NEET (UG):
പുനഃപരീക്ഷ കൊണ്ട്
മറികടക്കാനാകില്ല,
എൻട്രൻസ് മാഫിയയെ

നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയിൽ വീഴ്ചയുണ്ടായെന്ന് NTA സമ്മതിച്ചതോടെ, രാജ്യത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എഴുതുന്ന പരീക്ഷകളിലൊന്നിന്റെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. പുനഃപരീക്ഷകൊണ്ടും കുറേ പേരെ അറസ്റ്റ് ചെയ്തതുകൊണ്ടും പരിഹരിക്കാവുന്ന ഒന്നല്ല നീറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ- ഡോ. പി.വി. പുരുഷോത്തമൻ എഴുതുന്നു.

മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള അഖിലേന്ത്യാതല പരീക്ഷയായ NEET UG വീണ്ടും അട്ടിമറിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തുമായി 2026 മെയ് 3 ന് പരീക്ഷയെഴുതിയ 22.79 ലക്ഷത്തോളം വിദ്യാർഥികളുടെ കഠിനമായ അധ്വാനമാണ് ഇതിലൂടെ വെല്ലുവിളിക്കപ്പെട്ടിരിക്കുന്നത്. 2026 ജൂൺ 21ന് നടത്താൻ പോകുന്ന പുനഃപരീക്ഷയ്ക്കായി വീണ്ടും ഒരുങ്ങേണ്ട ഗതികേടിലാണവർ.

2024 ലും ചോദ്യപ്പേപ്പർ ചോർച്ചയിലൂടെ നീറ്റ് പരീക്ഷ കുട്ടികളെ വട്ടം കറക്കിയിരുന്നു. ബീഹാർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ചില പരീക്ഷാകേന്ദ്രങ്ങളിലൂടെ നടന്ന ആ അട്ടിമറിയെ തുടർന്ന് ലക്ഷങ്ങൾ മുടക്കാൻ തയ്യാറായ പലർക്കും ചോദ്യപ്പേപ്പർ ചോർന്നു കിട്ടി. ചോർച്ച പ്രാദേശികം മാത്രമായിരുന്നുവെന്നും അതുകൊണ്ട് പുനഃപരീക്ഷ ആവശ്യമില്ലെന്നുമായിരുന്നു അന്ന് സുപ്രീംകോടതി കൈക്കൊണ്ട തീരുമാനം. അന്നും കുറെ പേർ അറസ്റ്റിലായി. കോടതി നടപടികൾ പതിവുപോലെ ഇഴയുന്നതിനാൽ കുറ്റക്കാർ ഇപ്പോഴും ശിക്ഷിക്കപ്പെട്ടിട്ടില്ല. അട്ടിമറി സംബന്ധിച്ച് പഠിക്കാൻ ISRO മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഏഴംഗ കമ്മീഷനെ സർക്കാർ അന്ന് ചുമതലപ്പെടുത്തിയിരുന്നു. ആ കമ്മീഷൻ റിപ്പോർട്ട് ബന്ധപ്പെട്ടവർ ഗൗരവത്തിൽ പരിഗണിക്കുകയും അതിലെ നിർദേശങ്ങൾ പൂർണമായും നടപ്പിലാക്കുകയും ചെയ്തിരുന്നുവെങ്കിൽ ഒരുപക്ഷേ വീണ്ടുമൊരു അട്ടിമറി സംഭവിക്കില്ലായിരുന്നു.

 എൻ ടി എ ലോഗോ
എൻ ടി എ ലോഗോ

ഈ വർഷത്തെ അട്ടിമറിയെ കൂടുതൽ ഗൗരവത്തിൽ കാണേണ്ടതുണ്ട്. കാരണം, ചോദ്യനിർമ്മാണം നടത്തിയ / തർജമ ചെയ്ത രണ്ടു വിദഗ്ധരിൽ നിന്നു തന്നെയാണ് ചോദ്യങ്ങൾ ആദ്യം പുറത്തേക്ക് പോയത്. അവരിൽ ഒരാൾ, താൻ ഓൺലൈനായി നടത്തുന്ന കോച്ചിംഗ് ക്ലാസിലൂടെ ചോദ്യങ്ങൾ ‘വിദഗ്ധ’മായി പരസ്യപ്പെടുത്തുകയും ചെയ്തു. രണ്ടുപേരിലൂടെയും ചോർന്നു കിട്ടിയ കെമിസ്ട്രിയുടെയും ബയോളജിയുടെയും ചോദ്യങ്ങൾ ഉൾപ്പെട്ട “സാധ്യതാ പേപ്പറുകൾ” ഉപയോഗിച്ച് മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും ചില കോച്ചിംഗ് സെൻററുകളും മറ്റനേകം സംസ്ഥാനങ്ങളിലെ "സോൾവർ ഗാങ്ങു"കളും കോടികൾ സമ്പാദിച്ചു.

മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബീഹാർ, ഹരിയാന, കാശ്മീർ എന്നിങ്ങനെ പല സംസ്ഥാനങ്ങളിലേക്കും വ്യാപിച്ച ഈ അട്ടിമറിയിൽ വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ട അനേകമാളുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് സി ബി ഐയുടെ പ്രാഥമികമായ കണ്ടെത്തൽ. ആകെയുള്ള 720 മാർക്കിൽ 600 മാർക്ക് വരെ കിട്ടാനുള്ള ചോദ്യങ്ങൾ സാധ്യതാ പേപ്പറുകളിലും സ്പെഷ്യൽ കോച്ചിംഗ് സെഷനുകളിലും ഉൾപ്പെടുകയുണ്ടായത്രേ. അതുകൊണ്ടുതന്നെയാണ് 2024- ൽ നിന്ന് ഭിന്നമായി കോടതി ഇടപെടലിന് കാത്തുനിൽക്കാതെ പുനഃപരീക്ഷ തന്നെ നടത്താൻ എൻ ടി എ യും വിദ്യാഭ്യാസ മന്ത്രാലയവും തീരുമാനിച്ചത്.

ഇപ്പോഴത്തെ അട്ടിമറിയിൽ അറസ്റ്റ് ചെയ്യപ്പെട്ട ദിനേഷ് ബിവൽ, മങ്കിലാൽ ബിവൽ എന്നീ സഹോദരങ്ങളുടെ കുടുംബത്തിൽപ്പെട്ട അഞ്ചുപേർക്ക് 2025- ലെ പ്രവേശന പരീക്ഷയിലൂടെ മെഡിക്കൽ പ്രവേശനം ലഭിച്ചിരുന്നുവെന്ന കൗതുകകരവും ഒരുപക്ഷേ ഞെട്ടിക്കുന്നതുമായ വിവരവും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്. ഇതിൽ വസ്തുതയുണ്ടെങ്കിൽ നീറ്റ് ചോദ്യച്ചോർച്ച രണ്ടുവർഷങ്ങളിൽ മാത്രമായി സംഭവിച്ച ഒരു അട്ടിമറിയല്ലെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. പിടിക്കപ്പെട്ടതും അല്ലാത്തതുമായ ഇത്തരം അട്ടിമറികളിലൂടെ കഴിവുള്ള എത്രയോ കുട്ടികൾക്കാവണം അർഹതപ്പെട്ട സീറ്റുകൾ അവരറിയാതെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്.

 പ്രതികളിലൊരാളും ബി ജെ പി ബന്ധം ആരോപിക്കപ്പെട്ടയാളുമായ ദിനേശ് ബിവൽ
പ്രതികളിലൊരാളും ബി ജെ പി ബന്ധം ആരോപിക്കപ്പെട്ടയാളുമായ ദിനേശ് ബിവൽ

പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രീകൃതമായ പ്രവേശന പരീക്ഷകളുടെ അടിസ്ഥാനപരമായ പോരായ്മകളും അട്ടിമറി സാധ്യതകളും ഒരിക്കൽ കൂടി രാജ്യമാകെ ചർച്ച ചെയ്യുകയാണ്.

1. 2010 വരെ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഏജൻസികളും ചില സ്വകാര്യ മെഡിക്കൽ കോളേജുകളും മറ്റും നടത്തിയിരുന്ന വിവിധതരം പ്രവേശന പരീക്ഷകളാണ് മെഡിക്കൽ പ്രവേശനത്തിനായി ഉണ്ടായിരുന്നത്. അവയിൽ പലതും വിശ്വസനീയമോ ഗുണനിലവാരമുള്ളവയോ അല്ലെന്ന ആവർത്തിച്ചുള്ള പരാതികളെ തുടർന്നാണ് കേന്ദ്രതലത്തിൽ നടത്തുന്ന ഒറ്റപ്പരീക്ഷ എന്ന തീരുമാനത്തിലേക്ക് കേന്ദ്രസർക്കാരും സുപ്രീം കോടതിയും എത്തിച്ചേർന്നത്. 2016 മുതൽ 2018 വരെ CBSE യും തുടർന്നുള്ള വർഷങ്ങളിൽ NTA യുമാണ് രാജ്യമാകെയുള്ള മെഡിക്കൽ പ്രവേശനത്തിനായി നിലവിൽവന്ന നീറ്റ് യു ജി പരീക്ഷ നടത്തുന്നത്. എന്നാൽ മുൻകാലത്തെ വികേന്ദ്രീകൃത പരീക്ഷകളുടെ മേൽ ചാർത്തിയ കുറ്റങ്ങളും പോരായ്മകളും അതിലും ഭീമമായ തോതിലും തരത്തിലുമാണ് ഈ കേന്ദ്രീകൃത പരീക്ഷയിൽ സമീപ വർഷങ്ങളിലായി കണ്ടുകൊണ്ടിരിക്കുന്നത്.

