സ്കൂളുകളെ തിരിച്ചുപിടിക്കുക എന്നത് അനുചിതമായ ഒരു ശീർഷകമായി അനുഭവപ്പെടാം. സ്കൂളുകൾ ഇവിടെത്തന്നെയുണ്ടായിരുന്നല്ലോ? അവ സജീവമായിരിക്കുന്നല്ലോ? പഠനവും പരീക്ഷയും മുറപോലെ നടക്കുന്നുണ്ടല്ലോ?
തീർച്ചയായും അതെല്ലാം ശരിയാണ്. അപ്പോഴും ഈ ശീർഷകം മുന്നോട്ടുവെക്കത്തക്ക നിലയിൽ സ്കൂളുകൾ അതിന്റെ മൗലികമായ സ്വഭാവത്തിൽ നിന്ന്, ഉത്തരവാദിത്വത്തിൽ നിന്ന് മാറുന്നുവോ എന്ന ആശങ്ക പങ്കുവെക്കുകയാണ്.
ഈ അന്വേഷണം ഇപ്പോൾ അത്യാവശ്യമായി വന്നത്, സമീപകാലത്ത് കേരളത്തിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കുട്ടികളുടെ ഭാഗത്തുനിന്നുള്ള അക്രമങ്ങളുടെ, സംഘട്ടനങ്ങളുടെ, അതിരുവിട്ട പെരുമാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ്. അക്രമത്തിന്റെയും കൊലപാതങ്ങളുടെയും ചോരക്കറകൾ നമ്മുടെ കൗമാരത്തിന്റെയും യൗവ്വനത്തിന്റെയും തീഷ്ണാഭിലാഷങ്ങളായി മാറിയതെങ്ങനെ എന്നതിന്റെ ആലോചനകൾ ഗൗരവത്തിൽ ഇന്ന് കേരള സമൂഹം നടത്തുന്നുണ്ട്. സാമൂഹികവും സാംസ്കാരികവുമയ ഒട്ടേറെ കാരണങ്ങൾ വിശകലനം ചെയ്യുന്നുണ്ട്, ഇതിന്റെ അടിവേര് കണ്ടെത്തുന്നതിനായി. തീർച്ചയായും അത്തരം ആലോചനകൾ പ്രസക്തമാണ്.
ആഗോളവത്കരണവും കോർപ്പറേറ്റുവത്കരണവും കഴുത്തറുപ്പൻ മുതലാളിത്ത നയങ്ങളും ഉപഭോഗാസക്തിയും വ്യക്ത്യധിഷ്ഠിത താത്പര്യങ്ങളും തലതിരിഞ്ഞ വികസനസങ്കൽപ്പങ്ങളുമെല്ലാം ഇന്നത്തെ ഈ സംഘർഷങ്ങൾക്ക് കാരണമെന്ന് പലരും ചൂണ്ടിക്കാണിച്ചു. അവയെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഈ അവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്. എന്നാൽ അക്കാദമികമായി ചില കൂട്ടിച്ചേർക്കലുകളും അതിനുണ്ടാകേണ്ടതുണ്ട്. തീർച്ചയായും അവർ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളായതുകൊണ്ട് നമ്മുടെ അക്കാദമിക സമൂഹത്തിന് ആ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. കേരളത്തിലെ സ്കൂളുകളിലെ പഠനം, പരീക്ഷ, സ്കൂളിന്റെ ഘടനാപരമായ പ്രശ്നങ്ങൾ എന്നിവ ഈ സന്ദർഭത്തിൽ സൂക്ഷ്മമായി വിശകലനം ചെയ്തേ മതിയാവുകയുള്ളൂ.

പുതിയ പഠനരീതി അടിസ്ഥാനപരമായി ഉറപ്പിക്കാൻ ശ്രമിച്ചത് സ്കൂളിനെയാണ്. സ്കൂളിനെ/ ക്ലാസ് മുറിയെ അത് പുതിയ രീതിയിൽ പുതുക്കിപ്പണിയാൻശ്രമിക്കുന്നുണ്ട്. സ്കൂളിനെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ഒരിടമാക്കി മാറ്റുക അതിന്റെ പ്രധാന ഊന്നലുകളിൽ ഒന്നായിരുന്നു. ക്ലാസ് മുറിയുടെ ചതുരവടിവിനെ അത് തലകീഴായി മറിക്കാൻ ഉദ്യമിച്ചു. കേവലം ചില ആശയങ്ങളും ഉള്ളടക്കങ്ങളും കാണാതെ പഠിപ്പിക്കുക എന്നതിനപ്പുറം പഠനപ്രക്രിയയെ തന്നെ ആഹ്ലാദകരമാക്കാനും സജീവമാക്കാനുമുള്ള ആത്മാർത്ഥ ശ്രമങ്ങളുണ്ടായി. ക്ലാസ് മുറിക്കകവും പുറവും പഠനത്തിനുള്ള ഇടമാക്കി. അധ്യാപക- വിദ്യാർത്ഥി ബന്ധത്തിലാണ് അത് കാതലായ മാറ്റമുണ്ടാക്കിയത്. ഭയഭക്തിബഹുമാനങ്ങൾക്കു പകരം സുഹൃത്തും സഹായിയും സഹപഠിതാവുമായ ജനാധിപത്യവാദിയായ ഒരാൾ എന്ന നിലയിൽ അധ്യാപകരുടെ റോളിൽ മാറ്റമുണ്ടായി. സർഗ്ഗാത്മകതയ്ക്കും ജന്മസിദ്ധമായ മറ്റു കഴിവുകൾക്കും തിടംവെച്ച് വളരാവുന്ന ചുറ്റുപാടുകൾ സ്കൂളിൽ ഒരുക്കാൻ ശ്രമമുണ്ടായി. മൂല്യനിർണ്ണയം കുറേക്കൂടി സമഗ്രമാക്കാൻ ഇടപെടലുണ്ടായി. പൊതുപരീക്ഷാ ചോദ്യങ്ങൾ പോലും ക്ലാസ് റൂം പ്രക്രിയകളുടെ ഉറപ്പിക്കൽ സ്ഥലമായി. കുട്ടികളുടെ ചിന്തയെ അഭിമുഖീകരിച്ചുകൊണ്ടുള്ള ചോദ്യങ്ങളുണ്ടായി. ഇതെല്ലാം സമഗ്രമായും സമ്പൂർണ്ണമായും മൈനസ് ടു മുതൽ പ്ലസ് ടു വരെ നടന്നു എന്നല്ല പറഞ്ഞുവരുന്നത്. പലയിടങ്ങളിലും അതിനുള്ള ശ്രമം ഗൗരവത്തിലുണ്ടായിരുന്നു. അതെല്ലാം ഏതെങ്കിലും തരത്തിൽ മോണിട്ടർ ചെയ്യപ്പെട്ടിരുന്നു. അധ്യാപക കൂടിച്ചേരലുകളും പരിശീലനങ്ങളും കുറേക്കൂടി മികച്ച പങ്കുവെക്കലിനു വേദിയായിരുന്നു.
കുട്ടികളുടെ വീട് സന്ദർശനം ഓരോ കുട്ടിയുടെയും ജീവിതസാഹചര്യത്തെ മനസ്സിലാക്കുന്നതിനു മാത്രമല്ല, അവർക്ക് ആവശ്യമായ ശ്രദ്ധ എത്രമാത്രമാണെന്നും അധ്യാപകർക്ക് തിരിച്ചറിവ് നൽകി.
കുട്ടികളെ അടുത്തറിയുക അക്കാലത്തിന്റെ പഠനപ്രക്രിയയുടെ അവിഭാജ്യ ഘടകമാണ്. പല തരത്തിലുള്ള ഡയറിയുടെയും സൂക്ഷിക്കേണ്ട രേഖകളുടെയും ആധിക്യം അധ്യാപകരെ ശല്യപ്പെടുത്തിയിരുന്നെങ്കിലും കുട്ടിയെ അടുത്തറിയുക എന്നത് ആ പ്രക്രിയയുടെ സുപ്രധാന ഭാഗമായിരുന്നു. കുട്ടികളുടെ വീട് സന്ദർശനം ഓരോ കുട്ടിയുടെയും ജീവിതസാഹചര്യത്തെ മനസ്സിലാക്കുന്നതിനു മാത്രമല്ല, അവർക്ക് ആവശ്യമായ ശ്രദ്ധ എത്രമാത്രമാണെന്നും അധ്യാപകർക്ക് തിരിച്ചറിവ് നൽകി. അതൊക്കെ ആവശ്യമാണെന്ന് സിസ്റ്റം നിർബന്ധിച്ചതുകൊണ്ടു മാത്രമല്ല, അവ പ്രധാനമാണെന്ന ഒരു ആശയം സ്കൂൾ അന്തരീക്ഷത്തിൽ നിലനിന്നിരുന്നു. പഴയരീതിയിൽ നിന്നുള്ള എന്തുവ്യത്യാസമാണ് താൻ കൈക്കൊള്ളുന്നത് എന്നത് അധ്യാപകരുടെ അഭിമാനങ്ങളിൽ നിറഞ്ഞിരുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണം സ്കൂളാണ് കേന്ദ്രം എന്ന ആശയത്തിന്റെ പ്രായോഗികമായ പരീക്ഷണശാലയായിരുന്നു. ഒരർത്ഥത്തിൽ അത് സ്കൂളുകളുടെ ഭൗതിക വികാസത്തെ മാത്രമേ ഭാവന ചെയ്തുള്ളൂ എന്ന വിമർശനം നിലനിൽക്കുമ്പോഴും, ഒരു സമൂഹത്തിന്റെ കേന്ദ്രത്തിൽ അവിടുത്തെ സ്കൂൾ വരിക എന്ന വളരെ പോസിറ്റീവായ ഒരു തലം ഉണ്ടായിരുന്നു. അത് പൊതുവിദ്യാഭ്യാസത്തോട് അതുവരെയില്ലാത്ത ഒരു മമത പൊതുവേ സമൂഹത്തിൽ ഉണ്ടാക്കിയെടുത്തു. സി ബി എസ് ഇ, ഐ സി എസ് ഇ സിലബസ്സുകളിൽനിന്ന് ഏറെപേർ പൊതു വിദ്യാഭ്യാസ ധാരയിലേക്ക് ഒഴുകിവന്നു. സ്കൂളുകളുടെ ഭൗതികനിലവാരം ഉയരുകയും അന്താരാഷ്ട്ര മാതൃകകൾ അനുകരിക്കുകയും ചെയ്തപ്പോൾ സംഭവിച്ച യഥാർത്ഥ ദുരന്തം, പതുക്കെപ്പതുക്കെ അതിനെല്ലാം കാരണമായ ഒരു പാഠ്യപദ്ധതിയുടെ അന്ത്യമായിരുന്നു. അതിനു പ്രത്യക്ഷത്തിൽ കാരണമായത്, ഒന്നാം ക്ലാസു മുതൽ നമ്മുടെ സ്കൂളുകളെല്ലാം ഇംഗ്ലീഷ് മീഡിയത്തിലേക്ക് അംഗീകൃതമായും അല്ലാതെയും കളം മാറിയതും.
ഇന്ന് പുതിയ പഠനരീതിയുടെ ആലഭാരങ്ങലെല്ലാം പൊതുവിദ്യാഭ്യാസത്തിന്റെ ശിരസ്സിൽ നിന്ന് ഊർന്നുവീണുകഴിഞ്ഞു. അത് ഭാഗ്യമായി എന്ന് അധ്യാപകരും വിചാരിക്കുന്നുണ്ടാവണം. പത്താം ക്ലാസിൽ 70 ശതമാനവും പ്രൈമറി ക്ലാസിൽ ഏകദേശം 90 ശതമാനത്തിനടുത്തും കുഞ്ഞുങ്ങൾ കേരളത്തിലെ പൊതുവിദ്യാലയത്തിൽ ഇപ്പോൾ ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലാണ്. അത്തരം ക്ലാസുകളിൽ പുതിയ പഠനരീതിയുടെ ചെറുവിരൽ പോലും ഉയർത്താൻ ആരു വിചാരിച്ചാലും സാധ്യമല്ല. കേവലം ചില വസ്തുതകൾ ഇംഗ്ലീഷിൽ മനഃപ്പാഠമാക്കുക എന്നതിൽ കവിഞ്ഞ് ക്ലാസ് മുറിയിൽ ഒന്നും ചെയ്യാൻ അധ്യാപകർക്ക് സാധിക്കില്ല. അന്വേഷണമോ കണ്ടെത്തലുകളുടെ അവതരണമോ സംവാദമോ ആവിഷ്കാരമോ ഇംഗ്ലീഷ് മീഡിയം ക്ലാസുകളിൽ ആവശ്യപ്പെടാൻ സാധ്യമല്ലല്ലോ. അതെല്ലാം ഇംഗ്ലീഷിൽ ചെയ്യിക്കാൻ പ്രാപ്തരായ എത്ര അധ്യാപകർ ഇവിടുണ്ട് എന്നത് ചോദിക്കപ്പെടാൻ പാടില്ലാത്ത മറ്റൊരു ചോദ്യം!
പരീക്ഷാ ചോദ്യങ്ങളും അതിനനുസരിച്ച് ഓർമ്മപരിശോധനയായി. ഉയർന്ന ചിന്താപ്രക്രിയയിൽ ആലോചിച്ചും ഓർമ്മിച്ചും താരതമ്യപ്പെടുത്തിയും വിശകലനം ചെയ്തും തന്റെ നിരീക്ഷണങ്ങൾ അവതരിപ്പിച്ചും ഉത്തരമെഴുതാൻ പാകത്തിലുള്ള ചോദ്യങ്ങൾ ഇല്ലാതാവുന്നതോടെ, പുതിയ പഠനരീതി ഒരളവുവരെ പുറത്തുനിർത്താൻ ശ്രമിച്ചിട്ടുള്ള ട്യൂഷൻ വ്യവസായം വീണ്ടും കേരളത്തിൽ പിടിമുറുക്കി. ഇപ്പോൾ സ്കൂളുകളല്ല കേരളത്തിലെ കുട്ടികളുടെ ഭാവി നിർണ്ണയിക്കുന്നത്; ട്യൂഷൻ ക്ലാസുകളാണ്. സ്കൂളിലെ റിസൾട്ടിനു സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അവകാശം ഉന്നയിക്കുന്നതിനു മുൻപായി അത് ആഘോഷിക്കുകയും വിൽപ്പനയ്ക്കുള്ള പരസ്യമാക്കുകയും ചെയ്യുന്നത് ഇവിടുത്തെ ട്യൂഷൻ സെന്ററുകളാണ്.
ഇതിവിടെ പ്രധാനമാകുന്നത് ഈ ട്യൂഷൻ പഠനം സ്കൂളുകളെയും ഒരുതരം ട്യൂഷൻ സെന്ററുകളാക്കി രൂപാന്തരപ്പെടുത്തി എന്നതുകൊണ്ടാണ്. തന്റെ വിഷയമേഖലയിലെ ഉള്ളടക്കം കാണാതെ പഠിപ്പിക്കുകയും അത് പരീക്ഷയിൽ അതുപോലെ ആവർത്തിക്കാൻ കുട്ടികളെ പ്രപ്തരാക്കുകയും ചെയ്യുക എന്നതാണ് ഇന്നത്തെ അധ്യാപകരുടെ ഉത്തരവാദിത്വം. പഠനവും വിഷയവും എങ്ങനെ വിനിമയം ചെയ്യപ്പെടണം എന്നതിനെ സംബന്ധിച്ച കരിക്കുലം രേഖകൾ പുല്ലു തിന്നാത്ത പശുക്കളായി എട്ടിൽ വിശ്രമിച്ചു. താൻ കൈകാര്യം ചെയ്യുന്ന വിഷയത്തിൽ എത്ര എ പ്ലസ് ലഭിക്കും? അതില്ലെങ്കിൽ താൻ കേൾക്കേണ്ടി വരുന്ന പഴി എന്തായിരിക്കും? എന്നത് മാത്രമാണ് അധ്യാപകരുടെ ആലോചന. അപ്പോൾ അതിനായുള്ള എല്ലാ കുറുക്കുവഴികളും നോക്കേണ്ടിവരും. യഥാർത്ഥത്തിലുള്ള പഠനം എന്നത് അട്ടത്ത് കേറ്റിവെക്കേണ്ടിവരും. ഇങ്ങനെ പരീക്ഷാകേന്ദ്രിതമായി ഒരു വിദ്യാഭ്യാസരീതി മാറുമ്പോൾ അതിന്റെ സംഘർഷങ്ങൾ വലിയ നിലയിൽ അനുഭവിക്കുന്നത് കുട്ടികളാണ്. എന്തുചെയ്തിട്ടായാലും റിസൾട്ട് വേണം എന്ന ചിന്തയിൽ അധ്യാപകർ സുഹൃത്തോ സഹപഠിതാവോ ജനാധിപത്യവാദിയോ ആകുന്നില്ല. അവരുടെ തലയിൽ ഫാസിസ്റ്റിന്റെ കൊമ്പ് അപ്പോൾ അറിയാതെ മുളച്ചുവരും. അവരും ഈ വ്യവസ്ഥയുടെ ഇരകളാണ് എന്നതാണ് വാസ്തവം. സിസ്റ്റം നിരന്തരം ആവശ്യപ്പെടുന്നത് ഉയർന്ന സ്കോർ, റിസൾട്ട് ഇവ മാത്രമാണ്.
സ്കൂൾ സമയവും ക്ലാസ് മുറികളിലെ കുട്ടികളുടെ എണ്ണവും അടക്കം സ്കൂളിനെ ഘടനാപരമായി പരിഷ്കരിക്കാൻ ഉദ്ദേശിച്ച് കാലങ്ങൾക്ക് മുൻപേ ഉണ്ടാക്കുകയും ഇവിടുത്തെ ജാതി- മത മേലാളരെ ഭയന്ന് വെളിയിലെടുക്കാതിരിക്കുകയും ചെയ്ത ചെയ്ത റിപ്പോർട്ടുകൾ വീണ്ടെടുക്കണം.
റിസൾട്ട് നിർമ്മിച്ചെടുക്കാനുള്ള ഫാക്റ്ററികളായി സ്കൂളുകൾ മാറുമ്പോൾ യാതൊരുവിധ വ്യക്തിപരമായ ശ്രദ്ധയും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നില്ല. ഒരു കുഞ്ഞിന്റെയും ജീവിതാവസ്ഥയെ തിരിച്ചറിയാൻ അധ്യാപകർക്ക് സാധിക്കുന്നില്ല. സാവകാശമുള്ള ഒരു ക്ലാസ് മുറിയിൽ, ഏതെങ്കിലും തരത്തിൽ സംഘർഷം അനുഭവിക്കുന്ന കുട്ടികളെ അധ്യാപകർക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. അവരുടെ ജീവിത സാഹചര്യങ്ങളെ തിരിച്ചറിയുക എന്നത് പ്രധാനമാണ്. അവരുടെ വീടുകളിൽ ചെല്ലുകയും പ്രശ്നങ്ങൾ മനസ്സിലാക്കുകയും അവ പരിഹരിക്കുന്നതിനുവേണ്ടി ചേർത്തുപിടിക്കുകയും ചെയ്യുക എന്നത് പരമപ്രധാനമാണ്. അതിനിന്ന് സ്കൂളിൽ ഇടമില്ല. കുട്ടികളെ അടുത്തറിയാൻ വാതിലുകളില്ല. അവരെ ശ്രദ്ധിക്കാൻ സമയമില്ല. അവരുടെ സംഘർഷങ്ങളെ ലഘൂകരിക്കാൻ തുറസ്സുകളില്ല. കേവലം പഠനം, പരീക്ഷ, സ്കോർ, ഗ്രേഡ് ഇതിലേക്ക് മാത്രം തിരിയുന്ന സൂചിയുള്ള യന്ത്രമായി വിദ്യാഭ്യാസം ഇന്ന് മാറിയിരിക്കുന്നു.
കുട്ടികൾ കൗമാരകാലത്ത് അനുഭവിക്കുന്ന പ്രശ്നങ്ങളെ മനസ്സിലാക്കാനും അതുൾക്കൊള്ളാനും സ്കൂളിനു സാധിക്കണം. ഇപ്പോഴത്തെ അധ്യാപകർ കടന്നുപോയ ഘട്ടങ്ങളിലൂടെയല്ല അവർപോയിക്കൊണ്ടിരിക്കുന്നത്. അധ്യാപകർക്ക് വിഭാവനം ചെയ്യാൻ കഴിയാത്ത ലോകത്തേക്ക് അവരെ ആകർഷിക്കാനായി കൂട്ടുകാരുണ്ട്, സഹപാഠികളുണ്ട്, മുതിർന്നവർ പോലുമുണ്ട്. ഒരിക്കൽ തുറന്നാൽ അടയ്ക്കാൻ കഴിയാത്ത വഴികൾ. ആ വഴികളിലേക്ക് അവരെ തിരിച്ചുവിടാതിരിക്കാൻ തക്കവണ്ണം അവരെ എൻഗേജ് ചെയ്യാൻ നമുക്കാവുമോ എന്ന ചോദ്യവും പ്രധാനമാണ്. ക്ലാസ് മുറിയെ ആവുന്നത്രയും സംവാദാത്മകവും സർഗ്ഗാത്മകവും ആക്കിക്കൊണ്ട് മാത്രമേ അത് സാധ്യമാവൂ. സാഹിത്യവും സിനിമയും സംഗീതവും സ്കൂളുകളിൽ അവർക്കാവശ്യമുള്ളപ്പോൾ ഉണ്ടാവണം. അതൊക്കെ അവതരിപ്പിക്കാൻ ഉചിതമായ സ്ഥലങ്ങൾ വേണം. കേവലം പഠനം പഠനം എന്നതിൽ നിന്ന് ആശ്വാസകരമാവുന്ന എന്തൊക്കെ തുറസ്സുകൾ ഉണ്ടോ അതൊക്കെ സ്കൂളിൽ സർഗ്ഗാത്മകമായി വിരിച്ചിടാനാവണം.

ഘടനാപരമായി സ്കൂളുകളെ ഇപ്പോഴത്തെ മാരകമായ നിലയിൽ നിന്നും മോചിപ്പിച്ചേ മതിയാവൂ. അതിനുള്ള സക്രിയമായ ചർച്ചകൾ നടക്കേണ്ടതുണ്ട്. രാവിലെ ഒൻപതു മണി മുതൽ വൈകുന്നേരം നാലര മണി വരെ നീളുന്ന അധ്യയന സമയം, നാമമാത്രമായ ഇടവേളകൾ, തിങ്ങി നിറഞ്ഞ ക്ലാസ് മുറികൾ, മുപ്പതോ നാൽപ്പതോ മിനിറ്റ് മാത്രമുള്ള ടൈം ടേബിളുകൾ ഇതെല്ലാം കേരളത്തിലെ കൗമാരക്കാരായ വിദ്യാർത്ഥികളുടെ ക്ലാസിന്റെ വിശേഷണങ്ങളാണ്. കുറേക്കൂടി സ്വാതന്ത്ര്യം ലഭിക്കുന്ന ഭാഷാ ക്ലസിലാകട്ടെ എഴുപതും എൺപതും കുട്ടികൾ തിങ്ങിയിരിപ്പാണ്. പല വിഷയങ്ങളുടെയും ട്യൂഷൻ ക്ലാസുകൾ കൂടി ചേരുമ്പോൾ പത്തും പന്ത്രണ്ടും മണിക്കൂർ പഠനം എന്ന പീഡനം അവരെ ഞെരുക്കും. ഈ ശ്വാസംമുട്ടൽ കൂടിയാണ് അവരെ ഓൺലൈനിലെ അപകടകരമായ കൂട്ടുകെട്ടുകളിലേക്കും എന്തും ചെയ്യാവുന്ന ഭ്രാന്തമായ മാനസികാവസ്ഥയിലേക്കും തള്ളിയിടുന്നത്.
കുട്ടികളെ അടുത്തറിയാൻ വാതിലുകളില്ല. അവരെ ശ്രദ്ധിക്കാൻ സമയമില്ല. അവരുടെ സംഘർഷങ്ങളെ ലഘൂകരിക്കാൻ തുറസ്സുകളില്ല. കേവലം പഠനം, പരീക്ഷ, സ്കോർ, ഗ്രേഡ് ഇതിലേക്ക് മാത്രം തിരിയുന്ന സൂചിയുള്ള യന്ത്രമായി വിദ്യാഭ്യാസം ഇന്ന് മാറിയിരിക്കുന്നു.
പുതിയ കാലത്തെ അധ്യാപകർ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. നമ്മുടെ കുഞ്ഞുങ്ങളുടെ മാറിവരുന്ന പ്രകൃതം അവർ സൂക്ഷ്മമായി മനസ്സിലാക്കേണ്ടതുണ്ട്. വടിയെടുത്താൽ തീരുന്നതല്ല പ്രശ്നം. അവരുടെ ശരീരത്തിൽ അപമാനത്തിന്റെ ചൂരൽ പതിപ്പിച്ച് നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ബാലാവകാശ കമീഷനെയോ കുട്ടികളുടെ അവകാശത്തെയോ ചൈൽഡ് ലൈനിനെയോ കുറ്റം പറഞ്ഞ്, ഇതൊന്നും ഇല്ലാത്തകാലത്ത് എന്തൊരു സുഖമായിരുന്നു എന്ന് നെടുവീർപ്പിടുന്നതിലും കാര്യമില്ല. അതൊക്കെ നമ്മളെക്കാൾ മുന്നേ ലോകരാജ്യങ്ങളിൽ പലതിലും വന്നിട്ടുണ്ട്. അതുണ്ടായതുകൊണ്ടല്ല, ഷഹബാസും മിഹിർ അഹമ്മദും രക്തസാക്ഷികളായത്. അധ്യാപകരുടെ ശിക്ഷിക്കാനുള്ള അവകാശം കുറഞ്ഞതുകൊണ്ടല്ല അതിനീചമായ കാര്യങ്ങൾ, വൻ ഫീസ് നൽകി പഠിക്കേണ്ട സ്വകാര്യ നക്ഷത്രവിദ്യാലയങ്ങളിൽ നടക്കുന്നത്. അധ്യാപകരുടെ ഉത്തരവാദിത്വം എല്ലാ പരിമിതികൾക്കുള്ളിൽ നിന്നും കുട്ടികളെ ചേർത്തുപിടിക്കുക എന്നതാണ്. അവരെ കേൾക്കുക, മനസ്സിലാക്കാൻ ശ്രമിക്കുക, കുടുംബസാഹചര്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക, അവരുടെ സ്നേഹവിശ്വാസങ്ങൾ ആർജ്ജിക്കുക, അവരുടെ ഹൃദയത്തിൽ തൊടുക എന്നത് ഈ കാലം അധ്യാപകരെ ഏൽപ്പിക്കുന്ന വലിയ ചുമതലയാണ്. അതിനായി ആരും മുകളിൽ നിന്നും കെട്ടിവെക്കാതെ കർമ്മപദ്ധതികൾ ആവിഷ്കരിക്കാൻ സ്കൂളുകൾക്ക് സാധിക്കണം. ചെറുഗ്രൂപ്പുകളുടെ ചുമതല ഏറ്റെടുത്ത് ആ കുഞ്ഞുങ്ങളുമായി അങ്ങേയറ്റത്തെ ഹൃദയബന്ധം സ്ഥാപിക്കാൻ അധ്യാപകർക്ക് തീർച്ചയായും കഴിയേണ്ടതുണ്ട്. കേവലം ഒരു തൊഴിൽ എന്ന നിലയിൽ ഇന്നും വലിയ സാമൂഹിക ഉത്തരവാദിത്വമുള്ള ചുമതലയായി ഇക്കാലം അത് അധ്യാപകരിൽ നിന്നും ആവശ്യപ്പെടുന്നുണ്ട്.
സ്കൂളുകളെ കേവലം ട്യൂഷൻ സെന്ററുകളാക്കുന്ന നിരന്തരമായ പരീക്ഷകളും സ്കോറിന്റെ പേരിലുള്ള പീഡനങ്ങളും എത്രമാത്രം കുറച്ചുകൊണ്ടുവരാൻ കഴിയും എന്ന് ഈ സവിശേഷ സന്ധിയിൽ ആലോചിക്കേണ്ടതുണ്ട്. സ്കൂളിനെ അതിന്റെ ജൈവികപരിസരത്തേക്ക് തിരിച്ചുകൊണ്ടുവരണം. സിലബസിനുപുറത്തെ കാര്യങ്ങൾ കൂടി പഠിക്കനാവാശ്യമായ സമയമവിടെയുണ്ടാകണം. സ്കൂൾ സമയവും ക്ലാസ് മുറികളിലെ കുട്ടികളുടെ എണ്ണവും അടക്കം സ്കൂളിനെ ഘടനാപരമായി പരിഷ്കരിക്കാൻ ഉദ്ദേശിച്ച് കാലങ്ങൾക്ക് മുൻപേ ഉണ്ടാക്കുകയും ഇവിടുത്തെ ജാതി- മത മേലാളരെ ഭയന്ന് വെളിയിലെടുക്കാതിരിക്കുകയും ചെയ്ത ചെയ്ത റിപ്പോർട്ടുകൾ വീണ്ടെടുക്കണം. നമ്മുടെ കാലത്തിന്റെ പ്രതിസന്ധികൾ ഭീമാകാരമായ തിരമാലയായി വാ പിളർത്തിയടുമ്പോൾ വിദ്യാഭ്യാസ വ്യവസ്ഥയും അതിന്റെ കാവലാളുകളായ അധ്യാപകരും ഊർജ്ജസ്വലരായി ഉണർന്നെഴുന്നേൽക്കേണ്ടതുണ്ട്. ട്യൂഷൻ സെന്ററുകൾ ആകുന്നതിനു പകരം സ്കൂളുകളെ സ്കൂളായി തിരിച്ചുപിടിക്കുക എന്നത് ചെറിയൊരു കാര്യമല്ല.