കേരളത്തിലെ കോളേജ് അധ്യാപകരെക്കുറിച്ച് ചില വിചാരങ്ങൾ
കേരളത്തിലെ കോളേജ് അധ്യാപകരുടെ കാര്യം പ്രത്യേകമായി ആലോചിക്കുന്ന ഒന്നാണ് ഈ ലേഖനം; ഇതിലെ ചില പരിഗണനകൾ യൂണിവേഴ്സിറ്റി അധ്യാപർക്കും കേരളത്തിനു പുറത്തുള്ള അധ്യാപകർക്കും കൂടി സംഗതമായേക്കാം എന്നിരിക്കിലും.
ഒരു ആരോഗ്യ അടിയന്തിരാവസ്ഥയെ അഭിമുഖീകരിക്കുന്നതുപോലെത്തന്നെ ഒരു വിദ്യാഭ്യാസ അടിയന്തിരാവസ്ഥയിലുമാണ് നമ്മൾ. എന്നാൽ ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തുമുള്ള പരിശ്രമങ്ങൾ താരതമ്യമില്ലാത്ത വിധം വ്യത്യസ്തങ്ങളാണ്. വികേന്ദ്രീകൃതവും ഭാവനാത്മകവും ശ്രമകരവുമാണ് ആരോഗ്യരംഗത്തെ പരിശ്രമങ്ങൾ. അധ്യാപകർ ആരോഗ്യരംഗത്തുള്ളവരെയപേക്ഷിച്ച് എന്തെങ്കിലും കഴിവു കുറഞ്ഞവരല്ല. എന്നാൽ വിദ്യാഭ്യാസരംഗത്ത് ഏറെ പരിശ്രമങ്ങൾ ഉണ്ടെങ്കിലും ഫലം നിരാശയും അങ്കലാപ്പും ആശങ്കകളുമാണ് എന്നതാണാവസ്ഥ.
ഉന്നത വിദ്യാഭ്യാസ വകുപ്പ് കൊറോണയുടെ സാഹചര്യത്തിൽ കഴിഞ്ഞ വർഷവും ഈ അധ്യയന വർഷാരംഭത്തിലും ഇറക്കിയ ഉത്തരവുകളിൽ കാണുന്ന പ്രധാനപ്പെട്ട ഒരു നിർദ്ദേശം "ഓരോ അധ്യാപകനും എടുത്ത ക്ലാസുകൾ സംബന്ധിച്ച റിപ്പോർട്ട് ആഴ്ചയിൽ ഒരിക്കൽ മേധാവികൾക്ക് നൽകേണ്ടതാണ് ' എന്നാണ്.. തീർച്ചയായും ചെയ്യുന്ന ജോലി വിലയിരുത്താനുള്ള ഒരു മാർഗമാണിത്. അതായത് ഉണ്ടായത് (output) അളന്നെടുക്കാനുള്ള ക്വാണ്ടിറ്റേറ്റിവ് ആയ മാർഗം. ഇങ്ങനെ ഔട്ട് പുട്ട് അളന്നെടുക്കാനുള്ള പല മാർഗങ്ങളുണ്ട്. എന്നാൽ വിദ്യാഭ്യാസം ഫലപ്രാപ്തിയെ (outcome ) ലക്ഷ്യമിടുന്നതാണെന്നാണ് വെപ്പ്. ഈ ഫലപ്രാപ്തി എങ്ങനെ അളക്കും? അതിനു ഗുണപരമായ സമീപനം ആവശ്യമാണ്. തീർത്തും ക്വാണ്ടിറ്റേറ്റിവ് ആയി തിട്ടപ്പെടുത്താൻ സാധിക്കില്ല.
പ്രഭാഷണം ഓൺലൈൻ ആയതോടെ ഒരു പുതിയ പ്രതിഭാസം കൂടി സംഭവിച്ചു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അപ്രഖ്യാപിത മേൽ -നോട്ടം. ഇതിനെ വേണമെങ്കിൽ മേൽക്കുമേൽ നോട്ടമെന്ന് വിളിക്കാം.
കൊറോണ പൂർവ്വകാലത്ത് കോളേജ് അധ്യാപകരുടെ ജോലി വിലയിരുത്താനുള്ള മാർഗം പഞ്ചിങ്ങായിരുന്നു. പഞ്ചിങ്ങിൽ ഒരു ശരീരം എത്ര നേരം ജോലിസ്ഥലത്ത് ഉണ്ടായിരുന്നു എന്ന് കണക്കുകിട്ടും. പിന്നൊരു മാർഗം മേൽനോട്ട (surveillance) മാണ്. എന്നുവെച്ചാൽ ആ ദേഹം എത്ര നേരം ക്ലാസ് റൂമുകളിൽ പ്രഭാഷണം നടത്തുന്നുണ്ട് എന്നതിനെക്കുറിച്ചുള്ള കണക്ക്. ഇത് ഔദ്യോഗികമായ ഒരു മാർഗമല്ല. അധ്യാപകരുടെ ജോലി വിലയിരുത്താനുള്ള അപ്രഖ്യാപിത മാർഗമാണ്. കൊറോണ വന്ന് പഠനം ഓൺലൈൻ ആയപ്പോൾ പഞ്ചിങ് നിന്നു. മേൽ സൂചിപ്പിച്ച അപ്രഖ്യാപിത വിലയിരുത്തൽ ഔദ്യോഗികമാക്കി. അതിനാണ് "എടുത്ത ക്ലാസുകൾ സംബന്ധിച്ച റിപ്പോർട്ട് ആഴ്ചയിൽ ഒരിക്കൽ മേധാവികൾക്ക് നൽകേണ്ടതാണ്' എന്ന് പറയുന്നത്. പ്രഭാഷണം ഓൺലൈൻ ആയതോടെ ഒരു പുതിയ പ്രതിഭാസം കൂടി സംഭവിച്ചു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അപ്രഖ്യാപിത മേൽ -നോട്ടം. ഇതിനെ വേണമെങ്കിൽ മേൽക്കുമേൽ നോട്ടമെന്ന് വിളിക്കാം. ഇങ്ങനെയുള്ള ക്വാണ്ടിറ്റേറ്റിവ് ആയ സങ്കേതങ്ങളിലൂടെ അധ്യാപകരുടെ ജോലിയിലെ പുരോഗതി അളക്കാൻ സാധിക്കുമോ? ഇന്ന് പിന്തുടരുന്ന പരീക്ഷാ സമ്പ്രദായം വിദ്യാർഥികളുടെ പഠന പുരോഗതി അളക്കാൻ പര്യാപ്തമാണോ? പഠന പുരോഗതി അളക്കുകയാണോ മേൽക്കോയ്മ സ്ഥാപിക്കുകയാണോ മേൽനോട്ടങ്ങളുടെയും മൂല്യനിർണയങ്ങളുടെയും ലക്ഷ്യം?
വിദ്യാഭ്യാസത്തിലെ നാല് പങ്കാളികൾ (stake holders ) ഗവൺമെൻറ്, അധ്യാപകർ, വിദ്യാർഥികൾ, പൊതുസമൂഹം (രക്ഷിതാക്കൾ, തൊഴിൽ ദാതാക്കൾ, പൂർവ വിദ്യാർഥികൾ തുടങ്ങി..) എന്നിവയാണ്. ഈ നാല് തൽപര കക്ഷികൾക്കും ഇന്ന് നിർവഹിക്കുന്ന ധർമമല്ലാതെ കൂടുതൽ ഫലപ്രദമായി ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഒന്നും ചെയ്യാൻ പറ്റില്ലേ? ഗവണ്മെൻറ് ഫലത്തിൽ ഇൻഫ്രാസ്ട്രക്ച്ചർ നടത്തിപ്പാണ് ഇപ്പോൾ ചെയ്യുന്നത്.
അധ്യാപകരും വിദ്യാർത്ഥികളുമാവട്ടെ പഠനം എന്ന പ്രക്രിയ (process) യിൽ മാത്രം ശ്രദ്ധിക്കുന്നു. പൊതുസമൂഹം സംശയത്തോടെയും ഈർഷ്യയോടെയും അധ്യാപകരെ നോക്കിക്കാണുന്നു. (ഈ ഈർഷ്യ ശമിപ്പിക്കാനാവണം മേൽ സൂചിപ്പിച്ച തരം നിർദേശങ്ങൾ ഇറങ്ങുന്നത്. അവരെക്കൊണ്ട് പണിയെടുപ്പിക്കുന്നുണ്ട് എന്ന ഒരു പ്രസ്താവന കൂടിയാണല്ലോ അത്). നാലുകൂട്ടരും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യ (content)ത്തിലും ഫലപ്രാപ്തി (outcome )യിലും കാര്യമായി എന്തെങ്കിലും താൽപ്യം കാണിക്കുന്നില്ല.
മാറേണ്ട മൂല്യനിർണയ രീതികൾ
ലക്ഷ്യത്തിൽ ഉറച്ച ഒരു സമ്പ്രദായത്തിൽ മൂല്യനിർണയം എന്നത് അന്യോന്യമുള്ള ഒരു ഏർപ്പാടായിരിക്കും. അതായത്, വിദ്യാർത്ഥികളുടെ പഠനപുരോഗതി അളക്കാനുള്ള മാർഗം സ്വാഭാവികമായും അധ്യാപകരുടെ ജോലിയിലെ പ്രാപ്തിയെ കാണിക്കും. അതേസമയം, ലക്ഷ്യത്തിലും ഫലപ്രാപ്തിയിലും പഠനപുരോഗതിയിലും താൽപര്യം പുലർത്താത്ത ഒരു സമ്പ്രദായത്തിൽ എല്ലാവർക്കും ഉഴപ്പാൻ പറ്റും. എന്തുകൊണ്ടാണ് പഠിപ്പിക്കൽ/ പഠിക്കൽ / മൂല്യനിർണയ സമ്പ്രദായം ചീത്തയാവുന്നത്? കേരളത്തിലെ കോളേജുകളിലെ അധ്യാപകർ അവരുടെ അറിവ് അപ്‌ഗ്രേഡ് ചെയ്യുന്നുണ്ടോ എന്ന് അസ്സെസ്സ് ചെയ്യാൻ പഞ്ചിങ്ങും റിപ്പോർട്ടും കൊണ്ട് സാധിക്കുമോ? നിരന്തരപഠനം നടത്തുന്നതിന് അധ്യാപകരെ പ്രേരിപ്പിക്കുന്നതിൽ എന്തു കൊണ്ടാണ് സമ്പ്രദായം പരാജയപ്പെടുന്നത്?
സ്‌കൂൾ അധ്യാപകർ സ്വന്തം മക്കളെ പൊതു വിദ്യാലയങ്ങളിൽ ചേർക്കാത്തതെന്ത് എന്ന ചോദ്യം ഇടയ്ക്കിടെ പലരും ഉന്നയിക്കുന്നത് കാണാറുണ്ട്. ഇതേ ചോദ്യം കോളേജ് അധ്യാപകരെക്കുറിച്ച് ചോദിച്ചാൽ?
കേരളത്തിലെ കോളേജധ്യാപകർ ഒട്ടും മോശക്കാരല്ല. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ ജോലിയിൽ പ്രവേശിച്ച ഒരുകൂട്ടം യുവ അധ്യാപകർ പ്രത്യേകിച്ചും ഏറെ പ്രതീക്ഷ നൽകുന്നവരാണ്. അവർ കേരളത്തിലും കേരളത്തിനു പുറത്തുമുള്ള പ്രമുഖ സർവകലാശാലകളിൽ പഠിക്കുകയും ഗവേഷണം നടത്തുകയുമൊക്കെ ചെയ്തിട്ടുള്ളവരാണ്. എന്നാൽ സ്വന്തം പ്രകടനം മെച്ചപ്പെടുത്താൻ കേരളത്തിലെ കോളേജ് അധ്യാപകരെ പിന്തുണയ്ക്കുന്ന തരത്തിലുള്ള ഒരു സിസ്റ്റം അല്ല ഇപ്പോൾ നിലവിലുള്ളത്.
ആനുഷംഗികമായി ഒരു കാര്യം സൂചിപ്പിക്കട്ടെ. സ്‌കൂൾ അധ്യാപകർ സ്വന്തം മക്കളെ പൊതു വിദ്യാലയങ്ങളിൽ ചേർക്കാത്തതെന്ത് എന്ന ചോദ്യം ഇടയ്ക്കിടെ പലരും ഉന്നയിക്കുന്നത് കാണാറുണ്ട്. ആ ചോദ്യത്തിനു പിന്നിലെ പ്രേരണ ജനാധിപത്യപരമാണെന്ന് എനിക്കഭിപ്രായമില്ല. എന്നാൽ ഇതേ ചോദ്യം കോളേജ് അധ്യാപകരെക്കുറിച്ച് ചോദിച്ചാൽ പലപ്പോഴും കേരളത്തിനുപുറത്തെ സ്ഥാപനങ്ങളിലാണ് അണ്ടർ ഗ്രാജ്വെറ്റ് തലം തൊട്ട് സ്വന്തം മക്കളെ പഠിപ്പിക്കാൻ ഭൂരിപക്ഷം പേരും ശ്രമിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയും. ഇതും മൂല്യപരമായ ഒരു കാര്യമായല്ല ഇവിടെ സൂചിപ്പിക്കുന്നത്. സാമൂഹികമായി പ്രസക്തമായ ഒരു വിവരം എന്ന നിലയ്ക്കാണ്. ഒരു സമ്പ്രദായം എന്ന നിലയ്ക്ക് അശോക യുണിവേഴ്‌സിറ്റിയോ അസിം പ്രേംജി യുണിവേഴ്‌സിറ്റിയോ ക്രിയയോ സമാനമായ മറ്റേതെങ്കിലും യുണിവേഴ്‌സിറ്റിയോ പുലർത്തുന്ന രീതികൾ സ്വന്തം സ്ഥാപനത്തിൽ ഏർപ്പെടുത്തുന്നതിന് എത്ര പേർ അനുകൂലമായിരിക്കും?
ഉദാഹരണത്തിന് അശോക യൂണിവേഴ്സിറ്റിയിൽ ചേരുന്ന സമയത്തുതന്നെ മേജർ ഏതാണെന്ന് ഒരു വിദ്യാർത്ഥി തീരുമാനിക്കേണ്ടതില്ല. കോഴ്സുകളുടെ ഒരു കൊട്ട (basket of courses) യിൽ നിന്ന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. ഇക്കാര്യത്തിൽ അയവുണ്ട് (flexibility), അനക്കവും (mobility) സാധിക്കും. നിരന്തര നിർണയമല്ലാതെ എൻഡ് സെമസ്റ്റർ എഴുത്തു പരീക്ഷയില്ല.
ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സമ്പ്രദായത്തിന്റെ സാധ്യത ഇങ്ങനെയുള്ള അയവും ചലനാത്മകതയുമാണ്. നമ്മളത് സ്വീകരിച്ചപ്പോൾ പ്രക്രിയ മാത്രമേ സ്വീകരിച്ചുള്ളൂ. എന്താണതിന്റെ ലക്ഷ്യം എന്നത് മറന്നു. ഈയടുത്ത് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികൾക്ക് അയവനുസരിക്കുന്ന തരത്തിലുള്ള ഇന്റേഗ്രെറ്റഡ് കോഴ്‌സ് തുടങ്ങിയിട്ടുണ്ട്. യു.ജി.സിയുടെ പുതിയ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം മാറ്റം കൊണ്ടുവരാൻ എല്ലാ യൂണിവേഴ്‌സിറ്റികളും നിർബന്ധിതരായേക്കും. വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഭാഗമായി വിദൂര വിദ്യാഭ്യാസം മാറിയ സാഹചര്യത്തിൽ ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിക്ക് ഒക്കെ വിദൂര വിദ്യാഭ്യാസത്തെ ഒന്നടങ്കം പുനർ നിർവചിക്കാനും സ്റ്റുഡന്റ് മൊബിലിറ്റി ഉറപ്പു വരുത്തും വിധം സർഗാത്മകമായ കോഴ്സുകളുടെ ഒരു ബാസ്‌ക്കറ്റ് ലഭ്യമാക്കാനും സാധിക്കേണ്ടതാണ്.
ഇവിടെ ഒരു കാര്യം എടുത്തു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അശോക യൂണിവേഴ്‌സിറ്റിയോ ഐ.ഐ.ടികളോ ഏതെങ്കിലും വിദേശ യുണിവേഴ്‌സിറ്റിയോ ഒക്കെ ആത്യന്തികമായ ആദർശ മാതൃകകളായി കാണുന്ന ഒരാളല്ല ഞാൻ. പലപ്പോഴും വലിയ ഫീസ് നൽകി പഠിക്കാൻ വരുന്ന വിദ്യാർത്ഥികളുടെ സമ്മർദ്ദം അധ്യാപകർക്ക് സ്വയം തന്നെ കൂടിയ ഉത്തരവാദിത്തം ഉണ്ടാക്കുന്നുണ്ടാവാം. നിരന്തര മൂല്യനിർണയം ഒരു വഴിപാടല്ലാത്തതിനാൽ അധ്യാപകരെപ്പോലെ തന്നെ വിശ്രമമില്ലാതെ പണിയെടുക്കാൻ വിദ്യാർത്ഥികളും നിർബന്ധിതരാവുന്നുണ്ടാവാം. കുറഞ്ഞ അധ്യാപക - വിദ്യാർത്ഥി അനുപാതം കൂടുതൽ ശ്രദ്ധ അനുവദിക്കുന്നുണ്ടാവാം. അധ്യാപകരെയും വിദ്യാർത്ഥികളെയും ഒരേ പോലെ ഉഴപ്പാളികളാക്കാൻ പ്രേരിപ്പിക്കുന്ന ഒരു സമ്പ്രദായത്തെ മനസ്സിലാക്കാനും തിരുത്താനും അത്തരം സമ്പ്രദായങ്ങൾ അടുത്തറിയുന്നത് സഹായകമാവും എന്നാണ് വിവക്ഷിച്ചത്. പലതും പകർത്താനും സ്വീകരിക്കാനും ഉണ്ടാവും അതിൽ നിന്നും. കോഴ്സുകൾ സ്വയം ഡിസൈൻ ചെയ്യാൻ സാധിക്കും വിധം സ്വച്ഛന്ദത അക്കാദമിക കാര്യങ്ങളിൽ കോളേജ് അധ്യാപകർക്ക് ലഭിക്കണമെങ്കിൽ ഒട്ടേറെ മാറ്റങ്ങൾ ഘടനാപരമായി വരേണ്ടതുണ്ട്.
എന്തൊക്കെ ഇല്ലായ്മകളുണ്ടെങ്കിലും പുറത്തിറങ്ങുമ്പോളിടാൻ ഒരു വെളുത്ത കുപ്പായമുണ്ട് എന്നാശ്വസിക്കും പോലത്തെ ഒരവസ്ഥയാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ അടിയന്തിരാവസ്ഥയിലും എൻഡ് സെമസ്റ്റർ എഴുത്തുപരീക്ഷകൾ നടന്നാൽ എല്ലാം ഭദ്രമാണ് എന്ന ചിന്ത.
പ്രശ്‌നം എന്താണെന്ന് മനസ്സിലാക്കിയാൽ നമ്മുടെ സാഹചര്യങ്ങളിൽ പരിഹാരത്തിന്റെ ദിശയിൽ എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് ഭാവന ചെയ്യാൻ സാധിക്കും. നമ്മുടെ നാട്ടിലെ കോളേജ് അധ്യാപകർക്ക് അപകർഷതയുണ്ടാക്കുന്ന തരം അന്തരീക്ഷമാണ് പൊതുവിൽ നിലനിൽക്കുന്നത്. ആത്മമര്യാദ അനുവദിക്കാത്ത തരം സാഹചര്യം നിലനിർത്തുന്നതിൽ പൊതുസമൂഹത്തിന്റെയും അധികാരികളുടെയും മാധ്യമങ്ങളുടെയും സമീപനങ്ങൾക്ക് വലിയ പങ്കുണ്ട്. ഒരു തരം പള്ളിക്കൂട രീതിയാണ് ഇവിടെ തുടർന്നു വരുന്നത്. പോസ്റ്റ് ഗ്രാജുവേറ്റ് തലത്തിൽ പോലും തത്ത പറയും പോലെ ഉരുവിട്ടു പഠിക്കുന്ന ബോധനരീതി തുടരുന്ന ഒരു സ്ഥലത്ത് അധ്യാപകർക്കോ വിദ്യാർത്ഥികൾക്കോ പഠന പുരോഗതി എന്നൊന്ന് എളുപ്പമല്ല. എങ്ങോട്ടു തിരിഞ്ഞാലും മേൽ -നോട്ടങ്ങൾ മാത്രമാണ്. ഡിസിപ്ലിൻ കമ്മിറ്റി തുടങ്ങിയ ഓമനപ്പേരുകളിൽ ഇത് ക്രമവൽക്കരിച്ചിട്ടുമുണ്ട്.
ദൈനംദിന പ്രവർത്തനമായ പഠിപ്പിക്കലിൽ അധ്യാപകർക്ക് പ്രചോദനവും പിന്തുണയും പ്രോത്സാഹനവും നൽകുന്ന തരത്തിൽ എന്തെങ്കിലും ബദൽ മൂല്യനിർണയ മാർഗ്ഗങ്ങൾ ഉണ്ടാവേണ്ടതല്ലേ? സ്വയം വിലയിരുത്തലും പഞ്ചിങ്ങും യാന്ത്രികമായ റിപ്പോർട്ടുകളും തന്നെ മതിയോ? വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും ലക്ഷ്യവും പ്രധാനമായി എടുക്കുന്ന ഒരു മൂല്യനിർണയ രീതി എങ്ങനെ ഉരുത്തിരിച്ചെടുക്കും?
എന്തൊക്കെ ഇല്ലായ്മകളുണ്ടെങ്കിലും പുറത്തിറങ്ങുമ്പോളിടാൻ ഒരു വെളുത്ത കുപ്പായമുണ്ട് എന്നാശ്വസിക്കും പോലത്തെ ഒരവസ്ഥയാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ അടിയന്തിരാവസ്ഥയിലും എൻഡ് സെമസ്റ്റർ എഴുത്ത് പരീക്ഷകൾ നടന്നാൽ എല്ലാം ഭദ്രമാണ് എന്ന ചിന്ത.
സുതാര്യമായ പരീക്ഷകൾ
ക്ലബ് ഹൗസ് എന്ന പ്ലാറ്റ്‌ഫോം രംഗപ്രവേശം ചെയ്ത ഉടനെയാണ് ഇത് എഴുതുന്നത്. രണ്ടു മൂന്നു ദിവസം അവിടെ ചുറ്റിത്തിരിഞ്ഞപ്പോൾ ഒന്നിലേറെ തവണ വിദ്യാർത്ഥികളുടെ മുൻകയ്യിൽ ഇന്റേണൽ അസ്സെസ്സ്‌മെന്റിലെ അനീതികളെക്കുറിച്ച് നടന്ന ചർച്ചകളിൽ എത്തിപ്പെടുകയുണ്ടായി. ഒരു പക്ഷേ ക്ഷണികമായ ഒരു വേദിയിൽ മാത്രമേ ഇത്തരം വിഷയങ്ങൾ ഉന്നയിക്കാൻ സാധിക്കൂ എന്നതുകൊണ്ടാവാം ക്ലബ് ഹൗസ് ഈ ചർച്ചയുടെ അരങ്ങാവുന്നത്. ഏക വ്യക്തി കേന്ദ്രീകൃതമായ മൂല്യനിർണയം ഉണ്ടാക്കുന്ന പക്ഷപാതങ്ങളാണ് പലരും അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അവിടെ ഉന്നയിച്ചു കണ്ടത്. ഇത് സിസ്റ്റത്തിലെ കുഴപ്പത്തിന്റെ ലക്ഷണമായും ആരൊക്കെയാണ് വ്യവസ്ഥയുടെ ഭാരം വഹിക്കുന്നതെന്നതിന്റെ അറിയിപ്പായും എടുക്കണമെന്നാണ് എനിക്ക് തോന്നുന്നത്.
ഇന്നിപ്പോൾ പഠന പ്രക്രിയയാണ് തുറന്നു വെച്ചിരിക്കുന്നത്. മൂല്യനിർണയം ഗൂഢവും. അതിൽ മാറ്റം സാധ്യമാവണമെങ്കിൽ വിദ്യാഭാസത്തിന്റെ ഉള്ളടക്കം അതിന്റെ സ്റൈയ്ക് ഹോൾഡർമാർ പ്രധാനമായി എടുക്കുന്ന സാഹചര്യം ഉണ്ടാവണം.
എന്താണിതിനൊരു സമ്പ്രദായ സംബന്ധമായ പരിഹാരം?
രണ്ടു നിർദ്ദേശങ്ങൾ ചർച്ചയ്ക്കായി വെക്കട്ടെ:
പഠനപ്രക്രിയ ഫലപ്രദവും രസകരവും ആക്കുന്നതിന് സഹായകമായ തരത്തിലാണ് വിലയിരുത്തൽ രീതികൾ ആവിഷ്‌കരിക്കേണ്ടത്. ഇന്നിപ്പോൾ പഠന പ്രക്രിയയാണ് തുറന്നു വെച്ചിരിക്കുന്നത്. മൂല്യനിർണയം ഗൂഢവും. അതിൽ മാറ്റം സാധ്യമാവണമെങ്കിൽ വിദ്യാഭാസത്തിന്റെ ഉള്ളടക്കം അതിന്റെ സ്റൈയ്ക് ഹോൾഡർമാർ പ്രധാനമായി എടുക്കുന്ന സാഹചര്യം ഉണ്ടാവണം. അധ്യാപകരായാലും വിദ്യാർത്ഥികളായാലും കൂടുതൽ നന്നായി പ്രകടനം നടത്താനുള്ള സാഹചര്യങ്ങളുണ്ടാവുക എന്നതാണ് ഏറ്റവും പ്രധാനം.
വ്യക്തിഗതമായി നോക്കിയാൽ ആരും മോശക്കാരല്ല. പ്രകടനങ്ങൾ മോശമാവുന്നുണ്ടെങ്കിൽ അതിന്റെ സാഹചര്യം മനസ്സിലാക്കുകയും തിരുത്തുകയും വേണം. ഭരണം എന്നതിന്റെ ധാത്വർത്ഥം ഭാരം താങ്ങുന്നത് എന്നാണ്. കീഴ്‌പ്പെടുത്തൽ എന്നല്ല. നിർഭാഗ്യവശാൽ കീഴ്പ്പെടുത്തൽ മനോഭാവമാണ് ഈ രംഗത്ത് ഇപ്പോൾ മുന്നിട്ടു നിൽക്കുന്നത്. സമഗ്രമായ ഒരു കാഴ്ചപ്പാടിന്റെയടിസ്ഥാനത്തിൽ ക്രിയാത്മകമായ പിന്തുണ നൽകുകയാണെങ്കിൽ വിദ്യാഭ്യാസ രംഗത്ത് ആശാവഹമായ മാറ്റങ്ങൾ ഉണ്ടാക്കാൻ പ്രാപ്തിയുള്ളവർ തന്നെയാണ് കോളേജ് അധ്യാപകർ.
പ്രശ്‌നം സാങ്കേതികമല്ല
അധ്യയന വർഷാരംഭത്തിൽ പുറപ്പെടുവിച്ച ഉത്തരവിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇങ്ങനെയും നിർദേശിക്കുന്നുണ്ട്: "ഓരോ സ്ഥാപനങ്ങൾക്കും പ്രത്യേകം ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം ആരംഭിക്കുവാൻ ശ്രമിക്കേണ്ടതാണ്'. ഒരു വർഷത്തെ അനുഭവങ്ങളുടെ വെളിച്ചത്തിൽ അങ്കലാപ്പിൽ നിൽക്കുന്ന അക്കാദമിക സമൂഹത്തെ അനുഭാവപൂർവം മനസ്സിലാക്കി സമഗ്രമായ ഒരു സമീപനം രൂപീകരിക്കുന്നതിനും ഇൻഫ്രാസ്ട്രക്ച്ചർ അടക്കം ലഭ്യമാക്കുന്നതിനും പകരമാണ് ഈ ഒഴുക്കൻ നിർദേശം. അതേസമയം യൂണിവേഴ്സിറ്റികളിൽ ഇതിനകം എൽ.എം.എസ് വരികയും താരതമ്യേന ഫലപ്രദമായി അതുവഴി പഠനം നടത്താൻ വേണ്ട കാര്യങ്ങൾ അധ്യാപകരും വിദ്യാർത്ഥികളും ചെയ്തു പഠിക്കുകയും ചെയ്തിട്ടുണ്ട്.
അധ്യാപകരുടെ ഏകപക്ഷീയമായ ആധികാരികത അഴിച്ചു പണിയുന്ന തരത്തിൽ ഒരു സങ്കര സമീപനം സർഗാത്മകമായി രൂപപ്പെടുത്തുന്നതിലൂടെ മാത്രമേ ലക്ഷ്യവേധിയായ ഒരു പഠനസമുദായമായി മാറാൻ സാധിക്കുകയുള്ളൂ.
ആത്മാർത്ഥവും ആത്മവിമർശനപരവും നിർഭയവുമായ വിലയിരുത്തലാണ് ഈ സമയത്ത് അത്യാവശ്യം. മാനസിക സംഘർഷമനുഭവിക്കുന്ന വിദ്യാർഥികളുടെയും അധ്യാപകരുടെയും അനുഭവം അനുകമ്പയോടെ മനസ്സിലാക്കപ്പെടണം. വിദ്യാർഥികൾ അനുഭവിക്കുന്ന റെയ്ഞ്ച് ഇല്ലായ്മ വൈദ്യുതി തകരാർ തുടങ്ങിയ പ്രശ്‌നങ്ങൾ സവിശേഷമായി, അവരുടെ സാമൂഹ്യനിലയും നഗര - ഗ്രാമ വ്യത്യാസവും കണക്കിലെടുത്ത് പരിഹരിക്കണം. അതിന് നിരന്തരവും വികേന്ദ്രീകൃതവുമായ ഇടപെടലുകൾ ഉണ്ടാവണം. ഇതൊക്കെയും ആരുടെയും ഔദാര്യമല്ല, ഇക്കാലത്തെ അവകാശങ്ങൾ ആണെന്നംഗീകരിക്കപ്പെടണം. ഇ-ലേണിംഗിലേക്ക് കടക്കാൻ ആവശ്യമായ എന്തൊക്കെ വിഭവങ്ങളും വൈഭവങ്ങളുമാണ് ഓരോ കോളേജിലും യൂണിവേഴ്സിറ്റി തലത്തിലും ഇപ്പോൾ ഉള്ളത്? എന്തൊക്കെയാണ് ഇല്ലാത്തത്? ഇല്ലാത്തവയിൽ ഏതൊക്കെയാണ് എല്ലാവരും പഠിക്കേണ്ടത്? ഏതിനൊക്കെയാണ് ഒരു സ്ഥാപനത്തിൽ ചിലർക്ക് മാത്രം ട്രെയിനിംഗ് വേണ്ടിവരുക? ഇതൊക്കെ വിലയിരുത്തിയിട്ടുള്ള പദ്ധതിയുടെ അടിസ്ഥാനത്തിൽ വേണം എൽ.എം.എസ് സ്ഥാപിക്കുന്നത്.
നിങ്ങൾ ഒരു ട്രെയിനിങ് എടുത്തു എന്നു കരുതുക. നിങ്ങളുടെ സ്ഥാപനത്തിൽ ഇ- ലേണിംഗിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ യാതൊന്നുമില്ല. ട്രെയിനിംഗ് കഴിഞ്ഞ് എന്താണ് ചെയ്യുക? പഠിച്ച സ്‌കില്ലുകൾ കൊണ്ടെന്താണ് കാര്യം? സൗകര്യങ്ങൾ വരുമ്പോൾ വീണ്ടും പഠിക്കേണ്ടി വരില്ലേ? ഒരിക്കൽ ചില കാര്യങ്ങൾ പഠിച്ചശേഷം പോയി ചെയ്യാവുന്ന കാര്യമേയല്ല ഇ-ലേണിംഗ് കോഴ്‌സ് ഡിസൈൻ. വളരെയധികം സർഗാത്മകമായ കാര്യമാണ്. നിരന്തരം ചെയ്യുകയും പഠിക്കുകയും ചെയ്യേണ്ട കാര്യം. ചെയ്തു പഠിക്കുകയും അതിന്റെ ഭാഗമായി പരിശീലനം നേടുകയും ചെയ്യേണ്ട കാര്യം.
ഇ-ലേണിംഗ് കോഴ്‌സ് വാണിജ്യാടിസ്ഥാനത്തിൽ ഡിസൈൻ ചെയ്യുമ്പോൾ ചോദ്യങ്ങൾ ഉണ്ടാക്കലാണ് ഏറ്റവുമധികം പൈസ പ്രതിഫലം കൊടുക്കുന്ന ഒരു പണി. പലപ്പോഴും വിഷയവിദഗ്ധരെ ഒരാഴ്ചയൊക്കെ ഒരു സ്ഥലത്ത് താമസിപ്പിച്ച് കൂടിയാലോചനകളിലൂടെയാണ് ഇത് നടപ്പാക്കുക.
പക്ഷെ, നമ്മുടെ വിദ്യാഭ്യാസത്തിൽ ചോദ്യമിടുന്നത് അത്ര പ്രധാനപ്പെട്ട സംഭവമായി കണക്കാക്കപ്പെടുന്നില്ല. ഓർമയും എഴുതുന്നതിലെ സ്പീഡും മാത്രമാണല്ലോ ഇപ്പോൾ പരിശോധിക്കുന്നത്. സിലബസ് എടുത്ത് പരക്കെ മുറിച്ചിട്ട് കുറെ why, explain ഒക്കെ ചേർത്താൽ ചോദ്യപ്പേപ്പറായി! വാസ്തവത്തിൽ, ഇ-ലേണിംഗ് ആരും ഗൗരവമായി എടുക്കാതിരിക്കാനുള്ള പ്രധാന കാരണം പരീക്ഷയ്ക്ക് ഒരു നോട്ട് പി.ഡി.എഫ് കിട്ടിയാൽ കാണാപ്പാഠം പഠിച്ച് ഫുൾ മാർക്ക് നേടാമെന്ന് എല്ലാവർക്കും അറിയാമെന്നതാണ്. നിങ്ങൾ ഓൺലൈൻ ആയോ ഓഫ്ലൈൻ ആയോ പഠിപ്പിച്ച് ബുദ്ധിമുട്ടേണ്ടതില്ല ആ നോട്ടിങ്ങെടുക്ക് എന്നതാണ് വിദ്യാർത്ഥികളുടെയും മനോഭാവം. പരീക്ഷ സമയാസമയത്ത് നടക്കുകയും എങ്ങനെയെങ്കിലും വിദ്യാർഥികൾ ജയിക്കുകയും വേണമെന്നേ എല്ലാവർക്കും ഉള്ളൂ. അതിനിടയിൽ അധ്യാപകർ ജോലി ചെയ്തിട്ടുണ്ട് എന്നതിനും വിദ്യാർഥികൾ ക്ലാസിലിരുന്നിട്ടുണ്ട് എന്നതിനും ഒരു രേഖ ഉണ്ടായാൽ സന്തോഷം.
പകരംവെക്കൽ വാദം
ഇ-ലേണിംഗിനെക്കുറിച്ച് നടന്നു വരുന്ന ചർച്ചകളിൽ പൊതുവെ കണ്ടു വരുന്ന ഒരു രീതി, പരമ്പരാഗത ക്ലാസ് റൂമിനെയും ഇ- ലേണിംഗിനെയും ശത്രുതാപരമായി പ്രതിസ്ഥാപിക്കുക എന്നതാണ്. ഈ വാദരീതിയെ നമുക്ക് പകരംവെക്കൽ വാദം (replace-ability argument) എന്നു വിളിക്കാം. മുമ്പ് ടെലിവിഷൻ വന്നപ്പോൾ വായന മരിക്കുമെന്നും ഇ- ബുക്കുകൾ വന്നപ്പോൾ അച്ചടിച്ച ബുക്കുകൾ ഇല്ലാതാവുമെന്നും ഒട്ടേറെ പേര് വാദിച്ചതിനു സമാനമാണ് ഈ ഭീതി. ഒരു നല്ല ലൈബ്രറിയിൽ പോയി നോക്കൂ, ഇവയെല്ലാം സമാധാനപരമായി സഹവർത്തിക്കുന്നതു കാണാം.
കോളേജുകളെയും സ്റ്റേറ്റ് യൂണിവേഴ്‌സിറ്റികളെയും അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെയും ഉന്നത വിദ്യാഭ്യാസത്തിൽ നിന്ന് പുറന്തള്ളാനാണ് ശ്രമമെന്ന് തിരിച്ചറിഞ്ഞ് അതിനനുവദിക്കാത്ത രീതിയിൽ ഇപ്പോൾ തന്നെ അവ നവീകരിക്കാൻ ചില ധീരമായ ശ്രമങ്ങൾ നടത്തണം.
ഇ- ലേണിംഗിന് പരമ്പരാഗത പഠനത്തെ പകരം വെക്കാൻ സാധിക്കില്ല. ക്ലാസ് റൂം പോലുള്ള ഭൗതികമായ ഇടങ്ങളെ പകരം വെക്കാൻ വിർച്വൽ ഇടങ്ങൾക്കുമാവില്ല. കാരണം ചില അനുഭവങ്ങൾ പകരം വെക്കാനാവാത്തതാണ്. എന്നാൽ അക്കാര്യം ഹൃദയഭേദകമാം വിധം ആവർത്തിച്ച് പുതിയ ഒരു ബോധനരീതിയെത്തന്നെ എതിർക്കുക എന്നത് അതീവ ദുർബലമായ ഒരു വാദരീതിയാണ്. പ്രശ്‌നം സാങ്കേതികവിദ്യയല്ല. വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം പ്രഥമ പരിഗണനയായി എടുത്ത് അതിന്റെ ഫലപ്രാപ്തി മുൻനിർത്തിയും സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ കൂടി ഉൾപ്പെടുത്തിയും നമ്മുടെ വിലയിരുത്തൽ രീതികളും ബോധന സമ്പ്രദായവും പരിഷ്‌കരിക്കാൻ വിദ്യാഭ്യാസത്തിന്റെ എല്ലാ സ്റ്റെയ്ക്ക്‌ഹോൾഡർമാരും ഒരുമിക്കുമോ എന്നതാണ് വെല്ലുവിളി. ഞാൻ ഇക്കാര്യത്തിൽ ശുഭാപ്തി വിശ്വാസിയാണ്. അധ്യാപകരുടെ ഏകപക്ഷീയമായ ആധികാരികത അഴിച്ചു പണിയുന്ന തരത്തിൽ ഒരു സങ്കര (blended) സമീപനം സർഗാത്മകമായി രൂപപ്പെടുത്തുന്നതിലൂടെ മാത്രമേ ലക്ഷ്യവേധിയായ ഒരു പഠനസമുദായമായി മാറാൻ സാധിക്കുകയുള്ളൂ.
യു.ജി.സിയുടെ സങ്കരപഠന നിർദ്ദേശവും പ്രതിരോധ സാധ്യതകളും
ഫ്‌ളെക്‌സിബിലിറ്റിയിലും മൊബിലിറ്റിയിലും ഊന്നുകയും മൂല്യനിർണയത്തിലും ബോധനരീതിയിലും സങ്കര സമീപനം വേണമെന്ന് വാദിക്കുകയും ചെയ്യുന്ന സമീപനമാണ് ഈ ലേഖനത്തിൽ ഞാൻ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ അതിൽ രാഷ്ട്രീയമായി പ്രസക്തമായ കാര്യം, ഇവ വികേന്ദ്രീകൃതമായ ഒരു സമീപനമവലംബിച്ച്, കോളേജുകളെ നിഷ്‌ക്രിയമാവാൻ അനുവദിക്കാതെ കേരളത്തിൽ ഇപ്പോൾ തന്നെ സാക്ഷാത്കരിക്കേണ്ടതിന്റെ ആവശ്യകതയിലുള്ള ഊന്നലാണ്.
യു.ജി.സി സങ്കര പഠനത്തെക്കുറിച്ച് മുന്നോട്ടുവെച്ച കോൺസെപ്റ്റ് നോട്ടിന്റെ കാര്യം സന്ദർഭവശാൽ സൂചിപ്പിക്കുകയുണ്ടായി. അതിൽ പുറമേക്കുകാണുന്ന ഭാഗം ഫ്‌ളെക്‌സിബിലിറ്റി, മൊബിലിറ്റി, മൂല്യനിർണയത്തിലെ വിദ്യാർത്ഥി കേന്ദ്രിത സമീപനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ തുടങ്ങിയവയൊക്കെ തന്നെയാണ്. എന്നാൽ ഈ കോമളഭാഷയിൽ പൊതിഞ്ഞവതരിപ്പിക്കുന്ന നിർദേശമാവട്ടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓരോ കോഴ്സും 40 ശതമാനം സ്വയം പ്ലാറ്റ്‌ഫോം വഴി ഓൺലൈൻ ആയി പഠിക്കാൻ അനുവദിക്കണമെന്നും ബാക്കി 60 ശതമാനം ബ്ലെൻഡഡ് ലേർണിംഗ് ആയി രൂപപ്പെടുത്തണമെന്നും ആണ്. ഇത് നിശ്ചയമായും കോർപ്പറേറ്റ് താൽപര്യങ്ങൾ അനുസരിച്ച് കേന്ദ്രീകൃതവും വരേണ്യ സ്ഥാപനങ്ങളിലും വിഭാഗങ്ങളിലും ചുരുങ്ങുന്നതുമായ ഒരു ഭാവി ലക്ഷ്യമിടുന്ന വിഭാവനമാണ്.
എങ്ങനെയാണ് ഇത്തരമൊരു നീക്കത്തെ ചെറുക്കുക? പല പ്രതലങ്ങളിൽ ചെറുത്തുനിൽപ്പുകൾ വേണ്ടിവരും. ഈ ലേഖനത്തിൽ മുന്നോട്ടു വെക്കാൻ ശ്രമിച്ചത് കേരളത്തിനു സാധ്യമാവുന്ന, അകത്തു നിന്നുള്ള ഒരു പ്രതിരോധ നീക്കമാണ്. അതായത്, കോളേജുകളെയും സ്റ്റേറ്റ് യൂണിവേഴ്‌സിറ്റികളെയും അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെയും ഉന്നത വിദ്യാഭ്യാസത്തിൽ നിന്ന് പുറന്തള്ളാനാണ് ശ്രമമെന്ന് തിരിച്ചറിഞ്ഞ് അതിനനുവദിക്കാത്ത രീതിയിൽ ഇപ്പോൾ തന്നെ അവ നവീകരിക്കാൻ ചില ധീരമായ ശ്രമങ്ങൾ നടത്തണം. രാഷ്ട്രീയ ഇച്ഛാശക്തി കൊണ്ടുമാത്രമേ ഇത് സാധിക്കൂ. ഒന്നുകൂടി മൂർത്തമായ രീതിയിൽ ഇക്കാര്യം എടുത്തു പറയാം:
ഇതാണ് പ്രവർത്തിക്കാനുള്ള സമയം. ഇല്ലെങ്കിൽ മഹാമാരി ശമിച്ചാലും നമ്മൾ തിരിച്ചു പോകുന്ന ലോകത്തിൽ കോളേജുകൾ ആദ്യം മാഞ്ഞുപോവും. പണക്കാർ ഇപ്പോൾ തന്നെ സ്റ്റേറ്റ് യുണിവേഴ്‌സിറ്റികളെയല്ല തെരഞ്ഞെടുക്കുന്നത്. ക്രമത്തിൽ സ്റ്റേറ്റ് യുണിവേഴ്‌സിറ്റികളും അപ്രസക്തമാകും. ഇതിന്റെയെല്ലാം ഫലമായി തള്ളി മാറ്റപ്പെട്ട വിഭാഗങ്ങൾക്ക് ഉന്നത വിദ്യാഭ്യാസം കൂടുതൽ കൂടുതൽ അപ്രാപ്യമായി മാറും.
നമുക്ക് നടത്താനുള്ളത് സ്വന്തം അസ്തിത്വം ഉറപ്പിക്കാനുള്ള ഒരു രാഷ്ട്രീയ പ്രതിരോധമാണ് എന്നു ചുരുക്കം.▮
ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 28-ൽ പ്രസിദ്ധീകരിച്ചത്.