കേരളത്തിലെ എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ പൊതുവിദ്യാലയങ്ങളിലെ ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ സ്കോറുകൾ കണ്ണിൽചോരയില്ലാത്ത വിധം വെട്ടിക്കുറക്കുകയും സി.ബി.എസ്.ഇ വിദ്യാർത്ഥികൾ നേടിയ സ്കോറുകൾക്ക് മാറ്റ് കൂടുതലാണെന്ന നിലയിൽ അവർക്ക് വീണ്ടും മാർക്ക് കൂട്ടിനൽകുകയും ചെയ്യുന്ന 'സ്കോർ സമീകരണ'ത്തിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ ഇടപെടുന്നതായുള്ള പത്രവാർത്ത കാണുകയുണ്ടായി.
ഈ വിഷയത്തിൽ ഉചിതമായ സന്ദർഭത്തിൽ ഇടപെട്ട ബഹുമാന്യനായ മുഖ്യമന്ത്രിയോടുള്ള ആദരവ് പ്രകടിപ്പിക്കുകയാണ്. പലനിലകളിൽ ചതിക്കപ്പെടുകയും ഒറ്റുകൊടുക്കപ്പെടുകയും ചെയ്യുന്ന കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിനൊപ്പം നിൽക്കാൻ തയ്യാറാകുന്നവരെ, ശാസ്ത്രത്തിന്റെയും പ്രായോഗികതയുടെയും പൊതുബോധത്തിന്റെയും തുരുപ്പുകൾ ചൂണ്ടി ഭീഷണിപ്പെടുത്തുന്ന ഇവിടുത്തെ ഉദ്യോഗസ്ഥ/ഭരണവർഗ്ഗ ദല്ലാളരുടെ വാക്കുകളെ മറികടക്കാൻ മുഖ്യമന്ത്രിക്ക് സാധിക്കുമോ എന്നത് കാത്തിരുന്നു കാണേണ്ട ഒന്നാണ്! എങ്കിലും ഈ വിഷയത്തിലുള്ള പ്രതീക്ഷ കൈവിടുന്നില്ല.
ഈ സാഹചര്യത്തിൽ, പത്രവാർത്ത പ്രകാരം പ്രശ്നപരിഹാരത്തിനായി ഇപ്പോൾ കണ്ടെത്തിയതായി പറയപ്പെടുന്ന മാർഗ്ഗങ്ങൾ യഥാർത്ഥത്തിൽ ശാസ്ത്രത്തെ മുൻനിർത്തിയുള്ള മറ്റൊരു തന്ത്രം മാത്രമാണെന്നും ശരിയായ പ്രശ്നപരിഹാരത്തിനു സഹായകമല്ലെന്നും വ്യക്തമാക്കുകയാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം.
ഇക്കഴിഞ്ഞ വർഷം എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റിൽ ഒന്നാമതോ രണ്ടാമതോ വരേണ്ടുന്ന, എൻട്രൻസ് പരീക്ഷയിൽ ഏറ്റവും മുന്നിലെത്തുകയും റാങ്ക് ലിസ്റ്റ് തയ്യാറാക്കാൻ പരിഗണിക്കുന്ന ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ നൂറുശതമാനം സ്കോർ നേടുകയും ചെയ്ത പൊതുവിദ്യാലയത്തിൽ പഠിച്ച വിദ്യാർത്ഥി, സ്കോർ സമീകരണമെന്ന തട്ടിപ്പിലൂടെ 84 -ാമത്തെ റാങ്കിലേക്ക് ചവിട്ടിത്തെറിപ്പിക്കപ്പെട്ടത് പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും അവിടെ പഠിപ്പിക്കുന്ന അധ്യാപകരുടെയും നെഞ്ചിൽ വിങ്ങലായി ഇപ്പോഴുമുണ്ട്.
കഴിഞ്ഞവർഷം സ്കോർ സമീകരണത്തിലൂടെ പൊതുവിദ്യാലയത്തിലെ മിടുക്കരായ കുട്ടികൾ പഠിച്ചുനേടിയ 27 സ്കോർ ആണ് വെട്ടിക്കുറച്ചത്. അതേസമയം സിബിഎസ്ഇ കുട്ടികൾക്ക് അവർ യഥാർത്ഥത്തിൽ നേടിയതിനേക്കാൾ 8 സ്കോർ കൂട്ടി നൽകുകയും ചെയ്തു. ഫലത്തിൽ മുപ്പത്തഞ്ചു സ്കോറിനാണ് പൊതുവിദ്യാലയത്തിലെ കുട്ടികൾ മുന്നിലെത്തിയിട്ടും പിന്നിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ടത്.

ആയിരക്കണക്കിന് കുട്ടികൾക്ക് ഇതുമൂലം സർക്കാർ എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജുകളിൽ സീറ്റുകൾ ലഭിക്കാതെ സ്വാശ്രയ കോളേജുകളിൽ ലക്ഷങ്ങൾ ഫീസ് കൊടുത്ത് പഠിക്കേണ്ട ഗതികേടുണ്ടായി. രണ്ടുവർഷം മുൻപ് 54 സ്കോർ വരെ ഇങ്ങനെ കുറയ്ക്കുകയുണ്ടായി എന്ന് പറയുമ്പോൾ അതിലെ ഭീകരത വ്യക്തമാവുമല്ലോ.
ഇപ്പോൾ ഇതിന് പരിഹാരമായി പറയുന്ന, സിബിഎസ്ഇ ദേശീയ ശരാശരി എടുക്കുന്നതിനു പകരം കേരളാ റീജിയണിലെ സ്കോർ ശരാശരി പരിഗണിച്ചാൽ മതി എന്ന നിർദ്ദേശം തികച്ചും തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാണ്. അതിന്റെ കാര്യകാരണങ്ങൾ ഇങ്ങനെ ചുരുക്കിപ്പറയാം.
ഒന്ന്: ഈ വിഷയം ഉണ്ടായപ്പോൾ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിഷേധമുണ്ടായി. പൊതുരംഗത്ത് നിൽക്കുന്ന ഐക്യമലയാള പ്രസ്ഥാനം പോലുള്ള സംഘടനകൾ പ്രത്യക്ഷ സമരങ്ങൾക്കും വിവരാവകാശ രേഖകൾ തേടിയുള്ള നിയമ നടപടികൾക്കും തുടക്കമിട്ടു. അപ്പോൾ ഈ വിഷയം പഠിക്കുന്നതിനായി എസ്.സി.ഇ.ആർ.ടി ഒരു വിദഗ്ദ്ധസമിതിക്ക് രൂപം കൊടുത്തു. ആ സമിതിയുടെ ശുപാർശയാണ് ഇപ്പോൾ പരിഹാരമായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്.
ഈ നിർദ്ദേശങ്ങൾ മുഖവിലക്കെടുക്കാൻ കഴിയാത്തതിന്റെ പ്രാഥമികമായ കാരണം ആ കമ്മിറ്റിയുടെ യോഗ്യതയാണ്. അതിൽ ഉൾപ്പെട്ട പലരും മക്കളെ പൊതുവിദ്യാലയങ്ങളിൽ അയക്കാതെ സി.ബി.എസ്.ഇ സ്കൂളിൽ അയച്ചവരോ അയക്കുന്നവരോ ആണ്. കേരളത്തിലെ സിബിഎസ്ഇയുടെ ഉന്നത ഉദ്യോഗസ്ഥർ വരെ പ്രസ്തുത സമിതി യോഗങ്ങളിൽ പങ്കെടുത്തു എന്നാണു മനസ്സിലാക്കുന്നത്. ഇവരിൽ നിന്ന് കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് എന്ത് നീതിയാണ് ലഭിക്കുക? അവരുടെ വാദമുഖങ്ങൾ ആർക്ക് അനുകൂലമായിട്ടായിരിക്കും രൂപപ്പെടുക?
പൊതുവിദ്യാലയത്തെയും ഇവിടുത്തെ കരിക്കുലത്തെയും വിശ്വാസമില്ലാതെ, സിബിഎസ്ഇ തേടിപ്പോയ ആളുകളും അതിനെ നയിക്കുന്ന ആളുകളും ആണ് പൊതുവിദ്യാലയത്തെ രക്ഷിക്കാനായി നിയോഗിക്കപ്പെടുന്നത് എന്നത് എത്രമാത്രം ആഭാസകരമാണ്? ഈ വിഷയം പൊതുസമൂഹത്തിൽ ഉന്നയിച്ച അക്കാദമിക പ്രവർത്തകരിൽ ഒരാളെപ്പോലും കേൾക്കാൻ ആ സമിതി തയ്യാറായില്ല.