2. NTA എന്നത് ഒരു അക്കാദമിക സംവിധാനമോ സ്റ്റാറ്റ്യൂട്ടറി ബോഡിയോ വിപുലമായ സൗകര്യങ്ങളുള്ള ഒരു സ്ഥാപനമോ അല്ല. മറിച്ച് സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട ഒരു കേന്ദ്ര സർക്കാർ ഏജൻസി മാത്രമാണത്. 2024 - 25 വർഷത്തെ റിപ്പോർട്ടുകൾ പ്രകാരം ഡെപ്യൂട്ടേഷനിലൂടെ വന്ന ഇരുപതോളം പേർ മാത്രമാണ് അവിടെ സ്ഥിരമായി ഉള്ളത്. ബാക്കിയുള്ള 40- ഓളം ജീവനക്കർ കോൺട്രാക്ട് അടിസ്ഥാനത്തിൽ ചേർന്നവരാണ്. അച്ചടി മുതലുള്ള ഇതര ജോലികളെല്ലാം ഔട്ട് സോഴ്സ് ചെയ്യുകയാണ്. ഇത്തരമൊരു സ്ഥാപനമാണ് NEET UG, JEE Main, UGC NET, CUET UG & PG, CMAT, GPAT എന്നിങ്ങനെ അറിയപ്പെടുന്ന പല കേന്ദ്രീകൃത പരീക്ഷകളും നടത്തിക്കൊണ്ടിരിക്കുന്നത്. 2024 ലെ നീറ്റ് ചോദ്യച്ചോർച്ചയെ തുടർന്ന് കൂടുതൽ പോസ്റ്റുകൾ ഇവിടേക്ക് അനുവദിച്ചെങ്കിലും അതിലൊന്നും ആളുകൾ സ്ഥിരമായി ഉണ്ടാകാറില്ല എന്നാണ് അറിയുന്നത്.

എൻ ടി എ നടത്തുന്ന ചില സുപ്രധാന പരീക്ഷകൾ
എൻ ടി എ നടത്തുന്ന ചില സുപ്രധാന പരീക്ഷകൾ

3. കുട്ടികളും രക്ഷിതാക്കളും ഏറ്റവുമേറെ ആഗ്രഹിക്കുന്ന പേരുകേട്ട മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിക്കണമെങ്കിൽ നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് തന്നെ നേടണം. അതാകട്ടെ 180 മിനിറ്റ് നീണ്ടുനിൽക്കുന്ന ഒറ്റ പരീക്ഷയിലെ 180 ചോദ്യങ്ങളിലൂടെയാണ് തീരുമാനിക്കപ്പെടുന്നത് എന്നതാണ് വിചിത്രമായ കാര്യം. അതായത് ഒരു ചോദ്യം വായിച്ച് ഉത്തരം കണ്ടെത്തി അടയാളപ്പെടുത്താൻ ശരാശരി ഒരു മിനിറ്റ് മാത്രമാണ് അനുവദിക്കുന്നത്. ചോദ്യം വായിച്ച് വിശകലനം ചെയ്ത് എഴുതാൻ ഈ സമയം മതിയാവില്ല എന്ന് ഉറപ്പാണ്. അതുകൊണ്ടാണ് ഒരു ചോദ്യം കാണുമ്പോൾതന്നെ അതിന്റെ ഉത്തരം കണ്ടെത്താൻ ആവർത്തിച്ച് പരിശീലിപ്പിക്കുന്ന കോച്ചിംഗ് സെൻററുകളിലേക്ക് കുട്ടികൾ ഇടിച്ചു കയറുന്നത്. വിദ്യാർത്ഥികളിൽ അത്യധികമായ മാനസിക സമ്മർദമുണ്ടാക്കുന്ന ഇത്തരമൊരു പരീക്ഷാരീതിയിലൂടെയാണോ നാളത്തെ ഡോക്ടർമാരെ കണ്ടെത്തേണ്ടതെന്ന ചോദ്യം വീണ്ടും പ്രസക്തമാവുകയാണ്.

