KEAM:
പുതിയ സമീകരണരീതി
ശരി​വെച്ച് ഹൈക്കോടതി

KEAM റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിൽ സർക്കാർ കൊണ്ടുവന്ന തമിഴ്നാട് മാതൃകയിലുള്ള പുതിയ സമീകരണരീതി ഹൈക്കോടതി ശരിവെച്ചു. പുതിയ രീതിയനുസരിച്ച് ഒരു വിദ്യാർത്ഥിയുടെയും മാർക്ക് കുറയില്ലെന്ന് കോടതി.

News Desk

കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ (Kerala Engineering Architecture Medical - KEAM) മാര്‍ക്ക് ഏകീകരണത്തിന് കഴിഞ്ഞവർഷം സർക്കാർ കൊണ്ടുവന്ന പുതിയ സമീകരണരീതി ഹൈക്കോടതി ശരിവെച്ചതോടെ, ഇത്തവണ പുതിയ രീതിയനുസരിച്ചായിരിക്കും പ്രവേശനം എന്ന് ഉറപ്പായി. വിദ്യാഭ്യാസബോർഡുകൾ തമ്മിലുള്ള മാർക്ക് വ്യത്യാസം പരിഹരിക്കാൻ തമിഴ്നാട് മാതൃകയിലുള്ള സമീകരണരീതിയാണ് സർക്കാർ സ്വീകരിച്ചത്. 2026-27-ലെ പ്രോസ്​പെക്റ്റിലുള്ള ഇതുസംബന്ധിച്ച വ്യവസ്ഥ ചോദ്യം ചെയ്ത് ഒരു കൂട്ടം സി.ബി.എസ്.ഇ വിദ്യാർത്ഥികൾ നൽകിയ ഹർജിയാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് തള്ളിയത്. പുതിയ രീതിയനുസരിച്ച് ഒരു വിദ്യാർത്ഥിയുടെയും മാർക്ക് കുറയില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രവേശനപരീക്ഷയിലും മൂല്യനിർണയത്തിലും മാറ്റം വരുത്താൻ സർക്കാറിന് അധികാരമുണ്ട്, അക്കാദമിക് കാര്യങ്ങൾ വിദഗ്ധരുടെ പരിധിയിൽ വരുന്നതാണ്, ഭരണഘടനാവിരുദ്ധതയോ വിവേചനമോ ഇല്ലാത്തപക്ഷം ഇടപെടുന്നത് ഉചിതമല്ല- കോടതി വ്യക്തമാക്കി.

പുതിയ സമീകരണരീതിയനുസരിച്ച് സി.ബി.എസ്.ഇ, സി.ഐ.എസ്.സി.ഇ പോലുള്ള ദേശീയ ബോർഡുകളിൽനിന്ന് പ്ലസ് ടു പാസായവരുടേത് കണക്കാക്കുമ്പോൾ ദേശീയതലത്തിൽ അതത് വിഷയങ്ങളിൽ നേടിയ ഏറ്റവും ഉയർന്ന മാർക്കാണ് നോർമലൈസേഷനുവേണ്ടി പരിഗണിക്കൂ.

റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ എൻജിനീയറിംഗ് പ്രവേശന പരീക്ഷയിലെ മാർക്കിനൊപ്പം പ്ലസ് ടുവിലെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് തുല്യ പ്രാധാന്യം (1:1:1) നൽകുന്ന പഴയ രീതി ഒഴിവാക്കി ഈ വിഷയങ്ങൾക്ക് 5:3:2 എന്ന അനുപാതത്തിലാക്കിയാണ് സമീകരണരീതി പുതുക്കി നിശ്ചയിച്ചത്.
കീം മാർക്കിനും പ്ലസ്ടു മാർക്കിനും തുല്യപ്രാധാന്യം- 50:50- നൽകും. പ്ലസ്ടു മാർക്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയുടെ മാർക്കാണ് പരിഗണിക്കുക. മാത്തമാറ്റിക്സിന് 150, ഫിസിക്സിന് 90, കെമിസ്ട്രിക്ക് 60 എന്നിങ്ങനെ 300-ലായിരിക്കും വെയിറ്റേജ്. കെമിസ്ട്രി പഠിക്കാത്ത കുട്ടികളുടെ കമ്പ്യൂട്ടർ സയൻസിലെ മാർക്ക് പരിഗണിക്കും. ഇവ രണ്ടും പഠിക്കാത്ത കുട്ടികളുടെ ബയോടെക്നോളജി മാർക്കും മൂന്ന് വിഷയവും പഠിക്കാത്തവരുടെ ബയോളജി മാർക്കുമാണ് പരിഗണിക്കുക.

ഓരോ പരീക്ഷാബോർഡിലെയും ഏറ്റവും ഉയർന്ന മാർക്കിനെ അടിസ്ഥാനമാക്കിയുള്ള ഏകീകരണ രീതിയാണ് നടപ്പാക്കുക. ഉദാഹരണത്തിന്, ഒരു പരീക്ഷാബോർഡിലെ ഉയർന്ന മാർക്ക് 95 ആണെങ്കിൽ അതിനെ 100 ആയി കണക്കാക്കും. അങ്ങനെ വരുമ്പോൾ ഈ ബോർഡിൽ ബന്ധപ്പെട്ട വിഷയത്തിൽ 70 മാർക്ക് ലഭിച്ച വിദ്യാർത്ഥിക്ക് ഈ രീതിയിലൂടെ 73.68 ആകും (70÷95x100=73.68).

Read: KEAM: സമീകരണത്തെ അട്ടിമറിക്കുമോ
പുതുഭരണനേതൃത്വം?

റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള സമീകരണ പ്രക്രിയയുടെ മെറിറ്റ് പഠിക്കുന്നതിന് കഴിഞ്ഞവർഷം രൂപീകരിച്ച ഇൻേറണൽ കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഇത്തവണത്തെ പ്രോസ്​പെക്റ്റിൽ പുതിയ മാറ്റം ഉൾപ്പെടുത്തിയത്.

പി. പ്രേമചന്ദ്രന്‍
പി. പ്രേമചന്ദ്രന്‍

പൊതുമേഖലയുടെ സംരക്ഷണത്തിനും കേരള സിലബസ് വിദ്യാർത്ഥികളോടുള്ള അവകാശനിഷേധത്തിനെതിരെയും നിലകൊണ്ട പി. പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ളവരുടെ ശക്തമായ ഇടപെടലുകളായിരുന്നു ഇന്റേണൽ കമ്മിറ്റി രൂപീകരണത്തിലേക്ക് നയിച്ചത്. കീം സമീകരണത്തിലെ അനീതിയും വിദ്യാർഥിവിരുദ്ധ നിലപാടും ചൂണ്ടിക്കാട്ടി പി. പ്രേമചന്ദ്രൻ ട്രൂ കോപ്പി തിങ്കിൽ നിരവധി ലേഖനങ്ങൾ എഴുതിയിരുന്നു. ഇതോടെ കേരള സിലബസ് വിദ്യാർത്ഥികൾ നേരിടുന്ന അനീതി വിദ്യാഭ്യാസമേഖലയിൽ ചർച്ചകൾക്ക് കാരണമായി. ഇൻേറണൽ കമ്മിറ്റി രൂപീകരണത്തിലേക്കും ഈ കമ്മിറ്റിയുടെ ശുപാർശകൾ അംഗീകരിച്ച് നിലവിലുള്ള സമീകരണ രീതികളെ പുനഃപരിശോധിക്കുവാനുള്ള തീരുമാനത്തിലേക്ക് നയിച്ചതിലും പുതിയ സമീകരണരീതി നിലവിൽവന്നതിലും ഈ ഇടപെടലുകൾക്ക് സുപ്രധാന പങ്കുണ്ട്.

Comments