പരിമിതികൾക്കിടയിൽ ക്ലാസുകൾ ഓൺലൈനാകുമ്പോൾ

മുഴുവൻ കുട്ടികൾക്കും സ്വന്തമായി ഡിജിറ്റൽ പഠനോപകരണം ലഭ്യമാക്കുക, സംസ്ഥാനത്തുടനീളം ഇന്റർനെറ്റ് കവറേജ് ഉറപ്പാക്കുക, പാവപ്പെട്ട കുട്ടികൾക്ക് സൗജന്യ നിരക്കിൽ റീചാർജ് സൗകര്യമുണ്ടാക്കുക എന്നിവയാണ് ഓൺലൈൻ ക്ലാസിലേക്ക്​ മാറുമ്പോൾ സംസ്ഥാനത്തിന് മുമ്പിലുള്ള വെല്ലുവിളി.

ന്ദിഗ്ദമായ ഒരു സാഹചര്യത്തിലാണ് കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് മാറിയത്. കോവിഡ് 19 എന്ന മഹാമാരി ലോകത്തെ ഭീഷണമാംവിധം അപായപ്പെടുത്തിയപ്പോൾ സ്‌കൂളുകൾ അടച്ചിടാനും പകരം സംവിധാനത്തിലേക്ക് മാറാനും ലോകത്തോടൊപ്പം നമ്മളും നിർബന്ധിതരാവുകയായിരുന്നു. പകർച്ചവ്യാധിക്കു മുമ്പിൽ നിലച്ചുപോകേണ്ട ഒന്നല്ല സ്‌കൂൾ വിദ്യാഭ്യാസം എന്ന ഉറച്ച ബോധ്യത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം കൂടിയായിരുന്നു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് മാറാനുള്ള കേരളത്തിന്റെ തീരുമാനം. പതിറ്റാണ്ടുകൾകൊണ്ട് ശക്തിപ്പെട്ട കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സംവിധാനത്തിന് ഇത്തരമൊരു അടിയന്തിര സാഹചര്യത്തെ അഭിസംബോധന ചെയ്യാനുള്ള കരുത്തുണ്ടായിരുന്നു എന്നതും പ്രധാനമാണ്.

സാങ്കേതികവിദ്യാ ബോധനശാസ്ത്രത്തിന്റെ (ടെക്‌നോ പെഡഗോഗി) സാധ്യതയിലേക്കുള്ള ചുവടുവെപ്പുകൾ നേരത്തെ തന്നെ കേരളം നടത്തിയിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകൾ ഹൈടെക് ആവുകയും അധ്യാപകർക്ക് അടിസ്ഥാന സാങ്കേതിക പരിജ്ഞാനം ലഭിക്കുകയും ചെയ്തിരുന്നു. സ്‌കൂളും കൂട്ടുകാരുമില്ലാതെ വീട്ടിലടക്കപ്പെട്ട കുട്ടികളെ അഭിസംബോധന ചെയ്യണമെന്നും അവരെ പഠനാന്തരീക്ഷത്തിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നുമുള്ള താല്പര്യവും പ്രധാനമായിരുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകൾ ഹൈടെക് ആവുകയും അധ്യാപകർക്ക് അടിസ്ഥാന സാങ്കേതിക പരിജ്ഞാനം ലഭിക്കുകയും ചെയ്തിരുന്നു. വീടുകളിലൊറ്റപ്പെട്ട കുട്ടികളെ അഭിസംബോധന ചെയ്യണമെന്നും അവരെ പഠനാന്തരീക്ഷത്തിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നുമുള്ള താല്പര്യവും പ്രധാനമായിരുന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകൾ ഹൈടെക് ആവുകയും അധ്യാപകർക്ക് അടിസ്ഥാന സാങ്കേതിക പരിജ്ഞാനം ലഭിക്കുകയും ചെയ്തിരുന്നു. വീടുകളിലൊറ്റപ്പെട്ട കുട്ടികളെ അഭിസംബോധന ചെയ്യണമെന്നും അവരെ പഠനാന്തരീക്ഷത്തിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നുമുള്ള താല്പര്യവും പ്രധാനമായിരുന്നു.

തടസ്സങ്ങളുണ്ടായിരുന്നു ഒരുപാട്. ഡിജിറ്റൽ ഡിവൈഡിന്റെ പ്രതിസന്ധികൾ ചെറുതായിരുന്നില്ല. ഭൗതിക പരിമിതികൾ പരിഹരിച്ചാലും ബാക്കി നിൽക്കുന്ന വിടവുകളെക്കുറിച്ചുള്ള ആശങ്കകളും, കേരളം ചർച്ച ചെയ്യാതിരുന്നില്ല. പ്രതിസന്ധികൾക്ക് മുമ്പിൽ തോറ്റുകൊടുത്ത് ശീലമില്ലാത്ത കേരളം, മുമ്പോട്ടുതന്നെ പോയതിന്റെ ചരിത്രസാക്ഷ്യമാണ് കഴിഞ്ഞവർഷത്തെ ഡിജിറ്റൽ ക്ലാസ്സുകൾ. വിക്ടേഴ്‌സ് ചാനൽ ഉപയോഗിച്ച് പാഠഭാഗങ്ങൾ സംപ്രേഷണം ചെയ്യുകയും അത് ടിവിയോ മറ്റു ഡിജിറ്റൽ സംവിധാനങ്ങളോ ഉപയോഗിച്ച് കുട്ടികൾ കണ്ട് പഠിക്കുകയും ചെയ്ത രീതിയെയാണ് ഡിജിറ്റൽ വിദ്യാഭ്യാസം എന്ന് നാമിതുവരെ വിളിച്ചുപോന്ന്. ഇത് ഏറെ ഗുണപ്രദവും എന്നാൽ ചില പരിമിതികൾ ഉള്ളതുമാണ്. കുട്ടികൾക്ക്​ വലിയ പ്രയാസമില്ലാതെ ക്ലാസുകൾ ലഭ്യമാക്കാൻ സാധിച്ചു എന്നതാണ് പ്രധാന നേട്ടമെങ്കിൽ, സ്വന്തം അധ്യാപകരല്ല ക്ലാസ്​ എടുക്കുന്നത് എന്നതും കുട്ടികൾക്ക് പങ്കാളിത്തമില്ല എന്നതും ഇതിന്റെ പോരായ്മയായിരുന്നു. പക്ഷെ ഈ രീതി സ്വീകരിച്ചു മുന്നോട്ടുപോയതുകൊണ്ടാണ് ഒരുതരത്തിലുള്ള ഡിജിറ്റൽ സംവിധാനവും ഇല്ലാത്ത കുട്ടികൾക്ക് പോലും പൊതുപഠനകേന്ദ്രങ്ങളിൽ ടെലിവിഷൻ സജ്ജീകരിച്ച് ക്ലാസുകൾ കാണാനുള്ള സൗകര്യമൊരുക്കാൻ സാധിച്ചത്. ഡിജിറ്റൽ ഡിവൈഡ് കാരണം ഒരു കുട്ടി പോലും വിദ്യാഭ്യാസ പ്രക്രിയയിൽനിന്ന് പുറത്ത് പോവരുത് എന്ന ആശയമാണ് വിക്‌ടേഴ്‌സ് ക്ലാസിലൂടെ പ്രായോഗവൽക്കരിച്ചത്.

എല്ലാ സംവിധാനങ്ങളും സജ്ജമായ ശേഷം ക്ലാസ് തുടങ്ങാം എന്നായിരുന്നു കഴിഞ്ഞവർഷം വിചാരിച്ചിരുന്നതെങ്കിൽ, ലക്ഷക്കണക്കിന് കുട്ടികൾ പഠനാന്തരീക്ഷത്തിൽനിന്ന് മാറ്റി നിർത്തപ്പെടുമായിരുന്നു. മഹാമാരിയുടെ മുന്നിൽ പൊരുതുന്ന ഒരു സമൂഹം മക്കളുടെ പഠനകാര്യത്തിൽകൂടി അങ്കലാപ്പിലാവുന്ന സാഹചര്യം ഒഴിവാക്കാനാണ് താത്കാലിക സംവിധാനം എന്ന രീതിയിൽ കഴിഞ്ഞ വർഷം വിക്‌ടേഴ്‌സ് ക്ലാസുകൾ ആരംഭിച്ചത് എന്നർത്ഥം. രണ്ടോ മൂന്നോ മാസത്തേക്കുള്ള ഒരു സംവിധാനം എന്നേ അന്ന് എല്ലാവരും കരുതിയിരുന്നുള്ളൂ. പഴയ സ്‌കൂൾ രീതിയിലേക്ക് തന്നെ തിരിച്ചുപോവാനാവുമെന്നാണ് എല്ലാവരും കണക്കുകൂട്ടിയത്. നിർഭാഗ്യവശാൽ അത് നീണ്ടുപോയി. ലോകത്താകമാനം 125 രാജ്യങ്ങളിലായി 174 കോടി കുട്ടികൾക്കാണ്​ പഠനം മുടങ്ങിപ്പോയത്​.

കുട്ടികളും അവരുടെ തന്നെ അധ്യാപകരും പരസ്പരം ആശയവിനിമയം നടത്തുന്ന യഥാർത്ഥ ഓൺലൈൻ ക്ലാസിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ നമ്മുടെ സംസ്ഥാനം. "വീട് തന്നെ വിദ്യാലയം' എന്ന സങ്കല്പത്തിൽ നിന്നുകൊണ്ട് പാഠഭാഗങ്ങൾ സംവാദാത്മാക (interactive) രൂപത്തിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ആദ്യഘട്ടത്തിൽ ഗൂഗിൾ പ്ലാറ്റ്‌ഫോം ഉപയോഗിച്ചും തുടർന്ന്​ സ്വന്തമായ ഡിജിറ്റൽ പഠന പ്ലാറ്റ്‌ഫോം വികസിപ്പിച്ചും മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്.

മുഴുവൻ കുട്ടികൾക്കും സ്വന്തമായി ഡിജിറ്റൽ പഠനോപകരണം ലഭ്യമാക്കുക, സംസ്ഥാനത്തുടനീളം ഇന്റർനെറ്റ് കവറേജ് ഉറപ്പാക്കുക, പാവപ്പെട്ട കുട്ടികൾക്ക് സൗജന്യ നിരക്കിൽ റീചാർജ് സൗകര്യമുണ്ടാക്കുക എന്നിവയാണ് ഇതിനായി സംസ്ഥാനത്തിന് മുമ്പിലുള്ള വെല്ലുവിളി. മുഖ്യമന്ത്രി ചെയർമാനായുള്ള സംസ്ഥാനതല സമിതി മുതൽ തദ്ദേശ ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള വാർഡ്തല സമിതികൾ വരെ രൂപീകരിച്ച് ലക്ഷ്യസാക്ഷാത്കാരത്തിലേക്ക് നീങ്ങുകയാണ് കേരളം. കുട്ടികൾ സൈബർ കുറ്റകൃത്യങ്ങളിൽ അകപ്പെടാനുള്ള സാധ്യതകൾ, സ്‌ക്രീൻ അഡിക്ഷൻ തുടങ്ങിയ പ്രശ്‌നങ്ങളെയും അഭിസംബോധന ചെയ്ത് അതീവ കരുതലോടെയാണ് ഓരോ ചവടും മുന്നോട്ട് വെയ്ക്കുന്നത്. ജനകീയ സഹകരണത്തോടെയുള്ള ഫണ്ട് ശേഖരണവും സർക്കാർതലത്തിൽ ഇതിനായി ആരംഭിച്ചിട്ടുണ്ട്. ഓൺലൈൻ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മറ്റൊരു "കേരള മോഡൽ' ലോകത്തിനുമുമ്പിൽ അവതരിപ്പിക്കാൻ കേരളം തയ്യാറെടുക്കുകയാണ്.

സാങ്കേതിക സൗകര്യങ്ങൾ ഒരുക്കി ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചാലും നേരിട്ടുള്ള സ്‌കൂളനുഭവങ്ങൾ കുട്ടികളെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. കുട്ടികളുടെ മാനസികാരോഗ്യവും കണക്കിലെടുക്കേണ്ടതുണ്ട്. എല്ലാവരും സ്‌കൂളിൽ എത്തുകയും അധ്യാപകരുടെ സ്‌നേഹവാത്സല്യങ്ങൾ ലഭിക്കുകയും സുഹൃത്തുക്കളുമായി കളിചിരികൾ പങ്കുവെയ്ക്കുകയും സമപ്രായക്കാരുമായി കൊടുക്കൽ വാങ്ങലുകൾ സാധ്യമാവുകയും ചെയ്യുമ്പോഴാണ് സ്‌കൂൾ അനുഭവം പൂർണമാകുന്നത്. ഇതിനൊന്നും പകരം വെക്കാൻ പറ്റുന്നതല്ല ഓൺലൈൻ /ഡിജിറ്റൽ മാതൃകകൾ. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം വിജ്ഞാന സമ്പാദനം മാത്രമല്ല. വൈകാരിക വികാസവും സാമൂഹികരണവുമാണ് വിദ്യാഭ്യാസത്തിൽ ഏറ്റവും പ്രാധാന്യമായിട്ടുള്ളത്.

മഹാമാരിയുടെ മുന്നിൽ പൊരുതുന്ന ഒരു സമൂഹം മക്കളുടെ പഠനകാര്യത്തിൽകൂടി അങ്കലാപ്പിലാവുന്ന സാഹചര്യം ഒഴിവാക്കാനാണ് താത്കാലിക സംവിധാനം എന്ന രീതിയിൽ കഴിഞ്ഞ വർഷം വിക്‌ടേഴ്‌സ് ക്ലാസുകൾ ആരംഭിച്ചത്
മഹാമാരിയുടെ മുന്നിൽ പൊരുതുന്ന ഒരു സമൂഹം മക്കളുടെ പഠനകാര്യത്തിൽകൂടി അങ്കലാപ്പിലാവുന്ന സാഹചര്യം ഒഴിവാക്കാനാണ് താത്കാലിക സംവിധാനം എന്ന രീതിയിൽ കഴിഞ്ഞ വർഷം വിക്‌ടേഴ്‌സ് ക്ലാസുകൾ ആരംഭിച്ചത്

ഏതാനും മാസങ്ങൾ കൊണ്ട് ഭാഗികമായെങ്കിലും സ്‌കൂളുകൾ തുറക്കാൻ സാധിച്ചാൽ അത് ഭാഗ്യമാണ്. ഭാഗികം എന്നത് കൊണ്ടുദ്ദേശിച്ചത് ബാച്ചുകളായോ ഷിഫ്റ്റ് അടിസ്ഥാനത്തിലോ മുഖാമുഖ ക്ലാസ്​ തുടങ്ങാൻ സാധിക്കുക എന്നതാണ്. എല്ലാവരും എല്ലാ ദിവസവും സ്‌കൂളിലേത്തുന്ന സാമ്പ്രദായിക ക്ലാസ് മുറികൾ അതേപോലെ പെട്ടെന്നുതന്നെ ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഓൺലൈൻ ക്ലാസും മുഖാമുഖ ക്ലാസും സമന്വയിപ്പിച്ചുകൊണ്ടുള്ള പഠനരീതികളാണ് (Blended Learning) ഇനി ആവിഷ്‌ക്കരിക്കേണ്ടത്. അങ്ങനെയൊരു മാറ്റം സ്‌കൂൾ വിദ്യാഭ്യാസത്തിൽ സംഭവിക്കുകയാണ്. ഈ ചുവടുമാറ്റം സാധ്യമാക്കുന്ന വലിയ ഇടപെടലിനാണ് സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്നത്.

കോവിഡ് ഒരു സാർവലൗകിക പ്രതിഭാസമാണ്. രോഗഭയത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്ന ദേശങ്ങളും ജനതകളുമില്ല. രോഗത്തെ അറിഞ്ഞ് ജീവിതത്തെ ക്രമീകരിക്കുക എന്ന ആഗോളനയത്തിന്റെ ഭാഗമായി ജീവിതത്തിന്റെ സമസ്തമേഖലകളും പുനഃക്രമീകരിക്കപ്പെടുകയാണ്. വിദ്യാഭ്യാസ മേഖല ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് മാറുന്നതും ഇത്തരമൊരു അതിജീവന പ്രക്രിയയുടെ ഭാഗമായാണ്. സാമൂഹീകരണ പ്രക്രിയയിലുള്ള പ്രശ്‌നങ്ങൾ, ഡിജിറ്റൽ ഡിവൈഡ് തുടങ്ങിയ പരിമിതികളൊക്കെയും നിലനിൽക്കുമ്പോൾത്തന്നെ ഇതല്ലാതെ ഇപ്പോൾ മറ്റൊരുമാർഗ്ഗമില്ല എന്ന് നാം തിരിച്ചറിഞ്ഞേ പറ്റൂ. ഈ അനിവാര്യത തിരിച്ചറിയാതെയും ഏറ്റെടുക്കാതെയും കേരളത്തിന്റെ വിദ്യാഭ്യാസ മണ്ഡലത്തിന് മുന്നോട്ടുപോകാനുമാവില്ല.


Summary: മുഴുവൻ കുട്ടികൾക്കും സ്വന്തമായി ഡിജിറ്റൽ പഠനോപകരണം ലഭ്യമാക്കുക, സംസ്ഥാനത്തുടനീളം ഇന്റർനെറ്റ് കവറേജ് ഉറപ്പാക്കുക, പാവപ്പെട്ട കുട്ടികൾക്ക് സൗജന്യ നിരക്കിൽ റീചാർജ് സൗകര്യമുണ്ടാക്കുക എന്നിവയാണ് ഓൺലൈൻ ക്ലാസിലേക്ക്​ മാറുമ്പോൾ സംസ്ഥാനത്തിന് മുമ്പിലുള്ള വെല്ലുവിളി.


Comments