ഇനി ബിരുദം നാലുവർഷം, എന്താണ് മാറ്റം,
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മൂന്നു വർഷ ബിരുദ പഠനം ഇനി മുതൽ നാല് വർഷ ബിരുദ പ്രോഗ്രാമുകളാകും. ഈ വർഷം പ്ലസ് ടു കഴിഞ്ഞ്, ബിരുദം തെരഞ്ഞെടുക്കുന്നവർ നാലു വർഷ ബിരുദ പരിപാടിയിലൂടെയാണ് കടന്നുപോകേണ്ടത്. അതുകൊണ്ട്, പ്രവേശനത്തിനുമുൻപ് പുതിയ പ്രോഗ്രാമിന്റെ ഉള്ളടക്കത്തെയും അതുമായി ബന്ധപ്പെട്ട സർവ്വകലാശാലാ നിയമങ്ങളെക്കുറിച്ചുമുള്ള ധാരണ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആവശ്യമാണ്- ഡോ. കുട്ടികൃഷ്ണൻ എ.പി എഴുതുന്നു.

ന്നത വിദ്യാഭ്യാസ മേഖല സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാവുന്ന അഖിലേന്ത്യാ ഹയർ എഡ്യൂക്കേഷൻ സർവ്വേ റിപ്പോർട്ട് പ്രകാരം 2021-22 വർഷത്തിൽ ഏകദേശം 43.3 ദശലക്ഷം വിദ്യാർത്ഥികളാണ് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഉന്നത വിദ്യാഭ്യാസ പങ്കാളിത്ത നിരക്ക് അല്ലെങ്കിൽ ഗ്രോസ് എൻറോൾമെൻ്റ് റേഷ്യോ (GER) 28.4 ശതമാനമായി രാജ്യത്ത്‌ ഉയർന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

അതുപോലെ, ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള വിദ്യാർത്ഥികളിൽ ഏതാണ്ട് 79 ശതമാനവും ബിരുദ കോഴ്‌സുകളിലാണ് പഠിക്കുന്നത്. അവരിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന ബിരുദതലത്തിലെ വിഷയ മേഖലകൾ ആർട്സ് ആൻഡ് ഹ്യൂമാനിറ്റീസ് (34%), സയൻസ് (15%), കോമേഴ്‌സ് (13%) എന്നിവയാണ്. കേരളത്തിൽ 11 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ പഠിക്കുന്നത്. ഗ്രോസ് എൻറോൾമെൻ്റ് റേഷ്യോ 41.3 ശതമാനവും.

ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ബിരുദ തല മേഖലയിലെ ഗുണനിലവാരം വർധിപ്പിക്കുന്നതിനായി ഘടനാപരമായ നിരവധി പരിഷ്‌കാരങ്ങളടക്കം നടപ്പിലാക്കാനാണ് സർവകലാശാലകളുടെ നേതൃത്വത്തിൽ ശ്രമിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഇത്തരം ശ്രമങ്ങളുടെ ഭാഗമായി ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ബിരുദ പ്രോഗ്രാമിൻ്റെ ഘടനയിലും പാഠ്യപദ്ധതിയിലും വലിയ അഴിച്ചുപണിയാണ് യു ജി സിയുടെ നേതൃത്വത്തിൽ 2021 -22 വർഷം മുതൽ നടപ്പിലാക്കിവരുന്നത്.

അഖിലേന്ത്യാ ഹയർ എഡ്യൂക്കേഷൻ സർവ്വേ റിപ്പോർട്ട് 2021-22

രാജ്യവ്യാപകമായി ബിരുദ പഠന പ്രോഗ്രാമിൽ നടത്തിവരുന്ന അക്കാദമിക പരിഷ്കാരങ്ങൾക്കനുസൃതമായി ഈ അക്കാദമിക വർഷം മുതൽ കേരളത്തിലും മൂന്നു വർഷ ബിരുദ പ്രോഗ്രാമിൻ്റെ ഘടനയിലും പാഠ്യപദ്ധതിയിലും വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. കേരളത്തിലെ സർവകലാശാലകളോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിൽ നടന്നുവന്നിരുന്ന മൂന്നു വർഷ ബിരുദ പഠനം ഇനി മുതൽ നാല് വർഷ ബിരുദ പ്രോഗ്രാമുകളാകും. അതിനനുസരിച്ചുള്ള പാഠ്യപദ്ധതി സർവ്വകലാശാലകളുടെ സമിതികൾ അംഗീകരിച്ചുകഴിഞ്ഞു.

ഈ വർഷം പ്ലസ് ടു കഴിഞ്ഞ്, ബിരുദതല പ്രോഗ്രാം തിരഞ്ഞെടുത്ത് കോളേജുകളിലേക്കു വരുന്നവർ പുതുതായി ആരംഭിക്കുന്ന നാലു വർഷ ബിരുദ പരിപാടിയിലൂടെയാണ് കടന്നുപോകേണ്ടത്. അതുകൊണ്ട്, പ്രവേശനത്തിനുമുൻപ് പുതിയ പ്രോഗ്രാമിന്റെ ഉള്ളടക്കത്തെയും അതുമായി ബന്ധപ്പെട്ട സർവ്വകലാശാലാ നിയമങ്ങളെക്കുറിച്ചുമുള്ള ധാരണ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആവശ്യമാണ്.

നാലു വർഷ ബിരുദം:
പ്രത്യേകതകൾ

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ 2009- ലാണ് നിലവിലുള്ള പഠനരീതിയായ ‘ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് സെമസ്റ്റർ (CBCS)’ സിസ്റ്റം നടപ്പിലാക്കിയതും കോളേജുകളിലും സർവകലാശാലകളിലും ബിരുദ / ബിരുദാനന്തര പഠനം സെമസ്റ്റർ സമ്പ്രദായത്തിലൂടെ നടന്നുവരുന്നതും. വിമർശനാത്മക പഠനം, വിഷയ വൈദഗ്ദ്യം, ഗവേഷണ കൗതുകം, എന്നിവ ശക്തിപ്പെടുത്തുന്നതിനും മൂല്യനിർണയത്തിൽ ഗ്രേഡിംഗ് രീതി, പ്രവേശനത്തിനുശേഷം വിദ്യാർത്ഥികൾക്ക് താല്പര്യമുള്ള വിഷയങ്ങൾ (പരിമിതമാണെങ്കിൽ പോലും ) തിരഞ്ഞെടുക്കുവാനുള്ള അവസരം എന്നീ പ്രത്യേകതകൾ ഈ പാഠ്യപദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. പ്രസ്തുത അക്കാദമിക് പരിഷ്കാരത്തിന്റെ ഭാഗമായി പഠന- ബോധന രീതിയിലും പരീക്ഷാനടത്തിപ്പിലും ഗുണപരമായ മാറ്റങ്ങളുണ്ടായെങ്കിലും അക്കാദമിക സമൂഹം ലക്ഷ്യമിട്ട തരത്തിലുള്ള ഗുണഫലം ഈ പരിഷ്കാരത്തിലൂടെ ലഭിച്ചില്ലായെന്നത് പൊതുവെ അംഗീകരിക്കുന്ന വിമർശനമാണ്.

പ്രസ്തുത സമ്പ്രദായത്തിന്റെ പരിമിതികൾ പരിഹരിക്കാനാവശ്യമായ ഘടനാപരമായ മാറ്റങ്ങളടക്കം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിദ്യാർത്ഥി കേന്ദ്രികൃതമായ പാഠ്യപദ്ധതിയും റെഗുലേഷനുമാണ് നിരവധി ചർച്ചകൾക്കും ശില്പശാലകൾക്കും ശേഷം നാലുവർഷ ബിരുദ (Four Year Undergraduate Programme) (എഫ്.വൈ.യു.ജി.പി) പ്രോഗ്രാമിന്റെ ഭാഗമായി സർവ്വകലാശാലകൾ തയ്യാറാക്കിയിട്ടുള്ളത്.

ബിരുദ പ്രോഗ്രാമുകളിലും അതിൽ ഉൾപ്പെട്ട വിവിധ കോഴ്സുകളിലും പഠനം പൂർത്തീകരിക്കുമ്പോൾ വിഷയത്തിൽ നേടിയ വൈദഗ്ദ്യം, വിമർശനാത്മകത, സൃഷ്ടിപരത, പ്രായോഗിക അറിവ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾ നേടേണ്ട കഴിവുകൾ (outcome) ഏതൊക്കെയാണെന്ന് പുതിയ പാഠ്യ പദ്ധതിയിൽ നിർവചിക്കപ്പെട്ടിട്ടുണ്ട്. നാലു വർഷ പ്രോഗ്രാമിൽകൂടി ഇവ നേടിയെടുക്കാൻ ആവശ്യമായ സമീപനമാണ് പുതിയ ബിരുദ പാഠ്യ പദ്ധതി രൂപ കല്പന ചെയ്യാനായി അക്കാദമിക തലത്തിൽ സ്വീകരിച്ച മാനദണ്ഡം.

പുതിയ പദ്ധതിയിൽ എന്തൊക്കെയാണ് പ്രധാനപ്പെട്ട മാറ്റങ്ങളെന്നു പരിശോധിക്കാം.

  1. ബിരുദം നേടാൻ നിശ്ചിത ‘ക്രെഡിറ്റ്’ ലഭിക്കണം:

ഒരു വിഷയം അഥവാ കോഴ്സിന്റെ ഉള്ളടക്കത്തെയും പ്രാധാന്യത്തെയും ബന്ധപ്പെടുത്തിയാണ് ആഴ്ചയിൽ അവ പഠിപ്പിക്കുന്നതിനാവശ്യമുള്ള സമയം നിശ്ചയിക്കുക. പഠന- ബോധനത്തിനായി ആഴ്‌ചയിൽ ഒരു മണിക്കൂർ ക്ലാസ് റൂം പഠനം അല്ലെങ്കിൽ രണ്ടു മണിക്കൂർ ലാബ് വർക്ക് ആവശ്യമുള്ള ഒരു കോഴ്സിനെ ‘ഒരു ക്രെഡിറ്റുള്ള കോഴ്സ്’ എന്നാണ് പൊതുവെ അറിയപ്പെടുക. അതനുസരിച്ച്, ഒരു ക്രെഡിറ്റ് കോഴ്സ് കൈകാര്യം ചെയ്യാൻ ഒരു സെമസ്റ്ററിൽ 15 മണിക്കൂറോളം ആവശ്യമാണ്.

പുതിയ നാല് വർഷ ബിരുദ സമ്പ്രദായം ക്രെഡിറ്റ് രീതിയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. നാലു വർഷ പഠനത്തിനുശേഷം ബിരുദം നേടാൻ 177 ക്രെഡിറ്റുകളുള്ള കോഴ്സുകൾ വിജയകരമായി വിദ്യാർത്ഥികൾ പൂർത്തീകരിക്കണം.

എല്ലാ കോഴ്സുകളും പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തിൽ നിന്നുതന്നെ പൂർത്തീകരിക്കണമെന്ന നിർബന്ധമില്ല. നിലവിലുള്ള സമ്പ്രദായത്തിൽ ഇത്തരം വ്യവസ്ഥയില്ല. വിദ്യാർത്ഥികൾക്ക് താല്പര്യമുള്ളതും യു ജി സി അംഗീകരിച്ചതുമായ കോഴ്സുകളിൽ സ്വന്തം നിലയ്ക്ക് പഠനം നടത്തി ക്രെഡിറ്റ് നേടാനുള്ള സ്വാതന്ത്ര്യം വിദ്യാർത്ഥികൾക്ക് പുതിയ പാഠ്യ പദ്ധതിയിലൂടെ ലഭിക്കും. അതുകൊണ്ടു പഠിച്ചുകൊണ്ടിരിക്കുന്ന കോളേജിൽ / സർവകലാശാലയിൽ ഇല്ലാത്ത കോഴ്സുകളിൽ യു ജി സിയുടെ ഓൺലൈൻ പ്ലാറ്റഫോമിൽ കൂടിയോ മറ്റേതെങ്കിലും തരത്തിലോ പഠനം നടത്തി താല്പര്യമുള്ള കോഴ്സുകളിൽ വിദ്യാർത്ഥികൾക്ക് പഠിക്കുവാനും ക്രെഡിറ്റ് സമ്പാദിക്കാനുള്ള അവസരം ലഭിക്കും.

പരിമിതികൾ പരിഹരിക്കാനാവശ്യമായ ഘടനാപരമായ മാറ്റങ്ങളടക്കം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിദ്യാർത്ഥി കേന്ദ്രികൃതമായ പാഠ്യപദ്ധതിയും റെഗുലേഷനുമാണ് നിരവധി ചർച്ചകൾക്കും ശില്പശാലകൾക്കും ശേഷം നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായി സർവ്വകലാശാലകൾ തയ്യാറാക്കിയിട്ടുള്ളത്.

അതുകൊണ്ടു നാലു വർഷം കോളേജിൽ ചെലവഴിച്ച് പരീക്ഷ വിജയിക്കുന്നവർക്ക് ബിരുദം എന്ന പരമ്പരാഗത രീതിക്കു പകരം സർവകലാശാല അംഗീകരിച്ച വിഷയങ്ങളിൽ ക്രെഡിറ്റ് സമ്പാദിച്ച് (ഒരു സെമസ്റ്ററിൽ എടുക്കാവുന്ന പരമാവധി ക്രെഡിറ്റുകൾ 30 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്) വിജയിച്ചുവരുന്ന അവസരത്തിൽ വിദ്യാർത്ഥികൾക്ക് പഠനം പൂർത്തീകരിച്ച്‌ ബിരുദം നേടാനാവും. പ്രസ്തുത മാറ്റമാണ് ക്രെഡിറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള ബിരുദ പ്രോഗ്രാമിന്റെ പ്രധാന സവിശേഷത.

  1. എക്സിറ്റ് /എൻട്രി ഓപ്ഷൻ:

യു ജി സി അംഗീകരിച്ച നാലു വർഷ ബിരുദ പഠന പദ്ധതിയിൽ ഒന്നിലധികം എക്സിറ്റ് / എൻട്രി ഓപ്ഷനുകൾ വിദ്യാർത്ഥികൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും കേരളത്തിൽ നടപ്പിലാക്കുന്ന ബിരുദ പ്രോഗ്രാമുകളിൽ എൻട്രി / എക്സിറ്റ് ഓപ്ഷനുകൾ പരിമിതപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിൽ നാല് വർഷ പ്രോഗ്രാമിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അവരുടെ തലപര്യത്തിനനുസരിച്ചു വേണമെങ്കിൽ മൂന്നാം വർഷം പഠനം അവസാനിപ്പിക്കാം (എക്സിറ്റ് ഓപ്ഷൻ).
മൂന്നാം വർഷത്തിൽ പഠനം പൂർത്തിയാക്കി എക്സിറ്റ് ചെയ്യുന്നവർ 133 ക്രെഡിറ്റുകളുള്ള കോഴ്സുകളിൽ വിജയിച്ചാൽ മൂന്നു വർഷ ബിരുദം ലഭിക്കും.
ഇത്തരത്തിൽ മൂന്നുവർഷ പഠനത്തിലൂടെ ബിരുദം നേടിയവരാണെങ്കിൽ നിലവിലുള്ളതുപോലെ രണ്ടു വർഷ ബിരുദാനന്തര ബിരുദ കോഴ്സിൽ ചേർന്നുകൊണ്ട് ബിരുദാനന്തര ബിരുദം നേടാനാവും.

ബിരുദ പ്രോഗ്രാമിലെ നാലാം വർഷത്തിൽ ഗവേഷണത്തിനും പ്രായോഗികതക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വിവിധ നിലവാരത്തിലുള്ള കോഴ്സുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. നാലാം വർഷത്തിൽ തിരെഞ്ഞെടുത്ത കോഴ്സുകളെ ആസ്പദമാക്കി ബിരുദം (ഓണേഴ്‌സ് ) അല്ലെങ്കിൽ ബിരുദം( ഓണേഴ്‌സ് വിത്ത് റിസർച്ച്) ഡിഗ്രി ലഭിക്കും.

നാല് വർഷത്തെ ഓണേഴ്‌സ് ബിരുദമുള്ളവരാണെങ്കിൽ നിലവിലുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമിൻ്റെ രണ്ടാം വർഷത്തിലേക്ക് (ലാറ്ററൽ എൻട്രി) നേരിട്ട് പ്രവേശനം ലഭിക്കും. പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി ലഭിക്കാൻ അവർ ഒരു വർഷം മാത്രം പഠനം നടത്തിയാൽ മതി. ഗവേഷണത്തോടുകൂടിയ ഓണേഴ്‌സ് ബിരുദം നേടിയവർക്ക് ഗവേഷണ ബിരുദമായ പിഎച്ച്. ഡി പഠനത്തിന് നേരിട്ട് പ്രവേശനം നേടാം.

നാല് വർഷ പ്രോഗ്രാമിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അവരുടെ തലപര്യത്തിനനുസരിച്ചു വേണമെങ്കിൽ മൂന്നാം വർഷം പഠനം അവസാനിപ്പിക്കാം

നാല് വർഷക്കാലത്തിനിടയിൽ പഠനം ഉപേക്ഷിക്കേണ്ടിവരുന്നവരെ സഹായിക്കുന്ന വ്യവസ്ഥകളും സർവകലാശാലാ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ രീതിയനുസരിച്ച്‌ ഒരു വര്‍ഷം കഴിഞ്ഞോ രണ്ടു വര്‍ഷം കഴിഞ്ഞോ പഠനം നിര്‍ത്തുന്ന വിദ്യാര്‍ഥിക്ക് കുറച്ചുകാലത്തിനു ശേഷം തിരികെവന്ന് പഠനം തുടരാം. (എൻട്രി വ്യവസ്ഥ). പഠനം താത്കാലികമായി ഉപേക്ഷിക്കുന്നതിനു മുൻപ് വിദ്യാർത്ഥി വിജയിച്ച കോഴ്സുകളുടെ ക്രെഡിറ്റുകൾ യു.ജി.സിയുടെ വിര്‍ച്ച്വല്‍ സംരംഭമായ ‘അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സി’ൽ നിക്ഷേപിക്കാവുന്നതും പരമാവധി ഏഴു വർഷത്തിനുള്ളിൽ ബിരുദം ലഭിക്കാൻ ആവശ്യമായ ബാക്കി ക്രെഡിറ്റുകൾ നേടിയെടുക്കുന്നതിനായി പഠനം തുടരാവുന്നതുമാണ്.

  1. വിവിധ തരത്തിലുള്ള കോഴ്സുകൾ:

പുതിയ പാഠ്യപദ്ധതിയിൽ ഫൗണ്ടേഷൻ കോഴ്സുകൾ, മുഖ്യ വിഷയം സംബന്ധിച്ച മേജർ / മൈനർ കോഴ്സുകൾ, ക്യാപ്‌സ്റ്റോൺ ലെവൽ കോഴ്‌സുകൾ എന്നീ മൂന്ന് തരത്തിലുള്ള കോഴ്സുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മേജർ / മൈനർ കോഴ്‌സുകൾക്ക് നാല് ക്രെഡിറ്റും ഫൗണ്ടേഷൻ കോഴ്‌സുകൾക്ക് മൂന്നു ക്രെഡിറ്റുമാണ്.

ഫൗണ്ടേഷൻ കോഴ്സുകൾ:
ബിരുദ പഠനത്തിന് ഒരു വിദ്യാർത്ഥിയെ സജ്ജമാക്കാൻ ആവശ്യമായ ജനറൽ കോഴ്സുകളും മേജർ / മൈനർ കോഴ്സുകൾക്കു സഹായകമാകുന്ന പൊതുധാരണ നൽകുന്ന കോഴ്സുകളുമാണ് ഫൗണ്ടേഷൻ കോഴ്സുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. നാല് വർഷ ബിരുദ പഠനത്തിൽ എല്ലാ വിദ്യാർഥികളും നിർബന്ധമായും പഠിച്ചിരിക്കേണ്ട കോഴ്സുകളാണിത്.

ഇംഗ്ലീഷ് ഭാഷയിലും മലയാളം / ഹിന്ദി / അറബിക് /മറ്റു ഇന്ത്യൻ / വിദേശ ഭാഷകളിൽ വിദ്യാർത്ഥികളുടെ കഴിവ് വർധിപ്പിക്കുന്നതിനായിട്ടുള്ള കോഴ്സുകൾ ഇതിൽ ഉൾപ്പെട്ടതാണ്. ഭാഷാ വൈദഗ്ധ്യം, വിമർശനാത്മക വായന, അക്കാദമിക എഴുത്ത്, ഭാഷകളുടെ സാംസ്കാരികവും ബൗദ്ധികവുമായ പൈതൃകം എന്നിവയൊക്കെ ഇതിൽ ഉൾപ്പെടും.

വ്യക്തിത്വ വികാസത്തിനുതകുന്ന മൂല്യധിഷ്ഠിത കോഴ്സുകൾ, കമ്യൂണിക്കേഷൻ സ്കിൽ ലഭിക്കുന്നതിനുള്ള കോഴ്സുകൾ, ജോലി ലഭ്യതയ്ക്കും ജീവിതവിജയത്തിനും ആവശ്യമായ മൂല്യങ്ങൾ പകരുന്ന കോഴ്‌സുകൾ എന്നിവ ഫൗണ്ടേഷൻ കോഴ്സുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മേജർ / മൈനർ കോഴ്സുകൾ:
പുതിയ സമ്പ്രദായത്തില്‍ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന മുഖ്യ വിഷയത്തെ മേജർ എന്നും മറ്റു വിഷയങ്ങളെ മൈനർ എന്നും അറിയപ്പെടും. ഈ വിഭാഗത്തിൽപ്പെട്ട കോഴ്സുകൾ വ്യത്യസ്ത തരത്തിലും അളവിലും വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ബിരുദ പഠനത്തിലെ മൂന്നു മുതൽ ആറു വരെ സെമസ്റ്ററുകളിലായാണ് മൈനർ കോഴ്‌സുകൾ പഠിക്കേണ്ടത്.

വിദ്യാർത്ഥികൾക്ക് അവരവരുടെ താല്പര്യത്തിനനുസരിച്ചും പഠിക്കുന്ന കോളേജിൽ /സർവകലാശാലയിൽ ലഭ്യമായിട്ടുള്ളതുമായ പ്രോഗ്രാമുകളെ അടിസ്ഥാനമാക്കി വ്യത്യസ്ത സ്‌ടീമുകൾ തിരഞ്ഞെടുക്കാം.
ഒരു മേജർ അടങ്ങുന്ന ഡിഗ്രി (Degree with Single Major), ഒരു മേജറും ഒരു മൈനറും അടങ്ങുന്ന ഡിഗ്രി (Degree with Major and Minor), ഒന്നിലധികം മേജർ വിഷയങ്ങൾ ഉൾപ്പെടുന്ന ഡിഗ്രി (Major with multiple disciplines of Study), ഇന്റർ ഡിസിപ്ലിനറി മേജർ ഡിഗ്രി (Interdisciplinary Major), മൾട്ടി ഡിസിപ്ലിനറി മേജർ (Multi-disciplinary Major), രണ്ടു മേജർ ഉള്ള ഡിഗ്രി (Degree with Double Major) എന്നീ വിവിധ തരത്തിലുള്ള സ്ട്രീമുകളാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ക്യാപ്‌സ്റ്റോൺ ലെവൽ കോഴ്‌സുകൾ:
മുഖ്യ വിഷയത്തിലെ ഏറ്റവും പ്രാധാന്യമുള്ള അഡ്വാൻസ്‌ഡ് കോഴ്സുകളെയാണ് ക്യാപ്‌സ്റ്റോൺ ലെവൽ കോഴ്‌സുകളെന്ന് അറിയപ്പെടുന്നത്. വിദ്യാർത്ഥികൾക്ക് ലഭിച്ച അറിവ് വിവിധ മേഖലയിൽ പ്രായോഗിക്കാനും അതാതു മേഖലയിൽ പ്രൊഫഷണൽ ആകാനും വിദ്യാർത്ഥികളെ സഹായിക്കുന്നതായിരിക്കും ഇത്തരത്തിലുള്ള കോഴ്സുകൾ. മേജറിലോ മൈനറിലോ ഉൾപ്പെട്ടിട്ടുള്ള വിഷയത്തിൽ ആഴത്തിൽ പഠിക്കാൻ സഹായിക്കുന്ന, ഇന്റേൺഷിപ്പുകളും പ്രോജക്ടുകളും ക്യാപ്‌സ്റ്റോൺ കോഴ്‌സുകളിൽ ഉൾപ്പെടുന്നതാണ്. കമ്യൂണിറ്റി സേവനങ്ങൾ ,തൊഴിൽ പരിശീലനം, പ്രൊഫഷണൽ പരിശീലനം അല്ലെങ്കിൽ മറ്റ് തരത്തിലുള്ള പ്രവൃത്തി പരിചയം എന്നിവ സംബന്ധിച്ചുള്ള വിഷയങ്ങളിൽ പ്രാവീണ്യം ലഭിക്കാൻ പ്രസ്തുത കോഴ്സുകൾ സഹായിക്കും.

  1. കോഴ്സുകൾ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യം:

വിഷയങ്ങളുടെ പരിമിതമായ കോമ്പിനേഷനുകളാണ് ഇപ്പോൾ നടന്നുവരുന്ന ബിരുദ പ്രോഗ്രാമുകളിലുള്ളത്. പ്രസ്തുത രീതിക്കു പകരം, വ്യത്യസ്തമായ കോഴ്സുകളുടെ കോമ്പിനേഷനുകൾ സ്വീകരിക്കാൻ വിദ്യാർത്ഥികൾക്ക് സാധ്യമാവുന്നുവെന്നതാണ് നാലുവർഷ ബിരുദ പദ്ധതിയുടെ പ്രധാന പ്രത്യേകത. ബിരുദ പഠന പ്രക്രിയയിൽ കാലാകാലങ്ങളായി സ്വീകരിച്ചുപോരുന്ന ഒരു മുഖ്യവിഷയവും അതിന്റെ ഉപവിഷയങ്ങളും എന്ന പരമ്പരാഗത രീതി ഇതോടെ ഇല്ലാതാവുകയാണ്. വിദ്യാർത്ഥികൾക്ക് പഠനകാലത്ത് ആകർഷകമാവുന്നതും താല്പര്യമുള്ള പ്രൊഫെഷനലിലേക്ക് പ്രവേശിക്കാൻ സഹായകരവുമായ വൈവിധ്യമാർന്ന മേജർ /മൈനർ കോഴ്സുകൾ ഈ പദ്ധതിയിലൂടെ തിരഞ്ഞെടുക്കാൻ സാധിക്കും.

വ്യക്തിത്വ വികാസത്തിനുതകുന്ന മൂല്യധിഷ്ഠിത കോഴ്സുകൾ, കമ്യൂണിക്കേഷൻ സ്കിൽ ലഭിക്കുന്നതിനുള്ള കോഴ്സുകൾ, ജോലി ലഭ്യതയ്ക്കും ജീവിതവിജയത്തിനും ആവശ്യമായ മൂല്യങ്ങൾ പകരുന്ന കോഴ്‌സുകൾ എന്നിവ ഫൗണ്ടേഷൻ കോഴ്സുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെയും മറ്റു സാങ്കേതിക വിദ്യകളുടെയും വളർച്ചയും പ്രയോഗവും മനുഷ്യജീവിതത്തിലെ സമസ്ത മേഖലകളിലും മാറ്റങ്ങൾ ഉണ്ടാക്കിവരുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഈ അനുകൂല പശ്ചാത്തലത്തിൽ സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രശ്നപരിഹാരത്തിന് ക്രിയാത്മകമായ പിന്തുണ നൽകാനും തൊഴിൽ മേഖലയിൽ ശോഭിക്കാനാവശ്യമായ അറിവുകളും കഴിവുകളും ഉന്നതവിദ്യാഭ്യാസത്തിലൂടെ ഓരോ വ്യക്തിയും നേടിയെടുത്താൽ മാത്രമേ രാജ്യത്തെ സുസ്ഥിര വികസനത്തിന് ന്നിർണായക പങ്ക് വഹിക്കാൻ പുതുതലമുറയ്ക്ക് സാധിക്കുകയുള്ളൂ. കേരളത്തിലേതുപോലെ ഏറ്റവും ശക്തമായ വൈജ്ഞാനികസമൂഹമുള്ള പ്രദേശത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വ്യാപ്തിയും ഗുണനിലവാരവും ഉയർത്തുകയെന്ന ഉത്തരവാദിത്യം നിറവേറ്റാനുള്ള ഭരണപരമായ ഇടപെടലുകളാണ് ഇത്തരം പരിഷ്കാരങ്ങളിൽക്കൂടി അക്കാദമിക- ഭരണ സ്ഥാപനങ്ങൾ നടത്തിവരുന്നത്. ക്ലാസ് റൂം പഠനത്തിൽ മാത്രം ഒതുങ്ങിനിൽക്കാതെ സെമിനാറുകൾ, ഫീല്‍ഡ് വര്‍ക്കുകള്‍, ഇന്റേണ്‍ഷിപ്പുകള്‍ എന്നിവ പുതിയ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതിന്റെ ഫലമായി നൈപുണ്യ വികസനം വര്‍ധിക്കുമെന്നുള്ളതും തൊഴിൽ സാധ്യതകൾ കൂടുമെന്നതും നാല് വർഷ ബിരുദ പദ്ധതി ലക്ഷ്യമിടുന്ന ഗുണഫലങ്ങളാണ്.

ഉന്നത വിദ്യാഭ്യാസ രംഗത്തെ ഘടനാപരമായ മാറ്റങ്ങളടക്കം ഉൾപ്പെടുത്തിയ പുതിയ പദ്ധതി കാര്യക്ഷമതയോടെ നടപ്പിലാക്കിയാൽ ബിരുദപഠനത്തിൽ കുറച്ചുകാലമായി നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന മരവിപ്പ് പരിഹരിക്കാൻ സാധിക്കുമെന്നും അന്താരാഷ്ട്ര നിലവാരമുള്ള ഒരു യുവതയെ വാർത്തെടുക്കാനാവുമെന്നും പ്രത്യാശിക്കാം.

Comments