വിദ്യാലയങ്ങൾ ‘തിരുത്തൽ’ കേന്ദ്രങ്ങളാകരുത്, ശിക്ഷയിൽനിന്ന് അച്ചടക്കമുണ്ടാകില്ല…

‘സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ അച്ചടക്കം ഉറപ്പാക്കാന്‍ അധ്യാപകര്‍ കൈയില്‍ ചെറുചൂരല്‍ കരുതട്ടെ' എന്ന ഹൈക്കോടതി നിരീക്ഷണത്തോട് വിയോജിച്ചുകൊണ്ട് അധ്യാപികയായ നന്ദിത നന്ദകുമാര്‍ എഴുതുന്നു. ശിക്ഷയിൽ നിന്നും ഭയത്തിൽ നിന്നുമാണ് അച്ചടക്കമുണ്ടാകുന്നതെന്ന തെറ്റായ ധാരണ ഉത്തരവാദപ്പെട്ട ഇടങ്ങളിൽ നിന്നുണ്ടാകുന്നത് ഏറെ ആശയക്കുഴപ്പങ്ങൾക്കും പ്രതികൂല പ്രത്യാഘാതങ്ങൾക്കും കാരണമാകുമെന്നും അവർ എഴുതുന്നു.

ധ്യാപകരുടെ ചൂരൽ ഒരു കരുതലാണെന്നും അത് കാണുന്നതു പോലും കുട്ടികളിൽ വലിയ മാറ്റങ്ങളുണ്ടാക്കും എന്നുമാണ് കേരള ഹൈക്കോടതിയുടെ വിലയിരുത്തൽ. ഇതോടെ എപ്പോഴോ നഷ്ടപ്പെട്ടുപോയ ‘കിരീടവും ചെങ്കോലും’ തിരിച്ചുകിട്ടിയ ആശ്വാസവും. വിദ്യാഭ്യാസ മനഃശാസ്ത്രം, ശിശുവികാസവും മനഃശാസ്ത്രം, അതുമായി ബന്ധപ്പെട്ട ഒട്ടനവധി വിജ്ഞാന മേഖലകൾ എന്നിവയിൽ പഠനങ്ങൾ നടക്കുകയും കാര്യങ്ങളെ ശാസ്ത്രീയമായി അവതരിപ്പിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ ഇതൊന്നും പരിഗണിക്കാതെയുള്ള അഭിപ്രായങ്ങൾ ഉത്തരവാദപ്പെട്ട ഇടങ്ങളിൽ നിന്നുണ്ടാകുന്നത് ഏറെ ആശയക്കുഴപ്പങ്ങൾക്കും പ്രതികൂല പ്രത്യാഘാതങ്ങൾക്കും കാരണമാകും.

ശിക്ഷയിൽ നിന്നും ഭയത്തിൽ നിന്നുമാണ് അച്ചടക്കമുണ്ടാകുന്നതെന്നത് തെറ്റായ ധാരണയാണെന്നും വിദ്യാലയങ്ങൾ ജയിലുകൾ പോലെ ‘തിരുത്തൽ കേന്ദ്രങ്ങൾ’ അല്ലെന്നും, ശാരീരിക ശിക്ഷയും മാനസിക ആഘാതവും ഒരു കുട്ടിയെ കൂടുതൽ സങ്കീർണതകളിലേക്കേ എത്തിക്കുകയുള്ളൂ എന്നും 2009-ലെ വിദ്യാഭ്യാസ അവകാശനിയമം (സെക്ഷൻ 17) വ്യക്തമാക്കുന്നുണ്ട്. കുട്ടികൾക്കും അധ്യാപകർക്കും ഏറ്റവും ഫലപ്രദമായും ക്രിയാത്മകമായും സന്തോഷത്തോടെയും ഇടപെടലുകൾ നടത്താനാകുന്ന ഇടമായി വിദ്യാലയങ്ങൾ മാറുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട ഈ അവസരത്തിൽ അശാസ്ത്രീയതയിലേക്കുള്ള തിരിച്ചുപോക്ക് നിരാശാജനകമാണ്.

വടി നിരോധിച്ച ബഷീർ മാഷ്

അധ്യാപകനും മലപ്പുറം വിദ്യാഭ്യാസ ഡെപ്പ്യൂട്ടി ഡയറക്ടറുമായിരുന്ന ബഷീർ സുജീവനം ഇതുമായി ബന്ധപ്പെട്ട് പങ്കുവെച്ച അഭിപ്രായങ്ങൾ ശ്രദ്ധേയമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ജനാധിപത്യത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസരീതി നിർമിക്കപ്പെട്ടിട്ടില്ലെന്നും പഴയ പ്രജാവിദ്യാഭ്യസമാണ് ഇപ്പോഴും നിലനിൽക്കുന്നതെന്നും വിദ്യാർത്ഥികൾ പൗരരാണെന്നും അവരെ ഭരിക്കപ്പെടുന്ന പ്രജകളായി കാണുന്ന ശീലം മാറാത്തതുകൊണ്ടാണ് ചൂരൽ എടുക്കേണ്ടി വരുന്നതെന്നും അദ്ദേഹം വിലയിരുത്തുന്നു.
ഏകദേശം 25 വർഷം മുൻപ് മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആയിരിക്കെ ക്ലാസ് മുറികളിൽ വടിയും മാനസിക-ശാരീരിക- സാംസ്കാരിക- സാമൂഹിക പീഢനങ്ങളും നിരോധിച്ച് ഉത്തരവിറക്കിയ ഉദ്യോഗസ്ഥനാണ് അദ്ദേഹം. കുട്ടികൾ അനന്തസാധ്യതകൾ ഉള്ളവരാണെന്നും അവർ ബഹുമാനിക്കപ്പെടേണ്ടവരാണെന്നുമുള്ള തിരിച്ചറിവാണ് തന്നെ അതിലേക്ക് നയിച്ചതെന്ന് ബഷീർ മാഷ് പറയും.

ശിക്ഷയിൽ നിന്നും ഭയത്തിൽ നിന്നുമാണ് അച്ചടക്കമുണ്ടാകുന്നതെന്നത് തെറ്റായ ധാരണയാണെന്നും വിദ്യാലയങ്ങൾ ജയിലുകൾ പോലെ ‘തിരുത്തൽ കേന്ദ്രങ്ങൾ’ അല്ലെന്നും, ശാരീരിക ശിക്ഷയും മാനസിക ആഘാതവും ഒരു കുട്ടിയെ കൂടുതൽ സങ്കീർണതകളിലേക്കേ എത്തിക്കുകയുള്ളൂ എന്നും 2009-ലെ വിദ്യാഭ്യാസ അവകാശനിയമം വ്യക്തമാക്കുന്നുണ്ട്.

സ്വാതന്ത്ര്യത്തിന് മുൻപും ശേഷവും നാം ഭരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. മുൻപ് കോളനി യജമാനന്മാരാൽ ആയിരുന്നെങ്കിൽ ഇന്ന് നമ്മെ ഭരിക്കുന്നത് മുതലാളിത്ത ശക്തികളാണ്. മുതലാളിത്തം അതിന്റെ ലക്ഷ്യങ്ങൾ ഓരോന്നായി നേടിക്കൊണ്ടിരിക്കുകയാണ്. അതിലൊരു പ്രധാന ലക്ഷ്യമാണ് തങ്ങൾക്ക് ചേർന്ന പുതിയ തലമുറയെ സൃഷ്ടിക്കുക എന്നത്. അതിനുള്ള പ്രവർത്തനങ്ങൾ വിദ്യാലയങ്ങളിലും വിദ്യാർത്ഥികൾക്കിടയിലും അവർ എന്നേ ആരംഭിച്ചു കഴിഞ്ഞു.

 സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ജനാധിപത്യത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസരീതി നിർമിക്കപ്പെട്ടിട്ടില്ലെന്നും പഴയ പ്രജാവിദ്യാഭ്യസമാണ് ഇപ്പോഴും  നിലനിൽക്കുന്നതെന്നും വിദ്യാർത്ഥികൾ പൗരരാണെന്നും അവരെ ഭരിക്കപ്പെടുന്ന  പ്രജകളായി കാണുന്ന ശീലം മാറാത്തതുകൊണ്ടാണ് ചൂരൽ എടുക്കേണ്ടി വരുന്നതെന്നും ബഷീർ മാഷ് വിലയിരുത്തുന്നു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ജനാധിപത്യത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസരീതി നിർമിക്കപ്പെട്ടിട്ടില്ലെന്നും പഴയ പ്രജാവിദ്യാഭ്യസമാണ് ഇപ്പോഴും നിലനിൽക്കുന്നതെന്നും വിദ്യാർത്ഥികൾ പൗരരാണെന്നും അവരെ ഭരിക്കപ്പെടുന്ന പ്രജകളായി കാണുന്ന ശീലം മാറാത്തതുകൊണ്ടാണ് ചൂരൽ എടുക്കേണ്ടി വരുന്നതെന്നും ബഷീർ മാഷ് വിലയിരുത്തുന്നു.

സാമൂഹിക പരിണാമത്തിന്റെ പ്രാഥമിക ഘട്ടം ആരംഭിക്കുന്നതും തെളിവുകളും ദൃഷ്ടാന്തങ്ങളും ദൃശ്യമാകുന്നതും വിദ്യാലയങ്ങളിൽ നിന്നാണ്. അതുകൊണ്ടുതന്നെ പഠനങ്ങൾ ആരംഭിക്കേണ്ടതും ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടതും വിദ്യാലയങ്ങളിൽ തന്നെയാണെന്നുള്ളതിൽ സംശയമില്ല. തുലനാവസ്ഥയിൽ നിലനിൽക്കാൻ ആഗ്രഹിക്കുന്ന സാമൂഹിക വ്യവസ്ഥിതിയിൽ പെട്ടെന്നുണ്ടാകുന്ന വ്യതിയാനങ്ങൾ, അതുണ്ടാക്കുന്ന ആഘാതങ്ങൾ… അതിന്റെ കാര്യകാരണങ്ങളുടെ അന്വേഷണത്തിലാണ് നാം. സാങ്കേതികവിദ്യയുടെ വളർച്ചയും തലമുറവിടവും അതിനെത്തുടർന്നുണ്ടാകുന്ന ആശയക്കുഴപ്പങ്ങളും ചർച്ച ചെയ്യുമ്പോൾ ഇതിന്റെയെല്ലാം മൂലകാരണമാവുകയാണ് പിടിച്ചുകെട്ടപ്പെടാത്ത മുതലാളിത്തം. ഉത്പന്നകേന്ദ്രീകൃതവും മത്സരാധിഷ്ഠിതവുമായ മുതലാളിത്ത കടന്നുകയറ്റത്തിന്റെ ഇരകളാകുന്ന ഇന്നത്തെ സമൂഹത്തിന്റെ മാനസിക-വൈകാരിക തുലനനിലയെപ്പോലും ബാധിക്കുന്ന തരത്തിലേക്ക് അതിന്റെ വളർച്ച എത്തിക്കഴിഞ്ഞു.

അധ്യാപകരുടെ ചൂരൽ ഒരു കരുതലാണെന്നും അത് കാണുന്നത് പോലും കുട്ടികളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും എന്നുമാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ.
അധ്യാപകരുടെ ചൂരൽ ഒരു കരുതലാണെന്നും അത് കാണുന്നത് പോലും കുട്ടികളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും എന്നുമാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ.

READ ALSO: ബാക്കിയുള്ള അധ്യാപകച്ചൂരലുകൾ കൂടി കണ്ടുകെട്ടേണ്ടതുണ്ട്

ഇന്നത്തെ തലമുറയെ നാളെയുടെ പൗരരായി നാം സ്വപ്നം കാണുമ്പോൾ മുതലാളിത്തം അവരെ മത്സരിക്കുവാനും പ്രതിഫലത്തിനായി പണിയെടുക്കുവാനും പ്രാപ്തരാക്കി അതിന്റെ ഏറ്റവും നല്ല ഉത്പ്പന്നങ്ങളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. മാർക്കും എ പ്ലസും വാങ്ങാനായി ഇഷ്ടമില്ലാത്തത് പഠിക്കാൻ കുട്ടികളെ സജ്ജരാക്കുന്നത്, പിന്നീട് ഇഷ്ടമില്ലാത്ത ജോലി ചെയ്തിട്ടായാലും ശമ്പളം വാങ്ങുന്ന തൊഴിലാളികളെ സൃഷ്ടിക്കാനാണ്. സ്‌കൂളിലെ മാർക്കാണ് തൊഴിലിടത്തിൽ ശമ്പളമായി മാറുന്നത്. സാമൂഹ്യശരീരത്തിൽ മുതലാളിത്തം ഏൽപ്പിക്കുന്ന പ്രധാന മുറിവായി അന്യവത്കരണത്തെ മാർക്സ് അടയാളപ്പെടുത്തുന്നുണ്ട്. പഠനപ്രക്രിയയിലൂടെ മുന്നോട്ടുപോകുന്ന ഒരു കുട്ടി, താൻ അറിയുന്ന, നേടുന്ന, കണ്ടെത്തുന്ന അറിവുകളെല്ലാം തന്റെ ജീവിതവുമായി ബന്ധപ്പെടുത്തി മനസിലാക്കി തുടങ്ങുമ്പോൾ, ഇത് തന്റെ ജീവിതം തന്നെയാണെന്ന് തിരിച്ചറിയുമ്പോഴാണ് വിദ്യാഭ്യാസം അവരുടെ ആവശ്യമായി തോന്നുന്നതും അതിൽ പൂർണമായി ഇഴുകിച്ചേരുന്നതും. എന്നാൽ നിലവിലെ സ്ഥിതിഗതികൾ വിശകലനം ചെയ്യുമ്പോൾ, അറിവിനെ നിത്യജീവിതവുമായി ബന്ധപ്പെടുത്തുവാനുള്ള ചർച്ചകളും ആസൂത്രണങ്ങളും നടക്കുകയും അധ്യാപകർ അതിനുള്ള പരിശീലനങ്ങൾ നേടുകയും ചെയ്യുന്നുണ്ടെങ്കിൽ പോലും അത് പൂർണ അർത്ഥത്തിൽ നടപ്പിൽ വരുത്തുവാനുള്ള അന്തരീക്ഷമല്ല വിദ്യാലയങ്ങളിൽ ഉള്ളത്.

മാറുന്ന വിദ്യാഭ്യാസം,
മാറാത്ത പരീക്ഷ

വിദ്യാഭ്യാസ മേഖലയിൽ നിരവധി പരീക്ഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇനിയും മാറാതെ, എന്നാൽ പൂർവാധികം ശക്തിയോടെ നിലനിൽക്കുന്ന ഒന്നാണ് പരീക്ഷകൾ. മാർക്ക് സിസ്റ്റം ഗ്രേഡിലേക്ക് വഴിമാറിയെങ്കിലും മത്സരം കൂടുതൽ കരുത്താർജിച്ചിരിക്കുന്നു. പ്രതിഫലത്തിനുവേണ്ടി ഇടതടവില്ലാതെ പണിയെടുക്കുന്ന തൊഴിലാളികളെപ്പോലെ മുതലാളിത്തത്തിന്റെ പ്രതിനിധികളായി മാറുകയാണ് മാർക്കിന് വേണ്ടി ‘പണിയെടുക്കുന്ന’ നമ്മുടെ കുട്ടികൾ. നേടുന്ന അറിവുകളിൽ നിന്ന് തീർത്തും അന്യരായി മാറുന്ന അവരെ വിദ്യാലയത്തിന്റെ മറ്റു സാധ്യതകൾ സ്പർശിക്കുന്നേ ഇല്ല. ട്യൂഷൻ സെന്ററുകളും ഓൺലൈൻ ലേണിംഗ് ആപ്പുകളും ഈ അന്യവത്കരണം ഏറ്റെടുക്കുകയും വിദ്യാഭ്യാസത്തെ ഒന്നാന്തരം കച്ചവടമാക്കുകയും ചെയ്യുന്നു.

നിങ്ങൾ മത്സരിക്കണമെന്നും പോരാടി മാർക്ക് വാങ്ങണമെന്നും അത് മാത്രമാണ് നിങ്ങളുടെ ലക്ഷ്യമെന്നും അവർ ആഹ്വാനം ചെയ്യുമ്പോൾ ഒരേ സമയം മുതലാളിത്തത്തിന്റെ ഇരകളും ഉത്പന്നങ്ങളും ആയി മാറുകയാണ് നമ്മുടെ കുട്ടികൾ. നിങ്ങൾ എന്ത് പഠിക്കണം, എങ്ങനെ പഠിക്കണം, എങ്ങനെ പരീക്ഷ എഴുതണം എന്നുള്ള രീതിയിൽ എല്ലാത്തിനുമുള്ള പരിഹാരമെന്നോണം അവതരിപ്പിക്കപ്പെടുന്ന ക്യാപ്സ്യൂൾ ക്ലാസുകൾ, എ പ്ലസ് കണക്കുകൾ നിരത്തുന്ന വിദ്യാലയങ്ങൾ എല്ലാം അവരെ യന്ത്ര സമാനരും ചിന്താശേഷി ഇല്ലാത്തവരും ആക്കുകയാണ് ചെയ്യുന്നത്. സ്വന്തമായ കഴിവുകളും താല്പര്യങ്ങളും കണ്ടെത്തി അത് വളർത്തിയെടുക്കുവാനുള്ള സമയമോ സാഹചര്യമോ ഇല്ലാതെ, ഇഷ്ടവിഷയം കണ്ടെത്തുവാനുള്ള അവസരം പോലും ലഭിക്കാതെ ‘എല്ലാ വിഷയത്തിലും’ എ പ്ലസ് എന്ന ഒരൊറ്റ ലക്ഷ്യത്തിലേക്ക് ചുരുങ്ങുകയാണ് നാനാവിധത്തിലുള്ള കഴിവുകളോടുകൂടിയ കുട്ടികൾ. വ്യക്തികേന്ദ്രീകൃതമായ പരീക്ഷകളും അതിനുള്ള പരിശീലനങ്ങളും ചെറിയ ക്ലാസ് മുതൽ തുടങ്ങുന്നുണ്ട് എന്നുള്ളതും നമുക്ക് കാണാം.

മാർക്ക് സിസ്റ്റം ഗ്രേഡിലേക്ക് വഴിമാറിയെങ്കിലും മത്സരം കൂടുതൽ കരുത്താർജിച്ചിരിക്കുന്നു. പ്രതിഫലത്തിന് വേണ്ടി ഇടതടവില്ലാതെ പണിയെടുക്കുന്ന തൊഴിലാളികളെപ്പോലെ മുതലാളിത്തത്തിന്റെ പ്രതിനിധികളായി മാറുകയാണ് മാർക്കിന് വേണ്ടി ‘പണിയെടുക്കുന്ന’ നമ്മുടെ കുട്ടികൾ.
മാർക്ക് സിസ്റ്റം ഗ്രേഡിലേക്ക് വഴിമാറിയെങ്കിലും മത്സരം കൂടുതൽ കരുത്താർജിച്ചിരിക്കുന്നു. പ്രതിഫലത്തിന് വേണ്ടി ഇടതടവില്ലാതെ പണിയെടുക്കുന്ന തൊഴിലാളികളെപ്പോലെ മുതലാളിത്തത്തിന്റെ പ്രതിനിധികളായി മാറുകയാണ് മാർക്കിന് വേണ്ടി ‘പണിയെടുക്കുന്ന’ നമ്മുടെ കുട്ടികൾ.

വിദ്യാർത്ഥികൾ,
മുതലാളിത്ത ഇരകൾ

സമൂഹ മാധ്യമങ്ങളിൽ ഏറെ നേരം ചെലവഴിക്കുന്ന കുട്ടികൾ പലതരത്തിൽ മുതലാളിത്ത ചൂഷണത്തിന് വിധേയരാവുന്നുണ്ട്. എന്ത് കോഴ്സ് പഠിക്കണം, ഏത് ഡ്രസ് ധരിക്കണം എന്ന് തുടങ്ങി ഏറ്റവും പുതിയ ട്രെൻഡിനു പിറകെ പോകുമ്പോൾ സ്വയം ചൂഷണത്തിന് ഇരകളാവുകയാണെന്ന് അവർ അറിയുന്നേ ഇല്ല. പലവിധ മാനസിക സംഘർഷങ്ങളിലേക്കും ഇത് അവരെ കൊണ്ടുചെന്നെത്തിക്കുന്നു. ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യാത്ത സമൂഹത്തെ സൃഷ്ടിക്കുക എന്ന മുതലാളിത്ത താല്പര്യമാണ് ഇവിടെ ലക്ഷ്യം കാണുന്നതെന്നുള്ളത് വ്യക്തമാണ്. മുതലാളിത്തത്തെ അട്ടിമറിക്കുകയല്ലാതെ വേറെ വഴിയില്ല. വിദ്യാലയങ്ങൾ ഒരിക്കലും അതിന് പടർന്ന് പന്തലിക്കാനുള്ള ഇടമാകരുത്. ഒരേ സമയം മുതലാളിത്ത സമൂഹത്തിൽ ജീവിക്കുവാനും അതിനെ വെല്ലുവിളിക്കുവാനും പ്രാപ്തരാവേണ്ടതുണ്ട് നമ്മുടെ കുട്ടികൾ. കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ ജീവിച്ചിരുന്ന കുട്ടികൾക്ക് ഗൃഹാന്തരീക്ഷം നൽകിയിരുന്ന കുറെ സാമൂഹ്യ പാഠങ്ങൾ ഉണ്ടായിരുന്നു. അതില്ലാതായതോടെ സമൂഹത്തെ അറിയുവാനുള്ള ഏക ഇടം വിദ്യാലയങ്ങൾ ആയി മാറി. ആ രീതിയിൽ വിദ്യാലയങ്ങളുടെ ഉത്തരവാദിത്തം വർദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിദ്യാലയങ്ങൾ അതിന് മുൻഗണന നൽകിയേ മതിയാവൂ.