4. അമേരിക്ക, യു കെ, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ സ്കൂൾ പഠനമികവ്, എൻട്രൻസ് പരീക്ഷയിലെ പ്രകടനം, വ്യക്തിഗതമായ മറ്റു കഴിവുകൾ എന്നിങ്ങനെ പലതും പരിഗണിച്ചാണ് പ്രവേശനയോഗ്യത നിശ്ചയിക്കുന്നത്. പല രാജ്യങ്ങളിലും എൻട്രൻസ് പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് പുറമേ ഗണിതം, ഭാഷ തുടങ്ങിയ വിഷയങ്ങളിലെ കഴിവുകളും പരിഗണിക്കുന്നുണ്ട്.

ചൈനയിലാകട്ടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള GAOKAO എന്ന, ബഹുവിഷയാത്മകമായ, പൊതു പ്രവേശനപരീക്ഷയെ അടിസ്ഥാനമാക്കിയാണ് മെഡിക്കൽ പ്രവേശനവും തീരുമാനിക്കപ്പെടുന്നത്. ചില രാജ്യങ്ങൾ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്കൊപ്പം ദീർഘോത്തര ചോദ്യങ്ങളും പരീക്ഷയിൽ ഉൾപ്പെടുത്തുന്നു. പല ലോകരാജ്യങ്ങളിലെയും സ്ഥിതി ഇപ്രകാരമായിരിക്കെ, കുട്ടികളുടെ വിശകലനശേഷിയും കാഴ്ചപ്പാടും മൂല്യബോധവും ആശയവിനിമയശേഷിയുമൊന്നും അളക്കാൻ ഉതകാത്ത ഒരു സെലക്ഷൻ രീതി യാതൊരു മാറ്റവുമില്ലാതെ തുടരുന്നത് ആരെ സഹായിക്കാനാണ്?

5. ട്യൂഷൻ സ്ഥാപനങ്ങളും ഓൺലൈൻ കോച്ചിംഗ് സെന്ററുകളും രംഗം കയ്യടക്കുമ്പോൾ കുട്ടികളുടെ സ്കൂൾതലപഠനത്തിന് ഒട്ടും പ്രാധാന്യമില്ലാതെ വരുന്ന സ്ഥിതിയാണുള്ളത്. പല സ്കൂളുകളിലും എൻട്രൻസ് കോച്ചിങ്ങിനുള്ള പരിശീലനം നേരത്തെ തുടങ്ങുകയാണ്. താഴെ തട്ടിലുള്ള വിദ്യാഭ്യാസത്തിന്റെ രീതി പോലും അട്ടിമറിക്കുന്ന നിലവിലുള്ള എൻട്രൻസ് കൾച്ചറിന് കൂച്ചുവിലങ്ങിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

6. ഇന്ത്യയിലും വിദേശത്തുമായി 565 നഗരങ്ങളിലെ 5400 ഓളം സെൻററുകളിലായാണ് കഴിഞ്ഞ നീറ്റ് പരീക്ഷ നടന്നത്. ചോദ്യപ്പേപ്പർ അച്ചടി, പാക്കിംഗ്, ട്രാൻസ്പോർട്ടേഷൻ, സൂക്ഷിപ്പ്, പരീക്ഷാ സെന്ററുകളിൽ എത്തിക്കൽ, കെട്ടുപൊട്ടിക്കൽ എന്നിങ്ങനെ നിരവധി ഘട്ടങ്ങൾ സുരക്ഷിതമായി പിന്നിട്ടാലേ ഈ എഴുത്തുപരീക്ഷ നടത്താനാവൂ. ഇതിൽ ഏത് ഘട്ടത്തിൽ വച്ചും അതുമായി ബന്ധപ്പെടുന്ന ഒരു കൂട്ടം ആളുകൾ തീരുമാനിച്ചാൽ ചോദ്യപ്പേപ്പറിലെ ഉള്ളടക്കം ചോർത്തിയെടുക്കാനായേക്കും. പൊതുതെരഞ്ഞെടുപ്പിന്റെ കാര്യം വരുമ്പോൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തന്നെ വേണമെന്ന് വാശിപിടിക്കുന്ന നമ്മുടെ ഭരണാധികാരികൾ, ഇത്തരം പരീക്ഷകളുടെ കാര്യത്തിൽ ആധുനികവൽക്കരണത്തിന് ശ്രമിക്കുന്നതേയില്ല എന്നത് വിചിത്രമാണ്. വേലി തന്നെ വിള തിന്നുന്ന ഒരു സംവിധാനത്തിനകത്ത് ഇത്തരം പരീക്ഷകൾ 100% ഫലപ്രാപ്തിയോടെ നിർവഹിക്കപ്പെടുമെന്ന് കരുതാനാവുമോ? ഒരു മെഡിക്കൽ സീറ്റ് തരപ്പെടുത്താൻ ആരും എന്തും ചെയ്യും എന്നിരിക്കെ അങ്ങേയറ്റം വിശ്വസ്തരും നിഷ്പക്ഷരും വിദഗ്ധരുമായ ആളുകളെ തന്നെയാണ് ചോദ്യപ്പേപ്പർ തയ്യാറാക്കുന്നതു തൊട്ടുള്ള ഓരോ ഉത്തരവാദിത്തവും ഏൽപ്പിക്കുന്നത് എന്ന് പൊതുസമൂഹത്തിന് എങ്ങനെ വിശ്വസിക്കാനാകും ?

വിദ്യാർത്ഥികളിൽ അത്യധികമായ മാനസിക സമ്മർദമുണ്ടാക്കുന്ന ഇത്തരമൊരു പരീക്ഷാരീതിയിലൂടെയാണോ നാളത്തെ ഡോക്ടർമാരെ കണ്ടെത്തേണ്ടതെന്ന ചോദ്യം വീണ്ടും പ്രസക്തമാവുകയാണ്.
വിദ്യാർത്ഥികളിൽ അത്യധികമായ മാനസിക സമ്മർദമുണ്ടാക്കുന്ന ഇത്തരമൊരു പരീക്ഷാരീതിയിലൂടെയാണോ നാളത്തെ ഡോക്ടർമാരെ കണ്ടെത്തേണ്ടതെന്ന ചോദ്യം വീണ്ടും പ്രസക്തമാവുകയാണ്.

7. അട്ടിമറി പുറത്തുവന്നതോടെ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളിൽ ഒരാൾ രാജസ്ഥാനിലെ ഒരു മന്ത്രിയുടെയും മറ്റു ചില ബി ജെ പി നേതാക്കളുടെയും ഒപ്പം നിൽക്കുന്ന ഫോട്ടോകൾ ചില മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇടം പിടിക്കുകയുണ്ടായി. ദിനേശ് ബിവൽ എന്ന ഈ വ്യക്തി 2014- ൽ രാജസ്ഥാനിലെ ജാംവാ രാംഗർഹ് എന്ന ജില്ലയിലെ യുവമോർച്ചാ ജില്ലാ സെക്രട്ടറി ആയിരുന്നുവത്രേ. ഇപ്പോൾ അയാൾ ഉത്തരവാദിത്ത സ്ഥാനങ്ങളിൽ ഇല്ല എന്നതുകൊണ്ടു മാത്രം ഭരണകക്ഷിക്ക് ഈ അട്ടിമറിയിൽ പങ്കില്ല എന്ന് പൊതുജനങ്ങൾക്ക് വിശ്വസിക്കാനാവുമോ? രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും ഇടനിലക്കാരുമൊക്കെ ഉൾപ്പെട്ടിരിക്കാവുന്ന അട്ടിമറി ഗാങ്ങുകൾ പ്രവേശന പരീക്ഷയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ സമ്മതിക്കുമെന്ന് പ്രതീക്ഷിക്കാമോ?

