"എല്ലാവരും ഒന്ന് വിഡിയോ ഓൺ ചെയ്ത് പരിചയപ്പെടുത്തൂ...'
"ഓ... അതിനുമുമ്പ് ഞാനെന്നെ പരിചയപ്പെടുത്താം. നിങ്ങളുടെ പുതിയ മാഷാ, ട്രാൻസ്ഫറായി ഈ വിദ്യാലയത്തിലെത്തിയതാ...'
വിശദമായി ഞാനെന്നെ പരിചയപ്പെടുത്തി.
ഇനി ഓരോരുത്തർ തുടങ്ങിക്കോളൂ...
അശ്വതി, രേവതി, അരുണിമ, നിരുപമ, നവനീത്...
കുട്ടികളോരോരുത്തരും വിശദമായി സ്വയം പരിചയപ്പെടുത്തിക്കൊണ്ടിരുന്നു. ചിലർക്കൊപ്പം അമ്മമാരും ചേച്ചിമാരും അനിയൻമാരുമൊക്കെ പരിചയപ്പെടുത്തി. വിഡിയോ ഓൺ ചെയ്ത് പരിചയപ്പെടുത്താൻ എല്ലാവർക്കും താത്പര്യം.
"ഇനി ആരെങ്കിലുമുണ്ടോ?, ഉണ്ടല്ലോ... Devaki എന്ന പേരിൽ വന്നിരിക്കുന്നത് ആരാ...?
"ഞാനാ മാഷേ... സവിത...' വിഡിയോ ഓൺചെയ്ത് സവിത നിശബ്ദയായി.
"സവിതാ... മോളുടെ വിശേഷങ്ങൾ പറയൂ...'
വീണ്ടും നിശബ്ദത...
"മറ്റു കുട്ടികളൊക്കെ അവരുടെ വീട്ടുകാരെയൊക്കെ പരിചയപ്പെടുത്തിയത് കണ്ടില്ലേ... അതുപോലെ സവിതയും വേഗമായിക്കോട്ടെ... അച്ഛനോ അമ്മയോ അരികത്തുണ്ടെങ്കിൽ അവരെക്കൂടി പരിചയപ്പെടുത്തൂ.'
"മാഷെ, സവിതയോടിപ്പോൾ ചോദിക്കേണ്ട, ഞാൻ മാഷിന് കുറച്ചുകഴിഞ്ഞ് വിളിച്ച് പറഞ്ഞുതരാം.' അശ്വതിയാണത് പറഞ്ഞത്.
അല്ലേലും കുട്ടികൾക്കെല്ലാമറിയാം. എങ്ങനെ പറയണം, എപ്പോൾ പറയണം എന്നൊക്കെ നമ്മളേക്കാൾ നന്നായവർക്കറിയാം.
അന്നത്തെ ഗൂഗിൾ മീറ്റ് കഴിഞ്ഞയുടനെ അശ്വതിയുടെ ഫോൺ വന്നു. പിറ്റേന്ന് രാവിലെ സ്‌കൂളിലെത്തും മുമ്പ് സവിതയുടെ വീട്ടിലെത്തി. വണ്ടി നിർത്തി ഒറ്റത്തെങ്ങ് പാലത്തിലൂടെ കമ്പിയിൽ പിടിച്ച് ശ്രദ്ധാപൂർവം സവിതയുടെ കൊച്ചുകൂരയുടെ മുൻവശത്തിരുന്നപ്പോൾ അവൾ ഓടിവന്നു, ‘മാഷെ, മാഷെങ്ങനെ എന്റെ വീട് കണ്ടെത്തി'
"അശ്വതി കൃത്യമായി പറഞ്ഞുതന്നിരുന്നു.'
ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ ഒരു കൊച്ചുപുര. മുകളിൽ ഷീറ്റ് ഇട്ട് കെട്ടിവച്ചിരിക്കുന്നു. വാതിലുകളും ജനലുകളുമെല്ലാം പഴയതായി ദ്രവിച്ചുതുടങ്ങിയിരിക്കുന്നു.
"ഇതാണോ മോളേ മോളിന്നലെ പറഞ്ഞ മാഷ്?'
അകത്തുനിന്ന് പ്രായമായ അമ്മൂമ്മ വടിയും കുത്തി ഇപ്പുറത്തേയ്ക്ക് വന്നു.
"മാഷെ, ഞങ്ങളുടെ കാര്യം വല്യ കഷ്ടത്തിലാ... എനിയ്ക്കാകെ ഒരു മോനേ ഉണ്ടായിരുന്നുള്ളൂ... അവന്റെ പേര് ദിനേശൻ. ഞാനും ദിനേശനുമങ്ങനെ ജീവിച്ചുവരികയായിരുന്നു...' അമ്മൂമ്മ മെല്ലെ ജീവിതം പറയാൻ തുടങ്ങി; ‘ദിനേശന് കൽപ്പണിയായിരുന്നു ജോലി. ഒരു ദിവസം അവനൊരു പെണ്ണിനെയും കൊണ്ട് ഇങ്ങോട്ടുവന്നു. കഷ്ടി ഒരു മാസം കഴിഞ്ഞില്ല, അവനും അവളും കൂടി ഇവിടന്ന് മാറി താമസിച്ചു.'
"പിന്നെ അവരിവിടേക്കു വന്നിട്ടില്ലേ?'
"ഇല്ല, ഈ കൊച്ച്, സവിത ജനിച്ചിട്ടുപോലും അവരിങ്ങോട്ട് വന്നില്ല, അവരവിടെ സുഖായിട്ട് ജീവിക്കട്ടെ എന്നുവെച്ചു. ഞാനിവിടേം.'
"പെട്ടെന്നൊരു ദിവസം എന്റെ മോൻ പോയി മാഷേ. വണ്ടിയപകടമായിരുന്നു... സവിതയ്ക്കന്ന് അഞ്ച് വയസ്. മോൻ ദിനേശൻ മരിച്ച് കഷ്ടി മൂന്ന് മാസം കഴിഞ്ഞില്ല, അവൾ വേറെയൊരാളുടെ കൂടെ പോയി. '
"സവിതയെ കൂടെ കൊണ്ടുപോയില്ലേ?'
"ഇല്ല മാഷെ... ഈ കുട്ടി അന്ന് കരഞ്ഞുകരഞ്ഞ് ഈ വീട്ടിൽ വന്നുകയറിയതാ... ഞാനിതുവരെ പഠിപ്പിച്ചു. ഇന്നുവരെ അവളുടെ അമ്മ ഒന്നന്വേഷിക്കുക കൂടി ചെയ്തിട്ടില്ല...'
സവിത മിടുക്കിയാണ്... നന്നായി പഠിയ്ക്കും... നന്നായി വരയ്ക്കും... അച്ഛനുമമ്മയുമില്ലാത്ത സവിത അമ്മൂമ്മയുടെ കൂടെ തുടരുകയാണ്.
ഇത്തരം നിരവധി സാഹചര്യങ്ങളുള്ള അനേകം കുട്ടികളുണ്ട്. ഇവർക്കൊക്കെ സഹായവും ആശ്വാസവും സംരക്ഷണവും നൽകലാണ് ടെക്സ്റ്റ് ബുക്ക് പഠിപ്പിക്കുന്നതിനേക്കാൾ ആദ്യം മുൻഗണന നൽകേണ്ടത്. അധ്യാപകർ മികച്ച സാമൂഹികപ്രവർത്തകരാകണം. സമൂഹത്തെ ചേർത്തുനിർത്തി ഇത്തരം കുട്ടികളെ സഹായിക്കാൻ വിപുലമായ പദ്ധതികൾ ഉണ്ടാകേണ്ടതുണ്ട്. അതിനാവട്ടെ ഇനിയുള്ള ഓരോ നിമിഷവും. അതിനാദ്യം മുൻകൈയെടുക്കേണ്ടത് അധ്യാപകരാണ്. അതുകൊണ്ടാണല്ലോ നാം അധ്യാപകരായി അറിയപ്പെടുന്നത്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.