നാലു വർഷ ബിരുദം:
നന്നായി പഠിക്കേണ്ടിവരും കേരളം

കേരളത്തിലെ മൂന്നുവർഷ ബിരുദ കോഴ്​സുകൾ അടുത്തവർഷം മുതൽ നാലു വർഷമായി മാറുകയാണ്​. അതിപ്രധാനമായ ഈ മാറ്റം നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല എങ്ങനെയാണ് ഉൾക്കൊള്ളേണ്ടത്​? ഇപ്പോഴത്തെ പ്രതിസന്ധികൾ എങ്ങനെയാണ് ഈ മാറ്റത്തെ ബാധിക്കാൻ പോകുന്നത്​? ഒരു ​അന്വേഷണം.

കേരളം നാലു വർഷ ബിരുദ കോഴ്‌സുകളുടെ കാലഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. അടുത്ത വർഷം മുതൽ സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികളിലെ മൂന്നുവർഷ ബിരുദ കോഴ്‌സുകൾ നാലുവർഷത്തേതാകും.

2022 ജൂലൈയിൽ പ്രസിദ്ധീകരിച്ച, ശ്യാം ബി. മേനോൻ ചെയർമാനായ, 'കമീഷൻ ഫോർ റീഫോംസ് ഇൻ ഹയർ എഡ്യുക്കേഷൻ' റിപ്പോർട്ടിലെ നിർദേശങ്ങളനുസരിച്ചാണ് പരിഷ്‌കാരം. ഇതുമായി ബന്ധപ്പെട്ട അക്കാദമിക സമ്മേളനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അതാതു സർവകലാശാലകളുടെ സാഹചര്യമനുസരിച്ച് പുതിയ കോഴ്‌സ് രൂപകൽപ്പന ചെയ്യാനുള്ള നിർദേശങ്ങളാണ് ചർച്ച ചെയ്യുക. അതിനിടെ, നാലു വർഷ ബിരുദ കോഴ്‌സുകൾ പരീക്ഷണാടിസ്​ഥാനത്തിൽ ഈ വർഷം തുടങ്ങാനുള്ള ആലോചനയുമുണ്ട്. കേരള സർവകലാശാലാ ഡിപ്പാർട്ടുമെന്റുകൾക്കും താൽപര്യമുള്ള അഫിലിയേറ്റഡ് കോളേജുകൾക്കും ഇതിന് അനുമതി നൽകും. കണ്ണൂർ സർവകലാശാലാ ഡിപ്പാർട്ടുമെന്റുകളിലും എം.ജി, കുസാറ്റ് യൂണിവേഴ്‌സിറ്റികളിലും നാലു വർഷ ബിരുദ കോഴ്‌സുകൾ ഈ അധ്യയനവർഷം തന്നെ തുടങ്ങുന്നതു സംബന്ധിച്ച് ചർച്ച നടക്കുന്നുണ്ട്.

ആഗോള മാറ്റങ്ങൾക്കനുസരിച്ച് കേരളത്തിലെ സർവകലാശാലകളെയും മാറ്റാനുള്ള ശ്രമങ്ങളുടെ തുടക്കമെന്ന നിലയ്ക്കാണ് ഈ പരിഷ്‌കാരമെന്ന് സർക്കാർ പറയുന്നു. അതിൽ ഏറ്റവും പ്രധാനം, കേരളത്തിലെ യൂണിവേഴ്‌സിറ്റികൾ, വിദേശത്തുനിന്ന് വിദ്യാർഥികളെ കൂടി ആകർഷിക്കുന്ന വിധത്തിൽ ആഗോള നിലവാരത്തിലേക്കുയർത്തുക എന്നതാണ്.

വിദേശ പഠനവും മലയാളിയും

കേരളത്തിൽനിന്ന് വിദേശത്തേക്ക് വിദ്യാർഥികളുടെ ഒഴുക്കാണ് എന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇതിന്റെ പേരിൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല പ്രതിക്കൂട്ടിലാക്കപ്പെടാറുമുണ്ട്​. എന്നാൽ, കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച കണക്കനുസരിച്ച് ഇതൽപം അതിശയോക്തിപരമാണെന്നു കാണാം.

2022 നവംബറിൽ അവസാനിച്ച അക്കാദമിക വർഷത്തിൽ, ഇന്ത്യയിൽനിന്ന് 6.46 ലക്ഷം വിദ്യാർഥികളാണ് വിദേശ പഠനത്തിനുപോയത്. ഇവരിൽ ഏറ്റവും കൂടുതൽ പഞ്ചാബിൽനിന്നാണ്, 12 ശതമാനം. കേരളത്തിൽനിന്ന് വെറും നാലു ശതമാനം. വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2019-ൽ കേരളത്തിൽനിന്ന് വിദേശത്തുപോയ വിദ്യാർഥികളുടെ എണ്ണം 30,948 ആണ്. എല്ലാ വർഷവും വികസിത രാജ്യങ്ങളിലേക്ക് 35,000 വിദ്യാർഥികൾ പഠിക്കാൻ പോകുന്നുവെന്ന് അനൗദ്യോഗിക കണക്കുമുണ്ട്.

നാലു വർഷ ബിരുദം എന്ന ഒറ്റമൂലി കൊണ്ട് ചികിത്സിക്കാൻ കഴിയുന്ന രോഗങ്ങളാണോ സമീപകാലത്ത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഗ്രസിച്ചിരിക്കുന്നത്? അല്ല എന്നുതന്നെയാണ് ഉത്തരം.

അ​തേസമയം, ഓരോ വർഷം ചെല്ലും തോറും വിദേശത്ത് പഠിക്കാൻ പോകുന്ന മലയാളി വിദ്യാർഥികളുടെ എണ്ണം കൂടിവരുന്നുമുണ്ട്. ഇത്, വൈജ്ഞാനികമായി മാത്രമല്ല, സാമ്പത്തികരംഗത്തും കേരളത്തിന് വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്. പത്തു മുതൽ 40 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പയെടുത്താണ് ഒരു വിദ്യാർഥി കാനഡയിലും ന്യൂസിലാന്റിലും യു.കെയിലുമൊക്കെ പഠിക്കാൻ പോകുന്നത്. സ്‌റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കോൺഫറൻസിന്റെ കണക്കനുസരിച്ച്, 2019 മാർച്ചിൽ കേരളത്തിലെ ബാങ്കുകളിൽ 9841 കോടി രൂപയുടെ വിദ്യാഭ്യാസ വായ്പയാണുണ്ടായിരുന്നതെങ്കിൽ 2022 മാർച്ചിൽ ഇത് 11,061 കോടി രൂപയായി വർധിച്ചു. ഈ വർധനയിൽ നല്ലൊരു ഭാഗം, വിദേശപഠനത്തിന് വിദ്യാർഥികൾ എടുത്തതാണ്. പഠനശേഷം ഇവർ വിദേശ തൊഴിലിലേർപ്പെട്ട് അവിടെ തന്നെയായിരിക്കും കഴിയുക. അതുകൊണ്ടുതന്നെ, ഇതൊരു ബ്രെയിൻ ഡ്രെയിൻ മാത്രമല്ല ഇക്കണോമിക് ഡ്രെയിൻ കൂടിയാണ്.

മലയാളികളുടെ വിദേശ പഠനം എന്ന പ്രവണതക്കുള്ള കാരണങ്ങൾ ഇതിനകം പല തലങ്ങളിൽ വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയിലെ നവീകരിക്കപ്പെടാത്ത കരിക്കുലം, തൊഴിലിനനുയോജ്യമായ വൈദഗ്ധം നേടാൻ കഴിയാത്ത അവസ്ഥ, ഗവേഷണത്തിനനുയോജ്യമായ നിലവാരമുള്ള സ്ഥാപനങ്ങളുടെ കുറവ്, കൂടിയ ശമ്പളമുള്ള തൊഴിലുകളുടെ സാധ്യത തുടങ്ങി നിരവധി കാരണങ്ങൾ. എന്നാൽ, വിദേശത്തേക്കു പോകുന്നവർക്കെല്ലാം, ഇവിടെ 'ഇല്ല' എന്നു പറയപ്പെടുന്ന ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ? ഇല്ല എന്നാണുത്തരം. കാരണം, ഇവരിലേറെ പേരും, വിദേശത്തെ പ്രമുഖ യൂണിവേഴ്‌സിറ്റികളില്ല ചേരുന്നത്. നിലവാരം കുറഞ്ഞ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്ന് ഏജൻസികൾ നടത്തുന്ന കൂട്ടുകച്ചവടത്തിന്റെ ഇരകൾ കൂടിയാണ് കേരളത്തിലെ വിദ്യാർഥികൾ.

നാലു വർഷ ബിരുദത്തിന്റെ ഘടന

കേരളത്തെ വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയാക്കുക എന്ന ലക്ഷ്യം, ഇത്തരം യാഥാർഥ്യങ്ങൾ കൂടി കണക്കിലെടുത്തുള്ളതാണ്. അതിന്, ഉന്നത വിദ്യാഭ്യാസത്തിൽ വരാൻ പോകുന്ന നവീകരണം എന്ത് പങ്കുവഹിക്കും എന്നത് പ്രധാന ചോദ്യമാണ്.

നാലുവർഷ ബിരുദ കോഴ്‌സുകളുടെ കരടുനിയമം ഉന്നത വിദ്യാഭ്യാസ കൗൺസിൽ തയാറാക്കി ചർച്ചക്ക് യൂണിവേഴ്‌സിറ്റികൾക്ക് കൈമാറിക്കഴിഞ്ഞു. ബിരുദ കോഴ്‌സുകളുടെ ഘടനയിൽ മാത്രമല്ല, അക്കാദമികമായും വൈജ്ഞാനികമായുമെല്ലാം അടിമുടി മാറ്റങ്ങൾ നിർദേശിക്കുന്നതാണ് കരടു നിയമം.

ബിരുദം മുതൽ ഗവേഷണം വരെ നീണ്ടുനിൽക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖല, ആഗോള വൈജ്ഞാനിക വെല്ലുവിളികൾ ഏറ്റെടുക്കാൻ എത്രത്തോളം പര്യാപ്തമാണ്?.

നാലുവർഷ ബിരുദത്തിന് ചേരുന്നവർക്ക് മൂന്നാം വർഷം ബിരുദവും നാലാം വർഷം ഓണററി ബിരുദവുമാണ് ലഭിക്കുക. ഓണേഴ്‌സി ഡിഗ്രക്കാർക്ക് പി.ജിക്ക് ഒരു വർഷം പഠിച്ചാൽ മതി. യു.ജി.സിയുടെ പ്രോഗ്രാമിൽനിന്ന് വ്യത്യസ്തമായി മൂന്നാം വർഷം മാത്രമാണ് എക്‌സിറ്റ് ഓപ്ഷൻ. പ്രധാന വിഷയത്തിൽ മേജർ ബിരുദവും തെരഞ്ഞെടുത്ത മറ്റു വിഷയങ്ങളിൽ മൈനർ ബിരുദവുമാണ് വിദ്യാർഥിക്ക് ലഭിക്കുക. മേജർ, സിംഗിൾ മേജർ, മൾട്ടി ഡിസിപ്ലിനറി മേജർ, ഡബ്ൾ മേജർ, മേജർ വിത്ത് മൈനർ എന്നിങ്ങനെ വിദ്യാർഥികൾക്ക്, താൻ തെരഞ്ഞെടുക്കുന്ന കോഴ്‌സുകളെ ഘടനാപരമായി ചിട്ടപ്പെടുത്താനും അവസരം ലഭിക്കും. ആദ്യ മൂന്ന് സെമസ്റ്ററുകളിൽ അടിസ്ഥാന കോഴ്‌സുകളിലാണ് പരിശീലനം. പ്രാക്ടിക്കൽ അടക്കമുള്ള നാല് ഫൗണ്ടേഷൻ കോഴ്‌സുകളാണുള്ളത്.

  • എബിലിറ്റി എൻഹാൻസ്‌മെന്റ്: ഭാഷാ മികവ് വർധിപ്പിക്കൽ.

  • വാല്യു ആഡഡ്: ഭരണഘടന, ഡിജിറ്റൽ എഡ്യുക്കേഷൻ, മാത്തമാറ്റിക്കൽ തിങ്കിങ്, പരിസ്ഥിതി പഠനം, ധനകാര്യ സാക്ഷരത തുടങ്ങിയവ. ഒപ്പം, എൻ.സി.സിയും എൻ.എസ്.എസും.

  • മൾട്ടി ഡിസിപ്ലിനറി: നാച്വറൽ- ഫിസിക്കൽ സയൻസ്, മാത്‌സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻസ്, ലൈബ്രറി- ഇൻഫർമേഷൻ സയൻസ്, കൊമേഴ്‌സ്- മാനേജുമെന്റ്, ഹ്യുമാനിറ്റീസ്- സോഷ്യൽ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ പ്രാഥമിക ധാരണ.

  • സ്‌കിൽ എൻഹാൻസ്‌മെന്റ്: തൊഴിൽ പരിശീലന വൈദഗ്ധ്യം നേടാനുള്ള കോഴ്‌സുകൾ, ഇൻേറൺഷിപ്പ്, അപ്രന്റീസ്ഷിപ്പ് അടക്കം.

ആദ്യ രണ്ട് സെമസ്റ്ററുകൾക്കുശേഷം പ്രധാന ഐച്ഛിക വിഷയവും മൈനർ ഐച്ഛിക വിഷയവും തെരഞ്ഞെടുക്കാം.

നാലുവർഷ ഓണേഴ്‌സ് ബിരുദത്തിന് 177 ക്രെഡിറ്റ് വേണം. മൂന്നുവർഷം പൂർത്തിയാക്കാൻ 133 ക്രെഡിറ്റാണ് വേണ്ടത്. ഇവർക്ക് സാധാരണ ബിരുദമാണ് ലഭിക്കുക. ഒരു ക്രെഡിറ്റിന് ഒരു സെമസ്റ്ററിൽ 15 മണിക്കൂർ ക്ലാസിൽ ഹാജരാകുകയും 30 മണിക്കൂർ മറ്റു പഠനപ്രവർത്തനങ്ങൾ നടത്തുകയും വേണം. കലാ കായിക പ്രവർത്തനങ്ങൾക്കും സാമൂഹിക പ്രവർത്തനങ്ങൾക്കും ക്രെഡിറ്റുണ്ട്. ഒരു വിഷയത്തിൽ മേജർ ലഭിക്കാൻ, ആകെ നേടിയ ക്രെഡിറ്റിൽ പകുതിയും ആ വിഷയമേഖലയിൽ നിന്നായിരിക്കണം. 30- 40 മാർക്ക് ഇന്റേണൽ അസൈസ്‌മെന്റിലൂടെയാണ്. പ്രാക്ടിക്കലും പ്രൊജക്റ്റ് പരീക്ഷയും അതാത് കോളേജുകൾ തന്നെ നടത്തും. അവശേഷിക്കുന്ന 60- 70 ആണ് തിയറിക്ക് പരിഗണിക്കുക.

ഓഫ്‌ലൈൻ, ഓൺലൈൻ, ഓപൺ, ഡിസ്റ്റന്റ്, ഹൈബ്രിഡ് തുടങ്ങിയ സംവിധാനങ്ങളിലൂടെ പഠിക്കാം. നാലുവർഷത്തിനുശേഷം ഒരു വർഷം കൂടി പഠിച്ച് പി.ജി നേടാം. അധിക കോഴ്‌സുകൾ ചെയ്യാനോ കോഴ്‌സ് വർക്കിലെ ബാക്ക് ലോഗ് തീർക്കാനോ പുതിയ കോഴ്‌സുകൾ വേഗം പഠിച്ചുതീർക്കാനോ സമ്മർ ഫാസ്റ്റ്ട്രാക്ക് സെമസ്റ്റർ എന്ന സംവിധാനവുമുണ്ട്. ആദ്യ സെമസ്റ്ററിൽ ഒരു വിദ്യാർഥിക്ക് ഒരു കോഴ്‌സ് നഷ്ടമാകുന്നുവെങ്കിൽ മറ്റൊരു കോളേജിലെ സമ്മർ ഫാസ്റ്റ്ട്രാക്ക് സെമസ്റ്റർ സംവിധാനമുപയോഗിച്ച് നിശ്ചിത ക്രെഡിറ്റ് നേടാം.

വലിയ ഫ്ലെക്​സിബിലിറ്റിയാണ് പുതിയ കരിക്കുലം മുന്നോട്ടുവക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ആർ. ബിന്ദു പറയുന്നു: ''വിദ്യാർഥികൾക്ക് മറ്റ് സർവകശാലകളിൽനിന്ന് ക്രെഡിറ്റ് എടുത്ത് ട്രാൻസ്ഫർ ചെയ്യാനുള്ള സംവിധാനമുണ്ട്. സ്‌കിൽ കോഴ്‌സുകൾക്കും ക്രെഡിറ്റുണ്ട്. സ്‌കിൽ എൻഹാൻസ്‌മെന്റിനുള്ള സംവിധാനവും കോളേജുകളിൽ ഒരുക്കും.’’

ബിരുദം മുതൽ ഗവേഷണം വരെ നീണ്ടുനിൽക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖല, ആഗോള വൈജ്ഞാനിക വെല്ലുവിളികൾ ഏറ്റെടുക്കാൻ എത്രത്തോളം പര്യാപ്തമാണ് എന്നത് പ്രധാന ചോദ്യമാണ്. നാലു വർഷ ബിരുദം എന്ന ഒറ്റമൂലി കൊണ്ട് ചികിത്സിക്കാൻ കഴിയുന്ന രോഗങ്ങളാണോ സമീപകാലത്ത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഗ്രസിച്ചിരിക്കുന്നത്? അല്ല എന്നുതന്നെയാണ് ഉത്തരം.

'നോളജ് കാപ്പിറ്റലിസം' എന്ന, വൈജ്ഞാനിക മേഖലയെ സാമ്പത്തിക ഉൽപാദനത്തിന്റെ അനുബന്ധമായി ചേർത്തുവക്കുന്ന പ്രക്രിയയിൽ, വിദ്യാഭ്യാസ മേഖലയുടെ നവീകരണം മാത്രം പോരാതെ വരും.

കലുഷിതം, ഉന്നത വിദ്യാഭ്യാസം

ഭാവി കേരളത്തിനുള്ള നയരേഖയിൽ സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച 'വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥ' എന്ന ആശയവും ഈ സന്ദർഭത്തിൽ വിമർശനാത്മകമായി വിലയിരുത്തപ്പെടണം. ലോക നിലവാരമുള്ളതും കരിയർ ബേസ്ഡ് ആയതുമായ വിദ്യാഭ്യാസം എന്ന കോൺസെപ്റ്റ്, കമ്പോളവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഉന്നത വിദ്യാഭ്യാസത്തെ എങ്ങനെ സ്വാധീനിക്കും എന്നത് വലിയ ചോദ്യമാണ്. 'നോളജ് കാപ്പിറ്റലിസം' എന്ന, വൈജ്ഞാനിക മേഖലയെ സാമ്പത്തിക ഉൽപാദനത്തിന്റെ അനുബന്ധമായി ചേർത്തുവക്കുന്ന പ്രക്രിയയിൽ, വിദ്യാഭ്യാസ മേഖലയുടെ നവീകരണം മാത്രം പോരാതെ വരും. നോളജ് ഇക്കോണമിയിലെ 'ഇക്കോണമി', വിപണികേന്ദ്രിതമായ സാങ്കേതിക വിദ്യയുടെ വ്യാപനത്തെയാണ് സൂചിപ്പിക്കുന്നത്. അത് വിജ്ഞാനത്തെ എന്തുമാത്രം ജനാധിപത്യപരമാക്കും എന്നത് ആശങ്കയുയർത്തുന്ന കാര്യമാണ്. മാത്രമല്ല, വിപണിക്കുവേണ്ട തൊഴിലധിഷ്ഠിത സമൂഹമായി മാറുന്ന വിദ്യാർഥികൾ, കോർപറേറ്റ് മൂലധനത്തിന്റെ ടൂളുകളായി അധഃപ്പതിക്കുകയാണ് ചെയ്യുക.

നാലു വർഷ ബിരുദ കോഴ്‌സ് പരാജയപ്പെട്ട ഒരു ഉദാഹരണവുമുണ്ട്. 2013-ൽ ഡൽഹി സർവകലാശാല തുടങ്ങിയ നാലുവർഷ കോഴ്‌സ് അധ്യാപകരുടെയും വിദ്യാർഥികളുടെയും എതിർപ്പിനെതുടർന്ന് പിൻവലിക്കുകയായിരുന്നു. വേണ്ടത്ര കൂടിയാലോചനകളില്ലാതെ നടപ്പാക്കി, കോളേജുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, പാർശ്വവൽകൃത വിഭാഗങ്ങളുടെ പുറന്തള്ളൽ, അക്കാദമികമായ ശേഷിയില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളാണ് വിദ്യാർഥി സംഘടനകളും അധ്യാപകരും ചൂണ്ടിക്കാട്ടിയത്. നാലു വർഷ ബിരുദ കോഴ്‌സിലെ ആദ്യ രണ്ടു വർഷങ്ങൾ തീർത്തും അപ്രധാനമായ കോഴ്‌സുകളിലൂടെ കടന്നുപോകേണ്ടിവരുമെന്ന് ഡൽഹി യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷനും കുറ്റപ്പെടുത്തിയിരുന്നു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ഇന്ന് ചർച്ച ചെയ്യപ്പെടുന്നത് ചില വിവാദങ്ങളുടെ പേരിലാണ് എന്നത്, നാലു വർഷ ബിരുദം എന്ന വലിയ മാറ്റത്തിന്റെ സാഹചര്യത്തെ കലുഷിതവും ആശങ്കാജനകവുമാക്കുന്നുണ്ട്.

യൂണിവേഴ്‌സിറ്റികൾ അടക്കമുള്ള കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരിടുന്ന അക്കാദമികവും ഭരണപരവുമായ കെടുകാര്യസ്ഥതകൾ, വിവാദങ്ങളെന്ന നിലയ്ക്കല്ലാതെ ഒരിക്കലും ചർച്ച ചെയ്യപ്പെടാറില്ല. യൂണിവേഴ്‌സിറ്റികളുടെ സ്വയംഭരണാവകാശം, സിലബസ്, പരീക്ഷ, ഗവേഷണം, മൂല്യനിർണയം തുടങ്ങിയവയുടെ കാലാനുസൃതമായ നവീകരണം, വൈസ് ചാൻസലർ- അധ്യാപക നിയമങ്ങളിലെ സുതാര്യതയും യോഗ്യതാ മാനദണ്ഡങ്ങളും തുടങ്ങിയ വിഷയങ്ങൾ മാധ്യമ വിവാദങ്ങളിലൂടെ അത്യന്തം ലഘൂകരിക്കപ്പെട്ടുപോകുന്നു.

കഴിഞ്ഞവർഷം പ്രവേശനം പൂർത്തിയായപ്പോൾ, സംസ്ഥാനത്തെ ആർട്‌സ് ആന്റ് സയൻസ് കോളേജുകളിൽ 74,580 സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്. ഇതിൽ ഏറ്റവും കൂടുതൽ ബി.എസ്‌സി കോഴ്‌സുകൾക്കായിരുന്നു, 24,072.

കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസർ നിയമത്തിൽ, പ്രിയ വർഗീസിന് എതിരായ സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കിയ ഹൈകോടതി ഡിവിഷൻ ബഞ്ച് ഉത്തരവിൽ, ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ഗൗരവകരമായി ചർച്ച ചെയ്യപ്പെടേണ്ട നിരവധി സംഗതികളുണ്ടായിരുന്നു. അതിൽ പ്രധാനം, അധ്യാപന പരിചയം എന്നത് ക്ലാസ് മുറികളിൽ ഒതുക്കപ്പെടേണ്ട ഒന്നല്ല എന്ന, ഈ ഉത്തരവിലെ വ്യാഖ്യാനമാണ്. മുമ്പ് എൻ.എസ്.എസ് എന്നത്, കാ- കരിക്കുലർ ആക്റ്റിവിറ്റിയായിരുന്നുവെങ്കിൽ ഇപ്പോൾ യു.ജി.സി നിയമപ്രകാരം അത് കരിക്കുലത്തിന്റെ ഭാഗമാണ്. അതായത്, അധ്യാപനത്തിന്റെ സാമൂഹികവൽക്കരണവുമായി ബന്ധപ്പെട്ട ഒരു പരിഗണനാ വിഷയമാണ് ഹൈകോടതി ഉയർത്തിയത്. 'എൻ.എസ്.എസിനുപോയി കുഴി വെട്ടിയതൊന്നും അധ്യാപന പരിചയമാവില്ല' എന്ന സിംഗിൾ ബഞ്ചിന്റെ പരാമർശമാണ് ഇവിടെ തിരുത്തപ്പെട്ടത്. എന്നാൽ, പുതിയ കാലത്ത് അധ്യാപനത്തിന് അനിവാര്യമായ സാമൂഹിക വീക്ഷണത്തിന്റെ പ്രാധാന്യം ചർച്ചയായി ഉയർന്നുവന്നില്ല. പകരം, കോടതി ഉത്തരവിനെക്കുറിച്ച് ഗവർണറുടെ വായിൽനിന്ന് എന്തെങ്കിലും വീണുകിട്ടുമോ എന്ന അന്വേഷണത്തിലായിരുന്നു മാധ്യമങ്ങൾ.

വ്യാജ ബിരുദ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട വിവാദമായിരുന്നു മറ്റൊന്ന്. രണ്ടു ലക്ഷം രൂപക്ക് കലിംഗ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചുവെന്ന നിഖിൽ തോമസ് എന്ന വിദ്യാർഥിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതായിരുന്നു. കൊച്ചി കേന്ദ്രമായി ഇത്തരം വ്യാജ സർട്ടിഫിക്കറ്റുകേന്ദ്രങ്ങൾ തന്നെയുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. കേരള സർവകലാശാല നിഖിൽ തോമസിന് ആജീവനാന്ത വിലക്കും എർപ്പെടുത്തി. എന്നാൽ, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യതയെ ബാധിക്കുന്ന പ്രശ്‌നമായിട്ടും അത് ആ രീതിയിൽ ചർച്ചയായില്ല. ഒരു എസ്.എഫ്.ഐ വിദ്യാർഥി നടത്തിയ അഴിമതി എന്ന നിലയ്ക്ക് അത് ഒതുക്കപ്പെട്ടു.

ഉന്നത വിദ്യാഭ്യാസമേഖലയുടെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട മറ്റൊരു കണക്കിതാ: 2023-ലെ എൻ.ഐ.ആർ.എഫ് റാങ്ക് പട്ടികയിൽ ആദ്യ 20-ൽ കേരളത്തിൽനിന്ന് ഒരു സർവകലാശാലയുമില്ല. കോളേജുകളിൽ, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് 26-ാം സ്ഥാനത്താണ്.

കഴിഞ്ഞവർഷം പ്രവേശനം പൂർത്തിയായപ്പോൾ, സംസ്ഥാനത്തെ ആർട്‌സ് ആന്റ് സയൻസ് കോളേജുകളിൽ 74,580 സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്. ഇതിൽ ഏറ്റവും കൂടുതൽ ബി.എസ്‌സി കോഴ്‌സുകൾക്കായിരുന്നു, 24,072. സർക്കാർ- എയ്ഡഡ് കോളേജുകളിൽ 14, 500-ഓളം സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്.

അടിസ്​ഥാന സൗകര്യങ്ങളുണ്ടോ?