അതേസമയം സിബിഎസ്ഇയുടെ ഭാഗം കേൾക്കാൻ അവരെ കൃത്യമായി വിളിച്ചുവരുത്തുകയും ചെയ്തു. തികച്ചും വിശ്വാസ്യതയില്ലാത്ത, അക്കാദമിക രംഗത്ത് നാലാൾ കേട്ടിട്ടുപോലുമില്ലാത്ത ആളുകളെ ഉൾപ്പെടുത്തി ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള ചില തന്ത്രങ്ങൾ മെനയുകയായിരുന്നു വിദ്യാഭ്യാസവകുപ്പിനെ നിയന്ത്രിക്കുന്ന ഉന്നതോദ്യോഗസ്ഥർ. അവരുടെ കുയുക്തികളിൽ വീഴാതിരിക്കുക എന്നത് രാഷ്ട്രീയശരിയുടെ പക്ഷം നിൽക്കുന്ന മനുഷ്യരുടെ വലിയ മുൻകരുതലാകേണ്ടതുണ്ട്.
രണ്ട്: ഒരിക്കലും സമീകരിക്കാൻ കഴിയാത്ത രണ്ടു രീതിയിലുള്ള ഗ്രേഡിംഗ് രീതിയാണ് സി ബി എസ് ഇ യുടെയും കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെയും. സി ബി എസ് ഇ സ്വീകരിക്കുന്നത് ആകെ പരീക്ഷയെഴുതിയ കുട്ടികളെ എട്ടുഗ്രേഡുകളിൽ ഒതുക്കുന്നതരം ഗ്രേഡിംഗ് രീതിയാണ്. അതുപ്രകാരം എത്രപേർ പരീക്ഷ എഴുതിയാലും അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന എട്ടിലൊന്നു പേർക്കുമാത്രമേ എ വൺ ലഭിക്കുകയുള്ളൂ. അതുപോലെ മറ്റുഗ്രേഡുകളും എട്ടിലൊന്നായി തിരിക്കും. ഇത് അങ്ങേയറ്റം വിദ്യാർത്ഥി വിരുദ്ധമായ ഒന്നാണ്.
വിദ്യാർത്ഥിയുടെ പക്ഷത്തുനിന്നല്ല വിദ്യാഭ്യാസവ്യവസ്ഥയുടെ പക്ഷത്തുനിന്നാണ് കുട്ടികളെ വിവിധ ഗ്രേഡുകളിൽ ഒതുക്കുന്നത്. ഒരുവർഷം പരീക്ഷയെഴുതിയതിൽ, ഇരുപത് ശതമാനം കുട്ടികളും മികച്ച സ്കോർ നേടിയാൽ അവർക്ക് ഉയർന്ന ഗ്രേഡ് നൽകാൻ ഇതിൽ സാധിക്കില്ല. അവർ തൊട്ടടുത്ത ഗ്രേഡിലേക്ക് താഴ്ത്തപ്പെടും. ചെരുപ്പിനനുസരിച്ച് കാലു മുറിക്കുന്ന ഏർപ്പാടുതന്നെ. വിലയിരുത്തൽ എന്ന സങ്കല്പനത്തിനു തന്നെ എതിരായ ഒന്നാണ് ഇത്.
ഏതൊരു വിലയിരുത്തലും ഒരു കുട്ടിയുടെ യഥാർത്ഥ പഠനനില എന്തെന്ന് തിരിച്ചറിയാനുള്ള മാർഗ്ഗമാണ്. ഇവടെ മുൻകൂട്ടി നിശ്ചയിച്ച ഗ്രേഡിന്റെ കള്ളികളിലേക്ക് കുട്ടികളെ ഒതുക്കുകയാണ് ചെയ്യുന്നത്. അശാസ്ത്രീയവും കാലഹരണപ്പെട്ടതുമായ ഗ്രേഡിംഗ് രീതിയാണിത്. അതേസമയം കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഗ്രേഡിംഗ് രീതി പ്രകാരം കുട്ടിയുടെ യഥാർത്ഥ സ്കോറുകൾ അതാതിന് നിശ്ചയിച്ച ഗ്രേഡുകളിലേക്ക് മാറ്റുകയാണ്. എത്രപേർക്ക് ഇന്ന ഗ്രേഡ് എന്ന് മുൻകൂട്ടി നിശ്ചയിക്കുന്നില്ല. എത്രകുട്ടികൾ ഉയർന്ന ഗ്രേഡിലുളള സ്കോറുകൾ നേടിയോ അവർക്കെല്ലാം ആ ഗ്രേഡ് തന്നെ ലഭിക്കും.
