ടീച്ചിംഗ് ഡിസബിലിറ്റിയുള്ള അധ്യാപകർ എന്തുചെയ്യും?

കുട്ടികളെ ‘എങ്ങനെ 'യാണ് പഠിപ്പിക്കേണ്ടത് എന്ന് തിരിച്ചറിയാനാവാതെ, അവർക്കാവശ്യമുള്ള വിഭവങ്ങൾ എവിടെ നിന്നാണ് കണ്ടെത്തേണ്ടത് എന്നറിയാതെ, അവരുടെ മീഡിയത്തിൽ അവരോട് കമ്യുണിക്കേറ്റ് ചെയ്യാൻ സാധിക്കാതെ പ്രയാസപ്പെടുന്ന അധ്യാപകരുടെ എണ്ണം കൂടി വരികയാണ്. ടീച്ചിംഗ് ഡിസബിലിറ്റി (അധ്യാപന വൈകല്യം) എന്ന പുതിയൊരു പ്രയോഗം ആവശ്യമായ സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറുകയാണ്. അധ്യാപക പരിശീലനങ്ങളിൽ ഈ വിഷയം അഭിസംബോധന ചെയ്യപ്പെടാറുണ്ടെങ്കിലും, അധ്യാപകരുടെ ആത്മാർത്ഥമായ പരിശ്രമമില്ലെങ്കിൽ പ്രശ്‌നം മറികടക്കുക എളുപ്പമാവില്ല.

കുട്ടികൾ നേരിടുന്ന ഗുരുതര പഠനപ്രശ്‌നമാണ് ലേണിംഗ് ഡിസബിലിറ്റി. അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പറാക്ടീവ് ഡിസോർഡർ (ADHD), ഡിസ്ലെക്‌സിയ, ഡിസ്ഗ്രാഫിയ, ഡിസ്‌കാൽക്കുലിയ മുതലായവയാണ് പഠനവൈകല്യങ്ങളിൽ പ്രധാനമായവ. സവിശേഷമായ ശാരീരിക- മാനസികാവസ്ഥകളാൽ പഠനപ്രക്രിയ സങ്കീർണമായിത്തീരുന്ന ദയനീയമായ അവസ്ഥയാണിത്. തിരുമണ്ടരെന്ന് ആക്ഷേപിക്കപ്പെട്ട് ക്ലാസ്​മുറികളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട ഒട്ടേറെ കുട്ടികൾ പഠനവൈകല്യമെന്ന ഗുരുതരാവസ്ഥയുടെ ഇരകളായിരുന്നുവെന്ന് തിരിച്ചറിയപ്പെടാതെ പോവുകയായിരുന്നു. ശാസ്ത്രീയവും ശ്രദ്ധാപൂർവവുമായ ഇടപെടലുകളിലൂടെ കുറെയൊക്കെ മാറ്റങ്ങൾ ഇപ്പോൾ സാധ്യമാവുന്നുണ്ട്.

എന്നാൽ ഗുരുതരമായ മറ്റൊരവസ്ഥയുടെ പിടിയിലേക്ക് നമ്മുടെ വിദ്യാഭ്യാസരംഗം ഇപ്പോൾ മാറിയിട്ടുണ്ട്. തങ്ങളുടെ മുമ്പിലിരിക്കുന്ന കുട്ടികളെ ‘എങ്ങനെ 'യാണ് പഠിപ്പിക്കേണ്ടത് എന്ന് തിരിച്ചറിയാനാവാതെ, അവർക്കാവശ്യമുള്ള വിഭവങ്ങൾ എവിടെ നിന്നാണ് കണ്ടെത്തേണ്ടത് എന്നറിയാതെ, അവരുടെ മീഡിയത്തിൽ അവരോട് കമ്യുണിക്കേറ്റ് ചെയ്യാൻ സാധിക്കാതെ പ്രയാസപ്പെടുന്ന അധ്യാപകരുടെ എണ്ണം കൂടി വരികയാണ്. ടീച്ചിംഗ് ഡിസബിലിറ്റി (അധ്യാപന വൈകല്യം) എന്ന പുതിയൊരു പ്രയോഗം ആവശ്യമായ സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറുകയാണ്. അധ്യാപക പരിശീലനങ്ങളിൽ ഈ വിഷയം അഭിസംബോധന ചെയ്യപ്പെടാറുണ്ടെങ്കിലും, അധ്യാപകരുടെ ആത്മാർത്ഥമായ പരിശ്രമമില്ലെങ്കിൽ പ്രശ്‌നം മറികടക്കുക എളുപ്പമാവില്ല.

Photo: Unsplash
Photo: Unsplash

അധ്യാപകരും കുട്ടികളും തമ്മിലുള്ള തലമുറ വ്യത്യാസം എക്കാലവും ഉള്ളതാണ്. എന്നാൽ ഇപ്പോഴത്തെ തലമുറകൾ തമ്മിലുള്ള അന്തരം മുൻകാലങ്ങളെ അപേക്ഷിച്ച് വിപുലവും വ്യത്യസ്തവുമാണ്. ഡിജിറ്റൽ ലോകത്തെ തദ്ദേശീയരാണ് (Digital Natives) പുതിയ കാലത്തെ കുട്ടികൾ. അധ്യാപകരാവട്ടെ ഈ ലോകത്തിലേക്ക് പുതുതായി കുടിയേറിയവരോ (Digital immigrants) അതിനായി പരിശ്രമിക്കുന്നവരോ മാത്രമാണ്. ഇവർ തമ്മിലുള്ള സംഘർഷം കൊണ്ട് കലുഷിതമാണ് പൊതുവെ നമ്മുടെ സ്‌കൂൾ അന്തരീക്ഷം.

മില്ലേനിയം തലമുറയാണ് ‘ഡിജിറ്റൽ നാറ്റീവ്‌സ്’ എന്ന് വിളിക്കപ്പെടുന്നത്. 1980 മുതൽ 2000 വരെ കാലത്ത് ജനിച്ചവർ X കാറ്റഗറിയിലും 2000 ന് ശേഷമുള്ളവർ Z കാറ്റഗറിയിലും ഉൾപ്പെടുന്നു. കമ്പ്യൂട്ടറിന്റെയും സ്മാർട്ട് ഫോണിന്റെയും സാന്നിധ്യത്തിൽ വളർന്നവരാണിവർ. സമൂഹമാധ്യമങ്ങളിലാണ് ഇവരുടെ സൗഹൃദങ്ങൾ. വിദ്യാഭ്യാസത്തിലും തൊഴിലിലുമെല്ലാം ഇവർക്കിഷ്ടം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളാണ്. കേട്ടു മനസിലാക്കുന്നതിൽ വിമുഖരും കണ്ടു പഠിക്കുന്നതിൽ മിടുക്കരുമാണിവർ. ഡിജിറ്റൽ ഇന്റർഫേസുകളിൽ ഇടപെടുന്നതാണ് ഇവർക്ക് കൂടുതൽ സൗകര്യവും സുഖപ്രദവും.

മാർക് പ്രെൻസ്‌കി
മാർക് പ്രെൻസ്‌കി

അമേരിക്കൻ വിദ്യാഭ്യാസ വിദഗ്ധനായ മാർക് പ്രെൻസ്‌കിയാണ് ഡിജിറ്റൽ നാറ്റീവ്‌സ്, ഡിജിറ്റൽ ഇമിഗ്രൻറ്​സ്​ എന്നീ പദങ്ങൾ ആദ്യമായി ഉപയോഗിച്ചത്. ഇങ്ങനെയൊരു തരംതിരിവിന്റെ വിശദാംശങ്ങളിൽ ചില അഭിപ്രായവ്യത്യാസങ്ങൾ രേഖപ്പെടുത്തിയിരുന്നെങ്കിലും എല്ലാവരും ഒരുപോലെ അംഗീകരിച്ച വസ്തുതയായിരുന്നു, പഠനകാര്യത്തിൽ പുതിയ കുട്ടികൾക്കിഷ്ടം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളാണ് എന്നത്.

മാറുന്ന ഈ തലമുറയെ മുന്നിൽ കണ്ടുകൊണ്ടാണ് കേരളത്തിലെ 4752 സ്‌കൂളുകളിലെ 45,000 ക്ലാസ് മുറികൾ ഹൈടെക്ക് ആക്കാനുള്ള പദ്ധതികൾ നേരത്തെ തന്നെ ആവിഷ്‌കരിച്ചത്. ലാപ്‌ടോപ്പും പ്രോജക്ടറും മോണിറ്ററുമൊക്കെ സ്‌കൂളുകളിൽ സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്. മുഴുവൻ ഹൈസ്‌കൂൾ, ഹയർ സെക്കന്ററി സ്‌കൂളുകൾക്കും ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷൻ നൽകിയിട്ടുണ്ട്. പാഠഭാഗങ്ങളുടെ ഡിജിറ്റൽ ഫോർമാറ്റുകൾ കൈറ്റിന്റെ സമഗ്ര പോർട്ടലിൽ ലഭ്യമാണ്. അധ്യാപക സഹായികളുടേയും റഫറൻസുകളുടേയും ഡിജിറ്റൽ റിപ്പോസിറ്ററികൾക്ക് യാതൊരു ക്ഷാമവുമില്ല. നേരിട്ട് ഹൈപ്പർലിങ്കുകൾ കണക്ട് ചെയ്യാൻ പറ്റുന്ന വിധത്തിലാണ് പാഠപുസ്തകങ്ങളടക്കം ക്രമീകരിച്ചിട്ടുള്ളത്. കപാസിറ്റി ബിൽഡിംഗ് പ്രോഗ്രാമിൽ ഉൾപ്പെടുത്തി 78000 ത്തോളം അധ്യാപകർക്ക് ICT അധിഷ്ഠിത പരിശീലനവും നൽകുകയുണ്ടായി.

Photo: adanifoundation
Photo: adanifoundation

കോവിഡിന്റെ വരവും അപ്രതീക്ഷിതമായ സ്‌കൂൾ ലോക്ഡൗണും, ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് പെട്ടെന്നൊരു മാറ്റം അനിവാര്യമാക്കിയിരുന്നു. ഡിജിറ്റൽ മീഡിയകളിൽ നിന്ന് അകന്നുനിന്നിരുന്നവർ പോലും ഗൂഗിൾ മീറ്റും ടീച്ച് മിന്റുമൊക്കെ ഉപയോഗിക്കേണ്ട നിർബന്ധിത സാഹചര്യവും അന്നുണ്ടായി. എന്നാൽ സ്‌കൂൾ വീണ്ടും തുറന്നതോടെ പലരും പഴയരീതിയിലേക്ക് തന്നെ തിരിച്ചു പോവുകയാണുണ്ടായത്. ടെക്​സ്​റ്റ്​ ബുക്ക് വായനയും നോട്ടെഴുതിക്കലും ചോക്കും ബോർഡുമൊക്കെയായുള്ള ‘പഠിപ്പി'ക്കലിലേക്ക് പലരും മാറിക്കഴിഞ്ഞിട്ടുണ്ട്. കുട്ടികളാവട്ടെ, അവർക്ക് വിരസമായ ക്ലാസ്​മുറിയിൽ ശ്രദ്ധിക്കാതെയും അവസരം കിട്ടുമ്പോൾ പ്രതികരിച്ചുമൊക്കെ ദിവസങ്ങൾ തള്ളിനീക്കുകയുമാണ്.

പണവും പ്രിവിലേജുമുള്ള കുട്ടികൾക്ക് വീട്ടിൽ നിന്നടക്കം സ്‌കൂളിന് പുറത്തു നിന്നും ലഭ്യമാകുന്ന ഡിജിറ്റൽ സൗകര്യങ്ങൾ പാവപ്പെട്ടവരും മാർജിനലൈസ് ചെയ്യപ്പെട്ടവരുമായ കുട്ടികൾക്ക് സ്‌കൂളിൽ നിന്ന്​ലഭ്യമാക്കേണ്ടതുണ്ട്. സ്‌കൂളിലെ ഡിജിറ്റൽ സംവിധാനങ്ങൾ കുട്ടികൾക്കായി ഉപയോഗിക്കാത്ത അധ്യാപകർ മനഃപൂർവമല്ലെങ്കിലും വലിയ തെറ്റുകാരായിത്തീരുന്ന സന്ദർഭമാണിത്. അധ്യാപകരുടെ അറിവില്ലായ്മ കുട്ടികളുടെ അവകാശ നിഷേധത്തിന് കാരണമാവാൻ പാടില്ലാത്തതാണ്.

കുട്ടികൾക്ക് പഠിക്കാൻ താൽപര്യമില്ല എന്ന പരാതിയാണ് പൊതുവെ അധ്യാപകർക്ക്. അനുസരണക്കേടും അച്ചടക്കമില്ലായ്മയും കുട്ടികളിൽ അവർ ആരോപിക്കുന്നു. നശീകരണ സ്വഭാവം മുതൽ അക്രമവാസന വരെ കുട്ടികളിലുണ്ടെന്ന് അടുത്ത കാലത്തുണ്ടായ ചില സംഭവങ്ങൾ തെളിയിക്കുന്നുമുണ്ട്.

Photo: Unsplash
Photo: Unsplash

തങ്ങളുടെ ടീച്ചിംഗ് ഡിസബിലിറ്റിയാണ് യഥാർത്ഥ പ്രശ്‌നമെന്ന് അധ്യാപകർ തിരിച്ചറിയാതെ പോകുന്നുണ്ടോ എന്ന് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്രകാലം പഠിച്ചതും പഠിപ്പിച്ചതുമൊക്കെ ഇങ്ങനെ തന്നെയാണ്, ഇതിൽ നിന്നൊരു മാറ്റം ഇനിയത്ര എളുപ്പമല്ല എന്ന് ചിന്തിക്കുന്നവർ കുറെയെങ്കിലുമുണ്ട്. ശീലിച്ചുവരുന്ന ഒന്നിന്നെ അൺലേൺ ചെയ്യുക എളുപ്പമല്ല എന്നത് നേരാണ്. എന്നാൽ, ഇസെഡ് കാറ്റഗറിക്കാരായ കുട്ടികൾക്കുമുമ്പിൽ പിടിച്ചുനിൽക്കാൻ, ടെക്കി ടീച്ചറാവുക എന്നതല്ലാത്ത കുറുക്കുവഴികളില്ല എന്നതാണ് യാഥാർത്ഥ്യം.

പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുമ്പോൾ പ്രതിസന്ധി ഇനിയും രൂക്ഷമായിക്കൂടാ. മെയ് മാസത്തിൽ നടക്കുന്ന അധ്യാപക പരിശീലനത്തെ അധ്യാപകർ ക്രിയാത്മകമായി ഉപയോഗിക്കേണ്ടതുണ്ട്. സാങ്കേതികവിദ്യയുടെ സങ്കീർണതലങ്ങളിലേക്കൊന്നും പോവേണ്ട കാര്യമില്ല. എന്നാൽ അടിസ്ഥാന കാര്യങ്ങളിൽ നിന്ന് മാറിനിൽക്കാനും സാധ്യമല്ല. പഠിച്ചും പരിശീലിച്ചും മുന്നോട്ടു പോവാനുള്ള ‘പ്രൊഫഷനലിസം ' ഉണ്ടാവുക എന്നതാണ് പ്രധാനം. യന്ത്രഭയത്തിന്റെ (Techno fear) പിടിയിൽ കുടുങ്ങിക്കിടക്കുന്നവർ ഇനിയെങ്കിലും അത് പൊട്ടിച്ചെറിഞ്ഞേ മതിയാവൂ.


Summary: കുട്ടികളെ ‘എങ്ങനെ 'യാണ് പഠിപ്പിക്കേണ്ടത് എന്ന് തിരിച്ചറിയാനാവാതെ, അവർക്കാവശ്യമുള്ള വിഭവങ്ങൾ എവിടെ നിന്നാണ് കണ്ടെത്തേണ്ടത് എന്നറിയാതെ, അവരുടെ മീഡിയത്തിൽ അവരോട് കമ്യുണിക്കേറ്റ് ചെയ്യാൻ സാധിക്കാതെ പ്രയാസപ്പെടുന്ന അധ്യാപകരുടെ എണ്ണം കൂടി വരികയാണ്. ടീച്ചിംഗ് ഡിസബിലിറ്റി (അധ്യാപന വൈകല്യം) എന്ന പുതിയൊരു പ്രയോഗം ആവശ്യമായ സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറുകയാണ്. അധ്യാപക പരിശീലനങ്ങളിൽ ഈ വിഷയം അഭിസംബോധന ചെയ്യപ്പെടാറുണ്ടെങ്കിലും, അധ്യാപകരുടെ ആത്മാർത്ഥമായ പരിശ്രമമില്ലെങ്കിൽ പ്രശ്‌നം മറികടക്കുക എളുപ്പമാവില്ല.


Comments