പത്താംക്ലാസ് പരീക്ഷാ നടത്തിപ്പ് അപ്രായോഗികം; ആരോട് ചർച്ച ചെയ്തിട്ടാണ് സർക്കാർ തീരുമാനം

ഒരുതരത്തിലുള്ള അക്കാദമിക പര്യാലോചനകൾക്കും മുതിരാതെയാണ് മാർച്ച് 17 നു എസ്.എസ്. എൽ.സി., പ്ലസ് ടുപൊതുപരീക്ഷകൾ നടത്തും എന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ രീതിയലല്ല ഒരു ജനാധിപത്യ സർക്കാർ പ്രവർത്തിക്കേണ്ടത്. അസാധാരണമായ ഒരു ചരിത്ര സന്ധിയിൽ ഒന്നും സംഭവിച്ചിട്ടില്ലയെന്നു ഭാവിച്ചുകൊണ്ട് സർക്കാർ കൈക്കൊണ്ട ഈ തീരുമാനം എന്തുകൊണ്ട് എതിർക്കപ്പെടേണ്ടതാണ് എന്ന് വിശദീകരിക്കുകയാണ് ലേഖകൻ

ലോകത്തെമ്പാടും വിദ്യാഭ്യാസ പ്രക്രിയയിൽ വലിയ വിള്ളൽ സൃഷ്ടിച്ചിരിക്കുകയാണ് കോവിഡ് 19 എന്ന മഹാമാരി. സ്‌കൂൾ പ്രവർത്തനക്രമത്തിൽ കാലാകാലമായി നിലനിന്നുപോന്ന നിയമങ്ങളെയും ഘടനകളേയും ചോദ്യംചെയ്യാൻ അത് കാരണമാവുകയും ചെയ്തു. എന്നാൽ സാമ്പ്രദായിക വിദ്യാഭ്യാസ രീതികളെ പാടെ മാറ്റിമറിക്കാൻ ഈ വിള്ളൽ കാരണമാവും എന്ന് കരുതാൻ വയ്യ. പഴയരീതികൾ അപ്പടി തുടരും എന്നതിന് മികച്ച ദൃഷ്ടാന്തമാണ് മാർച്ച് 17 നു എസ്.എസ്.എൽ.സി., പ്ലസ് ടു പൊതുപരീക്ഷകൾ നടത്തും എന്ന കേരള സർക്കാർ പ്രഖ്യാപനം. ഏതെങ്കിലും തരത്തിലുള്ള അക്കാദമികമായ പര്യാലോചനകളുടെ വെളിച്ചത്തിലല്ല ഈ പ്രഖ്യാപനം സർക്കാർ നടത്തിയത്. വിദ്യാർത്ഥി പ്രതിനിധികളുമായോ, അധ്യാപക സംഘടനകളുമായോ, രക്ഷകർത്താക്കളുമായോ, വിദ്യാഭ്യാസ വിചക്ഷണരുമായോ കൂടിയാലോചിക്കാതെ ഏകപക്ഷീയമായ ഒരു പ്രഖ്യാപനമായി മാറി അത്.

വിദ്യാഭ്യാസ മന്ത്രിതന്നെ മുൻപ് നൽകിയ ഉറപ്പുകൾപാലിക്കാതെ പൊതുപരീക്ഷാ ടൈം ടേബിൾ വരെ പ്രസിദ്ധീകരിച്ചത് വിദ്യാർത്ഥികളെയും, രക്ഷകർത്താക്കളെയും അധ്യാപകരെയും കടുത്ത ആശങ്കയിലേക്കു തള്ളിവിട്ടിരിക്കുകയാണ്. ഒരു ജനാധിപത്യ ഭരണകൂടം പ്രവർത്തിക്കേണ്ടത് ഈ വിധം അല്ലതന്നെ. മഹാമാരി സൃഷ്ടിച്ച നിസ്സഹായ അവസ്ഥയിൽ എന്തും സ്വീകരിക്കാനുള്ള മാനസികാവസ്ഥയിലേക്ക് ജനങ്ങൾ എത്തിച്ചേർന്നുകാണും. ഇത്തരം ഒരു അവസ്ഥയിൽ ഭരണകൂടം അതിന്റെ പരിധികളില്ലാത്ത അധികാരം പ്രയോഗിക്കാൻ ഇടവരും എന്ന് പല സാമൂഹ്യ രാഷ്ട്രീയ നിരീക്ഷകരും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എക്‌സിക്യുട്ടീവിനെ നിയന്ത്രിക്കാൻ ലജിസ്ലെച്ചറും, ജുഡീഷ്യറിയും, പൊതുജനാഭിപ്രായവും ശക്തമായി ഇടപെടുമ്പോളാണ് ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുന്നത്. അതുകൊണ്ടുതന്നെ അക്കാദമിക സമൂഹവുമായി വിവിധതലത്തിൽ ചർച്ചകൾ നടത്തി ഉചിതമായ തീരുമാനത്തിലെത്തുക എന്നതാണ് ഏതൊരു ജനാധിപത്യ സർക്കാരും കൈക്കൊള്ളേണ്ടനടപടി.

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്

മാർച്ച് 17 നു എസ്.എസ്. എൽ.സി., പ്ലസ് ടു പൊതുപരീക്ഷകൾ നടത്തും എന്ന് പ്രഖ്യാപിക്കുകവഴി സംസ്ഥാനത്തെ വിദ്യാഭ്യാസ പ്രക്രിയയിൽ യാതൊരു ഭംഗവും സംഭവിച്ചിട്ടില്ല എന്ന് സ്ഥാപിക്കുകയാണ് സർക്കാർ ചെയ്യുന്നത്. പക്ഷെ എന്താണ് യാഥാർഥ്യം? 200 പ്രവൃത്തിദിനങ്ങൾ ഉറപ്പാക്കിയെങ്കിൽ മാത്രമേ ഒരു അക്കാദമിക് വർഷത്തിലെ പാഠഭാഗങ്ങൾ സംവാദാത്മക രീതിയിൽ വിനിമയം ചെയ്യാൻ കഴിയുകയുള്ളൂ എന്ന് അക്കാദമിക ധാരണയുള്ള ഏവർക്കും അറിയാം. ജനുവരിമാസത്താൽ നടക്കാൻ പോവുന്ന ഓൺലൈൻ ക്ലാസുകൾ പോലും കണക്കിലെടുത്തൽ പരമാവധി 100 ഓൺലൈൻ ക്ലാസുകൾ (അരമണിക്കൂർ ദൈർഘ്യമുള്ള) ഗണിതം പോലുള്ള വിഷയങ്ങളിൽ വിദ്യാർത്ഥിക്ക് ലഭ്യമാവും എന്ന് കണക്കാക്കാം. അതായത് സാധാരണ ക്ലാസുമുറികളിലെ 45 മിനുട്ടു പീരിയഡ് വച്ച് കണക്കുകൂട്ടിയാൽ, എഴുപതോ എൺപതോ ദിവസത്തെ അധ്യയനം നടന്നു എന്ന് കണക്കാക്കാം. മറ്റു മിക്ക വിഷയങ്ങൾക്കും ഇതിൽ കുറഞ്ഞ ക്ലാസ്സുകൾ മാത്രമേ നടക്കാൻ ഇടയുള്ളൂ. സ്‌കൂൾതല അധ്യാപക ഇടപെടൽ കൂടെ കണക്കിലെടുത്തൽ അത് നൂറോ നൂറ്റിപ്പത്തോ ദിവസത്തെ അധ്യയനത്തിനു തുല്യമായി എന്ന് വാദത്തിനുവേണ്ടി പറയാം.

അടുത്ത ഒരു കോവിഡ് വ്യാപനത്തിന്റെ വക്കിൽ നിൽക്കുകയാണ് കേരളം എന്ന് ആരോഗ്യമന്ത്രിതന്നെ പറഞ്ഞുകഴിഞ്ഞു. അതുകൊണ്ടുതന്നെ ജനുവരി ഒന്നുമുതൽ വിദ്യാർത്ഥികളുടെ സ്‌കൂളിലേക്കുള്ള വരവും അനിശ്ചിതത്വത്തിലാണ്. മാത്രമല്ല ഓൺലൈൻ ക്ലാസുകൾ നടക്കുന്ന സമയവുമായി കൂട്ടിമുട്ടാതെ സ്‌കൂൾതല പ്രാക്റ്റിക്കൽ ക്ലാസുകളും സംശയനിവാരണ ക്ലാസുകളും ക്രമീകരിക്കുക എന്നത് ഏറെ പ്രയാസകരമായ കാര്യവുമാണ്. ദൂര സ്ഥലങ്ങളിൽനിന്ന് വരുന്ന വിദ്യാർത്ഥികളുടെ യാത്രാസമയവും കണക്കിലെടുക്കേണ്ടി വരുമ്പോൾ ഇത് ഏറെക്കുറെ അസാധ്യമായിമാറുകയും ചെയ്യും.

ഹയർ സെക്കന്ററി മേഖലയിൽ 26 കോമ്പിനേഷനുകളിലായി നാൽപ്പതോളം വ്യത്യസ്ത വിഷയങ്ങൾ പഠിക്കാനുണ്ട്. ഇവയിൽ ഓൺലൈൻ ക്ലാസ്സുകൾ കേവലം 17 വിഷയങ്ങൾക്ക് മാത്രമേ സർക്കാർ തലത്തിൽ നടത്തിയിട്ടുള്ളു. മറ്റ് വിഷയങ്ങൾക്ക് അതാത് വിഷയാധ്യാപകരുടെ മുൻകൈയിൽ നടത്തിയ ഓൺലൈൻ ക്ലാസ്സുകൾ മാത്രമാണ് വിദ്യാർത്ഥികൾക്ക് ആശ്രയം. നിരന്തര മൂല്യനിർണയത്തിന്റെയും, പ്രാക്റ്റിക്കൽ ക്ലാസുകളുടെയും കാര്യത്തിലുള്ള അനിശ്ചിതാവസ്ഥയും കൂടിച്ചേരുമ്പോൾ മാർച്ച് 17 നു തന്നെ പൊതുപരീക്ഷനടത്തും എന്ന പ്രസ്താവന ഫീൽഡ് റിയാലിറ്റി ഒട്ടും കണക്കിലെടുക്കാതെയുള്ളതാണ് എന്ന് പറയേണ്ടിവരും. 2020 ജൂലായ് 8 ന് വിദ്യാഭ്യാസ മന്ത്രി പങ്കുവച്ച "ഡിജിറ്റൽ വിദ്യാഭ്യാസം ഒരു ജനകീയ മാതൃക' എന്ന വീഡിയോ സന്ദേശത്തിൽ ഓൺലൈൻ ക്ലാസുകൾ വിദ്യാലയത്തിനോ യഥാർത്ഥ ക്ലാസുകൾക്കോ ബദൽ അല്ല എന്നും അധ്യാപകനെ ബൈപ്പാസ് ചെയ്യുന്നതും അല്ല എന്നും അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധത്തിൽ വ്യക്തമാക്കുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രിയുടേതായ മറ്റൊരു വ്യപകമായി പ്രചരിച്ച വീഡിയോയിൽ ഓൺലൈൻ ക്ലാസ്സിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ സ്‌കൂൾ തുറന്നുകഴിഞ്ഞാൽ അധ്യാപകർ വീണ്ടും പഠിപ്പിക്കും എന്നും പറയുന്നുണ്ട്. ഈ വീഡിയോയിൽ വിദ്യാഭ്യാസ മന്ത്രി നൽകിയ ഉറപ്പുകൾ വീണ്ടും വീണ്ടും പറഞ്ഞുറപ്പിച്ചാണ് ആശങ്കാകുലരായ രക്ഷിതാക്കളെ ഓൺലൈൻ ക്ലാസ് പി. ടി. എ. യിൽ അധ്യാപകർ സമാധാനിപ്പിച്ചു വിട്ടത്. വിദ്യച്ഛക്തി തടസ്സം കൊണ്ടും ഇന്റർനെറ്റ് കണക്റ്റിവിറ്റി പ്രശ്നം കൊണ്ടും ക്ലാസുകൾ കാണാതെപോയവരെയും, സംവാദ സാധ്യത തീരെ ഇല്ലാത്ത ഓൺലൈൻ ക്ലാസുകൾക്ക് മുഖം തിരിഞ്ഞുനിന്നവരെയും സ്‌ക്കൂൾ തുറന്നു കഴിഞ്ഞാൽ അധ്യാപകർ സഹായിക്കും എന്ന വിശ്വാസത്തിലായിരുന്നു ഏവരും. ഈ പ്രതീക്ഷകളൊക്കെ ആസ്ഥാനത്താക്കിക്കൊണ്ടാണ് കൃത്യസമയത്തുതന്നെ പരീക്ഷകൾ നടക്കും എന്ന പ്രഖ്യാപനം ഉണ്ടാവുന്നത്.

വിദ്യാഭ്യാസം സമം പരീക്ഷ എന്ന പരമ്പരാഗത സങ്കൽപ്പത്തെ ഊട്ടിഉറപ്പിക്കുന്നതായി ക്ഷേത്രങ്ങളിലെ ഉത്സവം കൊടിയേറുന്നതിന്റെ തിയ്യതി അണുകിടമാറാതെകുറിക്കുന്നതുപോലെ പാവനമായി കരുതി കുറിച്ച ഈ പരീക്ഷാതിയ്യതി. വിമർശനാത്മക ബോധനവും ജ്ഞാനനിർമ്മിതി വാദവുമൊക്കെ വിദ്യാഭ്യാസ പ്രക്രിയയിൽ സന്നിവേശിപ്പിച്ച ഇടതുപക്ഷ സർക്കാരിൽ നിന്ന് പ്രതീക്ഷിക്കാത്തതാണ് ഈ നീക്കം. ഓപ്പൺ ബുക് പരീക്ഷകൾ പോലുള്ള ബദൽ പരീക്ഷമാർഗങ്ങളെക്കുറിച്ചുള്ള സംവാദമൊക്കെ ഉയർത്തിക്കൊണ്ടുവരാവുന്ന ഒരു ചരിത്ര സന്ദർഭത്തെ യാതൊരു സംവാദസാധ്യതയും ഇല്ലാത്ത അടഞ്ഞ അധ്യായമാക്കിമാറ്റുകയാണ് ഈ തീരുമാനം വഴി. ജനായത്തെ സ്‌കൂളുകൾ (Democratic Schools) എന്ന പുസ്തകത്തിൽ പ്രശസ്ത വിമർശനാത്മക ബോധന സൈദ്ധാന്തികൻ മൈക്കൽ ആപ്പിൾ നിരീക്ഷിച്ചപോലെ "പാഠ്യപദ്ധതിയുടെ ശരീരം ആട്ടുന്ന പരീക്ഷ എന്ന വാൽ' ("The tail of the test wags the body of the curriculum') എന്ന വസ്തുത ഈ പ്രഖ്യാപനത്തിന്റെയും പിറകിൽ പ്രവർത്തിച്ച ചേതോവികാരമായി വിലയിരുത്താൻ കഴിയും.

മൈക്കൽ ആപ്പിൾ

സ്‌കൂളുകൾ നേരത്തെ തന്നെ തുറന്നുകഴിഞ്ഞ ഇംഗ്ലണ്ടിൽ പൊതുപരീക്ഷ മൂന്നാഴ്ചയെങ്കിലും വൈകിയായിരിക്കും നടക്കുക എന്ന് ഇംഗ്ലീഷ് പത്രമായ ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. (The government has already announced that next year's exams will take place three weeks later than normal, to maximise teaching time. The Guardian, Dec 3, 2020) മാത്രമല്ല പരീക്ഷയെഴുതാൻ വിദ്യാർത്ഥികളെ സഹായിക്കാനായി പരീക്ഷയ്ക്ക് തയ്യാറെടുക്കേണ്ടുന്ന പാഠഭാഗങ്ങൾ ഏതൊക്കെ ആയിരിക്കുമെന്നു മുൻകൂട്ടി അറിയിക്കുമെന്നും, ഫോർമുല ഷീറ്റുകളും ഓർത്തുവെക്കേണ്ടുന്ന വൊക്കാബുലറി ഇനങ്ങൾ ഉൾപ്പെടുന്ന ഷീറ്റുകളും പരീക്ഷാഹാളിൽ അനുവദിക്കും എന്നും റിപ്പോർട്ടിൽ പറയുന്നു. (Pupils in England sitting GCSEs and A-levels next summer will be given advance notice of topics and allowed to take in exam aids including formula sheets, as part of a package of measures to mitigate for learning disruption caused by the pandemic. Modern languages students will be able to take in vocabulary sheets to reduce the amount of material that needs to be memorised.) ലോകത്തെമ്പാടും മഹാമാരിയുടെ ഫലമായി പഠനപ്രക്രിയയിൽ തടസ്സങ്ങൾ നേരിട്ടവരെയും മാനസിക സമ്മർദത്തിനു അടിമപ്പെട്ടവരേയും സമാശ്വസിപ്പിക്കാൻ ഈ വിധമുള്ള കൈത്താങ്ങുകൾ ഭരണകൂടങ്ങൾ തന്നെ വാഗ്ദാനം ചെയ്യുകയാണ്.

മുന്നൂറു ദിവസത്തോളം വീടകങ്ങളിൽ തളച്ചിടപ്പെട്ടവരുടെ വിദ്യാഭ്യാസം എത്ര ഓൺലൈൻ സംവിധാനം ഒരുക്കിയാലും സ്‌കൂൾ നേരനുഭവത്തിൽനിന്നു ലഭിക്കുന്ന വിദ്യാഭ്യാസവുമായി ഒരുതരത്തിലും താരതമ്യം ചെയ്യാൻ കഴിയുന്നതല്ല. പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളുടെ കാര്യത്തിൽ ഓൺലൈൻ ക്ലാസുകൾ തീർത്തും പ്രയോജനരഹിതവുമായിരുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന പലതരം അസമത്വങ്ങളെ കൂടുതൽ ആഴത്തിൽ തുറന്നുകാട്ടുകയാണ് ഈ മഹാമാരിക്കാലം. അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് സാധാരണക്കാരായ മനുഷ്യർ. ആ പോരാട്ടം സ്വയം ഏറ്റെടുക്കുകയോ രക്ഷിതാക്കളുടെ കൂടെ പങ്കാളികളാവുകയോ ചെയ്തവരാണ് സാധാരണക്കാരായ വിദ്യാർത്ഥികളും. വഴിയോരത്ത് ഭക്ഷണപ്പൊതികളും പഴങ്ങളും പച്ചക്കറികളും വിൽക്കാനിറങ്ങിയവരുടെ കൂട്ടത്തിൽ ഇവരെനമ്മൾ കാണുന്നുണ്ട്. അതിജീവനത്തിനായി ഓൺലൈൻ ക്ലാസുകൾപോലും ഉപേക്ഷിക്കേണ്ടിവന്ന ഇവരെ ഇടതുപക്ഷം ഹൃദയപക്ഷം എന്ന് നാം പറയാറുള്ളവരാൽ നയിക്കപ്പെടുന്ന സർക്കാർ കാണുന്നില്ലെന്നോ?

ഈ അക്കാദമിക് വർഷം സാധാരണപോലെ പൂർത്തിയാക്കി എന്ന് വരുത്തിത്തീർക്കുന്നതിലൂടെ എന്താണ് ലക്ഷ്യം വെക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. അസാധാരണമായ ഒരു ചരിത്ര സന്ധിയിൽ ഒന്നും സംഭവിച്ചിട്ടില്ല എന്ന് ഭാവിക്കുന്നത് അർത്ഥശൂന്യമാണ്. മഹാമാരി താളം തെറ്റിച്ച വിദ്യാഭ്യാസ പ്രക്രിയ സാധാരണഗതി പ്രാപിക്കാനുള്ള സ്വാഭാവികമായ സമയം അനുവദിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. സി. ബി. എസ്. ഇ. സ്‌കൂൾ ഫൈനൽ പരീക്ഷകൾ 60 ദിവസം വരെ വൈകിയേക്കും എന്ന സൂചനയാണ് നൽകുന്നത്. മറ്റു സംസ്ഥാന പരീക്ഷാബോർഡുകളും പൊതുപരീക്ഷ നീട്ടിവച്ചു എന്ന അറിയിപ്പാണ് നൽകിയത്. അവരൊക്കെ സി. ബി. എസ്. ഇ പരീക്ഷാ ഡേറ്റുകൾ പ്രഖ്യാപിക്കാനായി കാത്തിരിക്കുകയുമാവാം.

ഓൺലൈനായോ വീടുകളിൽ ഇരുന്നു ഓഫ് ലൈനായയോ ഒരു മോഡൽ പരീക്ഷ നടത്തുകയും അതിന്റെ വെളിച്ചത്തിൽ കുട്ടികളുടെ പ്രകടനം വിലയിരുത്തി വേണ്ട പിന്തുണാ സംവിധാനം ഒരുക്കിമാത്രമേ കുട്ടികളെ ഹൈ സ്റ്റയിക്ക് ടെസ്റ്റ് എന്ന് വിളിക്കുന്ന പൊതുപരീക്ഷയിലേക്കു തള്ളിവിടാൻ പാടുള്ളു. അസംബ്ലി ഇലക്ഷൻ പോലുള്ള കാരണങ്ങൾ ഒരു തലമുറയെ ബാധിക്കുന്ന തീരുമാനം എടുക്കുമ്പോൾ പ്രസക്തമല്ല തന്നെ. പ്രായോഗികതയുടെ യുക്തി ജീവിത പ്രതിസന്ധിയും പഠന പ്രതിസന്ധിയും ഹതാശമായ അവസ്ഥയിലെത്തിച്ച വിദ്യാർത്ഥികൾക്ക് മുന്നിൽ നിരത്താവുന്നതല്ല.


ട്രൂകോപ്പി വെബ്സീൻ സബ്സ്ക്രൈബ് ചെയ്യൂ

Comments