ബിരുദമുള്ളവരുടെയും ഇല്ലാത്തവരുടെയും തൊഴിലും വരുമാനവും; അമേരിക്കയിലെ യുവാക്കൾ എന്തു ചിന്തിക്കുന്നു?

കേരളത്തിലെ ബിരുദ പഠന സമ്പ്രദായത്തിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്ന വർത്തമാനകാലത്ത്!, ഒട്ടേറെ പ്രസക്തിയുള്ള വിഷയങ്ങളാണ് അമേരിക്കയിലെ ഗവേഷണ സ്ഥാപനമായ പ്യൂ റിസർച്ച് സെൻ്റർ റിപ്പോർട്ടിലൂടെ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്- ഡോ. കുട്ടികൃഷ്ണൻ എ.പി എഴുതുന്നു.

സാമൂഹ്യ, സാമ്പത്തിക മേഖലയിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങൾ എങ്ങനെ ചിന്തിക്കുന്നുവെന്നും സമൂഹത്തിലെ ഓരോ പ്രശ്നങ്ങളും അവരെ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ചും വ്യക്തികൾക്ക് അഭിപ്രായം പങ്കിടാനുള്ള അവസരം നൽകുന്ന അമേരിക്കയിലെ ഒരു ഗവേഷണ സ്ഥാപനമാണ് പ്യൂ റിസർച്ച് സെൻ്റർ. ഇത്തരത്തിൽ ശേഖരിക്കുന്ന ഡാറ്റ ഉപയോഗിച്ച് സമകാലീന പ്രസക്തിയുള്ള വിഷയങ്ങളിൽ റിപ്പോർട്ടുകൾ തയ്യാറാക്കി പൊതു മണ്ഡലത്തിൽ ലഭ്യമകുന്ന തരത്തിൽ പ്യൂ റിസർച്ച് സെന്റർ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.

കോളേജ് ബിരുദം നേടുന്നതിന്റെ താൽപര്യത്തെകുറിച്ചും ഉന്നത വിദ്യാഭ്യാസ പഠനത്തിന്റെ മാറുന്ന സ്വാഭാവത്തെക്കുറിച്ചും അമേരിക്കൻ യുവജനങ്ങളുടെയിടയിൽ ഈയിടെ അവർ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഗവേഷണ റിപ്പോർട്ട് യുവജനങ്ങളുടെ വ്യത്യസ്തമായ വിദ്യാഭ്യാസ കാഴ്ചപ്പാടുകളും അവർ മുന്നോട്ടുവെക്കുന്ന ആശയങ്ങളുമാണ് പ്രതിപാദിക്കുന്നത്. കേരളത്തിലെ ബിരുദ പഠനസമ്പ്രദായത്തിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്ന വർത്തമാനകാലത്ത് ഒട്ടേറെ പ്രസക്തിയുള്ള വിഷയങ്ങളാണ് റിപ്പോർട്ടിലൂടെ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്.

അമേരിക്കയിലെ യുവാക്കളിൽ, 22 ശതമാനം പേർ മാത്രമാണ് വിദ്യാഭ്യാസ ലോൺ എടുത്തും കോളജിൽ പോവുന്നത് മെച്ചമുള്ളതായി പരിഗണിക്കുന്നത്.
അമേരിക്കയിലെ യുവാക്കളിൽ, 22 ശതമാനം പേർ മാത്രമാണ് വിദ്യാഭ്യാസ ലോൺ എടുത്തും കോളജിൽ പോവുന്നത് മെച്ചമുള്ളതായി പരിഗണിക്കുന്നത്.

21-ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ സമൂഹത്തിലെ മാറിയ വിദ്യാഭ്യാസ കാഴ്ച്ചപ്പാടും സവിശേഷമായ സാമ്പത്തിക സാഹചര്യങ്ങളും ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടിവരുന്ന ചെലവ് വർദ്ധിപ്പിച്ചുവെന്നത് യാഥാർഥ്യമാണ്. ഈ സാഹചര്യത്തിൽ കോളേജ് ബിരുദത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള അഭിപ്രായത്തിൽ വലിയതരത്തിലുള്ള അന്തരമാണ് സർവേയിൽ പ്രതികരിച്ചവരിൽനിന്ന് ലഭിച്ച വിവരങ്ങളിൽ വഴി മനസ്സിലാക്കാൻ സാധിക്കുന്നത്.

കഴിഞ്ഞ പത്തുവർഷത്തെ യുവജനങ്ങളുടെ തൊഴിൽ ലഭ്യതയുടെ വിവരങ്ങൾ ശേഖരിച്ചപ്പോൾ മനസ്സിലാകുന്നത്, കോളേജ് ബിരുദം ഇല്ലാതെതന്നെ യുവജനങ്ങൾക്ക് തൊഴിൽ നേടാനുള്ള സാധ്യത ഇപ്പോൾ കൂടുതലാണെന്നാണ്. കൂടാതെ ബിരുദധാരികളായ സമപ്രായക്കാരുമായി താരതമ്യം ചെയ്യുമ്പോൾ ശരാശരി വരുമാനത്തിന്റെ കാര്യത്തിൽ ബിരുദധാരികളല്ലാത്തവർക്കും ശ്രദ്ധേയമായ വർദ്ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

പത്തിൽ നാല് അമേരിക്കൻ യുവാക്കളും, നല്ല ശമ്പളമുള്ള ജോലി കിട്ടാൻ കോളേജ് ബിരുദം അനിവാര്യമല്ല എന്ന് കരുതുന്നു.
പത്തിൽ നാല് അമേരിക്കൻ യുവാക്കളും, നല്ല ശമ്പളമുള്ള ജോലി കിട്ടാൻ കോളേജ് ബിരുദം അനിവാര്യമല്ല എന്ന് കരുതുന്നു.

അതോടൊപ്പം, കോളേജ് വിദ്യാഭ്യാസത്തിനായി ട്യൂഷൻ ഫീസടക്കമുള്ള ചെലവ് വർധിച്ചുകൊണ്ടിരിക്കുമ്പോൾ ഉപരിപഠനം വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ സാമ്പത്തിക ബാധ്യതകളിലേക്കാണ് നയിക്കുന്നത്. ഇത്തരത്തിലുള്ള ദീർഘകാല സാമ്പത്തിക ബാധ്യതകൾ കോളേജ് ബിരുദത്തിന്റെ ഭാഗമായി ലഭിക്കുന്ന ഉയർന്ന വേതനമുള്ള ജോലിയിൽകൂടിയുള്ള സാമ്പത്തിക നേട്ടങ്ങളാലായിരുന്നു ഇത്രയും കാലം ന്യായീകരിക്കപ്പെട്ടിരുന്നത്.

മികച്ച തൊഴിൽ സാധ്യതകളും ഉയർന്ന വരുമാനവും ലഭിക്കാൻ കോളേജ് വിദ്യാഭ്യാസം അർഹമാക്കുമെന്നാണ് പൊതുധാരണയെന്ന് സർവേയിൽ പ്രതികരിച്ച പകുതിയോളം പേരും വിശ്വസിക്കുന്നു. എന്നിരുന്നാലും, കോളേജ് വിദ്യാഭ്യാസം കൂടാതെ പ്രൊഫഷണൽ മേഖലയിൽ വിജയിച്ച പലരുടെയും അനുഭവങ്ങൾ വിരൽ ചൂണ്ടുന്നത് പ്രൊഫഷണൽ വിജയത്തിന് ഒരു ബിരുദം അത്രമാത്രം ഇക്കാലത്തു അനിവാര്യമല്ലയെന്നതാണ്.

വിദ്യാഭ്യാസത്തിലൂടെ സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിന് പരമ്പരാഗത രീതിയിലുള്ള ബിരുദയോഗ്യത ആവശ്യമില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷം.

അതുകൊണ്ടുതന്നെ, വിദ്യാഭ്യാസത്തിലൂടെ സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിന് പരമ്പരാഗത രീതിയിലുള്ള ബിരുദയോഗ്യത ആവശ്യമില്ലായെന്നതാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷം. കോളേജ് വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള സമൂഹത്തിലെ പൊതുധാരണകളെ ഈ സ്ഥിതിവിവര കണക്കുകൾ മാറി ചിന്തിപ്പിക്കുകയാണ്.

പ്രൊഫഷണൽ മേഖലയിൽ  വിജയിച്ച പലരുടെയും അനുഭവങ്ങൾ വിരൽ ചൂണ്ടുന്നത്  ബിരുദം അത്രമാത്രം ഇക്കാലത്ത് അനിവാര്യമല്ല എന്നാണ്.
പ്രൊഫഷണൽ മേഖലയിൽ വിജയിച്ച പലരുടെയും അനുഭവങ്ങൾ വിരൽ ചൂണ്ടുന്നത് ബിരുദം അത്രമാത്രം ഇക്കാലത്ത് അനിവാര്യമല്ല എന്നാണ്.

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പരിശീലനം ലഭിച്ച വൈദഗ്ധ്യമുള്ള യുവജനങ്ങൾക്കു വ്യാപാര- വ്യവസായ സ്ഥാപനങ്ങളിലും മറ്റു മേഖലകളിലും നിരവധി തൊഴിൽ അവസരങ്ങളാണ് തുറന്നു കിടക്കുന്നത്. അതുകൊണ്ടുതന്നെ തൊഴിൽ നേടാനും അവരുടെ പ്രൊഫഷണൽ വിജയത്തിനും വൊക്കേഷണൽ പരിശീലനം, അപ്രൻ്റീസ്ഷിപ്പ്, സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വലിയൊരു ശതമാനം ആൾക്കാരെയാണ് ഇന്ന് കണ്ടുവരുന്നത്.

വിദ്യാഭ്യാസവും തൊഴിലും ബന്ധപ്പെടുത്തികൊണ്ടു പരമ്പരാഗത നാല് വർഷത്തെ കോളേജ് പ്രോഗ്രാമുകൾക്ക് ബദലുകളായി പ്രായോഗിക പ്രോഗ്രാമുകൾക്കായിരിക്കും ഇനിമുതൽ പ്രാമുഖ്യം ലഭിക്കുക.

ഈ സാഹചര്യത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന തൊഴിൽ വിപണിയും ഉന്നത വിദ്യാഭ്യാസത്തോടുള്ള പൊതുമനോഭാവം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്. കൂടുതൽ വ്യത്യസ്തമായതും പരിശീലനത്തിനും അപ്രൻ്റീസ്ഷിപ്പിനും പ്രാധാന്യമുള്ളതുമായ പാതകൾ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഭാവിയിൽ ഉൾപ്പെട്ടേക്കാമെന്നാണ് ഇത് നൽകുന്ന സൂചന.

അതോടൊപ്പം, കോവിഡ് മഹാമാരി ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ചുള്ള ധാരണകളെയും കൂടുതൽ സങ്കീർണമാക്കി. മഹാമാരിക്കാലത്തുള്ള ഓൺലൈൻ പഠനത്തിലേക്കുള്ള മാറ്റം പരമ്പരാഗത കോളേജ് വിദ്യാഭ്യാസത്തെ പുനർവിചിന്തനം ചെയ്യാൻ പലരേയും പ്രേരിപ്പിച്ചു. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെയും മൂല്യത്തെയും കുറിച്ചുള്ള ആശങ്കകളുണ്ടെങ്കിലും സാമ്പത്തികമാന്ദ്യം പലരെയും അത്തരത്തിലുള്ള വിദ്യാഭ്യാസത്തിലേക്കു പ്രേരിപ്പിച്ചുവെന്നത് യാഥാർഥ്യം.

വിദ്യാഭ്യാസവും തൊഴിലും ബന്ധപ്പെടുത്തികൊണ്ടു പരമ്പരാഗത നാല് വർഷത്തെ കോളേജ് പ്രോഗ്രാമുകൾക്ക് ബദലുകളായി പ്രായോഗിക പ്രോഗ്രാമുകൾക്കായിരിക്കും ഇനിമുതൽ പ്രാമുഖ്യം ലഭിക്കുകയെന്നാണ് അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തിയ സർവ്വേ മുന്നോട്ടു വെക്കുന്ന നിഗമനം. ഈ പശ്ചാത്തലത്തിൽ പാശ്ചാത്യരാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭാവിയിൽ ഒഴിഞ്ഞുകിടക്കാൻ സാധ്യതയുള്ള ബിരുദതല പ്രോഗ്രാമുകളിലേക്ക് മൂന്നാം ലോക രാജ്യങ്ങളിലെ യുവജനങ്ങളെ ആകർഷിക്കാനുള്ള കർമ പരിപാടികളാണ് അവർ അസൂത്രണം ചെയ്യുന്നത്.

വിദേശ പഠനത്തിനായുള്ള രാജ്യത്തെ വിവിധ സ്വകാര്യ ഏജൻസികളുടെ സഹായത്തോടെ യുവജനങ്ങളെ അവിടേക്കു എത്തിക്കുവാനുള്ള കച്ചവട തന്ത്രങ്ങളായിരിക്കും ഇനിമുതൽ നമ്മുടെ നാട്ടിൽ ഇക്കൂട്ടർ ആവിഷ്കരിച്ചു നടപ്പിലാക്കുക. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും വ്യാപകമായ തോതിൽ വിദേശ പഠനത്തിന് കുട്ടികളെ ആകർഷിക്കുന്ന സെമിനാറുകളും മറ്റു പ്രചാരണ പരിപാടികളും സ്വകാര്യ ഏജൻസികളുടെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്നത് ഇതിന്റെ പ്രാരംഭ സൂചനകളാണ്.

Comments