8. പതിനായിരങ്ങളും ലക്ഷങ്ങളും ചെലവിട്ട് പേരുകേട്ട കോച്ചിംഗ് സെൻററുകളിൽ താമസിച്ചു പഠിച്ചാണ് ഇത്തരം പരീക്ഷകളിൽ പല കുട്ടികളും ഉയർന്ന റാങ്കുകൾ കരസ്ഥമാക്കുന്നത്. ഗ്രാമീണർ, ദരിദ്രർ, ദളിതുകൾ, ആദിവാസികൾ, ഭാഷാ ന്യൂനപക്ഷങ്ങൾ, ഇതര പിന്നാക്ക വിഭാഗക്കാർ തുടങ്ങിയവർക്ക് ഇത്തരമൊരു മത്സരപരീക്ഷയിൽ വിജയിച്ചു കയറുക എളുപ്പമല്ലാതായിരിക്കുന്നു. ഫലത്തിൽ മെഡിക്കൽ സീറ്റുകൾ സമ്പന്ന / ഇടത്തരം വിഭാഗങ്ങൾക്ക് സംവരണം ചെയ്യപ്പെട്ട അവസ്ഥയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. വൻതോതിൽ പണം മുടക്കാനുണ്ടെങ്കിൽ കുറഞ്ഞ സ്കോർ കിട്ടിയവർക്കും നമ്മുടെ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ മെഡിക്കൽ സീറ്റ് നേടിയെടുക്കാൻ പ്രയാസമില്ല. സാമൂഹ്യനീതിയെ നോക്കുകുത്തിയാക്കിക്കൊണ്ട് സമ്പന്ന വിഭാഗവും അധികാരങ്ങൾ കയ്യിലുള്ളവരും ഉന്നത സ്ഥാനങ്ങളിലും തൊഴിലുകളിലും എത്തിപ്പെടുന്ന ഈ പ്രക്രിയ സമസ്ത മേഖലകളിലും കൂടുതൽ കരുത്താർജിക്കുക തന്നെയാണ്.

 പ്രതികളിലൊരാളും മഹാരാഷ്ട്രയിലെ വൻകിട കോച്ചിങ്ങ് സെന്റർ ഉടമയുമായ ശിവരാജ് മോട്ടേഗാവോൻകർ
പ്രതികളിലൊരാളും മഹാരാഷ്ട്രയിലെ വൻകിട കോച്ചിങ്ങ് സെന്റർ ഉടമയുമായ ശിവരാജ് മോട്ടേഗാവോൻകർ

ചുരുക്കത്തിൽ, ഒരു പുനഃപരീക്ഷ കൊണ്ടും കുറേ പേരെ അറസ്റ്റ് ചെയ്തതുകൊണ്ടും പരിഹരിക്കാവുന്ന ഒന്നല്ല എൻട്രൻസ് പരീക്ഷയെ ചുറ്റിപ്പറ്റി കാലാകാലമായി ഉയർന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ. അത് കുറേക്കൂടി ആഴത്തിലുള്ളതും ബഹുതലസ്പർശിയുമാണ്. എൻട്രൻസ് പരീക്ഷാ രീതികളിലെ അക്കാദമികവും കാലികവും സാങ്കേതികമായ പൊളിച്ചെഴുത്ത്, വികേന്ദ്രീകരണത്തിന്റെ സാധ്യതകൾ പരിശോധിക്കൽ, പരീക്ഷ നടത്തുന്ന കേന്ദ്ര ഏജൻസിയുടെ വിശ്വാസ്യതയും ആധികാരികതയും തിരിച്ചുപിടിക്കൽ, വൻകിട എൻട്രൻസ് ലോബികളെയും പ്രവേശന മാഫിയകളെയും നിയന്ത്രിക്കൽ, കഴിവുള്ളവരും സാധാരണക്കാരുമായ കുട്ടികൾ ധാരാളമായി വൈദ്യപഠനരംഗത്തേക്ക് വരുന്നുവെന്ന് ഉറപ്പാക്കൽ തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾക്ക് കേന്ദ്രസർക്കാർ തുനിഞ്ഞിറങ്ങേണ്ട സന്ദർഭമാണിത്.

2024 ലെ ചോദ്യച്ചോർച്ചയെ തുടർന്ന് ഡോ. കെ. രാധാകൃഷ്ണൻ നൽകിയ റിപ്പോർട്ടിൽ നിന്നു തന്നെ ഇതിന് തുടക്കമിടാം. പക്ഷേ അവരതിന് തയ്യാറാവുമോയെന്നതാണ് കാതലായ പ്രശ്നം.


Summary: The problems related to NEET cannot be solved by re-examination and arresting a few people, Dr PV Purushothaman writes.


ഡോ. പി.വി. പുരുഷോത്തമൻ

കണ്ണൂർ ‘ഡയറ്റി’ൽ സീനിയർ ലക്​ചററായിരുന്നു. പുരോഗമന വിദ്യാഭ്യാസ ചിന്തകർ, വിഗോട്സ്കിയും വിദ്യാഭ്യാസവും, വിമർശനാത്മക ബോധനം: സിദ്ധാന്തവും പ്രയോഗവും തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments