പിഎച്ച്​.ഡി ഗവേഷണവും സംവരണവും: യൂണിവേഴ്​സിറ്റികൾ എന്തു ചെയ്യുന്നു?

വ്യാജരേഖാ കേസില്‍ നടപടി നേരിടുന്ന കെ. വിദ്യ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ പിഎച്ച്.ഡി പ്രവേശനം നേടിയത് സംവരണ തത്വം അട്ടിമറിച്ചിട്ടാണെന്ന പരാതി ഉയര്‍ന്നതിനെതുടര്‍ന്ന്, യൂണിവേഴ്‌സിറ്റികളുടെ സംവരണ ചട്ടങ്ങളെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചും ചര്‍ച്ച ഉയരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരാലോചന.

2001-ന്റെ തുടക്കത്തിലാണ് ഞാൻ ഗവേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കുന്നത്. സത്യത്തിൽ സ്വമേധയാ വന്ന ആലോചനയായിരുന്നില്ല അത്. എന്റെ അധ്യാപകനായ ഡോ. പി.എം. ഗിരീഷിന്റെ, ‘ഗവേഷണത്തിനൊന്നും പോകുന്നില്ലേ’ എന്ന ചോദ്യമാണ് എന്നെ ആ വഴിയിലേക്കു തിരിച്ചുവിടുന്നത്. അദ്ദേഹം തന്നെയാണ് ഗവേഷണത്തിന്റെ ചിട്ടവട്ടങ്ങൾ പറഞ്ഞുതന്നതും ഗൈഡിനെ നിർദേശിച്ചതും.

കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാളവിഭാഗം അധ്യാപകനായിരുന്ന ഡോ. ജി. ബാലസുബ്രഹ്മണ്യൻ താമസിച്ചിരുന്ന അപാർട്ട്മെന്റിൽ ഒരു അവധിദിവസമെത്തിയാണ് ഞാനെന്റെ ഗവേഷണരൂപരേഖ അവതരിപ്പിച്ചത്. തികച്ചും അനൗദ്യോഗികമായി നടന്ന ആ സന്ദർഭത്തിന് അദ്ദേഹത്തിന്റെ കുടുംബമല്ലാതെ ആരും സാക്ഷികളായി ഉണ്ടായിരുന്നില്ല. അന്നുതൊട്ട് വലിയ പിന്തുണയാണ് ഗവേഷണകാലം മുഴുവൻ അദ്ദേഹം എനിക്കു തന്നത്. (കാലിക്കറ്റിൽനിന്ന് ആന്ധ്രയിലെ ദ്രവീഡിയൻ യൂണിവേഴ്സിറ്റിയിലേക്കു പോയ ബാലുസാർ പിന്നീട് തഞ്ചാവൂർ തമിഴ് യൂണിവേഴ്സിറ്റിയുടെ വൈസ്‍ ചാൻസലറായി വിരമിച്ചു).

വിദ്യാഭ്യാസപരമായ വലിയ പശ്ചാത്തലമൊന്നുമില്ലാതിരുന്നിട്ടും എന്നെപ്പോലുള്ളവർക്ക് ഗവേഷണമേഖലയിലേക്കും അതുവഴി ഉന്നതവിദ്യാഭ്യാസരംഗത്തേക്കും എത്തിപ്പെടാൻ സാധിച്ചത് ഈ വലിയ അധ്യാപകരുടെ ഇടപെടൽകൊണ്ടു മാത്രമാണ്. ഇത്തരം സാന്നിധ്യങ്ങളാണ് കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെത്തന്നെ ഉന്നതവിദ്യാഭ്യാസമേഖലയെ അൽപ്പമെങ്കിലും തിളക്കമാർന്ന ഒന്നായി നിലനിർത്തുന്നത്.

പിഎച്ച്​.ഡി പ്രവേശനം അന്ന്​

ഉന്നതവിദ്യാഭ്യാസമേഖലയുടെയും ഗവേണഷണത്തിന്റെയും പൊതുവായുള്ള ചിത്രം യഥാർഥത്തിൽ ഇങ്ങനെയല്ല. കടുത്ത ജാതീയതയും വിവേചനവും ഈ മേഖലയിൽ നിലനിൽക്കുന്നുണ്ടെന്ന് നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകൾ വ്യക്തമാക്കുന്നു. രണ്ടുദശകം മുമ്പ് ഗവേഷണരംഗത്തു നിലനിന്നിരുന്ന ക്രമീകരണങ്ങളെ കുറിച്ചുകൂടിയാണ് സ്വാനുഭവത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. അക്കാലത്ത് പിഎച്ച്.ഡിക്കു ചേരാൻ പ്രാഥമികമായി വേണ്ടിയിരുന്നത് ഗൈഡിന്റെ അപ്രൂവൽ മാത്രമായിരുന്നു. ഒരു ഗവേഷണമാർഗദർശിക്ക് പത്തു പേരെ ഗവേഷണത്തിന് തിരഞ്ഞെടുക്കാം. അവർ തീസിസ് സമർപ്പിക്കുന്ന മുറയ്ക്ക് പുതിയ ആളുകളെ എടുക്കും. ഒഴിവുണ്ടെങ്കിലും ചിലപ്പോൾ ‘പറ്റിയ’ ഗവേഷകരില്ലെങ്കിൽ ആളെ എടുക്കുകയുമില്ല. യൂണിവേഴ്സിറ്റി തലത്തിലോ വകുപ്പുതലത്തിലോ സൂക്ഷ്മമായ ചട്ടങ്ങളോ സംവരണമോ ഒന്നും ഉണ്ടായിരുന്നില്ല എന്നർഥം!

കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയോ ഡിപ്പാർട്ട്മെന്റോ സ്പെസിമനായെടുത്ത്, ഗൈഡുമാർ ഗവേഷകരെ തിരഞ്ഞെടുത്തിരുന്ന കാലത്തെ ഗവേഷകരുടെ സാമുദായികപ്രാതിനിധ്യത്തിന്റെ കണക്കെടുത്താൽ അമ്പരപ്പിക്കുന്ന ഫലമായിരിക്കും കിട്ടുക. ചില വിഭാഗം കുട്ടികൾ സങ്കടകരമായ തരത്തിൽ പിന്തള്ളപ്പെട്ടതിന്റെ ചിത്രം ഇത്തരം കണക്കെടുപ്പുകൾ പുറത്തു കൊണ്ടുവരും.

മാർഗദർശികളുടെ കാരുണ്യത്തിൽ മാത്രമാണ് സമൂഹത്തിലെ വിദ്യാഭ്യാസപരമായി പിന്നാക്കം നിന്ന വിഭാഗങ്ങൾ ഗവേഷണമേഖലയിൽ എത്തിച്ചേർന്നിരുന്നത്. മികവു മാത്രമായിരുന്നില്ല തിരഞ്ഞെടുപ്പുകൾക്കാധാരം. കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയോ ഡിപാർട്ട്മെന്റോ സ്പെസിമനായെടുത്ത്, ഗൈഡുമാർ ഗവേഷകരെ തിരഞ്ഞെടുത്തിരുന്ന കാലത്തെ ഗവേഷകരുടെ സാമുദായികപ്രാതിനിധ്യത്തിന്റെ കണക്കെടുത്താൽ അമ്പരപ്പിക്കുന്ന ഫലമായിരിക്കും കിട്ടുക. ചില വിഭാഗം കുട്ടികൾ സങ്കടകരമായ തരത്തിൽ പിന്തള്ളപ്പെട്ടതിന്റെ ചിത്രം ഇത്തരം കണക്കെടുപ്പുകൾ പുറത്തു കൊണ്ടുവരും.

സംവരണം: യൂണിവേഴ്​സിറ്റികൾ
എന്തു ചെയ്യുന്നു?

അക്കാദമികമേഖലയിൽ, വിശേഷിച്ച് അറിവുൽപ്പാദനവുമായി ബന്ധപ്പെട്ട ഗവേഷണത്തിൽ അക്കാദമികമായ മെരിറ്റിനല്ലേ പ്രാധാന്യം കൊടുക്കേണ്ടത് എന്ന ചോദ്യം ഇത്തരം ഏതു ചർച്ചയിലും മുന്നിൽ നിൽക്കാറുണ്ട്. പ്രിവിലേജ്ഡ് ആയ ചില വിഭാഗങ്ങൾ മാത്രം ഗവേഷണത്തിലേർപ്പെടുമ്പോൾ നമ്മുടെ സമൂഹത്തിന്റെ സാമൂഹികവും സാങ്കേതികവുമായ ആവശ്യങ്ങൾ സംബന്ധിച്ച് ഏകപക്ഷീയമായ നിഗമനങ്ങളേ രൂപപ്പെടൂ എന്ന് എളുപ്പം പറയാൻ സാധിക്കും. കേരളചരിത്രവുമായും കേരളീയ സാഹിത്യചരിത്രവുമായും ബന്ധപ്പെട്ട ഗവേഷണങ്ങളുടെ പാറ്റേൺ ശ്രദ്ധിച്ചാൽ നമുക്കതു മനസ്സിലാകും. ഗവേഷകരുടെ നോട്ടം പ്രധാനമാണ്. അയാളുടെ നോട്ടത്തെ അയാൾ പ്രതിനിധാനം ചെയ്യുന്ന സാമൂഹികമായ അംശങ്ങൾ സ്വാധീനിക്കുമെന്നതും ഉറപ്പാണ്. അതുകൊണ്ടാണ് വൈജ്ഞാനികാന്വേഷണങ്ങളുടെ മേഖലയിലും എല്ലാ വിഭാഗം ഗവേഷകർക്കും ജാതി - സാമുദായികാടിസ്ഥാനത്തിലുള്ള പ്രാതിനിധ്യം വേണം എന്ന വാദം ക്രമേണ അംഗീകരിക്കപ്പെടുന്നത്. സ്വാഭാവികമായി ഈ പ്രാതിനിധ്യം ഇല്ലാത്തതുകൊണ്ടാണ് സംവരണം ആവശ്യമായിവരുന്നത്.

യു.ജി.സിയുടെയും സംസ്ഥാന സർക്കാരുകളുടെയും അതതു കാലങ്ങളിലുള്ള നിർദേശങ്ങൾ വഴിയാണ് നമ്മുടെ ഗവേഷണകേന്ദ്രങ്ങളിൽ നിർദിഷ്ട അനുപാതത്തിൽ സംവരണം ഏർപ്പെടുത്തപ്പെടുന്നത്. ഇന്ത്യൻ സംസ്ഥാനങ്ങളിൽ തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിൽ സംവരണം ഏർപ്പെടുത്തുമ്പോൾ പ്രാദേശികമായ പരിഗണനകൾ ആവശ്യമായി വരുമെന്നതുകൊണ്ട് സംസ്ഥാനാടിസ്ഥാനത്തിലുള്ള എല്ലാ സംവരണത്തിന്റെയും ചട്ടങ്ങൾ സംസ്ഥാനത്തിന്റെ ജാതി- സാമുദായികക്രമം അനുസരിച്ചാവും തയ്യാറാക്കുക. ഇക്കാര്യത്തിൽ കേന്ദ്ര ഏജൻസികളുടെയും സംസ്ഥാന ഏജൻസികളുടെയും നിർദേശങ്ങളിൽ വൈരുധ്യമുണ്ടാകാൻ ഇടയുണ്ട്. സംസ്ഥാനസർക്കാറിനു കീഴിൽ പ്രവർത്തിക്കുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംവരണതത്വം സംസ്ഥാനസർക്കാറുകളുടെ സംവരണതത്വത്തിനനുസൃതമായിട്ടായിരിക്കണം എന്ന് യു.ജി.സിയുടെതന്നെ നിർദേശമുള്ളതുകൊണ്ട് അക്കാര്യത്തിൽ തർക്കത്തിന് ഇടയില്ല. അതായത് കേരളത്തിലെ ‘സംസ്ഥാന യൂണിവേഴ്സിറ്റികളിൽ’ സംസ്ഥാനത്തിന്റെ സംവരണതത്വമനുസരിച്ചുള്ള സംവരണവ്യവസ്ഥ പാലിച്ചിരിക്കണം. നിലവിൽ നമ്മുടെ യൂണിവേഴ്സിറ്റികൾ ഇതു പാലിക്കുന്നുണ്ടോ?

20% എസ്.സി, എസ്.ടി. സംവരണം എങ്ങനെയാണ് നടപ്പിലാക്കേണ്ടത്? പത്തുപേരിൽ ആകെ രണ്ടു പേർ സംവരണീയരായി ഉണ്ടായാൽ മതിയോ? അതോ സംവരണത്തിന്റെ ചാക്രികഘടനയിലെ നിർദിഷ്ട സ്ഥാനങ്ങളിൽ സംവരണീയരായ വിദ്യാർഥികൾ വരേണ്ടതുണ്ടോ?

സംസ്കൃത സർവകലാശാലയിൽ പിഎച്ച്.ഡി. ഗവേഷണത്തിന് നിലവിൽ എസ്.സി, എസ്.ടി. വിഭാഗങ്ങൾക്കു മാത്രമേ സംവരണമുള്ളൂ. രണ്ടു വിഭാഗക്കാർക്കും കൂടി 20% സംവരണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പി.ജി. സീറ്റുകൾ പോലെ ഓരോ വർഷവും നിശ്ചിത എണ്ണം കുട്ടികൾക്ക് പ്രവേശനം നൽകാൻ പിഎച്ച്.ഡിക്ക് പറ്റില്ല. മാർഗദർശികളുടെ എണ്ണം, ഓരോ മാർഗദർശിക്കും എടുക്കാവുന്ന ഗവേഷകരുടെ എണ്ണം, ഓരോരുത്തരുടെയും കൂടെ നിലവിൽ ലഭ്യമായ ഒഴിവുകളുടെ എണ്ണം തുടങ്ങി ഒരുപാട് ഘടകങ്ങൾ ഇക്കാര്യത്തിലുള്ളതുകൊണ്ടുതന്നെ ഓരോ പഠനവകുപ്പിലും ഓരോ വർഷവും ഗവേഷകരായി എടുക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വ്യത്യാസമുണ്ടാകും. ഇക്കാര്യത്തിൽ അന്തിമ തീർപ്പു കല്പിക്കാനുള്ള അധികാരം അതത് ഡിപാർട്ട്മെന്റുകൾക്കു കീഴിൽ പ്രവർത്തിക്കുന്ന റിസർച്ച് കമ്മിറ്റികളിൽ നിക്ഷിപ്തമായിരിക്കുന്നത് അതുകൊണ്ടാണ്.

സംവരണം എങ്ങനെ വേണം?

ഗവേഷണം ഒരു തുടർപ്രക്രിയ ആണെങ്കിൽ, മാർഗദർശികൾ തുടങ്ങിവച്ച ഗവേഷണം മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ അവരുടെ താൽപ്പര്യമേഖലയിൽ വരുന്ന വിദ്യാർഥികളെത്തന്നെ ഗവേഷകരായി ലഭ്യമാകേണ്ടതുണ്ട് എന്നതാണ് അടുത്ത വാദം. അതോടൊപ്പം മേൽപ്പറഞ്ഞ സാമുദായികവും സാമൂഹികവുമായ പ്രാതിനിധ്യവും ഉറപ്പാക്കേണ്ടതുമുണ്ട്. രണ്ടും പൊരുത്തപ്പെട്ടുവരുന്ന ഒരു നില സ്വീകരിക്കുകയേ നിവൃത്തിയുള്ളൂ. ഏതെങ്കിലും ഡിപാർട്ട്മെന്റുകളിൽ അവിടെയുള്ള ഗവേഷണമാർഗദർശികളുടെ താൽപ്പര്യമേഖലയ്ക്കു പുറത്തുനിന്ന് മിടുക്കുള്ള ഗവേഷകർ വന്നാൽ അയാളെ പുറത്തുനിർത്തുന്നത് നീതിയല്ലല്ലോ.

ഗവേഷകന്റെ ആലോചനകളുടെ തുടർച്ച ഗവേഷകരിലേക്കു പകരേണ്ടതുണ്ടോ എന്നൊരു ചർച്ച കൂടി ഇവിടെ സംഗതമാണ്. വൈജ്ഞാനികാന്വേഷണം വിവിധ മേഖലകളുമായി ബന്ധപ്പെട്ട ചിന്താപരമായ സ്കൂളുകളെ ചുറ്റിപ്പറ്റി വേണം എന്ന വാദത്തിന് ഒരു ഫ്യൂഡൽ ചുവ കൂടി കാണാൻ സാധിക്കും. ജനാധിപത്യക്രമത്തിൽ ഗവേഷക മാർഗദർശികളുടെ ഉത്തരവാദിത്തം പ്രായേണ സാങ്കേതികം മാത്രമാണ്. തന്റെ അന്വേഷണമേഖലയ്ക്ക് പുറത്തുള്ള ഗവേഷകരെയും അയാൾ സ്വീകരിക്കേണ്ടതുണ്ട്. അത്തരം ഘട്ടങ്ങളിൽ സാങ്കേതികകാര്യങ്ങളിലും രീതിശാസ്ത്രത്തിലുമൊക്കെയേ മാർഗദർശിക്ക് ഇടപെടാൻ സാധിക്കുകയുള്ളൂ, അത്രയേ ആവശ്യവുമുള്ളൂ.

വർഷംതോറും തിരഞ്ഞെടുക്കുന്ന ഗവേഷകരുടെ എണ്ണത്തിൽ വ്യത്യാസമുള്ളതുകൊണ്ടുതന്നെ അതതുവർഷം സംവരണക്രമം നീതിയുക്തമായി പാലിക്കാൻ പറ്റില്ല. 20% എസ്.സി, എസ്.ടി. സംവരണം എങ്ങനെയാണ് നടപ്പിലാക്കേണ്ടത്? പത്തുപേരിൽ ആകെ രണ്ടു പേർ സംവരണീയരായി ഉണ്ടായാൽ മതിയോ? അതോ സംവരണത്തിന്റെ ചാക്രികഘടനയിലെ നിർദിഷ്ട സ്ഥാനങ്ങളിൽ സംവരണീയരായ വിദ്യാർഥികൾ വരേണ്ടതുണ്ടോ? സംസ്ഥാന സർക്കാരിന്റെ സംവരണ തത്വങ്ങളിൽ അസന്ദിഗ്ധമായി പറയുന്നത് മെരിറ്റും സംവരണവുമായി കൂട്ടിക്കുഴയ്ക്കരുതെന്നാണ്. പരമോന്നത നീതിപീഠത്തിൽനിന്നടക്കമുള്ള നിരവധി കോടതിവിധികളും ഇത് ശരിവയ്ക്കുന്നു. 20 ശതമാനമാണ് സംവരണമെന്നു വിചാരിക്കുക. പത്തുപേരെയാണ് എടുക്കുന്നതെങ്കിൽ റാങ്ക്പട്ടികയിൽ ഉൾപ്പെട്ട ആദ്യ എട്ട് അപേക്ഷകർ ജാതി- സമുദായപരിഗണനകളൊന്നുമില്ലാതെ മെരിറ്റിൽ വരും. രണ്ടുപേർ ആർക്കാണോ സംവരണം ഏർപ്പെടുത്തിയിരിക്കുന്നത്, ആ വിഭാഗത്തിൽനിന്നും വരും. ഇങ്ങനെ തയ്യാറാക്കിയ പട്ടിക അടിസ്ഥാനമാക്കി ഗവേഷകരെ അലോട്ട് ചെയ്യുമ്പോൾ അഞ്ചാമത്തെയും പത്താമത്തെയും ആളായി സംവരണവിഭാഗത്തിൽ ഉൾപ്പെട്ട അപേക്ഷകരെ പരിഗണിക്കണം. റാങ്ക് പട്ടികയും അലോട്ട്മെൻ്റ് പട്ടികയും രണ്ടാണെന്നർഥം.

ഇരുപതുശതമാനം സംവരണം എന്ന കണക്കനുസരിച്ച് ഒരു ഡിപ്പാട്ട്മെന്റ് പിഎച്ച്.ഡിക്ക് ആകെ നാലു ഗവേഷകരെ മാത്രമേ തിരഞ്ഞെടുക്കുന്നുള്ളൂ എന്നു വിചാരിച്ചാൽ, ആ വർഷം സംവരണവിഭാഗത്തിൽപ്പെട്ട ആർക്കും ഗവേഷണത്തിന് അവസരം ലഭിക്കില്ല.

റാങ്ക് പട്ടികയിലെ ആദ്യസ്ഥാനങ്ങളിൽ സംവരണവിഭാഗത്തിൽ പെട്ട ഗവേഷകരുണ്ടെങ്കിലും നിശ്ചിതശതമാനം സീറ്റുകൾ അവർക്ക് വേറെയും കൊടുക്കേണ്ടതുണ്ട്. (നിശ്ചിത കാലം കഴിഞ്ഞ് ബന്ധപ്പെട്ട സമിതികൾ സംസ്ഥാനതലത്തിലോ ദേശീയതലത്തിലോ പ്രതിനിധ്യവുമായി ബന്ധപ്പെട്ട കണക്കെടുപ്പു നടത്തുമ്പോൾ, എല്ലാ വിഭാഗങ്ങൾക്കും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യമുണ്ട് എന്ന് കണ്ടെത്തുന്നതുവരെ ഈ രീതി തുടരും). സംവരണീയരെ അവരുടെ റൊട്ടേഷൻ ക്രമത്തിൽത്തന്നെ ഉൾപ്പെടുത്തി റാങ്ക് പട്ടിക തയ്യാറാക്കുന്ന വളഞ്ഞ രീതിയുമുണ്ട്. മെരിറ്റിൽ വരേണ്ട ഒരു വിദ്യാർഥിയെ സംവരണത്തിലേക്കു താഴ്ത്തുക എന്ന അനീതി ഇക്കാര്യത്തിൽ സംഭവിക്കുമെന്നു മാത്രം. സംവരണത്തിലൂടെ മിനിമം പ്രാതിനിധ്യമാണ് ഉറപ്പുവരുത്തുന്നത്, പരമാവധി ഇത്ര എന്നല്ല. നിർഭാഗ്യവശാൽ, സംവരണവിഭാഗത്തിൽ പെടുന്നവർ മെരിറ്റിൽ കടന്നുവരുന്നത് വെപ്രാളത്തോടെയാണ് സ്വീകരിക്കപ്പെടാറുള്ളത്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനാണ് വിവിധ സംവരണവിഭാഗങ്ങളുടെ സംവരണാനുപാതം കണക്കാക്കി റോസ്റ്റർ സംവിധാനം ഉണ്ടാക്കുന്നത്. ഈ റോസ്റ്റർ തന്നെ 20 പേരുടെ യൂണിറ്റാക്കുമ്പോഴും നൂറുപേരുടെ യൂണിറ്റാക്കുമ്പോഴും സംവരണവിഭാഗത്തിൽ പെട്ട ഉദ്യോഗാർഥികൾക്കു ലഭിക്കുന്ന നിയമനത്തിൽ വ്യത്യാസം വരാറുണ്ട്. കെ.പി.എസ്.സിയുടെ റോസ്റ്റർ സമ്പ്രദായം എങ്ങനെയാണ് സംവരണവിഭാഗങ്ങളെ യഥാർഥത്തിൽ അവർക്കു ലഭ്യമാകേണ്ട നിയമനങ്ങളിൽനിന്ന് മാറ്റിനിർത്തുന്നത് എന്ന് നിരവധി ലേഖനങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും പലരും വ്യക്തമാക്കിയിട്ടുള്ളതാണ്.

ഇരുപതുശതമാനം സംവരണം എന്ന കണക്കനുസരിച്ച് ഒരു ഡിപ്പാട്ട്മെന്റ് പിഎച്ച്.ഡിക്ക് ആകെ നാലു ഗവേഷകരെ മാത്രമേ തിരഞ്ഞെടുക്കുന്നുള്ളൂ എന്നു വിചാരിച്ചാൽ, ആ വർഷം സംവരണവിഭാഗത്തിൽപ്പെട്ട ആർക്കും ഗവേഷണത്തിന് അവസരം ലഭിക്കില്ല. അപ്പോൾ അടുത്ത തവണ അഞ്ച് ഒഴിവുവന്നാൽ ഇതിനു പരിഹാരമായി രണ്ടുപേരെ സംവരണവിഭാഗത്തിൽനിന്ന് എടുക്കേണ്ടതുണ്ടോ? ഉണ്ടെങ്കിൽ അതിന്റെ മാനദണ്ഡം എന്തായിരിക്കണം? ഇതിനാണ് നിശ്ചിത വർഷം കണക്കാക്കി ഒരു റോസ്റ്റർ തയ്യാറാക്കുന്നത്. നൂറുപേരുടെ എണ്ണം കണക്കാക്കി റോസ്റ്റർ തയ്യാറാക്കിയാൽ ഒരു മേൽനോട്ട സമിതിക്കു കീഴിൽ അത് ഏറെക്കുറേ കൃത്യമായി കാര്യങ്ങൾ നിർവഹിച്ചുകൊള്ളും.

വിദ്യാഭ്യാസത്തിനുള്ള സംവരണവുമായി ബന്ധപ്പെട്ട സംസ്ഥാനസർക്കാർ ചട്ടങ്ങളാണ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള യൂണിവേഴ്സിറ്റികൾ പാലിക്കേണ്ടത് എന്നു പറഞ്ഞല്ലോ. എങ്കിൽ എസ്.സി., എസ്.ടി. വിഭാഗങ്ങൾക്കു പുറമെ മറ്റു സംവരണവിഭാഗങ്ങൾക്കുകൂടി അതിന് അർഹതയില്ലേ? ഇക്കാര്യത്തിൽ കേരളത്തിലെ വിവിധ സർവകലാശാലകൾക്ക് കൃത്യമായ നിലപാടല്ല ഉള്ളത്.

കാലിക്കറ്റ് യൂണിവേഴ്സിറ്റി, മലയാളം യൂണിവേഴ്സിറ്റി എന്നിവ സംസ്ഥാന സർക്കാറിന്റെ സംവരണമാനദണ്ഡമനുസരിച്ചാണ് പിഎച്ച്.ഡി. ഗവേഷകരെ തിരഞ്ഞെടുക്കുന്നത്. കണ്ണൂർ യൂണിവേഴ്സിറ്റിയും ഇത്തരത്തിലാണെന്നറിയുന്നു. കേരള യൂണിവേഴ്സിറ്റിയിൽ ഇക്കാര്യത്തിൽ ഒരു ചട്ടവും നിലവിലില്ലെന്നാണ് മനസ്സിലാക്കുന്നത്. എം.ജി. യൂണിവേഴ്സിറ്റിയും സംസ്കൃതസർവകലാശാലയും നേരത്തേ എല്ലാ സംവരണവിഭാഗങ്ങളെയും ഉൾപ്പെടുത്തിയ റോസ്റ്റർ തയ്യാറാക്കിയിരുന്നെങ്കിലും നിലവിൽ എസ്.സി, എസ്.ടി. വിദ്യാർഥികൾക്കു മാത്രമാണ് ഗവേഷണത്തിന് സംവരണം ഏർപ്പെടുത്തിയിട്ടുള്ളത്. യു.ജി.സി. റഗുലേഷനിൽ എസ്.സി, എസ്.ടി. സംവരണം എടുത്തുപറയുന്നതുകൊണ്ട് അത് മാനദണ്ഡമാക്കിയുള്ള സംവരണം ആ വിഭാഗത്തിനു മാത്രമായി പരിമിതപ്പെടുത്തുന്ന സംവിധാനമാണ് ഈ യൂണിവേഴ്സിറ്റികൾ സ്വീകരിച്ചിട്ടുള്ളത്. ഗവേഷണത്തിന് മറ്റു വിഭാഗങ്ങൾക്ക് സംവരണം ആവശ്യമില്ല എന്ന് എവിടെയും സൂചിപ്പിച്ചിട്ടില്ലെന്നു മാത്രമല്ല, സംസ്ഥാനസർക്കാരുകളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ അതതു സംസ്ഥാനങ്ങളുടെ ചട്ടമാണ് പാലിക്കേണ്ടത് എന്നുകൂടി യു.ജി.സി. പറയുമ്പോഴാണ് ഇങ്ങനെയൊരു വ്യാഖ്യാനം യൂണിവേഴ്സിറ്റികൾ നടത്തുന്നത്. നിയമങ്ങളും ചട്ടങ്ങളും വ്യാഖ്യാനിക്കുമ്പോൾ അവയുടെ അന്തസ്സത്തയോട് യോജിക്കുന്ന നിഗമനങ്ങളിലാണ് എത്തിച്ചേരേണ്ടത്. ഉദാഹരണത്തിന്, പുതുതായി ഏർപ്പാടാക്കിയ മുന്നാക്കസംവരണത്തിന് ചട്ടങ്ങളില്ലെങ്കിലും എല്ലാ തലത്തിലും അത് നടപ്പിലാക്കേണ്ടതുണ്ട്, നടപ്പിലാക്കി വരുന്നുമുണ്ട്.

സമുദായങ്ങളെയും ജാതികളെയും പ്രതിനിധാനം ചെയ്യുന്ന അധ്യാപകർ അതതു വിഭാഗങ്ങളിലെ വിദ്യാർഥികളെ മാത്രം തിരഞ്ഞെടുക്കുന്ന സാഹചര്യം ജനാധിപത്യക്രമത്തിൽ ഒട്ടും ആശാസ്യമായിരിക്കില്ല. നിലവിൽ ചില ഗവേഷണമാർഗദർശികൾക്ക് ചില സവിശേഷ സമുദായങ്ങളിലെ വിദ്യാർഥികൾക്കപ്പുറത്തേക്ക് കണ്ണു ചെല്ലുന്നില്ല എന്ന ആക്ഷേപം ശക്തമാണ്.

ഗവേഷണാവസരവും
നീതിയുക്തമായി വീതിക്കപ്പെടണം

പ്രധാനപ്പെട്ട ചില കാര്യങ്ങൾകൂടി ഈ ചർച്ചയിലേക്കു വരേണ്ടതുണ്ട്. സംവരണച്ചട്ടങ്ങൾ രൂപീകരിക്കുമ്പോൾ അതതു വർഷത്തേക്കു മാത്രമായാണോ കാര്യങ്ങൾ തീരുമാനിക്കേണ്ടത്? നിലവിൽ വിദ്യാഭ്യാസസംവരണത്തിന് റോസ്റ്റർ സമ്പ്രദായം ആവശ്യമില്ലെന്നാണ് യു.ജി.സിയുടെ നിലപാട്. അങ്ങനെയെങ്കിൽ വിരലിലെണ്ണാവുന്ന സീറ്റുകളിലേക്ക് തുടർച്ചയായി ഗവേഷകരെയെടുക്കുമ്പോൾ ദീർഘകാലത്തേക്ക് ചില വിഭാഗങ്ങൾ തഴയപ്പെടുന്ന സാഹചര്യം ഉണ്ടാവില്ലേ? സംവരണവിഭാഗങ്ങൾക്ക് സീറ്റുകൾ മാറ്റിവച്ചിട്ടും ആളു വരാത്ത അവസ്ഥയുണ്ടാകും. അപ്പോൾ റീനോട്ടിഫിക്കേഷൻ ഉണ്ടാവുകയും അത് കൃത്യമായി പരസ്യം ചെയ്യുകയും ചെയ്യേണ്ടതല്ലേ? അടുത്ത ചോദ്യം ഡിപാർട്ട്മെന്റിനകത്താണോ ഗവേഷണമാർഗദർശികളെ കേന്ദ്രീകരിച്ചാണോ സംവരണം നടപ്പിലാക്കേണ്ടത് എന്നതാണ്. വിവിധ സമുദായങ്ങളെയും ജാതികളെയും പ്രതിനിധാനം ചെയ്യുന്ന അധ്യാപകർ അതതു വിഭാഗങ്ങളിലെ വിദ്യാർഥികളെ മാത്രം തിരഞ്ഞെടുക്കുന്ന സാഹചര്യം ജനാധിപത്യക്രമത്തിൽ ഒട്ടും ആശാസ്യമായിരിക്കില്ല (നിലവിൽ ചില ഗവേഷണമാർഗദർശികൾക്ക് ചില സവിശേഷ സമുദായങ്ങളിലെ വിദ്യാർഥികൾക്കപ്പുറത്തേക്ക് കണ്ണു ചെല്ലുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. അത് വേറൊരു വശം). യൂണിവേഴ്സിറ്റി മൊത്തമായി ഇക്കാര്യത്തിൽ ഒരു യൂണിറ്റായി പരിഗണിച്ച് കാര്യങ്ങൾ നീക്കാമോ എന്നും ആലോചിക്കേണ്ടതുണ്ട്. അധ്യാപകനിയമനങ്ങളുടെ കാര്യത്തിൽ വിവിധ കോടതിവിധികളുടെകൂടി അടിസ്ഥാനത്തിൽ നിലവിൽ യൂണിവേഴ്സിറ്റി മൊത്തം ഒരു യൂണിറ്റായി പരിഗണിച്ചുകൊണ്ടുള്ള റോസ്റ്റർ സമ്പ്രദായമാണ് സ്വീകരിച്ചിരിക്കുന്നത്.

ഗവേഷണം യഥാർഥത്തിൽ വിദ്യാഭ്യാസത്തിനും തൊഴിലിനും ഇടയിൽ നിൽക്കുന്ന ഒന്നാണ്. അന്താരാഷ്ട്രതലത്തിൽ ഗവേഷണത്തിന്റെ സ്വഭാവം പരിശോധിച്ചാൽ പല യൂണിവേഴ്സിറ്റികളും ഗവേഷകരെ ഡിപാർട്ട്മെന്റിലെ ഫാക്കൽറ്റിയുടെ ഭാഗമായാണ് കാണുന്നത്. അവർ ക്ലാസുകളെടുക്കുന്നതടക്കം ഡിപ്പാർട്ട്മെൻ്റ് പ്രവർത്തനങ്ങളിൽ സഹകരിക്കേണ്ടതുണ്ട്. യു.ജി.സിയും അത്തരം ചില നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അധ്യാപകർക്കു തുല്യമായ സാമ്പത്തികാനുകൂല്യങ്ങളും സേവനവ്യവസ്ഥകളും വിദേശസർവകലാശാലകൾ ഗവേഷകർക്ക് കൊടുക്കുന്നുണ്ട്. ജെ.ആർ.എഫ് പോലുള്ള നാഷണൽ ഫെല്ലോഷിപ്പുകൾക്ക് മോശമല്ലാത്ത തുക ഇന്ത്യയിലും വിദ്യാർഥികൾക്ക് ലഭിക്കുന്നു. ഇത്തരം ഫെല്ലോഷിപ്പുകളില്ലാത്ത വിദ്യാർഥികൾക്ക് ചില യൂണിവേഴ്സിറ്റികൾ ചെറിയ തുക നൽകും. അതായത് താൽക്കാലിക അധ്യാപകനിയമനങ്ങൾപോലെ ഗവേഷണവും ഒരു ധനാഗമമാർഗമാണ്. താൽക്കാലികാധ്യാപകരുടെ തിരഞ്ഞെടുപ്പിലടക്കം സംവരണതത്വങ്ങൾ പാലിക്കേണ്ടതുണ്ടെങ്കിൽ ഗവേഷണാവസരവും നീതിയുക്തമായി വീതിക്കപ്പെടേണ്ടതല്ലേ?

വമ്പിച്ച സാമൂഹികമൂലധനവുമായി ഗവേഷണത്തിനെത്തുന്ന എല്ലാവരും മികച്ച ഫലമുണ്ടാക്കുന്നില്ല എന്നതും ഇതിനോട് ചേർത്തുവായിക്കേണ്ട കാര്യമാണ്. അഭിരുചിക്കൊത്ത് എല്ലാവർക്കുമുള്ള അവസരതുല്യതയാണ് ആദ്യം വേണ്ടത്.

വേണം, ഒരു പൊതു സംവരണ ചട്ടം

ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസമേഖലയിൽനിന്ന് ഇടയ്ക്കിടെ ആത്മഹത്യാവാർത്തകൾ കേൾക്കാറുണ്ട്. കേരളവും നിലവിൽ അത്തരമൊരു വാർത്തയുടെ പ്രക്ഷുബ്ധതയിലാണല്ലോ. ഗവേഷണമേഖലയിൽനിന്ന് പുറന്തള്ളപ്പെടുകയും ആത്മഹത്യയിലേക്കെത്തിക്കുന്ന വിധത്തിൽ സംഘർഷങ്ങളിലേക്ക് തള്ളിവിടപ്പെടുകയും ചെയ്യുന്നവരിൽ സിംഹഭാഗവും എസ്.സി, എസ്.ടി. വിഭാഗം വിദ്യാർഥികളും മറ്റു പിന്നാക്കവിഭാഗം വിദ്യാർഥികളുമായിരിക്കും. സാമൂഹികമായ തുല്യതയെ സംബന്ധിക്കുന്ന ഭരണഘടനാതത്വങ്ങളെ അടിസ്ഥാനനീതിയായി പരിഗണിക്കാത്ത കലാശാലാ അന്തരീക്ഷവും ചില മുൻവിധികളുമാണ് ഇത്തരം അവസ്ഥകളിലേക്ക് വിദ്യാർഥികളെ തള്ളിവിടുന്നത്. അവസരം കിട്ടിയാൽ മികച്ച രീതിയിൽ ഗവേഷണം നിർവഹിക്കാൻ എല്ലാ ജാതി- സമുദായവിഭാഗങ്ങൾക്കും സാധിക്കുമെന്ന് ഗവേഷണഫലങ്ങൾ പരിശോധിച്ചാൽ നമുക്കു മനസ്സിലാകും. വമ്പിച്ച സാമൂഹികമൂലധനവുമായി ഗവേഷണത്തിനെത്തുന്ന എല്ലാവരും മികച്ച ഫലമുണ്ടാക്കുന്നില്ല എന്നതും ഇതിനോട് ചേർത്തുവായിക്കേണ്ട കാര്യമാണ്. അഭിരുചിക്കൊത്ത് എല്ലാവർക്കുമുള്ള അവസരതുല്യതയാണ് ആദ്യം വേണ്ടത്. കഠിനാധ്വാനിയായ ഒരു ഗവേഷകൻ/ഗവേഷക നല്ല ഫലം കൊണ്ടുവരുകതന്നെ ചെയ്യും. കേരളത്തിലെ യൂണിവേഴ്സിറ്റികൾ സംവരണവുമായി ബന്ധപ്പെട്ട യു.ജി.സി, സംസ്ഥാനസർക്കാർ ചട്ടങ്ങൾ പരിശോധിച്ച് സംവരണവിഭാഗങ്ങൾക്ക് അനുഗുണമായ ഒരു പൊതുചട്ടം അടിയന്തരമായി ഉണ്ടാക്കേണ്ടതുണ്ട്.


വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments