ഡോ. പി.വി. പുരുഷോത്തമൻ

വിദ്യാർത്ഥികൾക്കായുള്ള പദ്ധതികളും
ഇനിയും പഠിക്കേണ്ട ചില പാഠങ്ങളും

പുതിയ അക്കാദമിക വർഷത്തിൽ നടപ്പാക്കാൻ പോകുന്ന പദ്ധതികൾ എത്രത്തോളം പ്രായോഗികമാണ് എന്ന അന്വേഷണം. ഒപ്പം, അവയുടെ ഫലപ്രാപ്തിയ്ക്കായി നടപ്പിലാക്കേണ്ട നിർദ്ദേശങ്ങളും മുന്നോട്ടുവെക്കുന്നു, ഡോ. പി.വി. പുരുഷോത്തമൻ.


SSLC പരീക്ഷയിലെ ഉയർന്ന വിജയശതമാനവും ഫുൾ എ പ്ലസുകാരുടെ എണ്ണവും യഥാർഥ ഗുണനിലവാരത്തെ സൂചിപ്പിക്കുന്നില്ലെന്ന ചിന്തയിൽ നിന്നാണ് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞവർഷം ഗുണനിലവാര ചർച്ചയ്ക്ക് തുടക്കമിട്ടത്. എഴുത്തുപരീക്ഷയിൽ മിനിമം 30% ശതമാനം മാർക്ക് നേടിയവരെ മാത്രമേ SSLC പരീക്ഷയിൽ ഇനി വിജയിപ്പിക്കൂ എന്ന തീരുമാനമുണ്ടായത് അതിന്റെ ഭാഗമായാണ്. എന്നാൽ പൊടുന്നനെയുണ്ടായ ആ തീരുമാനം വലിയ തോതിലുള്ള ആശങ്കകൾക്ക് ഇട വരുത്തി. പത്താം ക്ലാസിലെ വാർഷികപരീക്ഷയിൽ 30 % മിനിമം മാർക്ക് ഏർപ്പെടുത്തിയാൽ സമൂഹത്തിൽ പല രീതികളിലും പ്രാന്തവത്കരിക്കപ്പെടുന്നവരുടെ കുട്ടികളെയായിരിക്കും അത് ബാധിക്കുക എന്നതായിരുന്നു പ്രധാന ആശങ്ക.

പുതിയ അധ്യയനവർഷാരംഭത്തിൽ സ്കൂളുകളിൽ നടത്തുന്ന ബോധവല്‍ക്കരണ ക്ലാസുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍
പുതിയ അധ്യയനവർഷാരംഭത്തിൽ സ്കൂളുകളിൽ നടത്തുന്ന ബോധവല്‍ക്കരണ ക്ലാസുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍

പ്രസ്തുത തീരുമാനത്തിന് പിന്തുണയുറപ്പിക്കാൻ സർക്കാർ കണ്ടെത്തിയ മാർഗമായിരുന്നു സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഭാഗങ്ങളുടെ തലവൻമാരെയും സംഘടനകളെയും വ്യക്തികളെയും ഉൾപ്പെടുത്തി കോൺക്ലേവ് സംഘടിപ്പിക്കുകയെന്നത്. അവിടെയും ചില ഇടതുപക്ഷ അധ്യാപക സംഘടനകളും ശാസ്ത്രസാഹിത്യ പരിഷത്തും ആശങ്ക പ്രകടിപ്പിച്ചതോടെ സർക്കാർ പ്രതിസന്ധിയിലായി. കടുത്ത എതിർപ്പുമായി സംസ്ഥാനതല സെമിനാറുകളും വിദ്യാഭ്യാസ ജാഥയുമായി പരിഷത്ത് മുന്നോട്ടു പോയതോടെ സർക്കാർ ഒരു ചുവടുകൂടി പിന്നാക്കം വെച്ചു. കുട്ടികളെ തോൽപ്പിക്കൽ ഈ സർക്കാരിന്റെ നയമല്ലെന്നും എട്ടാം ക്ലാസിൽ തുടങ്ങി ഘട്ടം ഘട്ടമായി മാത്രമേ മിനിമം മാർക്ക് പദ്ധതി പത്താം ക്ലാസിലേക്ക് വ്യാപിപ്പിക്കൂ എന്നും നിലപാടെടുത്തു. തുടർന്ന് എട്ടാം ക്ലാസിലെ വാർഷിക പരീക്ഷയിൽ മിനിമം മാർക്ക് നേടാത്തവർക്ക് പത്തു ദിവസത്തെ പിന്തുണാക്ലാസുകൾ നൽകിയ ശേഷം പുനഃപരീക്ഷ നടത്തി. എന്നിട്ടും മിനിമം നേടാത്തവരെ തോൽപ്പിക്കാതെ ഒമ്പതിലേക്ക് പാസാക്കുകയും വരും വർഷം അവരെ തുടർച്ചയായി പിന്തുണച്ചുകൊണ്ട് അടിസ്ഥാന നിലവാരത്തിലെത്തിക്കുമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു.

കുട്ടികളെ തോൽപ്പിക്കൽ ഈ സർക്കാരിന്റെ നയമല്ലെന്നും എട്ടാം ക്ലാസിൽ തുടങ്ങി ഘട്ടം ഘട്ടമായി മാത്രമേ മിനിമം മാർക്ക് പദ്ധതി പത്താം ക്ലാസിലേക്ക് വ്യാപിപ്പിക്കൂ എന്നും സർക്കാർ നിലപാടെടുത്തു. /Photo: Facebook, Sreekanth S
കുട്ടികളെ തോൽപ്പിക്കൽ ഈ സർക്കാരിന്റെ നയമല്ലെന്നും എട്ടാം ക്ലാസിൽ തുടങ്ങി ഘട്ടം ഘട്ടമായി മാത്രമേ മിനിമം മാർക്ക് പദ്ധതി പത്താം ക്ലാസിലേക്ക് വ്യാപിപ്പിക്കൂ എന്നും സർക്കാർ നിലപാടെടുത്തു. /Photo: Facebook, Sreekanth S

