Photo: pxhere

ഭയപ്പെടുത്തുന്നു, ആധുനിക വിദ്യാഭ്യാസത്തിന്റെ
സമ്പൂർണ പൊളിച്ചെഴുത്ത്​

കെ. കസ്തൂരിരംഗൻ അധ്യക്ഷനായ ദേശീയ വിദ്യാഭ്യാസ സമിതിയുടെ റിപ്പോർട്ട് കേന്ദ്ര സർക്കാർ അംഗീകരിച്ചതോടെ പുതിയ വിദ്യാഭ്യാസ നയം നിലവിൽ വന്നു. വിദ്യാർഥികൾക്ക് സമഗ്രമായ വിദ്യാഭ്യാസമാണ് നൽകേണ്ടതെന്ന് വാദിക്കുന്ന നയം, നിലനിൽക്കുന്ന സമഗ്രമായ ആധുനിക വിദ്യാഭ്യാസത്തെ സ്‌കൂളിൽ നിന്ന് ഒഴിവാക്കുകയാണാദ്യം ചെയ്യുന്നത് എന്ന വിമർശനം മുന്നോട്ടുവെക്കുന്നു

ന്ത്യയിൽ പുതിയ വിദ്യാഭ്യാസ നയം നിലവിൽ വന്നു. കെ. കസ്തൂരിരംഗൻ അധ്യക്ഷനായ ദേശീയ വിദ്യാഭ്യാസ സമിതിയുടെ റിപ്പോർട്ട് കേന്ദ്ര സർക്കാർ അംഗീകരിച്ചതോടെ നഴ്‌സറി തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെ സമൂലമായി പരിഷ്‌കരിക്കുന്ന പദ്ധതിക്ക് അംഗീകാരമായി. പുതിയ നയരേഖ പ്രകാരം നിലവിലുള്ള വിദ്യാഭ്യാസത്തെ പലതട്ടുകളായി വിഭജിച്ച് പാഠ്യപദ്ധതിയിലും ഘടനയിലും ഗണ്യമായ മാറ്റത്തിന് വിധേയമാക്കുകയാണ്.

ഇതാണ് മാറ്റങ്ങൾ

നഴ്‌സറി തലം മുതൽ രണ്ടാം ക്ലാസുവരെ അഞ്ചു വർഷം ‘ഫൗണ്ടേഷൻ' (അടിസ്ഥാനമെന്ന് അർഥം വരുന്ന) കാലഘട്ടത്തിൽ വിദ്യാർത്ഥികളെ മാനസികമായി തയാറെടുപ്പിക്കുന്നു. മൂന്നു മുതൽ അഞ്ചു വരെ കണക്കും എഴുത്തും പഠിപ്പിക്കും. ഈ എട്ടു വർഷം പഠനം കഴിവതും മാതൃഭാഷയിലായിരിക്കണം. ചെറിയ പ്രായത്തിൽ കുട്ടികൾക്ക് പല ഭാഷകൾ പഠിക്കാനുള്ള കഴിവുണ്ടെന്നുള്ള യുക്തിയുടെ അടിസ്ഥാനത്തിൽ രണ്ടു പ്രാദേശിക ഭാഷകൾ കൂടി അവരെ പഠിപ്പിക്കും. ആറുമുതൽ എട്ടു വരെ സയൻസും സാമൂഹികശാസ്ത്രവും നൃത്തവും ചിത്രകലയും ഉൾപ്പടെ വിദ്യാർഥികൾക്ക് ഇഷ്ടമുള്ളത് പഠിക്കാം. ഇതോടൊപ്പം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും ഉണ്ടാകും. മരപ്പണി, പെയിന്റിംഗ്, ഇലക്ട്രിക്ക്, പ്ലംബിങ് തുടങ്ങി നിരവധി തൊഴിലുകളിൽ പരിജ്ഞാനം നൽകും. ഒൻപതു മുതൽ പന്ത്രണ്ടു വരെ സയൻസോ സാമൂഹികശാസ്ത്രമോ നൃത്തമോ ചിത്രകലയോ തുടങ്ങി വിദ്യാർത്ഥികൾക്കിഷ്ടമുള്ള എന്ത് വിഷയവും തിരഞ്ഞെടുക്കാം. അതിനു ശേഷമുള്ള ഡിഗ്രി പ്രോഗ്രാം മൂന്നുവർഷത്തിൽ നിന്ന് നാലുവർഷത്തിലേക്കു മാറ്റുന്നു. ഒരു വർഷത്തെ കോഴ്‌സ് കഴിഞ്ഞശേഷം പഠനം മുടങ്ങുന്നവർക്ക് സർട്ടിഫിക്കറ്റ് കൊടുത്തു വിടുന്നു, രണ്ടു വർഷത്തിനുശേഷം കോഴ്‌സ് മുടങ്ങുന്നവർക്ക് ഡിപ്ലോമയും, മൂന്നാം വർഷം കൊണ്ട് കോഴ്‌സ് അവസാനിപ്പിക്കുന്നവർക്ക് ഡിഗ്രിയും നാലുവർഷം പൂർത്തിയാക്കുന്നവർക്ക് ഡിഗ്രി വിത്ത് റിസർച്ചും നൽകുന്നു. നാലുവർഷ ഡിഗ്രി ചെയ്തവർക്ക് നേരിട്ട് ഗവേഷണത്തിന് പോകാം. മൂന്നുവർഷ ബിരുദം കഴിഞ്ഞവർക്ക് ബിരുദാനന്തര കോഴ്സിനുശേഷം ഗവേഷണത്തിനുപോകാം.

പരിഷ്‌കാരങ്ങൾക്ക് വിധേയമാകുമ്പോഴും ശാസ്ത്രം, സാമൂഹികശാസ്ത്രം, ഭാഷ, തുടങ്ങിയ വിഷയങ്ങളിലൂടെ ആധുനികതയുടെ സാംസ്‌കാരിക പരിസരം പരിചയപ്പെടുത്തുന്ന വേദിയായി വിദ്യാഭ്യാസ മേഖല 200 കൊല്ലക്കാലമായി നിലനിന്നു.

മൂന്നര പതിറ്റാണ്ടിനുശേഷം ആദ്യമായി

1986 നുശേഷം ആദ്യമായിട്ടാണ് ഒരു വിദ്യാഭ്യാസ നയം നിലവിൽ വരുന്നത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ മേഖല 34 കൊല്ലമായി നടക്കാതിരുന്ന, അത്യാവശ്യമായിരുന്ന, പരിഷ്‌കാരത്തിനാണ് വേദിയാകുന്നതെന്നാണ് നയരേഖ അവകാശപ്പെടുന്നത്. എന്നാൽ ഇന്ത്യയിൽ ആധുനിക വിദ്യാഭ്യാസം, അതു നിലവിൽ വന്ന 19ാം നൂറ്റാണ്ടിന്റെ ആരംഭകാലം മുതൽ പലതരം പരിഷ്‌കാരങ്ങൾക്ക് വിധേയപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. പല കാലങ്ങളിലൂടെ പരിഷ്‌കാരങ്ങൾക്ക് വിധേയമാകുമ്പോഴും ശാസ്ത്രം, സാമൂഹികശാസ്ത്രം, ഭാഷ, തുടങ്ങിയ വിഷയങ്ങളിലൂടെ ആധുനികതയുടെ സാംസ്‌കാരിക പരിസരം പരിചയപ്പെടുത്തുന്ന വേദിയായി വിദ്യാഭ്യാസ മേഖല കഴിഞ്ഞ 200 കൊല്ലക്കാലമായി നിലനിന്നു.

പുതിയ വിദ്യാഭ്യാസ നയത്തിൽ, ആറുമുതൽ എട്ടു വരെ സയൻസും സാമൂഹികശാസ്ത്രവും നൃത്തവും ചിത്രകലയും ഉൾപ്പടെ വിദ്യാർഥികൾക്ക് ഇഷ്ടമുള്ളത് പഠിക്കാം. ഇതോടൊപ്പം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും ഉണ്ടാകും. / Photo: Simply CVR, flickr

ഇക്കാലയളവിൽ സംസ്ഥാന-കേന്ദ്ര സർക്കാറുകൾ ഒട്ടനവധി പരിഷ്‌കാരങ്ങൾ നടപ്പിൽ വരുത്തി. ഒരു പക്ഷെ വിദ്യാഭ്യാസമേഖലയെ പോലെ നിരന്തരപരിഷ്‌കാരങ്ങൾക്കു വേദിയായ മറ്റൊരു മണ്ഡലം ഇന്ത്യയിൽ ഉണ്ടാകാൻ സാധ്യതയില്ല. എൻ.സി.ഇ.ആർ.ടി, സംസ്ഥാന വിദ്യാഭ്യാസ ബോർഡുകൾ, സ്വകാര്യ സംരംഭകർ, എൻ.ജി.ഒകൾ, യൂണിവേഴ്‌സിറ്റി പഠന ബോർഡുകൾ തുടങ്ങി ഔദ്യോഗികവും അനൗദ്യോഗികവുമായ ഒട്ടനവധി വിദ്യാഭ്യാസ പ്രവർത്തകരുടെ നിരന്തരമായ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ മേഖലയുടെ പരിവർത്തനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇത്തരം വൈവിധ്യങ്ങൾ നിറഞ്ഞ മേഖലയിലേക്കാണ് കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ പുതിയ നയം വഴിയുളള പരിഷ്‌കാരങ്ങൾ കടന്നുവരുന്നത്. മുൻപുണ്ടായിരുന്ന പല പരീക്ഷണങ്ങളിൽ നിന്ന് ഇപ്പോഴത്തേത് വത്യസ്തമാകുന്നത് അത് കേന്ദ്രീകൃതവും സമൂലവുമായതുകൊണ്ടാണ്.

പലതരം പരീക്ഷണങ്ങൾക്ക് വിദ്യാഭ്യാസ മേഖല വേദിയായപ്പോൾ ചിലതു പരാജയപ്പെടുകയും ചിലതു വിജയിക്കുകയും ചെയ്തു. അത്തരം ജയപരാജയങ്ങളെ നിലനിൽക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിലേക്കു സന്നിവേശിപ്പിച്ച് വിദ്യാഭ്യാസ മേഖല മുന്നോട്ടു പോകുകയും ചെയ്തു. എന്നാൽ പുതിയ നയം പരാജയപ്പെടുന്ന സാഹചര്യമുണ്ടായാൽ ഒരു തിരിച്ചുപോക്ക് പ്രയാസമാകും. കാരണം, ഇന്ത്യയിലെ എല്ലാ സ്‌കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാകുന്ന ഒരു നിർബന്ധ പദ്ധതിക്കാണ് കേന്ദ്രസർക്കാർ അംഗീകാരം നൽകിയത്.
സ്‌കൂൾ വിദ്യാഭ്യാസത്തിൽ അടിസ്ഥാനപരമായി രണ്ടുതരം മാറ്റങ്ങളാണ് പുതിയ നയം കൊണ്ടുവരുന്നത്. ഒന്ന്, വിദ്യാഭ്യാസം പ്രാദേശിക ഭാഷയിലാകുന്നു. നിലവിലുള്ള സാഹചര്യത്തിൽ ആധുനിക വിദ്യാഭ്യാസം പ്രാദേശിക ഭാഷയിലൂടെയും ഇംഗ്ലീഷിലൂടെയുമാണ് വിദ്യാർഥികൾക്ക് നൽകുന്നത്.

ആധുനിക വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ശിലയായി ഇംഗ്ലീഷ് അംഗീകരിക്കാൻ കാരണം ആഗോള തലത്തിൽ ഏറ്റവും അംഗീകരിക്കപ്പെട്ടതും ആധുനികതയിലേക്കുള്ള പരിവർത്തനത്തിന്റെ ഏറ്റവും പ്രധാന മാർഗവുമായി ആംഗലേയ ഭാഷ മാറിയതിനാലാണ്.

ഭാഷയും വിദ്യാഭ്യാസവും

നാം ഇന്ന് വിദ്യാലയങ്ങളിൽ പഠിക്കുന്നത് പ്രധാനമായും രണ്ടുതരം ഭാഷകളാണ്; ഒന്നുകിൽ പ്രാദേശിക ഭാഷ അല്ലെങ്കിൽ ഇംഗ്ലീഷ്. പ്രാദേശിക ഭാഷ പഠിക്കേണ്ടതിന്റെ കാരണം, ഒരു വ്യക്തിയുടെ സാംസ്‌കാരികാനുഭവം മാതൃഭാഷയിലൂടെയാണ് രൂപീകരിക്കപ്പെടുന്നത് എന്നതാണ്. അതിനാൽ മാതൃഭാഷാ പരിജ്ഞാനം ഫെഡറൽ സംവിധാനത്തിൽ ഭാഷാന്യൂനപക്ഷങ്ങൾക്ക് ഭരണഘടന കൊടുക്കുന്ന ഉറപ്പാണ്. പുതിയ നയരേഖ പ്രകാരം രണ്ട് പുതിയ ഭാഷകൾ കൂടി പഠിക്കണം. പുതുതായി പഠിക്കുന്ന ഭാഷകൾ, അത് ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽ നിലനിൽക്കുന്നതായാലും വൈദേശികമായാലും ഒരു വിദ്യാർത്ഥിയെ സംബന്ധിച്ച് അന്യം തന്നെയാണ്. അതിനാൽ മൂന്നുഭാഷ നിർബന്ധമാക്കാനുള്ള തീരുമാനം വിദ്യാർഥികൾക്ക് ആനന്ദദായകമാവണമെന്നില്ല.

ആധുനിക വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ശിലയായി ഇംഗ്ലീഷ് അംഗീകരിക്കാൻ കാരണം ആഗോള തലത്തിൽ ഏറ്റവും അംഗീകരിക്കപ്പെട്ടതും ആധുനികതയിലേക്കുള്ള പരിവർത്തനത്തിന്റെ ഏറ്റവും പ്രധാന മാർഗവുമായി ആംഗലേയ ഭാഷ മാറിയതിനാലാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസം പുതിയ നയത്തിൽ പാർശ്വവത്കരിക്കപ്പെട്ടപ്പേൾ ആധുനികതയിലേക്കുള്ള നമ്മുടെ പൊരുത്തപ്പെടലുകൾക്ക് തടസം സൃഷ്ടിക്കാനേ അതുകൊണ്ടു കഴിയൂ.

വിദ്യാഭ്യാസവും മൂല്യബോധവും

വിദ്യാർഥികൾക്ക് പ്രാദേശിക ഭാഷയിലൂടെ മൂല്യബോധം നൽകാൻ ലക്ഷ്യം വെക്കുന്നു എന്ന് നയരേഖ നിരന്തരം അവകാശപ്പെടുന്നു. മൂല്യപഠനം സർക്കാരിന്റെ കേന്ദ്രീകൃത പദ്ധതിയായി മാറുമ്പോൾ വ്യക്തിതലവും സാമൂഹിക തലവും, സ്വകാര്യ തലവും പൊതുതലവും തമ്മിലും മതവും ജീവിതവും തമ്മിലുമുള്ള, ആധുനികത നമ്മളെ പരിചയപ്പെടുത്തിയ അതിർവരമ്പുകൾ ഇല്ലാതാകുന്നു. സ്‌കൂൾ പരിസരങ്ങളിലുള്ള മൂല്യബോധത്തിന്റെ അമിത പ്രാധാന്യം വിദ്യാർത്ഥികളിൽ വിമർശനാത്മകമായ അന്വേഷണപരതയെ ഗുരുതരമായി ബാധിക്കും.

പിയർ ബോർദ്യു

വിദ്യാഭ്യാസ നയത്തിൽ ആകമാനം പറയുന്നത് സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് വിദ്യാർത്ഥികളിൽ മൂല്യബോധ്യവും വിമർശനാത്മകതയും വളർത്താൻ ലക്ഷ്യമിടുന്നു എന്നാണ്. ഇത് രണ്ടും ഒന്നിച്ചുകൊണ്ടുപോകുവാൻ പലപ്പോഴും കഴിയാറില്ല. മൂല്യബോധം എന്ന് നമ്മൾ പൊതുവിൽ വിശ്വസിക്കുന്നതിലൂടെയാണ് നിലവിലെ അധികാരഘടനകൾ നിലനിൽക്കുന്നത് എന്നതാണ് ഇതിനു കാരണം. സാധാരണഗതിയിൽ വിദ്യാഭ്യാസ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം നിലനിൽക്കുന്ന സാമൂഹിക അധികാരങ്ങളുടെ നിലനിൽപ്പിനുവേണ്ടിയുള്ളതാണെന്ന പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനായ പിയർ ബോർദ്യുവിന്റെ കാഴ്ചപ്പാട് ഇവിടെയാണ് പ്രസക്തമാകുന്നത്. ആധുനിക വിദ്യാഭ്യാസത്തിനുള്ളിലാണ് വിമർശനാത്മകതയും മൂല്യബോധവും കുടികൊള്ളുന്നത്. എന്നാൽ ഇന്ത്യൻ സാമൂഹിക-സാംസ്‌കാരിക സാഹചര്യങ്ങളിൽ പലപ്പോഴും നിലനിൽക്കുന്ന മതാത്മ-അധികാര ഘടനകളെ ഭേദിക്കാൻ ആധുനിക വിദ്യാഭ്യാസത്തിന്റെ യുക്തിക്ക് പരിമിതികളുണ്ടായിരുന്നു. അതിനാൽ ആധുനിക വിദ്യാഭ്യാസത്തെ പരിമിതപ്പെടുത്തി മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നടപ്പിൽ വരുത്തുമ്പോൾ പഴയ അധികാരഘടനകളുടെ തിരിച്ചുവരവാണോ ലക്ഷ്യം വയ്ക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം സാർവലൗകികമായ മൂല്യബോധം എന്ന് പൊതുവിൽ അംഗീകരിക്കപ്പെട്ടത് ആധുനികതയുടെ മൂല്യബോധമാണ്. സഹാനുഭൂതി, സഹവർത്തിത്വം, ലിബറൽ കാഴ്ചപാടുകൾ, മനുഷ്യത്വം തുടങ്ങി പലതും ഇതിലുൾപ്പെടുന്നു.
എന്നാൽ പലതരം മൂല്യബോധങ്ങൾ നിലനിൽക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അത് ആധുനികതയുടെ മൂല്യബോധമാകാം, അല്ലെങ്കിൽ മതാത്മകതയുടെ മൂല്യബോധമാകാം, പാരമ്പര്യത്തിന്റെ മൂല്യബോധമാകാം, അല്ലെങ്കിൽ ജാതിവ്യവസ്ഥിതിയുടെ മൂല്യബോധമാകാം. അതുകൊണ്ട്, ഒരു മൂല്യബോധം മറ്റൊന്നുമായി കലഹത്തിലാണെന്നുള്ളത് നാം മറക്കരുത്. ആധുനികതയുടെ മൂല്യബോധം നമ്മുടെ വിദ്യാലയങ്ങളിൽ നിന്ന് പടിയിറങ്ങുമ്പോൾ എന്തുതരം മൂല്യബോധങ്ങളാണ് പകരം വരുന്നതെന്ന ആശങ്ക ഉയരുന്നു.

ആധുനിക വിദ്യാഭ്യാസം പടിയിറങ്ങുമ്പോൾ

അടിസ്ഥാനപരമായ ഏതെങ്കിലും ഒരു ലക്ഷ്യത്തെ മുൻനിർത്തി നടപ്പിൽ വരുത്തുന്ന ഒട്ടനവധി പദ്ധതികളെയാണ് ഒരു നയം എന്നത് കൊണ്ടുദ്ദേശിക്കുന്നത്. നമ്മൾ ഇന്ന് സ്‌കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥികളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നതും ഒരു നയത്തിന്റെ ഭാഗമായിട്ടാണ് എന്ന് ആദ്യമേ മനസ്സിലാക്കേണ്ടതുണ്ട്. അത് ആധുനികതയുടെ നയമാണ്.

ആധുനിക വിദ്യാഭ്യാസമില്ലായിരുന്നെങ്കിൽ നമുക്ക് ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മറ്റൊന്നായിരുന്നേനേ. ആധുനികതയുടെ ബോധപൂർവമായ പരിചയപ്പെടുത്തലുകളിലൂടെയാണ് ഇന്ന് കാണുന്ന കാഴ്ചപ്പാടുകളിലേക്ക് നാം എത്തിയത്.

ഒന്നു മുതൽ പത്താം തരം വരെ വിദ്യാർത്ഥികൾ ഇംഗ്ലീഷ്, പ്രാദേശിക ഭാഷ, ചരിത്രം, ഭൂമിശാസ്ത്രം, കണക്ക്, ജീവശാസ്ത്രം, രസതന്ത്ര ശാസ്ത്രം, ഭൗതിക ശാസ്ത്രം തുടങ്ങിയവ പൊതുവിൽ പഠിക്കുന്നു. ഇത്തരം ജ്ഞാനമണ്ഡലങ്ങൾ യൂറോപ്പിൽ ആധുനികതയുടെ വരവോടെ ഉയർന്നുവന്നതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദിമകാലത്തുപോലും രോഗം വരുന്നതിന് കാരണം യക്ഷികൾ ശരീരങ്ങളെ പ്രാപിക്കുന്നത് കൊണ്ടാണെന്നു കരുതിയിരുന്ന കേരളത്തിന്റെ വിശ്വാസ സംഹിതകളിലേക്കെത്തിയ ആധുനിക വിദ്യാഭ്യാസം പുതിയ സാമൂഹിക-സാംസ്‌കാരിക-സാമ്പത്തികാവസ്ഥയെ നിർമിച്ചെടുത്തു. 19ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തിരുവിതാംകൂറിൽ വിദ്യാഭ്യാസം നിലവിൽ വരുമ്പോൾ ആദ്യമായി വിദ്യാർത്ഥികളെ പഠിപ്പിച്ചത് തിരുവിതാംകൂറിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമാണ്. തിരുവിതാംകൂർ എന്ന ദേശത്തിന്റെ ഭൂപ്രകൃതിയേക്കുറിച്ചുള്ള നിർണയങ്ങളിലൂടെയാണ് ഒരു രാഷ്ട്രമെന്ന സങ്കൽപം ഉയർന്നുവന്നത്.
ലോകത്തെയും, പ്രപഞ്ചത്തെയും, പ്രകൃതിയെയും മനുഷ്യനേയും, മനുഷ്യബന്ധങ്ങളെയും കുറിച്ചുള്ള, ഇന്ന് കാണുന്ന കാഴ്ചപ്പാടുകൾ നമുക്ക് നൽകിയത് ആധുനിക വിദ്യാഭ്യാസമാണ്. അത് പലപ്പോഴും ജന്മനാ ലഭിച്ച അറിവായി നാം വിശ്വസിക്കുന്നെങ്കിലും, അങ്ങനെയല്ലെന്നും മറിച്ച്, പത്താം ക്ലാസ് വരെ നിലനിൽക്കുന്ന പാഠ്യപദ്ധതിയിലൂടെ നമുക്ക് ലഭിച്ച അറിവുകളാണെന്നും മനസ്സിലാക്കേണ്ടതാണ്. ഇത്തരം ആധുനിക വിദ്യാഭ്യാസമില്ലായിരുന്നെങ്കിൽ നമുക്ക് ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മറ്റൊന്നായിരുന്നേനേ. ആധുനികതയുടെ ബോധപൂർവമായ പരിചയപ്പെടുത്തലുകളിലൂടെയാണ് ഇന്ന് കാണുന്ന കാഴ്ചപ്പാടുകളിലേക്ക് നാം എത്തിയത്.

സ്‌കൂളിന് പുറത്ത് നിത്യേന വലിയ രീതിയിൽ അനൗദ്യോഗിക വിദ്യാഭ്യാസത്തിന് നാം വിധേയമാകുന്നുണ്ട്​

നിലവിലെ നമ്മുടെ വിദ്യാഭ്യാസ പദ്ധതി ഒരു പരാജയമാണെന്നും പൊളിച്ചെഴുതേണ്ടതാണെന്നും പുതിയ വിദ്യാഭ്യാസ നയം പറയുന്നു. നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസ പദ്ധതി പൂർണമായും ഒരു വിജയമായിരുന്നെന്ന് ആരും പറയില്ല. അതിന് കാരണങ്ങൾ പലതാണ്. ഒന്നാമതായി, വിദ്യാഭ്യാസമെന്നത് ഔദ്യോഗിക വിദ്യാഭ്യാസമെന്നും അനൗദ്യോഗിക വിദ്യാഭ്യാസമെന്നും വേർതിരിച്ചുകാണേണ്ടതാണ്. നമ്മൾ സ്‌കൂളിൽ പോയി ആധുനിക വിദ്യാഭ്യാസം നേടുന്നതിന് ഔദ്യോഗിക വിദ്യാഭ്യാസം എന്നുവിളിക്കാം. എന്നാൽ സ്‌കൂളിന് പുറത്ത് നിത്യേന വലിയ രീതിയിൽ അനൗദ്യോഗിക വിദ്യാഭ്യാസത്തിന് നാം വിധേയമാകുകയാണ്. അതിന്റെ ഏറ്റവും പ്രധാന കാരണം, നമ്മുടെ വിദ്യാഭ്യാസ പദ്ധതി ആധുനികമാണെങ്കിലും യൂറോപ്പിതര സമൂഹങ്ങളിൽ നിലനിൽക്കുന്ന സാമൂഹിക കാഴ്ചപ്പാടുകളിൽക്കൂടിയാണ് ആധുനിക വിദ്യാഭ്യാസം നാം പരിചയപ്പെട്ടത് എന്നതാണ്. അതിനാൽ, യൂറോപ്പിലും പാശ്ചാത്യ ലോകത്തും വളർച്ച നേടിയ ശാസ്ത്ര സാങ്കേതികത യൂറോപ്പിന്റെ നേർപതിപ്പായി ഇന്ത്യയിലെത്തുന്നതിന് പരിമിതികളുണ്ടായിരുന്നു.

എന്നിരുന്നാലും കൽക്കട്ടയും മദ്രാസും ബോംബെയും ഡൽഹിയും ഒക്കെ കേന്ദ്രീകരിച്ച് 19ാം നൂറ്റാണ്ടിന്റെ പകുതിയോടെ വളർന്നുവന്ന ഇന്ത്യൻ ആധുനികത വലിയ രീതിയിൽ ശാസ്ത്ര- സാങ്കേതിക വിജ്ഞാനത്തിന് ഇന്ത്യയിൽ അടിത്തറ പാകി. ജീവശാസ്ത്രത്തിൽ ജഗദീഷ് ചന്ദ്രബോസിനെയും ഭൗതിക ശാസ്ത്രത്തിൽ സി. വി. രാമനെയും എം. വിശ്വവേശ്വരയ്യ എന്ന എഞ്ചിനീറിനെയും പോലെ ഒരുപാടുപേരെ ലോകത്തിന് സംഭാവന ചെയ്യാൻ ഇന്ത്യക്കായി. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഒട്ടനവധി സർവകലാശാലകളും ഐ.ഐ.ടികളും എയിംസ് പോലെയുള്ള സാങ്കേതിക സ്ഥാപനങ്ങളും സ്ഥാപിച്ച് ഒരു പരിധി വരെ സ്വയം പര്യാപ്തത കൈവരിക്കാൻ കഴിഞ്ഞത് ശക്തമായ ഒരു വിദ്യാഭ്യാസ അടിത്തറ പടുത്തുയർത്താൻ കഴിഞ്ഞതു കൊണ്ടാണ്.

ഓരോ വർഷവും ഏതാണ്ട് ഒരു കോടിയിലേറെ വിദ്യാർത്ഥികൾ പത്താം ക്ലാസ് പരീക്ഷയെഴുതുന്ന രാജ്യത്ത്, സിവിൽ സർവീസിലുള്ളത് വെറും ആയിരത്തിൽ താഴെ ഒഴിവുമാത്രം. ഇതുപോലെ തന്നെയാണ് മെഡിക്കൽ/എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന്റെയും അവസ്ഥ.

എന്നാൽ, 1970കളോടെ ഇന്ത്യയുടെ പലഭാഗങ്ങളിൽ പൊതുവിലും കേരളത്തിൽ പ്രത്യേകിച്ചും ഉയർന്നുവന്ന അണുകുടുംബ വ്യവസ്ഥിതി വിദ്യാഭ്യാസത്തെയും തൊഴിലിനേയും കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾക്കു തുടക്കം കുറിച്ചു. നിലനിൽക്കുന്ന സാമൂഹിക ജീവിതത്തിൽ നിലവിലെ അധികാരത്തെ നിലനിർത്താനോ പുതിയവ എത്തിപ്പിടിക്കാനോ ഉള്ള മാർഗമായി വിദ്യാഭ്യാസം മാറിയപ്പോൾ സിവിൽ സർവീസ് ഉദ്യോഗസ്ഥനോ ഡോക്ടറോ എഞ്ചിനിയറോ ആകാനുള്ള മാർഗം മാത്രമായി മധ്യവർഗ കുടുംബങ്ങൾ വിദ്യാഭ്യാസത്തെ കണ്ടു. വിജയത്തിലേക്കുള്ള ലക്ഷ്യം മാത്രമായി വിദ്യാഭ്യാസം ചുരുങ്ങിയപ്പോൾ ജ്ഞാനോൽപ്പാദന മാർഗം എന്ന ആത്യന്തിക ലക്ഷ്യം വിട്ടുവീഴ്ചകൾക്ക് വിധേയമായി. എന്തുതരം പരിഷ്‌കാരങ്ങൾ കൊണ്ടുവന്നാലും മാതാപിതാക്കളുടെ ആഗ്രഹത്തിനനുസരിച്ചുള്ള തൊഴിൽ കുട്ടികൾക്ക് ലഭിക്കും എന്നു കരുതുന്നത് മിഥ്യയാണ്. ഓരോ വർഷവും പലതരം ബോർഡ് പരീക്ഷകളിലൂടെ ഏതാണ്ട് ഒരു കോടിയിലേറെ വിദ്യാർത്ഥികൾ പത്താം ക്ലാസ് പരീക്ഷയെഴുതുന്ന രാജ്യത്ത്, സിവിൽ സർവീസിലുള്ളത് വെറും ആയിരത്തിൽ താഴെ ഒഴിവുമാത്രം. ഇതുപോലെ തന്നെയാണ് മെഡിക്കൽ/എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന്റെയും അവസ്ഥ.

20ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ എഞ്ചിനീയറിംഗ്/മെഡിക്കൽ വിദ്യാഭ്യാസത്തോടുള്ള അഭിനിവേശം കേരളത്തിലെ പോലെ ഇന്ത്യയുടെ മറ്റിടങ്ങളിലും വലിയ അളവിലുണ്ടായി. പരമ്പരാഗത വിദ്യാഭ്യാസം അപ്രസക്തമാണെന്നും എഞ്ചിനീയറിംഗ്/മെഡിസിൻ പോലെയുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് മാത്രമേ പ്രസക്തിയുള്ളൂ എന്നുമുള്ള വാദം ശക്തിപ്പെട്ടു. അതുപ്രകാരം സ്വകാര്യ എഞ്ചിനീയറിംഗ്/മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യാപകമായി ഉടലെടുത്തു. ഏതാണ്ട് 25 വർഷം കഴിയുമ്പോൾ പ്രൊഫഷണൽ വിദ്യാഭ്യാസത്തിന്റെ പടിയിറക്കമാണ് നാം കാണുന്നത്.

നിലനിൽക്കുന്ന സാമൂഹിക ജീവിതത്തിൽ നിലവിലെ അധികാരത്തെ നിലനിർത്താനോ പുതിയവ എത്തിപ്പിടിക്കാനോ ഉള്ള മാർഗമായി വിദ്യാഭ്യാസം മാറിയപ്പോൾ സിവിൽ സർവീസ് ഉദ്യോഗസ്ഥനോ ഡോക്ടറോ എഞ്ചിനിയറോ ആകാനുള്ള മാർഗം മാത്രമായി മധ്യവർഗ കുടുംബങ്ങൾ വിദ്യാഭ്യാസത്തെ കണ്ടു.

ഇത്തരം മധ്യവർഗ ജീവിതലക്ഷ്യങ്ങൾ പരമ്പരാഗത വിദ്യാഭ്യാസത്തെ ക്ഷയിപ്പിച്ചു എന്നത് യാഥാർഥ്യമാണ്. വിദ്യാഭ്യാസത്തിന്റെ പോരായ്മകൾ അതുകൊണ്ടുതന്നെ നമ്മൾ നിലനിൽക്കുന്ന സാമൂഹിക വ്യവസ്ഥിതിയുടെ അവസ്ഥാന്തരങ്ങളിലൂടെ മാത്രമേ മനസിലാക്കാൻ സാധിക്കുകയുള്ളൂ.

വിദ്യാഭ്യാസവും തൊഴിലും

നിലനിൽക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം തൊഴിൽ നൽകുന്നില്ലെന്നും അതിനാൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം വേണമെന്നും വാദിക്കുന്നവർ ഏറെ. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അടിസ്ഥാനപരമായി ആധുനികതയിലേക്കുള്ള പരിചയപ്പെടുത്തലാണ്. തൊഴിൽ നേടുക എന്നത് അതിന്റെ സ്വാഭാവിക പരിണാമം മാത്രമാണ്. ആധുനിക വിദ്യാഭ്യാസത്തിലൂടെയാണ് ആധുനികതയുടെ യുക്തിയും മൂല്യബോധവും നമുക്ക് ലഭിക്കുന്നത്. ഉദാഹരണത്തിന് ഒരാൾ "അമേരിക്കയിൽ നിന്ന് കൊച്ചിയിലേക്ക് വിമാനം കിട്ടാത്തതുകൊണ്ട് ബസിൽ പോരുന്നു' എന്ന് നമ്മളോട് പറയുന്നെന്നു കരുതുക. ഭൗതിക ലോകത്തെക്കുറിച്ചുള്ള, ഭൂമിയെയും ജലത്തെയും പ്രകൃതിയെയും കുറിച്ചുള്ള അറിവുകൾ, ദൂരത്തേയും സമയത്തെയും പറ്റിയുള്ള സാമാന്യ ജ്ഞാനം തുടങ്ങി സ്‌കൂളിൽ പഠിച്ച ലോകത്തെ കുറിച്ച് നമുക്കുള്ള ഒട്ടനവധി അടിസ്ഥാന ജ്ഞാനം അത്തരം ഒരു യാത്ര അസാധ്യമാണെന്ന് നമ്മളെ ബോധ്യപ്പെടുത്തുന്നു. ഇതാണ് ആധുനികത നമുക്കു നൽകുന്ന യുക്തി.

ഡോ. ബി.ആർ. അംബേദ്കർ, രാജാ റാം മോഹൻ റായ്, ശ്രീനാരായണഗുരു

ശാസ്ത്രജ്ഞാനം പോലെ തന്നെ പുതിയ സാമൂഹിക ബോധവും നമുക്ക് നൽകിയത് ആധുനികത തന്നെയാണ്. സമൂഹത്തിലെ എല്ലാ തലത്തിലേക്കും പുതിയ വ്യക്തി-സാമൂഹിക കാഴ്ചപ്പാട് വലിയ രീതിയിലുള്ള പരിഷ്‌കരണത്തിന് വഴിതെളിച്ചു. ഇന്ത്യയിലെയും കേരളത്തിലെയും ആധുനികത രാജാ റാംമോഹനിലൂടെയും ശ്രീനാരായണ ഗുരുവിലൂടെയും അംബേദ്കറിലൂടെയും മറ്റു പലരിലൂടെയും എത്തിയത് ആധുനിക വിദ്യാഭ്യാസത്തിലൂടെയാണെന്ന് നമ്മൾ മറക്കരുത്. ബ്രാഹ്‌മണ സമൂഹത്തിൽ നിലനിന്ന അനാചാരങ്ങൾക്കെതിരെ ശബ്ദിച്ച വി.ടി. ഭട്ടതിരിപ്പാട് സ്വസമുദായത്തിലെ സ്ത്രീകൾ വിദ്യാഭ്യാസം ചെയ്തു "അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' വരണെമന്നു വാദിച്ചു. അത് കേരളത്തിലെ മുഴുവൻ സ്ത്രീകൾക്കും അദ്ദേഹം നൽകിയ സന്ദേശമായിരുന്നു. ആധുനിക കേരളത്തിലെ നാവോത്ഥാനത്തിന്റെ പ്രധാന ശില്പിയായ നാരായണ ഗുരു ‘വിദ്യ കൊണ്ട് പ്രബുദ്ധരാകാനും സംഘടിച്ചു ശക്തരാകാനും' സ്വന്തം സമുദായത്തെ ഉദ്‌ബോധിപ്പിച്ചു. ഇന്ത്യയിലെ ജാതിവ്യവസ്ഥിതിക്ക് ഒരു സാമ്പത്തിക അടിത്തറയുണ്ടെന്നും ജാതി സമ്പ്രദായത്തിന്റെ അടിസ്ഥാനം വ്യവസ്ഥാപിതമായി നിർവചിക്കപ്പെട്ട ജാതി-തൊഴിൽ ബന്ധത്തിലാണെന്നും സാമൂഹിക പുരോഗതി സാധ്യമാകണമെങ്കിൽ പാരമ്പര്യമായി ചെയ്തിരുന്ന തൊഴിലുകളിൽ നിന്ന് മോചനം വേണമെന്നും സാമൂഹിക പരിഷ്‌കർത്താക്കൾ സ്വന്തം സമുദായങ്ങങ്ങളോട് നിർദ്ദേശിച്ചു. കള്ള് ചെത്തരുതെന്നും ആധുനിക വിദ്യാഭ്യാസം നേടി പുതിയ തൊഴിലിടങ്ങൾ കണ്ടെത്തണമെന്നും കേരളത്തിലെ ഈഴവരോട് ആവശ്യപ്പെട്ടു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുവരുമ്പോൾ പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾ കൈത്തൊഴിലുകൾ ചെയ്യുന്നവരായി മാത്രം നിലനിർത്തപ്പെടുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

വി.ടി. ഭട്ടതിരിപ്പാട്

ആധുനിക വിദ്യാഭ്യാസം ജാതി വ്യത്യാസമില്ലാതെ എല്ലാ സമൂഹങ്ങളെയും നവീകരിക്കുകയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്തിരുന്നു. 18ാം നൂറ്റാണ്ടിന്റെ ആദിമദശകങ്ങളിൽ മദ്രാസ് പ്രസിഡൻസിയിൽ ഉദ്യോഗസ്ഥനായി എത്തിയ തീയ്യ സമുദായത്തിൽ പെട്ട തലശ്ശേരിക്കാരൻ ഉപ്പോട്ടു കണ്ണൻ അഷ്ടാംഗഹൃദയത്തിന്റെ ആദ്യ മലയാളം പരിഭാഷ രചിച്ചു. ആധുനിക ഇന്ത്യയുടെ ശിൽപ്പികളായ സിവിൽ സർവീസ് ഉദ്യോഗസ്ഥരായ ഉന്നത ജാതി സമൂഹത്തിൽ പെട്ട വി. പി. മേനോനും, സർദാർ കെ.എം. പണിക്കരും തുടങ്ങി ഇന്ത്യയുടെ പരമോന്നത സ്ഥാനങ്ങളിലെത്തിയ കെ. ആർ. നാരായണനും കെ. ജി. ബാലകൃഷ്ണനും ഉൾപ്പടെയുള്ള ദളിത് സമുദായത്തിൽ നിന്നുള്ള നിരവധി പേരും സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിയത് ആധുനിക വിദ്യാഭ്യാസത്തിലൂടെയാണ്. അതുകൊണ്ടുതന്നെയാണ് ബാബാ സാഹേബ് അംബേദ്കറിനെയും നാരായണ ഗുരുവിനെയും പോലെയുള്ള സാമൂഹിക നവോത്ഥാന നായകർ പിന്നാക്ക സമുദായങ്ങളുടെ ഉന്നമനം ആധുനിക വിദ്യാഭ്യാസത്തിലൂടെ മാത്രമാണെന്ന് കണ്ടത്. ഇതിനു കാരണം ആധുനിക വിദ്യാഭ്യാസം എല്ലാതരം ജാതി-സാമ്പത്തിക-സാമൂഹികാവസ്ഥകളിൽ പെട്ടവർക്കും ആർജിക്കാൻ സാധിക്കുന്ന ഒരു സാഹചര്യം ഒരുക്കി.
എന്നാൽ ആധുനിക വിദ്യാഭ്യാസം ഇന്ത്യയുടെ പാരമ്പര്യ മൂല്യങ്ങളെ തകർത്തു എന്ന് വിശ്വസിച്ചവരുണ്ടായിരുന്നു. അവർ പാരമ്പര്യങ്ങളുടെയും അധികാരഘടനകളുടെയും സംസ്ഥാപനത്തിന് ആധുനിക വിദ്യാഭ്യാസത്തിന്റെ പൊളിച്ചെഴുത്ത് പ്രധാനമാണെന്ന് കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമായി വാദിക്കുകയാണ്.

ഉന്നത വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ

പുതിയ നയമനുസരിച്ച്, ബിരുദ കാലത്ത് സ്‌കൂൾ കാലത്തെ പോലെ തന്നെ ഇഷ്ടമുള്ള പല വിഷയങ്ങൾ ഒന്നിച്ചു തെരഞ്ഞെടുക്കാം. ഫിസിക്‌സിനോടൊപ്പം സാമ്പത്തിക ശാസ്ത്രമോ ചിത്രകലയോ നൃത്തമോ പഠിക്കാം. പല വിഷയങ്ങൾ ഒന്നിച്ചുപഠിപ്പിക്കുന്ന മൾട്ടി ഡിസിപ്ലിനറി സ്ഥാപനങ്ങളായി കോളേജുകളും സർവകലാശാലകളും മാറും. റിപ്പോർട്ടിലുടനീളം നിലനിൽക്കുന്ന രണ്ടു പദങ്ങളാണ് holistic ഉം multi disciplinary യും. നയരേഖയിലെ അന്തസത്തയെ ഇവ സ്വാംശീകരിക്കുന്നു. ഹോളിസ്റ്റിക് എന്നത് സമഗ്രം എന്നാണ് അർത്ഥമാക്കുന്നത്. ഈ സമഗ്രതയെ പ്രവൃത്തിപഥത്തിലെത്തിക്കുന്ന മാർഗമാണ് multi -disciplinary .​

ഇവിടെ എന്തുതരം സംഗീതമാണ് സ്‌കൂളുകളിൽ പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നത്? പാശ്ചാത്യ സംഗീതമാണോ? അതോ ഇന്ത്യൻ സംഗീതമാണോ? ക്ലാസിക്കലാണോ അതോ പോപ്പ് സംഗീതമാണോ?

നിലവിലെ ആധുനിക വിദ്യാഭ്യാസ സങ്കല്പത്തിൽ ഫിസിക്‌സ്, കെമിസ്ട്രി, ചരിത്രം, ഭൂമിശാസ്ത്രം തുടങ്ങിയവ ഓരോന്നും ഓരോ discipline ആണ്. എന്നാൽ സമഗ്രമായ വിദ്യാഭ്യാസം നൽകണമെങ്കിൽ പലതരം വിഷയങ്ങൾ ഒന്നിച്ചു പഠിക്കണം. ‘പഠന വിഷയങ്ങൾ' എന്നതുകൊണ്ട് നയരേഖ ഉദ്ദേശിക്കുന്നത് വിപുലമായ അർത്ഥമാണ്. നൃത്തവും, സംഗീതവും, ഫാഷൻ ഡിസൈനിങ്ങും, പ്ലംബിങ്ങും ഉൾപ്പടെ എല്ലാം. അതിനാൽ ഒരു വിദ്യാർത്ഥിക്ക് കെമിസ്ട്രിയോടൊപ്പം നൃത്തമോ ഫാഷൻ ഡിസൈനിംഗോ പഠിക്കണമെന്നുണ്ടെങ്കിൽ പഠിക്കാം എന്നർത്ഥം.
വിദ്യാർഥികൾക്ക് സമഗ്രമായ വിദ്യാഭ്യാസമാണ് നൽകേണ്ടതെന്ന് വാദിക്കുന്ന നയം, നിലനിൽക്കുന്ന സമഗ്രമായ ആധുനിക വിദ്യാഭ്യാസത്തെ സ്‌കൂളിൽ നിന്ന് ഒഴിവാക്കുകയാണാദ്യം ചെയ്യുന്നത്. പകരം ‘സമഗ്രം' എന്നതുകൊണ്ട് വിദ്യാഭ്യാസ നയം രൂപീകരിച്ചവർ ഉദ്ദേശിച്ചത് കണക്കിനും ഭാഷക്കുമൊപ്പം സംഗീതവും നൃത്തവും തുടങ്ങി മറ്റു പലകാര്യങ്ങളും പഠിക്കാൻ അവസരം നൽകുക എന്നതാണ്.

ഇവിടെ എന്തുതരം സംഗീതമാണ് സ്‌കൂളുകളിൽ പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നത്? പാശ്ചാത്യ സംഗീതമാണോ? അതോ ഇന്ത്യൻ സംഗീതമാണോ? ക്ലാസിക്കലാണോ അതോ പോപ്പ് സംഗീതമാണോ? ഇവയ്ക്കെല്ലാം ഒരേ മൂല്യബോധമാണോ നൽകാൻ കഴിയുന്നത്? അതോ ചിലതു പഠിപ്പിക്കുകയും ചിലതു ഒഴിവാക്കുകയുമാണോ? നിലവിലെ സ്‌കൂൾ സമ്പ്രദായത്തിൽ ചിത്രകലയും സംഗീതവും ഒക്കെ പഠിക്കാൻ അവസരമുണ്ട്. പക്ഷെ അതൊക്കെ പാഠ്യപദ്ധതിയോടൊപ്പമുള്ള പാഠ്യേതര വിദ്യാഭ്യാസമായി നിലനിൽക്കുകയാണ്. എന്നാൽ പുതിയ നയം പാഠ്യ-പാഠ്യേതര വേർതിരിവില്ലാതാക്കുന്നു. സ്‌കൂൾ വിദ്യാഭ്യാസത്തെക്കുറിച്ച് പ്രതിപാദിക്കുന്നിടത്ത് വിദ്യാർഥികൾക്ക് അവർക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കാമെന്ന് പറയുന്നെങ്കിലും യഥാർത്ഥത്തിൽ വ്യവസ്ഥാപിതമായി പ്രാദേശിക ഭാഷാടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസം നടപ്പിൽ വരുത്തി, ആധുനിക വിദ്യാഭ്യാസത്തിന്റെ പല മണ്ഡലങ്ങളെയും വിദ്യാലയങ്ങളിൽ നിന്ന് പുറത്താക്കിയശേഷമാണ് വിദ്യാർത്ഥികൾക്ക് അവസരമുണ്ടാകുന്നത്. യഥാർത്ഥത്തിൽ പുതിയ ചിലത് നൽകിയശേഷം അതിൽ നിന്ന് എന്തുവേണമെന്ന് തീരുമാനിക്കാനുള്ള അവസരമാണ് നൽകുന്നത്.

പല വിഷയങ്ങൾ ഒരേപോലെ പഠിപ്പിച്ചാൽ മിടുക്കരായ വിദ്യാർത്ഥികളെ വാർത്തെടുക്കാൻ കഴിയും എന്ന് കരുതാൻ കഴിയില്ല / Photo: pixahive

ഇപ്പോൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന, നാലുവർഷത്തെ ബിരുദ കോഴ്‌സ് ഡൽഹി സർവകലാശാലയിൽ പരീക്ഷിച്ചു പരാജയപ്പെട്ടതാണ്. 2012ൽ ഡൽഹി സർവകലാശാല നാലുവർഷ ബിരുദ കോഴ്‌സിന് (four year under graduate programme- FYUP) തുടക്കം കുറിച്ചു. ഫൗണ്ടേഷൻ കോഴ്‌സ് എന്ന പേരിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന രീതിയിലാണ് നടപ്പിലാക്കിയത്. വിദ്യാർഥികൾക്ക് ഒരു വർഷം നഷ്ടമാകുന്നതിനു പുറമെ അടിസ്ഥാന ബിരുദ കോഴ്‌സുകളുടെ തളർച്ചയ്ക്ക് അത് വഴിവച്ചെന്ന് അധ്യാപകരും, വിദ്യാർത്ഥികളും വിദ്യാഭ്യാസവിചക്ഷണരും വാദിച്ചു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ശക്തമായ എതിർപ്പിന് വഴിവച്ച പദ്ധതി 2014 ൽ പിൻവലിച്ചു.

ഇഷ്ടമുള്ള കോഴ്‌സ് തിരഞ്ഞെടുക്കാമെന്നുള്ളതുപോലെ തന്നെയാണ് സർക്കാർ കോളേജും സ്വകാര്യ കോളേജുകളും തമ്മിലുള്ള വേർതിരിവില്ലാതെയാകുന്നത്. സ്വകാര്യ സർവകലാശാലകളും സർക്കാർ അംഗീകൃത സർവകലാശാലകളും തമ്മിലുള്ള വേർതിരിവും ഇല്ലാതാവുന്നു. അവയ്ക്കെല്ലാം സ്വയം ഭരണാധികാരവും നൽകുകയാണ്. ഇഷ്ടമുള്ള കോഴ്‌സ് നടത്തി സർട്ടിഫിക്കറ്റ് നൽകാമെന്നർത്ഥം. കേരളത്തിനുപുറത്ത് പല സംസ്ഥാനങ്ങളിലും കുടുസ്സുമുറികളിൽ പ്രവർത്തിക്കുന്ന കടലാസ് സ്‌കൂളുകളും കോളേജുകളും യഥേഷ്ടം നിലനിൽക്കുന്നു. അവയെ സ്വതന്ത്രമായി വിടുമ്പോൾ വിദ്യാഭ്യാസ മേഖലയുടെ സ്വകാര്യവത്കരണത്തിന് വഴിതെളിക്കും എന്നതിൽ സംശയം വേണ്ട. സർവകലാശാലാ കേന്ദ്രീകൃതമായ നിയന്ത്രണങ്ങൾ പൂർണമായും ഇല്ലാതാകുമ്പോൾ അവയുടെ നിലവാരം എന്താകുമെന്ന് കാത്തിരുന്നു കാണുകയേ നിവൃത്തിയുള്ളൂ. വിദ്യാഭ്യാസമേഖലയിൽ സ്വകാര്യ സംരംഭകരെ യഥേഷ്ടം അനുവദിക്കുമ്പോൾ സ്വാഭാവികമായും വിദ്യാഭ്യാസമേഖലയിൽ നിന്ന് സർക്കാരിന്റെ പിന്മാറ്റമാണ് കാണാൻ സാധിക്കുന്നത്.

ഒരു പരിധിവരെയെങ്കിലും അമേരിക്ക പോലെയുള്ള വികസിത രാജ്യങ്ങളിൽ നിലനിൽക്കുന്ന വിദ്യാഭ്യാസ മാതൃക പറിച്ചു നടുമ്പോൾ ഇന്ത്യൻ സാമൂഹിക യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടേണ്ടതാണ്.

പുതിയ വിദ്യാഭ്യാസ നയരേഖ വരുന്നതിനു കുറച്ചു വർഷങ്ങൾക്കുമുമ്പേ കോളേജ്/യൂണിവേഴ്‌സിറ്റി അധ്യാപകരുടെ പ്രൊമോഷൻ സംബന്ധിയായി ചില മാനദണ്ഡങ്ങൾ യു.ജി.സി നടപ്പാക്കി. അതനുസരിച്ച്, അസോസിയേറ്റ് പ്രൊഫസറായും, പ്രൊഫസറായും പ്രൊമോഷൻ ലഭിക്കുന്നതിന് അന്താരാഷ്ട്ര നിലവാരമുള്ള റഫറീഡ് ജേർണലുകളിൽ ഏഴു പ്രബന്ധങ്ങൾ ഉണ്ടായിരിക്കണം എന്നായിരുന്നു വ്യവസ്ഥ. റഫറീഡ് ജേർണൽ എന്നു വെച്ചാൽ ലോകോത്തര നിലവാരമുള്ള ജേർണലുകൾ. ഒരു പ്രബന്ധം പ്രസിദ്ധീകരിക്കുന്നതിനുമുന്നേ ആ മേഖലയിലെ പ്രശസ്തരായ മൂന്ന് ശാസ്ത്രജ്ഞർക്ക് ഈ പ്രബന്ധം അയക്കും. അതിൽ രണ്ടു പേരെങ്കിലും അനുകൂല നിലപാടെടുത്താലേ പ്രബന്ധം പ്രസിദ്ധീകരിക്കൂ. ഇന്ത്യയിലെ കോളേജ്/യൂണിവേഴ്‌സിറ്റികളിൽ പഠിപ്പിക്കുന്ന ആയിരത്തിലൊരു അധ്യാപകനു പോലും റഫറീഡ് ജേർണലുകളിൽ ഏഴു പ്രബന്ധങ്ങൾ ഇല്ല. അപ്പോൾ എന്തുചെയ്യും? ഇതിന് യു.ജി.സി ഒരു പരിഹാരം നിർദ്ദേശിച്ചു. റഫറീഡ് ജേർണലിലോ യു.ജി.സി അംഗീകരിച്ച ജേർണലിലോ മതി പ്രബന്ധം.

ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയുടെ പലഭാഗത്തും ഓൺലൈനായും അല്ലാതെയും ഒട്ടനവധി ജേർണലുകൾ തലപൊക്കി, അവയ്ക്കു യു.ജി.സി അംഗീകാരവും കിട്ടി. രണ്ടും മൂന്നും പേജ് മാത്രമുള്ള തീരെയും നിലവാരമില്ലാത്ത പ്രബന്ധങ്ങൾ ഉള്ളവർ പ്രൊഫസർമാരായി. പാശ്ചാത്യ രാജ്യങ്ങളിലെ സമ്പ്രദായങ്ങൾ അതേപടി ഇന്ത്യയിൽ നടപ്പിലാക്കുന്നതിന്റെ പരാജയത്തിലേക്കാണ് ഇവ വിരൽചൂണ്ടുന്നത്. ഒരു പരിധിവരെയെങ്കിലും അമേരിക്ക പോലെയുള്ള വികസിത രാജ്യങ്ങളിൽ നിലനിൽക്കുന്ന വിദ്യാഭ്യാസ മാതൃക പറിച്ചു നടുമ്പോൾ ഇന്ത്യൻ സാമൂഹിക യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടേണ്ടതാണ്. അല്ലെങ്കിൽ ഇത്തരം സന്ധിചേരലുകൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

ഡൽഹി സർവ്വകലാശാല നടപ്പിലാക്കിയ നാലുവർഷ ബിരുദ കോഴ്‌സ് പദ്ധതിയ്‌ക്കെതിരെ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിൽ നിന്ന്‌ / Photo: Twitter, chirag mahawar

1960കളിലും എഴുപതുകളിലും ലോകത്തിലെ പ്രധാന സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും ഇന്ത്യയിൽനിന്ന് ഒട്ടനവധി വിദ്യാർത്ഥികൾ പഠിക്കുകയും ഗവേഷണങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. എന്നാൽ തൊണ്ണൂറുകളിൽ അവരുടെ എണ്ണം കുറയുകയും ഇരുപത്തിയൊന്നാം നൂറ്റാണ്ടോടെ ഏഷ്യയിലെ ഇതര രാജ്യങ്ങളായ വിയറ്റ്‌നാം, തായ്‌ലാൻഡ്, സിങ്കപ്പൂർ, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഗണ്യമായ രീതിയിൽ എത്തുകയും ചെയ്തു. ഇന്ന് പരമ്പരാഗതമെന്നും കാലഹരണപ്പെട്ടതെന്നും നമ്മൾ കരുതുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിൽ ബിരുദ വിദ്യാഭ്യാസം ചെയ്തവരാണ് ലോകത്തിലെ ഏറ്റവും മികച്ച ഗവേഷണ കേന്ദ്രങ്ങളിൽ എത്തപ്പെട്ടത്.

പല വിഷയങ്ങൾ ഒരേപോലെ പഠിപ്പിച്ചാൽ മിടുക്കരായ വിദ്യാർത്ഥികളെ വാർത്തെടുക്കാൻ കഴിയും എന്ന് കരുതാൻ കഴിയില്ല. ഉദാരണത്തിന്, കെമിസ്ട്രിയോടൊപ്പം നൃത്തമോ സാമ്പത്തികശാസ്ത്രമോ എങ്ങനെ ഗുണം ചെയ്യുമെന്ന് മനസിലാക്കാൻ പ്രയാസം. കെമിസ്ട്രിയുടെ അടിസ്ഥാന പ്രമാണങ്ങൾ സമാന വിഷയങ്ങളായ ഫിസിക്‌സിലോ കണക്കിലോ നിന്നുപോലും ഉയർന്നുവരുന്നതല്ല. ലോകത്ത് കെമിക്കൽ സയൻസസ് ഒരു വലിയ ശാസ്ത്ര ശാഖയായി വളർന്നുകഴിഞ്ഞു. അതിനാൽ തന്നെ കെമിസ്ട്രിയിൽ പ്രാവീണ്യം നേടണമെങ്കിൽ അതുമാത്രം പ്രധാന വിഷയമായി പഠിച്ച് ബിരുദം നേടുകയാണ് വേണ്ടത്. ഇതുപോലെ തന്നെയാണ് ചരിത്രത്തിന്റെയും കാര്യം. ചരിത്രരചനാസമ്പ്രദായം സ്വതന്ത്ര വിജ്ഞാന ശാഖയായി ഉയർന്നുവന്നു. സാമ്പത്തികശാസ്ത്രം, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ആന്ത്രോപോളജി തുടങ്ങി ജീവശാസ്ത്രത്തിന്റെയും, ആസ്വാദനകലകളുടെയും, സാഹിത്യത്തിന്റെയും മനുഷ്യ ജീവിതത്തിന്റെയും പ്രകൃതിയുടെയും സമസ്ത മേഖലകളെയും ഉൾക്കൊണ്ട് ചരിത്രരചന പല തരത്തിൽ പരിണാമം പ്രാപിച്ചു. എന്നാലും ചരിത്രരചനാ പ്രക്രിയയും സംവാദന രീതികളും മുൻപേ പറഞ്ഞ ജ്ഞാനമണ്ഡലങ്ങളിൽ നിന്ന് വ്യത്യസ്തമാണ്.

ഇന്ന് പരമ്പരാഗതമെന്നും കാലഹരണപ്പെട്ടതെന്നും നമ്മൾ കരുതുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിൽ ബിരുദ വിദ്യാഭ്യാസം ചെയ്തവരാണ് ലോകത്തിലെ ഏറ്റവും മികച്ച ഗവേഷണ കേന്ദ്രങ്ങളിൽ എത്തപ്പെട്ടത്.

പരമ്പരാഗത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് തുടക്കം കുറിക്കുക- ഇതുരണ്ടും ഒന്നിച്ചു ചെയ്യാൻ സാധിക്കില്ല. ലോകത്താകമാനം സർവകലാശാലകൾ ഉയർന്നുവന്നത് അടിസ്ഥാന ജ്ഞാനമണ്ഡലങ്ങളുടെ വികാസം ലക്ഷ്യം വെച്ചായിരുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം വേണ്ടവർക്കാണ് പോളിടെക്നിക്കോ ഐ.ടി.ഐയോ എഞ്ചിനീയറിംഗ് പോലെയുള്ള ടെക്‌നിക്കൽ എഡ്യൂക്കേഷൻ സമ്പ്രദായങ്ങളോ നിലവിൽവന്നത്. ടെക്‌നിക്കൽ എഡ്യൂക്കേഷനും അടിസ്ഥാന പഠനശാഖയും രണ്ടും രണ്ടുതന്നെയാണ്. അടിസ്ഥാന ജ്ഞാന മണ്ഡലത്തിൽ പ്രാവീണ്യം നേടുന്നവരാണ് ഉന്നത ഗവേഷണ പദ്ധതികളിൽ ഏർപ്പെടുന്നത്. ടെക്‌നിക്കൽ എഡ്യൂക്കേഷൻ നേടുന്നവർ പലപ്പോഴും സാങ്കേതിക തൊഴിലുകളിൽ ഏർപ്പെടുന്നവരാണ്. ഉദാഹരണത്തിന്, ഒരു വിദ്യാർത്ഥിക്ക് ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ശാസ്ത്രജ്ഞനായി ജോലി ലഭിക്കണമെങ്കിൽ മോളിക്യൂൾ സ്‌ക്രീനിങ്ങും റാൻഡം ട്രിയൽസുമൊക്കെ ചെയ്യാൻ കഴിവുള്ള മിടുക്കനായ ശാസ്ത്രജ്ഞനായിരിക്കണം. മരുന്നുകമ്പനികളിലെ ലബോറട്ടറികളിലെ ചെറിയതരം പണികൾക്ക് ചെറിയ സാങ്കേതിക അറിവുകൊണ്ട് തൊഴിൽ നേടാം. ഉന്നതമായ ഒരു ശാസ്ത്രമേഖല കെട്ടിപ്പടുക്കണമെങ്കിൽ പരമ്പരാഗത ശാസ്ത്ര പഠനശാഖകളുടെ ശാക്തീകരണത്തിലൂടെ മാത്രമേ സാധ്യമാകൂ. ചരിത്രത്തിൽ ബിരുദ, ബിരുദാനന്തര യോഗ്യത നേടുന്ന വ്യക്തി കാലങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ രൂപീകരിക്കാനും, സമൂഹത്തെയും ശാസ്ത്രത്തെയും രാഷ്ട്രീയത്തെയും വ്യക്തിയെയും ഒക്കെ വിശകലനം ചെയ്യാനുമുള്ള കഴിവ് വികസിപ്പിച്ചെടുക്കേണ്ടതുണ്ട്.

രാഷ്ട്രത്തിന്റെ സാമ്പത്തിക വളർച്ച ലക്ഷ്യം വെച്ച് പല യൂറോപ്പിതര രാജ്യങ്ങളും വലിയ രീതിയിലുള്ള പരിഷ്‌കാരങ്ങൾ വിദ്യാഭ്യാസ മേഖലയിൽ നടപ്പിൽവരുത്തി. സ്റ്റാലിന്റെ കാലത്ത്, സോവിയറ്റ് യൂണിയനെ ഒരു വ്യവസായ രാഷ്ട്രമാക്കുന്നതിന്റെ ഭാഗമായി വലിയ രീതിയിലുള്ള പാശ്ചാത്യ-ആധുനിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. സമാന രീതിയിൽ 19ാം നൂറ്റാണ്ടിൽ ജപ്പാനിൽ മെയ്ജി ഭരണത്തിനുകീഴിൽ ശക്തവും സമ്പൂർണമായ രീതിയിൽ ആധുനിക വിദ്യാഭ്യാസത്തിനും അതുവഴി ആധുനികതയ്ക്കും തുടക്കം കുറിച്ചു. കുറച്ചു കൊല്ലങ്ങളായി ചൈനയും കിഴക്കനേഷ്യയിലുള്ള സിംഗപ്പൂരും ഇന്തോനേഷ്യയും ദക്ഷിണ കൊറിയയും പോലെയുള്ള പല രാജ്യങ്ങളും ആധുനിക വിദ്യാഭ്യാസത്തിൽ വലിയ രീതിയിലുള്ള കുതിച്ചു ചാട്ടമാണ് നേടിയത്. ഒരു രാജ്യത്തും ഇന്ത്യയിൽ ഇപ്പോൾ ശ്രമിക്കുന്നതു പോലെയുള്ള പരിഷ്‌കാരങ്ങൾ നടത്തപ്പെട്ടില്ല. അതിനാൽ, ആധുനികതയുടെ സമ്പൂർണമായ പൊളിച്ചെഴുത്ത് ഭയപ്പെടുത്തുന്നതാണ്.▮


ഡോ. ബർട്ടൻ ക്ലീറ്റസ്​

ഡൽഹി ജവഹർലാൽ നെഹ്​റു സർവകലാശാലയിലെ സെൻറർ ഫോർ ഹി​സ്​റ്റോറിക്കൽ സ്​റ്റഡീസിൽ അസിസ്​റ്റൻറ്​ പ്രൊഫസർ.

Comments