പഠിക്കുന്ന കാര്യങ്ങൾ യഥാർത്ഥ ജീവിതവുമായി ബന്ധപ്പെടുത്തുകയും ചോദ്യങ്ങൾ ചോദിക്കുകയും വിമർശിക്കുകയും അന്വേഷിക്കുകയും നിലപാടുകൾ ഉണ്ടാവുകയും ചെയ്യുന്ന ഒരു തലമുറയ്ക്ക് മാത്രമേ മുതലാളിത്തത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് പുറത്തുകടന്ന് അതിന്റെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുവാനും സമ്മർദ്ദങ്ങളിൽ അകപ്പെടാതെ പറ്റിക്കപ്പെടാതെ ജീവിക്കുവാനും സാധിക്കുകയുള്ളൂ. യൂറോപ്യൻ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യം തകരുന്നതിന്റെയും ആത്മഹത്യകൾ വർദ്ധിക്കുന്നതിന്റെയും പ്രധാന കാരണം മുതലാളിത്ത ചൂഷണമാണെന്ന് പഠനങ്ങൾ പറയുന്നു.

പ്രശസ്ത ജർമൻ മനഃശാസ്ത്രജ്ഞനായ എറിക് ഫ്രോം ഒരാളുടെ അസ്തിത്വത്തിന് രണ്ട് രീതികളുണ്ടെന്നാണ് പറയുക. നമ്മുടെ ചുറ്റുപാടുമായി ബന്ധപ്പെടുന്നതിനുള്ള രണ്ട് വഴികൾ. ആദ്യത്തേത് എന്താണ് എനിക്കുള്ളത് (Having mode), അടുത്തത് ഞാൻ എന്തായിരിക്കുന്നു (Being mode). ഹാവിംഗ് മോഡിൽ നിലനിൽക്കുന്ന ഒരു കുട്ടി ക്ലാസുകൾ കേൾക്കുകയും അർത്ഥം മനസിലാക്കുകയും അത് ഓർമിച്ച് വെക്കുകയും പരീക്ഷ നന്നായി എഴുതുകയും ചെയ്യും. ആരോ രൂപപ്പെടുത്തിയ കുറേ പ്രസ്താവനകളുടെ ഉടമയാവുക എന്നതിനപ്പുറത്തേക്ക് ആ വിഷയവും കുട്ടിയും അപരിചിതരായിത്തന്നെ തുടരുന്നു. മുതലാളിത്ത സാമൂഹ്യ ബന്ധങ്ങൾ നമ്മെ ‘എന്താണ് എനിക്കുള്ളത്’ എന്നതിലേക്ക് നയിക്കുന്നു. അതുതന്നെയാണ് അന്യവത്കരണത്തിന് കാരണമാകുന്നതും. ബീയിങ് മോഡിൽ ഒരു കുട്ടി താൻ നേടുന്ന അറിവുമായി താദാത്മ്യം പ്രാപിക്കുന്നു. കൃത്യമായ വിമർശനവും അന്വേഷണ ത്വരയും കൗതുകവും പ്രകടിപ്പിക്കുന്നു. സജീവമായും ആധികാരികതയോടെയും ഇടപെടലുകൾ നടത്തുന്നു. ഉടമയായിരിക്കാതെ അറിവുകൾ അവരുടെ അസ്തിത്വത്തിൽ ഉൾച്ചേരുകയാണ് ചെയ്യുന്നത്. സ്വന്തമായ നിലപാടുകളിൽ എത്തിച്ചേരുകയും പ്രതികൂല സാഹചര്യങ്ങളെ ധൈര്യത്തോടെ നേരിടുകയും ചെയ്യുന്നു. തീർച്ചയായും ഇതുതന്നെയാണ് മുതലാളിത്തത്തെ നേരിടുന്നതിനുള്ള ഉറുമി.

ഈ രീതിയിലേക്ക് ക്ലാസ് മുറികൾ മാറേണ്ടതുണ്ട്. പരീക്ഷകൾ മാറേണ്ടതുണ്ട്. ക്ലാസ് മുറികളിൽ തുറന്ന ചർച്ചകൾ നടക്കുകയും അഭിപ്രായങ്ങൾ പങ്കുവെക്കപ്പെടുകയും വേണം. കുട്ടികളെ സമൂഹവുമായും, അറിവിനെ അവരുടെ ജീവിതവുമായും ചേർത്ത് നിർത്തലാവണം വിദ്യാഭ്യാസം. ജനാധിപത്യ ക്ലാസ് മുറികൾ തന്നെയാണ് അതിനുള്ള വഴി. ‘ടീച്ചിംഗ് കമ്മ്യൂണിറ്റി - എ പെഡഗോഗി ഓഫ് ഹോപ്പ്’ എന്ന പുസ്തകത്തിൽ ബെൽ ഹുക്ക്സ് ജനാധിപത്യം എത്തരത്തിലാണ് ക്ലാസ് മുറികളിൽ പ്രാവർത്തികമാകുന്നതെന്ന് വിശദീകരിക്കുന്നുണ്ട്. ജനാധിപത്യപരമായി ചിന്തിക്കുന്ന അധ്യാപകർക്ക് മാത്രമേ അതിന് സാധിക്കുകയുള്ളു. അധ്യാപകരുടെ ആത്മവിശ്വാസവും തുറന്ന ചിന്താഗതിയും പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിലെ നീതിയും കുട്ടികളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കാനുള്ള സന്നദ്ധതയും പ്രധാനമാണെന്ന് ബെൽ ഹുക്ക്സ് അഭിപ്രായപ്പെടുന്നു. ഇത് വിദ്യാർത്ഥികളെക്കൂടി പഠിപ്പിക്കുമ്പോൾ, ലോകത്തിൽ നിന്ന് അവരെ വേർപ്പെടുത്തുകയും അകറ്റുകയും ചെയ്യുന്ന ഒരു നിയന്ത്രണാത്മക പരിശീലനത്തിന് പകരം പഠനം ഒരു മുഴുവൻ പ്രക്രിയയായി അനുഭവിക്കാൻ അവർക്ക് കഴിയും. ഇതിനായുള്ള മുന്നുപാധി അധ്യാപകരുടെ ജീവിതം ജനാധിപത്യപരമാവുക എന്നതുമാണ്.

അധ്യാപകരുടെ ആത്മവിശ്വാസവും തുറന്ന ചിന്താഗതിയും പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിലെ നീതിയും കുട്ടികളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കാനുള്ള സന്നദ്ധതയും പ്രധാനമാണെന്ന് ബെൽ ഹുക്ക്സ് അഭിപ്രായപ്പെടുന്നു.
അധ്യാപകരുടെ ആത്മവിശ്വാസവും തുറന്ന ചിന്താഗതിയും പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിലെ നീതിയും കുട്ടികളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കാനുള്ള സന്നദ്ധതയും പ്രധാനമാണെന്ന് ബെൽ ഹുക്ക്സ് അഭിപ്രായപ്പെടുന്നു.

പരീക്ഷകൾക്ക് അമിതമായ പ്രസക്തി രക്ഷിതാക്കൾ അടക്കമുള്ള പൊതുസമൂഹം നല്കുന്നതുകൊണ്ടു തന്നെ അതിൽ അടിമുടി മാറ്റം വരുത്തുന്നത് അത്ര എളുപ്പമല്ല. ഒരു കുട്ടി എന്തായിത്തീരുന്നു എന്നുള്ളത് തിരിച്ചറിയുവാൻ, അവരുടെ മനോഭാവവും മൂല്യങ്ങളും തിരിച്ചറിയുവാൻ, സമൂഹത്തിലെ പല കാര്യങ്ങളിലും അവരുടെ ഇടപെടലുകൾ നിരീക്ഷിച്ച് വിലയിരുത്തുവാൻ പ്രാപ്തമായ ഒരു മൂല്യനിർണയോപാധി നമുക്കില്ല. എന്നിരുന്നാൽ പോലും പൂർണമായും വ്യക്തികേന്ദ്രീകൃതമായ നമ്മുടെ പരീക്ഷകൾക്ക് അതിൽനിന്നും ഒരു മാറ്റം ആവശ്യമാണ്.

ഇതാ, ഒരു പരീക്ഷാ മോഡൽ

പരീക്ഷകൾ നൽകുന്ന സന്ദേശം, സഹവർത്തിത്തത്തിന്റേതു കൂടിയാവണം. അതിന് നമുക്ക് ചെയ്യാൻ കഴിയുന്ന ഒരു കാര്യം മൂന്ന് രീതിയിലുള്ള പരീക്ഷകൾ നടത്തുക എന്നതാണ്.

  • ഒറ്റയ്ക്ക്, ചെറിയ ഗ്രൂപ്പുകളായി, വലിയ ഗ്രൂപ്പുകളായി.

  • വലിയ ഗ്രൂപ്പുകളിൽ നടക്കുന്ന പരീക്ഷകൾക്ക് കൂടുതൽ മാർക്ക് നൽകുക (eg:60).

  • ചെറിയ ഗ്രൂപ്പിലെ പരീക്ഷക്ക് അടുത്തത് (30).

  • ഒറ്റയ്ക്ക് എഴുതുന്നതിന് 10 മാർക്ക്.

  • ഒരു ഗ്രൂപ്പിലെ എല്ലാവരും ചെയ്‌താൽ മാത്രമേ അവർക്ക് മാർക്ക് ലഭിക്കുകയുള്ളു എന്ന നിബന്ധന വെക്കുക. പരീക്ഷയുടെ രൂപം തന്നെ മാറിമറിയും. വലുതും ചെറുതുമായ ഗ്രൂപ്പുകളിൽ അവർ പരസ്പരം ചർച്ച ചെയ്തും പങ്കുവെച്ചും സഹായിച്ചും പ്രശ്നപരിഹാരം നടത്തുകയും, കൂടെയുള്ള ആള് കൂടി ജയിക്കേണ്ടത് അല്ലെങ്കിൽ ഉത്തരം കണ്ടെത്തേണ്ടത് തന്റെ കൂടി ഉത്തരവാദിത്തമാണെന്ന് ചിന്തിച്ച് പ്രവർത്തിക്കുകയും ചെയ്യും. എല്ലാവരും ഒരുമിച്ച് വിജയിക്കുന്നതിലെ സന്തോഷം നൽകുന്ന ഒന്നായി മാറും പരീക്ഷ.

അതേസമയം ഗ്രൂപ്പിലെ പ്രവർത്തനങ്ങളിൽ ഓരോ കുട്ടിയും നടത്തുന്ന ഇടപെടലുകളും വിലയിരുത്തലിന് വിധേയമാക്കാം. വലുതും ചെറുതുമായ സമൂഹത്തിൽ അതിന്റെ വൈവിധ്യങ്ങൾ ഉൾക്കൊണ്ട്, പരിമിതികളും സാധ്യതകളും മനസിലാക്കി നിലനിൽക്കാനാവശ്യമായ അനുകൂലനങ്ങൾ ഓരോരുത്തരും നേടിയിട്ടുണ്ടോ എന്നുള്ളത് തിരിച്ചറിയുന്നതിനുള്ള നിരവധി സാധ്യതകൾ മുന്നോട്ട് വെക്കുന്നതാണ് ഈ രീതി. വ്യക്ത്യാധിഷ്ഠിതമായ പരീക്ഷകൾക്കുള്ള മാർക്ക് കുറയ്ക്കുന്നതിലൂടെ മത്സരത്തിന്റെ അമിത പ്രാധാന്യവും കുട്ടികളിലെ സമ്മർദ്ദവും കുറച്ചുകൊണ്ടുവരാനും സാധിക്കും. വ്യക്തിഗത മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗ്രൂപ്പ് മത്സരങ്ങളിൽ കുട്ടികൾക്കിടയിൽ സ്വയം ഉണ്ടായിവരുന്ന സംഘാടനവും സഹകരണവും നമുക്ക് അനുഭവമുള്ളതാണല്ലോ.

പരീക്ഷകൾ എഴുതുകയും അതേസമയം അതുമാത്രമല്ല ജീവിതം എന്നുമുള്ള തിരിച്ചറിവിൽ എത്തുകയും ചെയ്യേണ്ടതുണ്ട്. മുതലാളിത്തത്തെക്കുറിച്ചും നാം കടന്നുപോകുന്ന കാലഘട്ടത്തെക്കുറിച്ചും അവരെ ഉൾപ്പെടുത്തിയുള്ള ചർച്ചകൾ വിദ്യാലയങ്ങളിൽ നടക്കേണ്ടതുണ്ട്. മുതലാളിത്ത വ്യവസ്ഥിതിയിൽ ജീവിക്കുക എന്നതും അതേസമയം അതിനെ ചോദ്യം ചെയ്യുക എന്നുള്ളതുമാണ് പുതിയ തലമുറ ഏറ്റെടുക്കേണ്ട ദൗത്യം. ഈ രണ്ട് പോർമുഖങ്ങൾ അവർക്ക് മുൻപിൽ തുറക്കപ്പെടുമ്പോൾ കൃത്യതയും തെളിച്ചവും കരുത്തും നൽകി കൂട്ടാവുകയാണ് അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന സമൂഹം ചെയ്യേണ്ടത്.

Comments