കേരളത്തിലെ എഞ്ചിനീയറിംഗ് പരീക്ഷയും അതിലെ സ്കോർ സമീകരണവും വീണ്ടും വാർത്തയിലേക്ക് വരികയാണ്. 12 വർഷം പൊതുവിദ്യാഭ്യാസത്തിൻ്റെ ഉയിരിൽ നഖങ്ങളാഴ്ത്തിയ സ്കോർ സമീകരണമെന്ന ദുർഭൂതത്തെ, ഏറെക്കാലത്തെ പ്രതിഷേധങ്ങളാലും സമരങ്ങളാലും ഒരു ‘കുടത്തിലടച്ച’താണ്. അതിനെ വീണ്ടും തുറന്നുവിടുമോ എന്ന് പൊതുവിദ്യാഭ്യാസത്തെ നെഞ്ചേറ്റുന്നവർ ആധികൊള്ളുകയായി.
‘കുടത്തിലടച്ച’ എന്ന പ്രയോഗം ശരിയാണ്. കുടത്തിലടച്ചിട്ടേ ഉള്ളൂ, പൂർണ്ണമായും ഇല്ലാതാക്കിയിട്ടില്ല, നിർമ്മാർജ്ജനം ചെയ്തില്ല, കടലിലൊഴുക്കിയിട്ടുമില്ല. എന്നും തൊട്ടുകാട്ടി ഭയപ്പെടുത്താനായി കുടത്തിലടച്ച് വിദ്യാഭ്യാസത്തിൻ്റെ ഉന്നതപടവുകളിൽ ഭദ്രമായി വെച്ചിട്ടുണ്ട്, അത്.
CBSE സ്നേഹത്തിൻ്റെ ചെതുമ്പലുകളും പൊതുവിദ്യാലയങ്ങളിലെ കുഞ്ഞുങ്ങളുടെ ചോരകുടിച്ച് രുചിപിടിച്ച നാവുമായി അത് ഏതുനിമിഷവും പുറത്തുചാടാൻ ഒരുങ്ങിയിരിക്കയാണ്. അതിൻ്റെ രക്ഷകർത്താക്കളാകട്ടെ പുതിയ ഭരണമാറ്റവും ഉദ്യോഗസ്ഥമാറ്റവും എല്ലാം തങ്ങൾക്കനുകൂലമാണെന്ന് സങ്കൽപ്പിച്ച് ഒരു മുഴം മുമ്പേ നീക്കം തുടങ്ങിയിട്ടുമുണ്ട്.
ഇനി കുടം അൽപ്പമൊന്ന് ചെരിക്കുകയേ വേണ്ടൂ, സമീകരണഭൂതം അനായാസം പൊതുവിദ്യാഭ്യാസധാരയിലെ കുഞ്ഞുങ്ങളെ റാങ്ക് പട്ടികയുടെ മുൻനിരയിൽനിന്ന് തുടച്ചുമാറ്റി സി ബി എസ് ഇ മക്കളെ അവിടെ പ്രതിഷ്ഠിച്ചിരിക്കും. പൊതുസമൂഹത്തിൻ്റെ ജാഗ്രതമാത്രമാണ് അത് തടയാനുള്ള ഏക പോംവഴി.
സ്കോർ സമീകരണത്തിൻ്റെ
വർത്തമാനം
12 വർഷത്തിലധികമായി പൊതുവിദ്യാഭ്യാസത്തെ 'ശാസ്ത്രീയമായി കുളിപ്പിച്ചുകിടത്തുന്ന' ഒന്നായിരുന്നു KEAM റാങ്കുലിസ്റ്റ് തയ്യാറാക്കാൻ നടത്തിയിരുന്ന സ്കോർ സമീകരണം. സി ബി എസ് ഇ വിദ്യാർത്ഥികൾക്ക് ഉന്നത റാങ്കുകൾ ഉറപ്പുവരുത്തുന്നതിനും മിടുക്കരായ സംസ്ഥാന സിലബസുകാരെ റാങ്കുലിസ്റ്റിൻ്റെ പിന്നാമ്പുറത്തേക്ക് തള്ളുന്നതിനും ഉണ്ടാക്കിയ സമീകരണ ഫോർമുല തട്ടും തടവുമില്ലാതെ നടന്നുവരികയായിരുന്നു, പൊതുവിദ്യാഭ്യാസ സംരക്ഷകരുടെ ആരുടെയും ശ്രദ്ധയിൽ പെടാതെ. അധ്യാപകസംഘടനകളുടെയും വിദ്യാർത്ഥി സംഘടനകളുടെയും മൂക്കിനുതാഴെ, ഉന്നത വിദ്യാഭ്യാസ വകുപ്പിൽ.
ഹയർ സെക്കൻ്ററി പൊതുപരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ലഭിച്ച സ്കോർ കൂടി, 50% വെയിറ്റജ് നൽകി പരിഗണിച്ചാണല്ലോ KEAM റാങ്കുലിസ്റ്റ് തയ്യാറാക്കുന്നത്. ശേഷിക്കുന്ന 50% എൻട്രൻസ് പരീക്ഷാസ്കോറും. വിവിധ പരീക്ഷാബോർഡുകളുടെ സ്കോറുകൾ സമീകരിക്കുന്ന സൂത്രവാക്യത്തിലാണ് ഇരുമ്പാണിക്ക് പകരം മുളയാണി വെച്ചത്. മുറിച്ചുരികയുമായാണ് സ്റ്റേറ്റ് സിലബസ്സുകാർ പൊരുതേണ്ടിവരിക. അവർ രാവുകളെ പകലുകളാക്കി പഠിച്ചുനേടിയ സ്കോറിൽ നിന്നും അമ്പതു സ്കോർ വരെ സമീകരണത്തിൻ്റെ പേരിൽ ചില വർഷങ്ങളിൽ വെട്ടിക്കുറച്ചു.

CBSE അടക്കമുള്ള ബോർഡുകളിൽ പഠിച്ച കുട്ടികൾ നേടിയ സ്കോർ കൂടുതൽ 'മൂല്യ' മുള്ളതാകയാൽ അവർക്ക് യഥാർത്ഥത്തിൽ ലഭിച്ച സ്കോറിനേക്കാൻ കുറച്ചേറെ കൂട്ടിയും കൊടുത്തു. ഫലത്തിൽ എഞ്ചിനീയറിംഗിൻ്റെ ആദ്യ സ്കോറുകാരെല്ലാം സി ബി എസ് ഇക്കാരായി. പൊതുധാരയിലെ മികച്ച എഞ്ചിനീയറിംഗ് കോളജുകളിലും ബ്രാഞ്ചുകളിലും അവർ പ്രവേശനം ഉറപ്പിച്ചു. സ്വാശ്രയ കോളേജുകളിൽ കനപ്പെട്ട ഫീസ് നൽകി അന്നുവരെ പൊതുവിദ്യാഭ്യാസം എന്നഭിമാനിച്ചവർ നാണംകെട്ട് അഭയംതേടി. ഇതാണ് സ്കോർസമീകരണം വഴി ഒരു വ്യാഴവട്ടക്കാലം ഇവിടെ നടന്നത്.
2024- ലെ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷാ റിസൽട്ട് വന്ന ദിവസമാണ് ഈ ലേഖകൻ, "എന്തു കൊണ്ട് എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയുടെ ആദ്യറാങ്കുകാരെല്ലാം സി ബി എസ് ഇക്കാരാവുന്നു" എന്ന ലേഖനം ട്രൂകോപ്പി തിങ്കിൽ എഴുതുന്നത്. അശാസത്രീയമായ സ്കോർ സമീകരണമാണ് അതിൻ്റെ കാരണം എന്ന് അന്നു ലഭ്യമായ തെളിവുകൾ വെച്ച് ആ ലേഖനത്തിൽ വിശദീകരിച്ചിരുന്നു.
വലിയ സമരങ്ങൾക്കും സാമൂഹിക സമ്മർദ്ദങ്ങൾക്കും എഴുത്തുകൾക്കും ശേഷമാണ്, ഒരു വ്യാഴവട്ടത്തിലധികം നിലനിന്ന അശാസ്ത്രീയമായ സമീകരണരീതി പൊളിച്ചെഴുതി ആർക്കും ഒരു നഷ്ടവും വരാത്ത പുതിയ രീതി സ്വീകരിക്കപ്പെട്ടത്. അതിൽ നിന്നും ഒരുചുവട് പോലും എന്തുതന്നെയായാലും പിന്നോട്ട് പോകാൻ ഇപ്പോഴത്തെ സർക്കാർ തുനിയരുത്.
തുടർന്ന് ആ വിഷയം തുടർച്ചയായി അന്വഷിക്കുകയും വിവരാവകാശ രേഖകൾ അടക്കം വെച്ചുകൊണ്ട് നിരവധി ലേഖനങ്ങൾ എഴുതുകയും ചെയ്തു. അക്കുറി സ്റ്റേറ്റ് സിലബസ്സുകാരുടെ 27 സ്കോർ കുറക്കുകയും സി ബി എസ് ഇക്ക് 8 സ്കോർ കൂട്ടിനൽകുകയും ചെയ്തിരുന്നു. 35 സ്കോറിൻ്റെ അനുകൂല്യം സി ബി എസ് ഇക്ക് ലഭിച്ചപ്പോൾ ഒന്നാം റാങ്കിൽ വരേണ്ട, എൻട്രൻസ് പരീക്ഷയിലും യോഗ്യതാപരീക്ഷയാലും നൂറിൽ നൂറ് സ്കോറും നേടിയ സ്റ്റേറ്റ് സിലബസുകാരനായ വിദ്യാർത്ഥി, തൂത്തെറിയപ്പെട്ടത് 84ാം റാങ്കിലേക്ക്! കേരളത്തിലെ മികച്ച ഒരു എഞ്ചിനീയറിംഗ് കോളജിൽ ഏറ്റവും ആകർഷകമെന്ന് കരുതപ്പെടുന്ന ഒരു ബ്രാഞ്ചിൽ പ്രവേശനം ലഭിക്കാത്ത താഴ്നിലയിലേക്ക്!
അപ്പോഴും നിലവിലെ സമീകരണരീതിയല്ലാതെ മറ്റു പോംവഴിയില്ല എന്നാണയിട്ട, അന്നുവരെ പൊതുവിദ്യാഭ്യാസത്തിൻ്റെ തലപ്പത്തിരിക്കുകയും സ്ഥാനമൊഴിഞ്ഞ ഉടൻ സി ബി എസ് ഇയുടെ നിലവാരമാണ് മാതൃക എന്ന് തിരിച്ചറിയുകയും ചെയ്ത വിദ്യാഭ്യാസപണ്ഡിതന്മാർ ഇവിടെ ഉണ്ടായിരുന്നു. അത്തരക്കാർക്കെല്ലാം നിശിതഭാഷയിൽ മറുപടിനൽകി.
മാതൃഭൂമി ആഴ്ചപ്പതിപ്പ് അടക്കമുള്ള ആനുകാലികങ്ങളിൽ ഈ വിഷയം ദീർഘമായി എഴുതി സർക്കാരിൻ്റെയും മറ്റും ശ്രദ്ധക്ഷണിച്ചു. അതോടൊപ്പം മലയാള ഐക്യവേദിയും ഐക്യമലയാള പ്രസ്ഥാനവും ഈ വിഷയം ഏറ്റെടുത്ത് പ്രത്യക്ഷസമരമാരംഭിച്ചു. എൻട്രൻസ് കമ്മീഷണറുടെ കാര്യാലയത്തിലും കോഴിക്കോടും എറണാകുളത്തും ജില്ലാ കേന്ദ്രങ്ങളിലും സമരം നടത്തി. നിരവധി ഓൺലൈൻ ക്യാമ്പയിനുകൾ നടത്തി. വിദ്യാഭ്യാസവകപ്പിലും മുഖ്യമന്ത്രിയുടെ ഓഫീസിലും നിരന്തരം നിവേദനങ്ങളും പരാതികളും സമർപ്പിച്ചുകൊണ്ടിരുന്നു.
READ: ‘കീ’മിലെ ആദ്യ റാങ്കുകാരെല്ലാം എന്തുകൊണ്ട്
സി ബി എസ് ഇക്കാരാകുന്നു?
സ്‍കോര്‍ അട്ടിമറിയുടെ കാണാപ്പുറം

മന്ത്രിമാരും ഉദ്യോഗസ്ഥരും ആദ്യഘട്ടത്തിൽ ഈ അപാകം ശ്രദ്ധിക്കാൻ പോലും കൂട്ടാക്കിയില്ല. നിരന്തര പ്രചരണത്തിൻ്റെ ഫലമായി ഒടുവിൽ സർക്കാർ വിവിധ കമ്മിറ്റികൾ ഉണ്ടാക്കാനും വിഷയം പഠിക്കാനും ശ്രദ്ധവെച്ചു. അങ്ങനെയാണ് തമിഴ്നാട് മോഡൽ സമീകരണരീതി നടപ്പിലാക്കാൻ ഒടുവിൽ തീരുമാനിച്ചത്.
സമീകരണത്തിൻ്റെ ഫലമായി ഒരു സ്ട്രീമിലെ വിദ്യാർത്ഥിക്കും ഒരു സ്കോറു പോലും കുറയാത്ത ഒരു ഫോർമുലയായിരുന്നു അത്. എല്ലാ സ്ട്രീമിലെ സ്കോറുകളും ഒരുപോലെ സ്കെയിൽ ചെയ്യുന്ന ഏർപ്പാട് മാത്രം. ഒരു വർഷം മുഴുവൻ എഴുതിയതും സമരം നടത്തിയതും ശരിയാണെന്ന് തൊട്ടുകാട്ടുന്നതായിരുന്നു അങ്ങനെ തയ്യാറാക്കിയ മുൻവർഷത്തെ ആദ്യ റാങ്ക് ലാസ്റ്റ്. ഒന്നാം റാങ്ക് സംസ്ഥാന സിലബസ്സിലെ കുട്ടിക്ക്! ആദ്യ പത്തിൽ അഞ്ചു റാങ്കുകളും ആദ്യ നൂറിൽ അമ്പതിനടുത്ത് റാങ്കുകളും സംസ്ഥാന സിലബസ്സുകാർക്ക്!
എന്നാൽ, സി ബി എസ് ഇ വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ പോവുകയും സാങ്കേതികമായ കാര്യങ്ങൾ മുൻനിർത്തി കോടതി ആ റാങ്കുലിസ്റ്റ് റദ്ദ് ചെയ്യുകയും ചെയ്തു. തുടർന്ന് പഴയ സമീകരണരീതി തന്നെ കഴിഞ്ഞ വർഷവും നടപ്പിലാക്കിയപ്പോൾ ആദ്യ റാങ്കുകാരെല്ലാം വീണ്ടും സി ബി എസ് ഇക്കാരായി. ആയിരക്കണക്കിന് റാങ്കിന് പിന്നിലേക്ക് സ്റ്റേറ്റ് സിലബസ്സുകാർ പറത്തപ്പെട്ടു. അന്നുവരെ ഈ വിഷയം എന്തെന്ന് ശരിയായി തിരിച്ചറിയാതിരുന്ന പൊതുവിദ്യാഭ്യാസ രംഗത്തു പ്രവർത്തിക്കുന്ന സംഘടനകൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഈ സമീകരണച്ചതിയുടെ തീക്ഷ്‌ണത എന്തെന്ന് കൃത്യമായും മനസ്സിലാക്കാൻ, കേരളത്തിലെ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ ചരിത്രത്തിലാദ്യമായി പുറത്തുവന്ന ഈ രണ്ടു റാങ്കുലിസ്റ്റുകൾ നിമിത്തമായി. ഉന്നത വിദ്യാഭ്യാസമന്ത്രിയടക്കം, അന്നുവരെ സംസ്ഥാന സിലബസ്സുകാർക്ക് സമീകരണംവഴി നഷ്ടമായ സ്കോറുകളെക്കുറിച്ചും റാങ്കുകളെക്കുറിച്ചും വിലപിച്ചു.
മുൻവർഷം ഗണിത പരീക്ഷയിൽ 41,864 കുട്ടികൾക്ക് എ പ്ലസ് ഗ്രേഡ് ലഭിച്ചിരുന്നെങ്കിൽ 2026- ൽ അത് 32,141 ആയി കുറഞ്ഞു. 9,723 കുട്ടികൾക്ക് മുൻതവണത്തേക്കാൾ എ പ്ലസ് ഗ്രേഡ് ഇല്ല.
2026-ലെ പരീക്ഷാനോട്ടിഫിക്കേഷനിൽ തന്നെ മാറ്റുന്ന സമീകരണരീതി സർക്കാർ ഉൾപ്പെടുത്തി. കോടതികൾക്കും നിയമവ്യവഹാരങ്ങൾക്കും ഇടപെടാൻ കഴിയാത്ത രീതിയിൽ, ഒരു സ്ട്രീമിനും സ്കോർ നഷ്ടപ്പെടാത്ത സമീകരണ ഫോർമുല ഭദ്രമാക്കി. എങ്കിലും കപ്പലിനകത്തുതന്നെയുള്ള സി ബി എസ് ഇ പക്ഷം, സ്റ്റേറ്റ് സിലബസ്സുകാർ റാങ്ക് ലിസ്റ്റിന്റെ മുന്നിൽവരുന്നത് എങ്ങനെ തടയാം എന്ന ആലോചന തുടർന്നുകൊണ്ടിരുന്നു.
സമീകരണത്തെ
പരാജയപ്പെടുത്തുന്ന
പരീക്ഷകൾ
ഇക്കുറി കേരളാ ഹയർ സെക്കൻ്ററി പരീക്ഷയിൽ ഏറ്റവും വിവാദമായത് രണ്ടു പരീക്ഷാ ചോദ്യപേപ്പറുകളാണ്- ഫിസിക്‌സും ഗണിതവും. അതിനും ചില മുന്നൊരുക്കം നടന്നിരുന്നു. പുതിയ സമീകരണരീതി പ്രകാരം, മാത് സ്, ഫിസിക്സ്, കെമിസ്ട്രി, വിഷയങ്ങളുടെ സ്കോറുകൾ എൻട്രൻസിന് പരിഗണിക്കുന്ന അനുപാതത്തിൽ വലിയ മാറ്റം വരുത്തിയിരുന്നു. നേരത്തെ 1:1:1 എന്ന അനുപാതത്തിൽ തുല്യമായിരുന്നെങ്കിൽ പുതിയതിൽ അത് 5:3:2 എന്നാക്കിയിരുന്നു.
ആകെ 300 സ്കോറാണ് പരിഗണിക്കുന്നതെങ്കിൽ കണക്കിന് കിട്ടിയ സ്കോറിനെ 150- ലാക്കിയും ഫിസിക്‌സിന്റേത് 90- ലാക്കിയും കെമിസ്ട്രിയുടേത് 60-ലാക്കിയുമാണ് കണക്കാക്കുക. ഇതിനായി ഉണ്ടാക്കിയ വിദഗ്ധസമിതിയുടെ ആലോചനാഫലമായിരുന്നു അത്. അപ്പോൾ ഇതിൽ ഏറ്റവും മൂല്യം വരിക കണക്കിന് ലഭിക്കുന്ന സ്കോറിലാണ്, പിന്നീട് ഫിസിക്സും ഏറ്റവും അവസാനം കെമിസ്ട്രിയും.
ചുരുക്കത്തിൽ കെമിസ്ട്രിയിൽ ഒരാൾക്ക് നൂറിൽ നൂറു കിട്ടിയാലും അത് 60 ആയി മാത്രമേ പരിഗണിക്കൂ. ഗണിതത്തിലാവുമ്പോൾ ആ നൂറിൽ നൂറ് വർദ്ധിച്ച് നൂറ്റമ്പതാകും. ഗണിതത്തിൻ്റെയും ഫിസിക്സിൻ്റെയും പരീക്ഷകൾ കഠിനമാവുമ്പോൾ കുറയുന്ന സ്കോറുകൾക്ക് കൂടുതൽ മൂല്യമുണ്ടാകുന്നു. ഒരുപക്ഷെ ഇതാണ് മുമ്പെങ്ങുമില്ലാത്ത രീതിയിൽ ഗണിതത്തിൻ്റെയും ഫിസിക്സിൻ്റെയും പരീക്ഷകൾ കേരളാ ഹയർ സെക്കൻ്ററിയിൽ കടുപ്പമാവാൻ കാരണം. കൃത്യമായും ചില കേന്ദ്രങ്ങൾ പരീക്ഷാചോദ്യപേപ്പർ നിർമ്മാണത്തിൽ ഇടപെട്ടിരുന്നു എന്നുവേണം കരുതാൻ.

ഈ പരീക്ഷകൾ കഴിഞ്ഞ ദിനങ്ങളിൽ കുട്ടികൾ പരിഭ്രാന്തരായിരുന്നു. പലർക്കും തുടർപരീക്ഷകൾക്കുള്ള ആത്മവിശ്വാസം തന്നെ നഷ്ടപ്പെട്ടിരുന്നു. മോഡൽ പരീക്ഷകളിൽ നിന്നും തികച്ചും ഭിന്നമായിരുന്നു അവ. കാഠിന്യമേറിയ ചോദ്യങ്ങൾ, വളച്ചുകെട്ടിയുള്ള ചോദ്യരൂപങ്ങൾ എന്നിവ കുട്ടികളെ ശരിക്കും കുഴപ്പിച്ചിരുന്നു.
ഇക്കുറി ഹയർ സെക്കൻ്ററി പരീക്ഷാഫലത്തിൽ ആ കുറവ് വ്യക്തമാണ്. മുൻവർഷം ഗണിത പരീക്ഷയിൽ 41,864 കുട്ടികൾക്ക് എ പ്ലസ് ഗ്രേഡ് ലഭിച്ചിരുന്നെങ്കിൽ 2026- ൽ 32,141 ആയി കുറഞ്ഞു. 9,723 കുട്ടികൾക്ക് മുൻതവണത്തേക്കാൾ എ പ്ലസ് ഗ്രേഡ് ഇല്ല.
ഫിസിക്‌സിൽ 2025 -ൽ 44,922 കുട്ടികൾക്ക് എ പ്ലസ് ഗ്രേഡ് ലഭിച്ചിരുന്നിടത്ത് 2026-ൽ അത് 40, 048 കുട്ടികൾക്ക് മാത്രമായി ചുരുങ്ങി. 4,874 കുട്ടികളുടെ കുറവ്. ഇത് സ്വാഭാവികമായി സംഭവിച്ചതല്ലെന്ന് വിചാരിക്കുന്നതിൻ്റെ അടിസ്ഥാനം, ഹയർ സെക്കൻ്ററി വകുപ്പിലെയും ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിലേയും ഭൂരിപക്ഷം ആളുകൾക്കും സി ബി എസ് ഇ സ്ട്രീമിനോടുള്ള താത്പര്യം വ്യക്തമായി അറിയാവുന്നതുകൊണ്ടാണ്.
സമീകരണമെന്ന കൊലച്ചതി പൊതുസമൂഹത്തിലെത്തുകയും പൊതുവിദ്യാഭ്യാസത്തിൻ്റെ പക്ഷത്തുനിൽക്കുന്നവർ അത് ചോദ്യം ചെയ്യുകയും തിരുത്താനാവശ്യപ്പെടുകയും ചെയ്ത ഘട്ടങ്ങളിലെല്ലാം, അങ്ങേയറ്റം അവജ്ഞയോടെയും പരിഹാസ്യമായും ആ വാദങ്ങളെ തള്ളിക്കളയാനാണ് അവർ ശ്രമിച്ചത്. സി ബി എസ് ഇ / എൻട്രൻസ് ലോബിയോടാണ് അവർ ഹൃദയം ചേർത്തുവെച്ചിരുന്നത്. നേരത്തെ ഫോക്കസ് ഏരിയ വിവാദകാലത്ത് പൊതുവിദ്യാഭ്യാസത്തിൻ്റെ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥമേധാവികൾ തന്നെയാണല്ലോ, ഇവിടുത്തെ കുഞ്ഞുങ്ങളുടെ സ്കോർ വെട്ടിച്ചുരുക്കാനുള്ള എളുപ്പവഴിയായി, ഔട്ട് ഓഫ് സിലബസായ പാഠഭാഗങ്ങളിൽ നിന്ന് 30% ചോദ്യങ്ങൾ നിർബന്ധമായും എഴുതണം എന്ന നിയമം SSLC, പ്ലസ് ടു പൊതുപരീക്ഷകൾക്ക് തൊട്ടുമുമ്പായി കൊണ്ടുവന്നത്. അതുകൊണ്ട് ഈ ഉദ്യോഗസ്ഥവൃന്ദത്തെ പച്ചവെള്ളത്തിൽ വിശ്വസിക്കാൻ പൊതുവിദ്യാഭ്യാസ പ്രവർത്തകർക്ക് സാധ്യമല്ല.
ഏറ്റവും ഒടുവിൽ, കൃത്യമായ രാഷ്ട്രീയ ഇടപെടൽ കർക്കശമായി ഉണ്ടായതുകൊണ്ടു മാത്രമാണ് 100% ശരിയും നൈതികവും ആയ ഒരു തീരുമാനം സമീകരണ വിഷയത്തിൽ അവസാന നിമിഷമെങ്കിലും കഴിഞ്ഞ സർക്കാരിന് എടുക്കാൻ കഴിഞ്ഞത്. പൊതുവിദ്യാഭ്യാസത്തിൻ്റെ ഉന്നമനത്തിന് തൻ്റെ സർവ്വശേഷികളും വിനിയോഗിച്ച എ. പ്രദീപ് കുമാറിനെപ്പോലുള്ള ചിലർ നിതാന്ത ജാഗ്രതയോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉണ്ടായിരുന്നതുകൊണ്ടുകൂടിയാണ് അത്തരമൊരു സമീകരണ ഫോർമുല നടപ്പിലാക്കാനുള്ള തീരുമാനമെടുക്കാൻ സാധിച്ചത്.

പുതിയ കരുനീക്കങ്ങളെ കരുതിയിരിക്കുക
ഇക്കുറി സി ബി എസ് ഇ 12-ാം ക്ലാസ് പരീക്ഷ വലിയ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ഓൺ സ്‌ക്രീൻ മാർക്കിങ് (OSM) എന്ന ആശയം തിടുക്കത്തിൽ നടപ്പാക്കിയതിൻ്റെ പ്രശ്നങ്ങളായിരുന്നു മിക്കവയും. ഓരോ ഉത്തരപേപ്പറും വൃത്തിയായി സ്‌കാൻ ചെയ്ത് രാജ്യത്ത് എവിടെയുമുള്ള മൂല്യനിർണ്ണേതാവിന് എളുപ്പം എത്തിക്കുന്നതിനും കണക്കുകൂട്ടലിലെയും എടുത്തുചേർക്കലിലെയും മറ്റും മനുഷ്യസഹജമായ പിഴവുകൾ കുറക്കുന്നതിനും രണ്ടാമതോ മൂന്നാമതോ പുനർമൂല്യനിർണ്ണയം ആവശ്യമെങ്കിൽ അനായാസം അത് നടത്തുന്നതിനും മറ്റും ഈ രീതി ഗുണകരമാവുമായിരുന്നു. ലോകത്തിൽ എത്രയോ രാജ്യങ്ങൾ ഫലപ്രദമായി ഒ എസ് എം രീതി നടത്തിക്കൊണ്ടിരിക്കുന്നു. സി ബി എസ് ഇക്ക് ഈ രീതി ഒഴിവാക്കാൻ പറ്റാത്തതാണ്.
സി ബി എസ് ഇ സിലബസ് പഠിപ്പിക്കുന്ന രാജ്യത്തെ പതിനായിരക്കണക്കിന് സ്കൂളുകളിൽ പഠിപ്പിക്കുന്നത് എന്തെന്ത് യോഗ്യതയുള്ളവരാണ് എന്നതിനെക്കുറിച്ച് ഒരറിവും ബാധ്യതയും ഉത്തരവാദിത്വവും ഉള്ളവരല്ല സി ബി എസ് ഇ ബോർഡ്. ഒരു സ്കൂൾ എങ്ങിനെയായിരിക്കണം എന്ന അവരുടെ നിബന്ധന പാലിച്ച് പ്രവർത്തിക്കുന്ന സ്‌കൂളുകൾ നാമമാത്രമായിപ്പോലും രാജ്യത്ത് ഉണ്ടാവുകയില്ല. അധ്യാപകയോഗ്യതയുടെയും നിയമനത്തിൻ്റെയും അവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളുടെയും കാര്യവും ഇതുതന്നെയാണ്. അതുകൊണ്ടുതന്നെ, എണ്ണത്തിൽ താരതമ്യേന വളരെ കുറച്ചായ സെൻട്രൽ സ്‌കൂളുകൾ, നവോദയ സ്കൂളുകൾ എന്നിവടങ്ങളിൽ പ്രവർത്തിക്കുന്ന യോഗ്യരായ അധ്യാപകരുടെ സേവനം കൂടുതലായി പരീക്ഷാ മൂല്യനിർണ്ണയത്തിൽ പ്രയോജനപ്പെടുത്താൻ കൂടിയാണ് ഒ എസ് എം രീതി സി ബി എസ് ഇ നടപ്പിലാക്കാൻ തീരുമാനിച്ചത്.
എന്നാൽ ഒ എസ് എം രീതി കൈക്കൂലിയുടെയും അഴിമതിയുടെയും തൊഴുത്താക്കി മാറ്റുകയാണ് ഇപ്പോഴത്തെ ഭരണസംവിധാനങ്ങൾ ചെയ്തത്. കുട്ടികളുടെ ഉത്തരക്കടലാസുകൾ സ്കാൻ ചെയ്യുന്നതിനുപകരം അവ്യക്തമായ ഫോട്ടോകൾ എടുത്തു, ഉത്തരങ്ങൾ അതിൽ അവ്യക്തമായിരുന്നതുകൊണ്ട് കട്ടികൾക്ക് അർഹമായ സ്കോർ കിട്ടിയില്ല എന്നിങ്ങനെ പോയി ആദ്യഘട്ട പരാതികൾ. വളരെക്കുറച്ച് കുട്ടികളുടെ കാര്യത്തിൽ മാത്രമേ പിശകു സംഭവിച്ചുള്ളൂ എന്ന് സി ബി എസ് സി യും വ്യക്തമാക്കി. ഇതിനായി കരാറെടുത്ത കമ്പനി തയ്യാറാക്കിയ സൈറ്റുകൾ പോലും ഹാക്ക് ചെയ്ത് കുട്ടികൾ പലരുടെയും ഉത്തരപേപ്പറുകൾ പരസ്യമാക്കി. സ്കോർ കുറഞ്ഞവർക്ക് പുനർമൂല്യനിർണ്ണയത്തിന് യഥാസമയം അപേക്ഷിക്കാൻ പോലും സാധിക്കാത്ത വിധം സി ബി എസ് ഇ സൈറ്റുകൾ ജാമായി. ഇപ്പോഴും പ്രശ്നം പൂർണ്ണമായും പരിഹരിക്കപ്പെട്ടില്ല.
സി ബി എസ് ഇ സിലബസ് പഠിപ്പിക്കുന്ന രാജ്യത്തെ പതിനായിരക്കണക്കിന് സ്കൂളുകളിൽ പഠിപ്പിക്കുന്നത് എന്തെന്ത് യോഗ്യതയുള്ളവരാണ് എന്നതിനെക്കുറിച്ച് ഒരറിവും ബാധ്യതയും ഉത്തരവാദിത്വവും ഉള്ളവരല്ല സി ബി എസ് ഇ ബോർഡ്.
സി ബി എസ് ഇ വിദ്യാർത്ഥികൾക്ക് ഒ എസ് എം രീതി വഴി കിട്ടിയത് കുറഞ്ഞ സ്കോറാണ് എന്ന പ്രചാരണം ഇപ്പോൾ വ്യാപകമായിരിക്കയാണ്. അതോടൊപ്പം പറയുന്നത്, കേരളാ സിലബസ്സുകാർക്ക് വലിയ സ്കോർ ലഭിച്ചു എന്നും. അത്യന്തം വാസ്തവവിരുദ്ധമായ കാര്യമാണിത്. മുൻ വർഷത്തെ അപേക്ഷിച്ച്, ഏറ്റവും കൂടുതൽ സ്കോർ പരിഗണന ലഭിക്കുന്ന ഗണിതത്തിന്, പതിനായിരത്തിനടുത്ത് കുട്ടികൾക്കാണ് അതികഠിനമായ ചോദ്യപേപ്പർ വഴി ഇക്കുറി കേരള സിലബസിൽ വലിയ സ്കോർ നഷ്ടമായത്. അയ്യായിരത്തിനടുത്ത് കുട്ടികൾക്ക് ഫിസിക്സിലും നില മോശമായി. അവ കാണാതെയാണ് കേരള സിലബസ്സിൽ പരീക്ഷയെഴുതിയവർക്ക് സ്കോർ കൂടുതൽ ലഭിച്ചു എന്ന് പ്രചരിപ്പിച്ച്, സമീകരണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നത്. ഇത് പുതിയ ഭരണാധികാരികൾ അങ്ങേയറ്റം ശ്രദ്ധ വെക്കേണ്ട വിഷയമാണ്.
വലിയ സമരങ്ങൾക്കും സാമൂഹിക സമ്മർദ്ദങ്ങൾക്കും എഴുത്തുകൾക്കും ശേഷമാണ്, ഒരു വ്യാഴവട്ടത്തിലധികം നിലനിന്ന അശാസ്ത്രീയമായ സമീകരണരീതി നിയമപ്രകാരം പൊളിച്ചെഴുതി ആർക്കും ഒരു നഷ്ടവും വരാത്ത പുതിയ രീതി സ്വീകരിക്കപ്പെട്ടത്. ആ സമീകരണരീതി എൻട്രൻസ് പരീക്ഷയുടെ നോട്ടിഫിക്കേഷനിൽ കൃത്യമായി പറയുന്നുണ്ട്. അതിൽ നിന്നും ഒരുചുവട് പോലും എന്തുതന്നെയായാലും പിന്നോട്ട് പോകാൻ ഇപ്പോഴത്തെ സർക്കാർ തുനിയരുത്.
എൻട്രൻസ് റിസൽട്ട് മാത്രം പരിഗണിക്കുക എന്നത് നമ്മുടെ വിദ്യാഭ്യാസ രംഗത്തെ എൻട്രൻസ് / ട്യൂഷൻ ലോബികൾക്ക് അടിയറവെക്കുന്നതിന് തുല്യമാണ്. വൻകിട കോച്ചിംഗ് സ്ഥാപനങ്ങളിൽ ചേർന്ന് രണ്ടും മൂന്നും കൊല്ലം പഠിക്കാൻ സാധിക്കുന്നവർക്ക് മാത്രമായി കേരളത്തിലെ കണ്ണായ എഞ്ചിനീയറിംഗ് കോളജുകളും കോഴ്‌സുകളും സംവരണം ചെയ്യലാണത്. സ്കൂൾ പഠനത്തെ അപ്രസക്തമാക്കുന്ന ഒന്ന്; എല്ലാ ജ്ഞാനമേഖലകളെയും ഒറ്റവാക്കിലുള്ള ഉത്തരമാക്കിച്ചുരുക്കുന്ന ഒന്ന്. സ്കൂളിൽ നിന്നും കുട്ടികൾ ആർജ്ജിക്കുന്ന സാമൂഹികവും സാംസ്കാരികവുമായ ജീവിതമൂല്യങ്ങളെല്ലാം വെറും പാഴാണെന്ന് പറയാതെ പറയലാണത്. അതിന് ദൂരവ്യാപകമായ അപകടങ്ങൾ ഏറെയാണ്. പൊതുവിദ്യാഭ്യാസത്തെ കുഴിച്ചുമൂടുന്ന വിപത്തിലേക്കാണ് ആ വഴി നമ്മെ നയിക്കുക.
സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകണം തുടങ്ങിയ വാദങ്ങളും ഉയർന്നിട്ടുണ്ട്. കണക്കിനും ഫിസിക്‌സിനും എങ്കിലും അവർക്ക് ഗ്രേസ് മാർക്ക് നൽകണമെന്ന് എൻ. കെ. പ്രേമചന്ദ്രൻ എം പി കേന്ദ്ര വിദ്യാഭ്യാസമന്ത്രിയോടും വിദ്യാഭ്യാസസെക്രട്ടറിമാരോടും ആവശ്യപ്പെട്ടത് ഇതിൻ്റെ ഭാഗമാണ്. അടപടലം പൊളിഞ്ഞു പാളീസായ ഒരു സംവിധാനത്തെ വിമർശിക്കുകയും കേരളത്തിൻ്റെ അഭിമാനമായ പൊതുവിദ്യാഭ്യാസത്തിലേക്ക് അവിടങ്ങളിലെ കുഞ്ഞുങ്ങൾക്ക് സ്വാഗതമോതുകയും ചെയ്യേണ്ടുന്ന ജനപ്രതിനിധികളാണ്, കേരള സിലബസ്സിലെ വിദാർത്ഥികളെ, എഞ്ചിനീയറിംഗ് റാങ്കുലിസ്റ്റിൻ്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളാൻ സി ബി എസ് ഇ ക്കാർക്ക് ഗ്രേസ് മാർക്ക് നൽകണം എന്ന് ആവശ്യപ്പെടുന്നത്.

സ്റ്റേറ്റ് സിലബസിലെ വിദ്യാർത്ഥികൾ, അവരെ ആസകലം പ്രതിസന്ധിയിലാക്കിയ പരീക്ഷാ ചോദ്യപേപ്പറുകളിൽ സ്തബ്ധരാവുകയും ഉത്കണ്ഠയിലാഴുകയും ചെയ്തപ്പോൾ ഉണരാത്ത കരുണയുടെ മഹാപ്രവാഹമാണ്, സി ബി എസ് ഇ ക്കാർക്ക് സ്കോർ കുറയുമോ എന്ന ആശങ്കയിൽ നമ്മുടെ രാഷ്ട്രീയനേതൃത്വത്തിൽ നിന്ന് ഉയരുന്നത്. എന്തു വിചിത്രമാണ് കാര്യങ്ങൾ. ഇതിൻ്റെ തുടർച്ചയിലാകും പുതിയ ഭരണാധികാരികളും ചിന്തിക്കുന്നതെങ്കിൽ, പൊതുവിദ്യാഭ്യാസത്തിൻ്റെ വേരറുക്കാൻ ആയുന്നവർക്കൊപ്പമായിരിക്കും അവരുടെ സ്ഥാനം എന്ന് നമുക്ക് ഉറപ്പിക്കാം. പൊതുവിദ്യാഭ്യാസത്തെ കണ്ണിലെണ്ണയൊഴിച്ച് കാത്തുസൂക്ഷിക്കേണ്ടവർ സി ബി എസ് ഇ പ്രീണനത്തിൻ്റെ ജീർണ്ണവഴികളിലുടെയാണ് വീണ്ടും യാത്രയെങ്കിൽ, കാലം മാത്രമല്ല കേരള ജനതയും അവർക്ക് മാപ്പുനൽകില്ല. പൊതുവിദ്യാഭ്യാസത്തിനായി തെരുവിലിറങ്ങാൻ സുസജ്ജരായി വലിയൊരു ജനത എന്നും ഇവിടെ ജാഗ്രതയോടെ കാണും എന്നുമാത്രം ഓർമ്മിപ്പിക്കട്ടെ.
READ: KEAM സമീകരണം:
കേരള സിലബസുകാർക്ക്
ഇനി മാർക്ക് കുറയില്ല,
മാറ്റം 2026 മുതൽ
KEAM:
നീതികെട്ട സമീകരണം
ഇക്കുറിയും തുടരുമോ?
KEAM RESULT
തിരിച്ചുപിടിച്ച
കേരള സിലബസ്
KEAM സമീകരണം:
സർക്കാർ തിരുത്തലിനു പുറകിലുണ്ട്,
ഒരു വലിയ സമരം
KEAM സ്‍കോർ സമീകരണം:
ഇതാ, മുഖ്യമന്ത്രിയുടെ
ഇടപെടലിനെ പരിഹസിക്കുന്ന
ഒരു പ്രഹസന വിദഗ്ധ സമിതി
‘കീം’ സ്‍കോർ സമീകരണം:
പൊതുവിദ്യാലയത്തിലെ കുട്ടികൾക്ക്
സ്‍കോർ വെയിറ്റേജ്,
പഠിക്കാൻ സമിതി
‘കീ’മിലെ ആദ്യ റാങ്കുകാരെല്ലാം എന്തുകൊണ്ട്
സി ബി എസ് ഇക്കാരാകുന്നു? സ്‍കോർ അട്ടിമറിയുടെ കാണാപ്പുറം
Plus Two ഫിസിക്സ്, കെമിസ്ട്രി പരീക്ഷ
കഠിനമാക്കിയതിൽ എൻട്രൻസ് ഗൂഢാലോചന?
എൻട്രൻസ് സ്‍കോർ സമീകരണം: മുഖ്യമന്ത്രിക്കു മുകളിലും പറക്കുന്ന CBSE താത്പര്യങ്ങൾ
കീം പ്രവേശന പരീക്ഷാ സ്‍കോർ സമീകരണം, കേരളാ മുഖ്യമന്ത്രി വായിച്ചറിയാൻ
KEAM സ്‍കോർ സമീകരണം: ഇതാ, മുഖ്യമന്ത്രിയുടെ ഇടപെടലിനെ പരിഹസിക്കുന്ന ഒരു പ്രഹസന വിദഗ്ധ സമിതി
KEAM അട്ടിമറി പരിശോധിക്കാൻ പുതിയ കമ്മിറ്റി