ഈ രണ്ടുരീതികൾ ഒരിക്കലും പരസ്പരം സമീകരിക്കാവുന്നവ അല്ല. ഉയർന്ന ഗ്രേഡ് കിട്ടുന്ന ആളുകളുടെ എണ്ണം കുറയുമ്പോൾ മീനും സ്റ്റാൻഡേർഡ് ഡീവിയെഷനുമെല്ലാം കണക്കാക്കുമ്പോൾ ആ സ്കോറിന്റെ മൂല്യം വർദ്ധിക്കും. സ്വാഭാവികമായും കൂടുതൽ പേർക്ക് അർഹമായ ഉയർന്ന ഗ്രേഡ് ലഭിക്കുമ്പോൾ ഈ രീതി പ്രകാരം അതിന് മൂല്യം കുറയുകയും ചെയ്യും. ഇത് കേരളാ റീജിയൻ ശരാശരി എടുത്താലും വ്യത്യാസം വരില്ല. കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ യഥാർത്ഥ സ്കോറുകൾ അതുപോലെ മാർക്കുലിസ്റ്റിൽ വരുമ്പോൾ സി ബി എസ് ഇ അവരുടെ ഗ്രേഡിംഗ് രീതിയുടെ അശാസ്ത്രീയത കാരണം കുറച്ചുകുട്ടികൾക്ക് മാത്രമേ അർഹമായ ഗ്രേഡുകൾ നൽകാൻ കഴിയൂ. ഇത് കേരളാ രീതിയുടെ പ്രശ്നമല്ല എന്നും സി ബി എസ് ഇ യുടെ പ്രശ്നമാണെന്നും ആണ് വിദഗ്ദ്ധർ തിരിച്ചറിയേണ്ടത്. കാലഹരണപ്പെട്ട അവരുടെ രീതി തിരുത്തുന്നതിനു പകരം കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിച്ചു എന്നതുകൊണ്ട് പാവപ്പെട്ട കുട്ടികളെ ശിക്ഷിക്കരുത് എന്നത് ആണ് ഈ വിഷയത്തിലെ രാഷ്ട്രീയ ശരി. അത് ബന്ധപ്പെട്ടവർ സൂക്ഷ്മമായി തിരിച്ചറിയേണ്ടതുണ്ട്.

മൂന്ന്: സ്കോറുകൾ സമീകരിക്കേണ്ട ആവശ്യമേ ഹയർ സെക്കന്ററി പരീക്ഷയുടെ കാര്യത്തിൽ വേണ്ടതില്ല. എൻട്രൻസ് പരീക്ഷയുടെ സ്കോർ മുഴുവൻ ആളുകളും എഴുതിയത് ഒരേപോലെയാണ് സ്വീകരിക്കുന്നത്. അതുപോലെ വ്യത്യസ്തമായ പരീക്ഷകൾ ആണെങ്കിലും ഒരേ സിലബസാണ് ഹയർ സെക്കന്ററിയിൽ പൊതുവിദ്യാലയങ്ങളിലും സിബിഎസ്ഇയിലും ഉള്ളത്. ഒരേപോലെ പരീക്ഷകൾ നടക്കുന്നു. സ്കോറുകൾ ലഭിക്കുന്നു. ലഭിച്ച സ്കോറുകൾ ഒരു പ്രത്യേക മാർജ്ജിനിലേക്ക് സ്കെയിലിംഗ് നടത്തി സ്വീകരിച്ചാൽ മതിയാകും.
പഠിച്ചു ലഭിച്ച സ്കോറിന്റെ മൂല്യത്തിൽ ഒരു അണുകിട വ്യത്യാസമില്ലാതെ ഈ സ്കെയിലിംഗ് നടത്താം. എൻട്രൻസ് സ്കോറിനോട് അങ്ങിനെ ലഭിച്ച സ്കോറുകൾ നേരിട്ട് ചേർക്കുകയാണ് ഏറ്റവും ശാസ്ത്രീയമായ മാർഗ്ഗം. വളരെ വളരെ ലളിതമായ ഈ കാര്യം സിബിഎസ്ഇ വക്താക്കൾ മറച്ചുവെക്കുകയാണ്.
കേരളാ സിലബസ്സിൽ സ്കോറുകൾ കൂടുതലായി ലഭിക്കുന്നു എന്നതാണ് ഇതിനെതിരായി അവർ സ്ഥിരം പറയുന്ന കാര്യം. ഇത് പരീക്ഷയെഴുതുന്ന കുട്ടികളുടെ വിഷയമല്ല എന്നും രണ്ടു രീതിയിലെ ഗ്രേഡിങ്ങിന്റെ പ്രശ്നമാണെന്നും തിരിച്ചറിയേണ്ടതുണ്ട്. ഇത്തരമൊരു നിയന്ത്രണം ഇല്ലെങ്കിൽ സിബിഎസ്ഇ റിസൾട്ട് എവിടംവരെ പോകും എന്നറിയാൻ ആവരുടെ വിജയശതമാനം എടുത്തുനോക്കിയാൽ മതിയാവും. സിബിഎസ്ഇ ഹയർ സെക്കന്ററി വിജയശതമാനം 99.6 ആണ്. അതേസമയം കേരളത്തിലെ ഹയർ സെക്കന്ററി വിജയശതമാനം 78.7 മാത്രവും! വളരെ ഗംഭീരമെന്ന് വിളിക്കുന്ന ഒരു സ്ട്രീമിന്റെ ഉദാരമായ സമീപനത്തിന്റെ ചിത്രമാണിത്.
നാല്: കേരളത്തിലെ ഹയർ സെക്കന്ററി പരീക്ഷാ നടത്തിപ്പും അതിന്റെ മൂല്യനിർണ്ണയവും അങ്ങേയറ്റം ചട്ടപ്രകാരവും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും മോണിറ്ററിംഗും നിയന്ത്രണങ്ങളുമുള്ളതും സുതാര്യവുമാണ്. ചോദ്യനിർമ്മാണഘട്ടം മുതൽ പരീക്ഷാ ഫലപ്രഖ്യാപനം വരെ പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ജാഗ്രതയോടെയുള്ള കണ്ണുകൾക്ക് മുന്നിലാണ് അത് നടക്കുന്നത്. ഏറ്റവും യോഗ്യതയുള്ള അധ്യാപകരാണ് അതിനെല്ലാം നേതൃത്വം നൽകുന്നത്. ഏതെങ്കിലും ഘട്ടത്തിൽ അതിൽ എന്തെങ്കിലും പിഴവുകൾ സംഭവിക്കുമ്പോൾ വലിയ നിലയിലുള്ള വിശദീകരങ്ങളും അച്ചടക്ക നടപടികളും നേരിടാൻ ഉത്തരവാദപ്പെട്ടവർ ബാധ്യസ്ഥരാണ്.
എന്നാൽ ഇതെല്ലാം സിബിഎസ്ഇയിൽ എങ്ങിനെയാണ് നടക്കുന്നത്? ചോദ്യങ്ങൾ ഉണ്ടാക്കുന്നത് ആരാണ്? മൂല്യനിർണ്ണയം നടത്തുന്നത് ആരൊക്കെയാണ്? പരീക്ഷകൾ നടക്കുന്നത് ആരുടെ മേൽനോട്ടത്തിലാണ്? എല്ലാം ഒരു പുകമറയ്ക്കുള്ളിൽ നടക്കുന്നു.
കേരളത്തിലെ ഹയർ സെക്കന്ററി പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ എൻട്രൻസ് സ്കോറിനൊപ്പം പരിഗണിക്കുന്നതാണ് എന്ന മുൻധാരണയിൽ പിഴവുകൾ ഒട്ടും സംഭവിക്കാതിരിക്കാൻ ഇരട്ട മൂല്യനിർണ്ണയമാണ് ആ വിഷയങ്ങൾക്ക് ഉള്ളത്. വ്യത്യസ്ത ദിവസങ്ങളിൽ വ്യത്യസ്ത അധ്യാപകർ ഉത്തരപ്പേപ്പറിൽ ഒരു ചെറുകുറിപോലും ഇടാതെ മൂല്യനിർണ്ണയം നടത്തുകയും രണ്ടുസ്കോറുകളും തമ്മിൽ പത്തുശതമാനത്തിനുമേൽ വ്യത്യാസം ഉണ്ടെങ്കിൽ അവ മൂന്നാം മൂല്യനിർണ്ണയത്തിനു വിധേയമാക്കുകായും ചെയ്യും.
അങ്ങിനെ പലർ മാറിമാറി വിലയിരുത്തി ലഭിക്കുന്ന വസ്തുനിഷ്ഠമായ സ്കോറിനെയാണ് പൊതുവിദ്യാഭ്യാസത്തെ വിശ്വാസത്തിലെടുക്കാത്ത കേരളത്തിലെ ഉന്നതോദ്യോഗസ്ഥർ അവിശ്വസിക്കുകയും കിട്ടിയ സ്കോറുകൾ വെട്ടിച്ചുരുക്കാൻ തുനിയുകയും ചെയ്യുന്നത്. അതേസമയം ഒരു ഉപാധിയുമില്ലാതെ, നിയന്ത്രണങ്ങളില്ലാതെ, മേൽനോട്ടമില്ലാതെ, മൂല്യനിർണ്ണയം നടത്തുന്നവരുടെ യോഗ്യതപോലും സുതാര്യമല്ലാത്ത ഒരു സ്ട്രീമിന്റെ സ്കോർ നൽകൽ മാതൃകാപരമെന്ന് സ്ഥാനത്തും അസ്ഥാനത്തും അവർ പുകഴ്ത്തുകയും ചെയ്യും. അതിനു കൂട്ടുനിൽക്കാൻ കേരളത്തിലെ പ്രബുദ്ധരായ രാഷ്ട്രീയനേതൃത്വം ഒരിക്കലും നിന്നുകൊടുക്കരുത്.
അഞ്ച്: കേരളത്തിലെ വിദ്യാർത്ഥികൾക്ക് സ്കോറുകൾ അധികമായി നൽകുന്നു എന്നാരോപിക്കുന്നവർ സി ബി എസ് ഇ സ്ട്രീമിലെ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പലവിധത്തിലുള്ള പരിഗണനകൾ കാണാതെ പോകുന്നു. ഏറ്റവും പ്രധാനം സി ബി എസ് ഇ യിൽ ഒന്നാം വർഷ ഹയർ സെക്കന്ററിക്ക് പൊതുപരീക്ഷയില്ല എന്നതാണ്.
പലപ്പോഴും എൻട്രൻസ് കോച്ചിംഗ് സെന്ററുകൾക്ക് അനുബന്ധമായുള്ള സി ബി എസ് ഇ സ്കൂളുകളിൽ ഒന്നാം വർഷത്തിലെ പാഠഭാഗങ്ങൾ പഠിപ്പിക്കാറേയില്ല. രണ്ടുവർഷവും രണ്ടാം വർഷ സിലബസ് ആവർത്തിച്ചുറപ്പിക്കും. ഇത് ഉയർന്ന സ്കോറുകൾ നേടാൻ അവരെ സഹായിക്കും. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടിനെത്തന്നെ അട്ടിമറിച്ചാണ് ഇത്തരം ആഭാസങ്ങൾ അരങ്ങേറുന്നത്. അതേസമയം ഒന്നാം വർഷവും രണ്ടാം വർഷവും പൊതുപരീക്ഷ അഭിമുഖീകരിക്കുന്നവരാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങലിലെ ഹയർ സെക്കന്ററി വിദ്യാർത്ഥികൾ. അതിന്റെ സംഘർഷങ്ങളും പ്രശ്നങ്ങളും അവർക്കുണ്ട്.
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിക്കുന്നതിനൊപ്പം മറ്റുവിഷയങ്ങളും നിർബന്ധമായും പഠിക്കുകയും പരീക്ഷ എഴുതുകയും വേണം പൊതുവിദ്യാലയങ്ങളിലെ കുട്ടികൾ. എന്നാൽ ഭാഷാവിഷയങ്ങളിലും മറ്റും ഓപ്ഷനുകൾ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം സി ബി എസ് ഇ അനുവദിക്കുന്നുണ്ട്. ഇങ്ങനെ പൊതുവിദ്യാലയങ്ങളിലെ കുട്ടികളെ അപേക്ഷിച്ച് സി ബി എസ് ഇ കുട്ടികൾക്ക് പരീക്ഷകൾക്കുള്ള പലതരം ആനുകൂല്യങ്ങൾ ഈ ചർച്ചകളിൽ ഉന്നയിക്കപ്പെടുന്നേയില്ല. കേരള സിലബസ്സിൽ മാർക്കുദാനമെന്നു പരിഹസിക്കുമ്പോൾ പലതരത്തിലുള്ള സൗകര്യങ്ങളും സൗജന്യങ്ങളും അനുഭവിച്ചുകൊണ്ടാണ് സിബിഎസ്ഇ വിദ്യാർത്ഥികൾ ഹയർ സെക്കന്ററി രണ്ടാം വർഷ പൊതുപരീക്ഷ എഴുതുന്നത് എന്നത് വിസ്മരിക്കാൻ പാടില്ലാത്തതാണ്.
ആറ്: സമീകരണം എന്നത് ഒരേ പാറ്റേണിലും ഒരേ നിലവാരത്തിലും വ്യത്യസ്ത സന്ദർഭങ്ങളിൽ നടത്തുന്ന പരീക്ഷകളുടെ സ്കോറുകൾ ക്രമീകരിക്കാൻ ഉപയോഗിക്കുന്ന ഒരു സങ്കേതമാണ്. വ്യത്യസ്ത രീതിയിൽ നടത്തപ്പെടുന്ന, അടിസ്ഥാനപരമായിത്തന്നെ വ്യത്യസ്ത പഠനസമീപനവും ഗ്രേഡിംഗ് രീതിയുമുള്ള രണ്ടു സ്ട്രീമുകളെ ചേർത്തുകെട്ടാൻ ഈ രീതി ഉപയോഗിക്കുന്നതാണ് ഏറ്റവും അശാസ്ത്രീയമായ സംഗതി. മാത്രമല്ല സങ്കുചിതമായ താത്പര്യങ്ങൾ മുൻനിർത്തി അതിൽ എലീറ്റ് ക്ലാസിന്റെ സ്ട്രീമിന് മേൽക്കൈ ലഭിക്കാനുള്ള തന്ത്രങ്ങൾ മെനയുകയും പൊതുധാരയെ അപമാനിക്കുകയും ചെയ്യുന്നു. അതിനായി ചില സാങ്കേതിക മാർഗ്ഗങ്ങൾ ഉപയോഗിക്കുകയും അതിന്റെ ശാസ്ത്രീയത കൊട്ടിഘോഷിക്കുകയും ചെയ്യുന്നു. സാമൂഹികവും അക്കാദമികവുമായ ചർച്ചകളെ അപഹസികുന്നു. യഥാർത്ഥത്തിൽ അശാസ്ത്രീയമായ ഒരു രീതി നടപ്പാക്കുകയും പിന്നീടുള്ള ചർച്ചകൾ ആ രീതിയുടെമാത്രം ശാസ്ത്രീയതയെ മുൻനിർത്തിയാക്കുകയും ചെയ്യുന്നത് ഹീനവും ഗൂഢവുമായ തന്ത്രങ്ങളുടെ ഭാഗമായാണ്. ശാസ്ത്രത്തിന്റെ പേരിൽ ഇത്തരം സങ്കുചിത/വ്യക്തിതാത്പര്യങ്ങൾ നടപ്പാക്കാൻ ഉത്സാഹിക്കുന്നതാണ് ലജ്ജാകരം എന്ന് ശാസ്ത്രത്തിന്റെ പേരിൽ ആണയിടുന്ന കേരളത്തിലെ മനീഷികളും സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ദ്ധരും ഓർക്കുന്നില്ല.
ഏഴ്: കേരളത്തിലെ പൊതുമേഖലയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേരവകാശികൾ കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിലൂടെ പഠിച്ചുവരുന്നവരാണ്. ഈ നാടിന്റെ ജീവനാഡി പൊതുവിദ്യാലയങ്ങളാണ്. നമ്മുടെ സാമൂഹിക ബോധത്തിന്റെയും സാംസ്കാരികമൂല്യത്തിന്റെയും അടിത്തറയിലാണ് അതിന്റെ കരിക്കുലം കെട്ടിയുയർത്തിയിരിക്കുന്നത്.
നാടിന്റെ ചരിത്രവും യാഥാർത്ഥ്യവും അന്വേഷിച്ചറിയാൻ പാകത്തിലാണ് അതിലെ അറിവുകൾ ബന്ധിപ്പിച്ചിരിക്കുന്നത്. എന്നാൽ നമ്മുടെ നാട്ടിൽ കൂണുപോലെ മുളച്ചുപൊന്തിയ സി ബി എസ് സി സ്കൂളുകൾ ഏതുതരത്തിലുള്ള മൂല്യബോധമാണ്, സാമൂഹിക ബോധമാണ് കുഞ്ഞുങ്ങളിൽ കുത്തിവെച്ചുകൊണ്ടിരിക്കുന്നത്? മതസാമുദായിക സാമ്പത്തിക ശക്തികൾ കൈയ്യടക്കിവെച്ചിരിക്കുന്ന ആ മേഖല സങ്കുചിത താത്പര്യങ്ങളുടെ കേളീരംഗങ്ങളാണ്. കേരളത്തിൽ സാർവ്വത്രികമായ പൊതുവിദ്യാഭ്യാസധാരയിലേക്ക് മുഴുവൻ കുഞ്ഞുങ്ങളെയും ബോധപൂർവ്വം കൊണ്ടുവരിക എന്നതായിരിക്കണം ഒരു ഇടതുപക്ഷ സർക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തി.
തമിഴ് മാധ്യമവിദ്യാലയങ്ങളിൽ പഠിച്ചവർക്ക് ഗ്രേസ് മാർക്കുകളും നിരവധി ആനുകൂല്യങ്ങളും പ്രഖ്യാപിക്കുന്ന തമിഴ്നാട് സർക്കാരിനെയാണ് നമ്മൾ മാതൃകയാക്കേണ്ടത്. എലീറ്റ് ക്ലാസിന്റെ ഉമ്മാക്കികൾക്ക് ചെവികൊടുക്കാതെ എഞ്ചിനീയറിംഗ് പ്രവേശനത്തിന് ഇന്നും ഹയർ സെക്കന്ററി സ്കോർ മാത്രമാണ് തമിഴ്നാട് സ്വീകരിക്കുന്നത്. മെഡിക്കൽ പ്രവേശനത്തിന് ദേശീയതലത്തിലെ നീറ്റ് പരീക്ഷ വരുന്നതുവരെ മെഡിക്കൽ പ്രവേശനവും അവർ നടത്തിയിരുന്നത് പൂർണ്ണമായും ഈ വഴി തന്നെയായിരുന്നു. സി ബി എസ് ഇ സ്ട്രീമിനെക്കാളും അക്കാലത്ത് അവിടുത്തെ പൊതുസ്കൂളുകളിലെ കുട്ടികൾക്ക് അവ പ്രാപ്യമായിരുന്നു. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഹയർ സെക്കന്ററി കോഴ്സ് പൂർത്തിയാക്കിയവർക്ക് ബോണസ് പോയന്റുകൾ തീർച്ചയായും പ്രവേശനപരീക്ഷാ റാങ്ക് ലിസ്റ്റ് അന്തിമമായി തയ്യാറാക്കുമ്പോൾ പരിഗണിക്കേണ്ടതാണ്. വിദ്യാഭ്യാസം ഒരു തുടർപ്രക്രിയയാണ്. ആ പ്രക്രിയ പ്രധാനമാണ്. അതുകൊണ്ടാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ എസ്എസ്എൽസി പൂർത്തിയാക്കിയ കുട്ടികൾക്ക് ഹയർ സെക്കന്ററി പ്രവേശനത്തിൽ ബോണസ് പോയന്റുകൾ അനുവദിക്കുന്നത്. അതേരീതി എഞ്ചിനീയറിംഗ് പ്രവേശനത്തിനും പരിഗണിക്കപ്പെടണം. ഈ ഒറ്റ കാരണത്താൽ, ഇന്ന് സ്വന്തം നാട്ടിലുള്ള പൊതുവിദ്യാലയത്തിലെ ഹയർ സെക്കന്ററി പഠനത്തെ പരിഹസിച്ചുകൊണ്ട് സി ബി എസ് ഇ തേടിപ്പോകുന്ന രക്ഷിതാക്കൾ കുട്ടികളെയും കൊണ്ട് പൊതുവിദ്യാലയങ്ങളിലേക്ക് വന്നുതുടങ്ങും.
സമീകരിക്കാൻ തീർത്തും കഴിയാത്ത രണ്ടു രീതികളെ അശാസ്ത്രീയമായി സമീകരിക്കുകയും സി ബി എസ് ഇ രീതിയുടെ പരിമിതികളെ മുൻനിർത്തി, വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ സ്കോറുകൾ വെട്ടിക്കുറക്കുകയും ചെയ്യുന്ന ഈ ദ്രോഹം പൂർണ്ണമായി ഇല്ലാതാക്കിക്കൊണ്ടു മാത്രമേ പൊതുവിദ്യാലയങ്ങളിലെ കുട്ടികളോടും അവരുടെ രക്ഷിതാക്കളോടും നമുക്ക് നീതി കാണിക്കാൻ കഴിയൂ. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതരം വ്യാജപരിഹാരമാർഗ്ഗങ്ങൾ ഉണ്ടാക്കുന്ന സി ബി എസ് ഇ കമ്മറ്റിയുടെ നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞും സമീകരണം പൂർണ്ണമായും എടുത്തുകളഞ്ഞും പൊതുവിദ്യാലയങ്ങളിൽ പഠിച്ച കുട്ടികൾക്ക് ബോണസ് പോയന്റുകൾ നൽകിക്കൊണ്ടും പൊതുവിദ്യാഭ്യാസസംരക്ഷണം എന്ന സുപ്രധാനമായ ലക്ഷ്യം നടപ്പാക്കാനുള്ള അവസരമായി ഈ സന്ദർഭത്തെ ഉപയോഗപ്പെടുത്തണമെന്ന് ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു.
READ | ‘കീ’മിലെ ആദ്യ റാങ്കുകാരെല്ലാം എന്തുകൊണ്ട്
സി ബി എസ് ഇക്കാരാകുന്നു? സ്‍കോര്‍ അട്ടിമറിയുടെ കാണാപ്പുറം