അടച്ചിട്ട കോഴിക്കോട് ക്രിസ്‍ത്യൻ കോളജിന്റെ മുൻവശം / Photo: M. N. Nitheesh

വെൽക്കം ടു കാമ്പസ്, നൈസ് ടു സീ യൂ

കോളേജുകൾ ഒന്നാമതും, രണ്ടാമതും, മൂന്നാമതും വിദ്യാർത്ഥികൾക്കുവേണ്ടി തന്നെയാണെന്ന് ഒരൊഴുക്കൻ മട്ടിൽ പറയുമ്പോഴും അവരില്ലെങ്കിൽ ഈ ഇടം ഇത്ര വിരസമാകുമെന്ന് ഞങ്ങൾ അധ്യാപകർ ഓർത്തിരുന്നില്ല.

2020 മാർച്ച്​ ആദ്യം, ക്ലാസ്‌റൂം അധ്യായനത്തിലും പരീക്ഷ നടത്തിപ്പിലും നിയന്ത്രണം വരികയും, പിന്നീട് കുറെക്കൂടി മുറുകിയ ലോക്ക്​ഡൗണായി മാറുകയും​ ചെയ്​തപ്പോഴും കോവിഡ് മൂലം ഇത്ര നീണ്ട കാലത്തേക്ക് കോളേജുകൾ അടിച്ചിടേണ്ടി വരുമെന്നാരും ചിന്തിച്ചുകാണില്ല. ഇന്ന് ജീവിച്ചിരിക്കുന്ന ബഹുഭൂരിപക്ഷത്തിനും ഒരിക്കലും അനുഭവവേദ്യമാകാത്ത, പഠിച്ച ചരിത്ര പുസ്തകങ്ങളിൽ പ്രത്യക്ഷ സാന്നിധ്യം ഒന്നും അറിയിക്കാതെ ഒളിച്ചിരുന്ന ‘ഇത്തിരിക്കുഞ്ഞൻ’ ലോകത്തെ ഇമ്മാതിരി കീഴ്‌മേൽ മറിക്കുമെന്ന് എങ്ങനെ അറിയാൻ. കാമ്പസുകളുടെ ജൈവികതയും, ബഹള - സന്തോഷങ്ങളും ഒറ്റയടിക്കാണ് കണ്ണിൽ കാണാൻ കിട്ടാത്ത ഒരു വൈറസ് കൊട്ടിയടച്ചു കളഞ്ഞത്. ഒരുപക്ഷേ തന്റെ ക്ലാസിലെ പ്രശ്‌നക്കാരും, താമസിച്ചു വരുന്നവരും, പറഞ്ഞാൽ കേൾക്കാത്തവരും, ചോദ്യം ചോദിക്കുന്നവരും ഒക്കെയായ വിദ്യാർത്ഥികളെ കാണാൻ അധ്യാപകർ ഏറ്റവും ആഗ്രഹിച്ച കാലമാണിത്. ആളനക്കമില്ലാത്ത കോളേജിലെ ഒരു ക്ലാസ് മുറിയിൽ ഒന്നു കയറി നിന്നപ്പോഴാണ് വിദ്യാർത്ഥികൾ അധ്യാപകർക്ക് യഥാർത്ഥത്തിൽ ആരായിരുന്നുവെന്ന തിരിച്ചറിവുണ്ടായത്.

ഒക്ടോബർ നാലിന് തുറക്കുന്ന കോളേജ് കാമ്പസുകളിൽ മഹാമാരി എല്പിച്ച ആഘാതത്തിൽ നിന്ന്​ വിടുതൽ നേടുവാൻ ശ്രമിക്കുന്ന അധ്യാപക / വിദ്യാർത്ഥി സമൂഹത്തേയാണോ നാം കാണാൻ പോകുന്നത്?

മെഡിറ്ററേനിയൻ കടലിനെ ഫ്രഞ്ച് ചരിത്രകാരാനായ ഫെർനാൻഡ് ബ്രോഥേൽ ആഫ്രിക്കയിൽ നിന്നു നോക്കിയപ്പോൾ തലകുത്തനെ കണ്ടു എന്നു പറഞ്ഞ നിലയിലായിരുന്നു അത്. കോളേജുകൾ ഒന്നാമതും, രണ്ടാമതും, മൂന്നാമതും വിദ്യാർത്ഥികൾക്കുവേണ്ടി തന്നെയാണെന്ന് ഒരൊഴുക്കൻ മട്ടിൽ പറയുമ്പോഴും അവരില്ലെങ്കിൽ ഈ ഇടം ഇത്ര വിരസമാകുമെന്ന് ഞങ്ങൾ അധ്യാപകർ ഓർത്തിരുന്നില്ല. വിദ്യാർത്ഥികൾ കാമ്പസിലില്ലെങ്കിൽ കോളേജുകൾ വെറും ഇഷ്ടിക, കോൺക്രീറ്റ്​ കെട്ടിടങ്ങൾ മാത്രമാണ്. ക്ലാസ് മുറികളിലെ ബെഞ്ചും ഡെസ്‌കും, ലൈബ്രറിയിലെ പുസ്തകങ്ങളും, ലാബുകളും, മൈതാനങ്ങളും, കാന്റീനുകളും തങ്ങളുടെ പ്രിയ വിദ്യാർത്ഥി സുഹൃത്തുക്കളെ നോക്കിയിരിക്കാൻ തുടങ്ങിയിട്ട്​ കാലം കുറെയായി. മീശ മാധവൻ എന്ന സിനിമയിൽ ലൈൻമാൻ പോസ്റ്റിൽ നിന്നിറങ്ങി വരാൻ കാത്തിരുന്ന "പിടലിയെ'പ്പോലെ ഓൺലൈനിട്ട് ഒന്ന് കൊടുക്കാൻ എത്രയോ കാലമായി കാമ്പസുകൾ ഓഫ്​ലൈനിൽ കാത്തിരിക്കുകയാണ്. ഒക്ടോബർ നാലിന് തുറക്കുമെന്ന് ഇപ്പോൾ അറിയിച്ചിരിക്കുന്ന കോളേജ് കാമ്പസുകളിൽ മഹാമാരി എല്പിച്ച ആഘാതത്തിൽ നിന്ന്​ വിടുതൽ നേടുവാൻ ശ്രമിക്കുന്ന അധ്യാപക / വിദ്യാർത്ഥി സമൂഹത്തേയാണോ നാം കാണാൻ പോകുന്നത്? അതോ യാന്ത്രികമായ ലക്ചറുകളുടെ പഴയ കാലത്തേക്ക് പോകാനാകുമോ ശ്രമം?

ബെഞ്ചും ഡെസ്‌കും, ലൈബ്രറിയിലെ പുസ്തകങ്ങളും, ലാബുകളും, മൈതാനങ്ങളും, കാന്റീനുകളും തങ്ങളുടെ പ്രിയ വിദ്യാർത്ഥി സുഹൃത്തുക്കളെ നോക്കിയിരിക്കാൻ തുടങ്ങിയിട്ടു കാലം കുറെയായി. / Photo: Wikimedia Commons

ലോക വ്യവസ്ഥയിലും സാമൂഹ്യ ജീവിതത്തിലും മഹാമാരി സൃഷ്ടിച്ച അനുഭവ ലോകത്തുനിന്നാണ് കാമ്പസുകളിലേക്ക് വിദ്യാർത്ഥികളും അധ്യാപകരും ഒന്നര വർഷത്തിന് ശേഷം തിരികെ വന്നു കയറുന്നത്. മറ്റൊരു വഴിയും മുമ്പിലില്ലാതിരുന്ന സ്ഥിതിക്ക് ഓൺലൈൻ വിദ്യാഭ്യാസം അനിവാര്യമായിരുന്നെങ്കിലും, അതു സൃഷ്ടിച്ച വിരസതയും നിർജീവാവസ്ഥയും തന്നെയാണ് കാമ്പസുകളുടെ സവിശേഷ സംസ്‌കാരത്തെ ഈ കാലയളവിൽ പൊതുവിൽ കാണിച്ചുതന്നത്. ഒരുപക്ഷേ ഈ ലോകത്ത് മനുഷ്യർ അനുഭവിക്കുന്ന ഏറ്റവും വലിയ സ്വതന്ത്ര കൂട്ടായ്മയുടെ ഇടമായിരുന്നു കാമ്പസുകൾ. കൂട്ടത്തിൽ കൂടാനും ഒറ്റക്ക് നടക്കാനും യഥേഷ്ടം സാധ്യതകൾ ഉണ്ടായിരുന്ന ഒരു സ്‌പേസ്.

കേരളത്തിന്റെ സാമൂഹിക- രാഷ്ട്രീയ ചരിത്രത്തിൽ ഒഴിവാക്കാനാവാത്ത സ്വാധീനം ചെലുത്തിയ നിർണയ ശക്തിയായി മാറാൻ കഴിഞ്ഞ വിദ്യാർത്ഥി രാഷ്ട്രീയത്തിന് കോവിഡ് അടച്ചിടൽ വലിയ ആഘാതമാണ് ഏൽപ്പിച്ചത്.

ഒരു പോസ്റ്റർ കൊണ്ട്, ചുവരെഴുത്തുകൊണ്ട്, മുദ്രാവാക്യത്തിലൂടെ, ചിലപ്പോൾ നിശബ്ദമായ ഒരു സാന്നിധ്യം കൊണ്ട് മാത്രം ശക്തമായ സന്ദേശം നൽകാൻ സാധിക്കുന്ന ഇടമായിരുന്നു അത്. കാമ്പസ് കൂട്ടായ്മകൾ പ്ലാറ്റ്ഫോമുകൾക്ക് വഴിമാറിയതായിരിക്കും കോവിഡ് കാലത്ത് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പ്രത്യക്ഷത്തിൽ അനുഭവപ്പെട്ട ഏറ്റവും വലിയ മാറ്റം. പ്ലാറ്റ്‌ഫോമുകളിൽ നിന്ന്​പ്ലാറ്റ്‌ഫോമുകളിലേക്ക് ഓടിക്കയറി ക്ലാസുകൾ കൈകാര്യം ചെയ്യുവാനും അതു കേട്ടിരിക്കുവാനും വിധിക്കപ്പെട്ടവരായി മാറി സ്വാതന്ത്യം ഏറെ ആസ്വദിച്ച അധ്യാപക - വിദ്യാർത്ഥി സമൂഹം. ക്ലാസ് മുറികളിൽ നേർക്കുനേർ ആശയ വിനിമയം നടത്തിയിരുന്ന അധ്യാപകരും വിദ്യാർത്ഥികളും വെറും വിർച്വൽ പ്രൊഫൈൽ പിക്ചറുകളായി മാറിയ അവസ്ഥ. പരസ്പരം കണ്ടും കേട്ടും ജ്ഞാന വഴികളിലൂടെ സഞ്ചരിച്ചിരുന്നവർ കമ്പ്യൂട്ടറുകളിലും മൊബൈലിലും ലാപ്പിലും ഒളിഞ്ഞും തെളിഞ്ഞും പാഠഭാഗങ്ങൾ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യേണ്ടി വന്ന ദുരവസ്ഥയാണ് കോളേജ് തല അക്കാദമിക പ്രവർത്തനത്തിൽ ഏർപ്പെട്ട സകലർക്കും ഉണ്ടായത്. ഇങ്ങനെയൊക്കെ തന്നെ ആയിരിക്കെ, കാമ്പസ് ജീവിതത്തിന്റെ മൂല്യവും സമ്പത്തും വൈവിധ്യവും തിരിച്ചറിയാൻ ഇനിയെങ്കിലും അതിലെ പ്രധാന കളിക്കാർക്കു മനസ്സിലായോ എന്നതാണ് ഗൗരവകരമായി ചിന്തിക്കേണ്ട പ്രധാന സംഗതി.

ഓൺലൈൻ വിദ്യാഭ്യാസത്തെയും ബ്ലൻഡഡ് ലേണിംഗിനെപ്പറ്റിയുമൊക്കെ സജീവ ചർച്ച നടന്നത് കാമ്പസുകൾ അടിഞ്ഞുകിടക്കേണ്ടി വന്ന സാഹചര്യം കൊണ്ടാണ്. വിവരമഹാവീഥികളെ സൃഷ്ടിച്ച്​ പഠന പ്രക്രിയയെ മുഴുവനും കയ്യിൽ ഒതുക്കാമെന്നും, തങ്ങൾ സൃഷ്ടിക്കുന്ന കണ്ടൻറ്​ പ്രേക്ഷക പക്ഷത്തുനിന്ന് നിശ്ശബ്ദം സ്വീകരിക്കുന്ന സംതൃപ്ത ഉപഭോക്താവ് ഇമേജ് ആയിരിക്കും ഇനിയുള്ള കാലം വിദ്യാർത്ഥി ജീവിതം എന്നുമുള്ള കമ്പോള താല്പര്യത്തിൽ അധിഷ്ഠിതമായ ബോധനപരിപാടി പൊതുവിൽ നിറവേറ്റാൻ എല്ലാ സാഹചര്യവും ഒരുങ്ങുകയായിരുന്നു. കോളേജ് തുറക്കുന്നതിലൂടെ അതിൽ നിന്നും അധികാരികൾ പിന്നാക്കം പോയെന്നു ധരിക്കേണ്ടതില്ല. എഴുപതു ശതമാനം ക്ലാസുകളും ഓൺലൈൻ രംഗത്തേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് യു.ജി.സി പ്രസ്താവിച്ചിട്ടുണ്ട്.

ഹോളിസ്റ്റിക് പഠന രീതികൾക്കുത്തന്നെയാണ് വരും കാല കാമ്പസുകൾ ഊന്നൽ കൊടുക്കേണ്ടത്. പക്ഷെ അത് ഓൺലൈൻ - ഓഫ്​ലൈൻ ദ്വന്ദങ്ങളുടെ സമ്മിശ്രിതരൂപം എന്നതിലേക്ക് ചുരുക്കുന്നത് ഗുണപരമാവില്ല

അങ്ങനെ വരുമ്പോൾ, ഉന്നത വിദ്യാഭ്യാസത്തിൽ കോളേജ് കാമ്പസുകൾക്ക് പകരം നിൽക്കുവാൻ ഗാഡ്​ജറ്റുകൾക്കും നെറ്റ്​വർക്കുകൾക്കും സാധിക്കില്ല എന്നത് കാണിച്ചു കൊടുക്കേണ്ടത് കോവിഡാനന്തര കാമ്പസുകളുടെ ഉത്തരവാദിത്വമാണ്. അക്കാദമിക കാമ്പസുകൾ എന്നാൽ ക്ലാസ് മുറികളും ലാബുകളും മാത്രമല്ല. മറിച്ചത്, കാൻറീനും, ഹോസ്റ്റലുകളും, കളിക്കളങ്ങളും, മരച്ചുവടുകളും ഒക്കെ ചേർന്ന ആവാസവ്യവസ്ഥയാണ്. കോളേജുകളിൽ കൂട്ടം കൂടിയിരിക്കുന്ന ക്ലാസ് മുറികളിൽ മാത്രമല്ല ജ്ഞാന വിതരണവും ഉല്പാദനവും നടക്കുന്നത്. കാമ്പസിന്റെ ഒരോ മുക്കിലും മൂലയിലും, രണ്ടാൾ കൂടുന്ന ഇടങ്ങളിൽ ഒക്കെയും നടക്കുന്നത് (നടക്കേണ്ടത്) തർക്കങ്ങളും, വാഗ്വാദങ്ങളുമൊക്കെത്തന്നെയാണ്.

ഹോളിസ്റ്റിക് പഠന രീതികൾക്കുത്തന്നെയാണ് വരും കാല കാമ്പസുകൾ ഊന്നൽ കൊടുക്കേണ്ടത്. പക്ഷെ അത് ഓൺലൈൻ - ഓഫ്​ലൈൻ ദ്വന്ദങ്ങളുടെ സമ്മിശ്രിതരൂപം എന്നതിലേക്ക് ചുരുക്കുന്നത് ഗുണപരമാവില്ല. നിലനിൽക്കുന്ന മൂർത്ത സാഹചര്യങ്ങളെ കണക്കിലെടുത്ത് കൂട്ടായ ശ്രമത്തിലൂടെയുള്ള പഠനവും ജ്ഞാന നിർമ്മിതയുമാണ് സമൂഹ വിജയത്തിനാധാരമായ സാഹചര്യമെന്നത് തിരിച്ചറിയേണ്ടതാണ്. മഹാമാരിയെ ചെറുത്തു തോൽപ്പിക്കുന്നതിൽ സമൂഹം കാണിച്ചു തന്ന രീതി തന്നെയാവണം കാമ്പസുകളിലും പിന്തുടരേണ്ടത്. പല ക്യുബിക്കുകളിൽ ഒറ്റക്കൊറ്റക്കിരുന്ന്​ നടത്തുന്ന പഠനങ്ങൾക്കപ്പുറത്ത് കൂട്ടായ പഠനരീതികളിലൂടെ പുതിയ കാമ്പസ് സംസ്‌കാരത്തെ സൃഷ്ടിച്ചെടുക്കുന്നതിലായിരിക്കും നമ്മുടെ വിജയ പരാജയങ്ങൾ തീരുമാനിക്കപ്പെടുന്നത്. മഹാമാരിയുടെ അനുഭവജ്ഞാനത്തെ തങ്ങൾ കൈകാര്യം ചെയ്യുന്ന വൈജ്ഞാനിക മേഖലയിലേക്കുകൂടി സന്നിവേശിപ്പിക്കാൻ കഴിയേണ്ടതുണ്ട്. അത് ചിലപ്പോഴൊക്കെ യാന്ത്രികമാവുന്ന അക്കാദമിക പ്രവർത്തനത്തെ മാനവീകരിക്കുമെന്നതിൽ സംശയമില്ല.

കാമ്പസ്​ എന്നാൽ ക്ലാസ് മുറികളും ലാബുകളും മാത്രമല്ല. മറിച്ചത്, കാന്റിനും, ഹോസ്റ്റലുകളും, കളിക്കളങ്ങളും, മരച്ചുവടുകളും ഒക്കെ ചേർന്ന ആവാസവ്യവസ്ഥയാണ്. / Photo: Nandana Nair, Youtube

അതേസമയം, പുതുസാങ്കേതിക വിദ്യ പ്രദാനം ചെയ്യുന്ന സൗകര്യങ്ങളെ ഗുണപരമായ രീതിയിൽ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തുകയും വേണം. നേരിട്ടുള്ള അധ്യാപന - പഠന സംസ്‌കാരത്തോടൊപ്പം തന്നെ, കൂടെക്കൊണ്ടുപോവേണ്ട ഒന്നാണ് ഓൺലൈൻ വിദ്യാഭ്യാസത്തിലെ ചില സാധ്യതകളും. നേരിട്ടുള്ള അധ്യയനം നടക്കുന്നതിലെ താൽകാലിക പ്രതിസന്ധികളെ അടിയന്തര സാഹചര്യങ്ങളിൽ പ്രായോഗികമായി പരിഹരിക്കാനും, നീണ്ട അവധിക്കാലങ്ങളിൽ കാമ്പസുമായുള്ള അക്കാദമിക സമൂഹത്തിന്റെ ബന്ധം നിലനിർത്തേണ്ടത്തിനും വേണ്ടിയുള്ള സാങ്കേതിക സംവിധാനങ്ങൾ മാത്രമാകണം ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ. കാമ്പസുകളിൽ കൊടുക്കാൻ കഴിയാതെ പോകുന്ന ജ്ഞാന സ്രോതസുകളെ പരിചയപ്പെടുത്തുന്നവയായി മാറണം ഡിജിറ്റൽ സംവിധാനങ്ങൾ. കാമ്പസ് സംസ്‌കാരത്തെ ശക്തിപ്പെടുത്തുന്ന ഉപകരണ സംവിധാനങ്ങളായി മാത്രമേ ഇവയെ കാണേണ്ടതുള്ളു. അതായത് ഒരു ടൂൾ അഥവാ ഉപകരണം എന്ന നിലക്കാവണം ഓൺലൈൻ സാങ്കേതിക വിദ്യയുടെ ഉപയോഗം. അല്ലാതെ, ഇത്തരം ഡിജിറ്റൽ ഉപകരണങ്ങളെ അറിവുല്പന്നമാക്കിമാറ്റുന്നതിനെ ജാഗ്രതയോടെ എതിർക്കുകയും വേണം.

വിദ്വേഷം, പക, വർഗ്ഗീയത, ജാതീയത എന്നീ വികാരങ്ങൾക്കപ്പുറത്ത് സാമൂഹിക കൂട്ടായ്മയുടെ ശക്തി അനുഭവിച്ച വിദ്യാർത്ഥികൾ തന്നെ കാമ്പസുകളെ ജനാധിപത്യവൽക്കരിക്കാൻ മുൻകൈയെടുക്കണം

എല്ലാവരുമൊത്ത് ജയിക്കണമെന്ന ആശയമാണ് കൊറോണക്കാലം സമൂഹത്തിന് കാട്ടിത്തന്ന ഗുണപാഠം. ഒരാൾക്കോ, ഒരു കുടുംബത്തിനോ, ഏതെങ്കിലും ഒരു വിഭാഗത്തിനോ മാത്രമായി കൊറോണയെ ചെറുക്കാൻ സാധിക്കില്ലെന്ന യാഥാർത്ഥ്യം ഈ കാലയളവിൽ അനുഭവിച്ചതാണ്. കാമ്പസുകൾ ഇക്കാര്യത്തിൽ സമൂഹത്തിനു തന്നെ മാതൃകയാകണം. പരീക്ഷകളിലും മത്സരങ്ങളിലും ഒന്നാം സ്ഥാനത്തിനു വേണ്ടി ഓടേണ്ട ഇടം മാത്രമല്ല കോളേജ് കാമ്പസുകൾ. കരുതലിന്റെയും സഹവർത്തിത്തത്തിന്റെയും പാഠങ്ങൾ കാമ്പസുകളിൽ പ്രവർത്തിപഥത്തിലെത്തിക്കാൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സാധിക്കണം. കോവിഡ് കാലത്തെ സമൂഹിക മാധ്യമങ്ങളിലെ മുഖ്യ അജണ്ടകളിൽ ഒന്നായി അപരവിദ്വേഷം മാറുകയുണ്ടായി. വിദ്വേഷം, പക, വർഗ്ഗീയത, ജാതീയത എന്നീ വികാരങ്ങൾക്കപ്പുറത്ത് സാമൂഹിക കൂട്ടായ്മയുടെ ശക്തി അനുഭവിച്ച വിദ്യാർത്ഥികൾ തന്നെ കാമ്പസുകളെ ജനാധിപത്യവൽക്കരിക്കാൻ മുൻകൈയെടുക്കണം. എല്ലാവർക്കും വിജയം, എല്ലാവർക്കും ആരോഗ്യ സുരക്ഷ എന്ന ആശയം സഫലീകരിക്കപ്പെടാൻ പറ്റിയ ഇടങ്ങളാണ് കോളേജ് കാമ്പസുകൾ.

വളരെ ചലനാത്മകവും പുരോഗമനപരവും ആയിരുന്ന വിദ്യാർത്ഥി രാഷ്ട്രീയത്തെ അടിയന്തരമായി തിരിച്ചുപിടിക്കേണ്ടതുണ്ട്. പൗരത്വ നിയമ ഭേദഗതിയുടെ സമരത്തീയിൽ രാജ്യം മുഴുവൻ കത്തുമ്പോഴാണ് കോവിഡ് നിയന്ത്രണങ്ങൾ രാജ്യത്താകെ നടപ്പിലാക്കിയത്. കേരളത്തിൽ കാമ്പസുകളായിരുന്നു പൗരത്വനിയമ ഭേദഗതിക്കെതിരെ ഏറ്റവും ശക്തമായ നിലപാട്​ പ്രഖ്യാപിക്കുകയും അതിനുമപ്പുറം വേറിട്ടതും സർഗാത്മകവുമായ സമരപരിപാടികളും നടന്ന ഇടം. വിവിധ വിദ്യാർത്ഥി സംഘടനകൾ ഇക്കാര്യത്തിൽ നേതൃപരവും ക്രിയാത്മകവുമായ പങ്ക് വഹിച്ചിട്ടുമുണ്ട്. അവർ പോസ്റ്റർ എഴുതിയും, പാട്ടുപാടിയും, ലഘുലേഖ കൊടുത്തും, ക്ലാസിലും, റോഡിലും, ബസ്​ സ്​റ്റാൻറിലും അടക്കം കാമ്പയിൻ നടത്തിയും പൊതുവിൽ സമൂഹത്തിനാകെ ഇക്കാര്യത്തിൽ വിദ്യാഭ്യാസം നൽകുകയുണ്ടായി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ കോഴിക്കോട് ഫാറൂഖ് കോളജ് വിദ്യാർഥികൾ സംഘടിപ്പിച്ച പ്രതിഷേധം. / Photo: Fawas, Twitter

കേരളത്തിന്റെ സാമൂഹിക- രാഷ്ട്രീയ ചരിത്രത്തിൽ ഒഴിവാക്കാനാവാത്ത സ്വാധീനം ചെലുത്തിയ നിർണയ ശക്തിയായി മാറാൻ കഴിഞ്ഞ വിദ്യാർത്ഥി രാഷ്ട്രീയത്തിന് കോവിഡ് അടച്ചിടൽ വലിയ ആഘാതമാണ് ഏൽപ്പിച്ചത്. കോവിഡ് നിയന്ത്രണ കാലത്ത് വീട്ടിൽ ഒതുങ്ങിയ വിദ്യാർത്ഥികളെ കാമ്പസ് രാഷ്ട്രീയ നിലപാടുകളുടെ ലോകത്തുനിന്ന് വാട്‌സ്​ആപ്പ് ഗ്രൂപ്പുകളും മറ്റ് സാമൂഹിക മാധ്യമങ്ങളും വഴി ഇടുങ്ങിയ മത- ജാതി, സെക്ടേറിയൻ കാഴ്ചപ്പാടുകളിലേക്ക് വലിച്ചെടുപ്പിക്കുകയുണ്ടായി. ഒന്നിച്ചു തോളിൽ കയ്യിട്ട്, ഒരുമിച്ചു മുദ്രാവാക്യം വിളിച്ചുനടന്നവർക്കിടയിൽ സംശയവും അപര വിദ്വേഷവും ഉണ്ടാക്കുന്നതിൽ ചില കോണുകളിൽ നിന്നുണ്ടായ നീക്കങ്ങൾ ഫലം കാണുകയും ചെയ്തു. വലതുപക്ഷം യുവതലമുറയെ ഉന്നം വെച്ച് കൃത്യമായ അജണ്ടയോടെ നടത്തുന്ന ഇത്തരം ഇടപെടലുകളെ കൃത്യമായും നേരിടാനുണ്ടായിരുന്ന കോട്ടകളിൽ ഒന്ന് നമ്മുടെ കലാലയങ്ങൾ ആയിരുന്നു.

കോവിഡ് കാലത്ത് സമര രാഷ്ട്രീയത്തെക്കാളും ഒരു സാമൂഹിക സേവന കൂട്ടായ്മയുടെ സ്വഭാവമായിരുന്നു പുരോഗമന വിദ്യാർത്ഥി സംഘടനകൾക്ക്. ഉപകരണ ലഭ്യതയുമായി ബന്ധപ്പെട്ട ഡിജിറ്റൽ ഡിവൈഡ് പരിഹരിക്കാൻ വിദ്യാർത്ഥി സംഘടനകൾ തങ്ങളാലാവും വിധം മൊബൈൽ ഫോൺ, ടിവി വിതരണം, റീചാർജ് ചെയ്തുകൊടുക്കൽ ഒക്കെയായി ശ്രമിച്ചിട്ടുണ്ട്. അടിയന്തിരമായി കോളേജ് തുറന്നാൽ പുരോഗമന വിദ്യാർത്ഥി സംഘടനകൾ ചെയ്യേണ്ടത് വിർച്വൽ ലോകത്ത് നിന്ന് തങ്ങളുടെ കൂട്ടുകാരെ പുറത്ത് ചാടിക്കുക എന്നതാണ്. ഒന്നര വർഷത്തെ അപരിചിതത്വത്തെ തുടച്ചുമായ്ക്കാൻ വിദ്യാർത്ഥി സംഘടനകളുടെ അത്രയും നന്നായി മറ്റാർക്കും സാധിക്കില്ല. വൈറസ് മഹാമാരി ഒഴിഞ്ഞാലും അതിലും ഭീകരമായ ചില സാമൂഹിക ദുരന്തങ്ങളെ നേരിടുവാൻ എല്ലാവരെയും കൂട്ടിച്ചേർത്ത് സർഗാത്മകവും, സമരോത്സുകവുമായ കലാലയത്തെ വീണ്ടെടുക്കുക എന്നതായിരിക്കും വിദ്യാർത്ഥി സംഘടനകൾ നേരിടുന്ന വെല്ലുവിളിയും അതിനുമപ്പുറം അവരുടെ ഈ ഘട്ടത്തിലെ പ്രധാന കടമയും.

ന്യൂട്ടണും, റൂസ്സോയുമൊക്കെ സമ്പർക്ക വിലക്കിലായിരുന്ന കാലത്ത് ചിന്തിച്ചെടുത്ത ആശയങ്ങളാണ് പിൽക്കാലത്ത് ശാസ്ത്രീയ / തത്വചിന്താ മേഖലകളിൽ വഴിത്തിരിവുകളായ പഠനങ്ങളായി മാറിയത്. പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലുണ്ടായ പ്ലേഗ് മഹാമാരിയുടെ കാലത്ത് ആധുനിക ശാസ്ത്രത്തിലെ നിർണായക വഴിത്തിരിവായി മാറിയ ന്യൂട്ടോണിയൻ വൈജ്ഞാനിക ദീപ്തി സമൂഹത്തെ തന്നെ പുതിയ ഒന്നാക്കി നിർമിക്കുന്നതിലേക്ക് വിരൽ ചൂണ്ടുകയുണ്ടായി. ഫ്യുഡൽ സാമൂഹിക ബന്ധങ്ങളുടെ കെട്ടുപാടുകൾ പൊട്ടിച്ചു സമൂഹം ആധുനിക കാലത്തേക്ക് നടത്തിയ പരിവർത്തനത്തിൽ മഹാമാരികളും നിർണായക പങ്ക് വഹിച്ചിരുന്നു. മാറിയ സമൂഹം സൃഷ്ടിച്ച പുതിയ ആശയ പ്രപഞ്ചമാണ് ആധുനിക ലോകത്തിന്റെ മൂല്യക്രമത്തെ നിർണയിച്ചത്.

കാമ്പസിനൊരു പാരിസ്ഥിതിക നയം എന്ന ആശയം തൊട്ട് അന്തർവൈജ്ഞാനിക ഗവേഷണമെന്ന ഉന്നത അക്കാദമിക സംസ്‌കാരം വരെ വളർത്തിയെടുക്കുവാൻ കോവിഡ് അനുഭവ ലോകം നമ്മെ പ്രചോദിപ്പിക്കേണ്ടതാണ്.

കൊറോണക്കാലത്ത് ഇത്തരത്തിൽ പുതിയ ആശയങ്ങൾ ചില അധ്യാപകരോ, വിദ്യാർത്ഥികളോ തീർച്ചയായും മെനഞ്ഞെടുത്തിട്ടുണ്ടാവും. കൊറോണ നമ്മുടെ ചിന്തകളിൽ വിചാര വ്യതിയാനത്തിന് പറ്റിയ ഒരു സന്ദർഭമായിരുന്നു. ഇത്തരത്തിലുള്ള ആശയങ്ങൾ നടപ്പിൽ വരുത്തി ശ്രേഷ്ഠ പരിപാടികളാക്കി (best-practices) മാറ്റേണ്ടത് ഉന്നത വിദ്യാഭ്യാസ മേഖലയിലെ പങ്കാളികളുടെ (stakeholders) ഉത്തരവാദിത്വം തന്നെയാണ്. കാമ്പസിനൊരു പാരിസ്ഥിതിക നയം എന്ന ആശയം തൊട്ട് അന്തർവൈജ്ഞാനിക ഗവേഷണമെന്ന ഉന്നത അക്കാദമിക സംസ്‌കാരം വരെ വളർത്തിയെടുക്കുവാൻ കോവിഡ് അനുഭവ ലോകം നമ്മെ പ്രചോദിപ്പിക്കേണ്ടതാണ്. ഇതിലെല്ലാം ഉപരിയായി ഒരു പുതിയ ആരോഗ്യ സംസ്‌ക്കാരം തന്നെ കാമ്പസുകൾ നടപ്പിലാക്കി സമൂഹത്തിനു കാട്ടികൊടുക്കണം. കോവിഡ് പ്രതിരോധത്തിന്റെ മാത്രമല്ല, പുതിയ സംസ്‌കാര സാധ്യതയുടെ കാലഘട്ടം കൂടിയാണെന്ന് കാമ്പസുകൾ തിരിച്ചറിയണം. ആഹ്‌ളാദ തിമിർപ്പുകൾ അധികാരികൾക്കും അധ്യാപകർക്കും തോന്നുമ്പോൾ ഒറ്റയടിക്ക് നിറുത്തണമെന്ന അച്ചടക്ക ബോധമല്ല ക്യാമ്പസുകളിൽ പടരേണ്ടത്, മറിച്ച് സഹപാഠികളുടെയും സഹപ്രവർത്തകരുടെയും ആരോഗ്യസുരക്ഷ കൂടി ആദരവോടു കൂടി പാലിക്കപ്പെടണം എന്നതിലായിരിക്കണം ക്യാമ്പസുകളുടെ ശ്രദ്ധ, അതിനെ അതീവ ശ്രദ്ധയെന്നു തന്നെ പറയാം.

കാമ്പസിനൊരു പാരിസ്ഥിതിക നയം എന്ന ആശയം തൊട്ട് അന്തർവൈജ്ഞാനിക ഗവേഷണമെന്ന ഉന്നത അക്കാദമിക സംസ്‌കാരം വരെ വളർത്തിയെടുക്കുവാൻ കോവിഡ് അനുഭവ ലോകം നമ്മെ പ്രചോദിപ്പിക്കേണ്ടതാണ്.

കോവിഡ് കാലത്തും വിദ്യാർത്ഥികളെ വിടാതെ പിന്തുടരുന്ന ഭൂതമായിരിക്കുകയാണ് പരീക്ഷകൾ. കോവിഡ് മൂലം താറുമാറിലായ സെമസ്റ്റർ പരീക്ഷകൾ പല ട്രെയിനുകൾ ഒരേ സമയം ഒരു പ്ലാറ്റ്‌ഫോമിലേക്കെത്തുന്ന അവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നത്. കോളേജ് തുറക്കലിനെക്കുറിച്ച് വിദ്യാർത്ഥികളോട് ചോദിച്ചപ്പോൾ അവരിൽ മിക്കവരും പറഞ്ഞതിങ്ങനെയാണ്, ‘കോളേജ് തുറക്കുന്നതിൽ സന്തോഷം തന്നെയാണ്, പക്ഷേ പരീക്ഷകളെക്കുറിച്ചോർക്കുമ്പോൾ മനസ്സിൽ പേടിയാണ്'.
ഈ പരീക്ഷാപ്പേടി തന്നെയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും സങ്കീർണമായ പ്രശ്‌നങ്ങളിലൊന്ന്. ഇപ്പോൾ കോവിഡ് അതിനെ രൂക്ഷമാക്കിയെന്നു മാത്രം. സർവകലാശാലകൾക്ക് പരീക്ഷ നടത്തിയെടുക്കണമെന്നത് അവിതർക്കിത വിഷയമാണെങ്കിലും, വിദ്യാർത്ഥികളുടെ പരീക്ഷാഭയം പരിഹരിക്കുവാനുള്ള നയങ്ങളും അധികാരികൾ ആരായേണ്ടതുണ്ട്. കോളേജ് കാമ്പസുകളിൽ കൗൺസിലിംഗ് കേന്ദ്രങ്ങളും, അധ്യാപകരും ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ പരിപാടി ഒരിക്കലും യാന്ത്രികമാവാതെ ചെയ്യുകയും വേണം. തന്റെ മുമ്പിലിരിക്കുന്ന വിദ്യാർത്ഥി തന്റെ തന്നെ ജീവന്റെ ഭാഗമാണെന്ന തിരിച്ചറിവ് ഉണ്ടാകേണ്ടവരാണ് അധ്യാപകർ, ഈ കാലം അതിനെ കൂടുതൽ ആവശ്യപ്പെടുന്നു എന്നവർ മറക്കരുത്. തൻപ്രമാണിത്വവും അനാവശ്യ ഇഗോയും ഉപേക്ഷിച്ചു കൈകോർക്കേണ്ട വീണ്ടെടുപ്പിന്റെ കാലമാണിത്.

വിശ്രുത ഇറാനിയൻ സിനിമാ സംവിധായകനായ മജീദ് മജീദിയുടെ ചിൽഡ്രൺ ഓഫ് ഹെവൻ എന്ന സിനിമയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ കഴിവുള്ള അലി തന്റെ സഹോദരിക്ക് ഒരു ജോഡി ഷൂ കിട്ടുന്നതിനായി മൂന്നാം സ്ഥാനത്തിനായി മനഃപ്പൂർവ്വം മത്സരിക്കുന്നുണ്ട്. നമ്മുടെ ജയത്തിൽ മറ്റുള്ളവർ കൂടി ജയിക്കണമെന്ന ആശയം കാമ്പസുകളിൽ സാക്ഷാത്ക്കരിക്കപ്പെടുവാൻ പറ്റിയ സാഹചര്യമാണ് കൊറോണക്കാലത്തെ കോളേജ് തുറക്കലിലൂടെ കൈവരുന്നത്. ▮

Comments