പഠിക്കാനുള്ള പണത്തിന് യാചിക്കേണ്ടിവരുന്നവർ,
ഞങ്ങൾ വിദ്യാർഥികൾ

‘‘അക്കാദമിക് ഷെഡ്യൂളുമായി യോജിച്ചുപോകുന്ന പാർട്ട് ടൈം ജോലി കണ്ടുപിടിക്കാൻ കഴിയാതെ വീട്ടുകാരുടെ തുച്ഛമായ വരുമാനത്തിൽ നിന്നും, കടം മേടിച്ച പണത്തിൽ നിന്നുമെല്ലാം ഒരുപാട് വേദനയോടെ, പഠിക്കാനുള്ള പണത്തിന് ഇരക്കേണ്ടി വരുന്നവർ. കാമ്പസ് ജീവിതത്തിലുടനീളം നിസ്സഹായതയുടെ ഭാരം കൊണ്ട് തല കുനിച്ചു നടക്കേണ്ടിവരുന്നവർ…’’- സർക്കാർ ഗ്രാന്റും സ്കോളർഷിപ്പും നിഷേധിക്കപ്പെടുന്ന കേരളത്തിലെ വിദ്യാർഥികളുടെ കാമ്പസ് ജീവിതത്തെക്കുറിച്ച് എഴുതുന്നു, വിദ്യാർഥിയായ അർജുൻ ടി. മോഹൻ.

രുപാട് ചർച്ച ചെയ്ത വിഷയമാണ്, എങ്കിലും എഴുതാതിരിക്കാൻ വയ്യ.

ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും പേറി പഠിക്കാനെത്തുന്ന വിദ്യാർത്ഥികളിൽ പലർക്കും പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരുന്നതെന്തുകൊണ്ടാണ്?
ഒരു കാരണം; സാമ്പത്തികം.

പഠനച്ചെലവിനുപുറമേ എല്ലാ മാസവും ഹോസ്റ്റൽ റെന്റും മെസ് ഫീയും അടക്കാൻ പണമില്ലാതെ നട്ടം തിരിയുന്നവരാണ് ഞങ്ങൾ, വിദ്യാർഥികൾ. അക്കാദമിക് ഷെഡ്യൂളുമായി യോജിച്ചുപോകുന്ന പാർട്ട് ടൈം ജോലി കണ്ടുപിടിക്കാൻ കഴിയാതെ വീട്ടുകാരുടെ തുച്ഛമായ വരുമാനത്തിൽ നിന്നും, കടം മേടിച്ച പണത്തിൽ നിന്നുമെല്ലാം ഒരുപാട് വേദനയോടെ, പഠിക്കാനുള്ള പണത്തിന് യാചിക്കേണ്ടിവരുന്നവർ. ക്യാമ്പസ് ജീവിതത്തിലുടനീളം നിസ്സഹായതയുടെ ഭാരം കൊണ്ട് തല കുനിച്ചു നടക്കേണ്ടിവരുന്നവർ. കൂടെ പഠിക്കുന്നവർ പുതിയ ഉടുപ്പും പുതിയ വാച്ചും ലേറ്റസ്റ്റ് മോഡൽ ഐ ഫോണും ബൈക്കും കാറും ഒക്കെയായി മുന്നോട്ടുപായുമ്പോൾ, ആരോടും പരിഭവം പറയാതെ, കീറിയ ഷർട്ടുകൾ തുന്നി ചേർത്ത് പുതിയ ഫാഷനുണ്ടാക്കിയവർ, തേഞ്ഞ ചെരുപ്പ് കാല് റോഡിലുരഞ്ഞ് വേദനിക്കുന്നതുവരെ, വഴിയിലുപേക്ഷിക്കാത്തവർ, ഒരു നേരം ഉണ്ടില്ലെങ്കിൽ അത് മറ്റൊരു ദിവസത്തെ അത്താഴത്തിനുള്ള പണമായി മാറുമല്ലോ എന്ന ചിന്തയിൽ ഉടുമുണ്ട് മുറുക്കിയുടുത്ത് ഉറക്കം നടിച്ച് വിശപ്പിനെ കബളിപ്പിക്കാൻ ശ്രമിക്കുന്നവർ. ആരുമില്ലാത്തവർ. ഇങ്ങനെ പല റോളിലും നിങ്ങൾക്കവരെ കാണാം. പക്ഷേ കാമ്പസുകളുടെ ചിരിയിലും കളിയിലും തിരക്കേറിയ അക്കാദമിക ജീവിതത്തിനിടയിലുമെല്ലാം അവർ അദൃശ്യരായി പോകാറുണ്ട് എന്നുമാത്രം.

ഇത് ഒരു വർക്കിംഗ് ക്ലാസ് ജീവിത പശ്ചാത്തലത്തിൽനിന്ന് ഉന്നത വിദ്യാഭ്യാസം തേടിയെത്തുന്ന ഓരോ വിദ്യാർത്ഥിയുടെയും സത്യമാണ്, അവരുടെ ജീവിതമാണ്. പക്ഷേ പ്രിവിലേജിന്റെ ചാരുകസേരയിൽ മലർന്നുകിടന്ന് ദിവാസ്വപ്നം കാണുന്ന, അവസരങ്ങൾക്കൊത്തു മാത്രം തിമിരം ബാധിക്കുന്ന കണ്ണുകളുള്ള, ഒരുമണിക്കൂർ നേരം റൂമിലെ എ.സി കേടായതിൽ പരാതി പറയുന്ന അധികാരവർഗത്തിന് അവരെ കാണാൻ കഴിഞ്ഞെന്നുവരില്ല. പ്രതിഷേധത്തിന്റെ മുദ്രാവാക്യങ്ങൾ കൊണ്ട് ഇടിമുഴക്കം തീർത്താലും അവരുടെ ശബ്ദം അധികാരികളുടെ ചെവിയിൽ പതിഞ്ഞെന്നും വരില്ല. അവർക്ക് ഇതൊക്കെയും വെറും അതിശയോക്തി മാത്രമായിരിക്കാം. ബെന്യാമിൻ എഴുതിയതുപോലെ, കാണാത്തതും അനുഭവിക്കാത്തതുമായതെല്ലാം നമുക്ക് കെട്ടുകഥകളാണല്ലോ?

പറഞ്ഞുവന്നത്, സർക്കാർ ഗ്രാ​ന്റുകളെയും സ്കോളർഷിപ്പുകളെയും കുറിച്ചാണ്. അതിഭീകരമായ സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും നാട്ടുകാരുടെയും വീട്ടുകാരുടെയും കുറ്റപ്പെടുത്തലുകൾക്കിടയിലും തളർന്നുപോകാതെ, പഠനം പാതിവഴിയിലുപേക്ഷിക്കാതെ ഞങ്ങളെപ്പോലുള്ളവരെ പിടിച്ചുനിർത്തുന്നത് ഈ ഗ്രാന്റും സ്കോളർഷിപ്പുമെല്ലാം ഇന്നല്ലെങ്കിൽ നാളെ വരുമെന്ന വിശ്വാസവും പ്രതീക്ഷയുമാണ്.

എന്നാൽ ഗ്രാന്റുകളുടെ ഇന്നത്തെ അവസ്ഥ എന്താണ്? ഏത് ഗവണ്മെന്റ് സ്കോളർഷിപ്പ് /ഫെല്ലോഷിപ്പ് ആണ് മുടങ്ങാതെ വിദ്യാർത്ഥികളിലേക്ക് എത്തുന്നത്? മുന്നേ ന്യൂന പക്ഷ വിഭാഗ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പുകൾ കേന്ദ്രസർക്കാർ അനിശ്ചിത കാലത്തേക്ക് തടഞ്ഞുവച്ചിരുന്നു. അത് ഇനിയും വിതരണം ചെയ്തിട്ടില്ല.

കാലടി സംസ്കൃത സർവകലാശാലയിൽ ഏറ്റവും അവസാനമായി വിതരണം ചെയ്ത ഇ- ഗ്രാന്റ്സ് തുക 2019- ൽ അഡ്മിഷനെടുത്ത് 2021-ൽ പാസൗട്ടായ വിദ്യാർത്ഥികൾക്കണ്. എന്നുവച്ചാൽ, ഗ്രാന്റ് ലഭിച്ചത് പഠനം കഴിഞ്ഞ് രണ്ടു വർഷത്തിനിപ്പുറം എന്നർത്ഥം.

എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് ബിരുദം നേടി ബിരുദാനന്ദര ബിരുദത്തിന് കാലടി സംസ്കൃത സർവകലാശാലയിൽ അഡ്മിഷനെടുത്ത് ഒന്നര വർഷം പിന്നിടുമ്പോഴും ബിരുദത്തിന്റെ മാർക്ക് അടിസ്ഥാനത്തിൽ ഞാൻ അപേക്ഷിച്ച CM സ്കോളർഷിപ്പിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല.

കുറച്ചുകാലം വെബ്സൈറ്റിൽ എന്റെ പേരിനു നേരെ ‘സെലക്റ്റഡ്’ സ്റ്റാറ്റസ് കണ്ടു. പിന്നീടത് മാറി വീണ്ടും പെന്റിങ് ആയി. ഒന്നര വർഷമായി തുടരുന്ന അനിശ്ചിതത്വത്തിന്റെ കാരണമാന്വേഷിച്ച് പല തവണ സ്കോളർഷിപ്പ് ഓഫീസിലേക്ക് വിളിച്ചപ്പോൾ, സെലക്ട് ചെയ്ത എല്ലാവർക്കും ഫണ്ട് പാസായാൽ ഉടൻ വിതരണം ചെയ്യും, സ്കോളർഷിപ്പ് വിതരണം വലിയ പരിപാടിയായി സംഘടിപ്പിച്ച് വിതരണം ചെയ്യും എന്ന് തുടങ്ങി ഏറ്റവുമൊടുവിൽ ഇനി ഒരു സെലെക്ഷൻ പ്രോസസ് കൂടി കഴിഞ്ഞാൽ മാത്രമേ സ്കോളർഷിപ്പ് ലഭിക്കൂ എന്ന മറുപടി വരെ നിരാശയോടെയും നെടുവീർപ്പോടെയും കേട്ടുനിൽക്കേണ്ടിവന്നു.

പല സർവകലാശാലകളിലും വിദ്യാർത്ഥികളുടെ ഗ്രാന്റുകളും ഫെല്ലോഷിപ്പും മുടങ്ങിക്കിടക്കുകയാണ്.

കാലടി സംസ്കൃത സർവകലാശാലയിൽ ഏറ്റവും അവസാനമായി വിതരണം ചെയ്ത ഇ- ഗ്രാന്റ്സ് തുക 2019- ൽ അഡ്മിഷനെടുത്ത് 2021-ൽ പാസൗട്ടായ വിദ്യാർത്ഥികൾക്കണ്. എന്നുവച്ചാൽ, ഗ്രാന്റ് ലഭിച്ചത് പഠനം കഴിഞ്ഞ് രണ്ടു വർഷത്തിനിപ്പുറം എന്നർത്ഥം.
ഗ്രാന്റ് പാസാകാത്ത കാരണം പറഞ്ഞ് സർവകലാശാല എല്ലാ വിദ്യാർത്ഥികളോടും കോഴ്സ്- പരീക്ഷാ ഫീസുകൾ അടക്കാൻ നിർദ്ദേശിച്ചു. ഞാനുൾപ്പെടുന്ന ഒരുപാട് വിദ്യാർത്ഥികൾക്ക് ഈയൊരു കാരണം കൊണ്ടു മാത്രം കടത്തിനു മേൽ കടം വാങ്ങേണ്ടി വന്നു.

ഫണ്ട് പാസാകാത്തത് ആരുടെ പിഴവാണ്?

ജീവിത പ്രാരാബ്ദം കൊണ്ട് നടുവൊടിഞ്ഞ, പഠിക്കാൻ കടം വാങ്ങി തിരികെ നൽകാനാവാതെ തല താഴ്ത്തി നടക്കേണ്ടിവരുന്ന വിദ്യാർത്ഥികളുടെയോ? അല്ലെങ്കിൽ, മക്കളുടെ പഠനത്തിന് എവിടെനിന്ന് പണം കണ്ടെത്തും എന്നോർത്ത് ആവലാതിപ്പെട്ടുനടക്കുന്ന ദരിദ്ര നാരായണന്മാരായ അച്ഛനമ്മമാരുടെയോ?

ചിലർ പറഞ്ഞു കേൾക്കാറുണ്ട്, വൈകിയാണെങ്കിലും ഈ ഗവണ്മെന്റ് ഗ്രാന്റ് തരുന്നുണ്ടല്ലോ, മറ്റു ഗവണ്മെന്റുകളുടെ കാലത്ത് അതുപോലുമുണ്ടായിരുന്നില്ലല്ലോ എന്നെല്ലാം. പക്ഷെ ജീവിച്ചിരിക്കുന്ന കാലയളവിലത്രയും തിരിഞ്ഞുനോക്കാത്ത നിങ്ങൾ, ഞാൻ മരിച്ചു കഴിഞ്ഞ് എന്റെ കുഴിമാടത്തിൽ പൂക്കൾ വെക്കുന്നതെന്തിനാണ്?


അര്‍ജുന്‍ ടി . മോഹന്‍

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ ഡിപ്പാർട്ടുമെന്റ് ഓഫ് സോഷ്യൽ വർക്കിൽ ബിരുദാനന്ത ബിരുദ വിദ്യാർഥി.

Comments