Photo: Muhammad Fasil

കച്ചവട ബുദ്ധിക്കാരുടെ റോബോട്ട്​ ഫാക്​ടറിയാകരുത്​
ഉന്നത വിദ്യാഭ്യാസം

ഉന്നത വിദ്യാഭ്യാസ രംഗത്തെ അടക്കിവാഴുന്ന നോളജ് ഇക്കണോമിയെ വിമർശനാത്മകമായി വിലയിരുത്തി, ജനകീയമായ സാമൂഹിക വിദ്യാഭ്യാസത്തിലൂടെ ജനങ്ങളെ അറിവ് നിർമാണ പ്രവർത്തനത്തിൽ പങ്കാളികളാക്കുകയും, ഏറ്റവും പ്രാന്തവൽക്കരിക്കപ്പെട്ട സാമൂഹിക വിഭാഗത്തിലേക്ക് കൂടി അറിവിനെ എത്തിക്കുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള ഒരു പുതിയ ചിന്ത മുന്നോട്ടുവെക്കുകയാണ്​. ഉന്നത വിദ്യാഭ്യാസത്തിലെ ഭാവിയിലെ ഒരു കേരള മോഡലിനെക്കുറിച്ചുള്ള വിചാരം കൂടി ഇ തോടൊപ്പം പങ്കിടുന്നു. ഡോ.രാജൻ ഗുരുക്കൾ, പ്രൊഫ. കെ.എൻ. ഗണേഷ്, പ്രൊഫ. സാബു തോമസ് എന്നിവരും ഈ വിഷയത്തിൽ നിലപാട്​ വ്യക്തമാക്കുന്നു.


A university is a place where new ideas germinate, strike roots and grow tall and sturdy. It is a unique space, which covers the entire universe of knowledge. It is a place where creative minds converge, interact with each other and construct visions of new realities. Established notions of truth are challenged in the pursuit of knowledge.(Yash Pal Committee Report, ‘The Committee to Advise on Renovation and Rejuvenation of Higher Education'- 2009)

ഫ്രാൻസിൽ വിപ്ലവ കാലഘട്ടത്തിൽ (1794) സ്ഥാപിതമായ രണ്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്നു ഇക്കോൾ നോർമേൽ സുപ്പീരിയറും (ENS) ഇക്കോൾ പോളിടെക്‌നിക്കും (Ecole Polytechnique). പഴയമയുടെയും പുതുമയുടെയും സംഘട്ടനത്തിലും ചില കൂടിച്ചേരലുകളിലും ആ രാജ്യത്തിന്റെ ദേശീയ വിദ്യാഭ്യാസനയം രൂപപ്പെടുത്തിയെടുത്തതിന്റെ പരിസമാപ്തിയിലാണ് ഈ രണ്ടു സ്ഥാപനങ്ങളും സൃഷ്ടിക്കപ്പെട്ടത്.

ഇക്കോൾ നോർമേൽ സുപ്പീരിയർ പുതിയ ജ്ഞാനോല്പാദനത്തിലും വിദഗ്ധ അധ്യാപകരുടെ രൂപീകരണത്തിലും ശ്രദ്ധിച്ച ആശയ ഉർവരതയുടെ സ്വതന്ത്ര വിളഭൂമിയും ദേശത്തിന്റെ പുരോഗതിക്കാവശ്യമായ പൗരന്മാരെ വാർത്തെടുക്കേണ്ട സ്വതന്ത്രചിന്തയുടെ വികസനകേന്ദ്രവുമായിരുന്നു. ഇക്കോൾ പോളിടെക്‌നിക് ഒരുതരം ഏകാധിപത്യ ശിക്ഷണവ്യവസ്ഥയിൽ രാജ്യത്തിനനിവാര്യമായ സാങ്കേതികജ്ഞാനത്തിന്റെ ഉല്പാദനത്തിലായിരുന്നു ശ്രദ്ധ. പൂർണമായും സൈനികരീതിയിലുള്ള അച്ചടക്കത്തിലും നിഷ്ഠയിലുമാണ് സാങ്കേതികവിദ്യ അഭ്യസിപ്പിച്ചിരുന്നത്.

പാരിസിലെ ഇക്കോൾ നോർമേൽ സുപ്പീരിയർ കെട്ടിടത്തിലേക്കുള്ള പ്രവേശന കവാടം / Photo: Wikimedia Commons
പാരിസിലെ ഇക്കോൾ നോർമേൽ സുപ്പീരിയർ കെട്ടിടത്തിലേക്കുള്ള പ്രവേശന കവാടം / Photo: Wikimedia Commons

രാജ്യത്തിന്റെ ഭൗതിക പുരോഗതി ലക്ഷ്യം വച്ച് യുദ്ധകാലാടിസ്ഥാനത്തിലുള്ള വ്യാവസായിക ഉല്പാദന ജ്ഞാന രൂപങ്ങളെയാണിവിടെ ലക്ഷ്യം വച്ചത്. ഏറ്റവും രസകരമായ കാര്യം, ഇക്കോൾ പോളിടെക്‌നിക്ക് യുദ്ധമന്ത്രാലയത്തിന്റെ കീഴിലും ഇക്കോൾ നോർമേൽ സുപ്പീരിയർ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും കീഴിലായിരുന്നു എന്നതാണ്. ദേശ രാഷ്ട്രത്തിന്റെ കുതിപ്പിനാവശ്യമായ ആശയങ്ങളുടെയും ഭൗതിക സാമഗ്രഗികളുടെയും രൂപികരണത്തിൽ കൃത്യമായ ദിശാബോധവും തിരിച്ചറിവുമുണ്ടായിരുന്ന ഒരു ദേശരാഷ്ട്രത്തെ ഇവിടെ കാണാൻ കഴിയും. ഈ കാലഘട്ടത്തിൽ, ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് ആലോചിക്കുന്നവരും നയങ്ങൾ രൂപീകരിക്കുന്നവരും അറിഞ്ഞിരിക്കേണ്ടതാണ് ഈ "ഇക്കോൾ' ചരിത്രം. ഈ ലേഖനത്തിൽ ലേഖകർ നിരത്തുന്ന ആശയവാദങ്ങൾക്ക് മുൻവാക്കായി ഇവിടെ സൂചിപ്പിച്ച ഇക്കോൾ ചരിത്രം ഒരു ചിഹ്നവിളക്കായി (sign post) നിൽക്കട്ടെ.

ഉന്നതവിദ്യാഭ്യാസത്തിന്റെ ആഗോള പശ്ചാത്തലം

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നതും നിർമിക്കപ്പെട്ടിരിക്കുന്നതും ഏതു സമൂഹത്തിലാണോ അവ നിലനിൽക്കുന്നത് അവിടുത്തെ ഭരണ, വരേണ്യ വിഭാഗങ്ങളുടെ താൽപര്യമനുസരിച്ചയിരിക്കും. ഇത്തരം സ്ഥാപനങ്ങളെ നിർമിച്ച, അവയെ നിലനിർത്തുന്ന വിഭാഗത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ, പ്രത്യയശാസ്ത്ര, സാംസ്‌ക്കാരിക താൽപര്യങ്ങൾ അരക്കിട്ടുറപ്പിക്കാൻ ഇവ സദാ ഉത്സുകരുമാണ്.

അതത് കാലത്ത് നിലനിൽക്കുന്ന സമൂഹത്തിലെ മേൽക്കോയ്മാ വർഗത്തിന്റെ താത്പര്യമനുസരിച്ചായിരിക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപങ്ങൾ രൂപപ്പെട്ടിരിക്കുന്നതെന്നും, നയിക്കപ്പെടുന്നതെന്നും കരുതിയാൽ തെറ്റാവില്ല.

19ാം നൂറ്റാണ്ട് വരെ പാശ്ചാത്യ സർവകലാശാലകൾ കൈകാര്യം ചെയ്തിരുന്ന വിഷയങ്ങൾ ദൈവശാസ്ത്രം, സാഹിത്യം, തത്വചിന്ത, നിയമം എന്നിവയൊക്കെയായി ബന്ധപ്പെട്ട മേഖലകളായിരുന്നു. മുൻകാലങ്ങളിൽ നിന്ന്​ കൈമാറ്റം ചെയ്തുവരുന്ന അടിസ്ഥാന വിജ്ഞാനവും, മൂല്യങ്ങളും, നിയമവ്യവഹാരങ്ങളും, അവയുടെ മൂലഗ്രന്ഥങ്ങളും അടുത്ത തലമുറയിലേക്ക് പകർന്നുകൊടുക്കുക എന്നതായിരുന്നു അറിവിന്റെ സംഭരണികളായി കണ്ടിരുന്ന ഇത്തരം സ്ഥാപങ്ങളിൽ നടന്നിരുന്നത്. പാഠത്തിനുള്ളിലെ പഠനം മാത്രമായി അധ്യയനം ചുരുങ്ങുകയും, പാഠത്തിനുള്ളിൽ വിഷയിയായിരിക്കുന്ന ലോകത്തിൽ നിന്നും തീർത്തും അന്യനായ പഠിതാവുമായിരുന്നു ഇക്കാലത്തുണ്ടായിരുന്നത്.

അരിസ്റ്റോട്ടിൽസ് സ്കൂൾ, ഗുസ്താവ് അഡോൾഫ് സ്പാൻഗെൻബെർഗിൻറെ ചിത്രീകരണം, 1880
അരിസ്റ്റോട്ടിൽസ് സ്കൂൾ, ഗുസ്താവ് അഡോൾഫ് സ്പാൻഗെൻബെർഗിൻറെ ചിത്രീകരണം, 1880

നവോഥാന - ജ്ഞാനോദയകാല വൈജ്ഞാനിക ദീപ്തി ഒരു പുതിയ സാമൂഹിക ബോധത്തിനും ഉണർവിനും കാരണമാകുന്നുണ്ടെങ്കിലും കലാശാലാ വിദ്യാഭ്യാസം പഴയ തുരുത്തുകളിൽ തുടർന്നു. ദീർഘകാലം പുരോഹിത ശ്രേഷ്ഠരുടെയും നിയമജ്ഞരുടെയും നിയന്ത്രണത്തിലായിരുന്ന ഇത്തരം ഉന്നത കലാശാലകളിലെ വിദ്യാഭ്യാസം വഴിമാറി സഞ്ചരിക്കുന്നത് വ്യാവസായിക വിപ്ലവത്തോടെ പുതുതായി രൂപപ്പെട്ട ഉല്പാദനപരമായ താല്പര്യങ്ങളുടെ ഭാഗമായിട്ടാണ്. പുതിയ വ്യവസ്ഥയിലെ നിയന്ത്രാക്കളായ വ്യാവസായിക മുതലാളിത്തത്തിനാവശ്യമായ അറിവുല്പാദനത്തിലേക്ക് സർവകലാശാലാ വിദ്യാഭ്യാസം മാറ്റി പ്രതിഷ്ഠിക്കപ്പെട്ടു. അറിവിനെ അറകളാക്കി തിരിച്ച് പുതിയ പഠനവിഭാഗങ്ങൾ പ്രത്യക്ഷപ്പെട്ടു; അവിടെ മെച്ചപ്പെട്ട വ്യവസായിക ഉത്പാദനത്തിന് ആവശ്യമായ സാങ്കേതികതയിൽ ഊന്നിയ വിദ്യാഭ്യാസ പരിപാടി ആവിഷ്‌കരിക്കപ്പെട്ടു. പിൽക്കാലത്ത് സർവകലാശാലാ വിദ്യാഭ്യാസം വ്യാപിച്ചപ്പോഴും ഇതേ മാതൃക തന്നെ പുനരാവർത്തിക്കപ്പെടുകയാണുണ്ടായത്.

അതത് കാലത്ത് നിലനിൽക്കുന്ന സമൂഹത്തിലെ മേൽക്കോയ്മാ വർഗത്തിന്റെ താത്പര്യമനുസരിച്ചായിരിക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപങ്ങൾ രൂപപ്പെട്ടിരിക്കുന്നതെന്നും, നയിക്കപ്പെടുന്നതെന്നും കരുതിയാൽ തെറ്റാവില്ല. സമകാലിക രാഷ്ട്രീയ ഭൂമികയോട് ചേർന്നുതന്നെയാണ് വിദ്യാഭ്യാസ രീതികളും രൂപപ്പെട്ടത്. മുഖ്യധാരയും ബദലും എന്നൊക്കെ വിളിക്കുന്ന രീതികളുടെ വേര് പരിശോധിച്ചാൽ ഇത് കൂടുതൽ വെളിവാകും. ഉൽപാദനവും ഉപഭോഗവും ഭാഗമായ, രാഷ്ട്രീയ- സാമൂഹിക മാനങ്ങൾ അടങ്ങിയ ഒന്നായി വേണം വിദ്യാഭ്യാസത്തെയും പരിഗണിക്കാൻ.

യുദ്ധാനന്തര ലോകത്തിലെ വിചാരമാതൃകാ വ്യതിയാനങ്ങൾ

ലോകമഹായുദ്ധാനന്തരം പാശ്ചാത്യ നാടുകളിൽ ഉയർന്നുവന്ന വിദ്യാഭ്യാസ മാതൃകകൾ, പ്രത്യേകിച്ചും സർവകലാശാലാ വിദ്യാഭ്യാസം, അവിടുത്തെ രാഷ്ട്രീയ കമ്പോള ശക്തികളുടെ താൽപര്യം ഉയർത്തിപ്പിടിക്കുന്നതായിരുന്നു. അമേരിക്കൻ ഐക്യനാടുകളായിരുന്നു ഈ പുതിയ അറിവുനിർമാണത്തിന്റെ മുന്നിൽ നിന്നത്. ലോകയുദ്ധത്തിന്റെ വാണിജ്യ ലാഭവും, യുദ്ധാനന്തര പുനർനിർമാണ സാധ്യതകളും, ആഗോള മേൽക്കോയ്മക്ക് വേണ്ടിയുള്ള പന്തയത്തിലെ മുന്നേറ്റവും ഐക്യനാടുകൾക്ക് പുതിയ പരിവേഷം നൽകി.

ജോൺ മെയിനാഡ് കെയിൻ‍സ്
ജോൺ മെയിനാഡ് കെയിൻ‍സ്

കെയ്നീഷ്യൻ സാമ്പത്തിക ശാസ്ത്രവും, സാമൂഹിക ഇടപെടൽ ഉണ്ടാക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന ‘ദാതാവ് സ്വഭാവം’ അണിഞ്ഞ രാഷ്ട്രവും ചേർന്ന് അഭിവൃദ്ധി കാത്തിരിക്കുന്ന ഭാവിയുടെ ശുഭ പ്രതീക്ഷ പേറുന്ന മാതൃകാസ്ഥാനമാണ് അവിടമെന്ന ധാരണ ആകർഷണീയതയുള്ള ഒന്നായി. ഈ കാലഘട്ടത്തിലാണ് ലോകം കണ്ടതിൽ വച്ചേറ്റവും ശക്തമായ സർവകലാശാലാ വ്യവസ്ഥ ഐക്യനാടുകളിൽ ഉയർന്നുവരുന്നത്. ശക്തമെന്നാൽ, യുദ്ധാനന്തര ലോകത്തിന് മുഴുവനും വേണ്ട അറിവ് ഈ കേന്ദ്രങ്ങളിൽ ഉല്പാദിപ്പിക്കപ്പെട്ടു. പുതിയൊരു അധീശത്വം സ്വപ്നം കണ്ട് സാമൂഹികശാസ്ത്രപരവും, ഭാഷാശാസ്ത്രപരവുമായ അറിവുകൾ ലോകത്തിനുവേണ്ടി മൾട്ടിവേഴ്‌സിറ്റികൾ എന്നറിയപ്പെടണം എന്നാഗ്രഹിച്ച അമേരിക്കൻ സർവകലാശാലകൾ നിർമിച്ചുനല്കി.

ശീതയുദ്ധ കാലത്തെ രാഷ്ട്രീയ സാമ്പത്തിക താല്പര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലുള്ള യുദ്ധ-വ്യാവസായിക കോർപറേറ്റ് കോംപ്ലക്‌സുകൾ എന്ന് വിളിക്കപ്പെടുന്ന സംഘാടനത്തിന് അനുയോജ്യമായ രീതിയിൽ സർവകലാശാലാ വിദ്യാഭ്യാസം മാറ്റപ്പെട്ടു. ഇതിന്റെ ഫലമായി വിപണി, ഭരണകൂട ദ്വയങ്ങളുടെ നിയന്ത്രണത്തിലുള്ളതും, അവയോട് കടപ്പാടുള്ളതുമായ ഒരു ഉന്നത വിദ്യാഭ്യാസ രംഗം സൃഷ്ടിക്കപ്പെട്ടു. പുതിയ അറിവുൽപാദനം എന്നതിനും അപ്പുറം വിപണിയുടെ ഇംഗിതങ്ങളാൽ നിർണയിക്കപ്പെട്ട മുഖ്യധാരാ വ്യവസ്ഥയെയും അതിന്റെ വ്യവഹാരങ്ങളെയും സംരക്ഷിക്കുകയും, അതിന്റെ ചൊൽപ്പടിക്ക് സ്വയം നിൽക്കുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒന്നായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറി. പ്രത്യക്ഷ സാമ്പത്തിക സഹായം, സൈനിക ഇടപെടലുകൾ, അസംഖ്യം പരോക്ഷ ധനസഹായങ്ങളായ എയ്ഡുകൾ എന്നിവയിലൂടെ ഇതേ മാതൃകയ്ക്ക് സമാനമോ, ഇതിനെ സേവിക്കുകയോ ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ മാതൃകകൾ ലോകം മുഴുവനും, ഏറ്റവും ചുരുങ്ങിയത് തങ്ങളുടെ മുൻ കോളനികളിലെങ്കിലും സ്ഥാപിക്കാനും പടിഞ്ഞാറൻ വികസിത സാമ്പത്തിക, രാഷ്ട്രീയ ശക്തികൾ ശ്രമിച്ചു.

വ്യാവസായിക മേഖലയിൽ ഉല്പാദനത്തേക്കാൾ ഉപഭോഗത്തിന് പ്രാധാന്യം ലഭിച്ച വ്യവസായനന്തരമെന്നും, ഉപഭോക്ത സമൂഹമെന്നും വിളിച്ച കാലത്തിനനുയോജ്യമായ വിദ്യാഭ്യാസ മാതൃകയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ സർവകലാശാലാ ഘടനയിലും മാറ്റങ്ങളുണ്ടാക്കി.

1970കളിലെ സാമ്പത്തിക പ്രതിസന്ധി പാശ്ചാത്യ ലോകത്ത് കെയ്നേഷ്യൻ അടിത്തറയുള്ള ‘ദാതാവ് മാതൃക’ അട്ടിമറിച്ചു. ഉയർന്ന തോതിലുള്ള ഭരണകൂട ഇടപെടലാണ് എല്ലാ പ്രശ്‌നത്തിനും കാരണം എന്ന് സ്വതന്ത്ര വിപണിയുടെ വക്താക്കൾ വിധിയെഴുതിയതോടെ വിദ്യാഭ്യാസവും ആരോഗ്യവുമടക്കം എല്ലാ മേഖലകളിൽ നിന്നും സർക്കാരുകൾ പിന്മാറുകയാണുണ്ടായത്. ലേറ്റ് കാപ്പിറ്റലിസം എന്നുവിളിച്ച ഈ ഘട്ടമായപ്പോഴേക്കും ഉത്പാദനത്തെ ഒരു കേന്ദ്രത്തിൽ നിന്ന്​കുറേയേറെ സ്ഥലികളിലേക്ക് ചിതറിക്കുന്ന പോസ്റ്റ് ഫോഡിസ്റ്റ് ക്രമം വ്യവസായ കേന്ദ്രങ്ങളിൽ നിന്നും വിദ്യാഭ്യാസ മേഖലയിലേക്കും വ്യാപിച്ചു. വേഗത്തിൽ വ്യാപിച്ച വിവര സാങ്കേതിക വിദ്യയും, അതിന്റെ പ്രയോഗവും കലാശാലാ വിദ്യാഭ്യാസത്തിലും വലിയ ചിതറിക്കലുകൾ ഉണ്ടാക്കി. വ്യാവസായിക മേഖലയിൽ ഉല്പാദനത്തേക്കാൾ ഉപഭോഗത്തിന് പ്രാധാന്യം ലഭിച്ച വ്യവസായനന്തരമെന്നും, ഉപഭോക്ത സമൂഹമെന്നും വിളിച്ച കാലത്തിനനുയോജ്യമായ വിദ്യാഭ്യാസ മാതൃകയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ സർവകലാശാലാ ഘടനയിലും മാറ്റങ്ങളുണ്ടാക്കി. അറിവ് സൃഷ്​ടിക്കുന്നതിനുമപ്പുറം അത് വിപണിയിൽ നിന്ന്​ യഥേഷ്ടം വാങ്ങുവാൻ സാധിക്കുന്നതോ, ഒരു ഉറവിടത്തിൽ നിന്ന്​ പ്രദാനം ചെയ്യാനുള്ളതോ ആയ ഒന്നായി കാണുവാൻ ആരംഭിക്കുന്നതോടെ പുതു സാമ്പത്തിക പദ്ധതിയിലേക്ക് വിദ്യാഭ്യാസവും പ്രതിഷ്ഠിക്കപ്പെട്ടു.