ഇപ്പോഴിതാ, വിമർശനങ്ങളുടെ അന്തഃസത്ത കുറേക്കൂടി ഉൾക്കൊണ്ട് ഒരു വർഷം നീണ്ടുനിൽക്കുന്ന സമഗ്ര ഗുണമേന്മാ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടുവന്നിരിക്കുന്നു. പ്രീ പ്രൈമറി തൊട്ട് ഹയർ സെക്കന്ററി ഘട്ടം വരെയുള്ള ഗുണമേന്മ ഉയർത്താനാണ് പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്. പോരായ്മകൾ പലതും ചൂണ്ടിക്കാണിക്കാമെങ്കിലും പത്താം ക്ലാസിലെ മിനിമം മാർക്കിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് ഇത്രത്തോളം എത്തിയെന്നത് ശുഭസൂചകമാണ്. അക്കാദമിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തൽ, മൂല്യനിർണയത്തിൽ ഊന്നൽ ഭേദങ്ങൾ വരുത്തൽ, ഉദ്യോഗസ്ഥതലത്തിലുള്ള മോണിറ്ററിങ്ങ് ശക്തമാക്കൽ, പഠനത്തിലും വിലയിരുത്തലിലും പഠനനിലവാരം പങ്കുവെക്കുന്നതിലും വിവരസാങ്കേതികവിദ്യ ഉപയോഗപ്പെടുത്തൽ തുടങ്ങിയ പലതും ഉൾപ്പെടുന്ന പദ്ധതി ലക്ഷ്യം കാണുകയാണെങ്കിൽ അത് പൊതുവിദ്യാലയങ്ങളിലെ പഠനഗുണമേന്മ അല്പം കൂടി മെച്ചപ്പെടുത്തുമെന്ന കാര്യത്തിൽ പക്ഷാന്തരമില്ല.

സമഗ്ര ഗുണമേന്മാ പദ്ധതിയും മൂല്യവിദ്യാഭ്യാസ പാക്കേജും രൂപപ്പെട്ടുവന്ന രീതിയിലെ ഒരു സാമ്യത ചൂണ്ടിക്കാട്ടാതെ വയ്യ. അധികാര സ്ഥാനങ്ങളിലുള്ള ഒന്നോ രണ്ടോ വ്യക്തികളുടെ തലയിൽ നിന്നാണ് അവ ആദ്യം രൂപപ്പെട്ടതെന്ന് തോന്നുന്നു.

അങ്ങനെയിരിക്കെയാണ്, മാധ്യമങ്ങൾ ഒരു പുതിയ വാർത്ത പുറത്തുവിടുന്നത്. ഈ അക്കാദമിക വർഷത്തിലെ ആദ്യത്തെ രണ്ടാഴ്ച പാഠപുസ്തക പഠനമേ ഉണ്ടാകില്ലെന്നും മുഴുവൻ സമയവും ചില സന്മാർഗ പാഠങ്ങൾക്കായി വിനിയോഗിക്കുമെന്നും ആയിരുന്നു ആ വാർത്ത. ഇത് വായിച്ച പലരും ആശയക്കുഴപ്പത്തിലായി. ഉപദേശം ഒട്ടുമേ ഇഷ്ടമില്ലാത്തവരാണ് പുതിയ തലമുറയെന്ന് ആർക്കാണറിയാത്തത്? രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സന്മാർഗ വിദ്യാഭ്യാസ പദ്ധതി കുട്ടികൾ എങ്ങനെയാണ് ഉൾക്കൊള്ളുക എന്നതായിരുന്നു പ്രധാന ആശങ്ക. സ്കൂളുകളിലെ മൂല്യവിദ്യാഭ്യാസം എന്നത് കരിക്കുലത്തിന്റെ ഭാഗമായി നടക്കുന്ന നിരവധി പ്രവർത്തനങ്ങളുടെ പരോക്ഷഫലമെന്നവണ്ണം കുട്ടികളുടെ ബോധതലത്തിലും കാഴ്ചപ്പാടിലും ഉണ്ടാവേണ്ട മാറ്റമാണെന്ന് അറിയാത്തവരാണോ വിദ്യാഭ്യാസ വകുപ്പിനെ നയിക്കുന്നത്? രാജാവിന്റെ മക്കളെ നല്ല പാഠം പഠിപ്പിക്കാൻ ഗുണപാഠകഥകളെ (പഞ്ചതന്ത്രം) പ്രയോജനപ്പെടുത്തിയ വിഷ്ണുശർമൻ എന്ന ഗുരുകുലകാല അധ്യാപകനുണ്ടായിരുന്ന തിരിച്ചറിവുപോലും ജ്ഞാനനിർമിതിയെ ഉയർത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ വകുപ്പിന് ഇല്ലാതെ പോയോ എന്ന് സംശയമായി. ഇതും മുമ്പത്തെപ്പോലെ ചില ഉദ്യോഗസ്ഥ കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നുപൊങ്ങിയ വെളിപാടാണോ അതോ, മാധ്യമങ്ങളുടെ പതിവ് വ്യാഖ്യാനമാണോ എന്നത് ഇപ്പോഴും വ്യക്തമല്ല.

ജൂൺ 3 മുതൽ 13 വരെ സ്കൂൾ സമയത്തിൽ നിന്ന് ഒരു മണിക്കൂർ മാത്രം എടുത്ത് നിർവഹിക്കേണ്ട ഒന്നായി മൂല്യവിദ്യാഭ്യാസ പാക്കേജിനെ പരിമിതപ്പെടുത്തിയിരിക്കുന്നു.
ജൂൺ 3 മുതൽ 13 വരെ സ്കൂൾ സമയത്തിൽ നിന്ന് ഒരു മണിക്കൂർ മാത്രം എടുത്ത് നിർവഹിക്കേണ്ട ഒന്നായി മൂല്യവിദ്യാഭ്യാസ പാക്കേജിനെ പരിമിതപ്പെടുത്തിയിരിക്കുന്നു.

ഏതായാലും ഇക്കാര്യത്തിലും ചില തിരുത്തലുകൾ ഇപ്പോൾ ഉണ്ടായിരിക്കുന്നു. ജൂൺ 3 മുതൽ 13 വരെ സ്കൂൾ സമയത്തിൽ നിന്ന് ഒരു മണിക്കൂർ മാത്രം എടുത്ത് നിർവഹിക്കേണ്ട ഒന്നായി മൂല്യവിദ്യാഭ്യാസ പാക്കേജിനെ പരിമിതപ്പെടുത്തിയിരിക്കുന്നു. സോഷ്യൽ മീഡിയയിലും മറ്റും വന്ന വിമർശനങ്ങൾ ഉൾക്കൊണ്ടാണോ എന്നറിയില്ല, സാരോപദേശങ്ങൾ നൽകുകയല്ല ഈ പ്രവർത്തനങ്ങളിലൂടെ വിഭാവനം ചെയ്യുന്നതെന്ന് ഇതിന്റെ ഭാഗമായി പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു (പേജ് - 5). നാടകം, സെമിനാർ, ഡിബേറ്റ്, റോൾപ്ലേ തുടങ്ങിയ തന്ത്രങ്ങളിലൂടെയാണ് ഇവ വിനിമയം ചെയ്യേണ്ടതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ലഹരിക്കെതിരെയുള്ള പ്രതിരോധം, ട്രാഫിക് നിയമങ്ങൾ അനുസരിക്കൽ, ശുചിത്വ - മാലിന്യ സംസ്കരണ - ആരോഗ്യ ശീലങ്ങൾ രൂപപ്പെടൽ, ഡിജിറ്റൽ അച്ചടക്കം പാലിക്കൽ, പൊതുമുതൽ സംരക്ഷിക്കൽ, പരസ്പര സഹകരണം ഉറപ്പാക്കൽ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട മൂല്യങ്ങളുടെയും മനോഭാവങ്ങളുടെയും വികാസമാണ് ഈ പാക്കേജിൽ ഉൾക്കൊള്ളിച്ചുകാണുന്നത്. രണ്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് ഈ മാസം പദ്ധതി നിർദേശിച്ചിട്ടുള്ളത്. ഹയർസെക്കണ്ടറി വിഭാഗത്തിന് ഇത് പിന്നീട് നൽകും.

സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് തന്നെ ഓരോ സ്കൂളിനും ക്ലാസിനും ആവശ്യമായ മോഡ്യൂളുകൾ തയ്യാറാക്കണം എന്നതാണ് മറ്റൊരു നിർദേശം. മൊഡ്യൂൾ വികസിപ്പിക്കാനുള്ള പൊതുമാർഗരേഖയും അതിനാവശ്യമായ അധിക വിഭവങ്ങളുടെ സോഫ്റ്റ് കോപ്പിയും സ്കൂളുകൾക്ക് നൽകുന്നുണ്ട് എന്നാണ് ഒടുവിൽ കേട്ടത്.

സാരോപദേശങ്ങൾ നൽകുകയല്ല  നാടകം, സെമിനാർ, ഡിബേറ്റ്, റോൾപ്ലേ തുടങ്ങിയ തന്ത്രങ്ങളിലൂടെയാണ് മൂല്യവിദ്യാഭ്യാസ പാക്കേജിനെ വിനിമയം ചെയ്യേണ്ടതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
സാരോപദേശങ്ങൾ നൽകുകയല്ല നാടകം, സെമിനാർ, ഡിബേറ്റ്, റോൾപ്ലേ തുടങ്ങിയ തന്ത്രങ്ങളിലൂടെയാണ് മൂല്യവിദ്യാഭ്യാസ പാക്കേജിനെ വിനിമയം ചെയ്യേണ്ടതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

എന്നാൽ സമഗ്ര ഗുണമേന്മാ പദ്ധതിയും മൂല്യവിദ്യാഭ്യാസ പാക്കേജും രൂപപ്പെട്ടുവന്ന രീതിയിലെ ഒരു സാമ്യത ചൂണ്ടിക്കാട്ടാതെ വയ്യ. അധികാര സ്ഥാനങ്ങളിലുള്ള ഒന്നോ രണ്ടോ വ്യക്തികളുടെ തലയിൽ നിന്നാണ് അവ ആദ്യം രൂപപ്പെട്ടതെന്ന് തോന്നുന്നു. കൂട്ടായ ആലോചനകൾ വേണ്ടത്ര നടക്കാതെയാണ് പാതിവെന്ത രൂപത്തിൽ അവ പിന്നീട് പുറത്തേക്കുവന്നത്. വിദ്യാഭ്യാസ പ്രവർത്തകരും മറ്റും തീരുമാനങ്ങളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയപ്പോഴാണ് തിരുത്തലുണ്ടായത്. അപ്പോഴും ആദ്യ നിലപാടിലെ ചില പ്രശ്നങ്ങൾ നിലനിർത്തിക്കൊണ്ടാണ് അന്തിമതീരുമാനങ്ങൾ ഉണ്ടാകുന്നത് എന്നതിനാൽ പാകപ്പിഴകളോടെയാണ് പദ്ധതി നടപ്പിലാക്കപ്പെടുന്നത്. കരിക്കുലം കമ്മിറ്റിയെ പോലുള്ള സംവിധാനങ്ങളും SCERT പോലുള്ള അക്കാദമിക സ്ഥാപനങ്ങളും ഉണ്ടായിരിക്കെയാണ് പ്രത്യക്ഷത്തിൽ തന്നെ തിരിച്ചറിയപ്പെടുന്ന വൈകല്യങ്ങളോടെ വിദ്യാഭ്യാസ നവീകരണ പദ്ധതികൾ പുറത്തിറങ്ങുന്നത്. ഇത് കേരളത്തെപ്പോലെ വിദ്യാഭ്യാസ നിലപാടുകളിലും അവയുടെ നടത്തിപ്പിലും ഏറെ മുന്നോട്ടുപോയ ഒരു സംസ്ഥാനത്ത് ആവർത്തിക്കപ്പെടുന്നത് അഭികാമ്യമല്ല.

പ്രഥമാധ്യാപകർ പരിശീലനങ്ങളിൽ പൂർണസമയം ഉണ്ടാവാറില്ല എന്നതാണ് യാഥാർഥ്യം. സ്കൂളുകളിൽ ഇനിയങ്ങോട്ട് നടക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് പ്രധാനാധ്യാപകനും സഹാധ്യാപകർക്കും വേണ്ടത്ര ധാരണ കിട്ടിയിട്ടുണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ട്.

നിർവഹണത്തിലെ ആശങ്കകൾ

സമഗ്ര ഗുണമേന്മാ പദ്ധതിയും അതിന്റെ ഭാഗമായിത്തന്നെ പരിഗണിക്കാവുന്ന മൂല്യ / മനോഭാവ വികാസ പാക്കേജും സ്കൂൾ തുറക്കുന്നതോടെ നിർവഹണഘട്ടത്തിലേക്ക് കടക്കുകയാണ്. അധ്യാപകർക്കുള്ള അവധിക്കാല പരിശീലനത്തിൽ അവ ഉൾപ്പടുത്തി എന്നതാണ് ഇതിനകം നടന്ന പ്രധാന മുന്നൊരുക്കം. പദ്ധതിയെ സമഗ്രമായി പരിചയപ്പെടുത്തുകയെന്ന പ്രാഥമിക കർമമാണ് പരിശീലന ക്യാമ്പുകളിൽ നടന്നിട്ടുള്ളത്. ഡയറ്റുകളിലും ബി ആർ സി കളിലും ആവശ്യത്തിന് ഫാക്കൽട്ടികളും ട്രെയിനർമാരും ഇല്ലാത്തത് പരിശീലനങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുന്നുണ്ട്. പ്രഥമാധ്യാപകർ പരിശീലനങ്ങളിൽ പൂർണസമയം ഉണ്ടാവാറില്ല എന്നതാണ് യാഥാർഥ്യം. സ്കൂളുകളിൽ ഇനിയങ്ങോട്ട് നടക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് പ്രധാനാധ്യാപകനും സഹാധ്യാപകർക്കും വേണ്ടത്ര ധാരണ കിട്ടിയിട്ടുണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ട്.

ഇനി നടക്കേണ്ടത് തദ്ദേശസ്ഥാപന തലത്തിലും സ്കൂൾ തലത്തിലുമുള്ള തയ്യാറെടുപ്പുകളാണ്. തദ്ദേശസ്ഥാപന തലത്തിൽ ഗുണമേന്മാ പരിപാടിയുടെ മോണിറ്ററിങ്ങിനായി വിദഗ്ധരെ കൂടി ഉൾപ്പെടുത്തി പുതിയ സമിതി ഉണ്ടാക്കിയിട്ടുണ്ട്. സ്കൂൾതലത്തിലും ഇത്തരമൊരു സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. പഞ്ചായത്ത് തലത്തിൽ പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയും (PEC) സ്കൂൾ തലത്തിൽ പി ടി എയും എസ് എസ് ജി യുമൊക്കെ ഉണ്ടെന്നിരിക്കെ പുതിയ സമിതികൾ ഉണ്ടാക്കേണ്ടതിന്റെ അനിവാര്യത വ്യക്തമല്ല. പുതുതായി വരുന്ന ഓരോ പരിപാടിക്കും പുതിയ ഒരു കമ്മിറ്റിയുണ്ടാക്കുകയെന്നത് വളരെക്കാലമായി കണ്ടുവരുന്ന രീതിയാണ്. നിലവിലുള്ള സമിതികൾക്ക് തന്നെ നിർവഹണച്ചുമതല നൽകുന്നതിൽ എന്താണ് കുഴപ്പമെന്ന് മനസ്സിലാകുന്നില്ല. എങ്കിലല്ലേ സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ടവർക്ക് നേരിട്ടുള്ള ഉത്തരവാദിത്തബോധം ഉണ്ടാവൂ. ഈ സമിതികളുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിക്ക് അവശ്യഘട്ടങ്ങളിൽ പ്രാദേശിക വിദഗ്ധരുടെയും മറ്റും സഹായം തേടിയാൽ മതിയല്ലോ. ഏതായാലും ശീലിച്ചത് പാലിക്കാതെ തരമില്ല.

മഴക്കാലത്തിന് മുന്നോടിയായി സ്കൂളിൽ നടക്കേണ്ട പല മുന്നൊരുക്കങ്ങളും നടന്നിട്ടില്ല. /Photo: Facebook, Shaju Kuttykadan
മഴക്കാലത്തിന് മുന്നോടിയായി സ്കൂളിൽ നടക്കേണ്ട പല മുന്നൊരുക്കങ്ങളും നടന്നിട്ടില്ല. /Photo: Facebook, Shaju Kuttykadan

സ്കൂളുകളിലാണ് രണ്ട് പരിപാടികളും ആത്യന്തികമായി നടക്കേണ്ടത്. അധ്യാപകർ പരിശീലനമൊക്കെ കഴിഞ്ഞുവന്നതേയുള്ളൂ. മഴക്കാലത്തിന് മുന്നോടിയായി സ്കൂളിൽ നടക്കേണ്ട പല മുന്നൊരുക്കങ്ങളും നടന്നിട്ടില്ല. സ്കൂൾ പരിസരം വൃത്തിയാക്കണം. പ്രവേശനോത്സവത്തെ കുറിച്ച് ആലോചിക്കണം. പുതിയ കുട്ടികൾക്കുള്ള സമ്മാനങ്ങൾ ശേഖരിക്കണം. ഓട്ടോറിക്ഷക്കാരെ ഉറപ്പാക്കണം. ഫിറ്റ്‍നസ് വാങ്ങണം. കിണർവെള്ളത്തിൽ ക്ലോറിനേഷൻ നടത്തണം. ഇതിനൊക്കെയിടയിൽ സ്കൂളുകളിൽ നടന്ന ഗുണമേന്മാ സമിതി രൂപീകരണത്തിൽ പലയിടത്തും ചുരുക്കം രക്ഷിതാക്കളേ വന്നുള്ളൂ എന്നാണ് അന്വേഷണത്തിൽ അറിയുന്നത്.

മുകളിലിരിക്കുന്ന പലർക്കും ഇപ്പോഴും സ്കൂളുകളുടെ പ്രശ്നങ്ങളും ബി ആർ സി കളുടെയും ഡയറ്റുകളുടെയും പരിമിതികളും ബോധ്യപ്പെടുന്നില്ല എന്നത് ഖേദകരമാണ്. മാർഗരേഖ ഉണ്ടായതുകൊണ്ടോ സമിതികൾ രൂപീകരിക്കപ്പെട്ടതുകൊണ്ടോ മാത്രം ഒരു പദ്ധതിയും വിജയിക്കാൻ പോകുന്നില്ല. സ്കൂൾ തുറന്ന ഉടനെ നടക്കേണ്ട ഒരു പദ്ധതിയായി ഇത് അവതരിപ്പിച്ചതിൽ തന്നെ യാന്ത്രികത ദൃശ്യമാണ്. സ്കൂൾ തുറക്കും മുമ്പ് കൃത്യമായ രൂപരേഖ താഴെത്തട്ടിൽ രൂപപ്പെടുമെന്ന് ഉറപ്പാക്കി വേണമായിരുന്നു പദ്ധതിയുടെ കാലയളവ് നിശ്ചയിക്കാൻ.

മുകളിലിരിക്കുന്ന പലർക്കും ഇപ്പോഴും സ്കൂളുകളുടെ പ്രശ്നങ്ങളും ബി ആർ സി കളുടെയും ഡയറ്റുകളുടെയും പരിമിതികളും ബോധ്യപ്പെടുന്നില്ല എന്നത് ഖേദകരമാണ്. മാർഗരേഖ ഉണ്ടായതുകൊണ്ടോ സമിതികൾ രൂപീകരിക്കപ്പെട്ടതുകൊണ്ടോ മാത്രം ഒരു പദ്ധതിയും വിജയിക്കാൻ പോകുന്നില്ല

ഈ പാക്കേജിൽ പറയുന്ന പല കാര്യങ്ങളും സ്കൂളുകളിൽ ഉചിതമായ സന്ദർഭങ്ങളിൽ പലപ്പോഴായി സംഘടിപ്പിക്കാവുന്നവയാണ്. ഉദാഹരണമായി, ജൂൺ 5 ന് ലോകമാകെ പരിസ്ഥിതി ദിനം ആചരിക്കുകയാണ്. പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. കേരളത്തിലാകട്ടെ മാലിന്യ നിർമാർജനത്തിനുള്ള വലിയ കാമ്പയിനും പ്രവർത്തനങ്ങളും സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടന്നുവരികയുമാണ്. ആ നിലയ്ക്ക് മൂല്യവിദ്യാഭ്യാസ പാക്കേജിലെ ഒരിനമായ പരിസരശുചിത്വം പാലിക്കാനുള്ള സ്കൂൾതല പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ഈ ദിനാചരണത്തെ തന്നെ ഉചിതമായി പ്രയോജനപ്പെടുത്താമായിരുന്നു. കുട്ടികളുടെ ആഹാരശീലവും ആരോഗ്യപരിപാലനവും ഉച്ചഭക്ഷണവുമായി ബന്ധപ്പെടുത്തി സ്കൂൾ തുടങ്ങുമ്പോൾ തന്നെ അവതരിപ്പിക്കാവുന്നതാണ്. ഒരുമാസം നീണ്ടുനിൽക്കുന്ന കാമ്പയിൻ പ്രവർത്തനമായി ഇതിനെ പിന്നീട് വിപുലപ്പെടുത്തുകയുമാവാം. ഇതുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ കൈകാര്യം ചെയ്യാനും ഇതിലും ഉചിതമായ മറ്റൊരു സന്ദർഭമില്ല. ഈ മാസം തന്നെ സ്കൂൾ വാഹനവുമായി ബന്ധപ്പെടുത്തി വാഹനനിയമങ്ങളും സുരക്ഷാ കാര്യങ്ങളും അവതരിപ്പിക്കുന്നതിലും അനൗചിത്യമില്ല. ഗതാഗത നിയമങ്ങൾ പാലിക്കണമെന്നത് കളികളോ കെയിസ് അവതരണമോ ചർച്ചയോ റോൾപ്ലേയോ വീഡിയോ പ്രദർശനമോ ഉപയോഗപ്പെടുത്തി ഫലപ്രദമായി കുട്ടികളിലെത്തിക്കാം. മറ്റിനങ്ങൾ വരാനിരിക്കുന്ന പല മാസങ്ങളിലായി ഉചിത സന്ദർഭങ്ങൾ കണ്ടെത്തി അവതരിപ്പിക്കാൻ നിർദേശിക്കാമായിരുന്നു. അധ്യാപകർക്ക് പ്ലാൻ ചെയ്യാൻ ഇഷ്ടം പോലെ സമയം അതിലൂടെ ലഭിക്കും.

സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങളെയും പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പഠനത്തെയും മൂല്യവികാസത്തെയുമൊക്കെ പരസ്പരബന്ധിതമായി സമീപിക്കുവാൻ സഹായിക്കുന്ന ഒരു പാഠ്യപദ്ധതിയാണ് നിലവിലുള്ളത്. ഇത് കാണാതെ സ്കൂൾ തുറന്ന ഉടൻ ഒരു ദിവസം ഒന്നെന്ന തോതിൽ എല്ലാം അവതരിപ്പിക്കുന്നതിലെ പോരായ്മകൾ വിദ്യാഭ്യാസ വകുപ്പിലെ ആശയദാതാക്കൾക്ക് മാത്രം മനസ്സിലാവാത്തത് എന്തുകൊണ്ടാണ്? അതോ ആദ്യത്തെ നിർദ്ദേശങ്ങളിൽ തന്നെ ചുറ്റിത്തിരിയാൻ ആർക്കെങ്കിലും നിർബന്ധം ഉണ്ടോ?

പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിലെ മുദ്രാവാക്യം. ആ നിലയ്ക്ക് മൂല്യവിദ്യാഭ്യാസ പാക്കേജിലെ ഒരിനമായ പരിസരശുചിത്വം പാലിക്കാനുള്ള സ്കൂൾതല പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ഈ ദിനാചരണത്തെ തന്നെ ഉചിതമായി പ്രയോജനപ്പെടുത്താമായിരുന്നു.
പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിലെ മുദ്രാവാക്യം. ആ നിലയ്ക്ക് മൂല്യവിദ്യാഭ്യാസ പാക്കേജിലെ ഒരിനമായ പരിസരശുചിത്വം പാലിക്കാനുള്ള സ്കൂൾതല പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ഈ ദിനാചരണത്തെ തന്നെ ഉചിതമായി പ്രയോജനപ്പെടുത്താമായിരുന്നു.

നിർദ്ദിഷ്ട പദ്ധതി തുടക്കത്തിൽ തന്നെ വേണ്ടും വിധം റെയിലിൽ കയറേണ്ടതുണ്ട്. ഇക്കാര്യം പരിഗണിച്ച് ചില നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നു:

  • നിലവിലുള്ള സ്കൂൾ സമിതികളുടെ (PTA, MPTA, SSG, ഗുണമേന്മാ സമിതി) സംയുക്ത യോഗം വിളിച്ച് ഈ വർഷം ഏറ്റെടുക്കേണ്ട പരിപാടികൾ കൃത്യമായും സൂക്ഷ്മമായും ചർച്ച ചെയ്തിട്ടുണ്ടെന്നും വാർഷിക പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും തദ്ദേശ സ്ഥാപനങ്ങളും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും ഉറപ്പാക്കുക.

  • ഈ പദ്ധതിയിൽ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കൽ, പരിസര ശുചിത്വം ഉറപ്പാക്കാനുള്ള പ്രായോഗിക നടപടികളിൽ ഏർപ്പെടൽ, അടുക്കളത്തോട്ടത്തിനും പൂന്തോട്ട നിർമ്മാണത്തിനും മറ്റും തുടക്കമിടൽ, വാഹന സുരക്ഷ ഉറപ്പുവരുത്തൽ തുടങ്ങിയ പരിപാടികൾക്ക് ഈ മാസം തന്നെ തുടക്കമിടുന്നുണ്ട് എന്ന് പി ടി എ യും എസ് എസ് ജി യും ഉറപ്പാക്കുക.

  • അക്കാദമിക ഗുണമേന്മയുമായി ബന്ധപ്പെട്ട് ഭാഷാശേഷി വികസിപ്പിക്കാൻ ഊന്നൽ നൽകിയിട്ടുണ്ടല്ലോ. അതിന്റെ ഭാഗമായി ജൂൺ 19 ന് ആരംഭിക്കുന്ന വായനാവാരത്തിൽ തുടങ്ങി വെക്കേണ്ടതും പിന്നീട് വർഷം മുഴുവൻ തുടരേണ്ടതുമായ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താം. ക്ലാസ് ലൈബ്രറി, സ്കൂൾ ലൈബ്രറി എന്നിവ കുട്ടികൾ ഉപയോഗപ്പെടുത്തുന്നുവെന്നും പുസ്തകങ്ങൾ വായിച്ച് കുറിപ്പുകൾ തയ്യാറാക്കുന്നുവെന്നും ഉറപ്പാക്കുകയുമാവാം. ഇത്തരം കുറിപ്പുകൾ ക്ലാസ്‍തല വായനയ്ക്ക് ശേഷം സ്കൂളിലെ പൊതുവായനാബോർഡുകളിലേക്ക് മാറ്റുകയും നിശ്ചിതകാലത്തിനു ശേഷം കുട്ടിയുടെ വ്യക്തിഗത പോർട്ട്‍ഫോളിയോയിൽ ചേർക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യാം.
    ഇത്തരത്തിൽ വിവിധ മാസങ്ങളിലെ ദിനാചരണങ്ങളെയും മറ്റ് പ്രസക്ത സന്ദർഭങ്ങളെയും വിവിധ വിഷയങ്ങളിലെ അക്കാദമിക ഗുണമേന്മയുമായി കണ്ണി ചേർക്കുന്ന സമീപനം സ്വീകരിക്കുന്നത് ഉചിതമായിരിക്കും. സ്വാതന്ത്ര്യദിനം, ശിശുദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ഓരോന്നും പാഠഭാഗങ്ങളുമായും മൂല്യങ്ങളുടെയും നൈപുണികളുടെയും വികാസവുമായും ഉചിതമായി കണ്ണിചേർക്കപ്പെടുന്നുവെന്ന് ഉറപ്പാക്കട്ടെ. ഫലത്തിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന മൂല്യവിദ്യാഭ്യാസ പദ്ധതിയെ ഒരു വർഷം നീണ്ടുനിൽക്കുന്ന ഇടപെടലായി സ്കൂളുകൾ മാറ്റട്ടെ. പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ഓരോ ഇനവും ഏത് സന്ദർഭത്തിൽ എങ്ങനെ വിനിമയം ചെയ്യപ്പെടണം എന്നത് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിന് സ്കൂളിനും അധ്യാപകർക്കും പൂർണ്ണമായ സ്വാതന്ത്ര്യം നൽകുന്നതിലൂടെ ഇത് സാധ്യമാക്കാവുന്നതേയുള്ളൂ.

    undefined

  • പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാനൈപുണ്യം വികസിപ്പിക്കുകയെന്നത് ഗുണമേന്മാ പദ്ധതിയിലെ പ്രധാനപ്പെട്ട ഇടപെടലുകളിൽ ഒന്നാണ്. സ്കൂൾ അന്തരീക്ഷത്തിൽ സ്വാഭാവികമായി ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള സന്ദർഭങ്ങൾ സൃഷ്ടിക്കുന്ന കാര്യം സ്കൂളുകൾക്ക് ഈ വർഷം ഏറ്റെടുക്കാവുന്നതാണ്. ആശയവിനിമയത്തിന് മലയാളത്തെപ്പോലെ ഇംഗ്ലീഷും ഉപയോഗപ്പെടുത്തുന്ന ബൈലിംഗ്വൽ അന്തരീക്ഷം അനൗപചാരിക സന്ദർഭങ്ങളിൽ കുട്ടികളുടെ പിയർ ഗ്രൂപ്പുകളിൽ പരീക്ഷിക്കാവുന്നതാണ്. സ്കൂൾ വരാന്തയിലെ സംഭാഷണങ്ങളിലും ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ടും കളികളുമായി ഇണക്കിച്ചേർത്തുമൊക്കെ കഴിയാവുന്നത്ര ഇംഗ്ലീഷ് സ്വാഭാവികമായി കേൾക്കാനും പറയാനുമുള്ള അവസരങ്ങൾ ഒരുക്കാവുന്നതേയുള്ളൂ. ഇത് ക്രമേണ എഴുത്തിലേക്കും വ്യാപിക്കട്ടെ. (ഇംഗ്ലീഷിൽ സംസാരിക്കാനും എഴുതാനുമുള്ള ശേഷിക്ക് വർധിച്ച പ്രാധാന്യം കൈവരുന്ന പുതിയ കാലത്ത് പൊതുവിദ്യാലയങ്ങളുടെ നിലനിൽപുമായി ബന്ധപ്പെട്ട ഒരു വിഷയം കൂടിയാണ് ഇത്. അതേസമയം ക്ലാസ് തല പ്രവർത്തനങ്ങളിൽ മാതൃഭാഷ തന്നെ ഉപയോഗപ്പെടുത്തുന്ന അഭികാമ്യവും ശാസ്ത്രീയവുമായ രീതി തുടരുകയും വേണം. )

  • ഇത്തരത്തിലുള്ള അക്കാദമിക ഇടപെടലുകളിലും ഗുണമേന്മാ പദ്ധതിയിലെ മറ്റ് ഇനങ്ങളുടെ നടത്തിപ്പിലും രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പിക്കേണ്ടത് അനിവാര്യമാണ്. സ്കൂൾ തുറന്ന ഉടനെ നടക്കേണ്ട ജനറൽ ബോഡിയിലും ക്ലാസ് പി ടി എ യിലും ഈ വർഷത്തെ സ്കൂൾ ഗുണമേന്മാപദ്ധതി വിശദമായിത്തന്നെ ചർച്ച ചെയ്യണം. പ്രവർത്തനങ്ങൾ സംബന്ധിച്ച് അവരുടെ നിർദേശങ്ങൾ തേടണം. സ്കൂളിൽ അന്തിമമായി എന്താണ് നടക്കാൻ പോകുന്നതെന്നതെന്ന വ്യക്തമായ ധാരണ അവർക്ക് ഉണ്ടാവണം. രക്ഷിതാക്കളുടെ ക്ലാസ്‍തല കൂടിച്ചേരലുകളിലൂടെയും വാട്സാപ്പ് ഗ്രൂപ്പിലൂടെയും വിദ്യാഭ്യാസ വകുപ്പിന്റെ ‘സഹിതം’ പോർട്ടലിലൂടെയുമൊക്കെ രക്ഷാകർത്താക്കളെ പദ്ധതിയുമായി നിരന്തരം കണ്ണി ചേർത്താൽ മാത്രമേ സ്കൂളിൽ വന്നുകൊണ്ടിരിക്കുന്ന ഗുണപരമായ മാറ്റത്തെ കുറിച്ച് അവർക്ക് ബോധ്യമുണ്ടാവൂ.

  • ഓരോ കുട്ടിയുടെയും മികവുകളും പിന്നാക്കനിലയും ഏതേത് മേഖലകളിലാണെന്ന് ആരംഭത്തിൽ തന്നെ തിട്ടപ്പെടുത്താൻ പദ്ധതിയിൽ നിർദേശിച്ചതായി കണ്ടു. ഇത് എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തിൽ വ്യക്തത നൽകാൻ മാർഗരേഖയ്ക്ക് കഴിഞ്ഞിട്ടില്ല. ഇതിനുള്ള ഒരു മാർഗം, കഴിഞ്ഞ വർഷത്തെ അധ്യാപകരിൽ നിന്നുമുള്ള ഫീഡ്‍ബാക്ക് ശേഖരിക്കുകയാണ്. മറ്റൊരു മാർഗം രക്ഷിതാവിൽ നിന്ന് കുട്ടിയെ സംബന്ധിച്ച വിവരങ്ങൾ തേടുകയാണ്. ഇനിയൊരു സാധ്യത ചില അടിസ്ഥാന കാര്യങ്ങളിൽ കുട്ടികളുടെ നില നിർണയിക്കാൻ ചില ടെസ്റ്റുകളെ പ്രയോജനപ്പെടുത്തുകയാണ്. ഇങ്ങനെ രൂപപ്പെടുന്ന ധാരണകളെ തുടർന്നുള്ള അനുഭവങ്ങളിലൂടെ നവീകരിക്കുമ്പോൾ കുട്ടികളെ സംബന്ധിച്ച മെച്ചപ്പെട്ട അറിവ് അധ്യാപകർക്ക് ലഭ്യമാവും. ഇതിലൂടെ മികവിന്റെ മേഖലകളിൽ കിട്ടേണ്ട അധിക അനുഭവങ്ങളും പിന്നാക്കമേഖലകൾക്ക് നൽകേണ്ട തുടർപിന്തുണയും ആസൂത്രണം ചെയ്യാൻ ഒരുപരിധി വരെ സാധിക്കും. ഇതിൽ ചില കാര്യങ്ങൾ വീട്ടിൽ നടക്കണം. ചിലതിന്, പ്രത്യേകിച്ചും അഭിരുചി മേഖലകളിൽ പരിശീലനമൊരുക്കാൻ, തദ്ദേശ ഭരണ തലങ്ങളിലുള്ള ഇടപെടലുകൾ ആവശ്യമായി വരും. ഇത്തരത്തിൽ കൂട്ടായ ആലോചനകളും ഇടപെടലുകളും പല തലങ്ങളിൽ തുടർച്ചയായി നടക്കുകയാണെങ്കിൽ അവയുടെ സംയോജിതഫലം കുട്ടിയിലും ദൃശ്യമാകുമെന്ന് ഉറപ്പാണ്. ഈ മികവുകളാണ് വർഷാവസാനം നടക്കുന്ന “പഠനോത്സവ“ത്തിലൂടെ പങ്കുവെക്കപ്പെടേണ്ടത്.

    undefined

  • കുട്ടികളുടെ ഡിജിറ്റൽ അനുഭവങ്ങളെ വല്ലാതെ നിയന്ത്രിക്കാനുള്ള ചിന്ത ഇന്നത്തെ കാലത്ത് അഭികാമ്യമാണോ എന്ന് ആലോചിക്കേണ്ടതുണ്ട്. എന്നാൽ ഉത്തരവാദിത്തപൂർണമായ ഡിജിറ്റൽ ഉപയോഗത്തിന്റെ ഭാഗമായി ലഘുവായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ കുഴപ്പമില്ല. സാങ്കേതികവിദ്യയോട് കുട്ടികൾക്കുള്ള താത്പര്യത്തെ എങ്ങനെ ഗുണപരമായി പ്രയോജനപ്പെടുത്താം എന്ന കാര്യത്തിൽ സ്കൂളുകളിൽ നല്ല കൂടിയാലോചന നടക്കണം. അധ്യാപകർക്കൊപ്പം രക്ഷിതാക്കളും കുട്ടികളും ഇതിൽ പങ്കാളികളാവണം. ഇന്നത്തെ കാലത്ത് കുട്ടികൾക്കിടയിൽ എത്രയോ ‘ടെക്കി’കളെ കാണാം. റോബോട്ടുകളും കുട്ടിവിമാനങ്ങളും ഉണ്ടാക്കി പറത്തുന്നവർ വരെ അവർക്കിടയിലുണ്ട്. അത്തരക്കാരെ നിശ്ചയമായും പ്രോത്സാഹിപ്പിക്കണം. സമൂഹത്തിനു മുന്നിൽ ഉയർത്തിക്കാട്ടണം. സ്കൂളിൽ അധ്യാപകരുടെയും വീട്ടിൽ രക്ഷാകർത്താവിന്റെയും മേൽനോട്ടത്തിൽ മൊബൈൽ ഉപയോഗിച്ച് പഠിക്കാനും പ്രവർത്തിക്കാനും മറ്റും കുട്ടികളെ ഉത്തരവാദപ്പെടുത്തണം. “സമഗ്ര പ്ലസ് ” പോലുള്ള പോർട്ടലുകളെയും അധ്യാപക കൂട്ടായ്മകളിലൂടെ ലഭിക്കുന്ന ഡിജിറ്റൽ വിഭവങ്ങളെയും സ്വന്തമായി തയ്യാറാക്കുന്ന ഡിജിറ്റൽ പഠനസാമഗ്രികളെയും അധ്യാപകർ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നുവെന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പാക്കണം. ഇതിൻ്റെ മുന്നോടിയായി സ്കൂളിലുള്ള ഡിജിറ്റൽ ഉപകരണങ്ങളുടെ കൃത്യമായ പരിശോധന നടത്തി അവ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. കൂടുതൽ ഡിജിറ്റൽ ഉപകരണങ്ങൾ ആവശ്യമെങ്കിൽ സമൂഹത്തിന്റെ പിന്തുണയോടെ കണ്ടെത്തുകയും വേണം. ഇതിനുള്ള ചുമതല പ്രാദേശിക സമൂഹത്തിനൊപ്പം വിദ്യാഭ്യാസ വകുപ്പിനും തദ്ദേശസ്ഥാപനങ്ങൾക്കും ഉണ്ട്.

  • സ്കൂളിൽ, പ്രത്യേകിച്ച് സെക്കണ്ടറി - ഹയർസെക്കണ്ടറി ഘട്ടത്തിൽ, അധ്യാപകർക്കും വിദ്യാർഥികൾക്കും ഇടയിൽ ഇന്നുള്ള അകൽച്ച കുറക്കേണ്ടതുണ്ട്. പുതിയ തലമുറ പ്രശ്നക്കാരാണെന്ന പൊതുസമീപനം ഒഴിവാക്കണം. അവരുടെ വ്യക്തിത്വത്തെ അംഗീകരിച്ചും കഴിവുകളെ മാനിച്ചും മുന്നോട്ടുപോവുകയാണ് ഉചിതം. സ്കൂളിൽ എല്ലാ തലങ്ങളിലുള്ള പ്രവർത്തനങ്ങളിലും കുട്ടികളുടെ പങ്കാളിത്തവും നേതൃത്വപരമായ മുൻകൈയും നിലനിർത്തിക്കൊണ്ടുള്ള ആസൂത്രണം നടക്കണം. ഇതിനായി ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകളിലൂടെ രൂപപ്പെടുന്ന സ്കൂൾ പാർലമെന്റ് പ്രതിമാസം വിളിച്ചുചേർക്കണം. ക്ലാസിലെ കാര്യങ്ങൾ തീരുമാനിക്കാൻ ക്ലാസ് സഭ കൂടണം. അവിടെ നടക്കുന്ന ചർച്ചയിലൂടെ സ്കൂളിന്റെയും ക്ലാസിന്റെയും നടത്തിപ്പും സൽപ്പേരും തങ്ങളുടെ കൂടി ഉത്തരവാദിത്തമാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്താനാവണം ഇതിൽ വിജയിച്ചാൽ ഇന്നുള്ള പല അരാജക പ്രവണതകൾക്കും പ്രശ്നങ്ങൾക്കും പരിഹരമുണ്ടാവും. വീട്ടിലും ഇതിന് തുടർച്ചയുണ്ടായാൽ ക്രിയാത്മകമായി ചിന്തിക്കുകയും കൂട്ടായി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു ഭാവിതലമുറയെ രൂപപ്പെടുത്താൻ കഴിഞ്ഞേക്കും.

    undefined

  • വാർഷിക പരീക്ഷകളെ അമിതമായി ആശ്രയിക്കുന്ന രീതി വിദ്യാഭ്യാസ വകുപ്പ് തിരുത്തണം. കുട്ടികളെ തുടർച്ചയായി വിലയിരുത്തുന്നതിനുള്ള മാതൃകകൾ വികസിപ്പിക്കാനുള്ള മാർഗനിർദേശങ്ങൾ പഞ്ചായത്ത് തലത്തിലും വിദ്യാലയ തലത്തിലും ഉടൻ നൽകണം. ഇതിലൂടെ പ്രാദേശികവും പ്രായോഗികവുമായ നിരവധി മാതൃകകൾ ഉയർന്നു വരട്ടെ. എല്ലാ അധ്യാപകരും ക്രിയാഗവേഷണമായി ഇത് ഏറ്റെടുക്കട്ടെ. ഇങ്ങനെ രൂപപ്പെടുന്ന നല്ല മാതൃകകൾ വർഷാവസാനം വിവിധ തലങ്ങളിൽ അവതരിപ്പിക്കുവാനും മികച്ചവ വരും വർഷം വ്യാപിപ്പിക്കാനുമുള്ള നേതൃത്വപരമായ പങ്ക് ഡയറ്റുകളും എസ് സി ഇ ആർ ടി യും നിർവഹിക്കട്ടെ.

  • സ്കൂൾ, പഞ്ചായത്ത് തലം തൊട്ട് മുകൾത്തട്ട് വരെ ഈ വർഷം കൂട്ടായ പ്രവർത്തന സംസ്കാരവും ഗവേഷണാത്മകതയും പ്രോത്സാഹിപ്പിച്ചാൽ വലിയ മാറ്റങ്ങളും മാതൃകകളും ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇത് യാഥാർത്ഥ്യമാകണമെങ്കിൽ ഓരോ തട്ടിലും നടക്കുന്ന റിവ്യൂ യോഗങ്ങളിലെ വിലയിരുത്തലുകൾ സത്യസന്ധമാവണം. യഥാർഥ നേട്ടങ്ങൾ മാത്രം അവതരിപ്പിക്കാനും നേരിടുന്ന പ്രതിസന്ധികൾ സത്യസന്ധമായി ചൂണ്ടിക്കാണിക്കാനും പ്രധാനാധ്യാപകർക്ക് കഴിയണം. കൂട്ടായ പരിഹാരങ്ങൾ കഴിവതും അതത് തട്ടിൽ തന്നെ സാധ്യമാക്കാനുള്ള പ്രോത്സാഹനം നൽകണം. അല്ലാത്തവ മേൽഘടകങ്ങളിൽ കൈകാര്യം ചെയ്യപ്പെടുന്ന നിലയും ഉണ്ടാകണം.

ചുരുക്കത്തിൽ, പദ്ധതികൾ അവതരിപ്പിച്ചതു കൊണ്ടോ, ഗംഭീരമായ മാർഗ്ഗരേഖകൾ ഉണ്ടാക്കിയതുകൊണ്ടോ കുറെ കമ്മിറ്റികൾ രൂപീകരിച്ചതുകൊണ്ടോ മാത്രം വിദ്യാഭ്യാസരംഗത്ത് കാര്യമായ മാറ്റങ്ങൾ ഉണ്ടാവില്ല. മാർഗരേഖ പ്രാധാന്യത്തോടെ മുന്നോട്ടുവെച്ചിട്ടുള്ള ഗവേഷണാത്മകത സ്കൂൾ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനത്തിന് ഈ വർഷം തുടക്കമിടണം. ആത്മാർഥവും ചടുലവും പ്രായോഗികവുമായ തുടർപ്രവർത്തനങ്ങളിലൂടെ വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും മറ്റും തങ്ങൾക്കൊപ്പം ഉണ്ടെന്ന് സ്കൂൾ അധികൃതർക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും നിരന്തരം ബോധ്യപ്പെടണം. അധ്യാപകരെയും സ്കൂളുകളെയും കുട്ടികളെയും വിശ്വാസത്തിലെടുത്തു നീങ്ങിയാൽ വിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ അവതരിപ്പിച്ച പരിപാടികൾ തന്നെ നല്ല ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല.


Summary: Dr. P.V. Purushothaman reviews Kerala's school education system, assessing proposed projects for the upcoming academic year and suggesting ways to improve their effectiveness.


ഡോ. പി.വി. പുരുഷോത്തമൻ

കണ്ണൂർ ‘ഡയറ്റി’ൽ സീനിയർ ലക്​ചററായിരുന്നു. പുരോഗമന വിദ്യാഭ്യാസ ചിന്തകർ, വിഗോട്സ്കിയും വിദ്യാഭ്യാസവും, വിമർശനാത്മക ബോധനം: സിദ്ധാന്തവും പ്രയോഗവും തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments