ഷകർത്താക്കളും വിദ്യാർഥികളും ദേശീയതലത്തിൽ ഉന്നത നിലവാരമുള്ള സ്ഥാപനങ്ങളിൽ അഡ്​മിഷൻ നേടുന്നതിന്​ എൻ.സി.ഇ.ആർ.ടി. സിലബസിലേക്കോ, സമാന സ്റ്റേറ്റ് ബോർഡുകളിലേക്കോ ചേക്കേറും. അതുകൊണ്ട് പ്രതിഷേധങ്ങൾ ഒരു വഴിക്കു നടക്കുമെങ്കിലും എൻ.സി.ഇ.ആർ.ടി. സിലബസ് സ്റ്റേറ്റ് സിലബസിൽ കൂടുതൽ സാന്നിധ്യമറിയിക്കുന്ന അവസ്ഥയാണ് ഉണ്ടാകാൻ പോകുന്നത്.

സ്‌കൂളുകളിലൂടെ ഔപചാരികമായി പൊതുപ്രവേശന പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ്​നടക്കുമ്പോൾ തന്നെ അനൗപചാരികമായി സജാതീയതയെ കൂടുതൽ ഊട്ടിയുറപ്പിക്കുന്ന ട്യൂഷൻ, കോച്ചിങ് ക്ലാസുകളുടെ സാന്നിധ്യവും ഉണ്ടാവുന്നുണ്ട്. സജാതീയവത്കരണത്തിന്റെ കോൺട്രാക്ട് അഗ്രസീവായി നിറവേറ്റുന്ന വിഭാഗമാണ് കോച്ചിങ് സെന്ററുകൾ. പ്ലസ്ടു ബോർഡ് പരീക്ഷകൾക്ക്​ ​വിദ്യാർഥികളെ തയ്യാറെടുപ്പിക്കുന്ന കോച്ചിങ് സെന്ററുകൾ ഇപ്പോൾ തന്നെ വലിയ കച്ചവടമേഖലയാണ്. പൊതുപ്രവേശന പരീക്ഷകൾ കൂടി ഇതേ സിലബസിനെ അടിസ്ഥാനപ്പെടുത്തിയാവുമ്പോൾ കോച്ചിങ് സെന്ററുകൾ സയൻസ് പോലെയുള്ള മേഖലകളിൽ കൂടുതൽ അനിഷേധ്യമായി മാറുകയും മാനവിക സാമൂഹ്യശാസ്ത്രങ്ങളിലേക്ക് കടന്നുകയറുകയും ചെയ്യും. തീർത്തും അപ്രതിരോധ്യമായ രീതിയിൽ കോച്ചിങ് സെന്ററുകളുടെ പ്രാധാന്യം ഈ മേഖലയിൽ വളർന്നുവരും എന്നുവേണം മനസ്സിലാക്കാൻ.

അതിനിർണായക പരീക്ഷകളുടെ ഏറ്റവും പ്രധാനപ്പെട്ട ദൂഷ്യവശം, പഠനപ്രക്രിയയെ അത് പരീക്ഷയ്ക്കുവേണ്ടി തീറെഴുതിക്കൊടുക്കുന്നു എന്നതാണ്. / Photo: Unsplash

ഒരു പരീക്ഷയുടെ ഫലം ഒരു വിദ്യാർഥിയെ സംബന്ധിച്ച്​ നിർണായകമായി മാറുന്നു എങ്കിൽ അവയെ അതിനിർണായക പരീക്ഷ എന്നുവിളിക്കാം എന്നു സൂചിപ്പിച്ചിരുന്നല്ലോ. ഇത്തരത്തിൽ, ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന പ്രവേശനപരീക്ഷകൾ അതിനിർണായക പരീക്ഷകളായി മാറുന്നു. ഈ പരീക്ഷയുടെ ഫലം മോശമായാൽ വിദ്യാർഥിക്ക് ഒരുപക്ഷേ അഡ്മിഷൻ കിട്ടാതാവുകയോ തങ്ങൾ പ്രതീക്ഷിച്ച വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനം കിട്ടാതെ പോവുകയോ ചെയ്യും. ഈ ഗണത്തിൽ ഉൾപ്പെടുത്താൻ പറ്റാവുന്ന പരീക്ഷകളാണ് പത്ത്​, പന്ത്രണ്ട്​ ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ, നീറ്റ്, ജോയിൻറ്​ എൻട്രൻസ് എക്‌സാമിനേഷനുകൾ എന്നിവ. അതിനിർണായക പരീക്ഷകളുടെ ഏറ്റവും പ്രധാനപ്പെട്ട ദൂഷ്യവശം, പഠനപ്രക്രിയയെ അത് പരീക്ഷയ്ക്കുവേണ്ടി തീറെഴുതിക്കൊടുക്കുന്നു എന്നതാണ്. അതിനിർണായക പരീക്ഷകളുടെ ജയവും പരാജയവും വിദ്യാർഥിയുടെ ഭാവിയെ സംബന്ധിക്കുന്ന വിധിയായി മാറും എന്നതുകൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളും അധ്യാപകരും ബോധനപ്രക്രിയ പരീക്ഷയ്ക്ക് ജയിക്കുന്നതിനുവേണ്ടിയുള്ള ഒന്നാക്കിമാറ്റും. വിദ്യാർഥികൾ പഠനത്തെ പരീക്ഷ ജയിക്കുന്നതിനുള്ള ഒരു പ്രവർത്തനമാക്കി ചുരുക്കും.

യഥാർഥത്തിൽ എല്ലാ അതിനിർണായക പരീക്ഷകളും വെളിവാക്കിത്തരുന്നത് അത് എഴുതുന്ന വിദ്യാർഥികളുടെ അക്കാദമിക മേന്മയല്ല, മറിച്ച് അവരുടെ സാമൂഹിക- സാമ്പത്തിക പരിതസ്ഥിതികളാണ്.

പഠനബോധന പ്രവർത്തനങ്ങളുടെ ഉദാത്തലക്ഷ്യങ്ങളെയെല്ലാം കാറ്റിൽപറത്തി അവയെ പരീക്ഷയ്ക്കുമാത്രമുള്ളതായി മാറ്റിത്തീർത്തത് ഇത്തരം അതിനിർണായക പരീക്ഷകളാണ്. അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും, വിമർശനാത്മകതയുമെല്ലാം പാടെ തൂത്തുമാറ്റപ്പെടുന്നതിങ്ങനെയാണ്. വസ്തുനിഷ്ഠമായി പരീക്ഷകളിലൂടെ മൂല്യനിർണയത്തിന്​ വഴങ്ങുന്ന അറിവുകൾ മാത്രമാണ് അറിവ് എന്ന അബദ്ധപൂർണവും അപകടകരവുമായ പൊതുബോധ നിർമിതി, അതിനിർണായക പരീക്ഷകൾ സമൂഹത്തിൽ നേടിയെടുത്ത പ്രാധാന്യത്തിന്റെ ഏറ്റവും വലിയ തെളിവാണ്. പരീക്ഷകളുടെ വസ്തുനിഷ്ഠതയ്ക്ക് വിധേയമാക്കാൻ ബുദ്ധിമുട്ടുള്ള വിഷയാത്മകത (subjective) കലർന്ന അക്കാദമികവും അനക്കാദമികവുമായ പ്രവർത്തനങ്ങളെ ഇത് രണ്ടാംതരം അറിവായി കണക്കാക്കി അവഗണിക്കുന്നു.

യഥാർഥത്തിൽ എല്ലാ അതിനിർണായക പരീക്ഷകളും വെളിവാക്കിത്തരുന്നത് അത് എഴുതുന്ന വിദ്യാർഥികളുടെ അക്കാദമിക മേന്മയല്ല, മറിച്ച് അവരുടെ സാമൂഹിക- സാമ്പത്തിക പരിതസ്ഥിതികളാണ്. സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലവാരത്തിൽ ജീവിക്കുന്ന വിദ്യാർഥികൾ അതിനിർണായക പരീക്ഷകളിൽ ഉയർന്ന സ്ഥാനം നേടുന്നു എന്നത് യാദൃച്​ഛികം മാത്രമല്ല. സമൂഹത്തിൽ അന്തർലീനമായ സാമ്പത്തിക- സാംസ്‌കാരിക വ്യത്യാസങ്ങളുടെ ഒരു കണ്ണാടിയായി കൂടി അതിനിർണായക പരീക്ഷകളെ കാണാൻ സാധിക്കും.

ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾക്കുവേണ്ടി പഠിക്കുന്ന വിദ്യാർഥി നല്ല പഠിതാവ് എന്നതിൽനിന്ന്​ നല്ല പരീക്ഷ എഴുത്തുകാർ എന്ന നിലയിലേക്കാണ് രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. / Photo: Maxpixel

സാധാരണ, പൊതുപ്രവേശന പരീക്ഷകൾ ഒബ്ജക്റ്റീവ് ടൈപ്പ് ആയാണ്​ നടത്താറ്​. ഒരു ചോദ്യവും നാലോ അഞ്ചോ ചോയ്‌സുകളും. കമ്പ്യൂട്ടർ മൂല്യനിർണയത്തിനുള്ള ഏറ്റവും എളുപ്പമാർഗം ഒബ്ജക്റ്റീവ് ടൈപ്പ് / മൾട്ടിപ്പിൾ ചോയ്​സ്​ പരീക്ഷകൾ നടത്തുക എന്നതാണ്. മാത്രമല്ല, വസ്തുനിഷ്ഠ മൂല്യനിർണയത്തിന് ഏറ്റവും പ്രധാനപ്പെട്ട മാർഗമായാണ് ഒബ്ജക്റ്റീവ് ടൈപ്പ് ടെസ്റ്റുകൾ അറിയപ്പെടുന്നത്. പഠന- ബോധന പ്രവർത്തനങ്ങളുടെ പ്രതിഫലനം ഒരു വിദ്യാർഥിയിൽ നിന്ന്​ നിരീക്ഷിക്കപ്പെടേണ്ടത് വിപുലമായ സ്പഷ്ടീകരണങ്ങളിലൂടെയാണെന്നിരിക്കെ, ഒബ്ജക്റ്റീവ് ടൈപ്പ് ടെസ്റ്റുകൾ ഇത്തരം സ്പഷ്ടീകരണങ്ങളുടെ പരിമിതതലം മാത്രമാണ് അളക്കുന്നത്. ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾക്കുവേണ്ടി പഠിക്കുന്ന വിദ്യാർഥി നല്ല പഠിതാവ് എന്നതിൽനിന്ന്​ നല്ല പരീക്ഷ എഴുത്തുകാർ എന്ന നിലയിലേക്കാണ് രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. പാഠപുസ്തകങ്ങളും അധ്യാപകരുടെ ബോധന രീതിശാസ്ത്രവും, ഗൃഹപാഠങ്ങളും, കോച്ചിങ് ക്ലാസുകളുമെല്ലാം അതിനിർണായക പരീക്ഷകളിലെ ചോദ്യമാതൃക അടിസ്ഥാനപ്പെടുത്തി രൂപപ്പെട്ടുവരുന്ന അവസ്ഥയാണുണ്ടാവുന്നത്. അതുകൊണ്ടുതന്നെ, സർവകലാശാലാതലത്തിൽ നടത്തുന്ന പൊതുപ്രവേശന പരീക്ഷകൾ ഏറ്റവും സ്വാധീനിക്കുക പ്ലസ്ടു തലത്തിലുള്ള വിദ്യാഭ്യാസ പ്രക്രിയയെയാണ്. നീറ്റ്, ജെ.ഇ.ഇ., സംസ്ഥാന എൻട്രൻസ് പരീക്ഷകൾ എന്നിവയിലൂടെ സയൻസ് വിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികളുടെമേൽ ഇത്തരം സ്വാധീനം നിലനിൽക്കുന്നുണ്ട്. അതോടൊപ്പം, സാമൂഹ്യശാസ്ത്ര, മാനവിക വിഷയങ്ങളുടെ മേഖലയിലും വസ്തുനിഷ്ഠ ചോദ്യമാതൃകകളും അവയെ ആസ്പദമാക്കിയുള്ള പഠന- ബോധന പ്രവർത്തനരീതികളും അനിഷേധ്യമായി മാറുന്നതിനുള്ള സാധ്യതകളാണ് അതിനിർണായക പൊതുപ്രവേശന പരീക്ഷകൾ തുറന്നിടുന്നത്​. ഒരു വിദ്യാർഥി തനിക്ക്​ പഠിക്കാനുള്ള പാഠഭാഗങ്ങളിൽ നിന്ന് എത്ര പഠിച്ചു എന്നതിനേക്കാൾ, പരീക്ഷയെഴുതിയ ഒരു കൂട്ടം വിദ്യാർഥികളുടെയിടയിൽ ആ വിദ്യാർഥിയുടെ പ്രകടനം എവിടെ നിൽക്കുന്നു എന്നുമാത്രമാണ് ഇത്തരം ടെസ്റ്റുകളിലൂടെ നാം മനസ്സിലാക്കിയെടുക്കുന്നത്.

വിമർശനാത്മക ചിന്തയും, സർഗാത്മകതയും, വൈജ്ഞാനികതയോടുള്ള ആദരവുമൊക്കെ അതിനിർണായക പരീക്ഷകൾക്കുവേണ്ടിയുള്ള പഠനത്തിനു മുന്നിൽ യാതൊരു പ്രാധാന്യവുമില്ലാത്ത നേരമ്പോക്കുകളായി മാറും

ബിരുദപ്രവേശനത്തിന്​ ദേശീയതലത്തിൽ നടത്തുന്ന പൊതുപ്രവേശന പരീക്ഷകൾ അവയുടെ അതിനിർണായകതയുടെ പശ്ചാത്തലത്തിലും, പഠനബോധന പ്രവർത്തനങ്ങളിലുളവാക്കുന്ന സ്വാധീനങ്ങളിലും ആശങ്കയുളവാക്കുന്നുണ്ട് എങ്കിൽ കൂടിയും, അവ മുൻപോട്ടുവയ്ക്കുന്ന ചില ഗുണങ്ങൾ കാണാതിരുന്നുകൂടാ. എല്ലാ സർവകലാശാലകളിലും അഡ്മിഷന്​ ഒരൊറ്റ പരീക്ഷ എഴുതിയാൽ മതി എന്നത് വിദ്യാർഥികളെ സംബന്ധിച്ച്​ വലിയ അനുഗ്രഹമാണ്. ഓരോ സർവകലാശാലയിലേക്കും പ്രത്യേകം അപേക്ഷ നൽകുക എന്നത് വിദ്യാർഥികളിൽ വലിയ അധ്വാനഭാരമുണ്ടാക്കുന്ന കാര്യമാണ്. ഒരു വിദ്യാർഥിക്ക് അഞ്ച് സർവകലാശാലയിലേക്ക് അപേക്ഷിക്കണമെങ്കിൽ ഫീസുൾപ്പെടെ നല്ല തുക ചെലവാകും. കുറഞ്ഞ ഫീസാണെങ്കിലും, പട്ടികവിഭാഗക്കാർക്കും നല്ല തുക ചെലവാക്കേണ്ടിവരുമായിരുന്നു. ഇതിൽ നിന്നുള്ള ആശ്വാസമാണ്​ പൊതുപ്രവേശന പരീക്ഷകൾ. എന്നാൽ പോലും ജനാധിപത്യ ലോകക്രമത്തെ പടുത്തുയർത്തുന്നതിന് ഏറ്റവും അനിവാര്യമായ വിമർശനാത്മക ചിന്തയും, സർഗാത്മകതയും, വൈജ്ഞാനികതയോടുള്ള ആദരവുമൊക്കെ അതിനിർണായക പരീക്ഷകൾക്കുവേണ്ടിയുള്ള പഠനത്തിനു മുന്നിൽ യാതൊരു പ്രാധാന്യവുമില്ലാത്ത നേരമ്പോക്കുകളായി മാറും എന്നത് ഗൗരവതരമായി കാണേണ്ടതാണ്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


അമൃത് ജി. കുമാർ

സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കേരളയിലെ സ്‌കൂൾ ഓഫ് എഡ്യുക്കേഷനിൽ പ്രഫസർ. വിദ്യാഭ്യാസമെന്ന ആസൂത്രിത കലാപം, Factors Relating to Information Skills എന്നിവയാണ് കൃതികൾ

Comments