Kerala State Higher Education Curriculam Framework for Undergraduate Programmes-ൽ നാലു വർഷ ബിരുദ കോഴ്‌സിന് ആവശ്യമായ ഇൻഫ്രാസ്ട്രക്ചറിനെക്കുറിച്ച് പറയുന്നുണ്ട്: നാലു വർഷ ഓണേഴ്‌സ്- റിസർച്ച് യു.ജി ഡിഗ്രി നടത്തുന്ന ഡിപ്പാർട്ടുമെന്റുകൾക്ക് ലൈബ്രറി, ജേണലുകൾ, കമ്പ്യൂട്ടർ ലാബും സോഫ്റ്റ്‌വെയറും, ഗവേഷണത്തിനുള്ള ലബോറട്ടറി സൗകര്യങ്ങൾ, പി.എച്ച്ഡി സൂപ്പർവൈസർമാരായ ഫാക്കൽറ്റി അംഗങ്ങൾ എന്നിവ ആവശ്യമാണ്.

ഇൻഫ്രാസ്ട്രക്ചർ സൗകര്യമാണ് കോളേജുകളെ അങ്കലാപ്പിലാക്കുന്നതെന്ന് കേരള ചരിത്ര കോൺഗ്രസ് ജനറൽ സെക്രട്ടറിയും അധ്യാപകനുമായ ഡോ. സെബാസ്​റ്റ്യൻ ജോസഫ് ട്രൂകോപ്പിയോട് പറഞ്ഞു:

ഡോ. സെബാസ്​റ്റ്യൻ ജോസഫ്
ഡോ. സെബാസ്​റ്റ്യൻ ജോസഫ്

''എല്ലാ കോളേജുകളും യൂണിവേഴ്‌സിറ്റികളും ഇപ്പോൾ ചിന്തിക്കുന്നത് സ്‌പെയ്‌സിനെക്കുറിച്ചാണ്. അഞ്ചു ബാച്ച് ഡിഗ്രിയുണ്ടെങ്കിൽ, ഒരു വർഷം കൂടി ആ വിദ്യാർഥികൾ അവിടെ തുടരുകയാണ്. അഞ്ച് ക്ലാസ് മുറികൾ അവർക്കുവേണ്ടിവരും. നാലാം വർഷം ഇന്റൻസീവ് റിസർച്ച് പ്രോഗ്രാമാണ്. കോർ റിസർച്ച് ഏരിയയിൽ വർക്ക് ചെയ്യുന്ന സമയമാണ്. ഇതിനനുയോജ്യമായ, ലാബ് അടക്കമുള്ള സൗകര്യങ്ങൾ വേണം. കോളേജുകളെ സംബന്ധിച്ച് ഇൻഫ്രാസ്ട്രക്ചർ തന്നെയാണ് പ്രധാന വിഷയം. ക്ലാസ് ടൈമിങിൽ ക്രമീകരണമൊക്കെ വരുത്തി ഈ പ്രശ്‌നം പരിഹരിക്കുകയും ചെയ്യാം. കേരളത്തിനു പുറത്ത് പല കാമ്പസുകളും രാവിലെ റഗുലറും ഉച്ചക്കുശേഷം സെൽഫ് ഫിനാൻസിങുമാണ്. അത്തരം രൂപമാറ്റങ്ങൾ നടത്താം.''

വൺ ഇയർ പി.ജി കൂടി വേ​ണ്ടേ?

അടിസ്ഥാന സൗകര്യങ്ങളെപ്പോലെ പ്രധാനമാണ് സിലബസിനെയും ബോധനശാസ്ത്രത്തെയും രൂപപ്പെടുത്തുന്ന പരിപ്രേക്ഷ്യം. വൈജ്ഞാനികമേഖലയുടെ കമ്പോളവൽക്കരണത്തോട് എന്ത് സമീപനമെടുക്കുന്നു എന്നതും ആധുനിക വിദ്യാഭ്യാസത്തെ കൂടുതൽ ക്രിയാത്മകമായി വിപുലപ്പെടുത്താൻ അതിന് എന്ത് പരിപാടിയാണുള്ളത് എന്നും വിശകലനം ചെയ്യപ്പെടണം. അതായത്, ഭൗതികവും ബൗദ്ധികവും അക്കാദമികവുമായ തലങ്ങളിൽ വലിയ നവീകരണം ആവശ്യപ്പെടുന്നതാണ് നാലു വർഷ ബിരുദ കോഴ്‌സുകളിലേക്കുള്ള മാറ്റം. അതിന് കേരളത്തിലെ നിലവിലെ യൂണിവേഴ്‌സിറ്റികളും കോളേജുകളും എത്രത്തോളം പര്യാപ്തമാണ് എന്നത് പരിശോധിക്കപ്പെടണം. വൈസ് ചാൻസലർ നിയമനം പോലും വിവാദമുക്തമാക്കാൻ കഴിയാത്ത ഒരു ഭരണസംവിധാനമാണ് നിലവിലുള്ളത് എന്നോർക്കുക. ഒരു ഗസ്റ്റ് ലക്ചറർ നിയമനം പോലും മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ ഇടം പിടിക്കുന്ന അത്ര നിസ്സാരതകളാണ് ഇന്ന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഭരിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ മാറ്റം വലിയ ആശങ്കകളും ഉയർത്തുന്നുണ്ട്.

‘‘നാലു വർഷ ഡിഗ്രിയെക്കുറിച്ച് പറയുമ്പോൾ മറന്നുപോകുന്ന കാര്യം, അതിനൊപ്പം വൺ ഇയർ പി.ജി കൂടി തുടങ്ങേണ്ടതുണ്ട് എന്ന കാര്യമാണ്. വൺ ഇയർ പി.ജി പ്രോഗ്രാമിന്റെ കരിക്കുലം റിവിഷനുമായി ബന്ധപ്പെട്ട ഒരു നടപടിയും ഉണ്ടായിട്ടില്ല.''

കേരള കേന്ദ്ര സർവകലാശാലയിലെ സ്‌കൂൾ ഓഫ് എഡ്യുക്കേഷനിൽ പ്രൊഫസറും വിദ്യാഭ്യാസ ചിന്തകനുമായ അമൃത് ജി. കുമാർ, കേരളത്തിലെയും ദേശീയതലത്തിലെയും നാലു വർഷ ബിരുദ പ്രോഗ്രാമുകൾ തമ്മിലുള്ള ആശയക്കുഴപ്പത്തെക്കുറിച്ച് ചൂണ്ടിക്കാട്ടുന്നു:

2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽ (എൻ.ഇ.പി- 2020) നാലു വർഷ ബിരുദ കോഴ്‌സിനെക്കുറിച്ച് പറഞ്ഞിരുന്നു. അതിനുശേഷമാണ് ശ്യാം ബി. മേനോൻ കമീഷൻ റിപ്പോർട്ട് വരുന്നത്. കേരളത്തിൽ, എൻ.ഇ.പിയാണ് നടപ്പാക്കാൻ പോകുന്നത് എന്നൊരു ധാരണയുണ്ടായിരുന്നു. എന്നാൽ, എന്റെ അന്വേഷണത്തിൽ വ്യക്തമായത്, ശ്യാം മേനോൻ കമീഷൻ റിപ്പോർട്ടാണ് ഫോളോ ചെയ്യുന്നത് എന്നാണ്. അടിസ്ഥാനപരമായി, നാലു വർഷ ബിരുദ കോഴ്‌സിന്റെ ടോൺ എൻ.ഇ.പിയിൽ സെറ്റ് ചെയ്തിരുന്നതുകൊണ്ട്, യൂണിവേഴ്‌സിറ്റികളെല്ലാം നാലു വർഷ കോഴ്‌സിലേക്ക് മാറേണ്ട സാഹചര്യം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആ സാഹചര്യത്തെ വലിയ കേടുകൂടാതെ മറികടക്കാൻ കേരളത്തിനായത്, ശ്യാം മേനോൻ കമീഷൻ റിപ്പോർട്ടിലൂടെയാണ്.''

അമൃത് ജി. കുമാർ
അമൃത് ജി. കുമാർ

''നമ്മൾ അഭിമുഖീകരിക്കാൻ പോകുന്ന ഒരു പ്രധാന പ്രശ്‌നം ചൂണ്ടിക്കാട്ടാം. മൂന്നാം വർഷത്തിലാണ് എക്‌സിറ്റുള്ളത്. നാലാം വർഷം കോഴ്‌സ് പൂർത്തിയാക്കി പുറത്തിറങ്ങും. മൂന്നാം വർഷം പുറത്തിറങ്ങുന്നവർക്ക് ആദ്യ വർഷ പി.ജിക്ക്, ഇപ്പോൾ ചേരുന്ന പോലെ ചേരാം. നാലാം വർഷം കഴിഞ്ഞിറങ്ങുന്നവർക്ക് സെക്കന്റ് ഇയർ പി.ജിയിലേക്കാണ് അഡ്മിഷൻ കൊടുക്കേണ്ടത്. നാലു വർഷ ഡിഗ്രിയെക്കുറിച്ച് പറയുമ്പോൾ മറന്നുപോകുന്ന കാര്യം, അതിനൊപ്പം വൺ ഇയർ പി.ജി കൂടി തുടങ്ങേണ്ടതുണ്ട് എന്ന കാര്യമാണ്. വൺ ഇയർ പി.ജി പ്രോഗ്രാമിന്റെ കരിക്കുലം റിവിഷനുമായി ബന്ധപ്പെട്ട ഒരു നടപടിയും ഉണ്ടായിട്ടില്ല.''

എൻ.ഇ.പിയും കേരളത്തിലെ പ്രോഗ്രാമും തമ്മിലുള്ള താരതമ്യം, മറ്റൊരു പ്രശ്‌നം കൂടി പുറത്തുകൊണ്ടുവരുന്നുന്നെ് അമൃത് ജി. കുമാർ പറയുന്നു: ''ദേശീയതലത്തിൽ ഓണേഴ്‌സ്- റിസർച്ച് ഡിഗ്രിയാണ്. അത് കഴിഞ്ഞാൽ, പി.എച്ച്ഡിക്ക് നേരിട്ട് ചേരാം. ഇവിടെയാണെങ്കിൽ, നാലു വർഷം കഴിയുന്നവർക്ക് സെക്കൻഡ് ഇയർ പി.ജിക്കാണ് ചേരാൻ കഴിയുക. അതു കഴിഞ്ഞേ പി.എച്ച്ഡിക്ക് രജിസ്റ്റർ ചെയ്യാനാകൂ. ദേശീയതലത്തിലെ ഡ്യൂവൽ ഡിഗ്രി പ്രോഗ്രാമും കുറെക്കൂടി വിദ്യാർഥി സൗഹൃദപരമാണ്. അതായത്, ദേശീയതലത്തിൽ നാലു വർഷം കഴിഞ്ഞ് റിസർച്ചിന് പോകുന്നവർ, അതിനൊപ്പം, വൺ ഇയർ പി.ജി കൂടി ചെയ്യുമ്പോൾ ഒരു വർഷത്തെ അഡ്വാൻേറജ് ഉണ്ടാകുന്നുണ്ട്. ആ അഡ്വാൻേറജ് കേരളത്തിൽ ഡിസൈൻ ചെയ്ത കോഴ്‌സിലില്ല. അപ്പോൾ, ദേശീയതലത്തിലെ ബിരുദത്തോട, നമ്മുടെ വിദ്യാർഥികൾക്ക് താരതമ്യേന താൽപര്യം കൂടാൻ സാധ്യതയുണ്ട്. നാലു വർഷ ബിരുദം വരുമ്പോൾ നമ്മുടെ കരിക്കുലം സ്ട്രക്ചർ റി- ഡിസൈൻ ചെയ്യപ്പെടുന്നുണ്ട് എന്നത് വലിയ കാര്യമാണ്. പ്രായോഗികമായി ചിന്തിക്കുന്നവരാണ് ഇപ്പോഴത്തെ രക്ഷിതാക്കൾ. ഇവിടുത്തെ ഡ്യുവൽ മേജറിനുപകരം, ദേശീയ തലത്തിൽ നേടാൻ കഴിയുന്ന ട്രിപ്പിൾ മേജർ ഓണേഴ്‌സിന് അവർ പ്രാധാന്യം നൽകാനിടയുണ്ട്.''

‘‘കേരളത്തിൽ തുടങ്ങുന്ന നാലുവർഷ പ്രോഗ്രാമിൽ, അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് എന്ന ആശയം കേരളത്തിന്റെ മാത്രമായിട്ടുള്ളതാണോ അതോ ദേശീയതലത്തിലുള്ളതിനെ ആശ്രയിച്ചുള്ളതാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.''

ശ്യാം ബി. മേനോൻ കമീഷൻ റിപ്പോർട്ടിൽ, Common / Shared bank of credit എന്ന നിർദേശമുണ്ട്. ദേശീയതലത്തിൽ വരാൻ പോകുന്ന അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റുമായുള്ള (എ.ബി.സി) ഇതിന്റെ ലിങ്കേജ് എങ്ങനെയായിരിക്കുമെന്നതിന് വ്യക്തതയില്ലെന്നും അമൃത് ജി. കുമാർ പറയുന്നു: ''എൻ.ഇ.പി അനുസരിച്ച്, ഡിഗ്രിക്ക് പഠിക്കുന്നവർക്ക് മറ്റ് യൂണിവേഴ്‌സിറ്റികളുടെ കോഴ്‌സുകൾ ഓൺലൈനായി ചെയ്യാം. അവിടെനിന്ന് കിട്ടുന്ന ക്രെഡിറ്റ്, ദേശീയതലത്തിൽ, അക്കാദമിക് ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യപ്പെടം. അതായത്, ഒന്നാം വർഷം പഠിക്കുന്നവർക്ക് ഐ.ഐ.ടിയുടെയും ഐ.ഐ.എമ്മിന്റെയും അടക്കമുള്ള സെൻട്രൽ യൂണിവേഴ്‌സിറ്റികളുടെയൊക്കെ കോഴ്‌സ് എടുക്കാം. ഇതെല്ലാം ക്രെഡിറ്റ് ചെയ്യാനും പറ്റും. ശ്യാം മേനോൻ റിപ്പോർട്ടിൽ പറയുന്ന Shared bank of credit എന്നത്​, എ.ബി.സിക്ക് സമാനമാണ്. അതേസമയം, കേരളത്തിലെ എല്ലാ യൂണിവേഴ്‌സിറ്റികളും, എൻ.ഇ.പിയുടെ ഭാഗമായുള്ള അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിൽ (എ.ബി.സി) മെമ്പർഷിപ്പ് എടുത്തിട്ടുണ്ട്. സ്വഭാവികമായും വിദ്യാർഥികൾ എ.ബി.സിയിൽ രജിസ്റ്റർ ചെയ്യും. അവർ ദേശീയതലത്തിൽ കോഴ്‌സുകൾ ചെയ്യും, അവ ഇതിലേക്ക് ഡെപ്പോസിറ്റ് ചെയ്യപ്പെടും. സ്‌റ്റേറ്റ് ലെവലിൽ ബാങ്ക് തുടങ്ങിയാൽ, ദേശീയ തലത്തിലുള്ള ക്രെഡിറ്റ് ട്രാൻസ്ഫറിന് പ്രശ്‌നം വരും. കുറവിലങ്ങാട് ദേവമാതാ കോളേജിലെ വിദ്യാർഥി ഐ.ഐ.ടി കോഴ്‌സ് ചെയ്താൽ, അതിന്റെ മാർക്ക് കേരളത്തിൽ ക്രെഡിറ്റ് ചെയ്യുന്നതിന് തടസമുണ്ടാകും. അതേസമയം, ദേശീയതലത്തിലുള്ള ബാങ്കുമായി ലിങ്ക്ഡ് ആണുതാനും. അതുകൊണ്ട്, കേരളത്തിൽ തുടങ്ങുന്ന നാലുവർഷ പ്രോഗ്രാമിൽ, ഓൺലൈൻ കോഴ്‌സുകൾക്കുള്ള പ്രൊവിഷൻ കൂടി ഓഫർ ചെയ്യുമ്പോൾ, അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് എന്ന ആശയം കേരളത്തിന്റെ മാത്രമായിട്ടുള്ളതാണോ അതോ ദേശീയതലത്തിലുള്ളതിനെ ആശ്രയിച്ചുള്ളതാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.''

പുതിയ ക്രമീകരണം വരുമ്പോൾ അധ്യാപകർ പ്രകടിപ്പിക്കുന്ന ഒരു ആശങ്ക കൂടി അദ്ദേഹം പങ്കുവെക്കുന്നുണ്ട്: ''യു.ജി.സി പറയുന്നത്, 40 ശതമാനം ക്രെഡിറ്റ് ഒരു വിദ്യാർഥിക്ക് കോളേജിനുപുറത്തുള്ള ഓൺലൈൻ പ്രോഗ്രാം വഴി സംഘടിപ്പിക്കാം എന്നാണ്. അതായത്, റഗുലർ കോഴ്‌സിന്റെ 40 ശതമാനം വർക്കിങ് അവേഴ്‌സ്, കോളേജിനുപുറത്ത് അറ്റന്റ് ചെയ്യാം. ഒരു ദിവസം പത്തു മണിക്കൂർ ക്ലാസുണ്ടെങ്കിൽ ആറു മണിക്കൂർ ക്ലാസിലിരുന്നാൽ മതി. ബാക്കി നാലു മണിക്കൂർ ഓൺലൈൻ പ്രോഗ്രാമിന് മാറ്റിവെക്കാം. അങ്ങനെ വരുമ്പോൾ, അധ്യാപകർ പൊതുവെ ഭയക്കുന്ന സാഹചര്യമുണ്ടാകും, ടീച്ചിംഗ് വേക്കൻസിയുടെ കാര്യത്തിൽ. നിലവിലുള്ളവർക്ക് പ്രശ്‌നമുണ്ടാകില്ല. ഭാവിയിൽ വരാനിരിക്കുന്നവരെ അത് ബാധിച്ചേക്കാം.
tenure appointment- അനുസരിച്ച്​, അധ്യാപകരെ അഞ്ചു വർഷത്തെ കോൺട്രാക്റ്റിന് നിയമിക്കുകയാണ് ചെയ്യുക. റഗുലർ അപ്പോയ്‌മെന്റ് എന്ന ആശയം ഇല്ലാതാകുന്നു. ഇത്, പലതരം സ്വാധീനങ്ങളാൽ ദുരുപയോഗപ്പെടുത്തപ്പെടാനുള്ള സാധ്യതയുണ്ട്. നാലു വർഷ പ്രോഗ്രാമിനുവേണ്ടിയുള്ള ടീച്ചിംഗ് പ്രൊവിഷനുമായി ബന്ധപ്പെട്ട ചർച്ച ഉയർന്നുവരുന്നില്ല. അതിനുള്ള പ്രധാന കാരണം, ദേശീയ വിദ്യാഭ്യാസ നയത്തെ സംസ്ഥാന സർക്കാർ എതിർക്കും എന്ന് തുടക്കത്തിൽ പറഞ്ഞെങ്കിൽ പോലും അതിന്റെ നിഴൽ ഇവിടെ നടപ്പാക്കുന്നുണ്ട് എന്നതാണ്; അതായത്, നിഷേധാത്മകമായ ഒരു അനുസരണ എന്നു പറയാം.''

‘‘വികേന്ദ്രീകൃതമായ സിലബസ് അപ്രോച്ചിലേക്കു വന്നെങ്കിലും കോഴ്‌സുകളുടെ ക്വാളിറ്റി മെച്ചപ്പെട്ടിട്ടില്ല. ഇതിന് കാരണം, മീഡിയോക്കർ ആയ അക്കാദമിക് സ്റ്റാന്റേഡിന്റെ പ്രശ്‌നമാണ്.’’

സിലബസും ക്ലാസ് റൂമും

സിലബസും കോഴ്‌സുകളും എങ്ങനെ റീ- ഡിസൈൻ ചെയ്യണം, അതിനനുയോജ്യമായ പെഡഗോഗി എങ്ങനെ രൂപപ്പെടുത്തണം തുടങ്ങിയ പ്രശ്‌നങ്ങളാണ്, നാലു വർഷ ബിരുദകോഴ്‌സുകൾക്കമുന്നിൽ പ്രധാനമായുമുള്ളത്. സിലബസ് ആന്റ് കരിക്കുലം എന്നതിനെ ഇന്റഗ്രേറ്റഡ് ആയി കാണണമെന്ന് ഡോ. സെബാസ്​റ്റ്യൻ ജോസഫ് പറയുന്നു: ''ആദ്യ രണ്ടു വർഷം ഭാഷയും കോംപ്ലിമെന്ററി എന്നു പറയുന്ന ഇതര വിഷയങ്ങളുമാണ് പഠിക്കേണ്ടത്. മൂന്നാം വർഷം കോർ വിഷയമാണ്. നാലാം വർഷമാണ് ഗവേഷണത്തിൽ കേന്ദ്രീകരിച്ചുള്ള പഠനം. കരിക്കുലം റിവിഷനിലാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. ചരിത്രം എന്ന വിഷയം എടുക്കുക. മുൻ വർഷം മോഡേൺ ഇന്ത്യ ഒരു വിഷയമായി പഠിച്ച വിദ്യാർഥി മൂന്നാം വർഷം, മോഡേൺ ഇന്ത്യയിൽനിന്ന് ഉരുത്തിരിഞ്ഞുവരുന്ന ഒരു പ്രധാന കോൺസെപ്റ്റായിരിക്കണം പഠിക്കേണ്ടത്. ഉദാഹരണത്തിന്, കാപ്പിറ്റലിസവും കൊളോണിലസലവും ബന്ധപ്പെടുത്തിയുള്ള ഒരു പേപ്പർ. നാലാം വർഷത്തിലേക്കുവരുമ്പോൾ ഇന്റൻസീവായ, റിസർച്ച് ഫോക്കസ്ഡ് ആയ ഏരിയകളിലേക്കു വരണം. മോഡേൺ ഇന്ത്യൻ ഹിസ്റ്ററി സ്‌പെഷലൈസ് ചെയ്യുന്ന വിദ്യാർഥിക്ക് മോഡേൺ ഇന്ത്യയിലെ ഒരു കോർ ഏരിയയിലേക്ക് പോകണം. ഉദാഹരണത്തിന്, ഇങ്ങനെയൊരു സിലബസ് ഡ്രാഫ്റ്റ് ചെയ്യാൻ പറ്റും: ഗാന്ധിയൻ സത്യഗ്രഹത്തെ എൻവയോൺമെന്റലിസവുമായി ബന്ധിപ്പിച്ച്, ചമ്പാരൻ പ്രക്ഷോഭത്തെ ഫോക്കസ് ചെയ്ത് ഒരു കോഴ്‌സാക്കി മാറ്റാം. ചരിത്രരചനാരീതിയുടെ ചരിത്രം പഠിപ്പിക്കുന്ന കോഴ്‌സുകളുണ്ട്. ഉത്തരാധുനികതാ ചരിത്രപഠനരീതികൾ മൂന്നാം വർഷം ഒരു മൊഡ്യൂളിൽ ഒതുക്കിവച്ചിരിക്കുകയാണിപ്പോൾ. അത് കറുച്ചുകൂടി വിശലാമാക്കാം. നാലാം വർഷം, ഉത്തരാധുനികതാ ചരിത്രവുമായി ബന്ധപ്പെടുത്തി ഏതെങ്കിലുമൊരു ഹിസ്‌റ്റോറിയനെ ഫോക്കസ് ചെയ്ത് പഠിക്കാം. മിഷേൽ ഫൂക്കോയുടെ ആർക്കിയോളജിക്കൽ ജീനിയോളജിക്കൽ അപ്രോച്ചിനെയൊക്കെ ഇങ്ങനെ വികസിപ്പിക്കാം. ഇതുപയോഗിച്ച് ക്ഷേത്രപ്രവേശന വിളംബരത്തെ ആഴത്തിൽ വിശകലനം ചെയ്യാൻ കഴിയും. പാഠങ്ങളെ, പാഠങ്ങളുടെ അടിത്തട്ടിൽ വച്ചുകൊണ്ട് മനസ്സിലാക്കുക. ഏതെങ്കിലും ചരിത്ര തെളിവുരേഖ ലഭിക്കുന്ന സമയത്ത് ഇത്തരം പാഠവിമർശം നടത്താം. ഇത്തരം ടൂളുകൾ വിദ്യാർഥികളെ മനസ്സിലാക്കിപ്പിച്ച്, അതിൽനിന്ന് ഒരു റിസർച്ച് പേപ്പർ ഉണ്ടാക്കിയെടുക്കുമ്പോഴാണ് നാലാം വർഷം കൊണ്ട് ഗുണമുണ്ടാകുന്നുള്ളൂ.
വിദേശത്ത് ഒരു കോഴ്‌സിന് നാലു മൊഡ്യൂളുണ്ടെങ്കിൽ, നാലെണ്ണത്തിലും കുറെ കോൺസെപ്റ്റുകൾ പഠിപ്പിക്കുകയല്ല ചെയ്യുന്നത്. നാലു മൊഡ്യൂളുകളിൽ നാല് ചരിത്രകാരന്മാരെയാണ് ഇൻട്രൊഡ്യൂസ് ചെയ്യുകയുള്ളൂ. അല്ലെങ്കിൽ നാലു ചരിത്ര സിനിമകളാണ് പഠിക്കുക. ചരിത്രത്തെ വിഷലിപ്തമാക്കുന്ന സമയത്ത്, സിനിമകളെ ഈ മട്ടിൽ പഠിക്കാനുള്ള ശേഷി ചരിത്രവിദ്യാർഥികൾക്കുണ്ടാകണം. ഏഴ്, എട്ട് സെമസ്റ്റിൽ ഈ വിദ്യാർഥി വേണ്ടിവന്നാൽ തന്റെ പ്രദേശത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി ഉണ്ടാക്കാനുള്ള അവഗാഹം ഉണ്ടാക്കിക്കൊടുക്കാനായാൽ അവിടെയാണ് ചരിത്രപഠനം പുതിയ ദിശയിലേക്ക് പോകുന്നത്. ഇങ്ങനെയുള്ള ബോധനരീതിശാസ്ത്രം വികസിപ്പിച്ചെടുക്കണമെങ്കിൽ, ബോർഡ് ഓഫ് സ്റ്റഡീസിലുള്ളവർക്ക് നല്ല വിഷയവൈദഗ്ധ്യം വേണം. അങ്ങനെയുള്ളവർക്കേ സിലബസിനെ റീ ഓറിയന്റ് ചെയ്യാൻ കഴിയുകയുള്ളൂ.
ക്ലാസ് റൂമുകളിലാണ് സിലബസ് ട്രാൻസാക്ഷൻ നടക്കുന്നത്. അത് കൃത്യമായി പ്രസരിപ്പിക്കാൻ കഴിയുള്ള അധ്യാപകർ വേണം. ചില കോളേജുകളിലെ ഫിസിക്‌സ് ഡിപ്പാർട്ടുമെന്റ് ഗംഭീരമായിരിക്കും. എന്നാൽ, ലാംഗ്വേജ് വളരെ മോശമായിരിക്കും. അതുകൊണ്ട്, ആ കോളേജിന് ഫിസിക്‌സിൽ നാലാം വർഷത്തെ കോഴ്‌സുകൾ ഗംഭീരമായി കൊണ്ടുപോകാൻ കഴിയും. ഇതൊരു ടോപ്പ് ഡൗൺ പ്രോസസായതുകൊണ്ട്, യൂണിവേഴ്‌സിറ്റികളിലിരിക്കുന്ന ചില പ്രൊഫസർമാരുടെയും അക്കാദമിക് പണ്ഡിതന്മാരുടെയും വിഷയമേഖലയുമായി ബന്ധപ്പെടുത്തി അതിനകത്ത് ഇംപോസിഷൻസ് ഉണ്ടാക്കാൻ ശ്രമിക്കും. അത് പാടില്ല, ജനാധിപത്യപരമായ രീതിയിൽ വേണം ഇത് മുന്നോട്ടുപോകാൻ. എം.ജി യൂണിവേഴ്‌സിറ്റിയിൽ സിലബസ് കരിക്കുലം വർക്ക്‌ഷോപ്പുകൾ നടത്തുമ്പോൾ എല്ലാ കോളേജുകളിൽനിന്നും അധ്യാപകരെ വിളിച്ച് ചർച്ച ചെയ്ത് പുതിയ കോഴ്‌സുകൾ ഉണ്ടാക്കി വരുന്നത്. ഇത്തരത്തിൽ വികേന്ദ്രീകൃതമായ സിലബസ് അപ്രോച്ചിലേക്കു വന്നെങ്കിലും കോഴ്‌സുകളുടെ ക്വാളിറ്റി മെച്ചപ്പെട്ടിട്ടില്ല. ഇതിന് കാരണം, മീഡിയോക്കർ ആയ അക്കാദമിക് സ്റ്റാന്റേർഡിന്റെ പ്രശ്‌നമാണ്. വൈദഗ്ധ്യമുള്ളവരെ വിളിച്ചുവരുത്തി വേണം ഏഴ്, എട്ട് സെമസ്റ്റർ സിലബസ് ഫ്രെയിം ചെയ്യാൻ. നാലാം വർഷം കഴിഞ്ഞ് പോകുന്ന വിദ്യാർഥിക്ക് പി.ജി ഒരു വർഷമേയുള്ളൂ. എം. ഫില്ലിന് തുല്യമായി നിൽക്കേണ്ട കോഴ്‌സാണിത്. അതുകൊണ്ട്, ഗവേഷണത്തിലേക്ക് ഒരു വിദ്യാർഥിയെ നയിക്കേണ്ട വർഷമാണ് നാലാം വർഷം. അതിനുവേണ്ട വലിയ രീതിയിലുള്ള ഓറിയന്റേഷൻ വിദ്യാർഥികൾക്ക് കൊടുക്കണം.''

ഗവേഷണത്തിലെ പ്രശ്​നങ്ങൾ

നാലു വർഷ ബിരുദ കോഴ്‌സിന് ഗവേഷണോന്മുഖമായ ഘടനയാണുള്ളത്. എന്നാൽ, നിലവിൽ കേരളത്തിൽ പിന്തുടരുന്ന ബിരുദ കോഴ്‌സുകളുടെയും ഗവേഷണത്തിന്റെയും രീതിശാസ്ത്രം വിദ്യാർഥിയെ സംബന്ധിച്ച് ഒരുതരത്തിലും ഗുണകരമല്ല എന്ന വിർമശനമുന്നയിക്കുകയാണ്, കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളേജിൽ രണ്ടാം വർഷ ഗവേഷണ വിദ്യാർഥിയായ ജെ. വിഷ്ണുനാഥ്:

ജെ. വിഷ്ണുനാഥ്
ജെ. വിഷ്ണുനാഥ്

''ബി.എ, ബി.എസ്‌സി, ബികോം കോഴ്‌സുകളുടെ പ്രസക്തി എന്താണ്​?. ഈ സ്‌കീമിൽ പഠിച്ചിറങ്ങുന്നവർ വൈജ്ഞാനികമായും തൊഴിൽപരമായും ആർജിക്കുന്ന ശേഷി എന്തുമാത്രമാണ്? ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ യുഗമാണ്. 2030 ആകുമ്പോഴേക്കും, സമ്പദ്‌വ്യവസ്ഥയുടെ 2.6- 4.4 ട്രില്യൻ ഡോളർ സംഭാവന ചെയ്യുന്നത് എ.ഐ ആയിരിക്കുമെന്നാണ് Economic Potential of Generative AI-ൽ വന്ന റിപ്പോർട്ട്. 2030- 2050 കാലത്ത്, 50 ശതമാനം തൊഴിലവസരങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്ക് ഓട്ടേമാറ്റ് ചെയ്യപ്പെടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതനുസരിച്ച് നമ്മുടെ വിദ്യാർഥികൾക്ക് എത്രമാത്രം പ്രൊഡക്റ്റിവിറ്റി കൈവരിക്കാൻ കഴിയും എന്നത്, നാലു വർഷ ബിരുദകോഴ്‌സുകളുമായി ബന്ധപ്പെട്ട് ഉയർത്തേണ്ട പ്രധാന ചോദ്യമാണ്.
ഒരു മൾട്ടി ഡിസിപ്ലിനറി ബിരുദപഠനം വന്നാൽ പോലും കേരളത്തിൽ ഇതിന് എന്തുമാത്രം സാധ്യതയുണ്ടാകും? ഇപ്പോൾ, കേരളത്തിൽ പ്രൊഫഷനൽ കോഴ്‌സുകളിലടക്കം പഠിച്ചിറങ്ങുന്ന നാലിലൊന്നുപേർക്കും ജോലി ലഭിക്കുന്നില്ല. ബാങ്കിംഗ് മേഖലയിലേക്ക് ഇന്ന് ഏറ്റവും കൂടുതൽ വരുന്നത് എഞ്ചിനീയറിംഗ് കഴിഞ്ഞിറങ്ങുന്നവരാണ്.''

നാലു വർഷ ബിരുദ കോഴ്‌സിനെ ഏറ്റവും എതിർക്കുന്നത് അധ്യാപകരും അവരുടെ സംഘടനകളുമാണെന്ന് വിഷ്ണുനാഥ് പറയുന്നു. നിലവിൽ അവർ ഒരു ഡീഫോൾട്ട് സെറ്റുചെയ്തുവച്ചിട്ടുണ്ട്. വിഷയങ്ങളിൽ വലിയൊരു മാറ്റം വരുമ്പോൾ അവരും സ്വയം റിനോവേറ്റ് ചെയ്യേണ്ടിവരും. എന്നാൽ അധ്യാപകർ അപ്‌ഡേറ്റ് ചെയ്യാൻ മടിയുള്ളവരാണ്. പുതിയ കാര്യങ്ങൾ ഉൾക്കൊള്ളാൻ അവർ ഇഷ്ടപ്പെടുന്നില്ല.

''കേരളത്തിൽ ദിശാബോധത്തോടെ ഗവേഷണ കാലയളവ് പൂർത്തിയാക്കുന്ന എത്ര വിദ്യാർഥികളുണ്ട്. എത്ര തിസീസുകളാണ് മാറാല പിടിച്ചുകിടക്കുന്നത്? എത്ര തിസീസുകളിൽ പ്രസക്തമായ ഔട്ട്കം ഉണ്ടാകുന്നുണ്ട്? ’’

കേരളത്തിലെ ഗവേഷണ മേഖലയിലെ പ്രതിസന്ധികളും വിഷ്ണുനാഥ് എടുത്തുകാട്ടുന്നു: ''കേരളത്തിൽ ദിശാബോധത്തോടെ ഗവേഷണ കാലയളവ് പൂർത്തിയാക്കുന്ന എത്ര വിദ്യാർഥികളുണ്ട്. എത്ര തിസീസുകളാണ് മാറാല പിടിച്ചുകിടക്കുന്നത്? എത്ര തിസീസുകളിൽ പ്രസക്തമായ ഔട്ട്കം ഉണ്ടാകുന്നുണ്ട്? ഗവേഷണത്തിനു വരുന്നതിനുമുമ്പ്, സിനോപ്‌സിസ് എങ്ങനെ തയാറാക്കണം, ടോപ്പിക് എങ്ങനെ സെലക്റ്റ് ചെയ്യണം എന്നിവയെക്കുറിച്ച് വിദ്യാർഥിക്ക് അറിവു നൽകുന്ന ് ബ്രിഡ്ജ് കോഴ്‌സുപോലുമില്ല. നിരവധി വിദ്യാർഥികൾ, കോഴ്‌സിൽ ചേർന്ന ശേഷമാണ് ടോപ്പിക്കുകൾ തെരഞ്ഞെടുക്കുന്നത്. റിസർച്ച് ഗൈഡിന്റെ നിർബന്ധത്തിനുവഴങ്ങി പോലും ടോപ്പിക് തെരഞ്ഞെടുക്കേണ്ട അവസ്ഥയുണ്ട്. തീരെ താൽപര്യമില്ലാത്ത മേഖലയിൽ അഞ്ചുവർഷം വരെ അവർ സ്ട്രഗിൾ ചെയ്യേണ്ടിവരുന്നു. ചിലർ ചേരാത്ത ഒരു ടോപ്പിക് തെരഞ്ഞെടുത്ത്, ഡാറ്റ കലക്റ്റ് ചെയ്യാൻ പോലും സ്ട്രഗിൾ ചെയ്യേണ്ടിവരുന്നുണ്ട്.''
ഗവേഷണോന്മുഖമെന്ന നിലയ്ക്ക് ബിരുദ കോഴ്‌സിൽ നവീകരണം വരുമ്പോൾ, ഈ പ്രശ്‌നത്തിന്റെ റൂട്ട് കോസ് അനാലിസിസ് അനിവാര്യമാണെന്നും വിഷ്ണുനാഥ് പറയുന്നു.

മൾട്ടി ഡിസിപ്ലിനറിയിലെ പ്ര​ശ്​നങ്ങൾ

'കുസാറ്റി'ൽ എം.എസ്​സി ഫിസിക്‌സ് വിദ്യാർഥിയായ നിക്‌സിൻ സജി എബ്രഹാം, നാലുവർഷ ബിരുദ കോഴ്‌സിലെ കോഴ്‌സ് ഫ്രെയിം വർക്കിനെയാണ് വിമർശിക്കുന്നത്:

നിക്‌സിൻ സജി എബ്രഹാം
നിക്‌സിൻ സജി എബ്രഹാം

''മൾട്ടി ഡിസിപ്ലിനറി, റിസർച്ച് ഓറിയന്റഡ് എന്നൊക്കെ പറഞ്ഞാണ് പുതിയ കോഴ്‌സ് കൊണ്ടുവരുന്നത്. മൾട്ടി ഡിസിപ്ലിനറിയെക്കുറിച്ച് ഡൽഹി യൂണിവേഴ്‌സിറ്റിയിലെ അധ്യാപക സംഘടന പഠനം നടത്തിയിരുന്നു. തേഡ് സെമസ്റ്റർ വരെയുള്ള കോമൺ കോഴ്‌സ് ഒരു പാക്കേജ്ഡ് സാധനമാണ്, അതിന് പ്ലസ് ടു നിലവാരം പോലുമില്ല എന്നാണ് ഇതിൽ കണ്ടെത്തിയത്. നിലവിൽ, ബിരുദ പഠനത്തിൽ 73 ശതമാനവും കോർ സബ്ജക്റ്റ് സ്റ്റഡിയാണ്. പുതിയ നാലു വർഷ കോഴ്‌സിന്റെ കരിക്കുലമനുസരിച്ച് 30 ശതമാനം മാത്രമേ സബ്ജക്റ്റ് സ്റ്റഡിയുള്ളൂ. ബാക്കിയുള്ളത് മൾട്ടി ഡിസിപ്ലിനറിയാണ്. പല വിഷയങ്ങൾ ഹോളിസ്റ്റിക്കായ അപ്രോച്ചിൽ പരിചയപ്പെടുത്തുന്നു എന്നാണ് പറയുന്നത്. സ്‌കിൽ ലേണിങ്ങാണ് പ്ലാൻ ചെയ്തിരിക്കുന്നത്. അതായത്, Knowlege acquiring process എന്നതിനുപകരം Credit acquiring process ആക്കി മാറ്റിയിരിക്കുകയാണ്. ഇതുവഴി, തെരഞ്ഞെടുത്ത വിഷയത്തിലുള്ള ഫോക്കസ് നഷ്ടമാകുകയാണ് ചെയ്യുക.
ഫിസിക്‌സ് പഠിക്കുന്നവർക്ക് ഹിസ്റ്റിയിൽ അറിവ് നേടാൻ കഴിയും എന്നാണ് ഇതിനെ അനുകൂലിക്കുന്നവർ പറയുന്നത്. എന്നാൽ, ഹിസ്റ്ററി എന്നത് മെമ്മറൈസ് ചെയ്ത് പഠിക്കാൻ പറ്റുന്ന ഒന്നല്ല, അതിനൊരു അനലിറ്റിക്കൽ- സയന്റിഫിക് അപ്രോച്ചുണ്ട്. ഈ രീതിയിലൂടെ പഠിച്ചാലേ ഈ വിഷയത്തെക്കുറിച്ചുള്ള ധാരണയുണ്ടാകൂ. അല്ലാത്തപക്ഷം, താജ്മഹലിനെ തേജോ മഹാലയ എന്നു വിളിക്കുന്ന മട്ടിലുള്ളവരെ ഉൽപാദിപ്പിക്കുന്ന ഒരു സംവിധാനമായി ഇത് മാറും. സബ്ജക്റ്റിന്റെ കോറിനെ തീർത്തും ഡൈല്യൂട്ട് ചെയ്ത് 30- 40 ശതമാനത്തിലേക്ക് ചുരുക്കി പഠിപ്പിക്കുന്ന അവസ്ഥയിൽനിന്ന് വരുന്ന വിദ്യാർഥി എങ്ങനെ റിസർച്ചിലേക്ക് പോകും? ഗവേഷണമേഖലയുടെ സർവനാശമായിരിക്കും ഇതിന്റെ ഫലം.''

പുതിയ കോഴ്‌സ് തൊഴിലധിഷ്ഠിതമാണ് എന്ന അവകാശവാദം വ്യാജമാണ് എന്നാണ് നിക്‌സിൻ പറയുന്നത്: ''ഇന്ത്യയിലെ തൊഴിൽ സാഹചര്യത്തെ വിദ്യാഭ്യാസത്തെ അടിസ്ഥാനമാക്കിയല്ല, സാമൂഹ്യസാഹചര്യത്തെ അടിസ്ഥാനമാക്കിയാണ് കാണേണ്ടത്. വിദ്യാഭ്യാസമുള്ളവർക്കുപോലും തൊഴിൽ കൊടുക്കാൻ സർക്കാർ തയാറാകുന്നില്ല. ലേബർ കോഡ് അടക്കമുള്ള കാര്യങ്ങൾ നടപ്പാക്കുന്നതിനുപിന്നിൽ ഈ തൊഴിൽ നിഷേധമാണുള്ളത്.''

‘‘ഇന്ത്യയിൽ നടന്ന പൗരത്വ പ്രക്ഷോഭങ്ങളടക്കമുള്ളവയുടെ നേതൃത്വം വിദ്യാർഥികൾക്കായിരുന്നു. ഇതിനെയൊക്കെ അടിത്തട്ടിൽ വെട്ടുകയാണ്, ഇത്തരം പുതിയ കോഴ്‌സുകളിലൂടെ ബി.ജെ.പി സർക്കാർ ലക്ഷ്യമിടുന്നത്. കേരള സർക്കാറാകട്ടെ, പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിൽ നയപരമായ ഒരു പ്രശ്‌നവുമില്ല.''

ലക്ഷ്യം മാർക്കറ്റോ?

പുതിയ വിദ്യാഭ്യാസ നയത്തെ അതേപടി സ്വീകരിക്കുന്ന സംസ്ഥാന സർക്കാർ നയത്തെയും നിക്‌സിൻ വിമർശിക്കുന്നു: ''പുതിയ കോഴ്‌സുമായി ബന്ധപ്പെട്ട ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെന്റിനെക്കുറിച്ച് സർക്കാർ സംസാരിക്കുന്നില്ല. അതിനർഥം, നിലവിലുള്ള റിസോഴ്‌സ് വച്ച്, നിലവിലെ അധ്യാപകരെ വച്ച് ഓടിക്കാനാണ് പോകുന്നത്. മാർക്കറ്റിന്റെ ആവശ്യം നിറവേറ്റുക എന്ന കോൺസെപ്റ്റ് വച്ചാണ് ഈ കോഴ്‌സ് അടക്കമുള്ള നവീകരണം കേന്ദ്ര സർക്കാർ കൊണ്ടുവന്നത്. മാർക്കറ്റിന് ആവശ്യമായ സ്‌കിൽ നേടുന്നവരെ മാർക്കറ്റിന്റെ ആവശ്യത്തിനനുസരിച്ച് ഉപയോഗപ്പെടുത്തുക. ചിന്താശേഷിയില്ലാത്ത വിദ്യാർഥി സമൂഹത്തെ സൃഷ്ടിച്ച് തൊഴിലിടത്തിലേക്കുവിട്ട്, അവിടെ ചോദ്യം ചെയ്യാതെ ചൂഷണം ഏറ്റുവാങ്ങുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക. സമീപകാലത്ത് ഇന്ത്യയിൽ നടന്ന പൗരത്വ പ്രക്ഷോഭങ്ങളടക്കമുള്ളവയുടെ നേതൃത്വം വിദ്യാർഥികൾക്കായിരുന്നു. ഇതിനെയൊക്കെ അടിത്തട്ടിൽ വെട്ടുകയാണ്, ഇത്തരം പുതിയ കോഴ്‌സുകളിലൂടെ ബി.ജെ.പി സർക്കാർ ലക്ഷ്യമിടുന്നത്. കേരള സർക്കാറാകട്ടെ, പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിൽ നയപരമായ ഒരു പ്രശ്‌നവുമില്ല.''

ഡൽഹി സർവകലാശാല നടപ്പാക്കി, പിന്നീട് പിൻവലിക്കപ്പെടേണ്ട സാഹചര്യം കേരളത്തിൽ ആവർത്തിക്കാതിരിക്കണമെങ്കിൽ സർക്കാർ തലത്തിൽ നല്ല ഗൃഹപാഠം ആവശ്യമാണ് എന്നാണ് അധ്യാപകരും വിദ്യാർഥികളും പറയുന്നത്. കരിക്കുലം റിവിഷനുമായി ബന്ധപ്പെട്ട ചർച്ചക്കൊപ്പം അധ്യാപകർ അടക്കമുള്ള റിസോഴ്‌സുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കാര്യത്തിൽ കൃത്യമായ ഇടപെടലുകൾ അനിവാര്യമാണ്. ദേശീയ വിദ്യാഭ്യാസ നയവുമായുള്ള സംഘർഷത്തിലൂടെ സംസ്ഥാനത്തിന് മുന്നോട്ടുപോകാനാകില്ലെങ്കിലും, ദേശീയതലത്തിൽ സ്വീകരിക്കപ്പെടുന്ന ഉദാരവാദ- വിപണിവൽകൃത സമീപനങ്ങളെ മറികടക്കാനുള്ള ശേഷി, കേരളത്തിലെ പ്രോഗ്രാമിനുണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.

Comments