മാർഗരറ്റ് താച്ചർ, റൊണാൾഡ് റീഗൻ
മാർഗരറ്റ് താച്ചർ, റൊണാൾഡ് റീഗൻ

റീഗനോമിക്സ് എന്നും താച്ചറിസമെന്നും യഥാക്രമം അമേരിക്കയിലും ബ്രിട്ടനിലും വിളിക്കപ്പെട്ട ഈ നവ ഉദാര കമ്പോളത്തിൽ ഏറ്റവും മാറ്റത്തിന് വിധേയമായ മേഖലകളിൽ ഒന്ന് വിദ്യാഭ്യാസമായിരുന്നു. അധികാരത്തിലിരിക്കുമ്പോൾ മേന്മയുള്ള മനുഷ്യരെയോ, നല്ല പൗരന്മാരെയോ രൂപപ്പെടുത്തുന്നതിലല്ല, മറിച്ച് മെച്ചപ്പെട്ട തൊഴിലാളികളെ സൃഷ്ടിക്കുന്നതിലാണ് തന്റെ വിദ്യാഭ്യാസ നയത്തിന്റെ ഊന്നൽ എന്ന് ഒരു ശങ്കയുമില്ലാതെ റീഗൻ പറഞ്ഞു. താച്ചർ ആവട്ടെ തന്റെ ഭരണ കാലയളവിൽ അധ്യാപക സ്ഥിരത ഒഴിവാക്കിയും, ഗ്രാന്റിനുപകരം ഫണ്ടിങ് മാത്രമാക്കിയും, എല്ലാത്തരം സംഘടനാ പ്രവർത്തനങ്ങളെയും നിരോധിച്ചും, സർവകലാശാലകൾക്ക് മുകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയുമാണ് ഇടപെടൽ നടത്തിയത്.

പിൽക്കാലത്ത് ലോകമെങ്ങുമുള്ള ഭരണകൂടങ്ങൾ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇതേ ചെലവുകുറക്കൽ, അമിത കേന്ദ്രീകരണ മാതൃക പിന്തുടരുകയാണുണ്ടായത്. തൊഴിൽ ശക്തിയുടെ സാമൂഹിക പുനർനിർമാണത്തിലും നിലനിൽക്കുന്ന സാമൂഹിക വ്യവസ്ഥയുടെ ആശയപരമായ ന്യായീകരണത്തിലും ഭരണകൂടം കലാശാല വിദ്യാഭ്യാസത്തെ വലിയതോതിൽ ഉപയോഗിക്കാൻ തുടങ്ങിയതോടെ പ്രത്യേകിച്ചും.

പാഠ്യ പ്രക്രിയയിൽ പങ്കെടുക്കുന്ന പഠിതാവിന്റെ സമ്പൂർണ വികസനം, പുതിയ പൗരന്റെ രൂപീകരണം, ജനാധിപത്യ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നിവക്കുപകരം ഉന്നത വിദ്യാഭ്യാസം എന്നത് മാനവിക വിഭവശേഷിയുടെ രൂപീകരണമോ വികസനമോ ആയി മാറിയിട്ടുണ്ട്.

ഇവിടുത്തെ മുഖ്യ അജണ്ട വിദ്യാഭ്യാസ വിപണിയുടെ വ്യാപനവും, പാഠ്യപദ്ധതിയിലടക്കം ഈ വിപണിയുടെ ലാഭ മൂലസൂത്രങ്ങളുടെ പ്രയോഗവുമാണ്. പൊതുഉടമസ്ഥതയിലുള്ള സ്ഥാപങ്ങളുടെ അടച്ചുപൂട്ടൽ അല്ലെങ്കിൽ നടത്തിപ്പിന് ഏൽപ്പിച്ചുകൊടുക്കൽ, എല്ലാത്തരം അധ്യാപക - വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങൾക്കും മുകളിലുള്ള കടുത്ത നിയന്ത്രണങ്ങൾ, തീവ്ര മെറിറ്റ് വാദം, മുകൾതട്ടിലുള്ള നിയന്ത്രണ സംവിധാനത്തോട് മാത്രമുള്ള ഉത്തരവാദിത്തം എന്നിവയെല്ലാം ഈ സംവിധാനത്തിന്റെ അഭിവാജ്യ ഭാഗങ്ങളായി. പൊതുമേഖലയെ കൈയൊഴിയുന്ന ആദ്യപടിയായ പി.പി.പി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പൊതു സ്വകാര്യ പങ്കാളിത്തം വിദ്യാഭ്യാസ മേഖലയിലും വ്യാപകമായി.

പൊതുമേഖലാ വിദ്യാഭ്യാസത്തിന്റെ ഭാഗമായ പഠിതാക്കൽ പോലും തങ്ങളുടെ അധ്യയനത്തിന്റെ ഭാഗമായി ഏതാനം കോഴ്സുകൾ സ്വകാര്യമേഖലയിൽ ചെയ്യണമെന്നും ക്രെഡിറ്റ് ആർജിക്കണമെന്നുമുള്ള നിർദേശങ്ങൾ ഇത്തരം പങ്കാളിത്തത്തിന്റെ ഭാഗമായിട്ടാണ് വരുന്നത്. അന്താരാഷ്ട്ര കച്ചവട ഉടമ്പടികളിലൊക്കെയും ഉന്നത വിദ്യാഭ്യാസം ഒരു വില്പനചരക്കിന്റെ രൂപത്തിൽ കരാറുകൾക്ക് വിധേയമായി. ഇത്തരം കരാറുകളിലെ നിബന്ധനകൾക്ക് വിധേയമായി പുതിയതരം തൊഴിൽ ബന്ധങ്ങൾക്കും, ജോലികൾക്കും അനുയോജ്യമായ തരത്തിൽ വിദ്യർത്ഥികളെ ഒരുക്കുക എന്നത് അംഗങ്ങളായ ദേശരാഷ്ട്രങ്ങളുടെ പ്രധാന ചുമതലയായി മാറി.

ആഗോളികരണകാലത്തെ ചരക്കായ വിദ്യാഭ്യാസം

ആഗോളതലത്തിൽ കഴിഞ്ഞ ഇരുപത് വർഷം ഉന്നത വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സങ്കല്പങ്ങളിൽ അടക്കം വൻ മാറ്റങ്ങളാണുണ്ടാക്കിയത്. പാഠ്യ പ്രക്രിയയിൽ പങ്കെടുക്കുന്ന പഠിതാവിന്റെ സമ്പൂർണ വികസനം, പുതിയ പൗരന്റെ രൂപീകരണം, ജനാധിപത്യ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നിവക്കുപകരം ഉന്നത വിദ്യാഭ്യാസം എന്നത് മാനവിക വിഭവശേഷിയുടെ രൂപീകരണമോ വികസനമോ ആയി മാറിയിട്ടുണ്ട്. മികച്ച സാങ്കേതിക, മാനേജേരിയൽ വൈദഗ്ധ്യം സൃഷ്ടിക്കുക എന്നതാണ് ഈ വിദ്യാഭ്യാസ പദ്ധതി ലക്ഷ്യം വെക്കുന്നത്. പഠന പദ്ധതിയായ കരിക്കുലം, സിലബസ് രൂപികരണത്തിലും, പ്രധാനപ്പെട്ട അക്കാദമിക സമതികളിലേക്കും അധ്യാപക വിദ്യാർത്ഥി ഗവേഷക കൂട്ടായ്മകളുടെ പ്രാതിനിധ്യം കുറയുന്നതും ഉന്നത വിദ്യാഭ്യാസ നയരൂപികരണ സമിതികളിൽ ഉദ്യോഗസ്ഥ - വ്യാവസായിക പ്രതിനിധികളുടെ ഉയരുന്ന പ്രാതിനിധ്യവും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.

അധ്യാപനം എന്നത് ചിട്ടപ്പെടുത്തിയ പരീക്ഷ രീതിക്കും ‘ഔട്ട് കം ബേസ്ഡ്’ പ്രകടനത്തിനും വഴി മാറിയതോടെ ഏതൊരു വ്യാപാര സ്ഥാപനവും പോലെ നഷ്ടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുന്ന മാനേജർ / സി.ഇ.ഒ പദവിയിലേക്ക് അധ്യാപകർ മാറിയിട്ടുണ്ട്. പ്രസ്തുത ‘ലേണിങ് ഔട്ട് കം’ ആരാണ് നിർണയിക്കുക, പഠിതാവ് ഇപ്പോൾ എവിടെയാണ് നിൽക്കുന്നത് എന്നത് അറിയാൻ ഏത് മാനദണ്ഡമാണ് ഉപയോഗിക്കുക എന്നിവയെല്ലാം തീരുമാനിക്കുന്നതിൽ നിന്ന് അക്കാദമിക സമൂഹം പുറത്താവുകയും മറിച്ച് മുൻപ് സൂചിപ്പിച്ച ഉദ്യോഗസ്ഥ - വ്യാവസായിക കൂട്ടായ്മ കടന്നുവരുകയും ചെയ്യുന്നുണ്ട്. ലോകബാങ്ക് നിർണയിച്ച ആഗോള മൂല്യനിർണയ മാനകം ആയ പിസ (PISA) അഥവാ ‘പ്രോഗ്രാം ഫോർ ഇന്റർനാഷണൽ സ്റ്റാൻഡേർഡ് അസസ്‌മെന്റി’ന്റെ ഭാഗമായി ഇപ്പോൾ തന്നെ ലോകത്ത് പഠിക്കുന്ന വിദ്യാർഥികളെല്ലാവരും അവരവരുടെ കോഴ്‌സുകളിൽ നിന്ന്​ഇത്രയ്ക്ക് ഇത്ര നൈപുണി ആർജിച്ചിരിക്കണം എന്നതിനെ സംബന്ധിച്ച് ഒരു മാനകം നിശ്ചയിച്ച് നൽകിയിട്ടുണ്ട്.

