അദാനി കോർപ്പറേറ്റ് ഫണ്ടിന് കീഴിലാവുന്ന ഇന്ത്യൻ വിജ്ഞാന വ്യവസ്ഥ

“ഇന്ത്യയുടെ പരമ്പരാഗത വിജ്ഞാന ചട്ടക്കൂടുകളെന്ന പേരിൽ ഹിന്ദുത്വ വ്യാഖ്യാനങ്ങളും മിത്തുകളും സമകാലിക വിദ്യാഭ്യാസവുമായി സംയോജിപ്പിക്കാനുള്ള ഐ.കെ.എസിന്റെ ദൗത്യത്തിന് ഇനി അദാനി ഗ്രൂപ്പ് പണം നൽകുമ്പോൾ ഹിന്ദുത്വ സാംസ്കാരിക ദേശീയതയുടെയും അദാനിയുടെ "സുസ്ഥിര" കോർപ്പറേറ്റ് കൊള്ളയ്ക്കും വേണ്ടിയുള്ള ഒരു പബ്ലിക് റിലേഷൻ പ്രക്രിയയായി അക്കാദമിക പ്രവർത്തനങ്ങൾ മാറും,” ഡോ. സ്മിത പി. കുമാർ എഴുതുന്നു.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (2020) നിർദേശത്തിനനുസരിച്ച് വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും "ഇന്ത്യൻ നോളജ് സിസ്റ്റംസ്" (ഐകെഎസ്) എന്ന ഉള്ളടക്കം ബന്ധിപ്പിക്കാൻ ഉള്ള മോദി ഭരണകൂടത്തിന്റെ ശ്രമങ്ങളെ കുറിച്ചും, അതിലൂടെ ''സംഘപരിവാർ വിജ്ഞാന വ്യവസ്ഥകൾ'' അക്കാദമികവൽക്കരിക്കാൻ ഉള്ള ഉദ്ദേശങ്ങളെ കുറിച്ചും മുൻപ് എഴുതിയിരുന്നു. പൗരാണിക വിജ്ഞാനം എന്ന പേരിൽ കപട ശാസ്ത്രവും വികലമായ ചരിത്രവും വിവിധ കോഴ്സുകളുടെ ഉള്ളടക്കമായി ഉൾച്ചേർത്ത് കൊണ്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ത്യൻ നോളജ് സിസ്റ്റം ദുരുപയോഗം ചെയ്യപ്പെടുന്നതായി വ്യാപകമായി വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇപ്പോഴിതാ മോദി മിത്രം അദാനിയുടെ കാരുണ്യത്തിനു കീഴിൽ ഇന്ത്യൻ വിജ്ഞാന വ്യവസ്ഥ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് വിദ്യാഭ്യാസ മന്ത്രാലയം വാതിൽ തുറന്നു കൊടുക്കുന്നു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്ത്യൻ നോളജ് സിസ്റ്റം ഡിവിഷനുമായി സഹകരിച്ച് അദാനി ഗ്രൂപ്പ് 2025 നവംബർ 20 മുതൽ 22 വരെ അഹമ്മദാബാദിലെ അദാനി കോർപ്പറേറ്റ് ഹൗസിൽ 'ഇൻഡോളജി' പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ഒരു ദേശീയ പരിപാടി സംഘടിപ്പിച്ചിരുന്നു. ഭാരത് നോളജ് ഗ്രാഫ് നിർമ്മിക്കുന്നതിനും, ഇൻഡോളജി ദൗത്യത്തിന് സംഭാവന നൽകുന്ന പണ്ഡിതരെയും സാങ്കേതിക വിദഗ്ധരെയും പിന്തുണയ്ക്കുന്നതിനുമായി 100 കോടി രൂപയുടെ പ്രാഥമിക സംഭാവന പ്രഖ്യാപിക്കുന്നു എന്നും, ഇത് ഒരു ''നാഗരിക കടത്തിന്റെ'' (civilizational debt ) തിരിച്ചടവാണ് എന്നുമാണ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് ഗൗതം അദാനി പറഞ്ഞത്.

ഇന്ത്യയുടെ പരമ്പരാഗത വിജ്ഞാന ചട്ടക്കൂടുകളെന്ന പേരിൽ ഹിന്ദുത്വ വ്യാഖ്യാനങ്ങളും മിത്തുകളും സമകാലിക വിദ്യാഭ്യാസവുമായി സംയോജിപ്പിക്കാനുള്ള ഐ.കെ.എസിന്റെ ദൗത്യത്തിന് ഇനി അദാനി ഗ്രൂപ്പ് പണം നൽകുമ്പോൾ ഹിന്ദുത്വ സാംസ്കാരിക ദേശീയതയുടെയും അദാനിയുടെ "സുസ്ഥിര" കോർപ്പറേറ്റ് കൊള്ളയ്ക്കും വേണ്ടിയുള്ള ഒരു പബ്ലിക് റിലേഷൻ പ്രക്രിയയായി അക്കാദമിക പ്രവർത്തനങ്ങൾ മാറും. ഇന്ത്യൻ വിജ്ഞാന സംവിധാനങ്ങൾ ‘വികസിപ്പിക്കുക’ എന്ന അക്കാദമിക ഉത്തരവാദിത്വം അദാനി ഏറ്റെടുക്കുമ്പോൾ, തദ്ദേശീയവും പാരിസ്ഥിതികവുമായ അറിവുകൾ പലതും പ്രത്യേകിച്ച് വനപരിപാലനം, പരമ്പരാഗത വൈദ്യശാസ്ത്രം, വിത്ത് സംരക്ഷണം എന്നിവ കൃത്യമായി തിരഞ്ഞെടുത്ത് വിപണിയിലെ ചരക്കുകളാക്കുന്നതിനും അതോടൊപ്പം അദാനിയുടെ ഖനനം, തുറമുഖം, ഊർജ്ജ പദ്ധതികൾ എന്നീ വ്യവസായിക പദ്ധതികളെ ഗ്രീൻ വാഷ് ചെയ്യുന്നതിനുമുള്ള നിയമാനുസൃത വഴിയായി അത് മാറും.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്ത്യൻ നോളജ് സിസ്റ്റം ഡിവിഷനുമായി സഹകരിച്ച് അദാനി ഗ്രൂപ്പ് 2025 നവംബർ 20 മുതൽ 22 വരെ അഹമ്മദാബാദിലെ അദാനി കോർപ്പറേറ്റ് ഹൗസിൽ  'ഇൻഡോളജി' പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ഒരു ദേശീയ പരിപാടി സംഘടിപ്പിച്ചിരുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്ത്യൻ നോളജ് സിസ്റ്റം ഡിവിഷനുമായി സഹകരിച്ച് അദാനി ഗ്രൂപ്പ് 2025 നവംബർ 20 മുതൽ 22 വരെ അഹമ്മദാബാദിലെ അദാനി കോർപ്പറേറ്റ് ഹൗസിൽ 'ഇൻഡോളജി' പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ഒരു ദേശീയ പരിപാടി സംഘടിപ്പിച്ചിരുന്നു.

ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടു വെയ്ക്കുന്ന പൊതു-സ്വകാര്യ പങ്കാളിത്ത - കാരുണ്യ മുതലാളിത്ത മാതൃക ഇനി അദാനിയുടെ ഗ്രാന്റുകളിലൂടെ നടപ്പിലാവുമ്പോൾ അതിനെ ആശ്രയിക്കുന്ന സർവകലാശാലകൾ, കോർപ്പറേറ്റ് ഉത്തരവാദിത്തത്തെക്കുറിച്ചുള്ള നിർണായക പഠനങ്ങളെ നിശബ്ദമാക്കുന്നതിനൊപ്പം, അദാനിയുടെ പാരിസ്ഥിതികവും സാമൂഹികവുമായ അവകാശവാദങ്ങളെ നിയമാനുസൃതമാക്കുന്ന ഗവേഷണങ്ങൾക്ക് മുൻഗണന നൽകാതിരിക്കില്ല. ഉദാഹരണത്തിന്, കൽക്കരി നിലയങ്ങളെ "വേദിക് ഇക്കോളജി" യിലെ അറിവുകൾ വെച്ച് ന്യായീകരിക്കാനുള്ള ശ്രമങ്ങൾ മുൻപും നടന്നിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയവും യു.ജി.സിയും ചേർന്ന് "സുസ്ഥിര വികസനത്തിന് വേദശാസ്ത്രം" എന്ന പേരിൽ സംഘടിപ്പിച്ച ഒരു ശിൽപശാലയിൽ കൽക്കരി "വേദ കാർബൺ ചക്രത്തിന്റെ" ഭാഗമാണെന്നും ആധുനിക ഖനനം പൃഥ്വി തത്വ (ഭൂമി മൂലകം) സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നുവെന്നും പ്രഭാഷകർ അവകാശപ്പെട്ടിരുന്നു. കൽക്കരി "അഗ്നിയുടെ സമ്മാനം" അല്ലെങ്കിൽ "പുരാതന വേദ കാലഘട്ടത്തിലെ വനങ്ങളിൽ നിന്ന് സംഭരിച്ച സൗരോർജ്ജം" ആയിട്ടാണ് വേദ പരിസ്ഥിതി ശാസ്ത്രം കണക്കാക്കുന്നത്. 2024 ലെ ഗ്യാൻ ഉത്സവിൽ (ഐകെഎസ് ഫെസ്റ്റിവൽ), അദാനിയുടെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഗുജറാത്തിലെ അഹമ്മദാബാദിലെ അദാനി സർവകലാശാല സഹ-സ്പോൺസർ ചെയ്ത ഒരു അവതരണത്തിൽ, ശരിയായ മന്ത്രങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ച് നടത്തിയാൽ ജ്വലനം പരിസ്ഥിതിക്ക് "നെറ്റ്-പോസിറ്റീവ്" ആയിരിക്കുമെന്ന് വേദ അഗ്നി ആചാരങ്ങൾ തെളിയിക്കുന്നുവെന്ന് വാദം മുന്നോട്ടു വെച്ചിരുന്നു.

ചുരുക്കത്തിൽ, അറിവിനെ ജനാധിപത്യവൽക്കരിക്കുന്നതിനുപകരം, ഈ സഖ്യം ബ്രാഹ്മണിക്കൽ പുനരുജ്ജീവനത്തിന്റെയും കോർപ്പറേറ്റ് ചൂഷണത്തിന്റെയും അപകടകരമായ കൈകോർക്കലായി മാറും എന്ന് നിസ്സംശയം പറയാം. ഇത് ഇന്ത്യൻ ജ്ഞാനശാസ്ത്രത്തിന്റെ അവശേഷിക്കുന്ന അവസാനത്തെ സ്വയംഭരണ ഇടങ്ങളെ ലാഭത്തിന്റെയും പ്രത്യയശാസ്ത്ര നിയന്ത്രണത്തിന്റെയും ഉപകരണങ്ങളാക്കി മാറ്റുകയും ചെയ്യും.


Summary: How Gautam Adani's corporate funding to Indian Knowledge system will become a public relation programme, Dr. Smitha P. Kumar writes.


ഡോ. സ്മിത പി. കുമാർ

കാലിക്കറ്റ്​ യൂണിവേഴ്​സിറ്റി ടീച്ചർ എഡ്യുക്കേഷൻ സെൻറർ പ്രിൻസിപ്പൽ. കാർഷിക പ്രശ്​നങ്ങൾ, ജെൻഡർ പൊളിറ്റിക്​സ്​ എന്നീ ​വിഷയങ്ങളെക്കുറിച്ച്​ എഴുതുന്നു.

Comments