സംവരണത്തെക്കുറിച്ച്​ ഇന്നും സംശയം ഉന്നയിക്കുന്ന​വരോട്​...

ദലിത്- ആദിവാസികൾക്കെതിരെയുള്ള സംവരണ വിരുദ്ധത പട്ടികവിഭാഗങ്ങളല്ലാത്ത സംവരണീയരും സംവരണവിരുദ്ധരും ഒരുപോലെ പങ്കിടുന്ന ഒരു മനോഭാവമാണ്. സംവരണക്കാർ എല്ലാവരും കൂടി മെറിറ്റിന്​ വിലയില്ലാതാക്കി, കാര്യക്ഷമതയും കഴിവും നശിപ്പിച്ചു എന്നിങ്ങനെ നിരന്തരം പഴി പറയുന്നത് ഒരു മെറിറ്റ് വാദവും വരേണ്യവാദവുമായി മാറിയിട്ടുണ്ട്. എന്നാൽ സംവരണം മെറിറ്റിനെ പിന്തുണയ്ക്കുന്നതും സാമുദായികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന പിന്നണി സമുദായങ്ങൾക്കുള്ള ഭരണഘടനാപരമായ ഒരു അവകാശവുമാണ്. ഇതാകട്ടെ അതാത് സമുദായങ്ങളിലെ ഏറ്റവും മെറിറ്റുള്ളവരെ തിരഞ്ഞെടുക്കുന്ന രീതിയായിട്ടുമാണ് പ്രവർത്തിക്കുന്നത്.

സംവരണത്തിന്റെ ദാർശനികതലത്തെയും അതിന്റെ നീതിസങ്കല്പത്തെയും പറ്റി ഭരണഘടനാപരമായ ധാരണകളില്ലാത്ത പൗരസമൂഹമാണ് ഇന്ത്യയിലുള്ളത്. ജനാധിപത്യ ദേശരാഷ്ട്രത്തിൽ പൗരരുടെ തുല്യപങ്കാളിത്തത്തെ പറ്റിയുള്ള ജനാധിപത്യത്തിന്റെ അടിത്തറയായ പ്രാതിനിധ്യ പങ്കാളിത്തമെന്ന ആശയത്തിന്റെ ദർശനമാണ് സംവരണത്തിന്റേത്. നീതി തുല്യമായി വിതരണം ചെയ്യുമ്പോഴേ പൗരത്വം തുല്യമായി വ്യത്യസ്ത സാമൂഹിക വിഭാഗങ്ങൾക്കിടയിൽ സാമൂഹിക ജീവിതത്തിൽ തുല്യതയോടെ ദൈനംദിന ബന്ധങ്ങളിൽ വിനിമയം ചെയ്യുകയുള്ളൂ. ഇത് നീതിയുടെ ഒരു വിതരണ പ്രക്രിയയാണ്. സാമൂഹികനീതിയും അവസരസമത്വ സങ്കല്പവുമായിട്ടാണ് ഈ നീതിസങ്കല്പം വിതരണനീതിയായി നിലനിൽക്കുന്നത്. സമത്വ സാഹോദര്യ സങ്കല്പങ്ങളുടെ അടിത്തറയിൽ ജനാധിപത്യം വികസിക്കണമെങ്കിൽ തുല്യ പൗരത്വം നീതി പരമായി ഉറപ്പാക്കപ്പെടുന്ന സംവിധാനമുണ്ടാകണം. പ്രാതിനിധ്യ രീതികളും ഉൾക്കൊള്ളൽ ഭരണസംവിധാനവും ജനാധിപത്യ പ്രക്രിയയിൽ ഉണ്ടാകുമ്പോഴേ ഫലവത്തായ രീതിയിൽ ജനാധിപത്യ പ്രക്രിയ സാമൂഹികനീതി കൈവരിക്കുന്ന ഭരണവ്യവസ്ഥയായി തീരുകയുള്ളൂ. എന്നാൽ മാത്രമേ സാമൂഹികമായി പുറംതള്ളപ്പെട്ട ജനവിഭാഗങ്ങളെ തുല്യതയോടെ പരിഗണിക്കുന്ന ഒരു രാഷ്ട്രീയ പ്രക്രിയയും ഭരണനടപടിയും ഉണ്ടാകുകയും ജനാധിപത്യ രാഷ്ട്രം റിപ്പബ്‌ളിക്കൻ മൂല്യങ്ങളിൽ നിലനിൽക്കുകയും ചെയ്യുകയുള്ളൂ. ജനാധിപത്യം ഒരു ജീവിതസാഹോദര്യ പ്രക്രിയയായി വികസിക്കണമെങ്കിൽ ഈ ഉൾക്കൊള്ളൽ കാഴ്ചപ്പാട് ആവശ്യമാണ്. സംവരണവ്യവസ്ഥയുടെ ലക്ഷ്യവും സംവരണത്തിന്റെ ദാർശനികതലവും ഇതുതന്നെയാണ്.

ജാതി വ്യവസ്ഥയുടെ അധികാരഘടന

നൂറ്റാണ്ടുകളായി നിലനിൽക്കുന്ന അസമത്വവും ചൂഷണവും ജാതി വർണ പുരുഷാധിപത്യ വ്യവസ്ഥയുമായി ബന്ധപ്പെട്ടാണ് വർത്തമാനകാലത്തും തുടരുന്നത്​. നീതി, തുല്യത, മനുഷ്യാന്തസ്സ് എന്നിവ സാമൂഹികജീവിതത്തിൽ നിലനിർത്താത്ത ഒരു സാമൂഹിക- സാമ്പത്തിക സംവിധാനവും സാംസ്‌കാരിക ജീവിതവുമാണ് ജാതിവ്യവസ്ഥയിലൂടെ ഇന്ത്യ നിലനിർത്തുന്നത്. ഇങ്ങനെ പലവിധ രീതികളിൽ നിലനിന്ന അസമത്വഘടനയുള്ള ഇന്ത്യൻ സമൂഹത്തിന്റെ വേർതിരിവ് രീതികളും ഭേദരൂപങ്ങളും തരംതിരിച്ച വിവേചനം ചരിത്രപരമായി നിലനിൽക്കുന്ന മേൽകീഴ് ജാതിബന്ധങ്ങളുടേതാണ്. സാമൂഹികശ്രേണിയുടെ മുകൾ തട്ടിലേക്ക് പോകുന്തോറും സ്ഥാനമാനങ്ങളും പദവികളും മാന്യതയും സാമൂഹികമായ ആഢ്യത്വവും ഉന്നതകുലജാതർ എന്നവകാശപ്പെടുന്നവർക്ക് ജാതീയമായി ഉറപ്പാക്കപ്പെടുന്നു, പാരമ്പര്യ അവകാശങ്ങളായി അവയെ നിലനിർത്തുന്നു. സമ്പത്തും സാമൂഹിക- സാംസ്‌കാരിക മൂലധനങ്ങളും പ്രതീകാത്മകമായ വിഭവങ്ങളും രാഷ്ട്രീയാധികാരവും ഭരണകൂടത്തിലെ കുത്തകയും സാംസ്‌കാരിക മൂലധനങ്ങളും ഈ ശ്രേണീവ്യവസ്ഥയുടെ മുകൾത്തട്ടിലുള്ള ജാതികൾക്ക് കുത്തകയായി ലഭ്യമാകുന്ന സമൂഹരൂപമാണ് ഇന്ത്യയുടേത്. ഈ ശ്രേണീബന്ധത്തിൽ താഴേക്കുവരും തോറും വിഭവരൂപങ്ങളും മൂലധനങ്ങളും അധികാരവും കീഴ്ത്തട്ട് ജാതികൾക്ക് നിഷേധിക്കപ്പെടുന്ന വ്യവസ്ഥയായിട്ടാണ് ഇന്ത്യൻ സമൂഹഘടന ജാതികളുടെ വ്യവസ്ഥാക്രമങ്ങളായി വളർന്നുവന്നത്. ഈ വ്യവസ്ഥിതിയുടെ അടിത്തട്ടിൽ അയിത്തവും ജാതിഹീനതയും അടിച്ചേൽപ്പിച്ച്​ ഒരു സാമൂഹികവിഭാഗത്തെ അസ്പർശ്യരായി നിലനിർത്തുന്നു. ഈ അസ്പർശ്യരെ ഇന്ത്യൻ ഗ്രാമവ്യവസ്ഥിതിക്കുപുറത്ത്​ പാർക്കുന്ന ഗെറ്റോ ജനതകളായും തകർക്കപ്പെട്ട വിഘടിത (broken people) ജനസഞ്ചയങ്ങളായ സാമൂഹിക വിഭാഗങ്ങളുമായും നിലനിർത്തികൊണ്ടാണ് ഇന്ത്യൻ സമൂഹം ചരിത്രപരമായി വളർന്നുവന്നത്.

വിഭവങ്ങളിൽനിന്നും മൂലധനരൂപങ്ങളിൽനിന്നും പുറത്താക്കി പതിത മനുഷ്യരെ സാമൂഹികമായി ഓരപ്പെട്ടവരെന്ന നിലയ്​ക്കും അസ്പർശ്യ ജാതികളെ അഴുക്കുവസ്തുക്കളെന്ന നിലയ്​ക്കും നിലനിർത്തുന്ന ഇന്ത്യൻ സമൂഹരൂപമാണ് മേൽ കീഴ് ബന്ധമായി പ്രവർത്തിക്കുന്ന തരംതിരിച്ച അസമത്വ വ്യവസ്ഥ. ജാതികളെ തരംതിരിച്ചും വേർതിരിച്ചും ആഢ്യത്വത്തിന്റെയും സവിശേഷാധികാരത്തിന്റെയും തലത്തിൽ മേൽജാതികളായും മ്ലേച്ഛതയുടെയും ഹീനതയുടെയും അടിസ്ഥാനത്തിൽ കീഴ്ജാതികളായും സ്ഥാനപ്പെടുത്തി നിലനിർത്തുന്ന മനുഷ്യവിന്യാസരീതിയാണ് ജാതിവ്യവസ്ഥ. സാമ്പത്തിക വ്യവസ്ഥയുടെ ഉൽപന്നമായിട്ടല്ല ഈ വേർതിരിവുരീതി ഉണ്ടായിവന്നത്. സാമൂഹിക വേർതിരിവും സാംസ്‌കാരിക ഉപായങ്ങളും നിർമിച്ചെടുത്ത്​ വ്യവസ്ഥയുടെ മുകൾത്തട്ടിൽ വരുന്നവർക്ക് സമ്പത്തും സാംസ്‌കാരിക സാമൂഹിക മൂലധനങ്ങളും വിഭവങ്ങളും കുത്തകയാക്കാൻ കഴിയുംവിധമുള്ള സാമൂഹിക സംവിധാനമാണ് ജാതികളുടെ ഏറ്റിറക്കവിന്യാസ രീതി. സാമൂഹിക സംവിധാനങ്ങൾ സമ്പത്ത്​ ഉത്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും സമാഹരിക്കുന്നതും കുത്തകയാക്കുന്നതുമായ പ്രക്രിയ ശ്രേണീഘടനയുടെ മേൽത്തട്ടിലുള്ളവർക്ക് നിയന്ത്രിക്കാൻ കഴിയുന്ന വിധമുള്ള ഒരു സാമൂഹിക വ്യവസ്ഥയാണ് ജാതിവ്യവസ്ഥയുടെ അധികാരഘടന.

പാരമ്പര്യമായി മുകൾത്തട്ടിലുള്ളവർക്ക് സമ്പത്തിലും അധികാരത്തിലും സാമൂഹികക്രമത്തിലും സാംസ്‌കാരിക വ്യവസ്ഥയിലും ആധിപത്യം നിലനിർത്താൻ കഴിയുംവിധം, ജാതി-വർണ ആൺകോയ്മാ ഘടനയായി സാമൂഹികബന്ധങ്ങളും ചിട്ടകളും മര്യാദകളും കീഴ്​വഴക്കങ്ങളുമായി പാരമ്പര്യവും സ്ഥിരമായ പ്രത്യേക അവകാശങ്ങളുടെ വ്യവസ്ഥയും അധികാര കോയ്മയുമായി മാറുന്നു. മുകൾതട്ടിലുള്ള മൂന്ന് വർണത്തിൽ പെട്ട അസംഖ്യം ത്രൈവർണിക ജാതികൾക്ക് സാമൂഹികാധിപത്യം ഉറപ്പാക്കുന്ന ഈ വ്യവസ്ഥ ഏറ്റവും അടിത്തട്ടിലുള്ളവരെ, മനുഷ്യപദവി പോലും നല്കാതെ ഹീനരായി പുറംതള്ളുന്നു. അടിത്തട്ടിലുള്ള അസ്പർശ്യരാക്കപ്പെട്ട ജാതികളെ ഹീനജനസഞ്ചയങ്ങളായി സ്ഥാനപ്പെടുത്തി സാമൂഹികമായി പുറന്തള്ളിക്കൊണ്ട് വിഭവങ്ങളിൽ നിന്നും അധികാരത്തിൽ നിന്നും അവരെ പൂർണമായി പുറത്താക്കുന്നു. ഇവരെ മാറ്റിനിർത്തി ആശ്രിതരാക്കി നിലനിർത്തുന്ന ഈ വ്യവസ്ഥ സാമൂഹികപുറന്തള്ളൽ പ്രക്രിയയിലൂടെ അടിത്തട്ടിലുള്ള മനുഷ്യരെ തകർക്കപ്പെട്ട ജനതകളാക്കി തീർക്കുന്നു. ഈ വിഘടിത ജനസഞ്ചയങ്ങളുടെ ചരിത്രപരമായ ജീവിതാനുഭവം അസ്പർശ്യതയുടെ മനുഷ്യപദവി നിഷേധിക്കുന്ന അനീതിയും ജാതിയുടെ വിവേചന ഹിംസകളുമാണ്.

സംവരണവും മെറിറ്റും

സാമൂഹിക പുറംതള്ളലിന്റെ ഭാഗമായുണ്ടായ വിഭവദാരിദ്ര്യവും ചൂഷണവുമാണ് ഈ വ്യവസ്ഥ ഇവരുടെ ചരിത്ര ജീവിതത്തിൽ നിലനിർത്തിയത്. ഒരു ആധുനിക രാഷ്​ട്രമായി ഇന്ത്യ പിറവി കൊള്ളുമ്പോൾ ഈ തകർക്കപ്പെട്ട, ജാതിഹീനരായ മനുഷ്യർക്ക് തുല്യ പൗരത്വാവകാശങ്ങളും സാമൂഹിക തുല്യതയും തുല്യനീതിയും അവസരസമത്വവും അധികാരപങ്കാളിത്തവും എങ്ങനെ ഉറപ്പാക്കാം എന്നതായിരുന്നു പ്രധാനപ്പെട്ട ജനാധിപത്യ സങ്കല്പങ്ങളിലൊന്ന്. ഉൾക്കൊള്ളൽ ജനാധിപത്യ തത്വത്തിന്റെ വിതരണനീതി സങ്കല്പവും ജനാധിപത്യ പ്രാതിനിധ്യ സങ്കല്പവുമാണ് സംവരണ വ്യവസ്ഥകൾ എന്ന ഗുണപരമായ വിവേചനത്തോടെയുള്ള (positive discrimination) പ്രത്യേക പരിരക്ഷയും ഭരണനടപടിക്രമങ്ങളും ഉണ്ടായി വരുന്നതിന്റെ ദാർശനികമായ ഉൾക്കാഴ്ചയും ജനാധിപത്യ നീതി സങ്കല്പവും. നീതി തുല്യമായി വിതരണം ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുന്ന ഭരണഘടനാതത്വങ്ങളും ഭരണപ്രക്രിയയും നടപ്പിലാക്കിക്കൊണ്ടുമാത്രമേ തുല്യതയും തുല്യപൗരത്വ അവകാശങ്ങളും ജനാധിപത്യ പ്രക്രിയയിൽ ഉണ്ടായി വരികയുള്ളൂ. ജനാധിപത്യം നീതിപൂർവമായി പ്രവർത്തിക്കുന്നതും നീതി തുല്യമായി ഉറപ്പാക്കപ്പെടുന്ന പൗരത്വസങ്കല്പം നിലനിൽക്കുന്നതും അവസരങ്ങളിലെ സമത്വവും സമത്വം ഉറപ്പാക്കാനുള്ള പ്രത്യേക ഭരണഘടനാ പരിരക്ഷയും (affirmative policy) ജനാധിപത്യത്തിന്റെ അടിത്തറയാകുമ്പോഴാണ്. നീതിയും തുല്യതയും ഉൾവഹിക്കുന്ന ഒരു രാഷ്ട്രീയ പ്രക്രിയയായി മാറുമ്പോൾ ജനാധിപത്യം, ഉൾക്കൊള്ളൽ ജനാധിപത്യമായി മാറും. ഇതാണ് ജനാധിപത്യവും സംവരണവും തമ്മിലുള്ള ദാർശനികവും രാഷ്ട്രീയവുമായ ബന്ധം.

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസവും സർക്കാർ ജോലിയും നേടുന്നതിനുള്ള സർക്കാർ ആനുകൂല്യമായിട്ടാണ് സംവരണത്തെ പലരും ധരിച്ചുവച്ചിരിക്കുന്നത്​. പട്ടികജാതി/വർഗ വിഭാഗങ്ങളേക്കാൾ സംവരണം ലഭിക്കുന്നവരാണ് പിന്നാക്ക ജാതികളും ഈഴവ/തിയ്യ/ബില്ലവർ സമുദായങ്ങളും (ഇ.റ്റി. ബി.) മുസ്​ലിംകളും. എന്നാൽ സംവരണം ഏറ്റവും കൂടുതൽ കിട്ടുന്ന ഈ സംവരണീയ സമുദായങ്ങൾ പോലും സംവരണത്തെ പട്ടികജാതി/വർഗ വിഭാഗങ്ങൾക്കുള്ള സർക്കാർ ആനുകൂല്യമെന്ന നിലയ്​ക്കാണ്​ കാണാറ്. സംവരണംവഴി സർക്കാർ ജോലി തട്ടിയെടുക്കുന്ന, സാമൂഹിക കുറ്റകൃത്യം ചെയ്യുന്നവരായി പട്ടികവിഭാഗങ്ങളെ പഴിക്കാറുണ്ട്. സാമുദായിക സംവരണം ലഭിക്കാത്തവരും എന്നാൽ പൊതുവിഭാഗത്തിന്റെ ഭാഗമായിട്ടുള്ളവരും തങ്ങൾക്ക് സർക്കാർ ജോലിയും ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവേശനവും ലഭിക്കാത്തത് എസ്.സി / എസ്. ടിക്കാർക്ക് സംവരണം ഉള്ളതുകൊണ്ടാണെന്ന്​ കുറ്റംപറയുന്നത് സാധാരണ കേൾക്കാം. സംവരണ വിരുദ്ധ സമരങ്ങളിലും കലാപത്തിലും, ദലിത്- ആദിവാസി വിരുദ്ധത ദേശീയമായി പ്രഖ്യാപിച്ച സന്ദർഭവും വംശീയമായ വെറുപ്പും സാമൂഹികമായ മുൻവിധിയോടെ സംവരണ വിരുദ്ധർ പട്ടിക വിഭാഗങ്ങൾക്കെതിരെ അണിനിരന്ന സംഭവവും പ്രാതിനിധ്യ ജനാധിപത്യം ഭരണഘടന അംഗീകരിച്ച നമ്മുടെ രാജ്യത്താണുണ്ടായത്. ദലിത്- ആദിവാസികൾക്കെതിരെയുള്ള സംവരണ വിരുദ്ധത പട്ടികവിഭാഗങ്ങളല്ലാത്ത സംവരണീയരും സംവരണവിരുദ്ധരും ഒരുപോലെ പങ്കിടുന്ന ഒരു മനോഭാവമാണ്. സംവരണം തങ്ങളുടെ അവസരങ്ങൾ തട്ടിയെടുക്കുന്ന, സർക്കാർ നല്കുന്ന ഒരു അധിക അവകാശമായി ദലിത്- ആദിവാസി സമൂഹങ്ങൾക്കെതിരെ വംശീയ മുൻവിധിയായി സാമുദായിക സംവരണത്തെ എതിർക്കുന്നവർ മുന്നോട്ടുവയ്ക്കുന്ന ഒരു വാദമാണ്. സംവരണക്കാർ മെറിറ്റിന്​ വിലയില്ലാതാക്കി, കാര്യക്ഷമതയും കഴിവും നശിപ്പിച്ചു എന്നിങ്ങനെ നിരന്തരം പഴി പറയുന്നത് ഒരു മെറിറ്റ് വാദവും വരേണ്യവാദവുമായി മാറിയിട്ടുണ്ട്. എന്നാൽ സംവരണം മെറിറ്റിനെ പിന്തുണയ്ക്കുന്നതും സാമുദായികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന പിന്നണി സമുദായങ്ങൾക്കുള്ള ഭരണഘടനാപരമായ ഒരു അവകാശവുമാണ്. ഇതാകട്ടെ അതാത് സമുദായങ്ങളിലെ ഏറ്റവും മെറിറ്റുള്ളവരെ തിരഞ്ഞെടുക്കുന്ന രീതിയായിട്ടുമാണ് പ്രവർത്തിക്കുന്നത്.

സ്വാഭാവികമായ നീതിവിതരണം അസാധ്യമായ ഒരു സാമൂഹ്യ വ്യവസ്ഥയാണ് ജാതിയും മതവും ഇന്ത്യയിൽ നിർമിച്ചിരിക്കുന്നത്. ആയതിനാൽ മനുഷ്യർക്ക് ബഹുമതിയും അവമതിയും അപമാനവും ജാതി ശ്രേണീ ബന്ധത്തിനുള്ളിൽ കണ്ണിചേർത്തിരിക്കുന്നു. ജാതിയുടെ മുകളിലേക്ക് പോകും തോറും ബഹുമതിയും കീഴോട്ടു വരും തോറും അവമതിയും സൃഷ്ടിക്കുന്ന സാമൂഹിക നിയമങ്ങൾ , ജാതി മര്യാദകൾ എന്നിവ നീതിയുടെ സ്വാഭാവിക വിതരണത്തെയും അത് സ്വായത്തമാക്കാനുള്ള വിവിധ ജാതിവിഭാഗങ്ങളുടെ പ്രാപ്തിയെയും തടയും എന്നതുകൊണ്ടാണ് നീതിയുടെ വിതരണത്തെ കേന്ദ്രബിന്ദുവാക്കി സംവരണം എന്ന ദർശനം ഭരണഘടനയുടെ മൂല്യങ്ങളിൽ ഉൾച്ചേർത്തത്.

മാത്രമല്ല, മറ്റു രാജ്യങ്ങളിലെ സാമൂഹ്യപരിസരങ്ങളിൽനിന്ന്​ വ്യത്യസ്തമായി ഇന്ത്യയിൽ വ്യക്തികൾക്കല്ല പ്രാധാന്യമെന്നതും സാമൂഹികജീവിതത്തിൽ ജാതികൾക്കും സമുദായങ്ങൾക്കുമാണ് നിർണായക പങ്ക് വഹിക്കാൻ കഴിയുകയെന്നതും അംബേദ്ക്കറുടെ നിരീക്ഷണമാണ്. ഒരു പാർസിയെയോ മുസ്​ലിമിനെയോ തെരുവിലിട്ട് മർദിച്ചാൽ സ്വസമുദായ അംഗങ്ങൾ മർദനത്തിനിരയായവർക്കുവേണ്ടി സാഹോദര്യസ്‌നേഹത്തോടെ കടന്നു വരുമെങ്കിൽ ഒരു ദലിതനെ മർദിച്ചാലോ അപമാനിച്ചാലോ ഹിന്ദുഘടനയിലെ ഒരു ജാതിപോലും തിരിഞ്ഞുനോക്കില്ല എന്ന സാമൂഹ്യ പ്രതിപ്രവർത്തനത്തിന്റെ രാഷ്ട്രീയം മനസ്സിലാക്കിക്കൊണ്ടാണ് സംവരണം നടപ്പിലാക്കുന്നത്.

സംവരണം: ജനാധിപത്യവത്കരണപ്രക്രിയയുടെ മുന്നുപാധി

ഭരണഘടനയുടെ ലക്ഷ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ജനാധിപത്യ ഇന്ത്യ നിർമിക്കുകയെന്ന തത്വം. സാമൂഹ്യനവീകരണ പ്രസ്ഥാനങ്ങൾക്കും രാഷ്ട്രീയനവീകരണപാർട്ടികൾക്കും പലപ്പോഴും കഴിയാതെപോയതും ഇന്ത്യയുടെ ജനാധിപത്യവൽക്കരണമായിരുന്നു. ജനാധിപത്യമെന്ന സങ്കൽപ്പംതന്നെ ഇന്ത്യക്കാർക്ക് അപരിചിതമായ ഒരു വാക്കും പ്രയോഗവുമായിരുന്നു. സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം വ്യക്തികളുടെയും സമൂഹങ്ങളുടെയും അന്തസ്​, മാന്യത എന്നിവ പരിപാലിച്ചു കൊണ്ടുപോകാനറിയാത്ത ജനതയെ ജനാധിപത്യത്തിന്റെ വാതായനങ്ങളിലേക്കു കൊണ്ടുപോകുവാൻ ചരിത്രത്തിൽ നീതി നിഷേധിക്കപ്പെട്ടവർക്കു ഒരു പ്രായശ്ചിത്തമെന്നോണം വർത്തമാനത്തിൽ നീതി പ്രദാനം ചെയ്യുക എന്ന സാമൂഹ്യ ഭാവനയാണ് സംവരണം. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ പറയുംപോലെ ‘നാം ഇന്ത്യക്കാരാണ്' എന്ന സ്വത്വബോധം സമത്വത്തിലും, നീതിയിലും നിത്യജീവിതത്തിന്റെ പ്രയോഗത്തിലും സാധ്യമാകണമെങ്കിൽ, തൊട്ടുകൂടായ്മയുടെയും നിരന്തര പീഡനത്തിന്റെയും ചരിത്രം പേറുന്നവർക്ക്​ നിഷേധിക്കപ്പെട്ട നീതി നൽകിക്കൊണ്ടുമാത്രമേ വർത്തമാനകാലത്തെ സാമൂഹ്യവിവേചനത്തിന്റെ പാഠങ്ങൾ മനസ്സിലാക്കാൻ കഴിയൂ എന്ന രാഷ്ട്രീയധാരണയുടെ ദാർശനിക ഭാവമാണ് സംവരണമെന്ന ദർശനം.

സംവരണം നടപ്പിലാക്കുന്നതുവഴി ജനാധിപത്യവൽക്കൃത സമൂഹമായി ഇന്ത്യയെ മാറ്റുകയും എല്ലാ ജനവിഭാഗങ്ങൾക്കും ഭരണത്തിലും അധികാരത്തിലും പ്രാതിനിധ്യം ഉറപ്പിക്കുകയും ചെയ്യുകയുമാണ് ലക്ഷ്യം. ജനാധിപത്യവത്കരണപ്രക്രിയയുടെ ഏറ്റവും ആദ്യത്തെ മുന്നുപാധിയാണീ സംവരണം. പുരോഗമനവും ആധുനികവുമായ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഭരണഘടന സംവരണത്തിലൂടെയും പ്രാതിനിധ്യ ജനാധിപത്യത്തിലൂടെയും ലക്ഷ്യമിടുന്നത് സമൂഹത്തെ നവീകരിക്കാനും പരിവർത്തിപ്പിക്കാനുമാണ്. ഉദാഹരണത്തിന്​ നിയമങ്ങൾ, അവകാശങ്ങൾ എന്നിവ സമൂഹത്തെ നവീകരിക്കാൻ വേണ്ടിയാണ്. പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളിലെ ജനങ്ങളെ ജാതിപ്പേര് വിളിച്ചോ അതിക്രമിച്ചുകേറി വീട് ആക്രമിക്കുകയോ ചെയ്താൽ പട്ടികജാതി-വർഗ അതിക്രമ നിരോധനനിയമ പ്രകാരം കേസ് എടുക്കുകയും ഈ ജനവിഭാഗത്തിന് നിയമസഹായം നൽകുകയും ചെയ്യുന്നത് ഒരു നവീകരണ പ്രക്രിയയാണ്. സ്ത്രീധനനിരോധന നിയമം, ഗാർഹികപീഡനത്തിനിരയായ സ്ത്രീക്ക് നൽകുന്ന നിയമപരിരക്ഷയോ സാമൂഹികമായ നവീകരണത്തിനുകൂടി വേണ്ടിയാണ് പ്രയോഗിക്കുന്നത്. എന്നാൽ ഇത്തരം നടപടികൾകൊണ്ടൊന്നും സാമൂഹികപരിവർത്തനം സാധ്യമാകില്ല. അതിന്​ നിലനിൽക്കുന്ന സാമൂഹ്യ-സാമ്പത്തിക ബന്ധങ്ങളിൽ മാറ്റംവരണം.

അവമതിപ്പിലും അപമാനത്തിലും അസമത്വം നിറഞ്ഞ സാമൂഹിക അവസരങ്ങളിലും ജീവിച്ചുപോരുന്ന ജനതയ്ക്ക്​ മനുഷ്യാന്തസ്സ് ലഭിച്ചാൽ മാത്രമേ സാമൂഹികപരിവർത്തനം സാധ്യമാകൂ. ഈ ലക്ഷ്യത്തിലേക്കാണ് സംവരണമെന്ന ദർശനം നയിക്കുന്നത്. നിലവിലുള്ള മേൽക്കോയ്മാ ബന്ധങ്ങളെ മാറ്റിത്തീർക്കുന്നതിലും അതിനെ നിരന്തരം ചോദ്യം ചെയ്യാനും അടിത്തട്ട് ജനതയെ പ്രാപ്തമാക്കുന്ന ദർശനമായി സംവരണം മാറുന്നു. ചരിത്രപരമായി പിന്തുടരുന്ന മേൽകീഴ് ബന്ധങ്ങളിൽ (ജാതികൾ തമ്മിലുള്ളത്​) വിള്ളലുകളുണ്ടാക്കി ആധുനിക മൂല്യങ്ങൾ ഉൾച്ചേർത്ത്​ സമൂഹത്തെ പുനഃസൃഷ്ടിക്കാൻ കഴിയുന്നു. ഇതിന്​ പ്രതിനിധ്യ ജനാധിപത്യ വ്യവസ്ഥയിലൂടെ നിലനിൽക്കുന്ന സാമൂഹിക അധികാരരൂപങ്ങളെ മാറ്റിമറിക്കാനും അധികാരം താഴെത്തട്ടിലും മുകൾത്തട്ടിലും പ്രസരിക്കുമ്പോൾ പാരമ്പര്യ സാമൂഹ്യ ബന്ധങ്ങളെ ഇല്ലാതാക്കാനും സഹായിക്കുന്നു. അതുവരെ നിലനിന്നിരുന്ന ജാതി- ലിംഗ ബന്ധങ്ങളെയും സജാതീയവിവാഹം പോലുള്ള നാട്ടുമര്യാദകളെയും ഇത് ലംഘിക്കുന്നു. ഇങ്ങനെ ചെറിയ തോതിലെങ്കിലും നിർമിതമാകുന്ന സാമൂഹ്യ സംതുലനാവസ്ഥയിലൂടെ മാത്രമേ സാമൂഹ്യ നീതിയെ സമൂഹത്തിൽ പറിച്ചുനടുവാൻ കഴിയുകയുള്ളൂ എന്നതാണ് സംവരണദർശനം. എങ്കിലും സാമൂഹ്യ സമന്വയമാണ് സംവരണത്തിന്റെ ആത്യന്തിക ലക്ഷ്യം.

Comments