Photo: Muhammad Fasil
Photo: Muhammad Fasil

നൈപുണ്യത്തിന് നൽകുന്ന ഈ പ്രാധാന്യം മധ്യവർഗത്തെ വലിയതോതിൽ ആകർഷിക്കാൻ പ്രാപ്തിയുള്ള ഒന്നാണ്. പ്രത്യേകിച്ചും അന്താരാഷ്ട്ര നിലവാരം, തന്റെ കുട്ടിക്ക് ലോകനിലവരമുള്ള വിദ്യാഭ്യാസം, ലോകത്തെവിടെയും പഠനം സാധ്യമാകും തുടങ്ങിയവ വളരെ വേഗം തൊഴിലന്വേഷക മധ്യവർഗ സമൂഹത്തെ സ്വാധീനിക്കും. പക്ഷെ അടിസ്ഥാനപരമായി ജ്ഞാനനിർമ്മിതിക്ക് പ്രസക്തിയും നഷ്ടപ്പെടുകയും സ്‌കൂളുകൾ കോച്ചിംഗ് കേന്ദ്രങ്ങൾ ആയി മാറുകയും ചെയ്യുന്ന ഒരു സാഹചര്യം ഇതിലൂടെ സൃഷ്ടിക്കപ്പെടും. ഉന്നത വിദ്യാഭ്യാസത്തെ മനുഷ്യ വിഭവശേഷിയുടെ വർധനവ് ആയിട്ട് കാണുമ്പോൾ പ്രത്യേകിച്ചും.

അധ്യാപനം എന്നത് ചിട്ടപ്പെടുത്തിയ പരീക്ഷ രീതിക്കും ‘ഔട്ട് കം ബേസ്ഡ്’ പ്രകടനത്തിനും വഴി മാറിയതോടെ ഏതൊരു വ്യാപാര സ്ഥാപനവും പോലെ നഷ്ടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുന്ന മാനേജർ / സി.ഇ.ഒ പദവിയിലേക്ക് അധ്യാപകർ മാറിയിട്ടുണ്ട്.

സയൻസ്, ടെക്​നോളജി, എൻജിനീയറിങ്, മാനേജ്മെൻറ്​ എന്നിവയ്ക്കാണ് പുതു തലമുറ കോഴ്സുകകൾ എന്ന പേരിൽ അവതരിപ്പിക്കപ്പെടുമ്പോൾ അധിക പ്രാധാന്യം ലഭിക്കുന്നത്. കമ്പോളധിഷ്ഠിത സമൂഹത്തിൽ ഇങ്ങനെയുള്ള ഒരു തിരഞ്ഞെടുപ്പിൽ മിക്കവാറും ഭാഷ, സാമൂഹ്യശാസ്ത്രം, തത്വചിന്ത, ചരിത്രം എന്നിവ ഒഴിവാക്കപ്പെടാൻ സാധ്യതയേറെയാണ്. പരമാവധി വിദ്യാർഥികളെ തൊഴിൽ ലഭിച്ചവരാക്കി പറഞ്ഞയക്കുന്നത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഔട്ട്പുട്ട് തീരുമാനിക്കുന്നതും ഗുണമേന്മ അളക്കുന്നതും, അതിൽ പിന്നാക്കം പോവുന്നവർക്ക് ഫാക്ടറി ലോക്ക് ഔട്ടുകൾക്ക് സമാനമായ അടച്ചുപൂട്ടൽ സഹചര്യമാവും സൃഷ്ടിക്കുന്നത്. ഇത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിൽ അനാവശ്യ മത്സരത്തിനും കാരണമാകും. ഭൂമിശാസ്ത്രപരവും, പ്രദേശികവും, ജനസംഖ്യാപരവുമായ വൈവിധ്യങ്ങളെ ഒന്നും കണക്കിലെടുക്കാതെ ഏക മാനകത്തിൽ നടത്തുന്ന ഗുണമേന്മാ അളവുകൾ തന്നെ പ്രശ്‌നമുള്ളതാണ്. പാശ്ചാത്യ രാജ്യങ്ങളിൽ ആരോഗ്യ സംവിധാനങ്ങൾ ഭൂരിഭാഗവും നിയന്ത്രിക്കുന്ന സ്വകാര്യ ഹെൽത്ത് മെയിന്റനൻസ് ഓർഗനൈസേഷൻസിന് സമാനമായി വിദ്യാഭ്യാസ മേഖലയിൽ എഡ്യുക്കേഷൻ മെയിന്റനൻസ് ഓർഗനൈസേഷൻസ് എന്നപേരിൽ സ്ഥാപനങ്ങൾ വേണമെന്ന വാദം ഇതിനകം ശക്തിപ്പെട്ടിട്ടുണ്ട്. അതായത്, വിഭവവിതരണം മുതൽ അതിനെ ഉപയോഗം, അറിവിന്റെ ഉത്പാദനം എന്നിവയെല്ലാം നിയന്ത്രിക്കാൻ അക്കാദമിക പരിസരത്തിന് വെളിയിൽ ഉള്ള ഒരു ഏജൻസി അകത്തേക്ക് വരുന്നു.

അറിവുൽപ്പാദനത്തിൽ പ്രത്യേകിച്ചും ഉന്നത മേഖലയിലുണ്ടായ കമ്പോളാഭിമുഖ്യത്തെ ‘നോളജ് കാപിറ്റലിസം’ എന്ന പേരിൽ തന്നെ ആഗോള സാമ്പത്തിക ഫോറങ്ങളിൽ വിശേഷിപ്പിക്കുകയുണ്ടായി. ലോകബാങ്ക്, ഐ.എം.എഫ്, ഒ.ഇ.സി.ഡി കൂട്ടായ്മ എന്നിവർ രണ്ടാം സഹസ്രാബ്ധത്തിന്റെ ഒടുക്കം സമർപ്പിച്ച റിപ്പോർട്ടുകളിൽ നോളജ് കാപിറ്റലിസം, നോളജ് ഏകോണമി തുടങ്ങിയ വാക്കുകൾ തുടരെ പ്രയോഗിക്കുന്നുണ്ട്. അറിവുല്പാദനത്തെ സാമ്പത്തിക ഉല്പാദനത്തിന്റെ ഭാഗമായി വിലയിരുത്തുമ്പോൾ നിലവിലുള്ള ഉൽപാദന ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ വേണമല്ലോ അവയെയും പരിഗണിക്കേണ്ടത്, അതായത് ദേശരാഷ്ട്രങ്ങളുടെ ഇടപെടൽ പരിമിതമാക്കണമെന്ന ആഗോളവൽക്കരണ സാമ്പത്തിക ക്രമത്തിൽ അടിസ്ഥാനത്തിൽ. ഒരുകണക്കിന് ലേറ്റ് കാപിറ്റലിസം എന്നുവിളിച്ച 1980 കാലത്ത് ലക്ഷ്യം വച്ച നിലവിലുള്ള ഘടനയെ അടിമുടി ഉടച്ചുവാർക്കുക എന്ന ലക്ഷ്യം ഫലം കാണുന്നത് സാങ്കേതിക വിദ്യയുടെ കുത്തൊഴുക്ക് പ്രകടമായ 21ാം നൂറ്റാണ്ടിലാണ്. വിദൂര വിദ്യാഭ്യാസമെന്ന ഓമനപ്പേരിൽ പാശ്ചാത്യ നാടുകളിലെത്തിയ കോഴ്സുകൾ വളരെ പെട്ടെന്ന് ഉത്തരവാദിത്തം കയ്യൊഴിയുന്ന സർക്കാരിന്റെയും പുതിയ മേച്ചിൽ പുറങ്ങൾ അന്വേഷിക്കുന്ന കോർപ്പറേറ്റുകളുടെയും ആശിർവാദത്തോടെ കളം നിറയുകയാണുണ്ടായത്. ഒരേസമയം നവീനമായതും വിപ്ലവകരമായ മാറ്റം ഉന്നത വിദ്യാഭ്യാസത്തിൽ സൃഷ്ടിക്കുന്നതും ആണ് ഈ കമ്പ്യൂട്ടർ മധ്യവർത്തിയുടെ ഇടപെടലോടെയുള്ള ബോധനം എന്ന ധാരണ പെ​ട്ടെന്ന് പടർന്നു. എന്നാൽ, ഈ മേഖലയിൽ ഒരു സങ്കോചവും കൂടാതെ നടത്തിയ സാങ്കേതികം മാത്രമായ ഇടപെടൽ സൃഷ്ടിച്ച അക്കാദമിക ജഡത്വം പരിശോദിച്ചതുമില്ല.

സ്വാതന്ത്ര്യാനന്തര ഇന്ത്യൻ അനുഭവം

പുതിയ ദേശീയ വിദ്യാഭ്യാസ നയം (NEP) എന്ന പേരിൽ കഴിഞ്ഞ വർഷം കെ. കസ്തൂരിരംഗൻ അധ്യക്ഷനായ സമിതി പ്രസിദ്ധീകരിച്ച രേഖക്ക് മു​മ്പ്​ മൂന്ന് പ്രധാനപ്പെട്ട വിദ്യാഭ്യാസ നയരൂപീകരണ രേഖകൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായിരുന്നു. 1956ലെ കോത്താരി കമീഷൻ റിപ്പോർട്ട്​, 1968ലെ ഇന്ദിരാഗാന്ധി സർക്കാർ അംഗീകരിച്ച നയം, 1986ലെ എൻ.ഇ.പി എന്നിവയായിരുന്നു പ്രസ്തുത നയരേഖകൾ. സ്വാതന്ത്ര്യലബ്ധിയുടെ കാലഘട്ടത്തിൽ ഇന്ത്യയിലെ ഏകദേശം 70% ആളുകൾ നിരക്ഷരരായിരുന്നു. കോത്താരി കമീഷനാണ് ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പിന്തുടരുന്ന 10+2 എന്ന സ്‌കൂൾ വിദ്യാഭ്യാസ മാതൃകയും മൂന്ന് വർഷത്തെ ബിരുദ കോഴ്സ് മാതൃകയും മുന്നോട്ട് വച്ചത്. അടിയന്തിരാവസ്ഥ കാലഘട്ടത്തിൽ സംസ്ഥാന പട്ടികയിൽ നിന്ന് കേന്ദ്രത്തിന് കൂടി നിയന്ത്രണമുള്ള സമവർത്തി പട്ടികയിലേക്ക് വിദ്യാഭ്യാസം മാറുകയുണ്ടായതാണ് ഇന്ദിരാഗാന്ധിയുടെ കാലത്തെ വിദ്യാഭ്യാസ നയത്തിലുണ്ടായ ഏറ്റവും വലിയ മാറ്റം.

കെ. കസ്തൂരിരംഗൻ, ദൗലത്ത് സിംഗ് കോത്താരി
കെ. കസ്തൂരിരംഗൻ, ദൗലത്ത് സിംഗ് കോത്താരി

1985ൽ വിദ്യാഭ്യാസത്തിന് നേരിടുന്ന വെല്ലുവിളികൾ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വലിയ ചർച്ചയ്ക്ക് വിധേയമാവുകയും തുടർന്ന് 1986ൽ ദേശിയ വിദ്യാഭ്യാസ നയം എന്ന പേരിൽ പുതിയ നയപരിപാടി മുന്നോട്ട് വെക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിൽ കുറേക്കൂടി കേന്ദ്രീകരണ പ്രവണതകൾ ഉണ്ടായ കാലമാണിത്. സാങ്കേതിക വിദ്യാഭ്യാസത്തെ നിയന്ത്രിക്കാൻ എ.ഐ.സി.ടി.ഇ, വൈദ്യപഠന മേഖലയിൽ ഐ.എം.സി മുതലായവയും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും അധ്യാപന ഗുണനിലവാരമുയർത്തൽ പദ്ധതികളും നിലവിൽ വന്നു. എല്ലാവർക്കും വിദ്യാഭ്യാസമെന്ന മുദ്രാവാക്യം ഉയർത്തി സാർവത്രിക പ്രാഥമിക വിദ്യാഭ്യാസം സകലർക്കും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ഇക്കാലത്തു തന്നെയാണ് സാക്ഷരത മിഷനുകൾ തുടക്കം കുറിച്ചത്. പിക്കാലത്ത് വിദ്യാഭ്യാസ മേഖലയിൽ ദൂരവ്യാപക സ്വാധീനം ഉണ്ടാക്കിയ സർക്കാരിതര സ്ഥാപനങ്ങളെ വിദ്യാഭ്യാസത്തിൽ പങ്കാളിയാക്കാം എന്ന നിർദ്ദേശവും ഈ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി മുന്നോട്ട് വെക്കപ്പെട്ടതാണ്.

സാം പിത്രോദയുടെ നാഷണൽ നോളജ് കമീഷൻ മുതൽ ടി.എസ്.ആർ സുബ്രഹ്മണ്യൻ കമ്മിറ്റി റിപ്പോർട്ടും കസ്തൂരി രംഗൻ കമ്മറ്റി റിപ്പോർട്ടുമടക്കമുള്ളവയിൽ അംബാനി - ബിർള റിപ്പോർട്ടിന്റെ സ്വാധീനം ഏറിയും കുറഞ്ഞും കാണാം.

1990കളോടെ ഉന്നത വിദ്യാഭ്യാസത്തിൽ രണ്ട് പ്രധാനപ്പെട്ട മാറ്റങ്ങളുണ്ടായി; അൺ എയ്ഡഡ് സ്വാശ്രയ സ്വകാര്യ സ്ഥാപനങ്ങൾ, സാങ്കേതിക നൈപുണികൾക്ക് പ്രാധാന്യം നൽകുന്ന പുതുതലമുറ കോഴ്‌സുകൾ എന്നുവിളിക്കുന്ന പാഠ്യക്രമങ്ങൾ എന്നിവയായിരുന്നു അവ. സർവ്വകലാശാലകളുടെ സ്വയംഭരണം കവർന്നെടുക്കുന്ന ആദ്യ നടപടികളിൽ ഒന്ന് ഇക്കാലഘട്ടത്തിൽ യു.ജി.സിയിൽ നിന്നുണ്ടായി; മേലിൽ ഗ്രാൻഡ് ലഭ്യമാകണമെങ്കിൽ ഇത്തരം ചില പുതുതലമുറ കോഴ്‌സുകൾ സർവകലാശാലകൾ നിർബന്ധമായും തെരഞ്ഞെടുക്കണമെന്ന് യു.ജി.സി നിഷ്‌കർഷിച്ചു. അധ്യാപക യോഗ്യതയായി ‘നെറ്റ്’, സ്ഥാപങ്ങൾക്ക് അക്രെഡിറ്റേഷൻ മുതലായവ വന്നതോടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനോടൊപ്പം നിയന്ത്രങ്ങളും ഏറുകയുണ്ടായി.

നെഹ്രുവിയൻ അക്കാദമിക സ്വാതന്ത്ര്യമാണ് കോളനിയാനന്തര ഇന്ത്യൻ പൊതുസമൂഹത്തിലെ വിദ്യാഭ്യാസ പുരോഗതിക്ക് മർഗ്ഗനിർദേശമായത്. സമൂഹ മാറ്റത്തിന് നാന്ദിയാവുന്ന ഒരു വിദ്യാഭ്യാസ പദ്ധതി അക്കാലത്തെ പ്രധാന ആവശ്യമായിരുന്നു. ഇന്ത്യൻ വിപണി ആഗോള കമ്പോളത്തിലേക്ക് കൂടുതൽ തുറന്നുകൊടുത്ത തൊണ്ണൂറുകളോടെ ഈ നയത്തിൽ ചില ദിശമാറിയൊഴുകലുകൾ കാണാനായി. പുതു സഹസ്രാബ്ധത്തിന്റെ ആരംഭത്തിൽ വ്യാവസായിക പ്രമുഖരായ മുകേഷ് അംബാനി, കുമാർ മംഗലം ബിർള എന്നിവരുടെ നേതൃത്വത്തിൽ വിദ്യാഭ്യാസത്തെ സംബന്ധിച്ച് സമർപ്പിക്കപ്പെട്ട അംബാനി - ബിർള റിപ്പോർട്ട് സർവകലാശാല ഫീസുകളുടെ വർധന, സ്വകാര്യ-വിദേശ സർവകലാശാലകൾക്ക് അനുമതി, കാമ്പസുകളുടെ അരാഷ്ട്രീയവൽക്കരണം, സ്വകാര്യ ആഭ്യന്തര വിഭവ സമാഹരണം എന്നിവ നിർദേശിക്കുന്നുണ്ട്. പിന്നീട് വന്ന സാം പിത്രോദയുടെ നാഷണൽ നോളജ് കമീഷൻ മുതൽ ടി.എസ്.ആർ സുബ്രഹ്മണ്യൻ കമ്മിറ്റി റിപ്പോർട്ടും കസ്തൂരി രംഗൻ കമ്മറ്റി റിപ്പോർട്ടുമടക്കമുള്ളവയിൽ അംബാനി - ബിർള റിപ്പോർട്ടിന്റെ സ്വാധീനം ഏറിയും കുറഞ്ഞും കാണാം. മാനവിക- സായൻസിക ജ്ഞാന സമീപനങ്ങൾക് പകരം പ്രയോജനപരതയിൽ അധിഷ്ഠിതമായ സാങ്കേതിക - വ്യാവസായിക ഉല്പാദനത്തിന് ഉതകുന്ന പരിശീലനം എന്നതിലേക്ക് പ്രബലമായ മാറ്റം പൊതുവിൽ വിദ്യാഭ്യാസത്തെപ്പറ്റിയുള്ള ചർച്ചകളിൽ മുഖ്യസ്ഥാനം അപഹരിച്ചിട്ടുണ്ട്.

മൂന്ന് ചോദ്യങ്ങൾ

ഉന്നത വിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ള ഇപ്പോഴത്തെ ചർച്ചകളിൽ ഏറ്റവും അധികം കടന്നുവരുന്ന വാക്കാണ് വൈജ്ഞാനിക സമ്പദ് വ്യവസ്ഥ. ലഭ്യമായ എന്തിനെയും ചരക്കുവൽക്കരിച്ച് ലാഭത്തിന് കൈമാറ്റം ചെയ്യുന്ന കമ്പോളത്തിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ച് തൊഴിൽ ശക്തിയെ പ്രദാനം ചെയ്യുന്ന ഒരു വിദ്യാഭ്യാസ മാതൃക ആണോ ഇതിലൂടെ ഉദ്ദേശിക്കുന്നത്? ലാഭക്കമ്പോളം ഉന്നത വിദ്യാഭ്യാസത്തെ വിഴുങ്ങുന്നതിനെ ഏതാണ്ട് അംഗീകരിക്കുന്ന ഒരു സമീപനമാണോ തുടർച്ചയായി നമ്മുടെ നയരേഖകളിൽ വൈജ്ഞാനിക സമ്പദ് വ്യവസ്ഥ എന്ന പ്രയോഗം പ്രത്യക്ഷപ്പെടുന്നതിന് പിന്നിലുള്ളത്? അടിസ്ഥാനപരമായി കമ്പോള വ്യവസ്ഥയ്ക്കനുസൃതമായ ജ്ഞാനോല്പാദന രീതിയിലേക്ക് ഇത് തരം താണുപോകാൻ സാധ്യത കാണുന്നുണ്ടോ?

അറിവിനെ വെള്ളംകേറാ കള്ളികളാക്കി പഠിക്കുന്ന ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസ രീതിയിൽ നിന്ന് അധികമൊന്നും മുന്നോട്ട് പോകുവാൻ നമുക്കു സാധിച്ചിട്ടില്ല. ശാസ്ത്ര, സാമൂഹിക ശാസ്ത്ര, മാനവിക വിഷയങ്ങളെ സംയോജിപ്പിച്ചുള്ള ഒരു പഠന സമീപനം നമുക്ക് അവശ്യമുള്ളതല്ലേ? അതിന് വേണ്ടി ബോധനരീതിയിലും, അധ്യാപക പരിശീലനത്തിലും, കരിക്കുലം രൂപികരണത്തിലും എന്തൊക്കെ ചെയ്യുവാൻ സാധിക്കും?

നൈപുണ്യ പരിശീലനമാകണം വിദ്യാഭ്യാസ പരിപാടിയുടെ കേന്ദ്രമെന്ന തലത്തിലാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം അടക്കം മുൻപോട്ട് വെക്കുന്ന കാഴ്ചപ്പാട്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പേരിൽ പ്രയോജനവാദപരമായ പരിപ്രേക്ഷ്യത്തിൽ നിന്ന് ഉന്നത വിദ്യാഭ്യാസത്തെ സമീപിക്കുമ്പോൾ അത് അക്കാദമിക പ്രവർത്തനത്തിന്റെ ആകെ ജൈവികതയെയും, വൈജ്ഞാനിക വളർച്ചയെയും ബാധിക്കുവാൻ സാധ്യതയില്ലേ?

അറിവിന്റെയും സാങ്കേതികവിദ്യയുടെയും വ്യാപനം ദാരിദ്ര്യവും അസമത്വങ്ങളും ലഘൂകരിക്കാൻ സഹായിക്കുമെന്ന വിശ്വാസം പലരിലും പ്രതീക്ഷകളുണർത്തുന്നുണ്ട്, അതു സമൂഹത്തെ ജനാധിപത്യപരവും തുല്യവുമാക്കുമെന്ന ഉട്ടോപ്യൻ പ്രത്യാശ വെറും സ്വപ്നമാണ്.

ഉന്നത വിദ്യാഭ്യാസത്തിന്റെ ഘടനാപരമായ മാറ്റത്തെ സംബന്ധിച്ച് വളരെ പ്രസക്തിയുള്ള ചോദ്യങ്ങളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ഈ ചോദ്യങ്ങൾ ഉന്നയിച്ച്​ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്മാരായ പ്രൊഫ. രാജൻ ഗുരുക്കൾ, പ്രൊഫ. സാബു തോമസ്, പ്രൊഫ. കെ.എൻ. ഗണേഷ് എന്നിവരുമായി ലേഖകർ സംസാരിച്ചു.

പ്രൊഫ. രാജൻ ഗുരുക്കൾ,
പ്രൊഫ. രാജൻ ഗുരുക്കൾ,

ഉന്നത വിദ്യാഭ്യാസ രംഗത്തെ അടക്കിവാഴുന്ന നോളജ് ഇക്കണോമി എന്ന ആശയത്തെക്കുറിച്ച് രാജൻ ഗുരുക്കൾ ഇങ്ങനെ പറയുന്നു: ‘‘അക്ഷരാർത്ഥത്തിൽ, ജ്ഞാന സമ്പദ് വ്യവസ്ഥ ജ്ഞാനോൽപാദനവും ഉപഭോഗവും കൈമാറ്റവുമാണ്. ബൗദ്ധിക മൂലധനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സമ്പദ്​വ്യവസ്​ഥയാണത്. വികസിത രാജ്യങ്ങളിലെ പ്രബല സാമ്പത്തിക പ്രവർത്തനത്തെ അതു പ്രതിനിധാനം ചെയ്യുന്നു. ഇൻഫർമേഷൻ ഇക്കോണമി എന്ന അർത്ഥത്തിലാണിന്ന് പൊതുവെ നോളജ് ഇക്കോണമി എന്നു വ്യവഹരിച്ചുപോരുന്നത്. അതിൽ നോളജ് വെറും ഇൻഫർമേഷനോ ഡാറ്റയോ ആണ്, നോളജല്ല. ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഡാറ്റ അഥവാ ഇൻഫർമേഷൻ സംഭരിക്കുകയും, പ്രോസസ്സ് ചെയ്യുകയും, വിനിമയം നടത്തുകയും ചെയ്യുന്ന, പരസ്പരാശ്രിത സ്വഭാവമുള്ള പല സംരംഭങ്ങളുടെ ഒരതിവിശാല മേഖലയാണത്. അതിനുവേണ്ടതു ജ്ഞാനമല്ല. ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള നൈപുണ്യമാണ്. അക്കാദമിക അർത്ഥത്തിൽ ജ്ഞാനം അതിന്റെ സ്പഷ്ടവും നിർലീനവുമായ തലങ്ങളെ ക്രോഡീകരിച്ചതാണ്. ക്രോഡീകരണത്തിനു വഴങ്ങാതെ എപ്പോഴും പുറത്തുനിൽക്കുന്ന അനുക്തസിദ്ധമായ ഒരുതലംകൂടി ജ്ഞാനത്തിനുണ്ട്. അതിനെ നൈപുണ്യമെന്നും സർഗ്ഗവൈഭവമെന്നുമൊക്കെ പറയും. വിവരസാങ്കേതികവിദ്യയിലും സർഗ്ഗവൈഭവം പ്രസക്തമാണെങ്കിലും വളരെ യാന്ത്രികമായ നൈപുണ്യമാണ് ഇപ്പോൾ വ്യാപിപ്പിക്കാൻ ശ്രമിക്കുന്നത്. അത്​ ദോഷം ചെയ്യും. യുവസമൂഹത്തെ റോബോട്ടുകളാക്കി മാറ്റുന്ന പ്രക്രിയയാണത്. അറിവിന്റെയും സാങ്കേതികവിദ്യയുടെയും വ്യാപനം ദാരിദ്ര്യവും അസമത്വങ്ങളും ലഘൂകരിക്കാൻ സഹായിക്കുമെന്ന വിശ്വാസം പലരിലും പ്രതീക്ഷകളുണർത്തുന്നുണ്ട്, അതു സമൂഹത്തെ ജനാധിപത്യപരവും തുല്യവുമാക്കുമെന്ന ഉട്ടോപ്യൻ പ്രത്യാശ വെറും സ്വപ്നമാണ്.

"ശാസ്ത്രത്തിന്റെ ചരിത്ര പശ്ചാത്തലവും ആശയപരതയും ഗ്രഹിക്കാത്ത രസതന്ത്ര വിദ്യാർത്ഥിക്ക് എങ്ങനെയാണ് ഗൗരവമേറിയ അക്കാദമിക സംസ്‌കാരം സൃഷ്ടിക്കുവാൻ സാധിക്കുന്നത്'

ജ്ഞാന സമ്പദ് വ്യവസ്ഥ നോളജിനെ ഇൻഫർമേഷനിൽ നിന്ന്​ വേർതിരിക്കുന്നു. നോളജിനെ അതു പേറ്റൻറ്​ ചെയ്യാവുന്ന ബൗദ്ധിക സ്വത്തായും വലിയ വിനിമയ മൂല്യമുള്ള വില്പനച്ചരക്കായുമാണ് ഉപയോഗിക്കുന്നത്. മാത്രമല്ല മറ്റനേകം ചരക്കുകളുടെ ഉൽപാദനത്തിനുള്ള അടിസ്ഥാന വിഭവമെന്ന നിലയിലും കൂടി അതുപകരിക്കുന്നു. തന്മൂലം ജ്ഞാന സമ്പദ് വ്യവസ്ഥയിൽ ജ്ഞാനം ഒരേസമയം ചരക്കും മൂലധനവുമാണ്. കണ്ടെത്തലിനെക്കാൾ അതിൽ നവ നിർമിതിക്കാണ്​മുൻഗണന. അതു ജ്ഞാനോല്പാദനത്തെ ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ, വിവരസാങ്കേതിക തൊഴിലാളികൾ എന്നിവരെ സംയോജിപ്പിക്കുന്ന ഒരാഗോള വ്യവസായമാക്കി മാറ്റുന്നു. എന്നിരുന്നാലും അതിൽനിന്നു വിട്ടുനിൽക്കാനാവില്ല. അതിനെ പുറത്തുനിന്നു വിമർശിച്ചിട്ടു ഫലവുമില്ല. അതിനകത്തു കടന്നു വിമർശനോന്മുഖ നിലപാടുവഴി പൊരുതിക്കൊണ്ടേ എന്തെങ്കിലും ചെയ്യാനാവൂ. അതിനു ലോകോത്തര മികവുള്ള ഉന്നതവിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്. പക്ഷെ ആഗോള മാനദണ്ഡങ്ങളിൽനിന്ന് വളരെ അകലെയാണ് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസം.’’

പ്രൊഫ. സാബു തോമസ്
പ്രൊഫ. സാബു തോമസ്

ആഗോള ഉന്നത വിദ്യാഭ്യാസ മാനദണ്ഡങ്ങൾ ഇന്ത്യ പോലെയുള്ള രാജ്യത്ത് എങ്ങനെ നടപ്പിൽ വരുത്തി വിജയിപ്പിക്കുവാൻ സാധിക്കും? വിദേശ സർവകലാശാലകൾക്ക് വഴിയൊരുക്കാതെ ഓൺലൈൻ അക്കാദമിക സഹകരണം വഴി നടപ്പിൽ വരുത്തുവാൻ സാധിക്കുമെന്നതാണ് അന്വേഷിക്കേണ്ടത്. ബ്ലൻഡഡ് ലേണിംഗ് രീതിയിലൂടെ വിദേശത്തു നിന്നും രാജ്യത്തിനകത്തുനിന്നും വിഷയ പണ്ഡിതന്മാരുടെ വിദഗ്ധ ക്ലാസുകൾ ലഭ്യമാക്കുകയും, അതിനൊപ്പം കൃത്യമായ പഠന അവലോകന സംവിധാനവും നടപ്പിലാക്കിയാൽ സർവകലാശാലകളുടെ സ്വയംഭരണ പ്രകൃതം കളങ്കപ്പെടുത്താതെ തന്നെ അക്കാദമിക നിലവാരം ഉയർത്തുവാൻ സാധിക്കുമെന്ന് എം.ജി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് അഭിപ്രായപ്പെട്ടു. യൂണിവേഴ്‌സിറ്റികളിലെ അധ്യാപകരുടെ അധ്യാപന രീതികൾ അതിവിദഗ്ധരുടെ നിലവാരത്തിലേക്കുയരാൻ സഹായിക്കുന്ന മത്സര ചിന്തയ്ക്ക് ഇത് സഹായകമാകുമെന്ന് പ്രൊഫ. സാബു തോമസ് വിലയിരുത്തുന്നു. ലോകത്തര നിലവാരത്തിലുള്ള സർവകലാശാലകളുമായി സഹകരിച്ച് അക്കാദമിക പ്രോഗ്രാമുകൾ തുടങ്ങേണ്ടതിന്റെ പ്രാധാന്യവും പ്രൊഫ. തോമസ് പരാമർശിച്ചു.

വിദ്യാർത്ഥികൾക്ക് വിമർശനാത്മക ചിന്താശക്തി കൈവരുത്തേണ്ട ഇടങ്ങളാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന് അദ്ദേഹം തുടർന്നഭിപ്രായപ്പെട്ടു. സാധാരണ പഠിതാവിൽ നിന്ന്​ ഗവേഷണ അഭിരുചി വളർത്തിയെടുത്ത് ഗൗരവമേറിയ ചോദ്യങ്ങൾ ചോദിക്കുന്നവരായി വിദ്യാർത്ഥികൾ മാറണം. ലോകോത്തര നിലവാരത്തിലുള്ള ഗവേഷണ പ്രബന്ധങ്ങൾ വിദ്യാർത്ഥികളിൽ നിന്നുമുണ്ടാകണം. സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിലും ശാസ്ത്ര വിഷയങ്ങളിലും അടിയുറച്ച വീക്ഷണങ്ങൾ വിദ്യാർത്ഥികൾക്കുണ്ടാകണം. ശാസ്ത്രത്തിന്റെ ചരിത്ര പശ്ചാത്തലവും ആശയപരതയും ഗ്രഹിക്കാത്ത രസതന്ത്ര വിദ്യാർത്ഥിക്ക് എങ്ങനെയാണ് ഗൗരവമേറിയ അക്കാദമിക സംസ്‌കാരം സൃഷ്ടിക്കുവാൻ സാധിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. ഇത്തരത്തിലുള്ള പഠനങ്ങൾ ഉത്തേജിപ്പിക്കുകയും മാർഗ്ഗ നിർദ്ദേശം നൽകുകയും ചെയ്യുന്ന അധ്യാപകരാണ് സർവകലാശാലകൾക്കു വേണ്ടത്. ഒരു അധ്യാപകനെ നിയമിക്കുമ്പോൾ ആ നിയമനം വഴി സർവകലാശാലയ്ക്കുള്ള അധ്യാപകനായി (Faculty for the University) അവർ മാറണമെന്ന് പ്രൊഫ. സാബു തോമസ് അഭിപ്രായപ്പെട്ടു. സർവകലാശാല വകുപ്പുകൾ തമ്മിലുള്ള ജൈവിക / ആശയ പരമായ ബന്ധത്തെ ഇതു കൂടുതൽ ബലവത്താക്കുകയും, യഥാർത്ഥത്തിലുള്ള അന്തർ വൈജ്ഞാനിക ജ്ഞാനോല്പാദനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും.

പ്രൊഫ. കെ.എൻ. ഗണേഷ്
പ്രൊഫ. കെ.എൻ. ഗണേഷ്

ചരിത്രപണ്ഡിതനും ബുദ്ധിജീവിയുമായ പ്രൊഫ. കെ. എൻ. ഗണേഷിന്റെ അഭിപ്രായം ഇപ്രകാരമാണ്: ഉല്പാദനാധിഷ്ഠിത സമൂഹത്തിലേക്കുള്ള പരിവർത്തനം എന്ന നിലക്കാണ് പൊതുവിൽ വൈജ്ഞാനിക സമ്പദ്​വ്യവസ്​ഥയെ വീക്ഷിക്കുന്നത്. യഥാർത്ഥത്തിൽ അതൊരു പരിഷ്‌കരണവാദ പരിപാടിയല്ല, മറിച്ച് അത്യന്തം ഉദാരവൽക്കരിക്കപ്പെട്ട ആഗോള കമ്പോളത്തിന് അനുയോജ്യമായ തൊഴിൽ ശക്തിയെ പ്രദാനം ചെയ്യുക എന്നതാണ് അവിടെ ഉന്നം വച്ചിരിക്കുന്നത്. വാസ്തവത്തിൽ എല്ലാ സമൂഹങ്ങളും വൈജ്ഞാനിക അധിഷ്ഠിതമായവയായിരുന്നു. കാർഷിക, കാലിവളർത്തൽ, മത്സ്യബന്ധന സമൂഹങ്ങൾ ഒക്കെയും തനതായ വൈജ്ഞാനികതയിൽ അധിഷ്ഠിതമായിരുന്നു. എന്നാൽ ഇപ്പോൾ സംഭവിക്കുന്നത് സകല അറിവ് രൂപങ്ങളെയും സാങ്കേതികവൽക്കരിച്ച് മൂലധനത്തിന് കീഴ്പ്പെടുത്തുക എന്നതാണ്.

"നമുക്കുവേണ്ടത് സാങ്കേതികജ്ഞാനം മാത്രമോ അങ്കണത്തിൽ അളക്കുന്ന അറിവ് ഉൽപ്പന്നങ്ങളോ മാത്രമല്ല. മനുഷ്യപക്ഷത്തോട് ചേർന്ന് നിൽക്കുന്ന അറിവ് നിർമിക്കുക എന്നത് കൂടി അടിയന്തിരമായ പരിഗണനാവിഷയം ആവേണ്ടതാണ്.'

കേരളത്തെ സംബന്ധിച്ച്​ പ്രധാന വിഷയം കേരള വികസനത്തിന്റെ അടുത്ത ഘട്ടം എന്ത്, അതെങ്ങനെ ആയിരിക്കണം തുടങ്ങിയവ ആവണം. ഇത്രകാലം ആർജിച്ചെടുത്ത അറിവുകളെ സാധാരണ ജനതയുടെ വളർച്ചക്ക് ആവശ്യമായ ജ്ഞാന നിർമിതി പ്രയോഗത്തിന്റെ ഭാഗം ആക്കാനാവുമോ എന്നത് പ്രധാനമാണ്. ജ്ഞാനനിർമിതി പ്രയോഗം ആവാതെ ഇത് ഗുണകരവുമാവില്ല. കമ്പോള / കയറ്റുമതി ചരക്ക് ആക്കി മാറ്റുന്നതിനും അപ്പുറം സമൂഹത്തിന്റെ ആകെ മെച്ചപ്പെടലിന് പുതിയൊരു ജ്ഞാനമായി വിഭവങ്ങളെ ഉപയോഗിക്കുക കഴിയുമോ എന്നതാണ് പരിശോധിക്കേണ്ടത്. അവിടെ ഉണ്ടാവുന്ന പുതിയ നിർമിതികൾ (innovation) കേവലമായ മൊബൈൽ / സോഫ്​റ്റ്​വെയർ ആപ്ലിക്കേഷൻ സാങ്കേതിക രൂപമായിട്ടാവരുത് കാണേണ്ടത്. മറിച്ച് കേരളം അഭിമുഖീകരിക്കുന്ന പരാധീനതകളെ നേരിടാനുള്ള പുതിയ വഴിത്താരകൾ കണ്ടെത്താനാവുന്നുണ്ടോ എന്നത് പ്രധാനമാണ്. ഏതെങ്കിലും സാങ്കേതിക വിദ്യ സംരംഭകൻ പറയുന്നതുകേട്ട് ആളുകൾക്ക് തൊഴിൽ കൊടുക്കുക എന്നതല്ല, മറിച്ച് നമ്മുടെ ആവശ്യവും വിഭവങ്ങളും പരിഗണിച്ചു കൊണ്ട് നമുക്ക് വേണ്ട നൈപുണ്യം ഏതോ അത് സൃഷ്ടിക്കുകയാണ് വേണ്ടതെന്നും പ്രൊഫ. കെ. എൻ. ഗണേഷ് അഭിപ്രായപ്പെട്ടു..

മറ്റെവിടെയെങ്കിലും ഉള്ള നവീന അറിവ് രൂപങ്ങളെ പുനരുല്പാദിപ്പിക്കുന്നതിനൊപ്പം നമുക്ക് പുതിയവ സൃഷ്ടിക്കാനും ആവണം. ഇത് സാങ്കേതികതയിൽ മാത്രം ഊന്നി ചെയ്യേണ്ട ഒന്നല്ല. ഏതാണ്ട് വ്യക്തി അധിഷ്ഠിതമായ ഒരു മത്സരമാണ് വിദ്യാഭ്യാസ കമ്പോളത്തിൽ ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്. മനുഷ്യ മൂലധനം അഥവാ ഹ്യൂമൻ കാപ്പിറ്റൽ തുടങ്ങിയ വാക്കുക​ളൊക്കെ പ്രത്യക്ഷപ്പെടുന്നത് ഇത്തരമൊരു സാഹചര്യത്തിലാണ്. നമുക്കുവേണ്ടത് സാങ്കേതികജ്ഞാനം മാത്രമോ അങ്കണത്തിൽ അളക്കുന്ന അറിവ് ഉൽപ്പന്നങ്ങളോ മാത്രമല്ല. മനുഷ്യപക്ഷത്തോട് ചേർന്ന് നിൽക്കുന്ന അറിവ് നിർമിക്കുക എന്നത് കൂടി അടിയന്തിരമായ പരിഗണനാവിഷയം ആവേണ്ടതാണ്. ജൈവിക പ്രകൃതത്തെയും സാംസ്‌കാരിക മാനങ്ങളെയും സംഖ്യാ- ഗണിത യുക്തിയുടെ അങ്കണങ്ങളുടെ രീതിയിൽ അളക്കാത്ത ഒന്നാവണം വിദ്യാഭ്യാസം. ഏതെങ്കിലും ഒരു പ്രത്യേകമായി നിർദേശിക്കപ്പെട്ട വിദ്യാഭ്യാസം കച്ചവട ബുദ്ധിക്കാർക്ക് തൊഴിലാളികളെ / കൂലിപ്പണിക്കാരെ നിർമിക്കാനുള്ളതാണ്.

തീർച്ചയായും, തൊഴിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. നാട്ടിലെ തൊഴിലന്വേഷകർക്ക് തൊഴിൽ ലഭ്യമാക്കുകയും ചെയ്യേണ്ടതാണ്. വിപണിയുടെ ലാഭ കച്ചവടത്തിന് വെളിയിലും നവീനമായ ആശയങ്ങൾ ഉണ്ടായെന്ന് അംഗീകരിക്കുകയാണ് ഇതിന് ആദ്യത്തെ പടി. അത്തരം അറിവ് നിർമാണ പ്രവർത്തനങ്ങൾ അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ കൂടി പരിഗണിച്ചു കൊണ്ടുള്ള ഒന്നായിരിക്കണം. ഇതൊരു ബദൽ വിദ്യാഭ്യാസ ദർശനം ആയി മാറണം. ഒരു ബദൽ മുൻപോട്ടു വയ്ക്കുമ്പോൾ അതിന്റെതായ പ്രതിസന്ധികൾ ധാരാളം ഉണ്ടാവാൻ സാധ്യതയുണ്ട്. ബദലിന് പിന്തുണ കിട്ടുക എന്നതിനോടൊപ്പം തന്നെ പ്രധാനമാണ് ബദലുക്കൾക്കെതിരെ ഉണ്ടാകുന്ന സംഘടിതമായ നീക്കങ്ങൾ ചെറുക്കുക എന്നതും. ജനകീയമായ സാമൂഹിക വിദ്യാഭ്യാസത്തിലൂടെ ജനങ്ങളെ അറിവ് നിർമാണ പ്രവർത്തനത്തിൽ പങ്കാളികളാക്കുകയും, ഏറ്റവും പ്രാന്തവൽക്കരിക്കപ്പെട്ട സാമൂഹിക വിഭാഗത്തിലേക്ക് കൂടി അറിവിനെ എത്തിക്കുകയും, സ്വതന്ത്ര സങ്കേതങ്ങളെ ഉപയോഗിക്കുവാനുള്ള പ്രാപ്തി കൈക്കലാക്കുകയും ചെയ്താൽ മാത്രമേ ബദൽ നിലനിൽക്കുകയുള്ളൂവെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്.

ഇനിയെന്ത്?

ഇന്ത്യയിലെ ഉന്നത വിദ്യഭ്യാസ ഘടനയും രൂപകല്പനയും നയരൂപികരണവുമെല്ലാം വളരെയേറെ പഠനങ്ങൾക്കും കമീഷൻ റിപ്പോർട്ടുകൾക്കും പാത്രീഭവിച്ചിട്ടുണ്ട്. ഇതിൽ എടുത്തു പറയേണ്ടത് പ്രൊഫ. യശ്പാൽ അധ്യക്ഷനായി സമർപ്പിച്ച ഉന്നത വിദ്യാഭ്യാസത്തിന്റെ നവീകരണത്തിനും പുനരുജ്ജീവനത്തിനും വേണ്ട അനുശാസനങ്ങളടങ്ങിയ (The Committe to advise on the Renovation and Rejuvenation of Higher Education) 2009 ൽ സമർപ്പിച്ച റിപ്പോർട്ടാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ സിരാകേന്ദ്രങ്ങളായി മാതൃകാ സർവകലാശാലകളെ എങ്ങനെ സൃഷ്ടിക്കണമെന്നതാണ് ഈ റിപ്പോർട്ടിൽ ചർച്ച ചെയ്യുന്ന മുഖ്യ വിഷയം. വിവിധ വിജ്ഞാന മണ്ഡലങ്ങളെ കൂട്ടിയിണക്കി അത്യുൽകൃഷ്ടമായ ആശയങ്ങൾ രൂപികരിക്കേണ്ടത് സർവകലാശാലകളിലാണെന്ന് പ്രസ്തുത റിപ്പോർട്ട് സമർത്ഥിക്കുന്നു. ഭൗതിക അനുഭവങ്ങൾക്ക് അതീതമായ ജ്ഞാനോല്പാദനം സർവകലാശാലകളിലാണ് നടക്കേണ്ടത്. ഗൗരവമേറിയ ഗവേഷണവും അധ്യാപനവും പരസ്പരം ബലം പകരുന്ന രണ്ട് അക്കാദമിക് പ്രവർത്തനങ്ങളാണ്. ഇതിലൊന്നില്ലാതെ മറ്റൊന്ന് നിലനിൽക്കില്ല. ഈ സംയോജിക്കലിൽ നിന്നും സമൂഹത്തിന് ഉപകാരപ്രദമായ ജ്ഞാനപ്രസരണം ഉണ്ടാവണം. ഇത് വിദ്യാഭ്യാസത്തിന് ഒരു പുതിയ രൂപകല്പന (Architecture of Learning) ഉണ്ടാക്കിക്കൊടുക്കുകയും, യഥാർത്ഥ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന ജ്ഞാനം വിദ്യാർത്ഥികൾ സായത്തമാക്കുകയും ചെയ്യുന്നു. ഇത് സാങ്കേതികപരമായ രീതിയിൽ മാത്രം സംഭവിക്കേണ്ട ഒന്നല്ല. ഇത് ഏതെങ്കിലും ശാസ്ത്ര സാങ്കേതികവിഷയത്തിൽ മാത്രം സംഭവിക്കേണ്ട കാര്യമല്ല. മാനവിക സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിലും ഇത് സംഭവിക്കണം. വിഷയ പ്രദേശത്തിന്റെ ക്യുബിക്കിളുകളിൽ മാത്രം സംഭവിക്കേണ്ടതുമല്ല. മറിച്ച് ഉയർന്ന തലത്തിൽ സംഭവിക്കേണ്ട വിജ്ഞാന വിസ്‌ഫോടനങ്ങളാണവ. അന്തർ വൈജ്ഞാനിക രീതിശാസ്ത്രങ്ങളുടെ സംസ്‌കാരമാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾക്ക് കാരണഭൂതമാകുന്ന പ്രധാന ഘടകം.

ഉന്നത വിദ്യാഭ്യാസമെന്നത് ജ്ഞാനോല്പാദനത്തിന്റെയും നവീന ആശയനിർമ്മിതിയുടെയും സ്വയം ഭരണ പ്രവിശ്യകളാണ്. അക്കാദമിക സ്വാതന്ത്ര്യം എത്രത്തോളമുണ്ടോ, അത്രകണ്ട് നവീന വിജ്ഞാന നിർമ്മിതി സാധ്യമാകുന്ന ഇടങ്ങളാണ് സർവകലാശാലകളും ഉന്നത വിദ്യാലയങ്ങളും. ഇവരെ കൂട്ടത്തോടെ അക്കാദമിക ഗോത്രമെന്ന് (Academic Tribe) വിളിക്കാം. വിശാലമായ അക്കാദമിക ഭൂമികയിലെ കൂടിച്ചേരലിലൂടെ പുതുസമൂഹ നിർമ്മിതിക്കാവശ്യമായ ബൗദ്ധിക / ഭൗതിക സംസ്‌കാരത്തെ നിരന്തരം ചലനാത്മകമാക്കേണ്ടവരാണ് ഇക്കൂട്ടർ. കേവലം സാങ്കേതികയ്ക്കപ്പുറം വിമർശബോധത്തിന്റെയും ജനാധിപത്യത്തിന്റെയും സ്വാതന്ത്യ ബോധത്തിന്റെയും ജ്ഞാന വ്യവസ്ഥകളും രൂപങ്ങളും സൃഷ്ടിക്കേണ്ടവരാണ് ഉന്നത വിദ്യഭ്യാസ ഗോത്രത്തിലെ കൂട്ടാളികൾ. ഉയർന്ന ബൗദ്ധിക നിലവാരവും, രാഷ്ട്രീയ - സാമൂഹിക ബോധവുമുള്ള കേരളം ഉന്നത വിദ്യാഭ്യാസത്തിന്റെ ഘടനാപരമായ മാറ്റത്തിന് വളക്കൂറുള്ള ഭൂമികയാണെന്നതിൽ സംശയമില്ല. പ്ലാറ്റ്​ഫോം കാപിറ്റലിസത്തിന്റെയും ബ്ലൻഡഡ് ലേണിംഗിന്റെയും ഭ്രമാത്മക ലോകത്തിൽ, ഉത്തരവാദിത്വത്തോടു കൂടിയുള്ള സാങ്കേതിക വിദ്യയുടെ ഉപയോഗം മാതൃകയാക്കി ലോകത്തിനു കാണിച്ചു കൊടുക്കേണ്ടവരാണ് കേരള സമൂഹം. അധ്യാപനത്തിലും ഗവേഷണത്തിലും അക്കാദമിക ഭരണ സംവിധാനത്തിലും ഴാക് ദെറിദ വിഭാവന ചെയ്തതുപോലെയുള്ള ‘നിബന്ധനകൾ ഇല്ലാത്ത സർവകലാശാലകൾ' (University without Condition) ഉയർന്നു വരേണ്ടത് കേരളത്തിൽ നിന്ന് തന്നെയാണ്. വിഘടനവാദങ്ങൾക്കും വർഗ്ഗീയ വിഷം തുപ്പലുകൾക്കും വിഭാഗീയ ചിന്തകൾക്കും വിധേയപ്പെടാത്ത സർവകലാശാലകളായിരിക്കണം ഉന്നത വിദ്യാഭ്യാസ സംസ്‌കാരത്തെ മുന്നോട്ടു കൊണ്ടു പോകേണ്ട ഈ നവീന ‘കേരള മോഡൽ' സ്ഥാപനങ്ങൾ. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments