തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ ദലിത് - ആദിവാസി വിദ്യാർഥികൾക്ക് ഇ-ഗ്രാൻറ്സ് ലഭിക്കാത്ത വിഷയം പരിഹരിക്കാൻ തങ്ങളാൽ കഴിയുന്ന എല്ലാ ശ്രമങ്ങളും നടത്തുമെന്നും വിദ്യാർഥികളെ ജാതി അധിക്ഷേപം നടത്തിയതായി ആരോപണം നേരിട്ട വാർഡൻ രാജിവെച്ചതായും ഡയറക്ടർ ഡോ. അഭിലാഷ് പിള്ള. ആരോപണം നേരിട്ട മേട്രനെതിരെ നടപടിയെടുക്കാൻ സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർക്ക് അധികാരമില്ലെന്നും പദവികളിൽ നിന്ന് പുറത്താക്കാനുള്ള അധികാരം യൂണിവേഴ്സിറ്റിയ്ക്കാണെന്നും ഡയറക്ടർ പറഞ്ഞു.
എത്രയും പെട്ടെന്ന് സമരം അവസാനിപ്പിച്ച് റെഗുലർ ക്ലാസ് തുടങ്ങാനാണ് ആഗ്രഹിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് സർവകലാശാല അധികൃതർക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സ്കൂൾ ഓഫ് ഡ്രാമയിലെ സമരവുമായി ബന്ധപ്പെട്ട് ട്രൂകോപ്പി തിങ്കിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇ-ഗ്രാൻറ് ലഭിക്കാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ വിദ്യാർഥികളെ ജാതി അധിക്ഷേപം നടത്തിയതിനെ തുടർന്നാണ് കാലിക്കറ്റ് സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥികൾ സമരം ആരംഭിച്ചത്. ഇത് ട്രൂകോപ്പി തിങ്ക് റിപ്പോർട്ട് ചെയ്തിരുന്നു.
“മേട്രനും വനിതാ ഹോസ്റ്റൽ വാർഡനുമെതിരെയാണ് പരാതി വന്നത്. ഇവർ മാപ്പ് പറയണമെന്നും രാജിവെയ്ക്കണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം. ഹോസ്റ്റൽ വാർഡൻ രാജി നൽകിയിട്ടുണ്ട്. മേട്രനുമായി ബന്ധപ്പെട്ട പരാതിയിൽ സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ എന്ന നിലയിൽ നടപടി എടുക്കാൻ അധികാരമില്ല. പദവികളിൽ നിന്ന് പുറത്താക്കാനുള്ള അനുമതി യൂണിവേഴ്സിറ്റിക്ക് മാത്രമാണുള്ളത്. അതിന്റെ ഭാഗമായി എല്ലാ വിദ്യാർത്ഥികളുമായി ചർച്ച നടത്തുകയും പ്രതികരണം ശേഖരിച്ച് ഗ്രീവൻസ് കമ്മിറ്റി വഴി യൂണിവേഴ്സിറ്റിയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്. വിഷയത്തിൽ പ്രാഥമിക അന്വേഷണം നടത്തി സർവകലാശാലയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുമുണ്ട്,” അഭിലാഷ് പിള്ള പറഞ്ഞു.
സമരത്തിലേക്കിറങ്ങുന്നതിന് മുമ്പ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും സ്കൂൾ ഓഫ് ഡ്രാമയിലും പരാതി നൽകിയിരുന്നെന്നും എന്നാൽ അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടായിട്ടില്ലെന്നും വിദ്യാർഥികൾ ആരോപിച്ചിരുന്നു.
വിദ്യാർഥികളുടെ പരാതി യൂണിവേഴ്സിറ്റിക്ക് കൈമാറിയതായി ഡയറക്ടർ പറഞ്ഞു: “വിദ്യാർത്ഥികൾ സമരം തുടങ്ങുന്നതിന് മുൻപ് തന്നെ പരാതി നൽകിയിരുന്നു. പരാതി ലഭിച്ച ദിവസം കാലിക്കറ്റ് യൂണിവേഴ്സിറ്റിയ്ക്ക് കൈമാറിട്ടുണ്ട്. ഇതിന് ശേഷം യൂണിവേഴ്സിറ്റി വിദ്യാർഥികളുമായി ഹിയറിങ് നടത്തിയിരുന്നു. ഞാൻ സ്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറാണ്. അതുപോലെ ഇവിടെ ഓരോ ഡിപ്പാർട്ട്മെൻറിനും വകുപ്പ് മേധാവികളുണ്ട്. മേട്രനും വാർഡനും ഞങ്ങളുടെ വകുപ്പിന്റെ പരിധിയിലല്ല വരുന്നത്. സർവകലാശാലയ്ക്ക് കീഴിലാണ്. സർവകലാശാലയാണ് ഇക്കാര്യത്തിൽ നടപടി എടുക്കേണ്ടത്. സ്കൂൾ ഓഫ് ഡ്രാമയ്ക്ക് ഇക്കാര്യത്തിൽ നടപടി എടുക്കാൻ പരിമിതിയുണ്ട്,” അഭിലാഷ് പിള്ള പറഞ്ഞു.
“വിദ്യാർഥികൾക്ക് രണ്ടുവർഷമായി ഇ ഗ്രാന്റ് കിട്ടുന്നില്ലെന്നതാണ് പ്രധാന പ്രശ്നം. വിദ്യാർഥികൾക്ക് ഇ ഗ്രാന്റ് പെട്ടെന്ന് ലഭ്യമാക്കാൻ നടപടിയുണ്ടാവണമെന്ന് സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സ്കൂൾ ഓഫ് ഡ്രാമയ്ക്ക് ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യും. ഗ്രാൻറ് കിട്ടാത്തതിനാൽ വിദ്യാർഥികൾക്ക് ഫീസ് അടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഫീസിൻെറ കാര്യത്തിൽ എന്തെങ്കിലും അയവ് വരുത്താൻ സാധിക്കുമോയെന്നും പരിശോധിക്കുന്നുണ്ട്,” അദ്ദേഹം വ്യക്തമാക്കി.
“സമരം വേഗത്തിൽ അവസാനിപ്പിച്ച് വിദ്യാർത്ഥികളുടെ റെഗുലർ ക്ലാസ്സുകൾ ഉടൻ ആരംഭിക്കണം എന്നതാണ് ഞങ്ങളുടെ ആഗ്രഹം. അതിന് വേണ്ടി ഞങ്ങൾ എല്ലാ രീതിയിലും ശ്രമിക്കുന്നുണ്ട്. ഇ ഗ്രാന്റ്സ് പെട്ടെന്ന് ലഭ്യമാക്കാനുള്ള ശ്രമങ്ങളും ഞങ്ങളുടെ ഭാഗത്തുനിന്ന് നടത്തുന്നുണ്ട്. വിഷയം പൂർണമായി പഠിച്ച് യൂണിവേഴ്സിറ്റി ഉചിത നടപടി എടുക്കുമെന്നാണ് കരുതുന്നത്,” അഭിലാഷ് പിള്ള കൂട്ടിച്ചേർത്തു.